മലയാള സാഹിത്യത്തിൽ എന്നും ചന്ദ്രമതിക്ക് സ്വന്തമായൊരു ഇരിപ്പിടമുണ്ട്. വേറിട്ട കഥകളും കഥപറച്ചിലുമായി ഭാവുകത്വത്തെ അവർ പലരീതിയിൽ പുതുക്കിയിട്ടുണ്ട്. കഥകളെക്കുറിച്ചും കഥക്ക് പുറത്തെ ജീവിതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ചന്ദ്രമതി നിരൂപകകൂടിയായ ലേഖികയോട് സംസാരിക്കുന്നു.
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി, അധ്യാപിക, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നിരൂപക, വിവർത്തക എന്നീ നിലകളിലൊക്കെ ഏറെ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് ചന്ദ്രമതി. കൂടാതെ ഈ വർഷത്തെ പത്മരാജൻ സാഹിത്യ-ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നോവലായി തിരഞ്ഞെടുത്തത് ചന്ദ്രമതി ടീച്ചറിന്റെ ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവലാണ്. ഈ അവസരത്തിൽ നോവലിനെപ്പറ്റിയും അതെഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ചും മറ്റു എഴുത്തുകൾ, നിലപാടുകൾ എന്നിവയെ സംബന്ധിച്ചുമെല്ലാം ടീച്ചർ തുറന്ന് സംസാരിക്കുന്നു.
ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബം എന്നത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. അവൾ എഴുത്തുകാരികൂടിയാണെങ്കിൽ അതിന്റെ സങ്കീർണത അൽപം വർധിക്കും എന്നിരിക്കെ ഒരു എഴുത്തുകാരിയോട് കുടുംബവും സമൂഹവും നടത്തിവരുന്ന സമീപനങ്ങളെക്കുറിച്ച് പറയാമോ?
ഇത് ആപേക്ഷികമായ ഒരു ചോദ്യമാണ്. എഴുത്തുകാരിയിൽനിന്ന് എഴുത്തുകാരിയിലേക്ക് ഈ ചോദ്യത്തിന്റെ ഉത്തരവും വ്യത്യസ്തമായിരിക്കും. കുടുംബവും സമൂഹവും യാഥാസ്ഥിതികരാകാം, ലിബറൽ ആയ സമീപനങ്ങൾ ഉള്ളവരാകാം. ഇത് മാത്രമല്ല, മതത്തോടും രാഷ്ട്രീയത്തോടുമുള്ള അവരുടെ നിലപാടുകൾ ഒക്കെ എഴുത്തുകാരിയുടെ മേൽ സ്വാധീനമായി വരാം, നിയന്ത്രണങ്ങൾ സൃഷ്ടിക്കാം. അർപ്പണബോധവും അതിജീവനശേഷിയും എഴുത്തുകാരിക്ക് സ്വയം പ്രതിരോധ മാർഗങ്ങളായി വളർത്തിയെടുക്കേണ്ടിവരും. എങ്കിലേ അവളുടെ വളർച്ച മുന്നോട്ടുപോകൂ.
യഥാർഥ ജീവിതാനുഭവങ്ങൾ എത്രമാത്രം കഥകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്?
ജീവിതാനുഭവങ്ങൾ കഥകളില്‍ ഉൾപ്പെടുത്താൻ മനഃപൂർവം ശ്രമിക്കാറില്ല. അവ കടന്നുകയറാറുണ്ട്. അപ്പോൾ അവിടെ അവ്യക്തത സൃഷ്ടിക്കാനും മറച്ചുവെക്കാനും രചനയിൽ ബോധപൂർവം ശ്രമിക്കാറുണ്ട്.
സ്ത്രീസുരക്ഷ, സ്ത്രീ ഉന്നതി എന്നിവ ഉറപ്പുവരുത്തുകയും നിയമത്തിൽ കർശനമായി കൊണ്ടുവരുകയും ചെയ്യുന്ന ഈ കാലത്ത് ഒരു എഴുത്തുകാരിയുടെ ഉത്തരവാദിത്തമായി കരുതുന്നത് എന്തൊക്കെയാണ്?
എഴുതാൻ ഇരിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന കാര്യങ്ങൾ അനായാസം എഴുതുക എന്നല്ലാതെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തി എഴുതുക എന്നത് പ്രയോഗികമല്ല. എന്നെ സംബന്ധിച്ച് കഥ ഒഴുകിവരുകയാണ്. സർഗാത്മകത ഒഴുകിവരുമ്പോൾ മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. മനസ്സിലെ ചിന്തകൾ, കഥയുടെ പ്രമേയം, കഥാപാത്രം അത് സ്ത്രീ കേന്ദ്രീകൃതമോ പുരുഷ കേന്ദ്രീകൃതമോ ആവട്ടെ അതിന്റെ ഘടനക്ക് തടസ്സം വരുത്തുന്ന ഒന്നും ചിന്തിക്കാതെ എഴുതുക എന്ന് മാത്രമേ കരുതാറുള്ളൂ.
സാമൂഹിക സുരക്ഷാ വിഷയങ്ങൾ അറിയാതെ കഥയിൽ സംഭവിക്കുന്നുണ്ടെങ്കിൽ അത് നല്ല കാര്യം. പക്ഷേ, അവിടെ എഴുത്തുകാരിയുടെ ഉത്തരവാദിത്തത്തെ കുറിച്ച് ചിന്തിക്കാറില്ല. പെണ്ണെഴുത്ത് എന്ന ഡിവിഷൻ വന്നപ്പോഴും ഞാൻ അങ്ങനെയൊരു റാഡിക്കൽ ഫെമിനിസ്റ്റ് അല്ലെന്നും അത്തരം സോദ്ദേശ്യകഥകൾ എന്റെ ലക്ഷ്യമല്ലെന്നും പറഞ്ഞിട്ടുണ്ട്.
അർബുദത്തെ അതിജീവിച്ചത് ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന പേരിലുള്ള ആത്മകഥാംശമുള്ള പുസ്തകത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. ആ അതിജീവനത്തിൽ നടത്തിയ വെല്ലുവിളികളെ കുറിച്ച് ഒന്നുപറയാമോ?
മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു സമയമായിരുന്നു അത്. അന്നത്തെ കാലവും ഇന്നത്തെ കാലവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഇന്ന് ചികിത്സയൊക്കെ ആധുനികവത്കരിക്കപ്പെട്ടു. പുതിയ പരീക്ഷണങ്ങൾ നടത്തുകയും, സൈഡ് എഫക്ട് കുറവായ മരുന്നുകൾ വരുകയും ചെയ്തു. അന്ന് അങ്ങനെയൊന്നും അല്ലായിരുന്നു. ഇന്നും അർബുദത്തെ അതിജീവിച്ച ഒരുപാട് ആളുകളുണ്ട്. എനിക്ക് അർബുദം വന്ന സമയം അതിനെ അതിജീവിക്കുക എന്നത് വ്യക്തിപരമായി വലിയ വെല്ലുവിളിയായിരുന്നു.
കാരണം, അപക്വമായ കുടുംബം, പഠിക്കുന്ന കുട്ടികൾ, പ്രായമായ അച്ഛനും അമ്മയും, ഏക മകളായതുകൊണ്ടുതന്നെ അവരെ കുറിച്ചുള്ള ചിന്ത എന്നെയേറെ അലട്ടി. നമ്മൾ ജീവിച്ചുവരണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ നമ്മൾ ജീവിച്ചുവരും. ഞാൻ ജീവിച്ചുവരണം എന്ന് ആഗ്രഹിക്കുന്ന ഒരാളല്ല ഒരുപാടുപേർ എന്നോടൊപ്പം ഉണ്ടായിരുന്നു. അതിൽ ഏറ്റവും ശക്തമായി എന്നെ താങ്ങിപ്പിടിച്ചത് എന്റെ ഭർത്താവാണ്; ബാലേട്ടൻ. ഓരോ നിമിഷവും കൂടെനിൽക്കുകയും ഉറക്കമിളച്ച് ശുശ്രൂഷിക്കുകയും ചെയ്തത് അദ്ദേഹമാണ്. പിന്നെ ഡോക്ടർ ഗംഗാധരൻ.
അദ്ദേഹത്തിന്റെ പോസിറ്റിവിറ്റി, അദ്ദേഹത്തിന്റെ നിർബന്ധമാണ് അർബുദത്തെ കുറിച്ച് ഞാൻ എഴുതുക എന്നുള്ളത്. ഒരുപാട് രോഗികൾക്ക് പ്രചോദനമാകുമെന്ന ആ നിർദേശപ്രകാരമാണ് അതേ കുറിച്ച് എഴുതാൻ ഇടയായത്. മരുന്നിന്റെ പാർശ്വഫലം മറ്റൊരു വെല്ലുവിളിയായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഇനിയുള്ള ജീവിതമെങ്ങനെ ആയിത്തീരുമെന്നതായിരുന്നു വലിയ ആശങ്ക. പാർശ്വഫലങ്ങളെ കുറിച്ച് ഗൂഗിൾ ചെയ്യുമ്പോൾ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് കണ്ടെത്തുക. സൗന്ദര്യപ്രശ്നം, ആന്തരിക അവയവങ്ങൾക്കുണ്ടാകുന്ന പ്രശ്നം, മറ്റു അവയവങ്ങളിലേക്ക് ഉണ്ടാകുന്ന പടർച്ച, ശരീരം ദുർബലമാവുക എന്നിവയെയെല്ലാം ഞാൻ ഭയപ്പെട്ടിരുന്നു.
മനസ്സിന്റെ ശക്തികൊണ്ടാണ് അതിനെ നേരിട്ടത്. മനസ്സിനെ കരുത്താക്കി തീർക്കുക എന്നത് വലിയ വെല്ലുവിളിതന്നെയാണ്. ജോർജ് ഓണക്കൂർ സാർ കാണാൻ വന്നപ്പോൾ നല്ല ഭംഗിയുള്ള ഒരു ഡയറി സമ്മാനിച്ചു. എന്നിട്ട് അനുഭവങ്ങൾ ഇതിൽ എഴുതിവെക്കാൻ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഡയറി എഴുതിയതും പിന്നീട് അത് ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യായി വികസിപ്പിച്ചതും. പിന്നെ നല്ല സാഹിത്യ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ധാരാളം വായിക്കുന്ന അഷിതയെപ്പോലുള്ള ആത്മീയ സുഹൃത്തുക്കളുണ്ടായിരുന്നു.
അഷിതയും അർബുദത്തിന് കീഴടങ്ങിയ കുട്ടിയാണ്. ആ സമയത്ത് അവളുടെ കത്തുകൾ മുടങ്ങാതെ വരുമായിരുന്നു. അവളുടെ ഫോൺ കോളുകൾക്ക്, നല്ല ആത്മശക്തി പകർന്നുതരാൻ കഴിഞ്ഞു. കുടുംബത്തിന്റെ സപ്പോർട്ട്, ഡോക്ടറുടെ സപ്പോർട്ട്, ഭർത്താവ്, എന്റെ നല്ല സുഹൃത്തുക്കൾ അങ്ങനെ എന്റെ കൂടെ നിന്ന എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ അവരൊക്കെ കൂടെനിന്നു എന്നുള്ളതുകൊണ്ടാണ് ആ വെല്ലുവിളികളെയെല്ലാം ഞാൻ നേരിട്ടത്.
പുതിയ കാലഘട്ടത്തിൽ സ്ത്രീ സ്വാതന്ത്ര്യം എന്ന ആശയം ഫലപ്രദമാണ് എന്ന് തോന്നുന്നുണ്ടോ? അല്ലെങ്കിൽ കുടുംബവും സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ സ്ത്രീകൾക്ക് എത്രമാത്രം സാധ്യമാണ്?
അത് വ്യക്തിഗതമായ ഒരു വിഷയമാണ്. ജനറലായി ഉത്തരം പറയാൻ കഴിയില്ല. ഓരോ സ്ത്രീയും ഓരോ പ്രശ്നങ്ങളെയാണ് നേരിടുന്നത്. നമുക്ക് കിട്ടുന്ന കുടുംബജീവിതം എങ്ങനെയായിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഉത്തരം. പരിപൂർണ സ്വാതന്ത്ര്യം എന്നാൽ സ്വാതന്ത്ര്യം ഇല്ലായ്മതന്നെയാണ്. കാരണം പരിപൂർണ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞാൽ പിന്നെ നമുക്ക് ഒന്നും ചെയ്യാനില്ല. ഓരോരുത്തർക്കും അവരവരുടെ സ്പേസ് ഉണ്ടാവണം. ദാമ്പത്യജീവിതത്തിൽ ഭർത്താവിന് ഭർത്താവിന്റെ സ്പേസ്, ഭാര്യക്ക് ഭാര്യയുടെ സ്പേസ്, രണ്ടുപേർക്കും കൂടി ഒരു കോമൺ സ്പേസ്. കുഞ്ഞുണ്ണി മാഷ് പറഞ്ഞില്ലേ...
‘‘എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം.’’
അതിന് നേരെ ഓപ്പോസിറ്റാണ്.
‘‘എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കുണ്ടൊരു ലോകം.’’
എന്റെ ജീവിതം അങ്ങനെയായിരുന്നു. ഓരോരുത്തർക്കും ഓരോ സ്പേസ് കിട്ടുകയാണെങ്കിൽ സ്വാതന്ത്ര്യത്തിന്റെ പ്രശ്നം വരികയില്ല. അതായത് സ്വാതന്ത്ര്യം എന്നത് വ്യക്തിഗതമാണ്. ഓരോരുത്തരെയും ആശ്രയിച്ചിരിക്കുന്നു. പ്രശ്നബാധിത കുടുംബത്തിൽ കഴിയുമ്പോഴാണ് വിവാഹമോചനത്തെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്. ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന ആശയം തന്നെ അങ്ങനെ വരുന്നതാണെന്ന് തോന്നുന്നു. പരിപൂർണസ്വാതന്ത്ര്യത്തിനല്ല മറിച്ച് വ്യക്തിത്വത്തെ ബഹുമാനിക്കുന്ന പങ്കാളി, മക്കൾ അങ്ങനെയുള്ള ഒരു കുടുംബമാണെങ്കിൽ മറ്റു പ്രശ്നങ്ങളൊന്നും കുടുംബത്തിനകത്തേക്ക് കടന്നുവരില്ല.
‘മാതൃഭൂമി’ ഓണപ്പതിപ്പിൽ ‘മലയാളത്തെ പുൽകിയ അമ്മമാർ’ എന്ന ഓണക്കുറിപ്പിൽ ടീച്ചറുടെ അമ്മയെക്കുറിച്ച് ഒരു ഓർമക്കുറിപ്പ് എഴുതുകയുണ്ടായല്ലോ. അമ്മയെ കുറിച്ചുള്ള വളരെ മനോഹരമായ ഓർമകളായിരുന്നു ആ ലേഖനത്തിൽ. തുടക്കത്തിൽ അമ്മയോട് കുറച്ച് എതിർപ്പ് പ്രകടിപ്പിക്കുകയും പിന്നീട് ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളും കഴിയുമ്പോൾ അമ്മയെ കൂടുതൽ മനസ്സിലാക്കുകയും ചെയ്യുന്ന ടീച്ചറെ ആ ലേഖനത്തിൽ കാണാം. ഈ ഒരു ഘട്ടത്തിൽ എത്തുമ്പോൾ അമ്മയെ എത്രമാത്രം മനസ്സിലാക്കുന്നു?
ബാല്യകാലത്ത് എനിക്ക് അമ്മയോട് അത്ര അടുപ്പമൊന്നും ഇല്ലായിരുന്നു. അമ്മക്ക് ഇടക്കിടെ ഉണ്ടായിരുന്ന അസുഖം കാരണം എന്നെ അമ്മയിൽനിന്ന് അകറ്റിനിർത്തി. എന്റെ അമ്മായിയാണ് അന്ന് എന്നെ നോക്കിയത്. മറ്റു സഹോദരങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ അച്ഛനുമായിട്ടായിരുന്നു ഞാൻ അധികം കൂട്ടായത്. അമ്മ എപ്പോഴും മറ്റൊരു ലോകത്ത് വ്യാപരിക്കുകയും ചെയ്തു. അമ്മയിൽ നിന്നും മാറ്റിനിർത്തപ്പെട്ടതുകൊണ്ട് കുട്ടിക്കാലത്ത് അമ്മയുമായി ഉണ്ടാകേണ്ടിയിരുന്ന ഒരു ഗ്രൗണ്ട് റൂട്ട് ഇല്ലാതെപോയി. അച്ഛനും അമ്മയും ഒരുപാട് പ്രായവ്യത്യാസവും ഉണ്ടായിരുന്നു. അവർ തമ്മിലുള്ള ആശയവിനിമത്തിലെ വ്യത്യാസങ്ങളും ചെറിയ സ്വരചേർച്ച ഇല്ലായ്മക്ക് കാരണമായി. മാത്രമല്ല, അച്ഛന്റെ രീതികളൊന്നും ആയിരുന്നില്ല അമ്മക്ക്.
അമ്മ അച്ഛനേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് അമ്മയുടെ കുടുംബക്കാരെ ആയിരുന്നു. അമ്മയുടെ സഹോദരന്മാരോടായിരുന്നു അമ്മക്ക് ഏറ്റവും അടുപ്പമുള്ളത്. അച്ഛൻ ധാരാളം ക്ലാസിക് പുസ്തകങ്ങൾ വായിക്കുന്ന ഒരാളായിരുന്നു. എന്നാൽ, അമ്മ അന്നത്തെ പൈങ്കിളി വാരികളൊക്കെയായിരുന്നു വായിച്ചത്. അമ്മയുടെ ഇടുങ്ങിയ ലോകവീക്ഷണം കേൾക്കുമ്പോഴൊക്കെ ഞാൻ അതിനെ എതിർത്തു. വാദിച്ചു ജയിക്കാൻ ശ്രമിച്ചു അതെല്ലാം തർക്കുത്തരങ്ങളായി മാറുകയും അടി കിട്ടുകയും ചെയ്തു. അങ്ങനെയൊക്കെ എനിക്ക് അമ്മയോട് വെറുപ്പ് വന്നു. എന്റെ കല്യാണം കഴിഞ്ഞും അത് തുടർന്നു.
പക്ഷേ ഞാനൊരു അമ്മയായപ്പോഴാണ് എനിക്ക് മനസ്സിലായത് എല്ലാ അമ്മമാരും ഒരു അളവ് വരെ ഇങ്ങനെയാണെന്ന്. അവർക്ക് കുട്ടികളോടുള്ള വെറുപ്പ് കൊണ്ടല്ല മറിച്ച് കുട്ടികളെ നേർവഴിക്ക് നയിക്കാനുള്ള ഒരു ശ്രമമാണത്. എന്റെ മക്കളോട് അങ്ങനെ പെരുമാറേണ്ടി വന്നപ്പോഴാണ് എനിക്കത് മനസ്സിലായത്. ക്രമേണ ഞാൻ അമ്മയുമായി അടുക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ അടുത്തത് എന്റെ അസുഖകാലത്താണ്. കൂടെനിന്ന് ശുശ്രൂഷിച്ചത്, ഭക്ഷണം കഴിക്കാൻ സാധിക്കാത്ത സമയത്ത് കൊച്ചുകുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതുപോലെ പിറകെ വന്ന് ആഹാരം നൽകിയത് എല്ലാം അമ്മയാണ്. ആ ലേഖനത്തിൽ പറഞ്ഞതുപോലെ ഞങ്ങൾ ബന്ധിതരാണ്.
തോണി വരുന്നതും കാത്ത്, (മരണം വരുന്നതും) ഞങ്ങൾ ഇരിക്കുന്നു. തൊണ്ണൂറിന്റെ പടവുകൾ പിന്നിട്ട അമ്മയും എഴുപതിന്റെ പടവുകൾ പിന്നിട്ട ഞാനും വൃദ്ധസദനത്തിൽ എന്നോണം. ആരാദ്യം പോകും അറിയില്ലല്ലോ... ബന്ധം-ബന്ധനം എന്ന് പറയുന്നതുപോലെ പരസ്പരം കെട്ടിയിട്ടിരിക്കുന്ന ആ ചരട്, അത് ബന്ധം മാത്രമല്ല, ബന്ധനം കൂടിയാണ്. അതിൽനിന്ന് മോചിപ്പിക്കപ്പെടുമ്പോൾ നമ്മൾ നേരത്തേ പറഞ്ഞ സ്വാതന്ത്ര്യത്തിലേക്ക് എത്തുന്നു. അമ്മക്ക് വർധക്യത്തിന്റെ അവശതകൾ നന്നായിട്ടുണ്ട്.
പക്ഷേ, ഞാൻ ദൈവത്തോട് നന്ദിപറയുന്നു. എനിക്ക് അമ്മയുടെ കൂടെനിൽക്കാനും ശ്രുശൂഷിക്കാനും കഴിയുന്നുണ്ട്. അങ്ങനെയൊക്കെയുള്ള ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. ഞാൻ കഥകൾ എഴുതിത്തുടങ്ങിയപ്പോഴും ലേഖനത്തിനും പ്രസംഗത്തിലുമൊക്കെ സമ്മാനം കിട്ടുമ്പോഴും പത്രത്തിൽ പടവും വാർത്തയും വരുമ്പോഴും അഭിമാനത്തോടെ എല്ലാവരോടും പറഞ്ഞുനടക്കുന്ന അമ്മയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. ഗ്രാമത്തിലെ ഔപചാരിക വിദ്യാഭ്യാസവും ലോകപരിചയ കുറവും ഇടുങ്ങിയ വീക്ഷണവുംകൊണ്ടാവും കുറെ പ്രശ്നങ്ങൾ അന്നൊക്കെ ഉണ്ടായത്.
സമകാലിക സാഹിത്യത്തിൽ സ്ത്രീകളുടെ പ്രതിനിധാനം ഒരു തൃപ്തികരമായ നിലയിലാണോ ഇപ്പോൾ നടക്കുന്നത്?
നമ്മൾ എഴുതുന്നത് പ്രസിദ്ധീകരിക്കുന്നു. വായനക്കാർ വായിക്കുന്നു, അല്ലെങ്കിൽ തട്ടിക്കളയുന്നു. സോഷ്യൽ മീഡിയ വന്നതുകൊണ്ട് ആർക്കും എന്തും എഴുതാം. പ്രസിദ്ധീകരിക്കാം, ആളുകൾ ഉടനടി വായിക്കുന്നു, അതുകൊണ്ട് അവർ ശക്തരായി മുന്നോട്ടുവരുന്നു. അതുപോലെ പുരുഷ എഴുത്തുകാരും മുന്നോട്ടു വരുന്നുണ്ട്. സ്ത്രീക്ക് എഴുത്തിൽ പ്രാതിനിധ്യം വേണം, അല്ലെങ്കിൽ സംവരണം വേണമെന്ന അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല. എഴുതുക, എഴുത്തിന്റെ മെറിറ്റിൽ പിടിച്ചുനിൽക്കുക. അത്രയേയുള്ളൂ... പണ്ട് കെ. സരസ്വതി അമ്മ, കടത്തനാട്ട് മാധവി അമ്മ, ലളിതാംബിക അന്തർജനം, മാധവിക്കുട്ടി അങ്ങനെ ഐഡന്റിറ്റി കൈയിലുള്ള വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ... ഇപ്പോൾ അങ്ങനെയല്ല എത്രമാത്രം സ്ത്രീകൾ... അവർ എഴുതുന്നു.
അവാർഡ് വാങ്ങിക്കുന്നു. പ്രസ്താവനകൾ ഇറക്കുന്നു. ഒക്കെ നല്ലകാര്യം തന്നെ. പക്ഷേ, എത്രകണ്ട് നിലനിൽക്കും എന്നതാണ് കാര്യം. ഒരു സൈഡിൽകൂടി ഒഴുകിപ്പോകുന്നതു പോലെയാവാതെ കാലത്തിന്റെ ഒഴുക്കിൽ പിടിച്ചുനിൽക്കുന്ന രീതിയിലുള്ള എഴുത്താണ് വേണ്ടത്. സമകാലിക നോവലുകളും കഥകളുമൊക്കെ ഞാൻ വായിക്കാറുണ്ട്. പക്ഷേ, പല നോവലുകളും കഥകളുമൊക്കെ വായന മുഴുമിപ്പിക്കാതെ നമ്മളെ മടുപ്പിക്കും. പിന്നെ വായിക്കാൻ തോന്നില്ല. അതവരുടെ കുഴപ്പമാെണന്നല്ല. ക്വാണ്ടിറ്റിയിൽ പെരുകുന്നുണ്ട് പക്ഷേ ക്വാളിറ്റി കുറവാണ്.
‘ഒരുപിടി പെൺകുട്ടികൾ’ വിലക്കുകളിൽ എഴുത്തു നിർത്തി വീണ്ടും പുനർജനിച്ച് വിവാദങ്ങൾക്ക് പാത്രമായ ഒരു രചനയാണ്. എഴുത്തിന്റെ ഒരു നിറശോഭയിൽ നിൽക്കുമ്പോൾ ആ ഒരു കാലഘട്ടത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? സാഹിത്യ മോഷണം ഇന്നത്തെ കാലത്തും നടക്കുന്നു എന്ന് ടീച്ചർ കരുതുന്നുണ്ടോ?
സാഹിത്യമോഷണം ഇന്നുമുണ്ട്. ഇത് എല്ലാ കാലത്തുമുണ്ട്. കാരണം ഒരുപാട് പേർ അത് തുറന്നുപറയുന്നുണ്ടല്ലോ... കൊട്ടിഗ്ഘോഷിക്കപ്പെട്ട പല നോവലുകൾക്കും സിനിമകൾക്കും എതിരെ കേസ് ഫയൽ ചെയ്യപ്പെടുന്നു. ‘ഒരുപിടി പെൺകുട്ടികൾ’ അന്നത്തെ കാമ്പസിന്റെ ഒരു ചിത്രീകരണംകൂടിയായിരുന്നു. ലഹരി കഥാപ്രമേയമാകുന്ന കുറെ കഥകളും നോവലുകളുമൊക്കെ മലയാള സാഹിത്യത്തിൽ അന്നുണ്ടായിരുന്നു. അതിനെ അനുകരിക്കുന്ന ഒരുപാട് കുട്ടികൾ കാമ്പസിലും ഉണ്ടായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന ആ ഒരു ലൈഫിനെ ചിത്രീകരിക്കാനാണ് ഞാൻ ശ്രമിച്ചത്.
പല സ്ഥലത്തുനിന്നും വിമർശനം വന്നപ്പോൾ പതിഞ്ഞിരുന്ന് എഴുതി ഒളിപ്പിച്ചുവെച്ച നോവലായിരുന്നു അത്. കല്യാണമൊക്കെ കഴിഞ്ഞതിനുശേഷം ആരും അറിയാതെ പ്രസിദ്ധീകരിക്കാനായി കലാകൗമുദിയിലേക്ക് അയച്ചുകൊടുത്തു. എങ്ങനെയാെണന്നറിയില്ല അതിനെക്കുറിച്ച് ചിന്തിക്കാനും എനിക്ക് താൽപര്യമില്ല... കലാകൗമുദിയുടെ തന്നെ ‘ട്രയൽ’ എന്ന പൾപ്പ് പബ്ലിക്കേഷനിലേക്ക് ഈ നോവൽ മാറ്റപ്പെട്ടു. എം.പി. നാരായണപിള്ള അത് പബ്ലിഷ് ചെയ്തു. അതിനെ സാഹിത്യ മോഷണം എന്ന് വിളിക്കാമോ എന്നെനിക്കറിയില്ല. അത് അച്ചടിച്ചു വന്നശേഷം ഞാൻ കണ്ടു... ‘ദുരന്തത്തിന്റെ ഗാഥ’ എന്ന് ഞാൻ പേരിട്ട നോവൽ ‘കിനാവുകളുടെ തീരത്ത്’ എന്ന പൈങ്കിളി പേരിൽ മാറ്റിയിരിക്കുന്നു. കുമാരി ചന്ദ്രിക എന്നാണ് എന്റെ പേര്. ബി ഇനിഷ്യലും.
അങ്ങനെ ബി.കെ. ചന്ദ്ര എന്നാണ് എഴുത്തുകാരിയുടെ പേരായി നോവലിൽ കൊടുത്തിരുന്നത്. അതുമാറ്റി ബി.കെ. സരോജിനി ദേവിയായി. സംഭവങ്ങൾ അന്വേഷിച്ചപ്പോൾ തെളിവ് ചോദിച്ചു. തെളിവില്ല... എം.പി. നാരായണപിള്ളയുടെ ഇടപെടലാണെന്ന് പിന്നീടറിഞ്ഞു. ജനപ്രിയമാക്കാൻ വേണ്ടി പല ഹോട്ട് പാരഗ്രാഫുകളും ചേർത്താണ് ‘കിനാവുകളുടെ തീരത്ത്’ എന്നാക്കി മാറ്റിയത്. വലിയ വിഷമം തോന്നി ആ സമയത്ത്. ആ നോവൽ വർഷങ്ങൾക്ക് ശേഷം ‘ഒരു പിടി പെൺകുട്ടികൾ’ എന്ന പേരിൽ പുനഃപ്രസിദ്ധീകരിക്കാൻ തയാറാവുകയായിരുന്നു. പുരുഷ മേധാവിത്വങ്ങൾ അന്നുമുണ്ട്. അന്നത് പറയുമ്പോൾ ആരും അംഗീകരിക്കാൻ തയാറായില്ല. ഇതിനെയൊക്കെ ഫൈറ്റ് ചെയ്ത് നിൽക്കുകയേ പറ്റൂ.
‘‘ഒരു കണ്ണു നീർത്തുള്ളി
നനവായിയുലയുന്നെ-
ന്നിമകളിലിന്നും ഞാൻ
നിന്നെയോർക്കെ...’’
‘‘ഒരു കുടക്കീഴിൽ
നാം ഒന്നായി നടന്നതും
ശൂന്യമാം പാതയിൽ
പേമാരി പെയ്തതും
നിന്റെ കയ്യൊന്നിടം
തോളിൽ പതിഞ്ഞതും
ആ വിരൽത്തുമ്പിലെൻ
ദേഹമുണർന്നതും.’’
‘കവിതയുടെ കഥ’ എന്ന കഥയിലുള്ള വരികളാണിത്. ടീച്ചറുടെ കഥകളിലൊക്കെ തന്നെ കവിതയുടെ ഒരു അംശം കാണാനുണ്ട്. അങ്ങനെ നോക്കുമ്പോൾ കവിതയിൽനിന്ന് കഥയിലേക്കുള്ള ദൂരം എത്രയാണ്?
ആദ്യം എഴുതിത്തുടങ്ങിയതൊക്കെ കവിതകളാണ്. കൊച്ചുകൊച്ചു കവിതകൾ ഡയറിയിൽ എന്റെ വേദനയും സങ്കടങ്ങളുമൊക്കെയായി എഴുതിയിടുമായിരുന്നു. കഥയൊക്കെ പിന്നെയാണ് വന്നത്. പിന്നെ നിരൂപണവും എഴുതി. പതിനെട്ടു വർഷത്തെ ഒരു വിടവ് എന്റെ സാഹിത്യജീവിതത്തിൽ സംഭവിച്ചല്ലോ. ആ സമയത്ത് ഡയറിയിൽ ഒരുപാട് നല്ല കവിതകൾ എഴുതിയിട്ടുണ്ട്. കൂടുതൽ വൈയക്തികമായ വ്യഥകളും പ്രശ്നങ്ങളും ആയിരുന്നു ആ കവിതയിലൊക്കെ. അതുകൊണ്ട് അതൊന്നും പ്രസിദ്ധീകരിച്ചില്ല. കവിതകളെനിക്ക് സ്വാഭാവികമായി വരുന്നതാണ്. ഒരു കഥ എഴുതാൻ ഇരിക്കുമ്പോൾ യോജിച്ച സന്ദർഭം നോക്കി പെെട്ടന്ന് നാലുവരി മനസ്സിലേക്ക് കടന്നു വരും.
‘‘ഗഗനചാരീ പറഞ്ഞതെന്തിനു
പറയരുതാത്ത കഥകൾ നീ...’’
‘റെയിൻഡിയർ’ എന്ന കഥ തുടങ്ങുന്നത് അങ്ങനെയാണ്.
‘‘ഒരു കണ്ണുനീർത്തുള്ളി നനവായിയുലയുന്നെ-
ന്നിമകളിലിന്നും ഞാൻ നിന്നെയോർക്കേ...’’
എന്ന വരികൾ ‘കവിതയുടെ കഥ’ എന്ന കഥയിലാണ്. സർഗാത്മകത ഒളിച്ചുവെക്കാൻ പറ്റില്ല. പല സ്ത്രീകൾക്കും അത് വിലക്കപ്പെടും. അതുകൊണ്ടാണ് പല സ്ത്രീകളും മരിക്കുമ്പോഴെല്ലാം അവരുടെ പുസ്തകത്തിനിടയിൽനിന്നോ തലയിണക്കടിയിൽനിന്നോ കഥയോ കവിതയോ കണ്ടുകിട്ടുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്റെ എഴുത്തുകളൊന്നും പുറത്ത് കാണിക്കാൻ ധൈര്യമില്ലാത്ത സ്ത്രീകളെ കുറിച്ച് ഒരുപാട് അറിയാം. എനിക്ക് അങ്ങനെയൊരു അനുഭവം ഇല്ല. പിന്നെ മഴ എന്റെ ദൗർബല്യമായിരുന്നു. ആദ്യ മഴയുടെ മണം എന്നിൽ സർഗാത്മകതയുടെ അനുരണങ്ങൾ വിടർത്തുമായിരുന്നു. അങ്ങനെയെല്ലാം ചേർന്നാണ് കവിതകൾ രൂപപ്പെടുന്നതും തുടർന്ന് കഥയാകുന്നതും.
സമൂഹമാധ്യമങ്ങളുടെ കാലമാണല്ലോ, ഈ പുതിയ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ സ്ത്രീകളുടെ ഇടപെടലിനെ ശക്തമാക്കുകയാണോ? അതോ കൂടുതൽ സമ്മർദങ്ങൾ ചെലുത്തുകയാണോ?
സോഷ്യൽ മീഡിയ എല്ലാവിധ ഇടപെടലുകൾക്കുമുള്ള ഒരു പ്ലാറ്റ്ഫോമാണ്. എല്ലാത്തിനും കേറി പ്രതികരിക്കണോ എന്നുള്ളത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അവിടെ ഒരേസമയം ആൾക്കാർ ശക്തരാവുകയും സമ്മർദങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. കാരണം അവർക്ക് സ്വന്തമായി ഇടപഴകാനുള്ള പ്ലാറ്റ്ഫോം. അതേസമയം, ബാഹ്യശക്തികളുടെ ഇടപെടൽമൂലം അവരെ കൂടുതൽ സമ്മർദത്തിലാക്കുകയും ചെയ്യുന്നു. പോസ്റ്റ് തിരുത്താനും പിൻവലിക്കാനുമൊക്കെ നിർബന്ധിതരാകുന്നു. അതുകൊണ്ട് രണ്ടു രീതിയും ഒരുപോലെതന്നെ നടക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
സ്ത്രീയുടെ പ്രശ്നങ്ങളെക്കുറിച്ചുമാത്രം ആവിഷ്കരിക്കാതെ സമൂഹം പൊതുവായി നേരിടുന്ന വിഷയങ്ങളെ ടീച്ചർ കഥക്ക് പ്രമേയമാക്കാറുണ്ട്. ഉദാഹരണം, സ്ത്രീധനംപോലുള്ള വിഷയങ്ങൾ (വധു, മംഗല്യഭാഗ്യം, സ്ത്രീ ഭാഗ്യം) ഇന്നത്തെ കാലത്തും സ്ത്രീധനം ചർച്ചാവിഷയമാവുകയും സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്താണ് ടീച്ചർക്ക് സമൂഹത്തോട് പറയാനുള്ളത്?
ഇതൊക്കെ പറയാനേ പറ്റൂ... നിയമം എല്ലായിടത്തുമുണ്ട്. കേസ് വരും നടക്കും പിന്നെ അതങ്ങ് മറക്കും. ‘വധു’ എന്ന കഥയിൽ ആഭരണമണിഞ്ഞ് നടക്കാൻ വയ്യാത്ത വധുവിനെ സ്ട്രെച്ചറിൽ കൊണ്ടുവരുന്ന രംഗമുണ്ട്. അപ്പോൾ ഒരു ബന്ധു പറയുന്നു വധു നടക്കണം എന്ന് നിയമമൊന്നുമില്ലല്ലോ... അപ്പോൾ നിയമത്തെ നമ്മൾ അഡ്ജസ്റ്റ് ചെയ്യുകയാണ്. സമൂഹം നിയമങ്ങളെ ബഹുമാനിക്കാതെ ഒരുപാട് അധഃപതിച്ചുപോയിരിക്കുന്നു. ദുരഭിമാനംകൊണ്ട് പലതും നമ്മൾ ചെയ്യും. ആ സ്ത്രീധന തുകകൊണ്ട് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താൻ ആരും ശ്രമിക്കില്ല. സ്ത്രീധനം എന്ന ഒരു ആചാരം ഉള്ളതുകൊണ്ടാണ് പല പെൺകുട്ടികളും അടിച്ചമർത്തപ്പെടുകയും സഹിക്കുകയും ചെയ്യുന്നത്. ചിലർ കെട്ടിത്തൂങ്ങി ചാവുന്നത്. നിയമം കുറച്ചുകൂടി ശക്തിപ്പെടുത്താതെ ഇതൊന്നും നടക്കില്ല. എല്ലായിടത്തും ശക്തമായ ഓഡിറ്റിങ് നടന്നാൽ കുറച്ചൊക്കെ മാറ്റം വരും. എഴുത്തുകാർക്ക് എഴുതാനേ പറ്റൂ. മാറ്റങ്ങൾ വരുത്തേണ്ടത് ഭരണകൂടമാണ്.
ടീച്ചറിന്റെ കാഴ്ചപ്പാടിൽ ഫെമിനിസം എന്നതുകൊണ്ട് അർഥമാക്കുന്നതെന്താണ്?
സ്ത്രീ സ്വന്തം സ്പേസ് കണ്ടെത്തുന്നതാണ് ഫെമിനിസം. ഔദ്യോഗിക ജീവിതത്തിലായാലും വ്യക്തിജീവിതത്തിലായാലും അഭിപ്രായങ്ങൾ പറയാൻ പറ്റുന്ന, കാര്യങ്ങൾ നടപ്പാക്കാൻ പറ്റുന്ന സ്പേസ് കണ്ടെത്താൻ കഴിയണം. അങ്ങനെയാകുമ്പോഴേ സ്ത്രീ സ്വതന്ത്രയാകൂ... പക്ഷേ, ഫെമിനിസം എന്ന വാക്ക് വളരെ പ്രകടനപരമായി വന്നപ്പോൾ അതിനെ അതേപടി സ്വീകരിക്കാൻ ഒരു സംഘടനയിലെ സ്ത്രീ എഴുത്തുകാർ ശ്രമിച്ചു.
ഒരു വലിയ കുട ആ സംഘടനയിലെ സ്ത്രീ എഴുത്തുകാർക്ക് മേലെ ഉയരപ്പെട്ടു. അവിടേക്ക് സ്ത്രീകളെല്ലാം ഒഴിഞ്ഞപ്പോൾ അവർ ഒഴിഞ്ഞ മുഖ്യധാരയിലേക്ക് പുരുഷന്മാർ മാറി. ശരിക്കും പറഞ്ഞാൽ പെണ്ണെഴുത്ത് കൊണ്ടുള്ള പ്രചോദനം ഒരു പരിധിവരെ പുരുഷന്മാർക്കാണുണ്ടായത്. അവർക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുകയുണ്ടായി. സ്ത്രീയെഴുത്തുകാർ പെണ്ണെഴുത്തിന്റെ കുടക്കുള്ളിൽ പെട്ടു. എന്തെഴുതിയാലും സംരക്ഷണം കിട്ടുന്ന ഒരു അവസ്ഥവരെ അവിടെ വന്നു. അതിനെതിരായി ‘ഭാഷാപോഷിണി’ നടത്തിയ സംവാദത്തിൽ ഒരു ലേഖനം എഴുതിയിരുന്നു–‘സമരഭൂമി കടന്നുപോകാൻ അനുവദിക്കൂ’. ആദ്യം തൊട്ടേ ഞാൻ അതിന് എതിരാണ്. മെറിറ്റുള്ളവരും കക്ഷിരാഷ്ട്രീയ സപ്പോർട്ട് ഇല്ലാത്ത എഴുത്തുകാരും അന്ന് അവഗണിക്കപ്പെട്ടു.
ഫെമിനിസം എന്നത് പ്രകടനപരതയല്ല മറിച്ച് ആന്തരികമായ ശക്തി സ്ത്രീ തിരിച്ചറിയേണ്ട അവസ്ഥയാണ്. ഫെമിനിസം രണ്ടു തരത്തിലുണ്ട് മോഡറേറ്റ് ആൻഡ് റാഡിക്കൽ. വളരെ സോഫ്റ്റ് ആയിട്ട് കൈകാര്യം ചെയ്യുന്ന രീതിയാണ് മോഡറേറ്റ് ഫെമിനിസം. എന്തിലും കയറി എല്ലാത്തിലും ഇടപെട്ട് അഭിപ്രായങ്ങൾ പറയുന്നതാണ് റാഡിക്കൽ ഫെമിനിസം. ഞാനെപ്പോഴും ഒരു മോഡറേറ്റ് ഫെമിനിസ്റ്റാണ്. ആക്രമിക്കുന്ന സ്വഭാവം എനിക്കില്ല. പെണ്ണായി പോയതുകൊണ്ട് പെണ്ണിനെ കുറിച്ചേ എഴുതാവു എന്ന തോന്നലും എനിക്കില്ല. എന്റെ ‘ശൈശവം’ എന്ന കഥ പുരുഷന്റെ വീക്ഷണമാണ് എം. കൃഷ്ണൻ നായർ വരെ നല്ലത് പറഞ്ഞ ഒരു കഥയാണത്.
പുരുഷലോകത്തിന്റെ സാന്നിധ്യം ശക്തമായിരിക്കെ ആഖ്യാനത്തിൽ ഹാസ്യത്തിന്റെ ഒരു കടന്നുവരവിനെ ആവോളം ഉൾപ്പെടുത്താൻ ശ്രമിച്ചതിന്റെ അടയാളം ടീച്ചറുടെ കഥകളിൽ കാണാം. ബോധപൂർവമായുള്ള ഒരു ശ്രമംതന്നെയാണോ അത്? സമകാല വിഷയങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വായനക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമമായി അതിനെ കാണാമോ?
ചന്ദ്രമതി ആവുന്നതിനു മുമ്പ് കുമാരി ചന്ദ്രിക എന്ന പേരിലും ഞാൻ കഥകളെഴുതിയിരുന്നു. അപ്പോഴൊക്കെ നേർക്കുനേരെ നിന്ന് സമൂഹത്തിന്റെ പ്രശ്നങ്ങളോടും വ്യക്തിപരമായ പ്രശ്നങ്ങളോടും പറയാനുള്ളത് പറയുക എന്ന രീതിയായിരുന്നു എന്റേത്. അതുകൊണ്ടുതന്നെ കുറെ വിമർശനങ്ങളും വെല്ലുവിളികളും, സാഹിത്യത്തിൽനിന്നുതന്നെ ഏറെക്കാലം മാറിനിൽക്കേണ്ടതായും വന്നു. ‘രാമായണ’ത്തിലെ ബാലിക്ക് ഒരു വരം കിട്ടിയിട്ടുണ്ട്, നേർക്കുനേർ നിന്ന് പൊരുതുമ്പോൾ ശത്രുവിന്റെ പകുതി ബലം അയാൾക്ക് കിട്ടും അതുകൊണ്ടാണ് ശ്രീരാമൻ ഒളിഞ്ഞുനിന്ന് അമ്പെയ്തത്. നേർക്കുനേർനിന്നുള്ള പോര് നിർത്തി ഒളിഞ്ഞുനിന്നുകൊണ്ട് പൊരുതാം എന്ന് ഞാനും തീരുമാനിച്ചു.
അതിന് ഏറ്റവും ഉചിതമായ ആയുധമാണ് ഹാസ്യം. ഹാസ്യത്തിലൂടെ നമുക്ക് പറയാനുള്ളത് പറയാം. എന്നാൽ, അത് നേരിട്ടുള്ള ഒരു ആക്രമണമാവില്ല. കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്യും. കൊള്ളാൻ കുറച്ച് സമയം എടുക്കുമെങ്കിലും കൊണ്ടിരിക്കും. അതിനാണ് കൂടുതൽ എഫക്ട് എന്ന് ഞാൻ മനസ്സിലാക്കുകയും, എന്റെ കഥകളിൽ കൂടുതൽ പ്രയോഗിക്കുകയും ചെയ്തു. അത് പുരുഷാധിപത്യത്തിനെതിരായ ഒരു ആയുധമായിട്ടല്ല ഞാൻ പ്രയോഗിച്ചത്. ഒരുതരം വാക്കിന്റെ കളികളാണ്. ഒരു പുതിയ ആയുധം കിട്ടിയ സന്തോഷത്തോടെയാണ് ഞാൻ ഹാസ്യത്തിലേക്ക് തിരിഞ്ഞത്.
‘അമലയുടെ മോചനം’ എന്ന കഥയിൽ വിവാഹമോചനത്തിന് തയാറായി നിൽക്കുന്ന അമലയെയും അവളെ അതിനെ എതിർക്കുന്ന ബന്ധുക്കളെയും കാണാം. കുടുംബജീവിതത്തിലെ സ്ത്രീ സങ്കൽപം ഇന്നും അതേപോലെ തുടരുകയാണോ?
കാരണം വളരെ ശക്തമായ യഥാസ്ഥിതിക ചിന്താഗതിയുള്ള പുരുഷാധിപത്യ സമൂഹമാണ്. പണ്ടും പുരുഷനു തന്നെയാണ് സമൂഹത്തിൽ മേൽക്കോയ്മയുള്ളത്. ഒരുപാട് അരുതുകളിൽ കൂടിയാണ് പണ്ട് പെൺകുട്ടികളെ വളർത്തുന്നത്. അമലക്ക് വിവാഹമോചനത്തിന് അവളുടേതായ കാരണങ്ങളുണ്ട്. പക്ഷേ, യഥാസ്ഥിതികരായ അവളുടെ ബന്ധുക്കൾ സമ്മതിക്കുന്നില്ല. പക്ഷേ, ഇന്ന് മാറ്റമുണ്ട് അത് നമ്മൾ സമ്മതിച്ചേ പറ്റൂ. ഇന്ന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസമുണ്ട്, ജോലിയുണ്ട്, നിയമത്തിന്റെ പ്രൊട്ടക്ഷനുണ്ട് (പലരും ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിലും). എന്നാൽപോലും സ്വന്തം കാര്യം തീരുമാനിക്കാൻ ഒരു പരിധിവരെ ഇന്നത്തെ സ്ത്രീകൾ തയാറാകുന്നുണ്ട്.
പിന്നെയും അടിമയായിരിക്കുന്നു എന്ന് പറയുമ്പോൾ കുറച്ചൊക്കെ അവളുടെ ഭാഗത്തുള്ള വീഴ്ചതന്നെയാണെന്നേ പറയാൻ പറ്റൂ. വ്യക്തിപരമായി എന്റെ അഭിപ്രായത്തിൽ ഒട്ടും യോജിച്ചുപോകാനാവാത്ത ഒരു ബന്ധമാണെങ്കിൽ പിന്നെ അവിടെ തുടരാത്തതാണ് നല്ലത്. നിസ്സാരകാര്യങ്ങൾക്കുപോലും വിവാഹമോചനം വേണമെന്ന് പറയുന്നതിനോടും ഞാൻ യോജിക്കുന്നില്ല. അടിച്ചമർത്തി വെച്ചതിൽനിന്ന് സ്വാതന്ത്ര്യം കിട്ടുവാൻ സ്ത്രീ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അമല അങ്ങനെയൊരുവളാണ്. അതിനെയാണ് കുടുംബം എതിർത്തത്. ഗത്യന്തരമില്ലാതെ ‘‘ഞാൻ തോറ്റുപോകുന്നു’’ എന്ന് അമല പറയുന്നുണ്ട്. ഇന്ന് സഹിക്കുന്ന പെൺകുട്ടികളുമുണ്ട്, പൊരുതുന്ന പെൺകുട്ടികളുമുണ്ട് രണ്ടും നമ്മൾ കാണണം.
‘കവിതയുടെ കഥയിൽ’ തന്റെ വിചാരങ്ങളെയെല്ലാം കടലാസിൽ പകർത്താൻ ശ്രമിക്കുന്ന സുഷമ വാക്കുകളും പ്രയത്നങ്ങളും അംഗീകാരവും പ്രതീക്ഷിക്കുന്നവളാണ്. അതുപോലെതന്നെ ‘ഒഴുകാതെ ഒരു പുഴ’യിലെ സോഫിയ പരിഗണകൾക്കായ് വെപ്രാളപ്പെടുന്നവൾ, സ്നേഹത്തിനു മുന്നിൽ അലിഞ്ഞില്ലാതാകുന്നവൾ... അങ്ങനെ നോക്കുമ്പോൾ സ്ത്രീകൾ സ്നേഹത്തിനും പരിഗണനക്കുമായി വെപ്രാളപ്പെടുന്നതായി കാണാം. അപ്പോൾ ഒരു സ്ത്രീയുടെ അസ്തിത്വം എന്നത് എന്തുമായാണ് ബന്ധപ്പെടേണ്ടത്?
സോഫിയ ടോൾസ്റ്റോയിയുടെ കഥ നൂറു വർഷങ്ങൾക്കു മുമ്പുള്ള റഷ്യൻ സ്ത്രീയുടെ കഥയാണ്. ഒരു കണക്കിനു നോക്കിയാൽ അതേ അവസ്ഥയാണ് എല്ലാ സ്ത്രീകളുടെയും. സോഫിയയുടെ രചനകളൊന്നും ടോൾസ്റ്റോയി കാണുകയോ അറിയുകയോ ചെയ്തിട്ടില്ല. സുഷമയുടെ ജീവിതത്തിലും അങ്ങനെതന്നെ. ഒരുപാട് കഴിവുകളെ പുറത്തെടുക്കാൻ കഴിയാതെ വീർപ്പുമുട്ടി കഴിയുന്ന സ്ത്രീകളാണ് ഇരുവരും. സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നത് ഒരിക്കലും തെറ്റല്ല. നമ്മുടെ വിശ്രമസ്ഥാനം നമ്മൾതന്നെ കണ്ടെത്തണം. അതായത് നമുക്ക് സന്തോഷം കണ്ടെത്തുന്ന വഴികൾ നമ്മൾ കണ്ടെത്തണം.
അപ്പോൾ സ്ത്രീയുടെ അസ്തിത്വം എന്നുപറയുന്നത് സ്വന്തം സ്പേസ് കണ്ടെത്തുകയാണ്. അല്ലെങ്കിൽ നമ്മൾ തകർന്നുപോകും. കുടുംബത്തിന്റെ അകത്തുനിന്നുമാത്രം കിട്ടുന്നതല്ല സ്നേഹം. സോഫിയക്ക് മൂന്ന് സ്നേഹബന്ധങ്ങളുണ്ടായിരുന്നു. തീർത്തും ആത്മീയമായ സ്നേഹബന്ധങ്ങൾ. അവളുടെ സന്തോഷത്തിന്റെ സ്ഥലം കൂടിയായിരുന്നു അത്. ഭ്രാന്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചതും ആ ബന്ധങ്ങൾ തന്നെയാണ്. സ്നേഹം കുടുംബത്തിൽനിന്ന് മാത്രമല്ല, സൗഹൃദ കൂട്ടായ്മകളിലൂടെയും മറ്റും ബന്ധങ്ങൾ സ്ഥാപിച്ച് സ്നേഹം തിരിച്ചറിയാൻ കഴിയും. സ്നേഹത്തെ കുടുംബാധിഷ്ഠിതമാക്കുമ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നാണ് എന്റെ തോന്നൽ.
Keep Tightly Closed in a Cool Dry Place, ഇങ്ങനെയാണ് ഇന്ത്യക്കാർ തങ്ങളുടെ സ്ത്രീകളെ സൂക്ഷിക്കുന്നത് (ജ്യോതി വിശ്വനാഥിന്റെ Postmodern എന്ന കഥയിലെ വരികളാണിത്). എന്താണ് അങ്ങനെയൊരു പ്രയോഗത്തിന്റെ കാരണം?
മെഗൻ ടെറിയുടെ നാടകത്തിന്റെ പേരാണ് അത്. വളരെ ഐറണിക്കലായിട്ടാണ് ഞാൻ ആ വാചകം എടുത്തത് തന്നെ. Tightly closed ആയി ഇരിക്കുന്നവളാവരുത് ഒരു സ്ത്രീ. ഞാൻ അങ്ങനെ ആയിരുന്നില്ല. മറ്റൊരു സ്ത്രീയും അങ്ങനെ ആവരുതെന്നും എനിക്ക് ആഗ്രഹമുണ്ട്. നമുക്ക് നമ്മുടെ സ്വാതന്ത്ര്യം, സുഖം, സന്തോഷം ഒക്കെ ആവശ്യമാണ്. അത് നിഷേധിക്കാൻ ആർക്കും അവകാശമില്ല. അതുകൊണ്ടുകൂടിയാണ് വളരെ ആക്ഷേപഹാസ്യത്തോടെ ആ വാചകം ഉപയോഗിച്ചത്.
വിശ്വവിഖ്യാത എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയിയുടെ ഭാര്യ സോഫിയയുടെ ജീവിതകഥയാണ് ‘ഒഴുകാതെ ഒരു പുഴ’. അവരെക്കുറിച്ച് അധികമാരും അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരികയും പല പകൽമാന്യന്മാരുടെയും മുഖംമൂടി അഴിഞ്ഞുവീഴാനും ഇടയായ സാഹചര്യം അതുവഴി വരുകയും ചെയ്തു. ‘ഒഴുകാതെ ഒരു പുഴ’ എഴുതാൻ എടുത്ത സാഹചര്യവും അതിനുവേണ്ടി നടത്തിയ തയാറെടുപ്പുകളെയും കുറിച്ച് ഒന്നുപറയാമോ?
മലയാളത്തിലെ സാഹിത്യ മോഷണങ്ങളെ കുറിച്ചുള്ള സംസാരങ്ങളും ചർച്ചകളും സജീവമായപ്പോഴാണ് ഞാൻ മറ്റു ഭാഷകളിലും ഇത്തരം സാഹിത്യ മോഷണങ്ങളുണ്ടോ എന്ന അന്വേഷണം നടത്തിയത്. വെറുതെ ഒരു ഉല്ലാസയാത്രപോലെ സാഹിത്യത്തിലേക്ക് പോയി. പക്ഷേ അവിടെ കണ്ടെത്തിയത് വളരെ ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. നമ്മൾ പ്രതീക്ഷിക്കാത്ത ആളുകളായിരുന്നു അവിടെ ചൂഷണം നടത്തിയത്. ടോൾസ്റ്റോയിയും അങ്ങനെ ചെയ്തിരുന്നു എന്ന് പിന്നീട് മനസ്സിലായി. സോഫിയയുടെ കഥകൾ, പ്രമേയങ്ങൾ, ഡയറികൾ എന്തിന് അവരുടെ വാചകങ്ങൾപോലും ഉൾപ്പെടുത്തി അദ്ദേഹം രചനകൾ നടത്തി.
എവിടെയും സോഫിയയെ ഒന്ന് പരാമർശിച്ചത് പോലുമില്ല. ‘War and Peace’ പോലുള്ള ബൃഹത്തായ നോവൽ നിരവധി തവണ പകർത്തിയെഴുതിയിട്ടും അദ്ദേഹം സോഫിയയെ അവഗണിക്കുകയാണ് ചെയ്തത്. ഇത് മനസ്സിലാക്കിയപ്പോൾ ‘സമകാലിക മലയാള’ത്തിൽ ഞാനൊരു ലേഖനം എഴുതിയിരുന്നു. അതിന്റെ തുടർച്ചയായി ടോൾസ്റ്റോയിയുടെ പരാമർശം വിശദീകരിക്കണം എന്നാവശ്യപ്പെട്ടു. അങ്ങനെ കൂടുതൽ അന്വേഷണങ്ങൾ നടത്തി. റഷ്യൻ ഭാഷയിലെ കൃതികൾ, വിവർത്തനങ്ങളെല്ലാം വായിച്ചു. എന്റെ ഭർത്താവ് ഐ.എസ്.ആർ.ഒ എൻജിനീയർ ആയിരുന്നു. അദ്ദേഹം ഒരു റഷ്യൻ യാത്രയുടെ തിരിച്ചുവരവിൽ നിരവധി മെറ്റീരിയലുകൾ കൊണ്ടുവന്നു.
നൂറുവർഷം മുമ്പേ ജീവിച്ച ഒരു സ്ത്രീയെ കുറിച്ച് എഴുതുമ്പോൾ അവർ ജീവിച്ച കാലഘട്ടവും പരിതഃസ്ഥിതിയും അറിയേണ്ടത് അനിവാര്യമാണ്. നിരവധി ആർട്ടിക്കിൾസും പുസ്തകങ്ങളും സുഹൃത്തുക്കളായ എഴുത്തുകാരി നിർമല, ജമീല പ്രകാശം, എന്റെ കൊച്ചുമകൾ ദ്യുതി ഗണേഷ് എന്നിവർ സമ്മാനിച്ചു. ഭർത്താവിന്റെ മരണത്തെ തുടർന്ന് ഞാൻ രണ്ടു വർഷത്തോളം എഴുത്ത് നിർത്തിവെച്ചിരുന്നു. പലരുടെയും നിർബന്ധപ്രകാരമാണ് വീണ്ടും എഴുതിത്തുടങ്ങിയത്. നിരവധി പഠനങ്ങൾക്കും വായനക്കും ശേഷമാണ് ‘ഒഴുകാതെ ഒരു പുഴ’ എഴുതിയത്. പൗലോ കൊയ്‌ലോയുടെ വാക്കുകൾ ഉണ്ടല്ലോ, ‘‘നമുക്കൊരു ആഗ്രഹമുണ്ടെങ്കിൽ ലോകം മുഴുവൻ നമ്മുടെ കൂടെനിൽക്കും.’’ അതുപോലെ ഒരുപാട് പേർ എന്റെ കൂടെ നിന്നു. പുസ്തകം നന്നായി വായിക്കപ്പെടുന്നതും അവാർഡുകൾ കിട്ടുന്നു എന്നതും സന്തോഷം.
എഴുതാൻ ഉദ്ദേശിക്കുന്ന, അല്ലെങ്കിൽ എഴുതിത്തുടങ്ങിയ പുതിയ രചന? കൂടാതെ എഴുതാൻ ആഗ്രഹിക്കുന്ന പ്രമേയങ്ങൾ ഏതൊക്കെയാണ്?
മുൻകൂട്ടി പ്രമേയം ഒന്നും വിചാരിച്ച് എഴുതാൻ പറ്റില്ല. ഞാൻ ഉൾപ്പെടെയുള്ള, ഞാൻ അറിയുന്ന കുറേ പേരുടെ ആത്മനൊമ്പരങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകം. ആരെയും പേരു വെളിപ്പെടുത്താതെ ആരും ആരെയും അറിയാതെ. അങ്ങനെയൊന്ന് എഴുതണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്റെ ലിമിറ്റേഷൻ ഞാൻ അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ വലിയ സ്വപ്നങ്ങളില്ല. വലിയ ആശയങ്ങളെ ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിക്കുന്നുമില്ല. അന്നന്ന് ജീവിച്ചുപോകുന്നു.
എഴുത്തിൽ മൂന്ന് തലമുറയിൽപെട്ട ആളുകളുമായി ഇടപെട്ട ഒരാളെന്നനിലയിൽ പുതിയ തലമുറയിലൂടെ കടന്നുപോകുമ്പോൾ എന്താണ് ടീച്ചർക്ക് തോന്നുന്ന ഒരു വ്യത്യാസം?
പഴയ തലമുറയിൽപെട്ട ആളുകൾ എഴുതിയിരുന്നത് ആ കാലഘട്ടത്തിന്റെ ആവശ്യങ്ങളായിരുന്നു. പുതിയ തലമുറയിൽപെട്ടവർ അവർ നിലനിൽക്കുന്ന കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് എഴുതുന്നു. തലമുറകളുടെ വ്യത്യാസം അവിടെയുണ്ട്. അവരുടെ ആറ്റിറ്റ്യൂഡും ഔട്ട് ലുക്കും എല്ലാം മാറുന്നു. വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ ‘വാസനാവികൃതി’ പോലെയല്ല പിന്നെ വരുന്ന ഓരോ തലമുറയിലെയും കഥകൾ. വളരെ വേഗത്തിലുള്ള മാറ്റം നടക്കുന്നുണ്ട്. ഒരുകാലത്ത് പ്രകടമായ രാഷ്ട്രീയം പല കഥകളിലും സ്പഷ്ടമായിരുന്നു. തകഴി, കേശവദേവ് തുടങ്ങിയവരുടെ കഥകളിൽ അത് കാണാം.
പിന്നീട് വൈദേശിക സ്വാധീനം കഥകളിൽ നിറയുന്നതായി വന്നു. യന്ത്രവത്കരണവും കഠിനമായ ഏകാന്തതയുമൊക്കെ അതിലുണ്ടായിരുന്നു. പിന്നീട് കഥക്ക് കുറെ വിഭാഗങ്ങൾ ഉണ്ടായി. ദലിതെഴുത്ത്, സ്ത്രീ എഴുത്ത് എന്നിങ്ങനെ വിഭാഗങ്ങളായി തിരിഞ്ഞു. ശേഷം പ്രാദേശികതയുടെ ലോകത്ത് ഒതുങ്ങുന്ന കഥകൾ വന്നു തുടങ്ങി. പഴയ കഥകളും പുതിയ കഥകളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഇന്നും ഒരുപാട് പേരുണ്ട് സ്വന്തം ഐഡന്റിറ്റി സൂക്ഷിക്കുന്നവർ. പുതിയ തലമുറയിലെ കുട്ടികൾക്ക് ഒരുപാട് അവസരങ്ങളുണ്ട്. ഞാൻ പതിനെട്ടു വർഷം മൗനത്തിൽ ഇരുന്നതുപോലുള്ള അവസ്ഥ അവർക്കില്ല. കാരണം അവർക്ക് അനുകൂലമായ നിരവധി ഘടകങ്ങൾ അവരുടെ ചുറ്റിലും തന്നെയുണ്ട്.
സൈബർ ലോകം ഇത്രയും സജീവമല്ലാത്ത സമയത്താണ് ‘വെബ്സൈറ്റ്’ എന്ന കഥ എഴുതിയത്. ഇന്റർനെറ്റിലൂടെ രൂപപ്പെടുന്ന സൗഹൃദങ്ങൾ മിഥ്യയോ യാഥാർഥ്യമോ എന്ന് ഇന്നത്തെ കാലത്തും സംശയാസ്പദമായി നിലനിൽക്കെ ഒരു പ്രവചനാത്മക സ്വഭാവം ആ കഥയിൽ ഉൾകൊള്ളുന്നതായി കരുതാമോ?
മനപ്പൂർവം എഴുതിയതൊന്നുമല്ല. ഒരുപാട് ഇന്റർനെറ്റ് ഉപയോഗിച്ചിരുന്ന ആളായിരുന്നു ഞാൻ. അപ്പോൾ അതൊക്കെ ചേർത്ത് വെച്ച് പഴയ രീതിയിൽ കത്തുകളിലൂടെ കഥ പറയുന്ന രീതി എടുത്തിട്ട് ചെയ്തതാണ്. ‘വെബ്സൈറ്റ്’ എന്ന പേരും യോജിച്ചു വന്നു. സൈബർ ലോകത്ത് കണ്ടുമുട്ടുന്ന രണ്ടു മനുഷ്യർ കത്തുകളിലൂടെ സംസാരിക്കുന്നു. സ്ത്രീ-പുരുഷ ബന്ധത്തിന്റെ ഉള്ളറകളിലേക്ക് പോകാനാണ് ഞാൻ ശ്രമിച്ചത്.
അതിനൊരു പ്രവചന സ്വഭാവം കടന്നുവരും എന്നൊന്നും ചിന്തിച്ചിട്ടില്ല. പിന്നീട് സംവിധായകൻ ലെനിൻ രാജേന്ദ്രൻ അതെടുത്തിട്ട് ‘രാത്രിമഴ’ എന്ന പേരിൽ സിനിമയാക്കി. അതിന്റെ ഫസ്റ്റ് പാർട്ട് മുഴുവൻ എന്റെ ഈ കഥയെ ആസ്പദമാക്കിയാണ്. സെക്കൻഡ് പാർട്ട് അദ്ദേഹത്തിന്റെ തന്നെ കഥയും. പക്ഷേ, അദ്ദേഹം എന്റെ പേര് തെറ്റിച്ചാണ് കൊടുത്തത്. വേറെ ഇനീഷ്യലൊക്കെ ചേർത്തുകൊടുത്തു. എനിക്ക് ഒരു അവകാശവാദവും ഉന്നയിക്കാൻ ആവാത്ത വിധം ചെയ്തു. സിനിമകളാക്കിയ രചനകൾ പറയുമ്പോൾ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ മാത്രം പറയുന്നത് അതുകൊണ്ടാണ്.
ടീച്ചറിന്റെ കാഴ്ചപ്പാടിൽ എന്താണ് ഒരു എഴുത്തുകാരിയുടെ രാഷ്ട്രീയം? സമൂഹത്തിൽ ഉണ്ടാകുന്ന ഏതൊരു മാറ്റത്തിനും അല്ലെങ്കിൽ സംഭവങ്ങൾക്കും സ്വന്തം നിലപാട് പറയാൻ എഴുത്താളർ ബാധ്യസ്ഥരാണ് എന്ന് ടീച്ചർക്ക് തോന്നുന്നുണ്ടോ?
അങ്ങനെയൊരു പ്രതികരണ തൊഴിലാളിയാവാൻ എനിക്ക് താൽപര്യമില്ല. തികച്ചും അരാഷ്ട്രീയ നിലപാടാണ് ഞാൻ അക്കാര്യത്തിൽ എടുത്തിട്ടുള്ളത്. പ്രതികരണം അറിയാനായി എന്നെ വിളിക്കുന്ന പത്രക്കാർക്കും അതറിയാം. എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും അവരവരുടേതായ ഗുണങ്ങളുമുണ്ട്, ദോഷങ്ങളുമുണ്ട്. എല്ലാവരും മനുഷ്യർതന്നെയാണ്. എഴുത്താളർ എന്തിലും കേറി പ്രതികരിക്കണം എന്നൊന്നും എനിക്ക് തോന്നുന്നില്ല. കേരളത്തിൽ ആരു ഭരിക്കണം എന്നതിനെക്കുറിച്ചോ, നഴ്സസ് സമരത്തെക്കുറിച്ചോ എഴുത്തുകാർ എല്ലാവരും പറയണമെന്ന് നിർബന്ധമില്ല. നമുക്ക് വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാവും.
അത് പൊതുവായി വിളിച്ചുപറയേണ്ട ആവശ്യമില്ല. അതുകൊണ്ട് ഒരു പ്രതികരണ തൊഴിലാളി ആവുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്റെ സുഹൃത്തുക്കൾ ഏത് രാഷ്ട്രീയ പാർട്ടിയിലാണെന്ന് ഞാൻ നോക്കാറില്ല. ഞങ്ങൾക്ക് സ്നേഹത്തിന്റെ വഴി മാത്രം. ആശമാരുടെ സമരത്തിലും ഇത്തരം ആരോപണങ്ങൾ വന്നിരുന്നു. എഴുത്താളർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാം. ഉദാഹരണത്തിന് തിരുവനന്തപുരത്തെ കുറച്ചുപേർ ചേർന്ന് നടത്തുന്ന ഒരു സംഘടന ആശമാരെ സഹായിക്കാനായി ഒരാൾ ഒരാൾക്ക് ചെറിയൊരു തുക വീതം മാസംതോറും നൽകാൻ തീരുമാനിച്ചു. ഡയറക്ടറായി ആ ആശക്ക് അയച്ചുകൊടുക്കുകയാണ്. ഞാനും അതിൽ പങ്കാളിയായി. ഇതൊക്കെ നമ്മളാൽ കഴിയുന്ന കാര്യമാണ്. അല്ലാതെ പത്രത്തിലൂടെയോ ടി.വിയിലൂടെയോ അഭിപ്രായങ്ങൾ വിളിച്ചുപറഞ്ഞിട്ട് പറഞ്ഞിട്ട് എന്താണ് കാര്യം?
കടുത്ത വിമർശനങ്ങളെയെല്ലാം അതിജീവിച്ച് നിരവധി കഥകൾ, നോവലുകൾ, ലേഖനങ്ങൾ, പഠനങ്ങൾ വിവർത്തനങ്ങൾ കൂടാതെ എഴുത്തിൽ ഇപ്പോഴും സജീവമായി നിൽക്കുകയും ചെയ്യുന്നു. അപ്പോഴും സമൂഹത്തിൽ അർഹമായ അംഗീകാരം കിട്ടാതെ പോയി എന്ന് ടീച്ചർ കരുതുന്നുണ്ടോ?
ചെറുകഥകൾക്ക് സാഹിത്യ അക്കാദമി പുരസ്കാരം, കഥാ- നാഷനൽ അംഗീകാരം തുടങ്ങിയ നിരവധി അവാർഡുകൾ കിട്ടിയിട്ടുണ്ട്. ഇപ്പൊ പുതിയ നോവലിനു പത്മരാജൻ സാഹിത്യ-ചലച്ചിത്ര പുരസ്‌കാരവും കിട്ടി. എപ്പോഴും ഞാനൊരു ഒറ്റപ്പെട്ട വ്യക്തിത്വമാണ്. സമൂഹത്തിൽ അംഗീകാരം കിട്ടുന്നില്ല എന്ന പരാതിയൊന്നും എനിക്കില്ല. ഒരു സപ്പോർട്ടുമില്ലാതെ ഇത്രയും കാലം പിടിച്ചുനിന്നില്ലേ...
കഥയുടെ ലോകത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയിലെ എഴുത്തുകാരോട് എന്താണ് ടീച്ചർക്ക് പറയാനുള്ളത്?
അവർക്ക് അവരുടേതായ രീതിയുണ്ട്. ആരുടെയും ഉപദേശം സ്വീകരിക്കേണ്ട കാര്യമില്ല. സ്വന്തം വഴി കണ്ടെത്തുക. ഇത്തവണ ‘മാതൃഭൂമി’യുടെ വിഷു പതിപ്പിൽ സമ്മാനം കിട്ടിയ ഒരു കഥയുണ്ട്. അദ്വൈത് എന്നാണ് തോന്നുന്നു ആ കുട്ടിയുടെ പേര്. നല്ല പ്രതിഭയുള്ള കുട്ടിയാണ്. വളരെ ശക്തമായ രചന. ഊന്നുവടികൾ ദൂരെ കളഞ്ഞ് നട്ടെല്ല് നിവർത്തിതന്നെ പുതുതലമുറ നിൽക്കണം അതാണ് അവർ ചെയ്യേണ്ടത്.
സ്ത്രീയുടെ തുറന്നെഴുത്തിനെ വിമർശിക്കുന്നതോടൊപ്പം മറുവശത്ത് സ്ത്രീയുടെ എഴുത്തിനെ ആഘോഷിക്കുന്ന ഒരു സാഹചര്യംകൂടി നമ്മുടെ സാഹിത്യത്തിൽ ഉണ്ടായിരുന്നു. അതിന് ഭാഗമായിയെന്നോണം ചില വ്യക്തികൾ പേരു മാറ്റി എഴുതുകയും ചെയ്തു. അതായത് സ്ത്രീകൾക്ക് വളക്കൂറുള്ള മണ്ണായിരുന്നു കേരളത്തിലെ ’70കളിൽ എന്ന് ടീച്ചർ പറയുകയുണ്ടായി. സമകാലത്ത് അങ്ങനെയൊരു സാഹചര്യ നിലനിൽക്കുന്നു എന്ന് തോന്നുന്നുണ്ടോ?
കേരളത്തിൽ എഴുപതുകളിൽ സാഹിത്യത്തിന് വളക്കൂറുള്ള മണ്ണാണ് എന്ന് പറഞ്ഞത് സാഹിത്യത്തിലെ സ്വാഭാവികമായ അന്തരീക്ഷത്തെയാണ്. ബാഹ്യമായ ഒരു പ്രേരണയുമില്ലാതെ പെൺകഥകളും എഴുത്തുകാരികളും ഉണ്ടായിരുന്നു. മാധവിക്കുട്ടിയൊക്കെ എഴുതി വരുന്ന സമയംതന്നെ മലയാള സാഹിത്യത്തിൽ സ്ത്രീസാന്നിധ്യം അടയാളപ്പെട്ട് കഴിഞ്ഞിരുന്നു.
സാറാ തോമസ്, ബി. സുനന്ദ, ലത, എൻ. ചന്ദ്രിക, എൻ. ഉഷ, എം. പി. പത്മജ, എം.പി. ഗിരിജ തുടങ്ങിയവർ. ഞങ്ങളൊക്കെ എഴുതി വന്നെങ്കിലും ഒരു സമയത്ത് നിശ്ശബ്ദരാക്കപ്പെട്ടു. അതിൽനിന്ന് ഞാനുൾപ്പെടെ പലരും പുറത്തുവന്നു. നിശ്ശബ്ദരാക്കപ്പെടുന്നതിന് പല കാരണങ്ങൾ ഉണ്ടായേക്കാം. അങ്ങനെയൊക്കെ വാടിയ പൂവാണ് ഞാൻ. ചന്ദ്രകല എസ്. കമ്മത്ത്, എം.ഡി. രത്നമ്മ തുടങ്ങി പലരും ഞങ്ങൾക്ക് മാർഗദീപംപോലെ മുന്നിൽ വന്നു. അതുപോലെ ലളിതാംബിക അന്തർജനം, കെ. സരസ്വതി അമ്മ തുടങ്ങിയവർ അവരുടെ സമൂഹത്തെ കുറിച്ചെഴുതി. ‘അന്തർ’ ജനങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അവരുടെ കൃതികളാൽ സാധിച്ചു. അതിൽ സരസ്വതിയമ്മ ഫെമിനിസത്തിന്റെ ഒരു റാഡിക്കൽ മുഖമായിരുന്നു.
പുരുഷന്മാർ ഇല്ലാത്ത ലോകത്തെക്കുറിച്ച് ലേഖനമെല്ലാം എഴുതിയിരുന്നു. അന്ന് ഫെമിനിസത്തിന്റെയും പെണ്ണെഴുത്തിന്റെയും സപ്പോർട്ട് ഇല്ലാതെ ധാരാളം സ്ത്രീകൾ സാഹിത്യത്തിൽ ഉണ്ടായിരുന്നു. ഒരുപാട് പക്ഷികൾ ഒരുമിച്ചു വാഴുന്ന പൂങ്കാവനംപോലെയായിരുന്നു എഴുപതുകളിലെ കഥാ സാഹിത്യരംഗം. പിന്നീട് പെണ്ണെഴുത്തു വന്നു. അതിനെ ഏറ്റെടുക്കാൻ കക്ഷി രാഷ്ട്രീയക്കാർ വന്നു. അങ്ങനെയൊക്കെ വന്നപ്പോൾ സാഹിത്യരംഗം ഒന്ന് ശുഷ്കിച്ചു. ശേഷം സോഷ്യൽ മീഡിയ വന്നതോടെ എഴുത്തുകാർ പുനരുദ്ധരിക്കപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ എഴുത്തുകാർ തങ്ങളുടെ വേദി കണ്ടെത്താൻ ശ്രമിക്കുന്നു. പക്ഷേ, എഴുപതുകളിലെ പോലെ അതൊരു സ്വാഭാവികമായ വളർച്ചയാണെന്ന് ഇവിടെ പറയാൻ പറ്റില്ല.
‘കൊള്ള’ എന്ന കഥയിൽ അർധരാത്രി വീട്ടിലെത്തുന്ന കള്ളനോട് നായിക ചോദിക്കുന്നുണ്ട് ‘‘ഒപ്പം വരട്ടെ’’ എന്ന്. ഒരു കീറാകാശത്തെയും ചന്ദ്രനെയും സ്വാതന്ത്ര്യത്തെയും മറ്റെല്ലാ സുഖസൗകര്യങ്ങൾക്കും ഉപരിയായി അവൾ ആഗ്രഹിക്കുന്നു. ഒരു മുറിയും എഴുത്തുമേശയും സ്വന്തമായി കിട്ടണം എന്ന് ആഗ്രഹമുള്ളവളായിരുന്നു ‘അഞ്ചാമന്റെ വരവി’ലെ സാവിത്രി. വെർജിനിയ വൂൾഫിന്‍റെ ‘A Room of One's Own’ എന്ന സങ്കൽപത്തെ പല കഥകളിലേക്കും സന്നിവേശിപ്പിച്ചതായി കാണാം എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രമേയത്തിന്റെ സ്വാധീനം കൈക്കൊണ്ടത്?
സ്വന്തമായി ഒരു മുറി മാത്രമല്ല, വരുമാനവും കൂടി വേണം ഒരു സ്ത്രീക്ക്. എങ്കിലേ എഴുത്തിലേക്ക് പൂർണമായി തിരിയാനാവൂ എന്നതാണ് ‘A Room of One's Own’ എന്ന സങ്കൽപം. അത് അവരുടെ സങ്കൽപം. കുട്ടിയെ തൊട്ടിലിൽ കിടത്തി ഒരു കൈകൊണ്ട് തൊട്ടിലാട്ടി നല്ല കഥകൾ എഴുതിയ ലളിതാംബിക അന്തർജനത്തെ പോലുള്ള എഴുത്തുകാരികൾ നമ്മുടെ മുന്നിലുണ്ട്. അപ്പോൾ അതിൽനിന്നും മനസ്സിലാക്കുന്നത് സ്ത്രീയുടെ ആവശ്യങ്ങൾ അവരുടെ പ്രദേശത്തെയും സംസ്കാരത്തെയും ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നാണ്.
വെർജിനിയ വൂൾഫിന് ചെയ്യാൻ കഴിയുന്നതുപോലെ ലളിതാംബിക അന്തർജനത്തിന് കഴിഞ്ഞു എന്ന് വരില്ല. പക്ഷേ എല്ലാ സ്ത്രീകൾക്കും പൊതുവായി വേണ്ടത് ഞാൻ നേരത്തേ പറഞ്ഞതുപോലെ സ്പേസ് ആണ്. ‘കൊള്ള’യിലെ സ്ത്രീ അസംതൃപ്തയാണ്. കള്ളന് കഞ്ഞിവെച്ചവൾ എന്ന പേര് വരെ അവൾ കേട്ടു. ഒരു കള്ളനൊപ്പമുള്ള ജീവിതംപോലും റൊമാന്റിക് ആയിരിക്കും എന്ന് അവൾ കരുതുന്നുണ്ട്. ഒരുപാട് വിമർശനവും ശകാരവും ഏറ്റുവാങ്ങേണ്ടിവന്ന കഥയാണത്. അതുപോലെയല്ല ‘അഞ്ചാമന്റെ വരവി’ലെ സാവിത്രി.
ഒരുപാട് പ്രതീക്ഷയും സ്വപ്‌നങ്ങളുമായി വൈവാഹികജീവിതത്തിലേക്ക് കടന്നുവന്നവൾ. ദാമ്പത്യജീവിതത്തിലെ അസംതൃപ്തി സ്ത്രീകളെ മറ്റു മേഖലകളിലേക്ക് എത്തിക്കാം ഉദാഹരണത്തിന് ചിത്രകല, പാചകം, സാഹിത്യം, മറ്റൊരു പ്രണയം തുടങ്ങിയവ. ഇതിനൊന്നും പറ്റാതെയാണ് സാവിത്രി മരണം തിരഞ്ഞെടുക്കുന്നത്. സ്ത്രീയുടെ രണ്ടു മാനസികതലങ്ങളെയാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. ഒരാൾ മരണം തെരഞ്ഞെടുക്കുന്നു. മറ്റൊരാൾ കള്ളനോടൊപ്പമുള്ള ജീവിതം തെരഞ്ഞെടുക്കുന്നു. ഇതെല്ലാം അടങ്ങിയതാണ് സ്ത്രീ. ഇതേക്കുറിച്ചെല്ലാം ധാരാളം എഴുതപ്പെടുന്നുമുണ്ട്.
വിശ്വാസവും അന്ധവിശ്വാസവും ഇഴകലർത്തി രചിച്ച കഥയാണ് ‘ദേവീഗ്രാമം’. നിരവധി അവാർഡുകൾ ലഭിച്ച കഥ കൂടിയാണത്. ഗൃഹാതുരതയുടെ പരിശുദ്ധിയിൽ ജീവിക്കുന്ന നായികയും അതിനെയെല്ലാം അന്ധവിശ്വാസമായി കണക്കാക്കുന്ന നായകനും. പൊതുവെ സ്ത്രീകളാണ് ഇത്തരം അന്ധവിശ്വാസങ്ങളുടെ പിടിയിൽ വീഴുന്നത്. ഈ കഥയെഴുതാൻ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാമായിരുന്നു?
‘ഗ്രാമം’ ഞാൻ ജനിച്ചുവളർന്ന വെള്ളായണി എന്ന ഗ്രാമത്തിന്റെ ബാക് ഗ്രൗണ്ടിൽ രചിച്ച കഥകയാണ്. വെള്ളായണിയിലെ ഗ്രാമ ദേവതയാണ് ഭദ്രകാളി ദേവി. ഇവിടത്തെ ക്ഷേത്രം മുടിപ്പുരയാണ്. അതായത് ദേവിയുടെ സർപ്പ ജടയുള്ള മുടി മാത്രം പ്രതിഷ്ഠയായുള്ള ക്ഷേത്രം. ദാരിക വധം കഴിഞ്ഞ് വിശ്രമിക്കുന്ന അവസ്ഥ. അവിടെ ജനിച്ചുവളർന്ന ഞങ്ങൾക്ക് ദേവി അമ്മയും അമ്മൂമ്മയും ഒക്കെയായിരുന്നു. തിന്മയെ പൊരുതി തോൽപിച്ച സ്ത്രീശക്തി. ഞങ്ങൾക്ക് അന്ധവിശ്വാസമായിരുന്നില്ല, വിശ്വാസമായിരുന്നു.
ഓരോ മൂന്നുവർഷവും കൂടുമ്പോഴാണ് ഇവിടെ ഉത്സവം. അത് രണ്ട് മാസത്തിലേറെ നീണ്ടുനിൽക്കും. ദാരിക വധം പുനരാവിഷ്കരിക്കപ്പെടും. അത് വികാരങ്ങളുടെ വിമലീകരണമാണ് (catharsis). എന്റെ ‘ദേവിഗ്രാമ’ കഥകളിലെ പട്ടണവാസിയായ ഭർത്താവിന് ഇതൊക്കെ അന്ധവിശ്വാസങ്ങളാണ്. ദാമ്പത്യത്തിലെ സ്ത്രീ-പുരുഷ സംഘർഷം അവതരിപ്പിക്കാനാണ് ഞാൻ കഥകളിലൂടെ ശ്രമിച്ചത്.
ടീച്ചർ എഴുതി തുടങ്ങിയ കാലത്തുനിന്ന് ഇപ്പോഴത്തെ കാലത്തെ എഴുത്തിലും വായനയിലും വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? രണ്ട് കാലങ്ങളെ പ്രതിനിധാനം ചെയ്ത എഴുത്തുകാരി എന്ന നിലയിൽ ഇന്നത്തെ കാലത്ത് എഴുതുമ്പോൾ ടീച്ചർക്ക് എന്തെങ്കിലും കരുതലുകൾ നടത്തേണ്ട ആവശ്യകത വന്നിട്ടുണ്ടോ?
ഒരു മുൻകരുതലും എടുക്കാറില്ല. ഞാൻ വായിക്കാൻ എടുത്ത പുസ്തകങ്ങൾ അച്ഛന്റെ ശേഖരത്തിലെ ക്ലാസിക് നോവലുകളും കഥകളുമാണ്. വായനയിൽ ഒരു വിലക്കും അന്നില്ലായിരുന്നു. വായിച്ച ലോക സാഹിത്യകൃതികളിലെല്ലാം ഈ പറഞ്ഞ രാഷ്ട്രീയ കൃത്യതയും ജെൻഡർ അവബോധവുമെല്ലാം ഉണ്ടായിരുന്നു. എന്റെ വായനാ സംസ്കാരം രൂപപ്പെട്ടത് അങ്ങനെയാണ്. ആ വായനാ പാരമ്പര്യത്തിൽ അന്നും ഉണ്ടായിരുന്നു ജെൻഡർ അവബോധവും രാഷ്ട്രീയ കൃത്യതയുമൊക്കെ. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇന്ന് ബോധപൂർവം എഴുതുന്നു അത്രയേ ഉള്ളൂ വ്യത്യാസം.
ജെൻസി കാലത്ത് വായനയുടെ ഗൗരവം കുറയുന്നതായി തോന്നുന്നുണ്ടോ? ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവൽ ചെറുപ്പക്കാരെ എങ്ങനെ സ്വാധീനിച്ചു എന്ന വിലയിരുത്തലുകൾ ടീച്ചർക്ക് ലഭിക്കുന്നുണ്ടോ?
വായനയുടെ ഗൗരവം കുറയുന്നൊന്നുമില്ല. ഇന്ന് എത്രമാത്രം കൃതികളാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ടെക്നോളജിയുടെ വളർച്ച കാരണം പുതിയ കുട്ടികൾക്ക് പുസ്തകങ്ങൾ കിൻഡിലിൽ വായിക്കാം. യാത്ര ചെയ്യുമ്പോഴും മറ്റും ഓഡിയോ ബുക്സ് കേൾക്കാം. ജെൻസികളുടെ ജീവിതം ഞങ്ങളുടേതിൽനിന്നും ഒരുപാട് വ്യത്യാസമുണ്ട്. അവർക്ക് ഒരുപാട് അവസരങ്ങളുണ്ട്.
അഖിൽ പി. ധർമജന്റെ കൃതികൾ വായിച്ചാൽ അതറിയാം. ഒരു മുൻ അധ്യാപിക എന്ന നിലയിൽ വായന നിലനിൽക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ‘ഒഴുകാതെ ഒരു പുഴ’ വായിച്ച് കുറെ കോളജ് വിദ്യാർഥികൾ വിളിക്കുകയും അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട്. പലർക്കും അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ചിലർ പുസ്തകം വാങ്ങാൻ നിവർത്തിയില്ല എന്നു പറഞ്ഞ് എഴുതി. അവർക്ക് ഞാൻ അയച്ചുകൊടുത്തു. പുതുതലമുറ നമ്മുടെ പുസ്തകം വായിക്കുന്നതല്ലേ അഭിമാനം.
ജോർജ് ഒാണക്കൂർ,സോഫിയ ടോൾസ്റ്റോയി
എഴുത്തിൽ പൂർണ പിന്തുണ നൽകിയ ടീച്ചറിന്റെ പങ്കാളിയെക്കുറിച്ച്... ഒപ്പം കുടുംബത്തെക്കുറിച്ച് ?
എന്റെ അച്ഛന്റെ പേര് ഭാസ്കരൻ നായർ. അദ്ദേഹം കേരള ഗവ. ഹയർ എജുക്കേഷനൽ വകുപ്പിൽ അഡീഷനൽ സെക്രട്ടറി ആയിരുന്നു. ഓഫിസ് ജോലിയുടെ ഭാഗമായി സാഹിത്യ അക്കാദമിയുടെ എക്സ് ഒഫീഷ്യോ സെക്രട്ടറിയും ആയിരുന്നു. അപ്പോഴൊക്കെ അദ്ദേഹത്തിന് സാഹിത്യകാരന്മാരുമായി നല്ല ബന്ധം ഉണ്ടായിരുന്നു. തകഴി, കേശവദേവ്, ഉറൂബ്... അവരെയൊക്കെ പരിചയപ്പെടാൻ സാധിച്ചത് അച്ഛനോടൊപ്പമുള്ള യാത്രകളിൽതന്നെയായിരുന്നു. എന്നിൽ സാഹിത്യപശ്ചാത്തലം ഒരുക്കി തന്നതിന് അച്ഛനും അച്ഛന്റെ ലൈബ്രറിക്കും നല്ല പങ്കുണ്ട്. അമ്മ തങ്കം എന്ന ഭഗവതിയമ്മ. ഒരു സാധാരണ വീട്ടമ്മ.
അന്നത്തെ പ്രായോഗിക വിദ്യാഭ്യാസം മാത്രമുള്ള ഒരു സ്ത്രീയായിരുന്നു. വെള്ളായണിക്കാരിയാണ്. കാർഷികവൃത്തിയെ ജീവനായി കൊണ്ടുനടന്നവരാണ്. എന്റെ പങ്കാളി സി.ജി. ബാലൻ ഐ.എസ്.ആർ.ഒയിലെ എൻജിനീയറായിരുന്നു. L.P.S.C യുടെ അസോസിയറ്റ് ഡയറക്ടറായി വിരമിച്ചു. എന്റെ എഴുത്തിന്റെ മുഴുവൻ പ്രേരണയും അദ്ദേഹമായിരുന്നു. എല്ലാത്തിനും കൂടെത്തന്നെ നിന്നു. അസുഖം വന്നപ്പോഴും അങ്ങനെ തന്നെ. തീയും വെള്ളവും, ചളിയും ചവിട്ടി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. രണ്ടു മക്കൾ. മകൾ ദേവിപ്രിയ, അവൾ റോയൽ ബാങ്ക് ഓഫ് സ്കോട്‍ലൻഡിന്റെ ചെന്നൈ ശാഖയിലാണ്. മകൻ ഗണേഷ്. അവൻ V.S.S.Cയിൽ.
മകളുടെ ഭർത്താവ് പ്രശാന്ത് ബിസിനസ് ചെയ്യുന്നു. മകന്റെ ഭാര്യ രാധിക കരമന എൻ.എസ്.എസ് കോളജ് ലെക്ചററാണ്. ഒരു പേരക്കുട്ടിയുണ്ട് ദ്യുതി ഗണേഷ്. ഇപ്പോൾ എന്റെ ജീവിതത്തിന്റെ പ്രകാശമവളാണ്. ഇതൊക്കെയാണ് എന്റെ കുടുംബം. അതിൽ അച്ഛനും ഭർത്താവും എന്നെ വിട്ടുപോയി.
ഇംഗ്ലീഷ് സാഹിത്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരാളെന്ന നിലയിൽ പാശ്ചാത്യ കൃതികളുടെ സ്വാധീനം എത്രമാത്രം എഴുത്തിനെ സഹായിച്ചിട്ടുണ്ട്?
ഇംഗ്ലീഷ് പഠിച്ചത് വളരെ നല്ലതായിരുന്നു എന്നെനിക്ക് തോന്നുന്നു. കാരണം മറ്റൊരുപാട് ഭാഷാ സാഹിത്യങ്ങളെ അറിയാൻ അവസരം കിട്ടി. നിരൂപണ സിദ്ധാന്തങ്ങൾ, പോസ്റ്റ് മോഡേൺ സിദ്ധാന്തം, ഡി-കൺസ്ട്രക്ഷൻ, മോഡേൺ തിയറികൾ എന്നിവയെല്ലാം പഠിക്കാനും എന്റെ കഥകളിൽ ഉൾപ്പെടുത്താനും കാരണമായത് ഇംഗ്ലീഷ് സാഹിത്യം പഠിച്ചതാണ്. അതൊന്നും ഇല്ലെങ്കിൽ എനിക്ക് ചന്ദ്രമതിയാവാനോ ടോൾസ്റ്റോയിയെ കുറിച്ച് എഴുതാനോ പറ്റില്ല. ഭാഷാ സാഹിത്യങ്ങളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ കുറെയൊക്കെ വായിക്കാൻ കഴിഞ്ഞു. ലണ്ടനിലെ കോമൺവെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസംഗിക്കാൻ സാധിച്ചു. അങ്ങനെ ഒരുപാട് കാര്യങ്ങൾ വ്യക്തിപരമായും സാഹിത്യപരമായും എനിക്ക് ഗുണങ്ങളായി ഉണ്ടായത് ഇംഗ്ലീഷ് സാഹിത്യം പഠിച്ചതും പഠിപ്പിച്ചതും കൊണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.