ഐക്യ സമ്മേളനം

കേരളത്തിലെ ദലിത് സംഘടനകളെയും വ്യക്തികളെയും ഒന്നിപ്പിക്കാൻ നടത്തിയ ഐക്യ സമ്മേളനത്തെക്കുറിച്ച് വിശദമായി എഴുതുന്നു. ദലിത് ഐക്യത്തിനുവേണ്ടിയുള്ള ശ്രമം പുതിയതല്ല. പരിമിതികളോടും പരാധീനതകളോടും കൂടി തുടർന്നുപോരുന്ന ഒരു പ്രക്രിയയാണിത്. കേട്ടുകേൾവിക്കപ്പുറം പരസ്​പരം കണ്ടും അറിഞ്ഞും പലതും പങ്കുവെക്കാൻ കഴിഞ്ഞുവെന്നത് ഈ നൂറ്റാണ്ടിന്റെ അന്ത്യദശകത്തിലെ ഇതഃപര്യന്തമുള്ള അവിസ്​മരണീയമായ ഒരു ആദിവാസിയനുഭവമാണ്. വിവേചനങ്ങളുടെ പുതുരൂപങ്ങൾ ബോധ്യമാകുന്നതോടൊപ്പം വർധിച്ചുവരുന്ന അതിക്രമങ്ങളുടെയും നീതിനിഷേധത്തിന്റെയും ദാസ്യവത്കരണത്തിന്റെയും പശ്ചാത്തലത്തിൽ ജീവിതത്തിന്റെ...

കേരളത്തിലെ ദലിത് സംഘടനകളെയും വ്യക്തികളെയും ഒന്നിപ്പിക്കാൻ നടത്തിയ ഐക്യ സമ്മേളനത്തെക്കുറിച്ച് വിശദമായി എഴുതുന്നു.

ദലിത് ഐക്യത്തിനുവേണ്ടിയുള്ള ശ്രമം പുതിയതല്ല. പരിമിതികളോടും പരാധീനതകളോടും കൂടി തുടർന്നുപോരുന്ന ഒരു പ്രക്രിയയാണിത്. കേട്ടുകേൾവിക്കപ്പുറം പരസ്​പരം കണ്ടും അറിഞ്ഞും പലതും പങ്കുവെക്കാൻ കഴിഞ്ഞുവെന്നത് ഈ നൂറ്റാണ്ടിന്റെ അന്ത്യദശകത്തിലെ ഇതഃപര്യന്തമുള്ള അവിസ്​മരണീയമായ ഒരു ആദിവാസിയനുഭവമാണ്. വിവേചനങ്ങളുടെ പുതുരൂപങ്ങൾ ബോധ്യമാകുന്നതോടൊപ്പം വർധിച്ചുവരുന്ന അതിക്രമങ്ങളുടെയും നീതിനിഷേധത്തിന്റെയും ദാസ്യവത്കരണത്തിന്റെയും പശ്ചാത്തലത്തിൽ ജീവിതത്തിന്റെ സാമൂഹിക-രാഷ്ട്രീയ അർഥതലങ്ങളെ വ്യവച്ഛേദിച്ച് അറിയാനും ഇടപെടാനും ഓരോരുത്തരും നിർബന്ധിക്കപ്പെടുന്നുണ്ട്. എന്നാൽ, ഇന്ത്യയുടെ ഇടപെടലുകൾക്ക് അപശബ്ദങ്ങൾക്കപ്പുറം സ്​ഥായിയായ ഭാവമോ ആധികാരികതയോ കൈവരിക്കാൻ കഴിയുന്നില്ല. പ്രതിബദ്ധതയെ വ്യക്തികളും സംഘടനകളും സമുദായമാകെയും പൊതുതാൽപര്യങ്ങളിൽ ഒന്നിച്ചുചേരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്; ദലിത് ഐക്യത്തിന്റെ പ്രസക്തിയിലേക്കും പ്രായോഗികതയിലേക്കും.

മധ്യകേരളം കേന്ദ്രീകരിച്ച് ശ്രദ്ധേയമായ പ്രചാരണ പ്രവർത്തനങ്ങളിലൂടെ സമ്മേളനം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. പ്രതിബദ്ധരായ ഏതാനും വ്യക്തികളുണ്ടെങ്കിൽ സമൂഹത്തിന്റെ പൊതുമനസ്സിനെപ്പോലും സ്​പർശിക്കാനാവുന്ന സാമൂഹിക ഇടപെടൽ നടത്താനാവുമെന്നതിന്റെ മറ്റൊരു ദൃഷ്​ടാന്തമായിരുന്നു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രചാരണപ്രവർത്തനങ്ങൾ. വ്യാപകമായി ചുമരെഴുത്തുകൾ നടന്നു. പോസ്റ്ററിങ് നടന്നു. പ്രത്യക്ഷത്തിൽ സംഘടിതമായൊരു പ്രസ്​ഥാനത്തിനുമാത്രം ചെയ്യാവുന്ന പ്രവർത്തനങ്ങൾ. എന്നാൽ, അതിന്റെ പിന്നിൽ കെ.കെ. രവിയുടെയും കുഞ്ഞ് പഴന്താറ്റിനെയും പോലുള്ള ഏതാനും പേരുടെ കഠിനപ്രയത്നങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നത് മറ്റൊരു കാര്യം. രാപ്പകലില്ലാത്ത കഠിനപ്രയത്നം. പകൽ നഗരങ്ങളിലെയും പട്ടണങ്ങളിലെയും പീടികത്തിണ്ണകളിലെത്തി തങ്ങളുടെ സമൂഹത്തിന്റെ ഇല്ലായ്മ, ദയനീയാവസ്​ഥ വിശദീകരിച്ച് പണം ശേഖരിച്ചു.

രാത്രികാലത്ത് എഴുത്തുകാരെ കൂട്ടി ചുമരെഴുതി. ‘പരിരക്ഷാഭാവത്തെ വെറുക്കുക, പരാശ്രയബോധം വലിച്ചെറിയുക.’ ഒരിക്കൽകൂടി ഈ സന്ദേശം മധ്യകേരളത്തിലെ ചുവരെഴുത്തായി. ഒപ്പം ദലിതർ ഒരു സാമുദായിക രാഷ്ട്രീയ ശക്തിയായി മാറുക എന്നും. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കവർ സഞ്ചരിച്ചു. ഫുഡ് കമ്മിറ്റിയുടെ മുഖ്യചുമതലക്കാരനെന്ന നിലയിൽ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനെക്കുറിച്ചാലോചിച്ചപ്പോഴും രവിയുടെ അഭിപ്രായമിതായിരുന്നു: ‘‘എറണാകുളം നഗരത്തിൽനിന്ന് അതിനുള്ള പണം കണ്ടെത്താം. പ്രവർത്തനം ആരംഭിച്ചാൽ നമുക്കത് എങ്ങനെയും മുന്നോട്ടുകൊണ്ടുപോകാം.’’ ഒരു പദ്ധതിയുടെ പ്രായോഗികതയെപ്പറ്റിയുള്ള രവിയുടെയും കുഞ്ഞേട്ടന്റെയും അഭിപ്രായം അതായിരുന്നു. അതിരുകളില്ലാത്ത ആത്മവിശ്വാസം; സമർപ്പിതമായ പ്രവർത്തന സന്നദ്ധത. പണമായിരുന്നു എല്ലാറ്റിനും തടസ്സമെങ്കിലും, അതൊരിക്കലും തങ്ങളുടെ സാമൂഹികപ്രവർത്തനങ്ങൾക്ക് തടസ്സമായി കാണാൻ അവർ തയാറായിരുന്നില്ല. യാത്രക്കൂലിയുമായി മാത്രം വീട്ടിൽനിന്നിറങ്ങുകയും അതുമായി മാത്രം തിരിച്ചുപോകുകയും ചെയ്യുന്നവർ.

പ്രാഥമിക ചെലവുകൾക്കായി പണം കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിൽ കൊടുങ്ങല്ലൂർ, മേത്തല സ്വദേശിയായ ഐ.എൻ. അശോകൻ നൽകിയ 5000 രൂപയായിരുന്നു ഐക്യസമ്മേളനത്തിന്റെ ആദ്യ മുതൽക്കൂട്ട്. അദലിതനായ ഒരു പഴയ സഖാവിന്റെ സഹായം. പാർട്ടിയിൽനിന്ന് അകന്നുപോയപ്പോഴും അകലാത്ത ബന്ധങ്ങളിലൊന്ന്. സാമൂഹിക പ്രവർത്തനത്തിനിടയിൽ ആദ്യമായി ഒരാൾ ഏൽപിക്കുന്ന ഏറ്റവും വലിയ തുക. കടമായിരുന്നു. എ.എൻ.എം പ്രവർത്തകരായ വിശ്വംഭരനും സത്യനുമാണ് അശോകൻ ചേട്ടനെ കാണാൻ പറഞ്ഞത്. മനുസ്​മൃതി കേസിലെ പ്രതിയായിരുന്നു അദ്ദേഹം. കേസ്​ അപ്പോഴും തീർന്നിരുന്നില്ല. ചില പ്രശ്നങ്ങളുടെ പേരിൽ കുടുംബത്തിൽനിന്ന് അകന്നുകഴിയുകയായിരുന്നു അശോകൻ ചേട്ടൻ.

രാവിലെ മഴുവും വടവുമായി ഇറങ്ങുന്ന അദ്ദേഹം മരംവെട്ടി നേടുന്ന കൂലിയിൽനിന്ന് മിച്ചംവെച്ച് സമാഹരിച്ച തുകയായിരുന്നു അത്. എൻജിനീയർമാരും ഡോക്ടർമാരും പ്രഫസർമാരുമുള്ള ഒരു സമൂഹത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും അശോകൻ ചേട്ടനെപ്പോലെ ഒരാളെ ദലിതർക്കിടയിൽ കണ്ടെത്താനായില്ല. ഈ കടം തിരിച്ചുകൊടുക്കാനായില്ല. അശോകൻ ചേട്ടൻ അത് ചോദിച്ചില്ല, അതിന്റെമേൽ പരിഭവിച്ചില്ല. പിന്നീടൊരിക്കൽ മറ്റൊരു പ്രവർത്തനത്തിന് കൈയിലുണ്ടായിരുന്ന 500 രൂപ നൽകി. 50 രൂപ തിരികെ വാങ്ങി. അപ്പോഴെല്ലാം അദ്ദേഹം താമസിച്ചിരുന്നത് അഴീക്കോട് ഭൂസമരം നടക്കുന്ന മിച്ചഭൂമിയിലെ ഒരു കുടിലിലായിരുന്നു.

ഒരിക്കൽ അഴീക്കോടെത്തു​േമ്പാൾ സത്യനും വിശ്വംഭരനുമെല്ലാം പറഞ്ഞു: അശോകൻ ചേട്ടനെ കാണാനില്ല. ആന േപ്രമിയായിരുന്നു അദ്ദേഹം. അസുഖം ബാധിച്ചൊരാനയെ പരിചരിക്കുന്നതിനായി അതിനൊപ്പം കൂടി. അസുഖം മാറിയപ്പോൾ ആനയോടൊപ്പം അശോകൻ ചേട്ടനും പോയി. ‘യാത്രക്കിടയിൽ അശോകൻ ചേട്ടൻ മനസ്സിലുണ്ടാകണ’മെന്നും അവർ പറഞ്ഞു. ഒരിടത്തും കാണാനായില്ല. ഇത്തരത്തിൽ ദലിത് പ്രവർത്തനങ്ങളെ സഹായിക്കുന്ന അദലിതരായ പല പഴയ ബന്ധങ്ങളും അപ്പോഴുമുണ്ടായിരുന്നു. അവർക്കിടയിൽ പാർട്ടി വിട്ടിട്ടും ഞാൻ സഖാവായിരുന്നു. അവർ എനിക്കും സഖാക്കളായിരുന്നു.

ഏഴെട്ടുമാസക്കാലമായി വിവിധതലങ്ങളിൽ നടന്ന നിരവധി ആലോചനകളുടെയും ചർച്ചകളുടെയും ഫലമായിരുന്നു 1999 ജനുവരി 26ന് എറണാകുളം യാത്രാ ഓഡിറ്റോറിയത്തിൽ നടന്ന ദലിത് ഐക്യസമ്മേളനം. ഈ നീക്കത്തിൽ ഐക്യത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും വലിയ പ്രതിബന്ധം ദലിത് ൈക്രസ്​തവ സംവരണമായിരുന്നു. പരിഹാരം കണ്ടെത്തേണ്ടിയിരുന്ന സങ്കീർണമായൊരു സാമൂഹികപ്രശ്നം. ഈ കാര്യത്തിലും അഭിപ്രായ സമന്വയമുണ്ടായതോടെ സമ്മേളനത്തിന്റെ വിജയ സാധ്യത ഉറപ്പാക്കപ്പെട്ടു.

താരതമ്യേന ദലിത് മണ്ഡലത്തിലേക്ക് പ്രവേശിച്ച, സംഘടനാരംഗത്തും ബൗദ്ധികരംഗത്തുമുള്ള 90ഓളം പേരെ നേരിട്ടുതന്നെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. ബൗദ്ധികരംഗത്ത് ഇവർക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. എന്നാൽ, ക്ഷണിക്കപ്പെട്ട ബഹുഭൂരിപക്ഷമാളുകളും സമ്മേളനത്തിൽനിന്ന് വിട്ടുനിന്നു. ഉദ്ഘാടകനായി ക്ഷണിക്കപ്പെട്ടത് ഡോ. എം. ദാസനായിരുന്നു (കോഴിക്കോട് യൂനിവേഴ്സിറ്റി). ആശംസകളർപ്പിക്കാനായി ഡോ. എം. കുഞ്ഞാമൻ (കേരള യൂനിവേഴ്സിറ്റി), ഡോ. പി. ശിവനന്ദൻ. (സി.ഡി.എസ്​), വി. പത്മനാഭൻ (എഡിറ്റർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, റവ. പി.വി. ജോസഫ് (പ്രിൻസിപ്പൽ ഹെൻട്രി ബേക്കർ കോളജ് മേലുകാവുമറ്റം), ഡി. രാജീവ് (റീഡർ ഡി.സി.പി, കൊച്ചിൻ യൂനിവേഴ്സിറ്റി) എന്നിവരെയാണ് ക്ഷണിച്ചത്. എം. ഗീതാനന്ദൻ, സണ്ണി എം. കപിക്കാട്, എം. പവിത്രൻ, എൻ. കെ. വിജയൻ, കുഞ്ഞു പഴുന്താറ്റിൽ, എ.ഡി. അജിത, എന്നിവർ പ്രസീഡിയത്തിൽ. ദുഃഖകരമായൊരു കാര്യം ചർച്ചകളിലെത്തി. ഈ സംരംഭത്തോട് ആഭിമുഖ്യം കാണിച്ചവർ പോലും എത്തിച്ചേർന്നില്ല എന്നതാണ് അത്. എന്നാൽ, ദലിത് സാമാന്യജനതയുടെ സ്​ഥിതി അതായിരുന്നില്ല. 500 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. ആയിരത്തോളം പേർ എത്തിച്ചേർന്നു. യാത്രാ ഓഡിറ്റോറിയം ഈ കൂട്ടായ്മക്ക് അപര്യാപ്തമായി മാറി. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ദലിതാനുഭവം.

സംസ്​ഥാന സംഘാടക സമിതി കൺവീനറുടെ അധ്യക്ഷതയിലാണ് സമ്മേളനം ആരംഭിച്ചത്. കോഴിക്കോട് യൂനിവേഴ്സിറ്റിയിലെ അധ്യാപകനായ ഡോ. എം. ദാസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേലുകാവുമറ്റം ഹെൻട്രി ബേക്കർ കോളജ് പ്രിൻസിപ്പൽ പി.വി. ജോസഫ്, കൊച്ചിൻ യൂനിവേഴ്സിറ്റി നിയമവിഭാഗം റീഡർ ഡി. രാജീവ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഉച്ചക്കുശേഷം നടന്ന നയപ്രഖ്യാപന സമ്മേളനത്തിന്റെ അധ്യക്ഷൻ അഡ്വ. പി.എം. ബേബിയായിരുന്നു. എം. ഗീതാനന്ദൻ, എം. പവിത്രൻ, എൻ.കെ. വിജയൻ, കുഞ്ഞു പഴന്താറ്റിൽ, എ.ഡി. അജിത എന്നിവരടങ്ങിയ പ്രസീഡിയം ചർച്ച നിയന്ത്രിച്ചു. നയപ്രഖ്യാപനരേഖ അവതരിപ്പിച്ചത് ഞാനാണ്. കെ. ആർ. ജനാർദനൻ, സി.എ. തങ്കച്ചൻ മാസ്റ്റർ, പനങ്കുട്ടി പാപ്പച്ചൻ, രാഘവൻ അത്തോളി, ടി.കെ. ശിവശങ്കരൻ, എ.എം. ജോസഫ്, ജോൺസൺ നെല്ലിക്കുന്ന്, എ.ടി. ഉമ, പി. ആർ. സുരേഷ് കുമാർ, എം. വിശ്വംഭരൻ, എം.ജി. മാധവൻ, കെ.ജെ. സുബ്രൻ, പി.പി. സജീവ്കുമാർ, ചന്ദ്രൻ തൃപ്പണത്ത്, പി. കുട്ടപ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

 

മുമ്പുതന്നെ പലതലങ്ങളിലൂടെ നടന്ന ചർച്ചകളിലൂടെ ഉയർന്നുവന്ന അഭിപ്രായങ്ങളുടെ േക്രാഡീകരണമെന്ന നിലയിൽ, രേഖയിലൂടെ മുന്നോട്ടുവെക്കപ്പെട്ട സമീപനങ്ങൾ പ്രായോഗികമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പലതും പ്രഖ്യാപിക്കുകയാണ് പലരും ചർച്ചയിലൂടെ ചെയ്തത്. ഉന്നയിക്കപ്പെട്ട ചില പ്രശ്നങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് നയപ്രഖ്യാപന രേഖ (കരട്) അംഗീകരിക്കപ്പെട്ടു. അതിന്റെ അടിസ്​ഥാനത്തിൽ ദലിത് ഐക്യസമിതി എന്ന പുതിയ സംഘടന രൂപവത്കരിക്കപ്പെട്ടു. 101 അംഗങ്ങളുള്ള സംസ്​ഥാന കൗൺസിൽ, 51 അംഗങ്ങളുള്ള സംസ്​ഥാന കമ്മിറ്റി, 21 അംഗങ്ങളുള്ള സംസ്​ഥാന എക്സിക്യൂട്ടിവ്. സംസ്​ഥാന കൺവീനറായി എന്നെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് അംഗങ്ങളായി അഡ്വ. പി.എം. ബേബി, കുഞ്ഞു പഴന്താറ്റിൽ, കെ.കെ. രവി, എം. പവിത്രൻ, അഡ്വ. ടി.ഡി. എൽദോ, എം.കെ. രാജപ്പൻ, കെ.ജി. കൃഷ്ണൻകുട്ടി, എൻ.കെ. വിജയൻ, വി.സി. രാജപ്പൻ, ബി. സുനിൽ, എ.എം. ജോസഫ്, ചന്ദ്രൻ തൃപ്പണത്ത്, എം.കെ. രാജു, പി.പി. സജീവ്കുമാർ, എ.ഡി. അജിത, പി.ആർ. സുരേഷ് കുമാർ, പനങ്കുട്ടി പാപ്പച്ചൻ, എൻ. ദേവരാജൻ, കെ.കെ. ദിവാകരൻ എന്നിവരെ തിരഞ്ഞെടുത്തു.

ഐക്യശ്രമം ഊർജിതപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി താഴെ പറയുന്ന പ്രമേയങ്ങൾ അംഗീകരിച്ചു.

1. 1975ലെ ആദിവാസി ഭൂനിയമം ഭേദഗതി കൂടാതെ നടപ്പാക്കുക.

2. സംവരണം സ്വകാര്യമേഖലയിലേക്ക് വ്യാപിപ്പിക്കുക.

3. ദലിത് ൈക്രസ്​തവർക്ക് ലെജിസ്ലേറ്റിവ് അസംബ്ലി ഉൾപ്പെടെ വേറിട്ട്, ജനസംഖ്യാനുപാതികമായി സംവരണം ഏർപ്പെടുത്തുക.

4. ജനകീയാസൂത്രണത്തിന്റെ ഭാഗമായി പട്ടികജാതി പട്ടികവർഗക്കാർക്ക് ലഭിക്കുന്ന ഫണ്ട് ദുർവിനിയോഗം തടയുക.

5. വിദ്യാഭ്യാസം സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുകയും ഡി.പി.ഇ.പിയിലൂടെ ദലിതരെ പിന്നോട്ടു നയിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ പരിഷ്കരണം ഉപേക്ഷിക്കുക.

6. ദലിതരുടെ പൈതൃകമായിട്ടുള്ള തനതു സാംസ്​കാരത്തിനെതിരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക.

7. റോഡ്, തോട്, പുറമ്പോക്കുകളിലെയും റെയിൽവേ പുറമ്പോക്കുകളിലും ചേരികളിലും അധിവസിക്കുന്ന ദലിതരെ അതത് പ്രദേശങ്ങളിൽ ഭൂമി നൽകി പുനരധിവസിപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തുക.

8. സുപ്രീംകോടതി, ഹൈകോടതി ജഡ്ജി നിയമനങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലും സംവരണം നടപ്പിലാക്കുക.

(തുടരും)

Tags:    
News Summary - km salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.