ദ​ലി​ത​ർ ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലേ​ക്ക്

കേ​ര​ള​ത്തി​ലെ ദ​ലി​ത് സം​ഘ​ട​ന​ക​ളെ​യും വ്യ​ക്തി​ക​ളെ​യും ഒ​ന്നി​പ്പി​ക്കാ​ൻ ന​ട​ത്തി​യ ഐ​ക്യസ​മ്മേ​ള​ന​ത്തെയും ദലിതർ പൊതുവിൽ നേരിട്ട വിഷയങ്ങളെയും കു​റി​ച്ച് വി​ശ​ദ​മാ​യി എ​ഴു​തു​ന്നു. ദ​ലി​ത​ർ ഒ​രു സാ​മൂ​ഹി​ക (സാ​മു​ദാ​യി​ക) രാ​ഷ്ട്രീ​യശ​ക്തി​യാ​യി മാ​റു​ക​യെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ് ദ​ലി​ത് ഐ​ക്യ​സ​മ്മേ​ള​നം സ​മാ​പി​ച്ച​ത്. അ​താ​യി​രു​ന്നു സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച ന​യ​പ്ര​ഖ്യാ​പ​ന​രേ​ഖ​യു​ടെ ഉ​ള്ള​ട​ക്കം. ത​ങ്ങ​ൾ​ക്കി​ട​യി​ലെ ഗോ​ത്ര​ങ്ങ​ളു​ടെ​യും ജാ​തി​ക​ളു​ടെ​യും മ​ത​ങ്ങ​ളു​ടെ​യും അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്ത് സ്വ​യം ക​ണ്ടെ​ത്ത​പ്പെ​ട്ടൊ​രു...

കേ​ര​ള​ത്തി​ലെ ദ​ലി​ത് സം​ഘ​ട​ന​ക​ളെ​യും വ്യ​ക്തി​ക​ളെ​യും ഒ​ന്നി​പ്പി​ക്കാ​ൻ ന​ട​ത്തി​യ ഐ​ക്യസ​മ്മേ​ള​ന​ത്തെയും ദലിതർ പൊതുവിൽ നേരിട്ട വിഷയങ്ങളെയും കു​റി​ച്ച് വി​ശ​ദ​മാ​യി എ​ഴു​തു​ന്നു.

ദ​ലി​ത​ർ ഒ​രു സാ​മൂ​ഹി​ക (സാ​മു​ദാ​യി​ക) രാ​ഷ്ട്രീ​യശ​ക്തി​യാ​യി മാ​റു​ക​യെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ് ദ​ലി​ത് ഐ​ക്യ​സ​മ്മേ​ള​നം സ​മാ​പി​ച്ച​ത്. അ​താ​യി​രു​ന്നു സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച ന​യ​പ്ര​ഖ്യാ​പ​ന​രേ​ഖ​യു​ടെ ഉ​ള്ള​ട​ക്കം. ത​ങ്ങ​ൾ​ക്കി​ട​യി​ലെ ഗോ​ത്ര​ങ്ങ​ളു​ടെ​യും ജാ​തി​ക​ളു​ടെ​യും മ​ത​ങ്ങ​ളു​ടെ​യും അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്ത് സ്വ​യം ക​ണ്ടെ​ത്ത​പ്പെ​ട്ടൊ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ ദ​ലി​ത​ർ നി​ർ​വ​ചി​ക്ക​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ ദ​ലി​ത് പ്ര​വ​ർ​ത്ത​ന​ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ മൗ​ലി​ക​മാ​യൊ​രു മാ​റ്റ​മാ​യി​രു​ന്നു ഇ​ത്. ദ​ലി​ത് അ​ജ​ണ്ട മാ​റി. ഇ​തോ​ടെ, അ​ധഃ​സ്​​ഥി​ത ന​വോ​ത്ഥാ​ന മു​ന്ന​ണി അ​പ്ര​ത്യ​ക്ഷ​മാ​യി.

മു​ന്ന​ണി പി​ന്തു​ട​ർ​ന്ന സാ​മൂ​ഹി​ക വി​ശ​ക​ല​ന​രീ​തി, മാ​ന​സി​ക സ​ങ്ക​ൽ​പ​ങ്ങ​ൾ, ധാ​ർ​മി​ക​ വി​ചാ​ര​ങ്ങ​ൾ, ജാ​തി​വി​രു​ദ്ധ​മാ​യ ദി​ശാ​ബോ​ധം, ആ​ത്മാ​ഭി​മാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഉ​ൾ​ക്കാ​ഴ്ച, ജാ​തി-​മ​ത-​രാ​ഷ്ട്രീ​യ-പ്ര​ത്യ​യ​ശാ​സ്​​ത്ര സ​മീ​പ​ന​ങ്ങ​ൾ, സം​ഘ​ട​നാ​ശൈ​ലി, പോ​രാ​ട്ട മ​നോ​ഭാ​വം ഇ​തെ​ല്ലാം ഐ​ക്യ​സ​മി​തി​യി​ലേ​ക്ക് സ​ന്നി​വേ​ശി​പ്പി​ച്ചു​കൊ​ണ്ടാ​ണ് എ.​എ​ൻ.​എം അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. നി​ക്ഷിപ്ത​മാ​യ അ​ട​യാ​ള​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന ഒ​രു സം​ഘ​ട​ന​യു​ടെ സ്വ​ാഭാ​വി​ക പ​രി​ണാ​മ​മാ​യി​രു​ന്നു ഇ​ത്. നി​ശ്ചി​ത​മാ​യൊ​രു ച​ട്ട​ക്കൂ​ടി​നും ചി​ന്താ​പ​ദ്ധ​തി​ക്കു​മു​ള്ളി​ൽ രൂ​പംകൊ​ള്ളു​ക​യും അ​തി​നെ തി​ര​സ്​​ക​രി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തൊ​രു സം​ഘ​ട​ന. പ​രി​പാ​ടി​യോ സം​ഘ​ട​ന​യോ ആ​സ്​​ഥാ​ന​മോ ഒ​ന്നും ഇ​ല്ല; ര​ജി​സ്​േ​ട്ര​ഷ​ൻപോ​ലും. എ​ന്റെ തോ​ളി​ലെ സ​ഞ്ചി​യാ​ണ് മു​ന്ന​ണി​യു​ടെ ആ​സ്​​ഥാ​ന​മെ​ന്ന​ത് പ​റ​ഞ്ഞു​കേ​ട്ടൊ​രു ക​ളി​വാ​ക്കാ​ണ്; സ​ത്യ​വും. ഉ​ണ്ടാ​യി​രു​ന്ന​ത്, ജാ​തിവി​രു​ദ്ധ​മാ​യൊ​രു ദിശാ​ബോ​ധ​വും പ്രാ​യോ​ഗി​ക പ​ദ്ധ​തി​ക​ളും അ​തേ​റ്റെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​മാ​യ സ​ത്യ​സ​ന്ധ​രും പ്ര​തി​ബ​ദ്ധ​രു​മാ​യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​മാ​യി​രു​ന്നു.

ഒ​രു ത​ണ​ൽ​മ​രം​പോ​ലെ​യാ​യി​രു​ന്നു അ​വ​ർ​ക്ക് സം​ഘ​ട​ന. ആ ​മ​ര​ത്ത​ണ​ലി​ലേ​ക്ക് അ​വ​രെ വി​ളി​ച്ചു​കൂ​ട്ടു​ക​യാ​യി​രു​ന്നു എ​ന്റെ ദൗ​ത്യം. അ​വി​ടെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​ത്ത​താ​യി ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സാ​ധ്യ​മാ​യ​തെ​ന്തും ച​ർ​ച്ചചെ​യ്തു. ഒ​രു സാ​മൂ​ഹി​ക പാ​ഠ​ശാ​ല​പോ​ലെ​യ​ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി. എ​ഴു​താ​ൻ പ​ഠി​ച്ച​യാ​ൾ എ​ന്ന​നി​ല​യി​ൽ അ​വി​ടെ ഞാ​നൊ​രു സാ​മൂ​ഹി​ക വി​മ​ർ​ശ​ക​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു എ​ന്നു​പ​റ​യാം. ഒ​പ്പ​മു​ള്ള​വ​ർ ഒ​ടു​വി​ല​ത്തെ ശ​രി ക​ണ്ടെ​ത്തി​യ​ത് എ​ന്നി​ലാ​യി​രു​ന്നു. അ​തി​നാ​യി അ​വ​ർ മ​റ്റു​ള്ള​വ​രോ​ട് വാ​ദി​ച്ചു. എ​ന്നാ​ൽ, എ​ല്ലാ​യ്പോ​ഴു​മൂ​ന്നി​യ​ത് സ്വ​സ​മൂ​ഹ​ത്തി​ന്റെ ഇ​ല്ലാ​യ്മ​ക​ളി​ലും നൊ​മ്പ​ര​ങ്ങ​ളി​ലു​മാ​യി​രു​ന്നു. പ​രി​ഹാ​രം തേ​ടി​യ​തും അ​തി​നാ​യി​രു​ന്നു. അ​വി​ടെ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത​വ​രെ പി​ന്തു​ട​രു​ക എ​ന്ന​ത് ക​ട​മ​യാ​യി ക​ണ്ടി​രു​ന്നു. എ​ന്നി​ട്ടും വി​ട്ടു​പോ​യ​വ​രു​ണ്ട്. എ​ന്നാ​ൽ, ഒ​രു​കാ​ര്യം ഉ​റ​പ്പി​ച്ചു പ​റ​യാ​നാ​കും–അ​വ​രി​ലാ​രെ​യും ഒ​രി​ക്ക​ലും ഈ ​സം​ഘ​ട​ന പു​റ​ത്താ​ക്കി​യി​ല്ല. സം​ഘ​ട​നാവി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, അ​ച്ച​ട​ക്ക ന​ട​പ​ടി തു​ട​ങ്ങി​യ പ​ദ​ങ്ങ​ളൊ​ന്നും. അ​വ​ർ​ക്കി​ട​യി​ൽ മാ​സ്​​മ​രി​ക​മാ​യൊ​രു ഹൃ​ദ​യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

സ്​​നേ​ഹ​വും ആ​ദ​ര​വും അ​തി​ന്റെ ഭാ​ഷ​യാ​യി​രു​ന്നു. അ​വ​രു​ടെ സം​ഘ​ട​നാജീ​വി​ത​ത്തി​ന്റെ ലി​ഖി​ത​രേ​ഖ​യാ​യി​രു​ന്നു അ​ധഃ​സ്​​ഥി​ത ന​വോ​ത്ഥാ​ന മു​ന്ന​ണി ബു​ള്ള​റ്റി​ൻ. മു​ന്ന​ണി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​തി​നു​ള്ളി​ൽ ന​ട​ന്ന സാ​മൂ​ഹി​ക അ​ന്വേ​ഷ​ണ​ങ്ങ​ളും ചി​ന്ത​ക​ളു​മെ​ല്ലാം കു​റി​ച്ചി​ട്ട​ത് അ​തി​ലാ​ണ്. സ്വ​ന്തം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചി​ന്ത​ക​ളും രേ​ഖ​പ്പെ​ടു​ത്താ​നാ​വാ​തെ പോ​യ​വ​ർ​ക്കി​ട​യി​ൽ വ്യ​ത്യ​സ്​​ത​മാ​യൊ​ര​നു​ഭ​വം. മു​പ്പ​ത് ല​ക്ക​ങ്ങ​ളേ ഇ​റ​ക്കാ​നാ​യു​ള്ളൂ. ദുഃ​ഖ​ക​ര​മാ​യൊ​രു കാ​ര്യം ഈ ​ലി​ഖി​ത​രേ​ഖ​പോ​ലും ചി​ത​ല​രി​ക്കാ​തെ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നൊ​രി​ടം ഞ​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ്. പി​ൽ​ക്കാ​ല​ത്ത് ഇ​തി​ന്റെ പ​തി​പ്പു​ക​ൾ തി​ര​ക്കി പി​ൻ​യാ​ത്ര ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്നോ, അ​ത് അ​ന്വേ​ഷി​ച്ചി​റ​ങ്ങു​ന്ന​വ​രെ കാ​ണേ​ണ്ടി​വ​രു​മെ​ന്നോ ചി​ന്തി​ക്കാ​നു​മാ​യി​ല്ല.

സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളു​ടെ​യും ച​രി​ത്ര​നി​ർ​മി​തി​യു​ടെ​യും നി​ശ്ചി​ത​മാ​യൊ​രു സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് അ​ധഃ​സ്​​ഥി​ത ന​വോ​ത്ഥാ​ന മു​ന്ന​ണി രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട​ത്. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ന​വോ​ത്ഥാ​ന കാ​ല​ഘ​ട്ട​ത്തി​ന്റെ തു​ട​ർ​ച്ച​യി​ൽ അ​റ്റു​പോ​യൊ​രു ക​ണ്ണി​യു​ടെ കൂ​ട്ടി​ച്ചേ​ർ​ക്ക​ലി​ന്റെ ധ്വ​നി അ​തി​ന്റെ പി​ന്നി​ലു​ണ്ടാ​യി​രു​ന്നു. ആ​ധു​നി​ക കേ​ര​ള​ത്തി​ന്റെ കാ​പ​ട്യ​ങ്ങ​ളി​ലാ​യി​രു​ന്നു അ​തി​ന്റെ അ​ക​ക്ക​ണ്ണ്. ‘‘ജാ​തിര​ഹി​ത കേ​ര​ള​മെ​ന്ന മി​ത്ത് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു അ​തി​ന്റെ അ​ടി​യ​ന്ത​ര ല​ക്ഷ്യം. അ​തി​ലൂ​ടെ ദ​ലി​ത​രു​ടെ ഉ​ണ​ർ​വും ആ​ത്മ​ബോ​ധ​വും പോ​രാ​ട്ട​വീ​ര്യ​വും കെ​ട്ട​ഴി​ച്ചു വി​ടു​ക എ​ന്ന​തും. ഈ ​ദി​ശ​യി​ൽ ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​ലേ​റെ​യാ​യി എ.​എ​ൻ.​എം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന പ​രി​ണാ​മ​മാ​യി​രു​ന്നു ദ​ലി​ത് ഐ​ക്യ​സ​മി​തി.

 

ജാ​തി/​മ​ത സാ​മു​ദാ​യി​ക​ത​യു​ടെ​യും ദേ​ശീ​യ​ത​യു​ടെ​യും വ​ർ​ഗ​ബോ​ധ​ത്തി​ന്റെ​യും ത​ല​ങ്ങ​ളി​ൽ നി​ർ​മി​ച്ചെ​ടു​ത്ത കേ​ര​ളം ജാ​തി​ജ​ന്യ​മാ​യി ദ​ലി​ത​ർ നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു നേ​രെ മു​ഖം തി​രി​ച്ചു. കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ ച​ല​ന​ങ്ങ​ൾ​ക്കി​ട​യി​ൽ രാ​ഷ്ട്രീ​യാ​ധി​കാ​ര​ത്തി​ൽത​ന്നെ​യാ​ണ് ദ​ലി​ത​രും പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​ത്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യൊ​രു രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​ന് അ​ത് സ്വ​ാഭാ​വി​ക​മാ​യി​രു​ന്നു. അ​തി​ന​വ​ർ​ക്ക് ആ​ശ്ര​യ​മാ​യി​ത്തീ​ർ​ന്ന​ത് സം​വ​ര​ണ​വും. ദേ​ശീ​യ സ​മ​ര​ത്തി​ലൂ​ടെ​യും വ​ർ​ഗ​സ​മ​ര​ത്തി​ലൂ​ടെ​യും ഉ​യ​ർ​ന്നു​വ​ന്ന കേ​ര​ള​ത്തി​ന്റെ പൊ​തു​രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ലാ​ണ​വ​ർ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ച​ത്.

ചാ​ത്ത​ൻ മാ​സ്റ്റ​റെപോ​ലു​ള്ള ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ​യും കെ.​കെ. മാ​ധ​വ​ൻ മാ​സ്റ്റ​റെപോ​ലു​ള്ള കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ​യും ഒ​രു​നി​ര​ത​ന്നെ ദ​ലി​ത​ർ​ക്കി​ട​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. അ​യ്യ​ൻ​കാ​ളി​യെ പോ​ലു​ള്ള​വ​ർ സ്വ​പ്നം​ക​ണ്ട ബി.എ​ക്കാ​രാ​യി​രു​ന്നു അ​വ​ർ. എ​ന്നാ​ൽ, ഇ​ത്ത​ര​ക്കാ​രി​ലൂ​ടെ ന​വോ​ത്ഥാ​ന​കാ​ലം അ​വ​ർ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന സാ​മൂ​ഹി​ക ഭാ​വ​ന​ക​ളോ രാ​ഷ്ട്രീ​യധാ​ർ​മി​ക​ത​യോ ഒ​ട്ടും​ത​ന്നെ മു​ന്നോ​ട്ടു​പോ​യി​ല്ല. രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ലെ ദ​ലി​ത് വി​ധേ​യ​ത്വ​മാ​യി മാ​റു​ക​യാ​ണ് ഇ​വ​ർ ചെ​യ്ത​ത്. ത​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​യ അം​ഗീ​കാ​ര​ങ്ങ​ളു​ടെ​യും പ​ദ​വി​ക​ളു​ടെ​യും വി​ശ്വാ​സ​ത്തി​ൽ ത​ന​താ​യ അസ്തിത്വംത​ന്നെ വി​സ്​​മ​രി​ക്കു​ന്ന നി​ല​യി​ലേ​ക്ക് ഇ​വ​ർ മാ​റു​ന്ന​താ​ണ് ക​ണ്ട​ത്. ദ​ലി​ത​ർ കോ​ൺ​ഗ്ര​സ്​/​ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളു​ടെ വോ​ട്ട് ബാ​ങ്കു​ക​ളു​മാ​യി പ്ര​ത്യേ​കി​ച്ചും ത​ങ്ങ​ളോ​ടേ​റെ ആ​ഭി​മു​ഖ്യം കാ​ണി​ച്ച ക​മ്യൂ​ണി​സ്റ്റ് പ്ര​സ്​​ഥാ​ന​ത്തി​ൽ അ​വ​ർ മോ​ച​ന​ത്തി​ന്റെ വ​ഴി​തേ​ടി.

എ​ന്നാ​ൽ, ജാ​തി​ര​ഹി​ത മി​ഥ്യ​യി​ൽ പ​ടു​ത്തു​യ​ർ​ത്ത​പ്പെ​ട്ട കേ​ര​ള​ത്തി​ലെ പൊ​തുപ്ര​സ്​​ഥാ​ന​ങ്ങ​ൾ​ക്ക് ദ​ലി​ത​ർ നേ​രി​ടു​ന്ന മൗ​ലി​ക​പ്ര​ശ്ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നാ​വി​ല്ലാ​യി​രു​ന്നു. ഈ ​യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​ഞ്ഞ​വ​ർ​ക്കി​ട​യി​ൽനി​ന്നാ​ണ് എ​ഴു​പ​തു​ക​ളി​ൽ ദ​ലി​ത് ചി​ന്ത രൂ​പം​കൊ​ള്ളു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യും എ​ന്നെ​പ്പോ​ലു​ള്ള​വ​ർ ന​ട​ത്തി​യ ക​മ്യൂ​ണി​സ്റ്റ് വി​മ​ർ​ശ​ന​ങ്ങ​ൾ ക​ട​ന്നു​പോ​ന്ന രാ​ഷ്ട്രീ​യ വ​ഴി​യി​ലെ ഇ​ത്ത​രം തി​രി​ച്ച​റി​വു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു. ആ​ധു​നി​ക വൈ​ജ്ഞാ​നി​ക മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് സ്വാ​യ​ത്ത​മാ​ക്കാ​നാ​യ അ​റി​വു​ക​ളോ​ടൊ​പ്പം ഡോ. ബി.ആ​ർ. അ​ബേ​ദ്ക​റു​ടെ മൗ​ലി​ക​മാ​യ ചി​ല ചി​ന്ത​ക​ളും അ​യ്യ​ൻ​കാ​ളി​യെ​പ്പോ​ലു​ള്ള​വ​ർ ന​ട​ത്തി​യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് വാ​യി​ച്ചെ​ടു​ത്ത വി​ചാ​ര​ങ്ങ​ളും വി​കാ​ര​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി​യാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​യാ​യ​ത്. ഇ​ട​മു​റി​ഞ്ഞു​പോ​യ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​നഃ​സ്​​ഥാ​പ​ന​വും തു​ട​ർ​ച്ച​യു​മാ​യി​രു​ന്നു അ​പ്പോ​ൾ മ​ന​സ്സി​ലും ചി​ന്ത​യി​ലും.

എ​ടു​ത്തു​പ​റ​യേ​ണ്ട ഒ​രു കാ​ര്യം ദ​ലി​ത് ഇ​ത​ര സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് പൗ​ര​സ​മ​ത്വ പ്ര​ക്ഷോ​ഭ​ത്തി​ന്റെ​യും നി​വ​ർ​ത്ത​ന പ്ര​ക്ഷോ​ഭ​ത്തി​ന്റെ​യും എ​ല്ലാം രാ​ഷ്ട്രീ​യ ആ​വി​ഷ്കാ​ര​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ൾ ‘സാ​ധു​ജ​നം’, ‘അ​ടി​മ​ക​ൾ’, ‘ചേ​ര​മ​ർ’ തു​ട​ങ്ങി​യ അ​യ്യ​ൻ​കാ​ളി​യു​ടെ​യും പൊ​യ്ക​യി​ൽ അ​പ്പ​ച്ച​ന്റെ​യും പാ​മ്പാ​ടി ജോ​ൺ ജോ​സ​ഫി​ന്റെ​യു​മെ​ല്ലാം കീ​ഴാ​ള സ​ങ്ക​ൽ​പ​ങ്ങ​ൾ പ്രാ​യോ​ഗി​ക വ്യാ​ഖ്യാ​ന സാ​ധ്യ​ത​ക​ളി​ല്ലാ​തെ ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യി എ​ന്ന​താ​ണ്. തു​ട​ർ​ന്ന്, സ്വീ​ക​രി​ക്ക​പ്പെ​ട്ട​ത് ഹ​രി​ജ​ന​ങ്ങ​ൾ, ഗി​രി​ജ​ന​ങ്ങ​ൾ, പ​ട്ടി​ക​ജാ​തി/പ​ട്ടി​ക​വ​ർ​ഗം എ​ന്നി​ങ്ങ​നെ രാ​ഷ്ട്രീ​യ-​ഭ​ര​ണ​രം​ഗ​ങ്ങ​ളി​ൽ വ്യ​വ​സ്​​ഥാ​പി​ത​മാ​യി​ത്തീ​ർ​ന്ന വ്യാ​ഖ്യാ​ന സാ​ധ്യ​ത​ക​ളി​ല്ലാ​ത്ത ചി​ല പ​രി​ക​ൽ​പ​ന​ക​ളാ​യി​രു​ന്നു. ക​ല്ല​റ സു​കു​മാ​ര​ൻ നേ​തൃ​ത്വം ന​ൽ​കി​യ ഹ​രി​ജ​ൻ ഫെ​ഡ​റേ​ഷ​ൻ​പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ ഇ​ത്ത​രം പ​രി​ക​ൽ​പ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നുവ​ന്ന​വ​യാ​ണ്.

1984 കേ​ര​ള ഹ​രി​ജ​ൻ ഫെ​ഡ​റേ​ഷ​ൻ ഇ​ന്ത്യ​ൻ ദ​ലി​ത് ഫെ​ഡ​റേ​ഷ​നാ​യി മാ​റു​മ്പോ​ൾ ‘ഹ​രി​ജ​ൻ ഫെ​ഡ​റേ​ഷ​ൻ’ എ​ന്ന സാ​മൂ​ഹി​ക സ​ങ്ക​ൽ​പ​ത്തി​ന് 34 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ല​ത്ത് ദ​ലി​ത​ർ അ​ടി​സ്​​ഥാ​ന​വ​ർ​ഗ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ക​യും അ​യ്യ​ൻ​കാ​ളി കാ​ർ​ഷി​ക വി​പ്ല​വ​ത്തി​ന്റെ പ്ര​തീ​ക​മാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ന​വോ​ത്ഥാ​നാ​ന​ന്ത​ര കേ​ര​ള​ത്തി​ന്റെ അ​ടി​ത്ത​ട്ടു​ക​ളി​ലെ ച​ല​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട മാ​ർ​ക്സി​യ​ൻ ചി​ന്ത​യു​ടെ​യും പ്ര​യോ​ഗ​ത്തി​ന്റെ​യും സ്വാ​ധീ​ന​മാ​യി​രു​ന്നു ഇ​ത്. ക​ല്ല​റ സു​കു​മാ​ര​നെ​പ്പോ​ലു​ള്ള​വ​രു​ടെ എ​ഴു​ത്തു​ക​ളി​ൽ മാ​ർ​ക്സി​യ​ൻ പ​ദാ​വ​ലി​ക​ൾ മാ​ത്ര​മ​ല്ല, വ​ർ​ഗ​സ​മ​ര സി​ദ്ധാ​ന്ത​ത്തി​ന്റെ​യും സോ​ഷ്യ​ലി​സ്റ്റ് വീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നു.

ഒ​രി​ക്ക​ലും വ​ർ​ഗ​സ​മ​ര​ത്തി​ന്റെ ച​ട്ട​ക്കൂ​ട് കൈ​വി​ടാ​ത്ത ആ​ളാ​യി​രു​ന്നു സീ​ഡി​യ​ൻ സ്​​ഥാ​പ​ക​രി​ലൊ​രാ​ളാ​യ കെ.​കെ.എ​സ്. ദാ​സ്. ബ്ലാ​ക്ക്പാ​ന്ത​ർ പ്ര​സ്​​ഥാ​ന​ത്തി​ന്റെ ചു​വ​ടു​പി​ടി​ച്ച് എ​ഴു​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ ദ​ലി​ത​ർ പാ​ന്ത​ർ പ്ര​സ്​​ഥാ​നം രൂ​പം​കൊ​ള്ളു​മ്പോ​ഴും ഇ​ത്ത​ര​മൊ​രു വ​ർ​ഗ​പ​ര​മാ​യ ചാ​യ്വ് ​ദൃ​ശ്യ​മാ​യി​രു​ന്നു. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ അം​ഗ​ങ്ങ​ളും ന​വ​ബു​ദ്ധി​സ്റ്റു​ക​ളും അ​ധ്വാ​നി​ക്കു​ന്ന വ​ർ​ഗ​വും ദ​രി​ദ്ര ക​ർ​ഷ​ക​രും സ്​​ത്രീ​ക​ളും സാ​മ്പ​ത്തി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും മ​ത​പ​ര​മാ​യും ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന​വ​രും ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ശാ​ല​മാ​യൊ​ര​ർ​ഥ​ത്തി​ലാ​ണ് ദ​ലിത് ​പ​ാന്തേ​ഴ്സ്​ ‘ദ​ലി​ത്’​സം നി​ർ​വ​ചി​ക്കു​ന്ന​ത്. ജാ​തി/​വ​ർ​ഗ ബ​ന്ധ​ങ്ങ​ളു​ടെ​യും സ്​​ത്രീ/​പു​രു​ഷ ബ​ന്ധ​ങ്ങ​ളു​ടെ​യു​മെ​ല്ലാം ഇ​ഴ​ചേ​ര​ലാ​യി​രു​ന്നു ഈ ​നി​ർ​വ​ച​നം.

 

അ​ധീ​ശ​ത്വ ലോ​ക​ത്തി​നെ​തി​രെ പോ​രാ​ടേ​ണ്ടി​വ​രു​ന്ന​വ​ർ ബ​ഹു​മു​ഖ​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ത്തേ​ണ്ടി​വ​രു​ന്ന​ത്. ദ​ലി​ത​രെ​പ്പോ​ലെ േശ്ര​ണീ​കൃ​ത​മാ​യൊ​രു വ്യ​വ​സ്​​ഥ​യു​ടെ കീ​ഴാ​ള ലോ​ക​ത്തു നി​ന്നാ​കു​മ്പോ​ൾ അ​തി​ന്റെ വി​താ​ന​ങ്ങ​ൾ പി​ന്നെ​യും വി​പു​ല​മാ​കു​ന്നു. മാ​ർ​ക്സി​നെ വ​ർ​ഗ​സ​മ​ര​ത്തി​ന്റെ മു​ഖ​ത്തു​കാ​ണു​മ്പോ​ൾ, കൊ​ളോ​ണി​യ​ൽ കാ​ല​ത്ത് ക​റു​ത്ത​വ​രു​ടെ ഉ​ൾ​ക്കാ​ഴ്ച​യാ​യി മാ​റി​യ ഫ്രാ​ൻ​സ്​ ഫാ​ന​നെ​ന്ന ധിഷ​ണാ​ശാ​ലി​യാ​യ വി​പ്ല​വ​കാ​രി​യെ നാം ​കാ​ണു​ന്ന​ത് വ​ർ​ഗ​ബ​ന്ധ​ങ്ങ​ളും വം​ശ​ബ​ന്ധ​ങ്ങ​ളും അ​ഴി​ച്ചു​പ​ണി​യു​ന്ന​വ​രു​ടെ നി​ര​യി​ലാ​ണ്. വെ​ളു​പ്പി​ന്റെ അ​ധീ​ശ​ലോ​ക​ത്ത് ക​റു​പ്പാ​ണ് സു​ന്ദ​ര​മെ​ന്ന് അ​വ​ർ വി​ളി​ച്ചു​പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​നാ​യ ഇ​മ്മാ​നു​വ​ൽ വാ​ല​ർ​സ്റ്റീ​ൻ ഫാ​ന​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത് ‘മാ​ർ​ക്സി​യ​ൻ േഫ്രാ​യി​ഡി​യ’​നെ​ന്നും ‘േഫ്രാ​യി​ഡി​യ​ൻ മാ​ർ​ക്സി​സ്റ്റ്’ എ​ന്നു​മാ​ണ്. വ​ർ​ഗ​സ​മ​ര​ത്തെ അ​വ​ർ​ക്ക് എ​ഴു​തി​ത്ത​ള്ളാ​നാ​വി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​ർ ഊ​ന്നി​യ​ത് വം​ശ​ബ​ന്ധ​ങ്ങ​ളി​ലാ​യി​രു​ന്നു. അ​റു​പ​തു​ക​ളി​ലും എ​ഴു​പ​തു​ക​ളി​ലും ബ്ലാ​ക്ക്പാ​ന്ത​ർ പ്ര​സ്​​ഥാ​നം ഉ​യ​ർ​ത്തി​വി​ട്ട പോ​രാ​ട്ട​മു​ഖ​ത്താ​ണ് വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ ന​ട​പ​ടി​ക​ളി​ലേ​ക്ക് (affirmative action) അ​മേ​രി​ക്ക നീ​ങ്ങി​യ​ത്. പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ങ്ങ​ളു​ടെ മു​ഖ​ത്ത് വെ​ടി​യേ​റ്റു​വീ​ണ മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കി​ങ്ങി​നെ പോ​ലു​ള്ള​വ​രു​ടെ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ​ക​ൾ അ​തി​ന്റെ പി​ന്നി​ലു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ല​ത്ത് ക​റു​ത്ത വി​പ്ല​വ​ത്തെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ലെ ദ​ലി​ത​രെ അ​റി​യി​ച്ച എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു പോ​ൾ ചി​റ​ക്ക​രോ​ട്. ജാ​തി​ബ​ന്ധ​ങ്ങ​ളി​ലെ വി​മോ​ച​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചാ​ണ് പോ​ൾ ചി​റ​ക്ക​രോ​ടി​നെ​പ്പോ​ലു​ള്ള​വ​ർ ചി​ന്തി​ച്ച​ത്.

തൊ​ണ്ണൂ​റു​ക​ളി​ലെ ദ​ലി​ത് പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ മു​ഖ്യ​മാ​യൊ​രൂ​ന്ന​ൽ പാ​ർ​ട്ടി രാ​ഷ്ട്രീ​യ​ത്തി​ലി​ല്ലാ​യി​രു​ന്നു. ദ​ലി​ത​ർ നേ​രി​ടു​ന്ന മൗ​ലി​കമാ​യ പ്ര​ശ്നം രാ​ഷ്ട്രീ​യ​മാ​ണെ​ന്ന തി​രി​ച്ച​റി​വാ​യി​രു​ന്നു അ​തി​നു കാ​ര​ണം. ദ​ലി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​യ​ണ​മെ​ങ്കി​ൽ രാ​ഷ്ട്രീ​യ​ാധി​കാ​രം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന​ത് ഡോ. ​ബി.ആ​ർ. അം​ബേ​ദ്ക​റു​ടെ നി​ല​പാ​ടാ​യി​രു​ന്നു. അ​തി​നാ​യി അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ ലേ​ബ​ർ പാ​ർ​ട്ടി​യും ’56ൽ ​റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ​യും രൂ​പവത്ക​രി​ച്ചു. 1984 ൽ ഐ.എൽ.പി ​രൂ​പവത്ക​രി​ച്ചു​കൊ​ണ്ടാ​ണ് ക​ല്ല​റ സു​കു​മാ​ര​ൻ ഇ​ത്ത​രം പ്ര​ക്രി​യ​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. 1989ൽ ​ഐ.​എ​ൽ.​പി, ബി.​എ​സ്.​പി​യി​ൽ ല​യി​ക്കു​മ്പോ​ൾ, ദേ​ശീ​യ​മാ​യി ദ​ലി​ത​ർ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന അ​ധി​കാ​ര രാ​ഷ്ട്രീ​യ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​തു​മാ​റി.

എ​ൺ​പ​തു​ക​ളു​ടെ ര​ണ്ടാം പ​കു​തി​യി​ൽ സീ​ഡി​യ​ൻ സ​ർ​വി​സ്​ സൊ​സൈ​റ്റി​യി​ലൂ​ടെ ദ​ലി​ത് പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന കെ.കെ. കൊ​ച്ചി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 1994 ഏ​പ്രി​ൽ 14ന് ​ദ​ലി​ത് (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ) ഏ​കോ​പ​ന സ​മി​തി ദ​ലി​തു​ക​ൾ രൂപവത്കരി​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് രൂ​പം​കൊ​ടു​ത്തു. പാ​ർ​ട്ടി​യു​ടെ അ​ടി​സ്​​ഥാ​നത​ത്ത്വമാ​യി ഐ.​ഡി.​പി മു​ന്നോ​ട്ടു​വെ​ച്ചത് ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ലി​സ​മാ​യി​രു​ന്നു. 1995ൽ ​കെ.കെ. ​കൊ​ച്ച് ഫെ​ഡ​റ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. ദ​ലി​ത് ഏ​കോ​പ​ന​ സ​മി​തി സം​സ്​​ഥാ​ന ക​ൺ​വീ​ന​ർ എ​ന്ന നി​ല​യി​ൽ ഈ ​സ​മ​യ​ത്ത് പി. ​ശ​ശി​കു​മാ​ർ എ​നി​ക്ക​യ​ച്ചൊ​രു ക​ത്തി​ൽ 1995 ഏ​പ്രി​ൽ ര​ണ്ടാം വാ​ര​ത്തി​ൽ എ​റ​ണാ​കു​ള​ത്തു​​െവ​ച്ച് ദ​ലി​ത് സ​മു​ദാ​യ സം​സ്​​ഥാ​ന ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കു​ക​യാ​ണെ​ന്ന​റി​യി​ച്ചി​രു​ന്നു. ‘ഇ​ന്ന് പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ലൂ​ടെ രാ​ഷ്ട്രീ​യ​മാ​യി ഏ​കീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രും എ​ന്നാ​ൽ, സാ​മു​ദാ​യി​ക​മാ​യി ഇ​നി​യും ഐ​ക്യ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​വ​രു​മാ​യ കേ​ര​ള​ത്തി​ലെ 68 ജാ​തിവി​ഭാ​ഗ​ങ്ങ​ളെ ഒ​രൊ​റ്റ സ​മു​ദാ​യ​മാ​യും അ​വ​ർ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഏ​താ​ണ്ട് 800ഓ​ളം ജാ​തി/​ഉ​പ​ജാ​തി സം​ഘ​ട​ന​ക​ളെ ഒ​രൊ​റ്റ സ​മു​ദാ​യ​മാ​യും ഏ​കോ​പി​ക്കു​ക​യാ​ണ് ക​ൺ​വെ​ൻ​ഷ​ന്റെ ല​ക്ഷ്യ​മെ​ന്നാ​ണ് അ​ദ്ദേ​ഹം എ​ഴു​തി​യി​രു​ന്ന​ത്. ബി.​സി.​സി.​എ​ഫ് നേ​താ​വാ​യി​രു​ന്ന വി.​സി. ജോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 1998ൽ ​സോ​ഷ്യ​ൽ ജ​സ്റ്റിസ്​ പാ​ർ​ട്ടി നി​ല​വി​ലു​ണ്ട്.

പ​ട്ടി​ക​ജാ​തി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ ഫെ​ഡ​റേ​ഷ​ന്റെ​യും നേ​താ​വാ​യി​രു​ന്ന അ​ഡ്വ. കെ.വി. കു​മാ​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യ​ട​ക്കം ഇ​ക്കാ​ല​ത്ത് മ​റ്റു​ചി​ല പാ​ർ​ട്ടി​ക​ളും നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. ചു​രു​ക്ക​ത്തി​ൽ ദ​ലി​ത​ർ​ക്കി​ട​യി​ൽ പാ​ർ​ട്ടി രാ​ഷ്ട്രീ​യം മു​ഖ്യ പ്ര​വ​ർ​ത്ത​നമാ​യി നി​ല​നി​ന്നൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദ​ലി​ത് ഐ​ക്യ​സ​മി​തി സാ​മു​ദാ​യി​ക രാ​ഷ്ട്രീ​യം ഉ​ന്ന​യി​ച്ച​ത്.

ന​വോ​ത്ഥാ​ന​ാനന്ത​ര കേ​ര​ള​ത്തി​ലെ സാ​മൂ​ഹിക ബ​ന്ധ​ങ്ങ​ളു​ടെ പു​ന​ർനി​ർ​മി​തി​യി​ലാ​യി​രു​ന്നു സ​മു​ദാ​യ രാ​ഷ്ട്രീ​യം ഉ​യ​ർ​ന്നു​വ​ന്ന​ത്. പാ​ർ​ട്ടി രാ​ഷ്ട്രീ​യം ദ​ലി​ത​ർ​മാ​ത്ര​മു​ള്ള ഒ​രു സ്​​ഥ​ല​മ​ല്ലാ​താ​കു​മ്പോ​ൾ സ​മു​ദാ​യ രാ​ഷ്ട്രീ​യം ദ​ലി​ത​ർ മാ​ത്ര​മു​ള്ള ഒ​രു സ്​​ഥ​ല​മാ​യി വി​ഭാ​വ​നം ചെ​യ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ സാ​മു​ദാ​യി​ക രാ​ഷ്ട്രീ​യ ബ​ല​ത​ന്ത്ര​ത്തി​നു​ള്ളി​ൽ സ്വ​ന്തം ഇ​ടം കാ​ണാ​നാ​വാ​തെ​പോ​യ ഒ​രു സ​മൂ​ഹ​ത്തി​ന്റെ പു​ന​രാ​വി​ഷ്കാ​ര​മാ​യി​രു​ന്നു ഇ​തി​ലൂ​ടെ ഉ​ന്നംവെ​ച്ച​തും. ദ​ലി​ത് മു​ഖ​മി​ല്ലാ​ത്ത കേ​ര​ള​ത്തി​ന്റെ അ​സ്​​ത​മ​യവും ‘സാ​ധു​ജ​നം’ ‘അ​ടി​മ​ക​ൾ’ ‘ചേ​ര​മ​ർ’ തു​ട​ങ്ങി​യ ന​വോ​ത്ഥാ​ന​കാ​ല ദ​ലി​ത് ഉ​ൾ​ക്കാ​ഴ്ച​ക​ളെ ച​രി​ത്ര സാം​സ്​​കാ​രി​ക ബ​ന്ധ​ങ്ങ​ളു​ടെ ബ​ലി​ഷ്ഠ​മാ​യ ശി​ല​ക​ളി​ൽ ഉ​റ​പ്പി​ച്ചു​കൊ​ണ്ടും അ​വ​ർ​ക്ക് പു​തു​വ്യാ​ഖ്യാ​നം ന​ൽ​കി​ക്കൊ​ണ്ടു​മാ​ണ് ഈ ​ശ്ര​മം പു​ന​രാ​രം​ഭി​ച്ച​ത്.

ശി​ഥി​ലീ​ക​രി​ക്ക​പ്പെ​ട്ട​വ​ർ, ത​ക​ർ​ക്ക​പ്പെ​ട്ട​വ​ർ, അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​ർ എ​ന്നെ​ല്ലാം അ​ർ​ഥ​മു​ള്ള ദ​ലി​ത് പ്ര​യോ​ഗ​ത്തെ ദാ​സ​ന്മാ​ർ, ദ​സ്യുക്ക​ൾ, രാ​ക്ഷ​സ​ന്മാ​ർ, കി​രാ​ത​ന്മാ​ർ, അ​സു​ര​ന്മാ​ർ, നി​ഷാ​ദ​ർ, മ്ലേ​ച്ഛർ, ച​ണ്ടാ​ല​ന്മാ​ർ, അ​വ​ർ​ണ​ർ, ജാ​തി​ഭ്ര​ഷ്​​ട​ർ, പി​ന്നാ​ക്ക​ക്കാ​ർ, അ​യി​ത്ത​ജാ​തി​ക​ൾ, ഹ​രി​ജ​ന​ങ്ങ​ൾ, ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ, അ​ധഃ​സ്​​ഥി​ത​ർ, പ​ട്ടിക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ എ​ന്നി​ങ്ങ​നെ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ന്റെ​യും സം​സ്​​കാ​ര​ത്തി​ന്റെ​യും ആ​ഴ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചു. കെ​ട്ടി​യേ​ൽപിക്ക​പ്പെ​ട്ട​തും നി​ന്ദാ​സൂ​ച​ക​വും മ​താ​ത്മ​ക​വും അ​ക്ര​മോ​ത്സുക​വു​മാ​യ അ​ധീ​ശ​ത്വ​ലോ​ക​ത്തെ ധ്വ​നി​പ്പി​ക്കു​ന്ന മേ​ലാ​ള ഭാ​ഷ്യ​ങ്ങ​ളാ​യി​രു​ന്നു ഇ​തി​ലേ​റെ​യും. ഈ ​അ​ധീ​ശ​ത്വ​ലോ​ക​ത്തെ പ്ര​തി​സ്​​ഥാ​പി​ച്ചു​കൊ​ണ്ട്, ത​ങ്ങ​ളു​ടേ​താ​യ ഭാ​ഷ​ക​ളും ജീ​വി​ത​രീ​തി​ക​ളും ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും മ​ത​സ​ങ്ക​ൽപങ്ങ​ളും ത​ന​താ​യ​ ഒര​സ്തിത്വ​വു​മു​ള്ള ജ​ന​ത ത​ങ്ങ​ൾ​ക്കാ​യി സ്വ​യം തി​ര​ഞ്ഞെ​ടു​ത്തൊ​രു സം​ബോ​ധ​ന​യാ​യി​രു​ന്നു ദ​ലി​ത്. കേ​ര​ള​ത്തി​ലെ പ​ട്ടി​ക​ജാ​തി–​പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​യ ഹി​ന്ദു​ക്ക​ളെ​യും ൈക്ര​സ്​​ത​വ​രെ​യും അ​ഥ​വാ അ​ധഃ​സ്​​ഥി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യു​മാ​ണ് ഇ​വി​ടെ ദ​ലി​ത് എ​ന്ന പ​ദം​കൊ​ണ്ട് അ​ർ​ഥമാ​ക്കി​യ​ത്.

അ​തു​പോ​ലെ​ത​ന്നെ, ഗോ​ത്രം, ജാ​തി, മ​ത​ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി കേ​ര​ള​ത്തി​ലെ 20 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ഒ​രു ജ​ന​സ​മൂ​ഹ​ത്തെ സാ​മു​ദാ​യി​ക രാ​ഷ്ട്രീ​യ ഘ​ട​ക​മാ​ക്കി മാ​റ്റി​ത്തീ​ർ​ക്കേ​ണ്ട​തി​ലേ​ക്കാ​യി ഒ​രു സാ​മൂ​ഹിക (സാ​മു​ദാ​യി​ക) രാ​ഷ്ട്രീ​യ ഐ​ക്യം എ​ന്ന നി​ല​യി​ലാ​ണ് ദ​ലി​ത് എ​ന്ന പ​ദം പ്ര​യോ​ഗി​ക്കു​ന്ന​ത് എ​ന്ന് ദ​ലി​ത് ഐ​ക്യ​സ​മി​തി ന​യ​പ്ര​ഖ്യാ​പ​ന​രേ​ഖ വ്യ​ക്തമാ​ക്കി. സു​പ്ര​ധാ​ന​മാ​യൊ​രു കാ​ര്യം, എ​ന്തു​കൊ​ണ്ട് ദ​ലി​ത​ർ ഐ​ക്യ​പ്പെ​ടുന്നി​ല്ല എ​ന്ന​തി​ന് വ്യ​ക്ത​മാ​യ ചി​ല​ കാ​ര​ണ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടാ​നാ​യി എ​ന്ന​താ​ണ്. ജാ​തി/​ഉ​പ​ജാ​തി​ചി​ന്ത​ക​ളും മ​ത/​രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ങ്ങ​ളും സം​ഘ​ട​നാ ബാ​ഹു​ല്യ​വു​മാ​ണ് ദ​ലി​ത് ഐ​ക്യ​ത്തി​ന് മു​ഖ്യ​ത​ടസ്സ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ട​ത്. ന​വോ​ത്ഥാ​ന മു​ഖ​ത്തുനി​ന്ന് കീ​ഴാ​ള​രെ​യെ​ന്ന​പോ​ലെ സ​മൂ​ഹ​ത്തെ​യാ​കെ ച​ലി​പ്പി​ച്ച എ​സ്.​എ​ൻ.​ഡി.​പി പ്ര​സ്​​ഥാ​നം ഈ​ഴ​വ​വ​ത്ക​ര​ണ​ത്തി​നും സാ​ധു​ജ​ന​പ​രി​പാ​ല​ന സം​ഘം​ പു​ല​യ​വ​ത്ക​ര​ണ​ത്തി​നും വി​ധേ​യ​മാ​യി​ത്തീ​രു​ന്ന​ത് പി​ൽ​ക്കാ​ല ​ച​രി​ത്രം.

സാ​ധു​ജ​ന​ പ​രി​പാ​ല​ന സം​ഘ​ത്തി​ന്റെ മാ​തൃ​ക​യി​ൽ 1906ൽ ​പൊ​യ്ക​യി​ൽ അ​പ്പ​ച്ച​ൻ സ്​​ഥാ​പി​ച്ച പ്ര​ത്യ​ക്ഷ ​ര​ക്ഷാസ​ഭക്കും പാ​മ്പാ​ടി ജോ​ൺ ജോ​സ​ഫ് 1921ൽ ​സ്​​ഥാ​പി​ച്ച ചേ​ര​മ​ർ മ​ഹാ​സ​ഭക്കും പി​ന്നാ​ലെ കേ​ര​ള​ത്തി​ലെ ദ​ലി​ത​ർ​ക്കി​ട​യി​ൽ രൂ​പം​കൊ​ണ്ട സം​ഘ​ന​ക​ളെ​ല്ലാം സ്വ​ജാ​തി സം​ഘ​ട​ന​ക​ളാ​യി​രു​ന്നു. തി​രു​വി​താം​കൂ​ർ പ​റ​യ​ മ​ഹാ​സ​ഭ, സി​ദ്ധ​നാ​ർ ​സ​ർവി​സ്​ സൊ​സൈ​റ്റി, സാം​ബ​വ മ​ഹാ​സ​ഭ, കൊ​ച്ചി ​പ​റ​യ​ മ​ഹാ​സ​ഭ, അ​ഖി​ല​ തി​രു​വി​താം​കൂ​ർ മ​ല​യ​ര​യ മ​ഹാ​സ​ഭ, കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ എ​ന്നി​ങ്ങ​നെ നീ​ണ്ടു​പോ​കു​ന്ന ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളുടെ​യും ചേ​ര​മ​ർ ക്രി​സ്​​ത്യ​ൻ ​സം​ഘം, സാം​ബ​വ​ർ ക്രി​സ്​​ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, കു​റ​വ​ർ ക്രി​സ്​​ത്യ​ൻ മ​ഹാ​സ​ഭ എ​ന്നി​ങ്ങ​നെ ക്രി​സ്​​ത്യ​ൻ സം​ഘ​ട​ന​ക​ളുടെയും​ വ​ലി​യൊ​രു​ നി​ര​യാ​യി​രു​ന്നു ഇ​ത്. ജ​നാ​ധി​പ​ത്യാ​ധി​ഷ്ഠി​ത​മാ​യി​ത്തീ​ർ​ന്ന എ​സ്.​എ​ൻ.​ഡി.​പി പ്ര​സ്​​ഥാ​ന​ത്തോ​ട് നാ​രാ​യ​ണ​ ഗു​രു​വി​ന് വി​ട​പ​റ​യേ​ണ്ടി​വ​ന്ന ​കാ​ലം ന​വോ​ത്ഥാ​ന പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ അ​പ​ച​യ​കാ​ലം. എ​ന്നാ​ലി​ത് ആ​ധു​നി​ക കേ​ര​ള​ത്തെ നി​ർ​ണാ​യ​ക​മാ​യി ച​ലി​പ്പി​ച്ച സാ​മു​ദാ​യി​ക രാ​ഷ്ട്രീ​യ ച​ല​ന​ങ്ങ​ളു​ടെ കാ​ല​വുമാ​യി​രു​ന്നു.

ന​വോ​ത്ഥാന​ാന​ന്ത​ര സാ​മൂ​ഹിക ​രാ​ഷ്ട്രീ​യ ച​ല​ന​ങ്ങ​ളി​ലെ നി​ർ​ണാ​യ​ക​മാ​യൊ​രു ദ​ലി​താ​നു​ഭ​വം നാ​യ​ർ/​ഈ​ഴ​വ സ​മു​ദാ​യ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​നി​ന്നി​രു​ന്ന ജാ​തി/​ഉ​പ​ജാ​തി ചി​ന്ത​ക​ളെ​യും ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളെ​യും മ​റി​ക​ട​ന്ന് ൈക്ര​സ്​​ത​വ, മുസ്‍ലിം സ​മൂ​ഹ​ങ്ങ​ളെ​പോ​ലെ സം​ഘ​ടി​ത സ​മു​ദാ​യ​ങ്ങ​ളാ​യി മാ​റി​യ​പ്പോ​ൾ അ​ത്ത​ര​മൊ​രു പ്ര​ക്രി​യ​യി​ലേ​ക്ക് ക​ട​ന്നു​വ​രാ​ൻ ദ​ലി​ത​ർ​ക്ക് ക​ഴി​യാ​തെ​പോ​യി ​എ​ന്ന​താ​ണ്. ത​ന്മൂ​ലം ആ​ധു​നി​ക കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യ ​ഘ​ട​ന​യെ നി​ർ​ണാ​യ​ക​മാ​യി സ്വാ​ധീ​നി​ച്ച മു​പ്പ​തു​ക​ളി​ലെ നി​വ​ർ​ത്ത​ന പ്ര​ക്ഷോ​ഭ​ത്തി​ൽ അ​വ​ർ വെ​റും കാ​ഴ്ച​ക്കാ​ർ മാ​ത്ര​മാ​യി.

ജാ​തി​വ​ത്ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്ക​പ്പെ​ട്ട ഒ​രു സ​മൂ​ഹ​ത്തി​ന്റെ ദു​ര്യോ​ഗ​മാ​യി​രു​ന്നു ഇ​ത്. ദ​ലി​ത് ഐ​ക്യ​സ​മി​തി ന​യ​പ്ര​ഖ്യാ​പ​ന​രേ​ഖ​യി​ൽ പ​റ​യു​ന്ന​തു​പോ​ലെ ഗോ​ത്ര​സ്​​മൃ​തി​ക​ൾ അ​യ​വി​റ​ക്കു​ക​യും ശു​ദ്ധാ​ശു​ദ്ധ സ​ങ്ക​ൽപ​ങ്ങ​ൾ നി​ല​നി​ർ​ത്തു​ക​യും വൈ​വാ​ഹി​ക ബ​ന്ധ​ങ്ങ​ൾ പ​ര​സ്​​പ​രം വി​ല​ക്കു​ക​യും വേ​റി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു​കൂ​ട്ടം ജാ​തി​ക​ളു​ടെ​യും ഉ​പ​ജാ​തി​ക​ളു​ടെ​യും സ​മു​ച്ച​യ​മാ​യി ദ​ലി​ത​ർ നി​ല​നി​ന്നു. ഇ​ക്കാ​ല​ത്ത് അ​വ​ർ​ക്കി​ട​യി​ൽ ത​ന​താ​യി ന​ട​ന്ന ഏ​ക ​പ്ര​വ​ർ​ത്ത​നം ജാ​തി നി​ർ​മാ​ണ​മാ​യി​രു​ന്നു. ഏ​തെ​ങ്കി​ലു​മൊ​രു ജാ​തി​യി​ൽ ജ​നി​ക്കു​ന്ന​തു​കൊ​ണ്ട് ജ​ന്മ​സ​ഹ​ജ​മാ​യ വൈ​കാ​രി​ക​ത​യി​ൽ ഊ​ന്നി​യ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം ന​വോ​ത്ഥാ​ന​കാ​ലം ന​ൽ​കി​യ മ​ഹ​ത്താ​യ സം​ഭാ​വ​ന, വി​ദ്യ​യും മ​റ്റ് വി​ഭ​വ​ങ്ങ​ളും അ​തി​നാ​യി വി​നി​യോ​ഗി​ച്ചു. എ​ന്നി​ട്ടോ ക​ട​ന്ന​ലു​ക​ളെ​പോ​ലെ അ​വ​ർ ജാ​തി​വ്യ​വ​സ്​​ഥ​യു​ടെ അ​ടി​ത്ത​ട്ടി​ൽ സ്വ​ന്തം അ​റ​ക​ളു​ണ്ടാ​ക്കി അ​തി​ൽ മൗ​നി​ക​ളാ​യി.

 

ഈ ​സ്​​ഥി​തി നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ ഒ​രു ലോ​ക​വീ​ക്ഷ​ണ​വും പ്ര​ത്യ​യ​ശാ​സ്​​ത്ര സ​മീ​പ​ന​വും ദ​ലി​ത​ർ​ക്കി​ട​യി​ൽ നി​ര​ന്ത​രം പു​ന​രു​ൽപാ​ദി​പ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു. ഒ​രി​ക്ക​ലും മാ​റ്റ​മി​ല്ലാ​ത്ത​തും ആ​രി​ലും മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​യൊ​രു സ്​​ഥാ​പ​ന​മാ​യി ജാ​തി​യെ നോ​ക്കി​ക്കാ​ണു​ക​യും സ്വ​ജാ​തി​യു​ടെ ആ​ദ​ർ​ശ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യും മ​ഹ​ത്വ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യും ചു​റ്റു​മു​ള്ള സ​മാ​ന​ജാ​തി​ക​ളെ മേ​ലാ​ള​ഭാ​വ​ത്തി​ൽ പ​രി​ഹ​സി​ക്കു​ക​യും പു​ച്ഛി​ക്കു​ക​യും ചെ​യ്യു​ന്നു. സ്വ​ജാ​തി​യി​ൽ​പെ​ടു​ന്ന​വ​രു​ടെ സു​ഖ​ത്തി​ലും ദുഃ​ഖ​ത്തി​ലും പ​ങ്കാ​ളി​യാ​വു​ക​യും മ​റ്റ് ജാ​തി​ക​ളി​ൽ പെ​ടു​ന്ന​വ​രോ​ട് അ​ക​ൽ​ച്ച​യും വെ​റു​പ്പും ശ​ത്രു​ത​യും മ​ന​സ്സി​ലൊ​ളി​പ്പി​ച്ച് ജീ​വി​ക്കേ​ണ്ടി​വ​രുക​യും ചെ​യ്യു​ന്ന, ജാ​തി​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന മ​നു​ഷ്യ​വി​രു​ദ്ധ​മാ​യ ദു​ര​വ​സ്​​ഥ​യാ​ണി​ത്. പ്രാ​യോ​ഗി​ക പ്ര​വ​ർ​ത്ത​ങ്ങ​ളോ​ടൊ​പ്പം ദാ​ർ​ശ​നി​ക​വും പ്ര​ത്യ​യ​ശാ​സ്​​ത്ര​പ​ര​വു​മാ​യ ബ​ദ​ൽ​ചി​ന്ത​ക​ളും പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ച്ചു​കൊ​ണ്ടേ ഈ ​സ്​​ഥി​തി മാ​റ്റാ​നാ​കു​മാ​യി​​രുന്നു​ള്ളൂ. ദ​ലി​ത് ഐ​ക്യം നേ​രി​ടു​ന്ന മ​റ്റൊ​രു മു​ഖ്യ​മാ​യ വെ​ല്ലു​വി​ളി ‘അ​വ​ർ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന മ​ത​പ​ര​മാ​യ ഭി​ന്ന​ത​യാ​ണ്. ഹി​ന്ദു​ക്ക​ളും ക്രി​സ്​​ത്യാ​നി​ക​ളു​മെ​ന്ന നി​ല​യി​ൽ പ്ര​ബ​ല​മാ​യ ര​ണ്ടു​ മ​ത​ങ്ങ​ളി​ലാ​യി അ​വ​ർ വേ​ർ​പി​രി​ഞ്ഞു നി​ൽ​ക്കു​ന്നു.’

ത​ങ്ങ​ളു​ടേ​താ​യ ദൈ​വ​സ​ങ്കൽപ​ങ്ങ​ളും ആ​രാ​ധ​നാ​ക്ര​മ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്ന ദ​ലി​ത​രെ ഹി​ന്ദു​വ​ത്ക​ര​ണ​ത്തി​നും ൈക്ര​സ്​​ത​വ​വ​ത്ക​ര​ണ​ത്തി​നും വി​ധേ​യ​മാ​ക്കു​ക​യും ഭി​ന്നി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന​താ​യി​രു​ന്നു ഹി​ന്ദു-​ക്രി​സ്​​ത്യ​ൻ മ​ത​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​ന്റെ ഫ​ലം. മ​താ​ത്മ​ക​മാ​യ ഈ ​കൈയേറ്റ​ത്തെ ചെ​റു​ത്തു​നി​ൽ​ക്കു​ന്ന​തി​ന് ശേ​ഷി ന​ഷ്​​ട​പ്പെ​ട്ട ദ​ലി​ത​ർ ത​ങ്ങ​ൾ​ക്ക​ന്യ​മാ​യ വി​ശ്വാ​സ​ങ്ങ​ളു​ടെ പേ​രി​ൽ ര​ക്ത​ബ​ന്ധു​ക്ക​ളെ പ​ര​സ്​​പ​രം പ​ഴി​ക്കു​ക​യും വി​ദ്വേ​ഷ​ത്തി​ൽ ജീ​വി​ക്കു​ക​യും ചെ​യ്യു​ന്നു. ഹി​ന്ദു-​ക്രി​സ്​​ത്യ​ൻ വി​കാ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചു​കൊ​ണ്ട് ജാ​തി​പീ​ഡ​ന​ങ്ങ​ൾ മ​റ​ച്ചു​വെക്കാ​നും സ​വ​ർ​ണാ​ധി​പ​ത്യം നി​ല​നി​ർ​ത്താ​നു​മാ​ണ് ര​ണ്ടു മ​ത​ങ്ങ​ളി​ലെ​യും പൗ​രോ​ഹി​ത്യ നേ​തൃ​ത്വ​ങ്ങ​ൾ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഈ ​സ്​​ഥി​തിവി​ശേ​ഷ​ത്തെ നേ​രി​ടു​ന്ന​തി​നാ​യി ഐ​ക്യ​സ​മി​തി അ​വ​യി​ൽ ഇ​ങ്ങ​നെ പ​റ​യു​ന്നു: ‘മ​ത​പ​ര​മാ​യ സ്​​പ​ർധ പു​ല​ർ​ത്താ​തി​രി​ക്കു​ക​യും ഏ​തു മ​ത​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും ദ​ലി​ത​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്ന ബോ​ധം വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രുക​യും ചെ​യ്യു​ക’. ഒ​പ്പം മ​ത​ത്തോ​ടു​ത​ന്നെ​യു​ള്ള ഒ​രു സ​മീ​പ​ന​വും വ​ള​ർ​ത്തിക്കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ട്. ‘ഏ​തു​ത​ര​ത്തി​ലു​ള്ള പൗ​രോ​ഹി​ത്യാ​ധി​പ​ത്യ​ത്തെ​യും എ​തി​ർ​ക്കു​ക​യും സ​ഹി​ഷ്ണു​ത​യും യു​ക്തി​ബോ​ധ​വും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നൊ​രു മ​ത​സ​ങ്ക​ൽപ​ന​ത്തി​നേ ദ​ലി​ത് ഐ​ക്യ​ത്തെ സ​ഹാ​യി​ക്കാ​നാ​കൂ’.

ദ​ലി​ത​രെ ഭി​ന്നി​പ്പി​ച്ചു​നി​ർ​ത്തു​ന്ന മ​റ്റൊ​രു ഘ​ട​കം രാ​ഷ്ട്രീ​യ​മാ​ണ്. ജ​നാ​ധി​പ​ത്യ ​കേ​ര​ളം നി​ർമി​ച്ചെ​ടു​ക്കു​ന്ന അ​ധി​കാ​ര​ത്തി​ന്റെ പൊ​തു​മ​ണ്ഡ​ല​മാ​ണി​ത്. ന​വോ​ത്ഥാ​നാ​ന​ന്ത​ര കാ​ല​ത്ത് ക​രു​ത്താ​ർജി​ച്ച സാമു​ദാ​യി​കാ​ടി​ത്ത​റ​യി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ രാ​ഷ്ട്രീ​യ​ പാ​ർ​ട്ടി​ക​ളി​ലൂ​ടെ​യും സാ​മു​ദാ​യി​ക സ​മ്മ​ർദ​ത്തി​ലൂ​ടെ​യു​മാ​ണ് സം​ഘ​ടി​ത​ സ​മു​ദാ​യ​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ന്റെ പൊ​തു​മ​ണ്ഡ​ല​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത്. ഭ​ര​ണ​കൂ​ട​ത്തെ അ​വ​ർ ത​ങ്ങ​ളു​ടെ താ​ൽപ​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യ രീ​തി​യി​ൽ ച​ലി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. എ​ന്നാ​ൽ, ഗോ​ത്ര​പ​ര​വും ജാ​തീ​യ​വും മ​ത​പ​ര​വു​മാ​യ കാ​ര​ണ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ അം​ഗ​സം​ഖ്യ​പോ​ലും നി​ജ​പ്പെ​ടു​ത്താ​നാ​വാ​ത്ത ദുഃ​സ്​​ഥി​തി​യി​ലാ​ണ് കേ​ര​ള​ത്തി​ലെ 20 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ദ​ലി​ത​ർ.

(തുടരും)

Tags:    
News Summary - km salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.