ആദിവാസികളുടെ ഭൂമി, സ്വയംഭരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന സമരങ്ങളെയും ആദിവാസി ഏകോപന സമിതിയിലുണ്ടായ ഭിന്നിപ്പുകളെയും കുറിച്ച് എഴുതുന്നു.
ചെറിയ പ്രലോഭനങ്ങൾക്കുപോലും വിധേയരാകുന്നവരും മുകളിൽനിന്നുള്ള രക്ഷകരെ കൈയൊഴിയാൻ വിസമ്മതിക്കുന്നവരുമായ നേതാക്കൾ ഒരു പീഡിത സമൂഹത്തിന് ഭൂഷണമല്ല. ദൃശ്യമായ ചില സാമൂഹിക ചലനങ്ങളെ മുൻനിർത്തി കക്ഷിരാഷ്ട്രീയത്തിന്റെയും എൻ.ജി.ഒ ബന്ധങ്ങളുടെയുമെല്ലാം അപ്പുറത്ത് സ്വതന്ത്രവും സ്വാശ്രിതവുമായ ചില സാമൂഹിക സങ്കൽപങ്ങൾ ഉണ്ടാകാനും അവയുടെ അടിസ്ഥാനത്തിൽ കേരളീയ പൊതുസമൂഹത്തിലേക്ക് പ്രവേശിക്കാനുമായിരുന്നു എന്നെപ്പോലുള്ളവർ ചിന്തിച്ചത്.
ചുരുങ്ങിയപക്ഷം നിഷ്ക്രിയവും വിരസവുമായ ജീവിതാവസ്ഥയെ എങ്കിലും ഭേദിക്കുക. പരിമിതമായ തോതിലാണെങ്കിലും ആദിവാസികൾക്കിടയിൽ സൃഷ്ടിക്കാൻ കഴിഞ്ഞ ഉണർവിന്റെയും ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനം ഇതായിരുന്നു. എന്നാൽ, ഇത് തിരിച്ചറിയുന്നവരുടെ എണ്ണം വളരെ പരിമിതമായിരുന്നു, ഇല്ലായിരുന്നുവെന്നുതന്നെ പറയാം. തന്മൂലം ഒന്നിച്ചുനീങ്ങാനുള്ള ആദിവാസി മോഹത്തെ ആർക്കുവേണമെങ്കിലും തടസ്സപ്പെടുത്താമായിരുന്നു. ശിഥിലമായൊരു ജീവിതമായിരുന്നു അവരുടെ വിധി.
ഈ ദുരവസ്ഥയിൽ ഇടപെടാൻ കഴിയണമെങ്കിൽ തത്ത്വാധിഷ്ഠിതവും താരതമ്യേന കെട്ടുറപ്പുള്ളതുമായൊരു സംഘടനാ സംവിധാനമായി ഏകോപനസമിതി മാറേണ്ടതുണ്ടെന്ന് വിലയിരുത്തപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ വ്യക്തമായൊരു കാഴ്ചപ്പാടും പരിപാടിയുമില്ലെങ്കിലും പ്രായോഗികമായൊരു സമീപനവും മുന്നോട്ടുവെച്ചു. സി.കെ. ജാനു പ്രസിഡന്റും കെ.ആർ. ജനാർദനൻ വൈസ് പ്രസിഡന്റും ഞാൻ സെക്രട്ടറിയും അരുൺകുമാർ ട്രഷററും പി.എസ്. ഉത്തമൻ ജോയന്റ് സെക്രട്ടറിയുമായി സംഘടനാരൂപത്തിന് കൂടുതൽ ഔപചാരികത നൽകി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ സവിശേഷമായൊരു സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അടരുകളിലാണ് ആദിവാസികളെ നോക്കിക്കാണാൻ ശ്രമിച്ചത്.
അവരുടെ പരിമിതമായ അംഗസംഖ്യയും ഗോത്രസഹജമായ വൈജാത്യങ്ങളും പരിണാമത്തിന്റെ മുൻ/പിൻ നിലകളും, പൊതുസമൂഹവുമായുള്ള ബന്ധത്തിലെ ഗണ്യമായ അന്തരവും നാഗരികസമൂഹങ്ങളുടെ കൈയേറ്റങ്ങളുടെയും വെട്ടിപ്പിടിക്കലിന്റെയും ആർത്തിയുടെയും മുന്നിൽ തകർക്കപ്പെട്ട ജീവിതാവസ്ഥയും കൂലി അടിമത്തത്തിലേക്കുള്ള പ്രവേശവും ആഗോളവത്കരണകാലത്തെ ദുര്യോഗങ്ങളുമെല്ലാം മുൻനിർത്തിയാണ് ചലനാത്മകമായൊരു ജീവിതസാധ്യതയെക്കുറിച്ചുള്ള സങ്കൽപം മുന്നോട്ടുവെച്ചത്.
സാമൂഹികനീതിയുടെ അടിസ്ഥാനത്തിൽ വ്യവസ്ഥ ചെയ്യപ്പെട്ട പരിരക്ഷകൾ ഉറപ്പാക്കിയും ഭൂമിക്കും മറ്റ് വിഭവങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയും തങ്ങൾക്കുമേലുള്ള അതിരുകളില്ലാത്ത കൈയേറ്റങ്ങളെയും അധീശത്വങ്ങളെയും ചോദ്യംചെയ്തും, തങ്ങളുടെ താൽപര്യങ്ങൾക്കിണങ്ങുന്ന വികസന പ്രവർത്തനങ്ങൾക്കുവേണ്ടി വാദിച്ചും, ആത്മാഭിമാനത്തെ മുറുകെപ്പിടിച്ചും, സ്വാശ്രിതമായൊരു മനോഭാവം വളർത്തിയും പരസ്പര സ്നേഹവും ബഹുമാനവും നേരിട്ടും സമാനമായ ദുരിതങ്ങളനുഭവിക്കുന്ന അധഃസ്ഥിതരുമായി ഐക്യപ്പെട്ടും മനുഷ്യസ്നേഹികളുടെയും ജനാധിപത്യവാദികളുടെയും പിന്തുണ നേടിയും ആദിവാസികൾക്ക് മുന്നോട്ടുപോകാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാൽ, ഒരു സമീപനമുണ്ടായതുകൊണ്ടുമാത്രമാകില്ല, അത് നടപ്പാക്കാൻ കഴിയുന്ന പ്രാദേശിക പ്രവർത്തകരും വേണം. ദൗർഭാഗ്യവശാൽ ഏകോപനസമിതി സംസ്ഥാന നേതാക്കൾപോലും ചിലപ്പോൾ നിശ്ചയിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിൽനിന്ന് വിട്ടുനിന്നു.
അതിനിടയിലാണ് 1997 ആഗസ്റ്റ് 15 വഞ്ചനാദിനമായി ഏകോപന സമിതി പ്രഖ്യാപിച്ചത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 50ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ആദിവാസി ഭൂനിയമം ഭേദഗതി ചെയ്തുകൊണ്ട് കേരള സർക്കാർ തങ്ങൾക്കെതിരെ നടത്തിയ ഭരണകൂട കൈയേറ്റത്തിൽ പ്രതിഷേധിച്ച് ഏകോപനസമിതി ഇത്തരമൊരു തീരുമാനമെടുത്തത്. ഒരു ഭാഗത്ത് ദലിതരും ആദിവാസികളും ദാരിദ്യ്രത്തിന്റെയും നിരക്ഷരതയുടെയും മുഖമായി ജീവിക്കുന്നു, നിരന്തരമായ ൈകയേറ്റങ്ങൾക്കും അതിക്രമങ്ങൾക്കും വിധേയരാകുന്നു. മറുഭാഗത്ത് അവർക്കിടയിൽനിന്ന് കെ.ആർ. നാരായണനെപ്പോലുള്ളവരെ രാഷ്ട്രത്തിന്റെ അലങ്കാരമാക്കി മാറ്റുന്നു. ഇതിനിടയിലൂടെയാണ് ഓരോ സ്വാതന്ത്ര്യദിനവും കടന്നുപോകുന്നത്. ഇല്ലായ്മകളും ദുരിതങ്ങളും അമർഷങ്ങളുമായി. വഞ്ചനാദിനത്തിന്റെ ഭാഗമായി ഉപവാസംപോലുള്ള പദ്ധതികൾ ആഘോഷിച്ചുവെങ്കിലും തൊടുപുഴയിൽ മാത്രമേ നടന്നുള്ളൂ. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ. ജനാർദനൻ ഉദ്ഘാടനംചെയ്ത ഉപവാസത്തിൽ എനിക്കു പുറമെ സണ്ണി എം. കപിക്കാട്, ടി.ജെ. ബിജോയ്, പി.ജെ. അരുൺകുമാർ, കെ.ജി. കൃഷ്ണൻകുട്ടി, ജോൺ പോൾ, ഗിജിര തോയിൽ എന്നീ ദലിത്/ആദിവാസി നേതാക്കൾ പങ്കെടുത്തു.
ഭരണപ്രതിപക്ഷ ഭേദമെന്യേ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഭൂനിയമ ഭേദഗതിക്കുള്ള രാഷ്ട്രപതിയുടെ അനുമതിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കെ 1997 സെപ്റ്റംബർ 23ന്, ഭൂനിയമം ഭേദഗതി ചെയ്യപ്പെട്ടതിന്റെ ഒന്നാം വാർഷികദിനത്തിൽ കോട്ടയത്ത് തീവണ്ടി തടഞ്ഞു പ്രശ്നം ഒരിക്കൽകൂടി കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമം നടത്തി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്നെത്തിയ നൂറുകണക്കിനാളുകൾ നാഗമ്പടത്ത് കേന്ദ്രീകരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് പ്രകടനമായെത്തിയാണ് തീവണ്ടി തടഞ്ഞത്.
സംസ്ഥാനതലത്തിൽ നിശ്ചയിച്ചിരുന്നൊരു സമരമായിരുന്നുവെങ്കിലും ഇതേ ജില്ലകളിൽനിന്നുള്ള നേതാക്കൾ മാത്രമേ എത്തിയിരുന്നുള്ളൂ. കെ.ആർ. ജനാർദനനും പി.ടി. അരുൺകുമാറും ടി.ജെ. ബിജോയും വി.ജി. രാമൻകുട്ടിയും ഞാനും. സംസ്ഥാന പ്രസിഡന്റിന്റെ അസാന്നിധ്യം എല്ലാവരും ശ്രദ്ധിച്ചു. അതൊരു പിൻവാങ്ങലായി പലരും പിറുപിറുത്തു. അത് വസ്തുതയുമായിരുന്നു. കാരണങ്ങൾ എന്തുതന്നെയായിരുന്നാലും സമരങ്ങളിലൂടെയും അവയുടെ പശ്ചാത്തലത്തിൽ രൂപംകൊണ്ട സംഘടനയിലൂടെയും സംസ്ഥാനതലത്തിൽ ഒത്തുകൂടാൻ ശ്രമിച്ചവർ അവരവരുടെ മാളങ്ങളിലേക്ക് പിന്മാറാൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായിരുന്നു ഇത്.
അതിനിടയിലും ഏകോപന സമിതി ഒരു പദ്ധതികൂടി ആലോചിച്ചു. ഭൂപ്രശ്നങ്ങളോടൊപ്പം ആദിവാസി മേഖലകൾ പട്ടിക പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യം മുന്നിൽ നിർത്തി രണ്ടാമതൊരു സംസ്ഥാന വാഹന ജാഥ. സമിതി സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ 1998 ജനുവരി 11ന് വൈകിട്ട് കാസർകോട് ജില്ലയിലെ പാണത്തൂരിൽ ഉദ്ഘാടനംചെയ്യപ്പെട്ടു. 12ന് കാഞ്ഞങ്ങാടുനിന്ന് ആരംഭിച്ച ജാഥ 31ന് തിരുവനന്തപുരത്ത് നിയമസഭാ മാർച്ചോടെയാണ് സമാപിച്ചത്. കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് ആദിവാസി പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ തന്റേതായൊരു പങ്കുവഹിച്ച കെ. പാന്നൂരായിരുന്നു ജാഥ ഉദ്ഘാടനംചെയ്തത്. ടി.ജെ. ബിജോയ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എം. ഗീതാനന്ദൻ, അമ്പലത്തറ കൃഷ്ണൻ, കെ.കെ. വിജയൻ, വി. മോഹനൻ എന്നിവർ പങ്കെടുത്തിരുന്നു.
പട്ടികപ്രദേശങ്ങൾക്ക് സ്വയം ഭരണാധികാരം നൽകുന്ന കേന്ദ്രനിയമത്തിന് 1996ൽ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിരുന്നതാണ്. എന്നാൽ, ഈ നിയമം നടപ്പാക്കുന്നതിൽനിന്ന് കേരളം അകന്നുനിൽക്കുകയായിരുന്നു. പകരം ഒരു വിവേചനവുമില്ലാതെ ആദിവാസി മേഖലകൾ പഞ്ചായത്തീരാജ് സംവിധാനത്തിൽ ഉൾച്ചേർക്കുന്ന സമീപനമാണ് കേരളത്തിലെ ഭരണാധികാരികൾ സ്വീകരിച്ചത്. അനുയോജ്യമായ മാറ്റങ്ങളോടുകൂടിയല്ലാതെ പഞ്ചായത്തീരാജ് നിയമം പട്ടികപ്രദേശങ്ങളിൽ നടപ്പിലാക്കാൻ പാടില്ലെന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 243 വ്യവസ്ഥപോലും പാലിക്കപ്പെട്ടില്ല. ആദിവാസി മേഖലകൾ പട്ടികപ്രദേശങ്ങളായി പ്രഖ്യാപിക്കുക, ഭൂനിയമഭേദഗതി ബിൽ പിൻവലിച്ച് 75ലെ നിയമം നടപ്പാക്കുക, ഭൂരഹിതരായ ആദിവാസികൾക്ക് ജീവിക്കാനാവശ്യമായ ഭൂമി നൽകുക.
ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ തടയുക, പട്ടികജാതി പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ് പിൻവലിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പട്ടികജാതി പട്ടികവർഗ സാമ്പത്തിക സർവേ ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഈ ജാഥ കേരളത്തിലൂടെ കടന്നുപോയത്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെ കടന്ന് തിരുവനന്തപുരത്തെത്തിയ ജാഥകൾ വിവിധ ജില്ലകളിലെ ആദിവാസി മേഖലകളിൽ ഊഷ്മളമായ വരവേൽപാണ് ലഭിച്ചത്. കണ്ണൂർ ജില്ലയിൽ കെ. കേളപ്പൻ, വയനാട് ജില്ലയിൽ സി.കെ. ജാനുവും എ.വി. ഉഷയും പാലക്കാട് ജില്ലയിൽ യു.സി. കുഞ്ചനും ശ്രീധരനും ഇടുക്കി, കോട്ടയം ജില്ലകളിൽ കെ.ആർ. ജനാർദനൻ, ടി.ജെ. ബിജോയ്, പി.ടി. അരുൺകുമാർ, പത്തനംതിട്ട ജില്ലയിൽ വി.ജി. രാമൻകുട്ടി, ജോസ് പീറ്റർ, പി.എസ്. ഉത്തമൻ, തിരുവനന്തപുരം ജില്ലയിൽ പി. സദാശിവൻ കാണി, ശശി എന്നീ ഏകോപന സമിതി നേതാക്കൾ അതിന് മുൻകൈയെടുത്തു.
ഈ ജാഥയിലെ ശ്രദ്ധേയമായൊരനുഭവം മലയരയ ൈക്രസ്തവ സമൂഹത്തിൽനിന്ന് കിട്ടിയ സഹകരണമായിരുന്നു. ടി.ജെ. ബിജോയിയെപ്പോലെ അപൂർവം ചില വ്യക്തികൾ മാത്രമേ മലയരയ ൈക്രസ്തവർക്കിടയിൽനിന്ന് ഏകോപന സമിതിയുമായി സഹകരിച്ചിരുന്നുള്ളൂ. കേരളത്തിലെ ആദിവാസികൾക്കിടയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മലയരയന്മാർക്കിടയിൽതന്നെ ഹിന്ദുമലയരയന്മാരെക്കാൾ മുന്നിലായിരുന്നു ക്രിസ്ത്യൻ മലയരയന്മാർ.
കൃഷിയും വിദ്യാഭ്യാസവും സംവരണവും മാത്രമല്ല സംഘടിത സ്വഭാവമുള്ള ൈക്രസ്തവ സഭാജീവിതവും അവർക്ക് നേട്ടമായി. തങ്ങൾ ‘മല ആര്യ’ന്മാരാണെന്ന് പറയുന്നതിലേക്കു വരെ ഇത് ചിലരെ എത്തിച്ചു. കറുപ്പുമൂലം വിശ്വാസംകൊണ്ട് തങ്ങളുടെ ഹീനജാതി സ്വത്വം മറച്ചുവെക്കാൻ ദലിത് ൈക്രസ്തവർക്ക് എളുപ്പമല്ലാതായപ്പോൾ മലയരയർക്ക് നിറം അനുഗ്രഹമായി. വിദ്യാസമ്പന്നരുടെ വലിയൊരു നിരയുണ്ടായിട്ടും തങ്ങളെ സ്പർശിച്ചു കടന്നുപോയ മുൻ തലമുറകളുടെ ജീവിതദൗർഭാഗ്യങ്ങൾ അനുഭവിക്കുന്ന മറ്റ് ഗോത്രസമൂഹത്തിലേക്ക് തിരിഞ്ഞുനോക്കുവാൻ മനസ്സുള്ള അപൂർവം പേരെങ്കിലും അവിടെയുണ്ടാകാതെ പോയിയെന്നത് അത്ഭുതകരമായിരുന്നു.
മേലുകാവുമറ്റം കോളജ് പ്രിൻസിപ്പലായ റവ. പി.സി. ജോസഫാണ് സി.എസ്.ഐ ഈസ്റ്റ് കേരള ഇടവകയിലെ പുരോഹിതന്മാരുടെയും സഭാപ്രവർത്തകരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയുമെല്ലാം സാന്നിധ്യമുള്ള ആ യോഗത്തിൽ പങ്കെടുത്ത് ജാഥയുടെ കാര്യങ്ങൾ വിശദീകരിക്കാനുള്ള അവസരം ഉണ്ടാക്കിത്തന്നത്. സഭയുടെ ആസ്ഥാനമായ മേലുകാവുമറ്റത്തായിരുന്നു യോഗം. യോഗത്തിൽ സംസാരിക്കാനായി ആദ്യമേ ക്ഷണിക്കപ്പെട്ടവരിൽ ഒരാളായിരുന്നു റവ. പി.സി. ജോസഫ്. അദ്ദേഹം മറ്റൊന്നും പറഞ്ഞില്ല.
ആദിവാസിപ്രശ്നങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ജാഥയെക്കുറിച്ച് സംസാരിക്കാൻ അവസരമൊരുക്കി, തന്റെ സ്ഥാനത്തേക്ക് എന്നെ ക്ഷണിക്കുകയാണ് ചെയ്തത്. അപൂർവമായൊരനുഭവം. രണ്ടു വർഷങ്ങൾക്കു മുമ്പ് മലയരയ മഹാസഭയുടെ കരിപ്പലങ്ങാട് നടന്ന യോഗത്തിലെന്നതുപോലെ കേരളത്തിലെ ആദിവാസികൾ നേരിടുന്ന പ്രതിസന്ധികളും പ്രക്ഷോഭങ്ങളും ജാഥയുടെ കാര്യങ്ങളുമെല്ലാം വിശദീകരിച്ചുകൊണ്ട് മലയരയ ൈക്രസ്തവ സമൂഹത്തിന്റെ പ്രത്യേക സാധ്യതയെപ്പറ്റി ഞാൻ ഓർമിപ്പിച്ചു. ഫലമുണ്ടായി, ജാഥയുമായി അവർ ചിലയിടങ്ങളിൽ സഹകരിച്ചു.
ആദിവാസി പ്രശ്നങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന നിരവധി വ്യക്തികളും ചെറുസംഘങ്ങളും പലതലങ്ങളിൽനിന്ന് ജാഥയുമായി സഹകരിച്ചു. അതിൽ ദലിത് സംഘടനകൾ മാത്രമല്ല, സ്ത്രീസംഘടനകളും ജനാധിപത്യവാദികളും പൗരാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരുമെല്ലാമുണ്ടായിരുന്നു. കേരളീയ സമൂഹത്തിലെ നീതിബോധത്തിന്റെയും മാനവികതയുടെയും പുതിയതലങ്ങൾ ഇതിൽ ദൃശ്യമായിരുന്നു.
സെക്രേട്ടറിയറ്റിനു മുന്നിൽ നടന്ന സമാപനയോഗം അഭിസംബോധന ചെയ്യാനായി സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായ കെ.ഇ. മാമ്മനും ഐ.ഡി.എഫിന്റെയും ബി.എസ്.പിയുടെയും നേതാവായ പോൾ ചിറക്കരോടുമെത്തി. കെ.ആർ. ജനാർദനനും ടി.ജെ. ബിജോയ്, പി.ടി. അരുൺകുമാർ, പി. സദാശിവൻ കാണി എന്നീ ഏകോപന സമിതി നേതാക്കളും പങ്കെടുത്തു. രാഷ്ട്രപതിക്ക് സമർപ്പിച്ച നിവേദനം എന്ന പേരിൽ അധികം താമസിക്കാതെ തന്നെ ലഘുലേഖയായി പ്രസിദ്ധീകരിച്ച് പ്രചരിച്ചു തുടങ്ങിയിരുന്നു.
ജാഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ഒരു കുറിപ്പ്, ‘ആദിവാസി ഭൂപ്രശ്നവും പ്രക്ഷോഭണവും’ എന്ന പേരിൽ മാധ്യമം ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിക്കപ്പെട്ടത് രണ്ടുതരത്തിൽ ശ്രദ്ധേയമായിരുന്നു. ഒന്ന് ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായി കരുതപ്പെടുന്ന മാധ്യമലോകം ആദിവാസികളെപ്പോലെ പൂർണമായും ഒഴിവാക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതിന്റെ പേരിൽ. മറ്റൊന്ന് സാമൂഹികജീവിതത്തിൽ ആദ്യമായി ഒരു മുഖ്യധാരാ മാധ്യമത്തിൽ സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ലഭ്യമായ അവസരത്തിന്റെ പേരിൽ. മാധ്യമം ദിനപത്രത്തിൽതന്നെ 1996ൽ ഞാനെഴുതിയ ‘ആദിവാസി മേഖലകളിൽ അസ്വസ്ഥതയുടെ വിത്തുകൾ’ എന്ന ലേഖനമായിരുന്നു മുഖ്യധാരയിലെ എന്റെ ആദ്യത്തെ എഴുത്ത്.
‘മാധ്യമം’ ജില്ല ബ്യൂറോയുടെ ചുമതല വഹിച്ചിരുന്ന എം.കെ. ബാബു പറഞ്ഞതനുസരിച്ചായിരുന്നു ഈ ലേഖനം എഴുതിയത്. ഒരു ദശാബ്ദത്തോളമായി അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിനിൽ നടത്തിക്കൊണ്ടിരിക്കുന്ന എഴുത്തിന്റെ പൊതുമണ്ഡലത്തിലേക്കുള്ള പ്രവേശനമായിരുന്നു ഇത്. അസാന്നിധ്യവും നിഷേധിക്കപ്പെട്ടതുമായൊരു സ്ഥലത്തേക്കുള്ള പ്രവേശനം 1997 ആഗസ്റ്റ് 15ന് ‘ആദിവാസികളുടെ ക്ഷുഭിത ദുഃഖം’ എന്ന പേരിൽ വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി മറ്റൊരു ലേഖനം കൂടി ‘മാധ്യമം’ പ്രസിദ്ധീകരിച്ചു. ഈ ജാഥക്ക് ബാബുവിനോട് മറ്റൊരു കടപ്പാടുകൂടിയുണ്ടായിരുന്നു. വാഹനവും മൈക്കുമെല്ലാം ഒരുക്കിയത് വാഴക്കുളത്തുനിന്ന് കെ.കെ. രവിയാണ്. എല്ലാ ഒരുക്കങ്ങളുമായി. പക്ഷേ, യാത്ര പുറപ്പെടാൻ ഇന്ധനത്തിന് പണമില്ല. ഇല്ലായ്മകളിലൂടെയുള്ള സഞ്ചാരം മോഹിക്കുന്നവരുടെ ദുരന്തമുഹൂർത്തങ്ങൾക്കൊടുവിൽ ഞങ്ങൾ ബാബുവിനെ കാണാൻ തീരുമാനിച്ചു.
കേരള ഗവൺമെന്റ് രാഷ്ട്രപതിക്ക് സമർപ്പിച്ച ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിന് 1998 മാർച്ച് 18ന് രാഷ്ട്രപതി അനുമതി നിഷേധിച്ചതും കേരളത്തിലെ ആദിവാസികളുടെ സംഘടിതമായ പോരാട്ടങ്ങളുടെ ഉജ്ജ്വലമായ വിജയമായിട്ടാണ് ഞങ്ങൾ വിലയിരുത്തിയത്. സംഘടിത സാമുദായിക രാഷ്ട്രീയശക്തികളുടെ താൽപര്യങ്ങൾക്കനുസൃതമായ രീതിയിൽ ചലിക്കുന്ന കേരളത്തിൽ ആദിവാസികൾക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് 1996 ഒക്ടോബർ 28ന് ഏകോപന സമിതി രാഷ്ട്രപതിക്ക് നിവേദനം നൽകിയത്.
അതിൽ ആദിവാസികളുടെ ഉത്കണ്ഠ രേഖപ്പെടുത്തപ്പെട്ടത് ഇങ്ങനെയായിരുന്നു: ‘‘ജനാധിപത്യത്തിന്റെയും സാമൂഹികനീതിയുടെയും മാനുഷികതയുടെയും അടിസ്ഥാനത്തിലും നമ്മുടെ രാജ്യത്തിന്റെ ഉന്നതമായ പാരമ്പര്യങ്ങൾക്ക് അനുസൃതമായും ഞങ്ങൾക്ക് നീതി ഉറപ്പാക്കിത്തരണമെന്ന് വിശ്വാസപൂർവം അഭ്യർഥിക്കുകയും നീതി നിഷേധിക്കപ്പെടുമെന്ന് ഞങ്ങൾ അങ്ങേയറ്റം ഭയപ്പെടുന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിന് അനുമതി നൽകരുതെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.’’ ഈ അഭ്യർഥനയും അപേക്ഷയുമാണ് ദലിത്/ ആദിവാസി സമൂഹത്തിലെ ഒരംശംകൂടിയായ രാഷ്ട്രപതി കെ.ആർ. നാരായണൻ അംഗീകരിക്കുകയും നീതിയുക്തമായൊരു നടപടി കൈക്കൊള്ളുകയും ചെയ്തത്.
അതുപോലെ തന്നെ ഈ നടപടി നവോത്ഥാനാനന്തര കേരളത്തിൽ പോരാടാൻ ശ്രമിച്ച സമത്വ സങ്കൽപങ്ങളുടെയും സ്വാതന്ത്ര്യവാഞ്ഛയുടെയും വിജയമായിരുന്നു. പീഡിതന്റെ ഭാഷയിൽ സംസാരിക്കുകയും എല്ലാത്തരം പീഡനങ്ങൾക്കും ഇരയാകേണ്ടിവരുന്നവർക്കെതിരെ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യുന്നുവെന്നതായിരുന്നു ഇവിടെ ഭരണകൂടത്തിന്റെ പ്രത്യേകത. ഭരണാധികാരികൾ കൈയൂക്കുള്ളവന്റെ ഭാഗത്ത് ഏകപക്ഷീയമായി ഉറച്ചുനിന്നു. ആദിവാസികൾക്കെതിരെ അവർക്കിടയിൽനിന്നുതന്നെ ഒത്താശക്കാരെ കണ്ടെത്തി. പൗരസമൂഹത്തിലെ ജനാധിപത്യവാദികളെയും മനുഷ്യസ്നേഹികളെയുമെല്ലാം തങ്ങളുടെ നിരയിലേക്ക് വഴിതിരിച്ചെടുക്കാൻ ശ്രമിച്ചു. ഈ സാഹചര്യത്തിൽ വംശനാശത്തോളമെത്തുന്ന സ്വന്തം പീഡാനുഭവങ്ങൾ നിരത്തി കോളനിയിലെ ആദിവാസികൾ ഇന്ത്യൻ പൗരസമൂഹത്തിന്റെ മുന്നിൽവെച്ച ഒരു അഭ്യർഥനക്കാണ് രാഷ്ട്രപതിയുടെ ന്യായീകരണമുണ്ടായത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കേരളീയ സാമൂഹികാനുഭവങ്ങളിലൊന്ന് കേരളത്തിന്റെ കിഴക്കൻ മലമടക്കുകളിൽ അങ്ങിങ്ങായി ചിന്നിച്ചിതറിക്കിടക്കുന്ന ആദിവാസി സമൂഹങ്ങൾക്കിടയിലെ ചലനങ്ങളായിരുന്നു. അന്ധരും മൂകരുമായൊരു ജനസമൂഹം അതിന്റെ പിന്നാക്കാവസ്ഥയും പീഡിതാവസ്ഥയും മൂലം സഹജമായിത്തീർന്ന ദൈന്യഭാവത്തിൽനിന്ന് ശരാശരി കേരളീയന്റെ ആദിവാസി സങ്കൽപങ്ങളെ ഭേദിക്കാൻ കഴിയുന്ന ആർജവത്തിലേക്ക് മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങിയത് ഈ ദശകത്തിന്റെ സവിശേഷതകളിലൊന്നായിരുന്നു. തങ്ങളും മനുഷ്യരാണെന്ന് അംഗീകരിപ്പിക്കുവാനുള്ള ശ്രമങ്ങൾ തൊട്ട് സാമൂഹിക-രാഷ്ട്രീയാവകാശങ്ങളുടെ തലങ്ങളിലേക്ക് വ്യാപിക്കുന്നൊരു ചിന്തക്കും പ്രവർത്തനത്തിലും അത് നാന്ദികുറിച്ചു.
ഭൂമിശാസ്ത്രപരമായ അകലങ്ങളും സങ്കുചിതമായ ഗോത്രചിന്തയും ആധുനിക നാഗരികസമൂഹത്തിന്റെ ബഹുമുഖമായ കൈയേറ്റങ്ങളും അസ്തപ്രജ്ഞമാക്കിയ ആദിവാസി ജീവിതത്തിൽ നാളിതുവരെ ദർശിക്കാൻ കഴിയാത്ത ഒരുണർവും അഭിമാനബോധവും സ്വാശ്രിത ചിന്തയും ഐക്യബോധവുമെല്ലാം മുളപൊട്ടി. മുമ്പെങ്ങും മുഖാമുഖം കണ്ടിട്ടില്ലാത്തവർ നേരിൽകണ്ടും പരസ്പരമറിയാൻ ശ്രമിച്ചും സാഹോദര്യഭാവങ്ങൾ പകർത്തി. അർധശങ്കയോടെയാണെങ്കിലും ഭൂതകാലത്തോട് വിടപറയാനൊരുങ്ങി. ‘ആദിവാസി ഭൂമി ആദിവാസിക്ക്’ എന്ന കേന്ദ്രസന്ദേശത്തിൽ ഊന്നിനിന്നുകൊണ്ടായിരുന്നു ഈ പ്രക്രിയയെ നശിപ്പിക്കാൻ ഏകോപനസമിതി ശ്രമിച്ചത്. ഒപ്പം അവരെയൊരു സമൂഹമായി കണ്ടുകൊണ്ടും അതിന് സഹായമായൊരു സമീപനമാണ് രാഷ്ട്രപതി കെ.ആർ. നാരായണൻ സ്വീകരിച്ചത്.
എന്നാൽ, ഈ വിജയം അധികനാൾ നീണ്ടുനിന്നില്ല. കേരളത്തിന്റെ പൊതു രാഷ്ട്രീയ മണ്ഡലം രാഷ്ട്രപതിയുടെ നടപടിക്കെതിരായിരുന്നു. എത്ര ആയിരം ആദിവാസികളുടെ ഭൂമി നഷ്ടപ്പെട്ടാലും ഒരു കൈയേറ്റക്കാരന്റെയും ഭൂമി നഷ്ടപ്പെടാൻ പാടില്ലായെന്നതായിരുന്നു അതിന്റെ നീതിശാസ്ത്രം. ആറുമാസത്തിനകം ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി മടക്കിനൽകത്തക്കവിധം ആദിവാസി ഭൂമി കൈമാറ്റ ഭേദഗതിനിയമം പുതുക്കുമെന്ന് റവന്യൂമന്ത്രി കെ.ഇ. ഇസ്മായിൽ 1998 ജൂലൈ 1ന് നിയമസഭയെ അറിയിച്ചു. ഇതിന്റെ ഭാഗമായി അഭിപ്രായ രൂപവത്കരണത്തിനെന്ന വ്യാജേന കർഷകപ്രതിനിധികളുടെയും ആദിവാസിപ്രതിനിധികളുടെയും യോഗങ്ങൾ സർക്കാർ വെവ്വേറെ വിളിച്ചുചേർത്തു. ആദിവാസി പ്രതിനിധികളുടെ യോഗത്തിൽ അനാദിവാസികളായ ആദിവാസി സംഘടനാ നേതാക്കളുമുണ്ടായിരുന്നു. റവന്യൂ മന്ത്രി കെ.ഇ. ഇസ്മായിലും എസ്.സി/എസ്.ടി വകുപ്പുമന്ത്രി കെ. രാധാകൃഷ്ണനും ഈ യോഗത്തിൽ പങ്കെടുത്തു.
ഏകോപന സമിതിയുടെ ഭാഗത്തുനിന്ന് സി.കെ. ജാനുവും കെ.ആർ. ജനാർദനനും ഞാനുമെല്ലാമെത്തി. ഏറ്റവും അഭിമാനകരം ഈ യോഗത്തിൽ പങ്കെടുത്ത ആദിവാസി നേതാക്കൾ ഒന്നടങ്കംതന്നെ ഭൂനിയമ ഭേദഗതിയെ ചോദ്യം ചെയ്തുവെന്നതാണ്. അനാദിവാസികളായ ചില ആദിവാസി നേതാക്കളും കോഴിമല രാജാവിനെപ്പോലെ ചിലരും മാത്രമാണ് എന്തെങ്കിലും ലഭിച്ചാൽ മതിയെന്ന മട്ടിൽ ഭൂനിയമ ഭേദഗതിയുടെ പക്ഷത്തേക്ക് ചാഞ്ഞത്. വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷമാണ് യോഗം ആരംഭിച്ചത്. ഇസ്മായിൽ കനിഞ്ഞുനൽകിയ ഉച്ചയൂണ്. ഊണു കഴിച്ചവർക്കിടയിലേക്ക് കടന്നുവന്ന ഇസ്മായിൽ കോഴിമല രാജാവിന്റെ തോളിൽ തട്ടി പറഞ്ഞു, ‘‘വനമല്ലേ രാജാവേ കിടക്കുന്നത്.’’ വനം ആദിവാസികളുടെ ദൗർബല്യമായിരുന്നു. രാജാവ് ആഹ്ലാദംകൊണ്ട് പുളഞ്ഞു. മന്ത്രിയുടെ തലോടലിലും പ്രലോഭനത്തിലും പുളഞ്ഞ രാജാവ് യഥാർഥത്തിൽ ആദിവാസികൾക്ക് അപമാനമായി. എത്ര ക്രൂരമായ പരിഹാസമായിരുന്നു അത്. പക്ഷേ, രാജാവ് തിരിച്ചറിഞ്ഞില്ല. തിരിച്ചറിവില്ലാത്തൊരു സമൂഹത്തിന്റെ തിരിച്ചറിവില്ലാത്ത രാജാവ്.
ആദിവാസികൾ ഒന്നടങ്കം എതിർത്തിട്ടും 1999 ഫെബ്രുവരി 23 ന് കേരള ഗവൺമെന്റ് ‘കേരള പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും’ എന്ന പേരിൽ പുതിയൊരു നിയമം ഉണ്ടാക്കി. കേരളത്തിലെ ഉന്നത നീതിപീഠവും കേന്ദ്രഗവൺമെന്റും ആദിവാസികൾക്കനുകൂലമായി സ്വീകരിച്ച നിലപാടുകളെ ഒരു നിമിഷംകൊണ്ട് കേരള നിയമസഭ തകിടംമറിച്ചു. ഇത്തരമൊരു നിയമം കൊണ്ടുവരാനുള്ള അവകാശത്തർക്കം മാത്രമേ യു.ഡി.എഫിനും എൽ.ഡി.എഫിനും തമ്മിലുണ്ടായിരുന്നുള്ളൂ. 1975 ആദിവാസി ഭൂനിയമം അനാദിവാസികളുമായുള്ള ആദിവാസി ഭൂമി കൈമാറ്റം തടയുകയും അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകുകയും ചെയ്യുന്നതിലായിരുന്നു ഊന്നിയതെങ്കിൽ, ഈ നിയമം ഭേദഗതി ചെയ്തുകൊണ്ട് 1995ൽ എ.കെ. ആന്റണി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസും 1996ൽ ഇ.കെ. നായനാർ സർക്കാർ കൊണ്ടുവന്ന ഭേദഗതി നിയമവും ഊന്നിയിരുന്നത് ആദിവാസി ഭൂമി കൈയേറ്റക്കാർക്കു തന്നെ നൽകുകയും ആദിവാസികൾക്ക് പകരം ഭൂമി നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നതിലുമായിരുന്നു.
ഈ നിലപാട് ആവർത്തിക്കുക മാത്രമാണ് ഇപ്പോൾ പുതിയ നിയമത്തിന്റെ പേരിൽ എൽ.ഡി.എഫ് സർക്കാർ ചെയ്തിരിക്കുന്നത്. ചതിയിലൂടെയും വഞ്ചനയിലൂടെയും കവർന്നെടുക്കപ്പെട്ടതെന്ന് ഒരിക്കൽ കണ്ടെത്തിയ ആദിവാസി ഭൂമി കവർച്ചക്കാർക്കുതന്നെ നൽകുന്നൊരു നിയമം. ആദിവാസികൾക്ക് പകരം ഭൂമിയെന്ന വാഗ്ദാനവും. ഭൂമി നഷ്ടപ്പെട്ടവർ പിഴുതെറിയപ്പെട്ട ചെടികൾപോലെയായിരുന്നു. വംശനാശത്തിലേക്ക് തള്ളിയിടപ്പെട്ടവരായിരുന്നു അവർ. എന്നാൽ, നിയമനിർമാതാക്കളായ ഭരണാധികാരികൾ വെളിപ്പെടുത്താത്തൊരു കാര്യമുണ്ടായിരുന്നു. എവിടെയാണ് ഈ വാഗ്ദത്ത ഭൂമിയെന്ന കാര്യം. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകം കണ്ട ഏറ്റവും വലിയ കാപട്യമായിരുന്നു ഇത്. എത്ര ഭൂമി നഷ്ടപ്പെട്ടോ അത്രയും ഭൂമി, ഒപ്പം വീടുവെക്കാൻ 25,000 രൂപ. ആദിവാസി സങ്കേതങ്ങളിൽ വെള്ളം, വെളിച്ചം, റോഡ്, പുനരധിവസിപ്പിക്കപ്പെടുന്നവർക്ക് തൊഴിൽ എല്ലാം ഒരു വർഷത്തിനകം പൂർത്തിയാക്കും. എത്ര സുന്ദരമായ വാഗ്ദാനങ്ങൾ. നഷ്ടപ്പെട്ട ഭൂമി ലഭ്യമാകുമെന്ന നിബന്ധന ചെറിയൊരു വിഭാഗത്തിനു മാത്രം ബാധകമാക്കി ബഹുഭൂരിപക്ഷത്തെ സർക്കാർ ഈ വാഗ്ദത്ത ഭൂമിയിലേക്ക് നയിച്ചു.
ഒന്നുമറിയാത്തവരായി ജീവിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ആദിവാസികൾ. അത്തരക്കാർ മരിച്ചു ജീവിക്കുന്നവരാണ്. അവർക്കിടയിൽനിന്ന് പോരാടാനിറങ്ങുന്നവർ വിജയങ്ങളെക്കാൾ പരാജയങ്ങൾ ഏറ്റുവാങ്ങുന്നവരാണ്. 1975ലെ ഭൂനിയമം നടപ്പാക്കാനുള്ള പോരാട്ടം പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയുള്ള പോരാട്ടമാണെന്ന് ലഘുലേഖയുടെ അഭിമുഖത്തിൽ ഞാൻ എഴുതിയിരുന്നു. ഒന്നുമറിയാത്തവരായി ജീവിക്കുന്നില്ലായെന്നതാണ് പരാജിതരാകുമെന്ന് അറിയുമ്പോഴും പോരാടാനിറങ്ങുന്നവരുടെ പ്രത്യേകത. ഒരു സമൂഹത്തിന്റെ മുന്നിലേക്ക് പരാജയങ്ങൾ മാത്രം വലിച്ചെറിയുന്നതെന്തിനാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരവും ഇതാണ്. ജയപരാജയങ്ങൾ നോക്കാതെ പ്രവർത്തനനിരതമായിരിക്കുകയെന്നതാണ് ഇതിനർഥം. മരിച്ചാൽ മരിച്ചു ജീവിക്കുകയെന്നും.
അപ്പോഴേക്കും ആദിവാസി ഏകോപന സമിതിക്ക് പ്രായോഗികമായി തിരശ്ശീല വീണിരുന്നു. വിജയിക്കാനിടയില്ലാത്തൊരു പോരാട്ടത്തിനാണ് സമിതി നേതൃത്വം നൽകിയത്. ഭൂമി കൈയേറ്റക്കാരിൽ വേരോട്ടമുള്ള സാമുദായിക/രാഷ്ട്രീയ ശക്തികളുടെ സ്വാധീനത്തിൽ ഗവൺമെന്റുതന്നെ കൈയേറ്റക്കാർക്കനുകൂലമായി മാറുമ്പോൾ കേവലം രണ്ടു ശതമാനം പോലുമില്ലാത്ത ദുർബലരും അസംഘടിതരുമായ ആദിവാസികൾക്ക് രാഷ്ട്രീയമായി അതിനെ എങ്ങനെയാണ് ചെറുക്കാനാവുക? ആദിവാസികൾ നേരിടുന്ന മൗലികമായൊരു രാഷ്ട്രീയപ്രശ്നമായിരുന്നു ഇത്. രണ്ടു സാധ്യതകളാണ് ഉണ്ടായിരുന്നത്.
ഒന്ന്, നിലവിലുള്ള നിയമത്തിന്റെ സംരക്ഷണത്തിനായി നിയമയുദ്ധത്തിലേർപ്പെടുക. രണ്ട്, സമജാതീയരും തുല്യദുഃഖിതരുമായ അധഃസ്ഥിതരുമായി ഐക്യപ്പെട്ടുകൊണ്ട് ഒരു സാമുദായിക രാഷ്ട്രീയ ഘടകമായി മാറുകയും ഭൂമിക്കും മറ്റു വിഭവങ്ങൾക്കും അധികാരത്തിനും വേണ്ടിയുള്ള സമരങ്ങളിൽ ഏർപ്പെടുകയുംചെയ്യുക. രണ്ടാമത്തെ സാധ്യതയിൽ ഊന്നിനിന്നുകൊണ്ടുള്ള സാമുദായിക രാഷ്ട്രീയ പ്രവർത്തനത്തിലൂടെ മാത്രമേ കേരളത്തിലെ ആദിവാസികൾക്ക് തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയപ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകൂ എന്ന നിഗമനത്തിലാണ് അധഃസ്ഥിത നവോത്ഥാന മുന്നണി എത്തിയത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.