സമരജാഥയും മുറുമുറുപ്പുകളും

അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ മുൻകൈയിൽ നടന്ന ആദിവാസി ഭൂസമര പ്രചാരണത്തെക്കുറിച്ച് ഈ ലക്കവും എഴുതുന്നു. ആദിവാസി ഭൂ സമര പ്രചാരണജാഥ എങ്ങനെയാണ് കേരളത്തിലൂടെ നീങ്ങിയത്? ആദിവാസി ഭൂസമര ജാഥയുമായി സഹകരിച്ച സി.എസ്​.ഐ ഈസ്റ്റ് കേരള ഡയോസിസിലെ യുവാക്കളുടെ ഒരു സംഘമായിരുന്നു മീനച്ചിൽ താലൂക്കിലെ മേലുകാവിൽ പ്രവർത്തിച്ചിരുന്ന ആദിവാസി ദലിത് പഠനകേന്ദ്രമായ ഡന്റൊർഡ്. മലയരയ ക്രിസ്​ത്യൻ വിഭാഗത്തിൽപെട്ട ജോസ്​ പീറ്ററും ടി.ജെ. ബിജോയുമെല്ലാം ഇതിന്റെ പ്രവർത്തകരായിരുന്നു. മേലുകാവ് കോളജിലെ അധ്യാപകനായിരുന്ന റവ. പി.വി. ജോസഫിന്റെ ബൗദ്ധികസാന്നിധ്യം ഇതിനുണ്ടായിരുന്നു. തൊടുപുഴ താലൂക്കിൽ കണ്ടതുപോലെ...

അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ മുൻകൈയിൽ നടന്ന ആദിവാസി ഭൂസമര പ്രചാരണത്തെക്കുറിച്ച് ഈ ലക്കവും എഴുതുന്നു. ആദിവാസി ഭൂ സമര പ്രചാരണജാഥ എങ്ങനെയാണ് കേരളത്തിലൂടെ നീങ്ങിയത്?

ആദിവാസി ഭൂസമര ജാഥയുമായി സഹകരിച്ച സി.എസ്​.ഐ ഈസ്റ്റ് കേരള ഡയോസിസിലെ യുവാക്കളുടെ ഒരു സംഘമായിരുന്നു മീനച്ചിൽ താലൂക്കിലെ മേലുകാവിൽ പ്രവർത്തിച്ചിരുന്ന ആദിവാസി ദലിത് പഠനകേന്ദ്രമായ ഡന്റൊർഡ്. മലയരയ ക്രിസ്​ത്യൻ വിഭാഗത്തിൽപെട്ട ജോസ്​ പീറ്ററും ടി.ജെ. ബിജോയുമെല്ലാം ഇതിന്റെ പ്രവർത്തകരായിരുന്നു. മേലുകാവ് കോളജിലെ അധ്യാപകനായിരുന്ന റവ. പി.വി. ജോസഫിന്റെ ബൗദ്ധികസാന്നിധ്യം ഇതിനുണ്ടായിരുന്നു. തൊടുപുഴ താലൂക്കിൽ കണ്ടതുപോലെ കാഞ്ഞിരപ്പള്ളി താലൂക്കിലും മലയരയ മഹാസഭാ പ്രവർത്തകർ ജാഥയോടൊപ്പം വാഹനങ്ങളിൽ അനുഗമിക്കുകയും പലയിടത്തും സ്വീകരണയോഗങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. സഭയുടെ ആസ്​ഥാനമായ പുഞ്ചവയലിൽ സമാപനയോഗവും ഒരുക്കി.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ വിമോചന ദൈവശാസ്​ത്രത്തിന്റെ വക്താവായിരുന്ന അന്തരിച്ച ഫാ. എം.ടി. ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമാപനയോഗം വ്യത്യസ്​തമായൊരനുഭവമായിരുന്നു. ‘സലിം കുമാറിന്റെ നേതൃത്വത്തിൽ സി.കെ. ജാനു നയിക്കുന്ന ജാഥ’യെന്നു പറഞ്ഞുകൊണ്ട് ജാഥയെ അഭിസംബോധന ചെയ്ത അദ്ദേഹത്തിന്റേത് നിസ്വരോടൊപ്പമുള്ള ൈക്രസ്​തവ ജീവിതത്തിലെ നീതിയുടെ സ്വരമായിരുന്നു. ആദിവാസി ഭൂനിയമത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ൈക്രസ്​തവ പൗരോഹിത്യത്തിനുള്ളിലെ വിമതസ്വരമായിരുന്നു ഇത്. വിമോചന ദൈവശാസ്​ത്രത്തിന്റെ പ്രമുഖ വക്താവും നാഗാലാൻഡ് ഗവർണറുമായിരുന്ന ഡോ. എം.എം. തോമസിന്റെ വീടായ മഞ്ഞാലിയിലെ പെണ്ണമ്മ ഭവനത്തിലായിരുന്നു അന്ന് താമസം.

അന്തരിച്ച നാടൻ പാട്ടുകാരൻ കുമരകം ബാബുവും ദാസ്​ മാത്യുവുമെല്ലാം അവിടെ ഒത്തുകൂടി. അവരായിരുന്നു ആദിവാസി ഐക്യദാർഢ്യ സമിതിയുടെ പേരിൽ തിരുവല്ലയിൽ സ്വീകരണമൊരുക്കിയത്. ജോൺസനുമെല്ലാം അവിടെ ഒത്തുകൂടി. ഡൈനാമിക് ആക്ഷൻ പ്രവർത്തകരായിരുന്നു അവർ. ആധുനികതയുടെ കുതിച്ചുപാച്ചിലിൽ സ്വന്തം തനിമ നഷ്​ടപ്പെട്ടവർക്കിടയിൽനിന്ന് അവരുടെ വായ്പാട്ടുകളും താളവും സംഗീതവുമെല്ലാം പുനർജനിപ്പിച്ചൊരു സംഘത്തിലെ അംഗങ്ങൾ. ഒരിക്കൽ ബാബു പറഞ്ഞു: ‘‘നമുക്ക് പാടിയും പറഞ്ഞും ഈ സമൂഹത്തെ ഉണർത്താം.’’ ബാബുവിന്റെ അകാലത്തിലുള്ള വേർപാടിനുശേഷവും അദ്ദേഹത്തെക്കുറിച്ച് എന്നിൽ നിറഞ്ഞുനിന്ന ഓർമയായിരുന്നു അത്.

ഇരവിപേരൂരിലെ പി.ആർ.ഡി.എസ്​ ആസ്​ഥാനത്തേക്ക് ജാഥ ക്ഷണിക്കപ്പെട്ടിരുന്നു. അന്തരിച്ച രാമനായിരുന്നു അന്ന് പി.ആർ.ഡി.എസ് പ്രസിഡന്റ്. വി.ഡി. രാജപ്പനെപ്പോലെ ചില പി.ആർ.ഡി.എസ്​ നേതാക്കളിലൂടെ വളർന്നൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. അന്തരിച്ച അപ്പാവു മാസ്റ്ററുടെ മുൻകൈയിൽ അടൂർ, പറക്കോട് ജാഥക്ക് സ്വീകരണമുണ്ടായി.

അന്തരിച്ച തങ്കേശൻ കാണിയാണ് തിരുവനന്തപുരം ജില്ലയിലെ ആദിവാസികളായ കാണിക്കാർക്കിടയിൽ ജാഥയെ സ്വീകരിക്കാൻ മുൻകൈയെടുത്തത്. തിരുവനന്തപുരം നഗരത്തിൽ ജാഥയെ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ അഡ്വ. കെ.വി. കുമാരന്റെ അധ്യക്ഷതയിൽ ഒരു യോഗം നടന്നുവെങ്കിലും അന്തരിച്ച കെ.കെ. പെരുമാളിനെപ്പോലെ ചിലർ മാത്രമേ സെക്ര​േട്ടറിയറ്റിനു മുന്നിലെ സമാപനയോഗത്തിൽ പങ്കെടുത്തുള്ളൂ. പെരുമാളിന്റെ വീട്ടിലായിരുന്നു അന്നത്തെ രാത്രി. ജാഥയെക്കുറിച്ച് അതിലുടനീളം പങ്കെടുത്തവരുടെ വിലയിരുത്തൽ വീടിന്റെ ടെറസിൽ നടന്നു.

ജാഥയുടെ പശ്ചാത്തലത്തെക്കുറിച്ച് ‘ആദിവാസി ഭൂസമരം: പ്രശ്നങ്ങളും സമീപനവും’ എന്ന ലഘുലേഖയിൽ ഇങ്ങനെ ചൂണ്ടിക്കാണിച്ചിരുന്നു. ‘‘നാളിതുവരെ ആദിവാസി ജീവിതത്തിന്റെ പ്രാകൃതാവസ്​ഥയെ പറ്റിയും ദൈന്യതകളെ പറ്റിയും മാത്രമേ പൊതുസമൂഹം അറിഞ്ഞിരുന്നുള്ളൂ. മനുഷ്യചരിത്രത്തിന്റെ പ്രാഗ് രൂപങ്ങളെന്ന നിലക്ക് നാഗരിക മനുഷ്യന് കൗതുകമുണർത്തുന്ന ചിന്തയോ, രൂപമോ ആയിരുന്നു ആദിവാസി ജീവിതം.’’

എന്നാൽ, ഇന്ന് സ്​ഥിതി മാറിത്തുടങ്ങിയിരിക്കുന്നു. ചരിത്രത്തിലിടമില്ലാത്തവരും വാമൊഴികളിലും കേട്ടറിവുകളിലും മാത്രം ലോകത്തെ ദർശിച്ചവരും നാഗരിക സംസ്​കൃതിയിൽ തങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്ന വിവേചനങ്ങൾക്കും പീഡനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ പോരാട്ടത്തിന്റെ മാർഗത്തിലേക്ക് കടന്നുവന്നിരിക്കുന്നു. വയനാട്ടിൽനിന്നും അട്ടപ്പാടിയിൽനിന്നും കള്ളിച്ചിത്രയിൽനിന്നും ളാഹയിൽനിന്നുമെല്ലാം ഉയർന്നുവന്ന ഭൂസമരങ്ങൾ ഇതിന്റെ സൂചനകളാണ്. തങ്ങളും മനുഷ്യരാണെന്ന് അംഗീകരിപ്പിക്കാനുള്ള ശ്രമങ്ങൾ തൊട്ട്, സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന്റെ തലങ്ങളിലേക്ക് വ്യാപരിക്കുന്ന മാനങ്ങൾ അതിനുണ്ടായിരുന്നു. ശരാശരി കേരളീയന്റെ ആദിവാസി സങ്കൽപങ്ങളെ മറികടക്കാൻ കഴിയുന്ന ആർജവം അത് കൈവരിച്ചു തുടങ്ങിയിരുന്നു. ആദിവാസികൾക്കിടയിലെ ഈ ചലനത്തെ ബലപ്പെടുത്തുകയായിരുന്നു ജാഥയുടെ മുഖ്യമായ ഒരു ലക്ഷ്യം.

കേരളത്തിലെ വിവിധ ആദിവാസി കേന്ദ്രങ്ങളിലൂടെ കടന്നുപോയ ജാഥ ആദിവാസികൾക്കിടയിൽ പുതിയൊരു ഉണർവും പ്രത്യാശയും ആത്മവിശ്വാസവും ഉളവാക്കാൻ പര്യാപ്തമായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടു. സംസ്​ഥാനത്തുടനീളം പ്രത്യേകിച്ചും മധ്യകേരളത്തിൽ അധഃസ്​ഥിതർക്കിടയിൽനിന്നും ജാഥക്കു ലഭിച്ച സഹായങ്ങളും പിന്തുണയും എടുത്തു പറഞ്ഞുകൊണ്ട് ആദിവാസികൾ നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങളിൽ തൽപരരായ മനുഷ്യസ്​നേഹികളുടെയും ജനാധിപത്യ വിശ്വാസികളുടെയും സഹായങ്ങളെ വില മതിച്ചു. സർവോപരി ഗോത്രപരവും ജാതീയവും മതപരവുമായ വേർതിരിവുകൾക്ക് വിധേയമാക്കപ്പെട്ട ഒരു സമൂഹത്തെ ‘ആദിവാസി’ എന്ന പൊതു സങ്കൽപത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നു. അധഃസ്​ഥിതരുമായി ബന്ധിപ്പിക്കാനുമായി എന്നതായിരുന്നു ഈ ജാഥയുടെ ഏറ്റവും വലിയ നേട്ടം. എന്നാൽ, ആധുനിക ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായ മാധ്യമലോകത്തിന്റെ മൗനം ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ പൊതു മനസ്സായിരുന്നു അത്.

ജാനുവിന്റെ സന്നദ്ധ സംഘടനാബന്ധങ്ങളോടുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ടായിരുന്നു വയനാട്ടിൽനിന്നുള്ള കെ. കേശവനും ഒ.കെ. ബാലനുമെല്ലാം ജാഥയിൽ പങ്കെടുത്തത്. ആദിവാസികൾക്കിടയിലെ പൊതുവികാരമായിരുന്നു അത്. അത് അവർക്കിടയിലെ സ്വാശ്രയബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രശ്നമായിരുന്നു. വീണ്ടുമൊരു ചർച്ചക്കു വന്നപ്പോൾ വയനാട്ടിൽ എത്തി എൻ.ജി.ഒ ബന്ധം വിച്ഛേദിച്ചുകൊണ്ട് പത്രപ്രസ്​താവന നടത്താമെന്ന് ജാനു ഉറപ്പുനൽകി. ജാഥയുടെ സാമ്പത്തിക ബാധ്യതകൾ എല്ലാം തീർത്ത് 7000 രൂപ മിച്ചമുണ്ടായി എന്നത് സംഘടനാജീവിതത്തിലെ അപൂർവമായ ഒരു അനുഭവമായിരുന്നു. അത് കൺവീനർ എന്ന നിലയിൽ ജാനുവിനെ ഏൽപിച്ചു. ഏകോപന സമിതി നിലനിർത്തപ്പെടണമെന്നും ജാഥയിലൂടെ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ അടിസ്​ഥാനത്തിലുള്ള പ്രായോഗിക പ്രവർത്തനങ്ങൾ തുടരണമെന്നും തീരുമാനിച്ചാണ് ജാഥാംഗങ്ങൾ തിരികെ പോയത്.

ഈ ജാഥയെ തുടർന്നുണ്ടായ ഖേദകരമായ കാര്യം ഏകോപന സമിതി വിളിച്ചുചേർക്കുകയോ ജാഥയിൽ പങ്കെടുത്തവരെ ആരെയെങ്കിലും അറിയിക്കുകയോ ചെയ്യാതെ വയനാട്ടിൽനിന്ന് ഏതാനും ആളുകളെ പങ്കെടുപ്പിച്ച് ജാനുവിന്റെ നേതൃത്വത്തിൽ സെക്ര​ട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹമാണ്. ഈ സത്യഗ്രഹത്തെക്കുറിച്ച് ഞാനറിഞ്ഞത് ജാനു സത്യഗ്രഹത്തിനായി തിരുവനന്തപുരത്തേക്കു പോകുന്ന വഴിക്ക് കരിപ്പലങ്ങാട് ഇറങ്ങി എന്നെയും ക്ഷണിക്കുമ്പോഴാണ്. ഏകോപന സമിതി വിളിച്ചുചേർക്കാതെയും മറ്റാരെയും അറിയിക്കാതെയും ഇത്തരമൊരു സമരത്തിന് തയാറായത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.

ജാഥയിലുടനീളം ആദിവാസികൾക്കിടയിൽ സൃഷ്​ടിക്കാൻ ശ്രമിച്ചത് ഏതൊരു മൂല്യമാണോ അതിനെ നേതൃത്വംതന്നെ തകിടംമറിച്ചു. തെന്നിന്ത്യൻ ആദിവാസി ഫോറം സ്​പോൺസർ ചെയ്തൊരു പദ്ധതിയായിരുന്നു ഇത്. ജാഥയെ അവർ തങ്ങളുടെ ഫണ്ടിങ് താൽപര്യത്തിനായി ഉപയോഗിക്കുമെന്ന ആക്ഷേപം ജാഥാംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ജാഥയിൽ ജാനുവും ഉഷയും പകർത്തുന്ന ഫോട്ടോകൾ അതിന്റെ ഭാഗമാണെന്ന് പിറുപിറുപ്പുകൾ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ജാഥ സമാപിക്കുമ്പോൾ ജാനുവിന്റെ പിന്നാലെ ഫോറത്തിന്റെ പ്രതിനിധിയായ ജി.എസ്​. പുഷ്കർ പ്രത്യക്ഷപ്പെട്ടത് ഈ ആക്ഷേപം സ്​ഥിരീകരിച്ചു. ഈ ബന്ധം തുറന്നുപറഞ്ഞാൽ മറ്റാരും അംഗീകരിക്കുകയില്ല എന്നതുകൊണ്ട് അത് നിഷേധിച്ചും മറച്ചുവെച്ചും മുന്നോട്ടുപോകാനാണ് ജാനു ശ്രമിച്ചത്. സത്യസന്ധവും പ്രതിബദ്ധവുമായൊരു സാമൂഹിക നേതൃത്വത്തിന് അനുയോജ്യമായൊരു നടപടിയായിരുന്നില്ല ഇതെങ്കിലും അതായിരുന്നു സി.കെ. ജാനുവിന്റെ അവസ്​ഥ.

എന്നാൽ, സന്നദ്ധസംഘടനാ ബന്ധത്തിന്റെ പേരിൽ ഈ സമരത്തിൽനിന്ന് മാറിനിൽക്കാനാവില്ലായിരുന്നു. അത് ജാഥ ഉണ്ടാക്കിയ ഉണർവുകളും പ്രതീക്ഷകളും തകർക്കുന്ന നടപടിയാകും. ഈ സന്ദർഭംതന്നെയാണ് എൻ.ജി.ഒകൾ ഉപയോഗിച്ചത്. ഇവിടെ ആദിവാസികൾ വെറും ഉപകരണങ്ങളോ, കാഴ്ചക്കാരോ ആണ്. സത്യഗ്രഹത്തിന്റെ തലേന്നാൾ ഞാനും തിരുവനന്തപുരത്തെത്തി. അതിനുവേണ്ട ഒരുക്കങ്ങളെല്ലാം ആരോ ചെയ്തിരുന്നു. ഉഷ വയനാട്ടിൽനിന്ന് മറ്റുള്ളവരുമായി എത്തുമെന്ന് ജാനു പറഞ്ഞു.

സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം ഒരു കന്യാസ്​ത്രീ മഠത്തിലാണെന്നറിഞ്ഞപ്പോൾ ലജ്ജതോന്നി. ഇതേ ൈക്രസ്​തവ പൗരോഹിത്യ നേതൃത്വമാണല്ലോ ഒരു കൊല്ലം മുമ്പ് ആദിവാസി ഭൂനിയമം നടപ്പാക്കിയാൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് മാനന്തവാടിയിൽനിന്ന് മുന്നറിയിപ്പ് നൽകിയത്. സമരം ആരംഭിച്ചയുടനെ എനിക്ക് മടങ്ങിപ്പോരേണ്ടിവന്നു. സന്ധിവാതം മൂർച്ഛിച്ച് അവശയായ ആനന്ദയെ തൊടുപുഴ ചരകാസ്​ ആയുർവേദ ഹോസ്​പിറ്റലിൽ അഡ്മിറ്റാക്കിയശേഷമാണ് ഞാൻ തിരുവനന്തപുരത്തേക്ക് പോയത്. കൂട്ടിന് ഒമ്പതിലും നാലിലും പഠിക്കുന്ന മക്കളും. 1980കളുടെ തുടക്കത്തിൽ വിട്ടുമാറിയ സന്ധിവാതത്തിന്റെ രണ്ടാം വരവായിരുന്നു ഇത്. കൂടുതൽ കരുത്തോടെയുള്ള രണ്ടാംവരവ്.

മുകളിൽ സൂചിപ്പിച്ചതുപോലെ മൂന്നോ നാലോ പേരുടെ ഒരു സംഘടനയായിരുന്നല്ലോ ആദിവാസി ഏകോപന സമിതി. ജാഥയെ തുടർന്ന് 1995 ഡിസംബർ 17ന് എറണാകുളം മാരുതി ലോഡ്ജിൽ ചേർന്ന യോഗത്തിൽവെച്ച് നിലവിലുണ്ടായിരുന്ന അവർക്ക് പുറമെ ഇടുക്കിയിൽനിന്ന് എം.കെ. നാരായണനും വയനാട്ടിൽനിന്ന് കെ. കേശവനും ഒ.കെ. ബാലനും കോട്ടയത്തുനിന്ന് പി.കെ. വേണുവും ഈ സമിതിയിൽ അംഗങ്ങളായി. പിന്നീട് പല സംഘടനകളും പലതലങ്ങളിൽ ഏകോപന സമിതിയുമായി സഹകരിക്കുകയും പലരെയും സംസ്​ഥാനതലത്തിലുള്ള കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു.

ഇടുക്കിയിൽനിന്ന് കെ.ആർ. ജനാർദനൻ, കോട്ടയത്തുനിന്ന് ടി.ജെ. ബിജോയ്, ജോയ് പീറ്റർ, അരുൺകുമാർ പി.ജെ, പത്തനംതിട്ടയിൽനിന്ന് വി.ജി. രാമൻകുട്ടി, പാലക്കാടുനിന്ന് യു.സി. കുഞ്ചൻ തിരുവനന്തപുരത്തുനിന്ന് തങ്കച്ചൻ കാണി, വനജ, സദാശിവൻ കാണി എന്നിവരെല്ലാം സംസ്​ഥാന കമ്മിറ്റിയംഗങ്ങളെന്ന നിലയിലും ഇവർ നിർദേശിക്കുന്നവരെ ക്ഷണിതാക്കളെന്ന നിലയിലും സംസ്​ഥാന കമ്മിറ്റികളിൽ പങ്കെടുപ്പിച്ചു. സാധാരണ സംഘടന സങ്കൽപനങ്ങളുടെ അളവുകോൽവെച്ച് ആക്കിയാൽ ചില ആദിവാസി പ്രശ്നങ്ങളിൽ ഇടപെടുന്നതിനപ്പുറം നിശ്ചിതമായൊരു സംഘടനരൂപമോ ചട്ടക്കൂടോ നേതൃത്വമോ ഏകോപന സമിതിക്ക് ഉണ്ടായിരുന്നില്ല. ജില്ല കമ്മിറ്റികൾ ഉണ്ടാക്കാൻ തീരുമാനിച്ചുവെങ്കിലും അത് തിരുവനന്തപുരത്തും ഇടുക്കിയിലും മാത്രമേ സാധിച്ചുള്ളൂ. കൺവീനർ എന്നനിലക്ക് ജാനു ചെയ്യേണ്ടിയിരുന്ന പലകാര്യങ്ങളും സ്വയം ചെയ്ത് അവരെ മുന്നിൽ നിർത്താനാണ് ഞാൻ ശ്രമിച്ചത്. ജാനുവിന്റെ അധ്യക്ഷതയിൽ സമിതിയുടെ ആശയപരവും സംഘടനാപരവുമായ കാര്യങ്ങൾ വിശദീകരിച്ചു.

ഏകോപന സമിതി അംഗങ്ങളോ ക്ഷണിതാക്കളായ സംഘടനാ നേതാക്കളോ തങ്ങളുടെ ഗോത്രസഹജമായ സംഘടനാ താൽപര്യങ്ങളിൽനിന്നും ചുമതലകളിൽനിന്നും വ്യത്യസ്​തമായി ഏകോപന സമിതിയുടെ ഉത്തരവാദിത്തത്തിലേക്ക് മാറാനുള്ള സാധ്യത വളരെ പരിമിതമായിരുന്നു. കാരണം, ആദിവാസി പൊതുബോധത്തിലേക്ക് മാറുമ്പോഴും ആഴത്തിലുള്ള ഗോത്രബോധവും ജാതി/ മത ബോധവും നിലനിൽക്കുന്ന സംഘടനാബന്ധങ്ങളെ മറികടക്കുന്നവരായിരുന്നില്ല ഏകോപനസമിതി അംഗങ്ങൾ. അധഃസ്​ഥിതരുമായുള്ള ബന്ധത്തിലൂടെ ഈ ആദിവാസിബോധത്തെ മറ്റൊരുതലത്തിലേക്ക് മാറ്റുക എന്ന ചിന്തയും അസ്​ഥാനത്തായിരുന്നു. ഇതിനിടയിൽ ഉയർന്നുവരുന്ന ചില പ്രശ്നങ്ങളിൽ ഇടപെടാനുള്ള ശ്രമങ്ങൾ മാത്രമായിരുന്നു പ്രായോഗികമായിട്ടുള്ളത്. അത്തരമൊരു ശ്രമമായിരുന്നു ആദിവാസി ഭൂനിയമം ഭേദഗതി ചെയ്യുവാനുള്ള നീക്കത്തിനെതിരെ ചെറുത്തുനിൽപ്.

ആദിവാസി ഭൂനിയമം ഭേദഗതി ചെയ്തുകൊണ്ട് ഇ.കെ. നായനാർ സർക്കാർ കൊണ്ടുവന്ന ബിൽ പിൻവലിക്കുമെന്ന് ആവശ്യപ്പെട്ടുകൊണ്ട്) 1996 സെപ്റ്റംബർ 5ന് തിരുവനന്തപുരത്ത് സെക്ര​േട്ടറിയറ്റിനു മുന്നിൽ ആദിവാസി ഏകോപന സമിതി നടത്തിയ ഉപവാസം ഈ ദിശയിലുള്ള ആദ്യ നീക്കമായിരുന്നു. ഏകോപന സമിതി നേതാക്കൾക്കു പുറമെ ചേരമർ സംഘം നേതാവായ ചാമക്കൽ രാജപ്പൻ, വിദ്യാധരൻ കാണി, കെ.കെ. പെരുമാൾ എന്നിവരും ഉപവാസത്തെ അഭിസംബോധന ചെയ്യാൻ എത്തി. ഈ ഉപവാസത്തെ അഭിസംബോധന ചെയ്യാനായി ക്ഷണിക്കപ്പെട്ട ബി.എസ്​.പി സംസ്​ഥാന കൺവീനർ കല്ലറ സുകുമാരൻ തന്റെ അസൗകര്യം അറിയിച്ചുകൊണ്ടെഴുതിയ കത്തിൽ ആദിവാസി പ്രശ്നത്തിൽ താൽപര്യമുള്ള ആളുകളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഒരു പരിപാടി സംഘടിപ്പിച്ചാൽ കൊള്ളാമെന്ന് മറുപടി അയച്ചു.

ഉപവാസത്തിനുശേഷം തിരുവനന്തപുരത്ത് നടന്ന സമിതി സംസ്​ഥാന കമ്മിറ്റി ബില്ലിനെതിരെ വ്യാപകമായ ഒരു പ്രചാരണപ്രയോഗങ്ങൾ സംഘടിപ്പിക്കാനും സെപ്റ്റംബർ 12ന് സാധ്യമായ സ്​ഥലങ്ങളിൽ ബിൽ കത്തിക്കാനും തീരുമാനിച്ചു. സെക്ര​േട്ടറിയറ്റിനു മുന്നിലും പത്തനംതിട്ട, തൊടുപുഴ, മാനന്തവാടി, കൽപറ്റ, ബത്തേരി എന്നിവിടങ്ങളിലും ബിൽ കത്തിച്ച് പ്രകടനങ്ങളും യോഗങ്ങളും നടന്നു.

1996 സെപ്റ്റംബർ 22ന് എറണാകുളത്ത് ചേർന്ന ആദിവാസി ഏകോപന സമിതി സംസ്​ഥാന കമ്മിറ്റി ഭൂനിയമ ഭേദഗതിക്കെതിരെയുള്ള സമരം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഏകോപന സമിതി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ മുൻകൈയിൽ ഒക്ടോബർ 7ന് രാജ്ഭവൻ മാർച്ചും ഇടുക്കി ജില്ല കമ്മിറ്റിയുടെ മുൻകൈയിൽ സെപ്റ്റംബർ 25ന് കലക്ടറേറ്റിന് മുന്നിൽ കൂട്ടധർണയും കോട്ടയത്ത് സെപ്റ്റംബർ 25, 26 തീയതികളിൽ ദലിത്/ ആദിവാസി ബഹുജന കൺവെൻഷനും കൂട്ട ഉപവാസവും നടത്താനും ഭൂനിയമഭേദഗതിക്കെതിരെ നിയമപരമായ സാധ്യതകൾ തേടാനും ഭരണഘടനയുടെ 9ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയൊരു നിയമം എന്ന നിലയിൽ നിയമ ഭേദഗതിക്കെതിരെ രാഷ്ട്രപതിയെ നേരിൽ കണ്ട് നിവേദനം നൽകാനും തീരുമാനിച്ചു.

1996 സെപ്റ്റംബർ 23നാണ് ഇ.കെ. നായനാർ സർക്കാർ ആദിവാസി ഭൂനിയമ ഭേദഗതി ബിൽ പാസാക്കിയത്. ദേശീയവും അന്തർദേശീയവുമായി ഗോത്രസമൂഹങ്ങൾ വ്യവസ്​ഥ ചെയ്യപ്പെട്ടിരുന്ന എല്ലാ പരിരക്ഷാവ്യവസ്​ഥകളും കാറ്റിൽ പറത്തിക്കൊണ്ടുള്ള ഒരു നടപടിയായിരുന്നു അത്. അന്യാധീനപ്പെട്ട പട്ടികവർഗ ഭൂമി വീണ്ടെടുക്കൽ നിയമവുമായി ബന്ധപ്പെട്ട 1985 സുപ്രീംകോടതിയിൽ ഉണ്ടായ വിധിയും കേരള ഹൈകോടതിയുടെ ആവർത്തിച്ചുള്ള വിധികളും 1989ലെ എസ്​.സി./എസ്​.ടി അതിക്രമങ്ങൾ തടയൽ നിയമവും 1994ലെ യു.എൻ.ഒയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഉള്ളടക്കവുമെല്ലാം ഇവിടെ ലംഘിക്കപ്പെട്ടിരുന്നു. സർ​വോപരി രാഷ്ട്രം ആദിവാസി അധിവാസി മേഖലകൾ, പട്ടിക പ്രദേശങ്ങളായി പ്രഖ്യാപിക്കാനും അവർക്ക് സ്വയംഭരണാവകാശം നൽകുന്ന നിയമ നടപടികളെക്കുറിച്ച് കേന്ദ്ര ഗവൺമെന്റ് ആലോചിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമായിരുന്നു അത്.

ഏറെ ഖേദകരമായൊരു കാര്യം 1975ൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ നിയമം രണ്ടു പതിറ്റാണ്ടുകൾക്കുശേഷം അത് നടപ്പാക്കാനുള്ള സാധ്യമായ ഒരു ശ്രമവും നടത്താതെ ഏകകണ്ഠമായി ഭേദഗതിചെയ്തു എന്നതാണ്. ഒരു അപശബ്ദമായി മാറിയത് ജെ.എസ്​.എസ്​ നേതാവ് സഖാവ് കെ.ആർ. ഗൗരിയമ്മയുടെ ശബ്ദമായിരുന്നു. ഈ ബിൽ ആദിവാസികളുടെ വംശനാശത്തെ ത്വരിപ്പിക്കുക മാത്രമേയുള്ളൂവെന്ന് ഗൗരിയമ്മ പറഞ്ഞു. ലജ്ജാകരമായൊരു കാര്യം കേരള നിയമസഭയിലെ പട്ടികജാതി/വർഗക്കാരായി 14 എം.എൽ.എമാരും- അതിലൊരാൾ വകുപ്പുമന്ത്രിയുമാണ്- ആദിവാസി ഭൂനിയമ ഭേദഗതിക്ക് അനുകൂലമായി നിലപാടെടുത്തുവെന്നതാണ്.

ഭരണഘടനാപരമായി എസ്​.സി/ എസ്​.ടി വിഭാഗങ്ങൾക്ക് വ്യവസ്​ഥചെയ്യുന്ന അവകാശങ്ങളും പരിരക്ഷകളും എത്ര സമർഥമായ രീതിയിലാണ് സവർണ/ സമ്പന്ന വിഭാഗങ്ങൾ അട്ടിമറിക്കുന്നത് എന്നതിന്റെ ഏറ്റവും നല്ല ദൃഷ്​ടാന്തമായിരുന്നു രാഷ്ട്രീയാധികാരത്തിന്റെ പരിമിതിയും പൊള്ളത്തരവും വെളിവാക്കപ്പെട്ടൊരു സന്ദർഭം. അതുപോലെ പതിനായിരക്കണക്കിനാളുകളെ വഴിയിലിറക്കി കേരളത്തെ നിശ്ചലമാക്കാൻ ശേഷിയുള്ള പട്ടികജാതി സമുദായ സംഘടനകളും പട്ടികജാതി/ വർഗ സംഘടനകളും ഈ സമയത്ത് പുലർത്തിയ നിസ്സംഗതയും മൗനവും ശ്രദ്ധേയമായിരുന്നു. അവയുടെ നേതൃത്വങ്ങളിലൊരാൾക്കും ആദിവാസി പക്ഷത്തോട് ചായാനായില്ല. ഇതുതന്നെയായിരുന്നു കേരളത്തിലെ പൗരസമൂഹത്തിന്റെയും സാമൂഹിക ചിന്തകരുടെയും സാംസ്​കാരിക നായകരുടെയും മനുഷ്യസ്​നേഹികളുടെയുമെല്ലാം പൊതുസ്​ഥിതി.

1996 സെപ്റ്റംബർ 25ന് ഇടുക്കി കലക്ടറേറ്റിനു മുന്നിൽ നടന്ന ധർണയിൽ ജില്ലയിലെ മലയരയർ, മന്നാൻ, ഈരാളി, ഉള്ളാടൻ എന്നീ സമൂഹങ്ങളിലെ ഏഴ് സംഘടനകളും ആദിവാസികളും പങ്കെടുത്തിരുന്നു. ഏകോപന സമിതിയെ പ്രതിനിധാനം ചെയ്ത് സി.കെ. ജാനുവും കെ.ആർ. ജനാർദനനുമാണ് പങ്കെടുത്തത്. കോഴിമല തേവൻ രാജമന്നാൻ ആണ് ജാഥ ഉദ്ഘാടനം ചെയ്തത്. എം.കെ. നാരായണൻ, ടി.എൻ. സജീവൻ, കെ.ഡി. ജോൺസൻ, ഗിരിജ തേറയിൽ, ഒ.കെ. ശിവരാമൻ എന്നീ സംഘടനാ നേതാക്കൾ പങ്കെടുത്ത് ധർണ വഴിതടയലായി മാറിയത് ഏകോപന സമിതിയിൽ വിമർശനമുയർത്തിയിരുന്നു.

 

അന്നേദിവസം കോട്ടയത്ത് നടന്ന ദലിത് ആദിവാസി ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് ബി.എസ്​.പി സംസ്​ഥാന കൺവീനർ കല്ലറ സുകുമാരൻ ആയിരുന്നു. ഈ കൺവെൻഷനിലും 26ന് നടക്കുന്ന കൂട്ട ഉപവാസത്തിനും ഏകോപന സമിതിയെ പ്രതിനിധാനം ചെയ്തത് ഞാനായിരുന്നു. അധഃസ്​ഥിത നവോത്ഥാന മുന്നണി ജില്ല കമ്മിറ്റിയാണ് ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ആദിവാസി ഭൂനിയമത്തെപ്പറ്റിയും ഭൂനിയമ ഭേദഗതിയെപ്പറ്റിയും ദലിത് ആദിവാസി സമൂഹങ്ങൾക്കു വേണ്ടത്ര ധാരണയില്ലെന്നും ഇക്കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തത്തക്ക നിലയിലുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും കല്ലറ പറഞ്ഞു.

എ. ശിവാനന്ദൻ (ദ്രാവിഡ പാർട്ടി ഓഫ് ഇന്ത്യ), നീലംപേരൂർ ലൂക്കോസ്​ (നാഷനൽ ദലിത് ലിബറേഷൻ ഫ്രണ്ട്), സി.എ. തങ്കച്ചൻ മാസ്റ്റർ (ഹിന്ദു ചേരമർ അ​സോസിയേഷൻ), എം. പവിത്രൻ, കുഞ്ഞ് പഴന്താറ്റിൽ (എ.എൻ.എം), വി.ടി. ആന്റണി (ജനാധിപത്യ സംരക്ഷണ സമിതി), കെ.കെ. ഗോപാലൻ (മലയരയ മഹാസഭ) എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു. വിപുലമായൊരു കൺവെൻഷൻ വീണ്ടും വിളിക്കാനും ആദിവാസി ഐക്യദാർഢ്യസമിതി രൂപവത്കരിക്കാനും പൊതുധാരണയുണ്ടായി. 26ന് ഗാന്ധിസ്​ക്വയറിൽ നടന്ന കൂട്ട ഉപവാസത്തിൽ ഈ സംഘടനാ നേതാക്കൾക്കു പുറമെ രാജ്മോഹൻ തമ്പുരാൻ (ദ്രാവിഡ വർഗ ഐക്യമുന്നണി), വി.ജി. രാമൻകുട്ടി (മലവേടർ മഹാസഭ), വി.ടി. അരുൺകുമാർ (ഉള്ളാട മഹാസഭ), കെ.എം. കുഞ്ഞുമോൻ, ജഗതി ജലാധരൻ, പി.ജി. മണിയപ്പൻ എന്നിവരും പങ്കെടുത്തു.

ഈ സമയത്ത് ഏകോപന സമിതിയുമായി സഹകരിക്കുന്ന വയനാട് ജില്ല ആദിവാസി ഫെഡറേഷൻ സ്വന്തം നിലയിൽ സെപ്റ്റംബർ 29ന് മീനങ്ങാടിയിൽ ഒരു കൺവെൻഷനും റാലിയും നടത്താൻ തീരുമാനിച്ചത് സംശയങ്ങൾക്കിടയാക്കി. സന്നദ്ധസംഘടനാ ബന്ധംമൂലം ജാനുവിനെ പങ്കെടുപ്പിക്കാനാവില്ലെന്നും അതുകൊണ്ടാണ് തങ്ങൾ ഫെഡറേഷന്റെ പേരിൽ പരിപാടി സംഘടിപ്പിച്ചതെന്നുമായിരുന്നു സംഘാടകരുടെ ന്യായീകരണം. അതെന്തായാലും ഞാൻ പങ്കെടുക്കാൻ തീരുമാനിച്ചു. ഫെഡറേഷൻ നേതാക്കളായ എം. ശിവരാമൻ, കെ. കേശവൻ, ഒ.കെ. ബാലൻ, മാധവൻ ഒ.കെ എന്നിവരാണ് കൺവെൻഷനിലും റാലിയിലും സംസാരിച്ചത്. ഇതിൽ കെ. കേശവനും ഒ.കെ. ബാലനും ഏകോപന സമിതി അംഗങ്ങളായിരുന്നു.

ഈ കൺവെൻഷനും റാലിക്കും പിന്നാലെ ഒക്ടോബർ 4ന് മീനങ്ങാടിയിൽ എത്തിയ റവന്യൂ മന്ത്രി കെ.ഇ. ഇസ്​മായിലിനെ ആദിവാസി ഭൂനിയമം ഭേദഗതിചെയ്ത ഗവൺമെന്റ് നടപടിയിൽ പ്രതിഷേധിച്ചു ആദിവാസി സംഘടനാ പ്രവർത്തകർ വഴിയിൽ തടഞ്ഞത് ലാത്തിച്ചാർജിലും അറസ്റ്റിലുമെത്തി. ആദിവാസി ഫെഡറേഷൻ പ്രസിഡന്റ് എം.എ. പൊതയൻ, ഏകോപനസമിതി സംസ്​ഥാന കമ്മിറ്റി അംഗം കെ. കേശവൻ എന്നിവർ അടക്കം 11 പേരെ പൊലീസ്​ അറസ്റ്റ് ചെയ്തു. 15 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഫെഡറേഷൻ ഓഫിസ്​ പൊലീസ്​ റെയ്ഡ് ചെയ്തു.

ഇതിനിടയിൽ സെപ്റ്റംബർ 23ന് ആദിവാസി ഭൂസമരത്തിൽ ഇടപെട്ടുകൊണ്ട് ‘അയ്യൻകാളിപ്പട’യെന്ന ലേബലിൽ പാലക്കാട് കലക്ടറെ ബന്ദിയാക്കിയ സംഭവം ദേശീയതലത്തിൽ തന്നെ വാർത്തയായി. അധഃസ്​ഥിത നവോത്ഥാന മുന്നണി സംസ്​ഥാന ജോയന്റ് കൺവീനറായിരുന്ന ജി. ബാബു ഈ സംഭവത്തിൽ പങ്കാളിയായിരുന്നു. മുന്നണി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച നവോത്ഥാന സങ്കൽപങ്ങളെയും സമരോത്സുകതയെയും സായുധമായും സൈനികമായും സമീപിക്കാൻ ശ്രമിച്ച് സാധ്യതയില്ലാതെ വന്നപ്പോഴാണ് ബാബു മുന്നണി വിട്ടത്. അതുകൊണ്ട് ആദിവാസി പ്രശ്നത്തിലേക്ക് ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞൊരു സംഭവമായി ഇതിനെ പലരും വ്യാഖ്യാനിക്കാൻ ശ്രമിച്ചപ്പോഴും മുന്നണിക്ക് അതിനോട് യോജിക്കാനാവില്ല. ഏകോപന സമിതിയിൽ പങ്കാളികളായ സംഘടനകളുടെയും ദലിതർക്കിടയിലെയും പൊതുസമീപനമായിരുന്നു ഇത്.

(തുടരും)

Tags:    
News Summary - km salim kumar Biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.