ജാതിയെ അഡ്രസ് ചെയ്തേ പറ്റൂ

പതിനൊന്ന് വർഷത്തെ ജയിൽവാസത്തിനുശേഷം മാവോവാദി നേതാവ് രൂപേഷ് അടുത്തിടെ മോചിതനായി. ജയിലിൽ ​െവച്ച് അധികൃതർ പ്രസിദ്ധീകരണം തടഞ്ഞ നോവൽ ‘ബന്ധിതരുടെ ഓർമക്കുറിപ്പുകള്‍’ പ്രകാശിതമായി. ആ പശ്ചാത്തലത്തിൽ രൂപേഷ് സംസാരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. സംഭാഷണത്തിന്റെ അവസാന ഭാഗം. സാമ്രാജ്യത്വ വ്യവസ്ഥിതിയുടെ നവ ലിബറല്‍ ചൂഷണകാലത്ത് അർധ ജന്മിത്വവ്യവസ്ഥിതിപോലെയുള്ള മുപ്പതുകളിലെ, ചൈനയിലെ വിശകലനം അതേപടി പിന്തുടരുകയും അതിലൂടെ ലോകത്തിലുണ്ടായ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുകയും ചെയ്തതിന്‍റെ ഫലമല്ലേ മാവോയിസ്റ്റ് പ്രസ്ഥാനം ഇന്ന് നേരിടുന്ന പ്രതിസന്ധി. അതായത് വര്‍ത്തമാനകാല സാമൂഹിക പ്രശ്നങ്ങളെ...

പതിനൊന്ന് വർഷത്തെ ജയിൽവാസത്തിനുശേഷം മാവോവാദി നേതാവ് രൂപേഷ് അടുത്തിടെ മോചിതനായി. ജയിലിൽ ​െവച്ച് അധികൃതർ പ്രസിദ്ധീകരണം തടഞ്ഞ നോവൽ ‘ബന്ധിതരുടെ ഓർമക്കുറിപ്പുകള്‍’ പ്രകാശിതമായി. ആ പശ്ചാത്തലത്തിൽ രൂപേഷ് സംസാരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. സംഭാഷണത്തിന്റെ അവസാന ഭാഗം.

സാമ്രാജ്യത്വ വ്യവസ്ഥിതിയുടെ നവ ലിബറല്‍ ചൂഷണകാലത്ത് അർധ ജന്മിത്വവ്യവസ്ഥിതിപോലെയുള്ള മുപ്പതുകളിലെ, ചൈനയിലെ വിശകലനം അതേപടി പിന്തുടരുകയും അതിലൂടെ ലോകത്തിലുണ്ടായ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുകയും ചെയ്തതിന്‍റെ ഫലമല്ലേ മാവോയിസ്റ്റ് പ്രസ്ഥാനം ഇന്ന് നേരിടുന്ന പ്രതിസന്ധി. അതായത് വര്‍ത്തമാനകാല സാമൂഹിക പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതിലുള്ള വീഴ്ചയല്ലേ അടിസ്ഥാനപരമായി മാവോയിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ തിരിച്ചടി നേരിടുന്നതിന് കാരണം?

കുറെ വര്‍ഷങ്ങളായി മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സുപ്രധാന ചര്‍ച്ചയാണ് ഇന്ത്യയുടെ വര്‍ഗ വിശകലനം എന്നത്. തീര്‍ച്ചയായും ചോദ്യത്തില്‍ ഉന്നയിച്ച സാമ്രാജ്യത്വം, നവ ലിബറല്‍ തുടങ്ങിയ പരികല്‍പനകളിലൂടെതന്നെ അതിനെ പരിശോധിക്കേണ്ടതുണ്ട്. ഫിനാന്‍സ് മൂലധനത്തിന്‍റെ ജീര്‍ണ സ്വഭാവത്തെക്കുറിച്ച് ലെനിന്‍ വിശദീകരിച്ചത് ‘സാമ്രാജ്യത്വം മുതലാളിത്തത്തിന്‍റെ പരമോന്നത ഘട്ടം’ എന്നതിലൂടെയായിരുന്നു. വ്യവസായ മൂലധനവും ബാങ്ക് മൂലധനവും സംയോജിപ്പിച്ചായിരുന്നു ഫിനാന്‍സ് മൂലധനത്തെ ലെനിന്‍ വിശദീകരിച്ചത്. ഫിനാന്‍സ് മൂലധന കയറ്റുമതിയോടെ മുതലാളിത്ത വ്യവസ്ഥിതി കൂടുതല്‍ ജീർണാവസ്ഥയിലാകുകയും ദേശരാഷ്ട്രങ്ങളിലെ മൂലധന സഞ്ചയത്തിന് തീര്‍ത്തും വിഘാതമാകുകയുമുണ്ടായി.

കാലക്രമേണ വിഭവക്കൊള്ളയുടെയും വിപണിമത്സരത്തിന്‍റേതുമായ ഈ ഫിനാന്‍സ് മൂലധനത്തിന്‍റെ വളര്‍ച്ച അതിന്‍റെതന്നെ ഘടനയില്‍ വമ്പിച്ച മാറ്റംവരുത്തുന്നുണ്ട്. ചരക്ക് ഉല്‍പാദനത്തെ സംബന്ധിച്ച മുതലാളിത്തത്തിന്‍റെ അടിസ്ഥാനം എം.സി.എം (MCM) ആണ്. മുതലാളിത്ത മൂലധനം (അസംസ്കൃത വസ്തുക്കള്‍ + വിലക്കു വാങ്ങുന്ന അധ്വാനം) ചരക്ക് ഉല്‍പാദനം സാധ്യമാക്കുകയും ഇതിലൂടെ കൂടുതല്‍ മൂലധനം ( മിച്ചമൂല്യ സമാഹരണത്തിലൂടെ) നേടുക എന്നതില്‍നിന്ന് എം.എം (MM) എന്ന മൂലധനത്തെതന്നെ ചരക്കായി മാറ്റി കൂടുതല്‍ മൂലധന സമാഹരണമെന്ന അവസ്ഥയിലേക്കു മാറി.

ഇതോടെ, പൊടുന്നനെയുള്ള മൂലധനക്കൊള്ള ലക്ഷ്യമാക്കി ചരക്ക് ഉല്‍പാദനം അപ്രധാനമായി മാറുന്നു. ഇതിലൂടെ ഉപയോഗമൂല്യത്തില്‍നിന്ന് വിനിമയമൂല്യത്തെ വേര്‍പെടുത്തപ്പെടുന്ന ദാരുണ അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ഇത് ഊഹമൂലധനത്തിന്‍റെ വന്‍ വളര്‍ച്ചക്കു കാരണമായി. മൂലധനത്തിന്‍റെ യഥാർഥമൂല്യത്തിന്‍റെ നാലിരട്ടിയോളമെത്തുന്ന (അയഥാർഥ) ഊഹമൂലധന പെരുപ്പം കുമിളപോലുള്ള വളര്‍ച്ചക്കും വന്‍ സാമ്പത്തിക തകര്‍ച്ചകള്‍ക്കും വഴിയൊരുക്കി. വിവര സാങ്കേതികവിദ്യയുടെ വികാസം ഈ പ്രക്രിയയെ കൂടുതല്‍ തീവ്രമാക്കി.

സാങ്കേതികവിദ്യയുടെ വളര്‍ച്ച ഈ മാറ്റത്തിനെ എങ്ങനെയാണ് സ്വാധീനിച്ചത്?

സാങ്കേതികവിദ്യയുടെ ദ്രുത വികാസം വിദഗ്ധ തൊഴിലിനെ മനുഷ്യാധ്വാനത്തില്‍നിന്നും വേര്‍പെടുത്തി. ഇത് കമ്പ്യൂട്ടറൈസേഷനിലൂടെയും ഓട്ടോമേഷനിലൂടെയും നിർവഹിച്ചുകൊണ്ട് ഉൽപാദന മേഖലയില്‍നിന്ന് മനുഷ്യാധ്വാനത്തെ പുറംതള്ളി. അവിദഗ്ധമായ മനുഷ്യാധ്വാനത്തിന്‍റെ പരിമിതമായ ആവശ്യം ചരക്ക് ഉല്‍പാദനത്തെ മുതലാളിത്ത രാജ്യങ്ങളില്‍നിന്ന് കുറഞ്ഞ കൂലി ലഭിക്കുന്ന രാജ്യങ്ങളിലേക്ക് പുനഃസംഘടിപ്പിക്കുകയുണ്ടായി. ഇത് മുതലാളിത്ത രാജ്യങ്ങളിലെ ബ്ലൂ കോളര്‍ തൊഴില്‍ ഇല്ലാതാക്കുകയും അർധ കോളനി രാജ്യങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖല (SEZ) കളിയിലൂടെയും മറ്റ് അസംബ്ലിങ് യൂനിറ്റുകളിലൂടെയും സാമ്രാജ്യത്വ ആശ്രിത നയങ്ങളിലൂടെ ആഭ്യന്തര മൂലധന സഞ്ചയം സാധ്യമല്ലാതാകും വിധമായ അങ്ങേയറ്റം ഏങ്കോണിച്ച സമ്പദ് വ്യവസ്ഥ സൃഷ്ടിക്കപ്പെട്ടു.

ഈ പറയുന്ന അവ്യവസായവത്കരണം വ്യാപകമായി തൊഴിലില്ലായ്മയും തൊഴിലിന്‍റെ സ്ഥിരതയില്ലായ്മയും (under employment)സൃഷ്ടിക്കുകയുണ്ടായി. ഇത് സ്വാഭാവികമായും വാങ്ങല്‍ശേഷിയെ ബാധിക്കുകയും വിപണി ശോഷണത്തിലൂടെ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കപ്പെടുകയുമുണ്ടായി. ഇത് വിപണിയെ ബാധിക്കുന്നതിനെ മറികടക്കാനായി ആവിഷ്കരിക്കപ്പെട്ട എക്സ്റ്റന്‍റഡ് ​െക്രഡിറ്റ് സിസ്റ്റം (extended credit system) വിപണിയെ ഉത്തേജിപ്പിച്ചുവെങ്കിലും ക്രയശേഷിയെ വീണ്ടും വീണ്ടും തകര്‍ക്കുകയും വ്യക്തിപരമായിപോലും കടക്കെണി സൃഷ്ടിക്കുകയും ഇത് സ്റ്റാഗ്നേഷനും ഇന്‍ഫ്ലേഷനും ചേര്‍ന്നുള്ള സ്റ്റാഗ്ഫ്ലേഷന്‍ എന്ന അവസ്ഥ സൃഷ്ടിക്കുകയുമാണുണ്ടായത്.

മുതലാളിത്ത രാജ്യങ്ങളിലെ തൊഴില്‍നഷ്ടം വെള്ള തൊഴിലാളികളെ ബാധിക്കുകയും ഷോവനിസ്റ്റ് ശക്തികള്‍ക്ക് ഇത് അർധ കൊളോണിയല്‍ രാജ്യങ്ങളില്‍നിന്നുള്ള തൊഴില്‍ തേടിയുള്ള കുടിയേറ്റങ്ങള്‍ക്കെതിരെ തിരിച്ചുവിടുന്നതില്‍ വിജയിക്കുകയും ഇത് ട്രംപ് പോലുള്ള വംശീയ കോർപറേറ്റ് കോമാളികള്‍ക്ക് കടന്നുവരാനുള്ള സാഹചര്യമൊരുക്കുകയും ചെയ്തു.

വിവര സാങ്കേതികവിദ്യയുടെ ​ദ്രുതവളര്‍ച്ച സേവനമേഖലയുടെ ഭീമാകാരമായ വളര്‍ച്ചക്കു കാരണമാകുകയും വിപണി വിനിമയ ശൃംഖലകളെ ജനവിരുദ്ധമായി പുനർ വാര്‍ത്തെടുക്കുകയും ചെയ്തു. നവലിബറലിസം അതിതീവ്രമായ മൂലധനകേന്ദ്രീകരണത്തിലും, ഇതിലൂടെ തീവ്രമായ കുത്തകവത്കരണത്തിന്‍റേതും അപകടകരമായതും അക്രമാത്മകവുമായ സാഹചര്യത്തിലെത്തിയിരിക്കുന്നു. നമ്മള്‍ കരുതുന്നതുപോലെ സാങ്കേതികവിദ്യയുടെ അതിപ്രസരവും (താൽക്കാലിക) ഉപയോഗവും നമ്മുടെ മുന്നിലുണ്ടെങ്കിലും അത് യഥാർഥത്തില്‍ അത്ര വർണാഭമല്ല എന്നു പറയാനാണ് ഇത്രയും വിവരിച്ചത്. ഇത് ദേശരാഷ്ട്രങ്ങളിലെ വ്യവസായവത്കരണത്തെയും ആഭ്യന്തരമൂലധന സഞ്ചയത്തെയും കൂടുതല്‍ പ്രതികൂലമാക്കുക മാത്രമല്ല തടസ്സം സൃഷ്ടിക്കപ്പെടുകയുമാണ് ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ അർധ ഫ്യൂഡല്‍ എന്ന പരികൽപനയെ വിശദമായി പരിശോധിക്കേണ്ടതല്ലേ?

തീര്‍ച്ചയായും. ഇത് മുപ്പതുകളിലെ ചൈനയുടെ വര്‍ഗവിശകലനത്തിന്‍റെ ഭാഗമായി ചൈനീസ് സാമൂഹിക വ്യവസ്ഥയെ മാവോ വിശേഷിപ്പിച്ചത് തന്നെയാണ്. ഇതിനുമുമ്പ് കോമിന്‍റേണും ഈ പരികല്‍പന മുന്നോട്ടു​െവച്ചിരുന്നതാണ്. ഇതു പരിശോധിക്കാനായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഒരു ചെറിയ വിശകലനം ആവശ്യമാണ്. ഇന്നും ഏറ്റവും പുതിയ വിശകലനത്തില്‍ കാര്‍ഷിക മേഖലയുടെ പങ്ക് അമ്പതുകളില്‍ 51 ശതമാനമായിരുന്ന മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ പങ്ക് 2025-26ല്‍ 19 ശതമാനമായി കുറയുമ്പോള്‍ പോലും തൊഴില്‍ശേഷിയുടെ പകുതിയും കാര്‍ഷിക മേഖലയിലും അനുബന്ധ മേഖലയിലുമാണ് എന്നത് സുപ്രധാനമാണ്. സമ്പദ് വ്യവസ്ഥയിലും സാമൂഹിക സാഹചര്യത്തിലും കര്‍ഷക ജനതയുടെ നിര്‍ണായക പങ്ക് ഇതിലൂടെ വെളിവാക്കപ്പെടുന്നു. കൊളോണിയല്‍ മൂലധനത്തിന് സഹായകമായ വിധത്തിലുള്ള ബ്രിട്ടീഷ് കാഴ്ചപ്പാട് ആയിരുന്നു ഇന്ത്യയുടെ വികസനത്തിന്‍റെ അടിസ്ഥാനമായിരുന്ന ബോംബെ പ്ലാന്‍.

കാര്‍ഷിക മേഖലയുടെ യഥാർഥ വികാസം സാധ്യമാക്കുന്ന ഭൂപരിഷ്കരണം നടക്കുകയുണ്ടായില്ല എന്നത് ഒരു വസ്തുതയാണ്. കാര്‍ഷിക മേഖലയിലെ മുതലാളിത്തവത്കരണത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന ദരിദ്ര ഭൂരഹിത കര്‍ഷകരെ ഉള്‍ക്കൊള്ളുന്ന വിധമുള്ള ഒരു വ്യവസായ സാഹചര്യം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. മറിച്ച്, വന്‍കിട പദ്ധതികളിലൂടെ കുടിയൊഴിപ്പിക്കപ്പെട്ട ദശലക്ഷങ്ങള്‍ അടിഞ്ഞുകൂടുന്ന ചേരികളായി അപവ്യവസായവത്കരണത്തിന്‍റെ ദുഃഖപൂരിത മുഖമായി മാറുകയുണ്ടായി.

ഇത് ഹരിത വിപ്ലവം എന്ന പേരില്‍ അറിയപ്പെട്ട ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന എങ്കോണിച്ച കാര്‍ഷിക മേഖലയിലെ മുതലാളിത്ത മാറ്റങ്ങളാണ്. തുടര്‍ പതിറ്റാണ്ടുകളില്‍ അതിനുള്ളില്‍തന്നെയുള്ള ആഭ്യന്തര പ്രതിസന്ധികള്‍മൂലം ഇത് കര്‍ഷക ജനതയുടെ നിലനിൽപിനെ തന്നെ ഇല്ലായ്മചെയ്യുകയും തകര്‍ക്കുകയും ചെയ്തു. ഒപ്പം, കാര്‍ഷിക മേഖലയിലെ മൂലധനത്തിന്‍റെ പുനര്‍നിക്ഷേപത്തിന് തടസ്സമാവുകയും കാര്‍ഷിക മേഖലയിലെ മുതലാളിത്തവത്കരണം രൂപഭാവത്തില്‍നിന്ന് വിട്ട് ആന്തരികവത്കരിക്കപ്പെടാതിരിക്കുകയുമാണ് ഉണ്ടായത്. വിപണിക്കായുള്ള കാര്‍ഷികോൽപാദനത്തിലും സാര്‍വദേശീയ ആഭ്യന്തര പ്രതിസന്ധികളുടെ ഭാഗമായ തുടര്‍ച്ചയായ തകര്‍ച്ചകളിലൂടെ അസ്ഥിരത നിലനില്‍ക്കുകയും ഉല്‍പാദന ശക്തികളെ ദുര്‍ബലമാക്കുകയുമാണുണ്ടായത്. ഇതുതന്നെയാണ് തോട്ട-നാണ്യവിളകളിലും സംഭവിച്ചത്.

കാര്‍ഷികോൽപന്നങ്ങളുടെ വിതരണ വിനിമയ സംവിധാനത്തിനുള്ള കുത്തകവത്കരണനയത്തിന്‍റെ ഭാഗമായി അമിതോല്‍പാദനം സംഭവിക്കുമ്പോഴും കര്‍ഷക ആത്മഹത്യകള്‍ സാധാരണമാകുന്ന സാഹചര്യമാണുള്ളത്. ഇതെല്ലാംതന്നെ കാര്‍ഷിക മേഖലയിലെ മുതലാളിത്തവത്കരണത്തെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്.

ഇന്ത്യന്‍ ജന്മിത്തവ്യവസ്ഥിതിയുടെ പ്രത്യയശാസ്ത്ര അടിത്തറയായ ബ്രാഹ്മണിസം സമ്പത്തിന്‍റെ പുനര്‍വിതരണത്തിന് തടസ്സമാകുന്ന സാമൂഹിക സാംസ്കാരിക അടിത്തറയായി പ്രവര്‍ത്തിക്കുകയും, ഭൂരിപക്ഷം വരുന്ന ദരിദ്ര ഇടത്തരം കര്‍ഷകരെ കാര്‍ഷിക മേഖലയില്‍നിന്ന് പുറന്തള്ളുകയും കുടിയേറ്റത്തിലേക്കു തള്ളിവിടുകയും ചെയ്യുന്നു. ഈ നയങ്ങള്‍ സമ്പന്ന കര്‍ഷകരെ വരെ കട​െക്കണിയിലാക്കുകയും അവരുടെ പരിമിതമായ വിപണികള്‍ വരെ കോര്‍പറേറ്റുകള്‍ കവരുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്നു. ഈ വിധത്തില്‍ ഉല്‍പാദനശക്തികളുടെ നിരന്തരമായ നശീകരണം കാര്‍ഷിക മേഖലയുടെ നിരന്തര തകര്‍ച്ചക്കും മൂലധന സഞ്ചയത്തിനും എതിരാകുന്നു. ഇത് അർധ ഫ്യൂഡല്‍ അവസ്ഥയെ ഒരു പരിധിവരെ നിലനിര്‍ത്തി സംരക്ഷിക്കുന്നു.

കാര്‍ഷിക മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുന്ന ദരിദ്ര ഭൂരഹിത കര്‍ഷകരെ എവിടെയാണ് ഉള്‍ക്കൊള്ളുന്നത് എന്നത് ഒരു പ്രധാനപ്പെട്ട പ്രശ്നമല്ലേ?

അത് ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്. വ്യവസായ മേഖലയുടെ മൊത്തം തൊഴില്‍ശേഷി 25 ശതമാനത്തില്‍ താഴെയാണ്. ഇതില്‍ ഒന്നാം സ്ഥാനത്ത് കെട്ടിട നിർമാണമേഖലയാണ്. ഏതെങ്കിലും തരത്തിലുള്ള സാമൂഹികസുരക്ഷാ സംവിധാനങ്ങളോ തൊഴില്‍ നിയമബാധ്യതകളോ തൊഴില്‍സ്ഥിരതതയോ ഇവിടെയില്ല. മാത്രമല്ല കെട്ടിട നിർമാണ മേഖല അടിസ്ഥാനപരമായി ഊഹമൂലധനത്തെ ആശ്രയിച്ചിരിക്കുന്നു എന്നതിനാല്‍ ഈ മേഖലയിലുള്ള അനിശ്ചിതത്വം ഇതുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്നവരെ അസ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ചരക്കുൽപാദന മേഖലയില്‍ മേലെ വിശദീകരിച്ചതുപോലെ അവിദഗ്ധ തൊഴിലാളികള്‍ മാത്രം ആവശ്യപ്പെടുന്നവിധം പുനഃസംഘടിപ്പിക്കപ്പെട്ടിരിക്കുന്നു.

പ്രത്യേക സാമ്പത്തിക മേഖലകളിലോ പ്രത്യേക വ്യവസായ മേഖലകളിലോ ആയി കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള കോർപറേറ്റ് അധിഷ്ഠിതമായ തൊഴില്‍മേഖല ഏറക്കുറെ കരാര്‍വ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലാണ്. ഇതും തൊഴിലിന്‍റെ അസ്ഥിരതയാണ് കാണിക്കുന്നത്. ഈ വിധത്തില്‍ വ്യവസായ മേഖലയിലെ തൊഴില്‍ എന്നത് അസ്ഥിരമായ തൊഴിലായി മാറുന്നതോടെ ഇന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍നിന്ന് പുറന്തള്ളപ്പെടുന്ന തൊഴില്‍ശക്തിയെ ശരിയായരീതിയില്‍ ഉള്‍ക്കൊള്ളാവുന്ന ഒരുവിധ സാഹചര്യവും നിലനില്‍ക്കുന്നില്ല എന്ന് മാത്രമല്ല, കാര്‍ഷിക മേഖലയെയും നിർമാണ മേഖലയെയും അസ്ഥിരപ്പെടുത്തുന്നുകൂടിയുണ്ട് എന്ന് മനസ്സിലാക്കണം. ഇത് ഒട്ടുമൊത്തത്തില്‍ ഉല്‍പാദന ശക്തികളുടെ വികാസത്തിനും ഉല്‍പാദനബന്ധങ്ങളുടെ വികാസത്തിനും ഗുണകരമാകുന്നില്ല എന്നത് തിരിച്ചറിയുമ്പോഴാണ് നിലവിലുള്ള അർധജന്മിത്ത വ്യവസ്ഥിതി പോറലേല്‍ക്കാതെ നിലനില്‍ക്കുന്നു എന്ന് മനസ്സിലാക്കാനാവുക.

ഇന്ത്യയിലെ മുതലാളിത്ത മൂലധനത്തിന്‍റെ സ്വഭാവത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നത് എങ്ങനെയായിരിക്കും. അത് സങ്കീര്‍ണത നിറഞ്ഞതാണോ?

മനസ്സിലാക്കുക എന്നത് സുപ്രധാന വസ്തുതയാണ്. ഇക്കാര്യത്തില്‍ സുനിതകുമാര്‍ ഘോഷിന്‍റെ പഠനങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. ബ്രിട്ടീഷ് കൊളോണിയല്‍ മൂലധനത്തിന് ആശ്രിതവേല ചെയ്തിരുന്ന ടാറ്റയും ബിര്‍ളയും അടക്കമുള്ള കുത്തകകളെ സുനിതകുമാര്‍ വരച്ചുകാണിക്കുന്നുണ്ട്. ആ വിധത്തില്‍ ഇന്ത്യയുടെ വന്‍കിട മുതലാളി വര്‍ഗത്തിന്‍റെ സ്വഭാവം ദല്ലാള്‍ സ്വഭാവം ആയിരുന്നു എന്നത് ഒരു വസ്തുതയാണ്. ലോകത്തിലെ ധനികരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ള അംബാനിയും അദാനിയും ടാറ്റയുമെല്ലാം ഉള്ളപ്പോള്‍ എങ്ങനെയാണ് ഇവര്‍ ദല്ലാളാകുന്നത് എന്നത് ഒരു സ്വാഭാവിക ചോദ്യമാണ്. നമുക്കറിയാം മുമ്പേതന്നെ സാങ്കേതികവിദ്യയുടെയും ഡിസൈനിന്‍റെയും സാമ്രാജ്യത്വ ആശ്രിതത്വത്തിലൂടെ സ്വകാര്യമേഖല നിലനിന്നപ്പോള്‍ സോവിയറ്റ് സോഷ്യല്‍ സാമ്രാജ്യത്വമടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള മൂലധന നിക്ഷേപത്തിന്‍റെ ഭാഗമായാണ് പൊതുമേഖല എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥ മുതലാളിത്തം നിലനിന്നത്.

നവ ലിബറല്‍ കാലത്ത് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സാധ്യമാവുകയും ഇതിലൂടെ ഇന്ത്യന്‍ വ്യവസായം കയറ്റുമതിയില്‍ അധിഷ്ഠിതമായ ഒന്നായി മാറുകയും ചെയ്തു. ഇതിന് താങ്ങായി നില്‍ക്കുകയാണ് ഇന്ത്യന്‍ വന്‍കിട മുതലാളിത്തം ചെയ്തത്. ഇത്തരത്തില്‍ സ്വതന്ത്രമായ ഒരു മുതലാളിത്ത വികാസം സാധ്യമല്ലാതാവുകയും കൂടുതല്‍ ആശ്രിതമായ ദല്ലാള്‍ സ്വഭാവം കാണിക്കുകയും ചെയ്തു. ഇന്ത്യന്‍ കുത്തകകളുടെ ഒരു സ്ഥിതിവിവര കണക്ക് പരിശോധിച്ചാല്‍ ടാറ്റയുടെ കമ്പനികളിലെ ഔദ്യോഗിക കണക്ക് പ്രകാരമുള്ള വിദേശനിക്ഷേപം 15 മുതല്‍ 30 ശതമാനം വരെയാണ്. അംബാനിയുടേത് 20 ശതമാനവും അദാനിയുടേത് 27 ശതമാനവുമാണ്. ഇത് രേഖകളിലുള്ള കണക്കുകളാണ്. ഇതുകൂടാതെയുള്ള സാങ്കേതികവിദ്യ സഹകരണങ്ങളും പ്രത്യക്ഷമല്ലാത്ത കണക്കുകളും പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ കുത്തകകളെന്ന് പറയുന്നവക്ക് എത്രമാത്രം ഇന്ത്യത്തം ഉ​െണ്ടന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

ഇതുമാത്രമല്ല ഇന്ത്യയുടെ കാര്‍ഷിക വികാസത്തിന്‍റെ തടസ്സത്തിന് മുഖ്യകാരണവും ഇന്ത്യയുടെ മൂലധന സഞ്ചയത്തിന്‍റെ മുഖ്യതടസ്സവും ഈ ദല്ലാള്‍ മുതലാളിവര്‍ഗമാണ് എന്നുകാണാം. ആ അർഥത്തില്‍ ഫിലിപ്പീന്‍സ് മാവോയിസ്റ്റ് നേതാവ് ജോസ് മരിയ സിസന്‍ വിശദീകരിച്ചതുപോലെ ഇന്ത്യയിലെ അർധജന്മിത്വ വ്യവസ്ഥിതി മാറുന്നതിന് മുഖ്യതടസ്സങ്ങളില്‍ ഒന്ന് ഇന്ത്യയുടെ ദല്ലാള്‍ മുതലാളി വര്‍ഗമാണെന്ന് മനസ്സിലാക്കണം. ഇതാണ് ഇന്ത്യന്‍ യാഥാർഥ്യം.

 

ജയിൽമോചിതനായ ശേഷം രൂപേഷ് മാധ്യമങ്ങളുമായി സംസാരിക്കുന്നു

ഇന്ത്യയില്‍ അടിസ്ഥാനപരമായി പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ എന്തൊക്കെയാണ്. മാവോയിസ്റ്റുകളുടെ കാഴ്ചപ്പാട് വിശദീകരിക്കുമോ?

കാര്‍ഷിക വിപ്ലവത്തിന്റെയും ഇതിനുവേണ്ടിയുള്ള വിപ്ലവകരമായ ഭൂപരിഷ്കരണത്തിന്‍റെയും സ്വാശ്രിതത്വത്തിന്‍റെയും ജാതി നശീകരണത്തിന്‍റെയും ഭക്ഷ്യസ്വയം പര്യാപ്തതയുടെയും അടിസ്ഥാന വ്യവസായ മേഖലയുടെ വികാസത്തിന്‍റെയും പ്രശ്നം അപരിഹാര്യമായി നിലനില്‍ക്കുന്നു എന്നതാണ് മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്നത്. നമ്മള്‍ മുന്നില്‍ കാണുന്ന ഈ സാമ്രാജ്യത്വ നവ ലിബറല്‍ വികസനത്തിന്‍റെ ഒരു ഉദാഹരണമാണ് ഈ വര്‍ഷം 2026ല്‍ മാത്രം എഫ്.പി.ഐ (Foreign Portfolio Investmentഎന്ന പേരിലുള്ള ഊഹമൂലധന കൊള്ളയിലൂടെ ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയത് ഒരു ലക്ഷത്തി പതിനെണ്ണായിരം കോടി രൂപയാണ്. ഇത് മനസ്സിലാക്കുമ്പോഴാണ് ഈ വികസനം ഉല്‍പാദനശക്തികളെയും ഉൽപാദനബന്ധങ്ങളെയും ഏത് വിധത്തിലാണ് തകര്‍ക്കുന്നത് എന്ന് മനസ്സിലാക്കുക.

അടിസ്ഥാനപരമായി ഫിനാന്‍സ് മൂലധനത്തിന്‍റെ ഈ ജീര്‍ണസ്വഭാവം സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും ഉദാഹരണത്തിന് ജാതിപോലുള്ള വ്യവസ്ഥകളെ നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യയെ പിന്നാക്കമായി നിലനിര്‍ത്തുന്നു. അതുകൊണ്ടാണ് തൊഴിലാളി വര്‍ഗത്തിന്‍റെ നേതൃത്വത്തില്‍ കര്‍ഷക ജനതയും മധ്യവര്‍ഗവും ദേശീയ മുതലാളിവര്‍ഗവും ചേര്‍ന്നുകൊണ്ടുള്ള പുത്തന്‍ ജനാധിപത്യ വിപ്ലവം ഇവിടെ പ്രസക്തമാകുന്നത്. മുതലാളിത്തവത്കരണം സംഭവിച്ച ഒരു രാജ്യത്ത് നടക്കേണ്ടുന്ന സോഷ്യലിസ്റ്റ് വിപ്ലവം സി.പി.ഐ-സി.പി.എം പോലും പറയുന്നില്ല എന്നത് ഒരു വസ്തുതയാണ്.

അങ്ങേയറ്റം തിരുത്തല്‍വാദപരമായ ആശയശാസ്ത്ര കാഴ്ചപ്പാടാണ് അവര്‍ പുലര്‍ത്തുന്നത്. എങ്കിലും ഒരു വസ്തുത എന്നുള്ളനിലയില്‍ കാര്‍ഷിക വിപ്ലവത്തിന്‍റെയും പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്‍റെയും ആവശ്യത്തെ നിരാകരിക്കാനാകില്ല എന്നാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്. ഇതാണ് ഇന്ത്യയിലെ അർധ ഫ്യൂഡല്‍, അര്‍ധ കൊളോണിയില്‍ എന്ന് പരികൽപന നടത്തുന്നതിന് അടിസ്ഥാനമാകുന്നത്.

ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി മുഖ്യ പ്രശ്നമല്ലേ. അതിനെ അഡ്രസ് ചെയ്യാതെ മാവോവാദികള്‍ക്ക് എങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്?

ഇവിടെ സെമി ഫ്യൂഡല്‍, സെമി കൊളോണിയല്‍ എന്നതുമായി ബന്ധപ്പെട്ടുള്ള മനസ്സിലാക്കലിന്‍റെ പ്രശ്നംകൂടിയുണ്ട്. ലളിതയുക്തിയില്‍ അത് പകുതി ജന്മിത്വവും പകുതി കൊളോണിയലും ആയ ഒന്നായിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. ചരിത്രപരമായി പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് മൂലധനം നിക്ഷേപിക്കപ്പെടുകയും പരിമിതമായ ചരക്കുല്‍പാദനം സാധ്യമാവുകയും ചെയ്യുന്നതിന് മുമ്പുള്ള കാലയളവ് ഏറക്കുറെ പ്ലാസിയുദ്ധത്തിനു മുമ്പുള്ള, 1857ന് മുമ്പുള്ള കാലയളവിലെ വ്യവസ്ഥിതി പൂർണമായും ജന്മിത്വമായാണ് മനസ്സിലാക്കുന്നത്.

മറിച്ച് ബ്രിട്ടീഷ് മൂലധനം പരിമിതമായ വ്യവസായങ്ങള്‍ ആരംഭിക്കുന്നതോടുകൂടി നിലവിലുള്ള ഫ്യൂഡല്‍ വ്യവസ്ഥക്കുള്ളില്‍ മുതലാളിത്ത പരിഷ്കരണങ്ങള്‍ ആരംഭിക്കുകയുണ്ടായി. ഇതോടെ, ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥ കൊളോണിയല്‍ ഭരണത്തില്‍ കീഴിലാവുകയും അതോടൊപ്പംതന്നെ ഫ്യൂഡല്‍ വ്യവസ്ഥ അർധ ഫ്യൂഡല്‍ വ്യവസ്ഥയാവുകയുമാണ് ഉണ്ടായത്. ഫ്യൂഡലിസത്തില്‍നിന്ന് അർധ ഫ്യൂഡലിസത്തിലേക്കുള്ള മാറ്റം ഫ്യൂഡലിസത്തില്‍ വരുത്തിയ മുതലാളിത്ത പരിഷ്കാരങ്ങളാണെന്ന് തിരിച്ചറിയുമ്പോഴാണ് ഈ മുതലാളിത്ത പരിഷ്കാരങ്ങളുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് നമുക്ക് പരിശോധിക്കേണ്ടിവരുന്നത്.

നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കപ്പെട്ടതിനുശേഷം ഈ അർധ ഫ്യൂഡല്‍ വ്യവസ്ഥിതി നിലനില്‍ക്കുകയും തുടര്‍ന്ന് കൊളോണിയല്‍ അധികാരം വിവിധ സാമ്രാജ്യത്വങ്ങളുടെ ചൂഷണത്തിന്‍റെയും നിയന്ത്രണത്തിന്‍റെയും കീഴിലുള്ള അർധ കൊളോണിയില്‍ ചൂഷണ സമ്പ്രദായമായി മാറുകയുമാണ് ഉണ്ടായത്. ഈ സാമൂഹിക സാമ്പത്തിക സാഹചര്യത്തിന് ഗുണപരമായ ഒരു മാറ്റം കഴിഞ്ഞ 75 വര്‍ഷത്തിനുള്ളില്‍ സംഭവിച്ചതായി കണക്കാക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത.

ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നു പറയാന്‍ കഴിയുമോ. അത് വസ്തുതകള്‍ക്ക് നേരെയുള്ള കണ്ണടക്കലല്ലേ?

മാറ്റമില്ല എന്നല്ല പലവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്‍റെ ഭാഗമായിട്ടുള്ള ഏങ്കോണിച്ച വികസനം കാര്‍ഷിക മേഖലയില്‍ അടക്കം ഏങ്കോണിച്ച മുതലാളിത്തവത്കരണം, നേരത്തേ പറഞ്ഞ ഹരിത വിപ്ലവം അടക്കമുള്ളവ ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ ഇതൊന്നുംതന്നെ മുതലാളിത്ത രീതിയിലുള്ള മൂലധന സഞ്ചയത്തിന് കാരണമായിട്ടില്ല എന്ന് മാത്രമല്ല മുകളില്‍ വിശദീകരിച്ച സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇന്ത്യയിലെ പിന്നാക്കാവസ്ഥയെ നിലനിര്‍ത്തുകയാണ് ഉണ്ടായത്.

അതുകൊണ്ടുതന്നെ കാര്‍ഷിക വിപ്ലവം ഉള്ളടങ്ങിയിട്ടുള്ള ദേശീയ ബൂര്‍ഷ്വാസി അടക്കം ഉള്‍ക്കൊള്ളുന്ന കര്‍ഷകരുടെയും പെറ്റിബൂര്‍ഷ്വാസിയുടെയും ദേശീയബൂര്‍ഷ്വാസിയുടെയും അടക്കം ഐക്യമുന്നണിയിലൂടെ തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ നടക്കേണ്ടുന്ന ഒരു പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന് മാത്രമേ ഈ നിലവിലുള്ള അർധ കൊളോണിയല്‍, അർധ ഫ്യൂഡല്‍ വ്യവസ്ഥിതിക്ക് പകരമായി നവജനാധിപത്യ വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂ. ഈ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലുള്ള സമഗ്രവും സവിശേഷവുമായ വിപ്ലവ പദ്ധതി മുന്നോട്ടു​വെക്കപ്പെടുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഇന്ത്യന്‍ സാഹചര്യത്തില്‍ ശ്രേണീകൃതമായ ജാതിവ്യവസ്ഥയെ നോക്കിക്കാണുന്നത് എങ്ങനെയാണ് എന്നത് പ്രധാനമാണ്. ജാതിയെ അഡ്രസ് ചെയ്തേ പറ്റൂ. അല്ലാതെ ഒരു പ്രസ്ഥാനത്തിനും ഇന്ത്യയില്‍ മുന്നോട്ടുപോകാന്‍ സാധിക്കില്ല.

 

രൂപേഷും ഭാര്യ പി.എ. ഷൈനയും –ആദ്യകാല ചിത്രം

ഇന്ത്യൻ സാഹചര്യത്തിൽ ജാതിയെ എങ്ങനെയാണ് നോക്കിക്കാണുന്നത്. ജാതിയെ അഡ്രസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അംബേദ്കറെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?

വിവിധ വർഗങ്ങളെയും സാമൂഹിക സാഹചര്യങ്ങളെയും സൂക്ഷ്മമായി വിശകലനംചെയ്തുകൊണ്ടേ സാമൂഹിക മാറ്റത്തിനുള്ള സമൂർത്ത പദ്ധതി ആവിഷ്കരിക്കാൻ സാധിക്കുകയുള്ളൂ. ഈ അർഥത്തിൽ ഇന്ത്യയിലെ ഒരു സവിശേഷപ്രശ്നം എന്ന നിലയിൽ ജാതിയെ കണക്കാക്കാൻ കഴിയും. മുൻകാലങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ജാതിപ്രശ്നം എന്നത് ഒരു ഉപരിഘടനയിലെ ഒരു പ്രശ്നം എന്നുള്ള നിലയിലാണ് കണക്കാക്കിയിരുന്നത്. ഇന്ത്യയിലെ മറ്റു മതങ്ങളിലേക്ക് ചേക്കേറിയത് അടക്കമുള്ള 20 ശതമാനം ദലിത് ജനവിഭാഗങ്ങളും ഒരു പരിധിയോളം പിന്നാക്ക വിഭാഗങ്ങളും ആദിവാസി ജനതയും അടക്കമുള്ള വലിയൊരു ജനസംഖ്യ അതിരൂക്ഷമായ ജാതി ചൂഷണത്തിന്റെ നുകത്തിനു കീഴിലാണ്.

ജാതി നിലനിൽക്കുന്നത് ബ്രാഹ്മണിക്കൽ ആശയശാസ്ത്ര അടിത്തറയിലാണ്. ഒരു ആശയശാസ്ത്രം എന്ന നിലയിൽ ഇത് മേലെനിന്ന് താഴെവരേക്കും സ്വാംശീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊണ്ടുതന്നെ ശുദ്ധി, അശുദ്ധി തുടങ്ങിയ പരികൽപനകൾ താഴെത്തട്ടുവരേക്കും സ്ഥാനംപിടിച്ചിട്ടുണ്ട്. വർണവ്യവസ്ഥ ഏറക്കുറെ പൂർണമായും വർഗവിഭജനംതന്നെയായിരുന്നു. ദലിത് വിഭാഗങ്ങൾ ഈ വർണവ്യവസ്ഥിതിക്ക് പുറത്തായിരുന്നു. ബുദ്ധ-ജൈന ശ്രമണ ദർശനങ്ങൾ വൈദിക ബ്രാഹ്മണിസത്തെ പിറകോട്ട് അടിപ്പിച്ചുവെങ്കിലും പിന്നീട് ബുദ്ധ-ജൈന ആശയങ്ങളെ സ്വാംശീകരിച്ചുകൊണ്ട് ബ്രാഹ്മണിസം ഹിംസാത്മകമായിതന്നെ ഇതിനെ അതിജീവിക്കുന്നത് ചരിത്രത്തിൽ നമ്മൾ കണ്ടതാണ്.

ജാതിവ്യവസ്ഥ രൂപപ്പെടുമ്പോൾതന്നെ പിന്നീട് അതിനുള്ളിൽ പരിമിതമായ തോതിലെങ്കിലും വർഗവിഭജനം സംഭവിക്കുന്നുണ്ട്. സാമൂഹിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കൈവേലക്കാരുടെ പ്രാധാന്യം ഇതുമായി ബന്ധപ്പെട്ട ജാതികൾക്ക് പ്രാമുഖ്യം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഗിൽഡുകളുടേതായ ഈ കാലഘട്ടത്തിൽ ഈ സാമൂഹിക ഉണർവ് ഭക്തിപ്രസ്ഥാനത്തിന് കാരണമായിട്ടുണ്ട്. ബസവണ്ണയുടെയും കബീറിന്റെയും രവിദാസിന്റെയും തുക്കാ റാമിന്റെയും എല്ലാംതന്നെ സ്വാധീനം ഉപസമൂഹങ്ങൾ സൃഷ്ടിക്കുകയുണ്ടായി എങ്കിലും ബ്രാഹ്മണ്യ വ്യവസ്ഥിതിയെ നേരിടുന്നതിന് അവക്ക് കഴിയുകയുണ്ടായില്ല.

ജന്മിത്വത്തിന്റെ ആശയശാസ്ത്രപരമായ അടിത്തറ ബ്രാഹ്മണിസമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജന്മിത്വവ്യവസ്ഥിതിയുടെ സവിശേഷത ജാതിജന്മിത്വം എന്നതുമായി ബന്ധപ്പെട്ടാണ്. ആനന്ദ് തെൽതുംബ്‌ഡെയുടെ അഭിപ്രായത്തിൽ താരതമ്യേന അയഞ്ഞ ഒരു ജാതി വ്യവസ്ഥയെ ദൃഢപ്പെടുത്തുന്നതിൽ ബ്രിട്ടീഷ് കൊളോണിയലിസത്തിന് മുഖ്യ സ്ഥാനമുണ്ട്.

19ാം നൂറ്റാണ്ടിന്റെ പകുതിയിൽ ഇന്ത്യയിലെ സവർണ നാടുവാഴിത്തവുമായി ബ്രിട്ടീഷുകാർക്കുണ്ടായ താൽക്കാലിക വൈരുധ്യവുമായി ബന്ധപ്പെട്ട് ദലിത് ജനവിഭാഗങ്ങൾക്ക് താഴെത്തട്ടിലുള്ള തൊഴിൽ പങ്കാളിത്തം നൽകിയിരുന്നെങ്കിലും പിന്നീട് അത് ഇല്ലാതാവുകയും മേലാള വിഭാഗങ്ങൾ സ്ഥാനംപിടിക്കുകയുമാണുണ്ടായത്. ബ്രിട്ടീഷുകാർ ജന്മിത്ത വ്യവസ്ഥയെ കൊളോണിയൽ ഭരണത്തിനനുസൃതമായി പുനഃസംഘടിപ്പിക്കുന്നത് ജാതിയുടെ അടിസ്ഥാനത്തിൽകൂടിയാണ്.

ദേശീയ പ്രസ്ഥാനത്തിന് ജാതി നശീകരണവുമായി ബന്ധപ്പെട്ട് നിലപാട് ഉണ്ടായില്ല എന്നുമാത്രമല്ല ബ്രാഹ്മണിക്കൽ ജാതി ഘടനയുടെ സംരക്ഷകരായി മാറുകയാണ് ഉണ്ടായത്. ഇത് സ്വാഭാവികമായും ദേശീയപ്രസ്ഥാനത്തിൽനിന്ന് ദലിത് ജനവിഭാഗങ്ങളെ അകറ്റുകയാണുണ്ടായത്. ജാതിയെ ഇന്ത്യൻ ജനതയെ വിഭജിക്കുന്നതിനുള്ള മറ്റൊരായുധമായി ബ്രിട്ടീഷുകാർ ഉപയോഗപ്പെടുത്തിയിരുന്നു. അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന ജാതിവിരുദ്ധ പ്രക്ഷോഭങ്ങളെ ശരിയായരൂപത്തിൽ വിശകലനം ചെയ്യാനും വിലയിരുത്തുന്നതിലും കമ്യൂണിസ്റ്റുകൾക്കുണ്ടായ പാകപ്പിഴ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലിയ പോരായ്മയാണ്.

ബിഹാറിലും ഝാർഖണ്ഡിലും ആന്ധ്രയിലും മധ്യപ്രദേശിലുമൊക്കെ സവർണസേനകളെയും ജാതി ജന്മിത്വത്തെയും ഒക്കെ നിർവീര്യമാക്കാനും ബദലായ ജനാധിപത്യ അധികാര സംവിധാനങ്ങളുടെ ബീജരൂപങ്ങൾക്ക് വഴിയൊരുക്കാനും മാവോയിസ്റ്റ് പ്രസ്ഥാനത്തിന് ആയിട്ടുണ്ടെങ്കിലും തീവ്രമായി അടിച്ചമർത്തലിന്റെ പശ്ചാത്തലത്തിൽ ഈ ജനാധിപത്യ അധികാരരൂപങ്ങൾ നിശ്ചലമാവുകയുണ്ടായി. ഇവയെ വിശകലനം ചെയ്യുകയും പരിശോധിക്കുകയും കുറവുകൾ നികത്തുകയും ചെയ്യുക എന്നത് പരമപ്രധാനമാണ്. ജാതി നശീകരണം അല്ലാതെ ജാതിയെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കുക അസാധ്യമാണ്.

ദലിത് ജനതക്ക് ഉണ്ടാകേണ്ടുന്ന ഉണർവും സ്വയംപര്യാപ്തതയും മറ്റു കീഴാളവിഭാഗങ്ങളോടും വർഗങ്ങളോടും ഐക്യപ്പെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളും തൊഴിലാളിവർഗ നേതൃത്വത്തിലുള്ള പുത്തൻ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാനുള്ള സവിശേഷ പരിസരമാണ് എന്ന തിരിച്ചറിവ് ഉണ്ടായിരിക്കേണ്ടതാണ്. ജാതി എന്നത് ഇന്ത്യയിലെ പുത്തൻ ജനാധിപത്യ വിപ്ലവത്തിന്റെ സവിശേഷ പ്രശ്നമാണ്. ജാതിനശീകരന്ന പരിപാടി വിപ്ലവാനന്തരമായി മാറ്റിവെക്കേണ്ട ഒന്നല്ല, മറിച്ച് വിപ്ലവ പരിപാടിയിൽതന്നെ ഇടംപിടിക്കേണ്ട പ്രധാന അജണ്ടതന്നെയാണ്.

(അവസാനിച്ചു)

Tags:    
News Summary - Only New Democratic Revolution Can Liberate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.