ചിത്രീകരണം: തോലിൽ സുരേഷ്
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ആദിവാസികൾക്കുതന്നെ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് നടന്ന സമരങ്ങളെയും ഇടപെടലുകളെയും കുറിച്ച് എഴുതുന്നു.
എറണാകുളത്ത് ഒക്ടോബർ 13ന് ചേർന്ന പട്ടികജാതി വർഗ ബഹുജന സംഘടനകളുടെ സംയുക്തയോഗം ആദിവാസി ഭൂസമരത്തോട് ആഭിമുഖ്യം പ്രഖ്യാപിച്ച് ആദിവാസി ഐക്യദാർഢ്യസമിതി രൂപവത്കരിച്ചു. എം. പവിത്രൻ കൺവീനറും എൻ.കെ. ശിവദാസൻ, സുരേഷ് ജോർജ് എന്നിവർ ജോയന്റ് കൺവീനർമാരും ഐക്യദാർഢ്യ സമിതിയിൽ കെ.കെ. കൊച്ച്, വി.ഡി. രാജപ്പൻ, ഇ.പി. ജോസഫ്, ഷാജി ജോസഫ്, എ.സി. അജിത, എം.എ. കബീർ, പി.ഐ. കുഞ്ഞപ്പൻ, പി.കെ. നകുലൻ, സി. എം. മണി, അയ്യപ്പൻ ചേട്ടൻ എന്നിവർ അംഗങ്ങളുമായിരുന്നു.
ദൗർഭാഗ്യവശാൽ യോഗത്തിൽ എത്തിച്ചേരേണ്ടിയിരുന്ന പ്രമുഖ വ്യക്തികളിലൊരാളായിരുന്ന കല്ലറ സുകുമാരന്റെ മരണ വാർത്തയുമായിട്ടാണ് മറ്റുള്ളവർക്ക് അവിടെ എത്തേണ്ടിവന്നത്. ഒക്ടോബർ 12ന് രാവിലെ 7 മണിക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് ഹൃദയാഘാതംമൂലം കല്ലറ സുകുമാരൻ നമ്മളിൽനിന്നു വേർപിരിഞ്ഞു. ഒരിക്കൽകൂടി വിളിച്ചുചേർത്ത് ഒരു വേദിയുണ്ടാക്കി, സാമൂഹിക-സാംസ്കാരിക നായകരെ പങ്കെടുപ്പിച്ച് വിപുലമായൊരു സമ്മേളനം നടക്കണമെന്നത് കോട്ടയം കൺവെൻഷനിലെ കല്ലറയുടെ അഭിപ്രായമായിരുന്നു. ഒരുപക്ഷേ, അദ്ദേഹം പങ്കെടുത്ത അവസാന കൺവെൻഷനുകളിലൊന്നായിരുന്നു അത്.
സെപ്റ്റംബർ 28, 29 തീയതികളിൽ കോട്ടയം മുട്ടമ്പലത്തു നടന്ന ബി.എസ്.പി പ്രവർത്തകയോഗത്തിന്റെ പ്രാഥമിക കാര്യങ്ങൾ അറിയുന്നതിനായി അവിടെയെത്തിയ കല്ലറയെ, അദ്ദേഹത്തിന്റെ അകന്നൊരു ബന്ധുവായ റെജിയെ കാണാനെത്തിയ ഞാൻ മുട്ടമ്പലത്തുെവച്ച് കണ്ടിരുന്നു. ആദിവാസി ഐക്യദാർഢ്യ സമിതി രൂപവത്കരണത്തെക്കുറിച്ചും എറണാകുളം യോഗത്തെക്കുറിച്ചുമെല്ലാം ഞാൻ പറഞ്ഞു. ഒരു പ്രവർത്തകയോഗത്തിന്റെ ഒരുക്കത്തിനായിപ്പോലും താൻതന്നെ വന്നുനിന്ന് ചെയ്യേണ്ട സംഘടനാവസ്ഥയെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചു. എറണാകുളത്തെ യോഗത്തിൽ പങ്കെടുക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ, തലേദിവസംതന്നെ അതിൽ പങ്കെടുക്കാൻ നിൽക്കാതെ അദ്ദേഹം എന്നന്നേക്കുമായി പിരിഞ്ഞുപോയി.
കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ 1977ൽ കേരള ഹരിജൻ ഫെഡറേഷൻ തിരുവനന്തപുരം സെക്രേട്ടറിയറ്റിനു മുന്നിൽ നടത്തിയ ധർണയിലെ ഒന്നാമത്തെ ആവശ്യം ആദിവാസി ഭൂനിയമം നടപ്പാക്കുകയെന്നതായിരുന്നു. രണ്ടാമത്തേത് ഹരിജൻ മർദനം അവസാനിപ്പിക്കുകയെന്നതും. പിന്നീട് കല്ലറയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളുടെയെല്ലാം മുഖ്യമായ അജണ്ടയിലൊന്ന് ആദിവാസി ഭൂനിയമമായിരുന്നു. എന്നാൽ, ആദിവാസികൾ ഇതൊരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല.
1996 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പിള്ളി മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന കല്ലറ വ്യക്തിപരമായി പറഞ്ഞൊരു കാര്യം ‘‘ഞാൻ മാത്രമാണ് അവിടെ ആദിവാസികൾക്കുവേണ്ടി സംസാരിച്ചതെങ്കിലും അവരിൽ ആരും എനിക്ക് വോട്ടുചെയ്തില്ലെ’’ന്നാണ്. ആദിവാസികൾ തന്നോടൊപ്പം ഉണ്ടായിരുന്നില്ലെങ്കിലും കല്ലറ അവർക്കുവേണ്ടി വാദിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു എറണാകുളത്ത് എം. പവിത്രന്റെ അധ്യക്ഷതയിൽ ഐക്യദാർഢ്യസമിതി രൂപവത്കരണം നടന്നത്. സാമൂഹിക-സാംസ്കാരിക നായകരെ പങ്കെടുപ്പിച്ചുകൊണ്ട് നവംബർ അവസാനവാരത്തിൽ എറണാകുളത്ത് വിപുലമായൊരു ഐക്യദാർഢ്യ സമ്മേളനം നടത്താനും നിശ്ചയിച്ചു.
പ്രക്ഷോഭരംഗത്തെ ഇത്തരം നീക്കങ്ങളോടൊപ്പം നിയമപരമായ കാര്യങ്ങൾ നീക്കുന്നതിനുള്ള ശ്രമങ്ങളും ഇതിനിടയിൽ നടന്നിരുന്നു. എന്നാൽ, ഡൽഹിയിലെത്തി ഈ കാര്യം പ്രസിഡന്റിനെയും കേന്ദ്ര ഭരണാധികാരികളെയും എങ്ങനെ ബോധ്യപ്പെടുത്തുമെന്നത് സ്വന്തംനിലയിൽ ആദിവാസികൾക്ക് ആലോചിക്കാൻ കഴിയുന്നൊരു കാര്യമായിരുന്നില്ല. കോട്ടയത്ത് നടന്ന കൺവെൻഷനിൽ പാർലമെന്റിലെ ബി.എസ്.പി എം.പിമാരുടെ സഹായത്തോടെ ഇക്കാര്യം നിർവഹിക്കാനാകുമെന്ന് അവർക്കിടയിൽനിന്ന് ഉയർന്നുവന്നൊരഭിപ്രായത്തെ കല്ലറ സുകുമാരൻതന്നെയാണ് നിരുത്സാഹപ്പെടുത്തിയത്.
അദ്ദേഹത്തിനതിൽ ഉറപ്പുണ്ടായിരുന്നില്ല. ഈ കാര്യം ചർച്ചചെയ്യുമ്പോഴെല്ലാം മനസ്സിലുണ്ടായിരുന്നത് അപ്പോഴത്തെ കേന്ദ്ര റെയിൽവേ മന്ത്രി രാം വിലാസ് പാസ്വാന്റെ ഒ.എസ്.ഡി തോമസ് മാത്യുവും ഡോ. സുകുമാരനുമായിരുന്നു. രക്ഷകരായി എത്തുന്നവരെയല്ല, ആദിവാസികൾ സ്വന്തം നിലയിൽ ചെയ്യുന്ന പ്രവൃത്തികളെ വിലമതിക്കുകയും അവരുടെ സ്വാശ്രിതബോധം അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തികളെ വേണ്ടിയിരുന്നു സഹായികളായി കിട്ടാൻ. അങ്ങനെയാണ് തോമസ് മാത്യുവിനെയും സുഗതനെയും മനസ്സിൽ കണ്ടത്. മുൻ പാർട്ടി സഖാക്കൾ, എന്നെപ്പോലെ ത്തന്നെ പാർട്ടി ബന്ധങ്ങൾ വിച്ഛേദിച്ചവർ. ഇക്കാര്യം ഞാൻ ഏകോപന സമിതിയെ ബോധ്യപ്പെടുത്തി.
ഒക്ടോബർ അവസാനവാരത്തിൽ ഡൽഹിയിലേക്ക് പോകാമെന്നായിരുന്നു ധാരണ. സി.കെ. ജാനുവും കെ.ആർ. ജനാർദനനും വി.കെ. ഭാസ്കരനും ഞാനുമടങ്ങുന്നൊരു സംഘമായിരുന്നു അതിനായി നിശ്ചയിക്കപ്പെട്ടത്. തൽക്കാലം യാത്രച്ചെലവ് വഹിക്കാൻ കഴിയുന്നൊരു വ്യക്തിയെന്ന നിലയിൽ ജനാർദനനാണ് വി.കെ. ഭാസ്കരനെ ഈ സംഘത്തോടൊപ്പം ചേർത്തത്.
ഗവൺമെന്റിൽ സമർപ്പിക്കുന്നതിനുള്ള നിവേദനം തയാറാക്കുന്നതിനുള്ള ചുമതല ഞാൻ ഏറ്റെടുത്തു. യാത്രാ മധ്യേ െട്രയിനിൽ വെച്ചാണ് അത് മറ്റുള്ളവരെ വായിച്ചുകേൾപ്പിച്ചത്. കേരളത്തിലെ ആദിവാസികളുടെ പൊതുസ്ഥിതി പരിശോധിക്കുന്നതിനിടയിൽ ഗോത്രസമൂഹങ്ങളുടെ അസാമാന്യമായ പരിണാമത്തിനിടയിൽ മലയരയ സമൂഹം ഏറെ മുന്നിലാണെന്ന പരാമർശം ഭാസ്കരന്റെ ശ്രദ്ധയിൽപ്പെട്ടു. കേരളത്തിലെ പട്ടികവർഗ സംവരണത്തിന്റെ ഗുണഭോക്താക്കളിൽ സിംഹഭാഗവും മലയരയന്മാരാണെന്ന വസ്തുത മുമ്പുതന്നെ വെളിവാക്കപ്പെട്ടതായിരുന്നു. ഇത്തരമൊരു വെളിപ്പെടുത്തൽ തങ്ങളുടെ സംവരണാനുകൂല്യത്തെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയായിരുന്നു ഭാസ്കരന്.
പ്രതീക്ഷിച്ചിരുന്നതുപോലെ ഡൽഹിയിൽ എത്തിയപ്പോൾ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ തോമസ് മാത്യുവും സുഗതനും തയാറായി. റെയിൽ നിവാസിൽ താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നു. അപ്രതീക്ഷിതമായി എറണാകുളത്തുനിന്ന് എത്തിയ സുരേഷ് ജോർജും ഈ നീക്കത്തിൽ പങ്കാളിയായി. പ്രാഥമികമായ ചില കാര്യങ്ങൾ നീങ്ങിത്തുടങ്ങിയപ്പോൾതന്നെ രണ്ടാം നാൾ കെ.ആർ. ജനാർദനൻ മടങ്ങിപ്പോയി. രാഷ്ട്രപതി ശങ്കർദയാൽ ശർമ, പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ഉപരാഷ്ട്രപതി കെ.ആർ. നാരായണൻ, പാർലമെന്റ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, കേന്ദ്രമന്ത്രിമാർ, എസ്.സി/എസ്.ടി ദേശീയ കമീഷൻ ചെയർമാൻ, ഹനുമന്തപ്പ, എസ്.സി/എസ്.ടി എം.പിമാർ, സി.പി.എം നേതാവ് ഹർകിഷൻ സുർജിത്ത്, സി.പി.ഐ നേതാവ് ബർദ്വാൻ, കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കളായ കെ. കരുണാകരൻ, എ.കെ. ആന്റണി എന്നിങ്ങനെ ഭരണരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള നിരവധി പേർക്ക് നേരിട്ടും അല്ലാതെയും നിവേദനം കൈമാറി. നേരിൽ കാണാൻ കഴിഞ്ഞവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
കേരളംപോലെ ഇടതുപക്ഷം ഭരണം നടത്തുന്ന ഒരു സംസ്ഥാനത്തുനിന്ന് ഇത്തരമൊരു നടപടി ഉണ്ടായതിൽ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായ രാമു വാലിയ അത്ഭുതം പ്രകടിപ്പിച്ചു. നിയമഭേദഗതിക്ക് അനുമതി നൽകരുതെന്ന് രാഷ്ട്രപതിയോട് ശിപാർശ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ബിഹാറിൽനിന്നുള്ള ദലിത് നേതാവും റെയിൽവേ മന്ത്രിയുമായ രാംവിലാസ് പാസ്വാന്റെ ൈപ്രവറ്റ് സെക്രട്ടറി മനോഹർ പ്രസാദ് പറഞ്ഞത് നിവേദനം നൽകിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും ശക്തമായ പ്രക്ഷോഭങ്ങൾ വളർന്നുവന്നാലേ പാസ്വാനെപ്പോലുള്ളവർക്കുപോലും ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ കഴിയുകയുള്ളൂവെന്നുമാണ്.
കോൺഗ്രസ് വക്താവും ആദിവാസിയുമായ അജിത്ത് ജോഗി എം.പി, എസ്.സി/എസ്.ടി എം.പിമാരുടെ കൂട്ടായ്മയിൽ ഈ കാര്യം ഉന്നയിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞതിനു പിന്നാലെ ‘‘ഇന്ത്യയിലെ ആദിവാസികളുടെ സ്ഥിതി അങ്ങേക്കറിയാമല്ലോ’’യെന്ന് സൂചിപ്പിച്ചുകൊണ്ട് ഞങ്ങളുടെ സാന്നിധ്യത്തിൽതന്നെ ആദിവാസി ഭൂനിയമഭേദഗതിക്ക് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി. ദേശീയ ന്യൂനപക്ഷ കമീഷൻ അംഗമായ ധർമ ഹിരോ മഹാതീൻ ഇതേ വികാരത്തിൽനിന്നുതന്നെ രാഷ്ട്രപതിക്ക് കത്ത് എഴുതുന്നതും തന്റെ സൗഹൃദത്തിലുള്ള ചില എം.പിമാരുമായും അപ്പോൾതന്നെ ഈ കാര്യത്തിൽ ആശയവിനിമയം നടത്തുന്നതും കണ്ടു.
കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഏകകണ്ഠമായി എടുത്തൊരു തീരുമാനത്തോട് വിയോജിക്കാനാവില്ലെന്ന് അറിയാമായിരുന്നിട്ടും സി.പി.ഐ, സി.പി.എം അഖിലേന്ത്യാ നേതാക്കളെയും കോൺഗ്രസ് നേതാക്കളായ കെ. കരുണാകരനെയും എ. കെ. ആന്റണിയെയും കാണാൻ ശ്രമിച്ചു. സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറി എ.ബി. ബർദ്വാൻ ഞങ്ങൾ പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കാൻ തയാറായെങ്കിലും കേരളത്തിലെ ഗവൺമെന്റ് നിലപാടിനോട് വിയോജിക്കാൻ തയാറായില്ല. കോൺഗ്രസിന്റെ നയമല്ലാതിരുന്നിട്ടും താൻ ഈ കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് കെ. കരുണാകരൻ പറഞ്ഞപ്പോൾ ഫലിതം തോന്നി. എന്നാൽ, കേരളം ആരു ഭരിച്ചാലും റവന്യൂ വകുപ്പ് ആരാണ് കൈകാര്യം ചെയ്യുന്നതെന്നറിയാമല്ലോ എന്ന് കരുണാകരൻ ചോദിച്ചപ്പോൾ അത് കെ.എം. മാണിയെപ്പോലെയുള്ളവരെയും അവരുടെ രാഷ്ട്രീയ വേരുകളെയും ഉന്നംെവച്ചുകൊണ്ടുള്ള പ്രസ്താവമായി തോന്നി.
എസ്.സി/എസ്.ടി വിഭാഗങ്ങൾക്കായി താൻ ചെയ്ത ചില കാര്യങ്ങൾ ആവർത്തിക്കാനും അദ്ദേഹം മടിച്ചില്ല. എന്നാൽ, ഭൂനിയമം നടപ്പാക്കിയാൽ സാമൂഹിക സംഘർഷം ഉണ്ടാകുമെന്ന സമീപനം ഹൈകോടതിയിൽ സ്വീകരിച്ചത് കരുണാകരന്റെ ഭരണകാലത്തായിരുന്നുവല്ലോ. എ.കെ. ആന്റണി കണ്ടപ്പോൾ മറ്റൊരനുഭവമാണ് ഉണ്ടായത്. അദ്ദേഹം ഞങ്ങളെ കേട്ടു, ഒരു പ്രതികരണവുമില്ലാത്ത ശിലാസമാനമായ മൗനത്തിലായിരുന്നു. നിസ്സഹായർക്കും നീതി തേടി ചെല്ലുന്നവർക്കും മുന്നിൽ മൗനിയായി ഇരുന്നൊരു രാഷ്ട്രീയ നേതാവ്.
ഭാരതജന ആന്തോളൻ നേതാവും മുൻ എസ്.സി/എസ്.ടി ദേശീയ കമീഷണറുമായിരുന്ന ബി.ഡി. ശർമയെ കണ്ടപ്പോൾ ഈ ബിൽ ആദിവാസികൾക്ക് എതിരാണെന്നും അതിന് അനുമതി നൽകരുതെന്നും താൻ വേണ്ടപ്പെട്ടവരെ അറിയിക്കുമെന്നും അത് തന്റെ ബാധ്യതയാണെന്നും ശർമ പറഞ്ഞു. ഇക്കാര്യം താൻ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുമായി സംസാരിച്ചിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറി യുഗാന്തറുമായി സംസാരിക്കാം എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിൽ ഞങ്ങളെത്തുമ്പോൾ യുഗാന്തർ ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു. തന്റെ ജൂനിയറായി ഇന്ത്യൻ സിവിൽ സർവിസിലെത്തിയ യുഗാന്തറെ ശർമ എല്ലാ കാര്യങ്ങളും പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു.
പാസ്വാനെ കാണേണ്ടതില്ല, താൻ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് തോമസ് മാത്യു പറഞ്ഞതുപോലെ ഈ നീതിബോധവും താൽപര്യവും ഗ്രാമവികസന വകുപ്പ് സെക്രട്ടറി വിനയശങ്കറിലും നിയമ വകുപ്പ് സെക്രട്ടറി മണവാളനിലും ആഭ്യന്തര വകുപ്പ് സെക്രട്ടറി കൽറയിലും കണ്ടു. ഭൂനിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്ന പ്രശ്നമില്ലെന്നും തങ്ങളുടെ മന്ത്രാലയങ്ങളുടെ ശിപാർശകൂടി അതിനാവശ്യമുണ്ടെന്നും അതിനാൽ, നിങ്ങൾക്കിനി തിരിച്ചുപോകാമെന്നും പറഞ്ഞ രണ്ട് ബ്യൂറോക്രാറ്റുകളായിരുന്നു യുഗാന്തറും വിനയ ശങ്കറും.
അങ്ങനെയാണ് ഞങ്ങൾ ഒരാഴ്ചയോളം നീണ്ടുനിന്ന പ്രവർത്തനങ്ങൾ സമാഹരിച്ചുകൊണ്ട് നവംബർ 3ന് വാർത്തസമ്മേളനം നടത്തി ഡൽഹിയിൽനിന്ന് മടങ്ങിപ്പോരാൻ ആലോചിച്ചത്. അധികാരത്തിന്റെ ഇടനാഴികളിലൂടെയുള്ള യാത്രയിൽ എല്ലാദിവസവും സുഗതൻ മുന്നിൽനിന്ന് തോമസ് മാത്യുവിന്റെ ഓഫിസിൽ ഒത്തുകൂടി. അധികാരികളുടെ രാഷ്ട്രീയ ധാർമിക മനോനില തിരിച്ചറിഞ്ഞുകൊണ്ട് ഇടപെടാൻ കഴിഞ്ഞു. ഒടുവിൽ ഇനി തിരിച്ചുപോകാമെന്ന് തീരുമാനിച്ചതും തോമസ് മാത്യുവിന്റെ മുറിയിൽ വെച്ചായിരുന്നു. ഒരു ദൗത്യത്തിന്റെ പൂർത്തീകരണത്തിന്റെ പൊട്ടിച്ചിരികൾക്കിടയിൽ.
അതിനിടയിൽ ജെ.എൻ.യുവിൽ ആദിവാസി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒത്തുകൂടിയ ഒരു വിദ്യാർഥി കൂട്ടായ്മയിലും പങ്കെടുക്കാനായി. മാത്യു ജോസഫിനെപ്പോലെ ചിലരായിരുന്നു അതിന്റെ സംഘാടകർ. കേരളത്തിലെ ഏതെങ്കിലും യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് അസാധ്യമായൊരു കാര്യം.
തിരിച്ചുപോകാനുള്ള യാത്രാസൗകര്യം ഏർപ്പാടാക്കി തന്നതും തോമസ് മാത്യു ആയിരുന്നു. വി.കെ. ഭാസ്കരൻ കരുതിയിരുന്ന പണത്തിന്റെ നാലിലൊന്നുപോലും ചെലവു ചെയ്യേണ്ടിവരാത്തൊരു ദൗത്യം. നാലായിരത്തിലേറെ രൂപ ചെലവിനായി എന്നായിരുന്നു അദ്ദേഹം ഏകദേശമായി പറഞ്ഞത്. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ഉടനെ ഞാനും സുരേഷ് ജോർജും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെ സന്ദർശിക്കുകയുണ്ടായി. കൃഷ്ണയ്യരെയും പൗലോസ് മാർ പൗലോസിനെയും പോലെ അപൂർവം ചില വ്യക്തികൾ മാത്രമേ കേരളത്തിന്റെ പൊതുമണ്ഡലത്തിൽനിന്ന് ആദിവാസി ഭൂനിയമത്തെ അനുകൂലിച്ചിരുന്നുള്ളൂ. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി നിൽക്കുന്ന ആർക്കും അത് സാധ്യമാകുമായിരുന്നില്ല. ഭൂനിയമഭേദഗതിയുടെ പശ്ചാത്തലത്തിലാണ് ഞങ്ങൾ രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിന്റെ പകർപ്പുമായി കൃഷ്ണയ്യരെ സമീപിച്ചത്.
തന്റെ നിലപാട് മാറ്റങ്ങൾക്കനുസരിച്ച് ഞങ്ങളെ തിരുത്താൻ അദ്ദേഹം തയാറായില്ല. പകരം പറഞ്ഞത് ‘‘നിങ്ങൾ നിങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുക, ഞങ്ങൾ എന്തു പറയുന്നുവെന്ന് നോക്കേണ്ടതില്ല’’ എന്നാണ്. എന്നാൽ, തന്റെ നിലപാടുമാറ്റം തെറ്റായൊരു വാർത്തയായിരുന്നുവെന്ന മട്ടിൽ, ഭൂനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിൽ നടന്നൊരു കൺവെൻഷൻ വേദിയിൽ, താൻ പറയാൻപോകുന്ന കാര്യങ്ങൾ എന്നെ കേൾപ്പിക്കാനും തിരുത്തൽ നടത്താനും പൗലോസ് മാർ പൗലോസ് ശ്രമിക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി. ആദിവാസികളുടെ പക്ഷത്തുനിൽക്കാനുള്ള ആഴത്തിലുള്ള താൽപര്യമാണ് അപ്പോൾ അദ്ദേഹത്തിൽ കണ്ടത്.
1997 ജൂൺ അവസാനം എറണാകുളം കൊച്ചിൻ ടൂറിസ്റ്റ് ഹോമിൽ നടന്ന ഏകോപന സമിതി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്, കഴിഞ്ഞ രണ്ടു കൊല്ലത്തെ പ്രവർത്തനങ്ങളിൽ ഏറ്റവും അഭിമാനകരമായൊരു പ്രവർത്തനമായിരുന്നു ഇതെന്നാണ്. കേരളത്തിലെ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം ഒരഭിപ്രായം ആരായുന്നതിനുപോലും യോഗ്യതയില്ലാത്തവരായിരുന്നു കേരളത്തിലെ ആദിവാസികൾ. അവരുടെ ഒരു സംഘം ഡൽഹിയിലെത്തി രാഷ്ട്രപതിക്ക് നിവേദനം നൽകുമെന്നോ, നിയമഭേദഗതിയുടെ അനുമതിക്ക് തടസ്സം സൃഷ്ടിക്കുമെന്നോ ഭരണാധികാരികൾ കരുതിയില്ല.
എന്നാൽ, അത്തരമൊരു സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് 1996 ഡിസംബർ 27ന് കേരള മുഖ്യമന്ത്രി ഇ.കെ. നായനാരുടെ നേതൃത്വത്തിൽ റവന്യൂ മന്ത്രി കെ.ഇ. ഇസ്മായിലും വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫും പ്രതിപക്ഷ നേതാക്കളായ എ.കെ. ആന്റണിയും കെ.എം. മാണിയുമടങ്ങുന്ന പ്രഗല്ഭരായ ഒരു സംഘം ഭൂനിയമഭേദഗതി ബില്ലിന് അനുമതി തേടി ഡൽഹിക്ക് പുറപ്പെട്ടത്.
ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു സംഭവമായിരുന്നു ഇത്. തങ്ങളുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന അതിദുർബലമായൊരു സാമൂഹികവികാസത്തിന് തങ്ങൾതന്നെ കനിഞ്ഞുനൽകിയ നീതിയുടെ വെളിച്ചം ഊതിക്കെടുത്താനായിരുന്നു ഈ യാത്ര. അവരിൽ കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഗാന്ധിയന്മാരും ക്രിസ്തുവിന്റെയും നബിയുടെയും ആരാധകരുമുണ്ടായിരുന്നു. എന്നാൽ, നീതിബോധമുള്ള ആരുമുണ്ടായിരുന്നില്ല, നവോത്ഥാനാനന്തര കേരളത്തിലെ രാഷ്ട്രീയ/ധാർമികാപചയത്തിന്റെയും നീതിരാഹിത്യത്തിന്റെയും മുഖങ്ങളായിരുന്നു കോട്ടും സൂട്ടുമണിഞ്ഞ് ഡൽഹിയിൽ പറന്നെത്തിയ ഭരണാധികാരികളിൽ കണ്ടത്. ജനാധിപത്യ കേരളത്തിന്റെ ദുർമുഖങ്ങൾ.
ഈ സർക്കാർ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് 1997 ഫെബ്രുവരി 14ന് കോട്ടയത്ത് ഭൂനിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കാൻ ഏകോപന സമിതി തീരുമാനിച്ചത്. ആത്മവിശ്വാസത്തോടെയാണ് ഡൽഹിയിൽനിന്ന് തിരിച്ചുപോന്നതെങ്കിലും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ആദിവാസി താൽപര്യം സംരക്ഷിക്കുകയെന്നത് എളുപ്പമായിരുന്നില്ല. കാരണം, അവിടെ നീതിയുടെ തുലാസ് സംഘടിതരിലേക്കും ബലവാന്മാരിലേക്കും മാത്രമാണ് ചാഞ്ഞിരുന്നത്. അസംഘടിതർക്കും ബലഹീനർക്കും സഹതാപത്തിന്റെ ആനുകൂല്യമാണ് ലഭിച്ചിരുന്നത്.
ലജ്ജാകരമായ ഈ സാഹചര്യത്തെയാണ് ആദിവാസികൾ മറികടക്കാൻ ശ്രമിക്കുന്നത്. അതിലുള്ളവർക്ക് മുന്നേറാനായില്ലെങ്കിലും തിരിച്ചുപോക്ക് അസാധ്യമാണ്. കാരണം, നവോത്ഥാന കാലത്ത് അയിത്തജാതിക്കാരായിരുന്ന അധഃസ്ഥിതർക്കിടയിൽ കണ്ടിരുന്ന ഉണർവിന്റെയും മുന്നോട്ടു വരവിന്റെയും സൂചനകൾ ഇന്ന് ആദിവാസികൾക്കിടയിൽ കാണാം. അവർ സ്വയം ഉത്തേജിതരാകാൻ ശ്രമിക്കുന്നു, പോരാടാൻ തുനിയുന്നു, ഒന്നിക്കാൻ ശ്രമിക്കുന്നു. കവർച്ച ചെയ്യപ്പെട്ട ഭൂമി തിരികെ ലഭിക്കുന്നതിനെക്കുറിച്ചു മാത്രമല്ല, തങ്ങളുടെ തനത് ജീവിതരീതികളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമെല്ലാം ചിന്തിക്കുന്നു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആദിവാസികളെ ആശ്രയിച്ചും മറ്റു ജില്ലകളിൽനിന്ന് പരമാവധി പങ്കാളിത്തത്തോടെയുമാണ് റാലിയും സമ്മേളനവും ആലോചിച്ചത്. സമിതിയിൽ അംഗങ്ങളായിരിക്കുകയോ, സമിതിയുമായി സഹകരിക്കുകയോ ചെയ്യുന്ന സംഘടനാ നേതാക്കളെ ഒരേ വേദിയിൽ കൊണ്ടുവന്ന് ഐക്യത്തിന്റെയും കരുത്തിന്റെയും പ്രതീകാത്മകത സൃഷ്ടിക്കാനായിരുന്നു ശ്രമം. സി.കെ. ജാനു, കെ.ആർ. ജനാർദനൻ, കോഴിമല തേവർ രാജമന്നാൻ, തങ്കേശൻ കാണി, റവ. പി.വി. ജോസഫ്, എം. ശിവരാമൻ, ടി.കെ. കൃഷ്ണൻ, സുകുമാരൻ താന്നിമൂട്ടിൽ, എം. ഗോപാലൻ, വി.ജി. രാമൻകുട്ടി, സദാശിവൻ കാണി, അശോകൻ കലിംഗമുത്തു, വി.കെ. ദാക്ഷായണി, കെ. കേശവൻ, എം.കെ. നാരായണൻ, പി.എസ്. ഉത്തമൻ, പി.ജെ. ഭാസ്കരൻ, ടി.ജെ. ബിജോയി, പി.ടി. അരുൺകുമാർ, ജോസ് പീറ്റർ, ഒ.കെ. ബാലൻ എന്നിങ്ങനെ വിവിധ ഗോത്രപശ്ചാത്തലമുള്ള സംഘടനാനേതാക്കളുടെ സാന്നിധ്യമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഗോത്രപരിണാമത്തിന്റെ ജാതി/മത രൂപങ്ങൾക്കപ്പുറത്തായിരുന്നു ഈ സ്പേസ്.
എല്ലാ ദൗർബല്യങ്ങളും നിലനിൽക്കെത്തന്നെ മൂവായിരത്തോളം ആളുകൾ പങ്കെടുത്ത റാലിയും സമ്മേളനവും ആദിവാസികൾക്കിടയിൽ ദൃശ്യമായ ഐക്യത്തിന്റെയും ഉണർവിന്റെയും പ്രതിഫലനമായിരുന്നു. എന്നാൽ, പങ്കാളിത്തംകൊണ്ടും ഈർജസ്വലതകൊണ്ടും റാലിയും സമ്മേളനവും ശ്രദ്ധിക്കപ്പെട്ടെങ്കിലും കോഴിമല രാജാവിനെയും കെ. കേശവനെയുംപോലെ ക്ഷണിക്കപ്പെട്ട ചില സംഘടനാ നേതാക്കൾക്കുമാത്രമല്ല, സംഘടനകൾക്കും റാലിയിൽ പങ്കെടുക്കാനായില്ല.
ഇതൊരു സാമൂഹികാവസ്ഥയായിരുന്നു. റാലിയുടെ പശ്ചാത്തലത്തിൽ 1996 ഡിസംബർ ആദ്യവാരത്തിൽ കോട്ടയത്ത് സ്വാഗതസംഘ രൂപവത്കരണത്തിനായി വിളിച്ച യോഗത്തിൽ ഞങ്ങൾ ആറുപേർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ബിജോയിക്കും രാമൻകുട്ടിക്കും അരുൺകുമാറിനും എനിക്കും പുറമെ രാമൻകുട്ടിയുടെ കൂടെ വന്ന മറ്റു രണ്ടുപേരും. ഈ സാഹചര്യത്തിൽ 1997 ജനുവരി മധ്യത്തിൽ എറണാകുളത്ത് വിളിച്ചുചേർത്ത ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയിലെ ചർച്ചാവിഷയങ്ങളിലൊന്ന് ഏതോ സന്നദ്ധസംഘടനയുടെ പിന്നാലെ രാഷ്ട്രപതിയെ കാണാൻ ജാനു ഒന്നുകൂടി ഡൽഹിക്കുപോയ വാർത്തയാണ്.
ഒരിക്കൽ തന്റെ നേതൃത്വത്തിൽതന്നെ നിർവഹിച്ച കാര്യം ജാനു എന്തിനാണ് ആവർത്തിച്ചതെന്ന് ആർക്കും മനസ്സിലായില്ല. മാനഹാനിയുണ്ടാക്കുന്നൊരു നീക്കമായിരുന്നു ഇത്. ഈ പ്രശ്നം ഉന്നയിച്ച എം.കെ. നാരായണൻ ജാനുവിന്റെ മറുപടിയിൽ ഒട്ടും തൃപ്തനല്ലാതെ കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി. കുറച്ചുകാലത്തേക്കെങ്കിലും ഏകോപന സമിതി പ്രവർത്തിക്കണമെന്നും കൂടിയാലോചിച്ചേ നേതാക്കൾ പ്രവർത്തിക്കാവൂവെന്നും മലവേടർ മഹാസഭ പോലൊരു ചെറുഗ്രൂപ്പിന്റെ പ്രവർത്തകനായ രാമൻകുട്ടി പറഞ്ഞപ്പോൾ അതിൽ പ്രതീക്ഷയുടെയും ദൈന്യതയുടെയും അംശമുണ്ടായിരുന്നു. എന്നാൽ, ജാനുവിനെ മുന്നിൽ നിർത്തി ആദിവാസികൾക്കിടയിൽ സൃഷ്ടിച്ചെടുക്കാൻ ശ്രമിച്ച ഉണർവ് ചോർന്നുപോകുകയായിരുന്നു.
റാലിയുടെ പശ്ചാത്തലത്തിൽ മറ്റൊരനുഭവംകൂടിയുണ്ടായി. എന്റെ ഗ്രാമമായ പൂച്ചപ്രയിലെ ൈട്രബൽ ഗവൺമെന്റ് സ്കൂളിൽ റാലിക്കുമുമ്പ് നടന്നൊരു ആദിവാസി കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനായി ക്ഷണിക്കപ്പെട്ടത് കോഴിമല തേവൻ രാജമന്നനായിരുന്നു. ആദിവാസി ഉണർവിനോടൊപ്പം അവർക്കിടയിലെ രാജാവെന്ന മട്ടിൽ വ്യത്യസ്തനായി അവതരിപ്പിക്കപ്പെട്ടൊരു വ്യക്തിത്വം. മന്നാന്മാരുടെ രാജാവിന് മറ്റു ഗോത്രവിഭാഗങ്ങൾക്കിടയിൽ കിട്ടുന്ന അപൂർവമായൊരു സ്വീകാര്യതയായിരുന്നു പൂച്ചപ്രയിൽ അദ്ദേഹത്തിന് ലഭിച്ചത്. അതിന് മുൻകൈയെടുത്തതാകട്ടെ പൂച്ചപ്രയിലെ മലയരയ വിഭാഗത്തിൽനിന്ന് ഏകോപന സമിതിയിൽ എത്തിച്ചേർന്നവരും. രാജാവിനെപ്പോലുള്ളവരെ ഏകോപന സമിതിയുമായി സഹകരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം.
എന്നാൽ, ആദിവാസികളെ സഹായിക്കാനെത്തുന്ന ആരുമായും സഹകരിക്കുമെന്ന രാജാവിന്റെ പ്രഖ്യാപനത്തോട് പൂച്ചപ്രയിലെ ഏകോപന സമിതി പ്രവർത്തകർക്ക് യോജിപ്പുണ്ടായിരുന്നില്ല. അതവർ കൺവെൻഷനു ശേഷം പരമേശ്വരന്റെ വീട്ടിൽ അത്താഴത്തിനുമുമ്പ് നടന്ന കൂടിയാലോചനയിൽ ബോധ്യപ്പെടുത്താനും ശ്രമിച്ചു. രാജാവിന്റേത് ആദിവാസികൾക്കിടയിൽ നിലനിന്നിരുന്നൊരു സാമാന്യബോധമായിരുന്നു. ഈ സാമാന്യബോധം ചൂഷണംചെയ്താണ് കുടിയേറ്റക്കാരായാലും വിവിധ രാഷ്ട്രീയകക്ഷികളായാലും ആദിവാസികളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്.
റാലിക്കുശേഷം ആദിവാസി ഭൂനിയമഭേദഗതിക്കെതിരെ കോഴിമല രാജാവിന്റെ നേതൃത്വത്തിൽ അയ്യൻകാളിപ്പട സംഘടിപ്പിച്ച ജാഥ പൂച്ചപ്രയിലൂടെ കടന്നുപോയി. മലഞ്ചെരിവുകളിറങ്ങുമ്പോൾ മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന ജാഥയുടെ അനൗൺസ്മെന്റ് പൂച്ചപ്രയിലെ കുന്നിൻനിരപ്പിലൂടെ കടന്നുപോകുമ്പോൾ പെട്ടെന്ന് നിലച്ചു. മലമുകളിലെ വീട്ടിൽ അനൗൺസ്മെന്റ് ശ്രദ്ധിച്ചുകൊണ്ടിരുന്ന ഞാൻ ആനന്ദയോട് പറഞ്ഞു. രാജാവിന്റെ ജാഥ പ്രജകൾ തടഞ്ഞുവെന്നുതോന്നുന്നു. അത് ശരിയായിരുന്നു. ആഴ്ചകൾക്കുമുമ്പ് രാജാവിനെ സ്വീകരിച്ചവരിൽ ചിലർ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിർത്തി. സ്വീകരിക്കാനല്ല, കാണുന്ന വണ്ടികളിലെല്ലാം കയറിനടക്കുന്ന ശീലം നല്ലതല്ലെന്ന് ഓർമിപ്പിക്കാൻ.
ഇതിനിടയിൽ ജാനുവിന്റെ എൻ.ജി.ഒ ബന്ധങ്ങൾ തുടർച്ചയായി ഏകോപനസമിതിയിൽ ഉണ്ടാക്കുന്ന എതിർപ്പുകൾ, പ്രത്യേകിച്ചും വയനാട്ടിൽനിന്ന്, ഒരിക്കൽ ഞാൻ സോളിഡാരിറ്റിയുടെ മുഖ്യസംഘാടകനായ ജോസ് സെബാസ്റ്റ്യനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ‘എന്നാൽ, ജാനുവിനെ സംഘടനയിൽനിന്ന് ഒഴിവാക്കാൻ’ ആയിരുന്നു. ജോസ് സെബാസ്റ്റ്യനെ സംബന്ധിച്ചിടത്തോളം ലളിതമായൊരു സംഘടനാപ്രശ്നമായിരുന്നു ഇത്. അപ്പോഴേക്കും ജാനുവിനോടൊപ്പമുണ്ടായിരുന്ന ഉഷ സംഘടന വിട്ടിരുന്നു. വയനാട്ടിലെ ആദിവാസി നേതൃത്വങ്ങളെ ഏകോപന സമിതിയുമായി സഹകരിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ‘ഇതൊരാദിവാസി അവസ്ഥ’യാണെന്നു പറഞ്ഞ് പിരിഞ്ഞ സേവ്യറിനെ പിന്നീട് കാണാനായില്ല. അദ്ദേഹം ഗൂഡല്ലൂരിലേക്ക് കുടുംബസമേതം താമസംമാറ്റിയെന്നാണ് അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.