ചി​​ത്രീ​​ക​​ര​​ണം: തോ​​ലി​​ൽ സു​​രേ​​ഷ്​

നവോത്ഥാന സന്ദേശയാത്രയും ദലിത് ഐക്യ ചർച്ചയും

ആദിവാസി ഭൂപ്രശ്നത്തിൽ കേന്ദ്രീകരിച്ച് നടത്തിയ നവോത്ഥാന സന്ദേശയാത്രയെ കുറിച്ച് എഴുതുന്നു. ദലിത് സംഘടനകൾക്കിടയിൽ ഐക്യം നേടിയെടുക്കാൻ ശ്രമം നടത്തിയതിനെക്കുറിച്ചും വിശദമാക്കുന്നു.

ആദിവാസി ഭൂസമരത്തിന്റെ അനുഭവങ്ങളിലൂടെ എത്തിച്ചേർന്ന രാഷ്ട്രീയ നിരീക്ഷണത്തിന്റെ ആവിഷ്കാരമായിരുന്നു 1997 സെപ്റ്റംബർ 9, 10, 11 തീയതികളിൽ എറണാകുളം, കോട്ടയം ജില്ലകളിൽ അധഃസ്​ഥിത നവോത്ഥാന മുന്നണി സംഘടിപ്പിച്ച നവോത്ഥാന സന്ദേശയാത്ര. നാരായണഗുരു/അയ്യൻകാളി ജന്മദിനാഘോഷങ്ങളുടെ വേളയിൽ അനുഷ്ഠാനപരമായ ചടങ്ങുകൾക്കപ്പുറം അവരുടെ ഉദ്ബോധനങ്ങൾക്കും കാലികമായൊരു വ്യാഖ്യാനം നൽകുകയായിരുന്നു യാത്രയിലൂടെ ലക്ഷ്യമിട്ടത്. ‘ദലിതർ ഐക്യപ്പെടുക, സാമൂഹിക-രാഷ്ട്രീയ ശക്തിയായി മാറുക’ എന്നതായിരുന്നു യാത്രയുടെ സന്ദേശം.

സാമൂഹിക പരിവർത്തനങ്ങളുടെ നേട്ടങ്ങളോടൊപ്പം, പിന്നാക്കാവസ്​ഥയുടെയും പീഡനങ്ങളുടെയും വിചിത്രമായൊരു സങ്കലനമാണ് ദലിതരുടെ വർത്തമാനാവസ്​ഥയെങ്കിലും തങ്ങളിലൊരാൾ ഇന്ത്യയുടെ രാഷ്ട്രപതിയായി നിയോഗിക്കപ്പെട്ടു എന്നത് ആഹ്ലാദിക്കുന്ന നിമിഷംതന്നെ. തങ്ങളുടെ മഹാനായ നേതാവ് ഡോ. ബി.ആർ. അംബേദ്കർ അവഹേളിക്കപ്പെടുകയും അതിനെ ചോദ്യംചെയ്യുന്നവർ കൂട്ടക്കൊലക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്ന ദുരവസ്​ഥ ചൂണ്ടിക്കാട്ടപ്പെട്ടു.

നവോത്ഥാന സന്ദേശയാത്രയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പ്രസ്​താവനയിൽ കേരളത്തിലെ ദലിതാവസ്​ഥയെ വിലയിരുത്തിയത് ഇങ്ങനെയാണ്: അയിത്തവും തൊട്ടുകൂടായ്മയുമടക്കമുള്ള ജാതിമർദനത്തിന്റെ ഭീകരരൂപങ്ങൾ ഇന്ന് ഭൂതകാലാനുഭവങ്ങളാണ്. എന്നാൽ, നവോത്ഥാന നായകർ നേതൃത്വം നൽകിയ കീഴാളപ്രസ്​ഥാനങ്ങളും ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്​ഥാനങ്ങൾ അടക്കമുള്ള രാഷ്ട്രീയപാർട്ടികളും ജാത്യാധിഷ്ഠിതമായിത്തീരുകയും മധ്യദശകങ്ങളെ ഇരുട്ടിലാഴ്ത്തുകയും ചെയ്തൊരു ചരിത്രാനുഭവമാണ് ദലിതരുടേത്. സ്വത്വവും സ്വാഭിമാനത്തിന്റെ നാമ്പുകളും തകർക്കപ്പെട്ടു. പരിരക്ഷാഭാവവും പരാശ്രയബോധവും ആധിപത്യത്തിലെത്തി. ഒരു ജനസമൂഹമെന്ന നിലയിൽ ദലിതർ സ്വയം നഷ്​ടപ്പെട്ടവരായിത്തീർന്നു. ജാതി/ഉപജാതി ചിന്തകളിലും ചട്ടക്കൂടുകളിലും അവർ ഒതുങ്ങി. മതങ്ങളും രാഷ്ട്രീയ പാർട്ടികളും തീർത്ത കാൽപനികമായ ഭ്രമങ്ങളിൽ തങ്ങളുടെ തനതായ മൂല്യങ്ങൾ കുഴിച്ചുമൂടാനും സ്വയംമറച്ചുവെക്കാനും പരിശീലിപ്പിക്കപ്പെട്ടു.

കേരളത്തിലെ ദലിതർ എണ്ണമറ്റ സംഘടനകളിലും നേതൃത്വങ്ങളിലുമായി ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. പരസ്​പര സ്​നേഹമോ ബഹുമാനമോ അവർക്കന്യമാണ്. ജാതി/ഉപജാതി ബോധത്തിനപ്പുറം തങ്ങൾ ഒരു ജനവിഭാഗമോ സമൂഹമോ ആണെന്ന ബോധം ഒട്ടും ശക്തമല്ല. പട്ടികജാതി-പട്ടികവർഗ ഐക്യത്തിന്റെയും മറ്റും നിലപാടുകൾ ഇടക്ക് കേൾക്കാറുണ്ടെങ്കിലും അവയെ വെറും ജൽപനങ്ങളായി മാറ്റിക്കൊണ്ട് സ്വന്തം ഉപസമൂഹങ്ങളുടെ ചിന്ത പ്രാമുഖ്യം നേടുന്നു. തന്മൂലം സംഘടിതമായൊരു സാമൂഹിക /രാഷ്ട്രീയ ശക്തിയായി മാറാൻ ദലിതർക്കും ആദിവാസികൾക്കും കഴിയുന്നില്ല.

ദലിതർക്കും ആദിവാസികൾക്കുമിടയിലെ സാമൂഹിക-രാഷ്ട്രീയ ചിന്തകരെയും സംഘടനാ നേതാക്കളെയും പൊതുമണ്ഡലത്തിലെ ദലിത് ആഭിമുഖ്യമുള്ള ചില ഉന്നതവ്യക്തിത്വങ്ങളെയും കണ്ണികളാക്കിയായിരുന്നു സന്ദേശയാത്ര സംഘടിപ്പിച്ചത്. ദലിത്ബന്ധു എൻ.കെ. ജോസ്​, ഫിലിപ്പ് എം. പ്രസാദ്, സമീക്ഷ പത്രാധിപർ കെ. വേണു, എഫ്.ഡി.പി സംസ്​ഥാന ജനറൽ സെക്രട്ടറി കെ.കെ. കൊച്ച്, മുൻ​ എം.എൽ.എ പി.പി. വിത്സൺ, മേലുകാവുമറ്റം കോളജ് പ്രിൻസിപ്പൽ റവ. പി.വി. ജോസഫ്, സണ്ണി എം. കപിക്കാട്, ആദിവാസി ഏകോപന സമിതി വൈസ്​ പ്രസിഡന്റ് കെ.ആർ. ജനാർദനൻ, കെ.കെ.എസ്​. ദാസ്​, രാജഗോപാൽ വാകത്താനം, പ്രഫ. ടി.എം. യേശുദാസ്​, ഗാന്ധി യൂനിവേഴ്സിറ്റിയിലെ അധ്യാപകരായ എ.കെ. രാമകൃഷ്ണൻ, സനൽ മോഹൻ, ബി.എസ്​.പി എറണാകുളം ജില്ല കമ്മിറ്റിയംഗം കെ.കെ. സോമൻ, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ശിവശങ്കരൻ, കെ.പി.എം.എസ്​. കടുത്തുരുത്തി യൂനിയൻ പ്രസിഡന്റ് പി.കെ. കൊച്ച് തുടങ്ങി അമ്പതോളം പേർ സന്ദേശയാത്രയുടെ ഭാഗമായി ക്ഷണിക്കപ്പെട്ടിരുന്നു.

സംഘടനകൾക്കിടയിലും നേതാക്കൾക്കിടയിലും നിലനിൽക്കുന്ന അന്യതാബോധവും അകലവും കുറക്കാനാവുമോ യെന്ന അന്വേഷണമായിരുന്നു ഈ ക്ഷണത്തിന്റെ പിന്നിലുണ്ടായിരുന്നത്. (എന്നാൽ, ഇത്തരമൊരു ക്ഷണം സ്വീകരിച്ചെത്തുന്നവരുടെ എണ്ണം കുറവായിരുന്നു. പരസ്​പരം അംഗീകരിക്കാനും മാനിക്കാനും കഴിയാത്ത ഒരു സമൂഹത്തിന്റെ ദുരവസ്​ഥയാണിത്.) കോട്ടയം ജില്ല കേന്ദ്രീകരിച്ചു നടന്ന സന്ദേശയാത്ര ഉദ്ഘാടനം ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലെ അരയൻകാവിലാണ്. ഉദ്ഘാടനം നിർവഹിച്ചത് ഈസ്റ്റ് വെസ്റ്റ് യൂനിവേഴ്സിറ്റി ഓഫ് ബ്രഹ്മവിദ്യ, നാരായണ ഗുരുകുലം, വർക്കലയിലെ സ്വാമി സുധാകര സൗകുമാര്യമായിരുന്നു. മദ്യാസക്തിപോലുള്ള സാമൂഹികദുരന്തങ്ങളിലേക്ക് വിരൽചൂണ്ടി ആത്മനവീകരണത്തിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം ഓർമിപ്പിച്ചു. നിരവധി ജാതികളിലും സംഘടനകളിലുമായി ശിഥിലീകരിക്കപ്പെട്ടിരിക്കുന്ന ദലിതർ ഐക്യപ്പെട്ട ഒരു ശക്തിയായി മാറേണ്ടതിന്റെ ആവശ്യകത ചരിത്രകാരനായ എൻ.കെ. ജോസ്​ ചൂണ്ടിക്കാട്ടി.

ജയിൽവാസമടക്കമുള്ള മുൻകാല രാഷ്ട്രീയ ജീവിതത്തിനിടയിൽ ജാതിപ്രശ്നത്തെ പറ്റിയും ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നതിനെക്കുറിച്ചുമെല്ലാം എന്തുകൊണ്ടാണ് തന്നെപ്പോലുള്ളവർക്ക് ഗൗരവപൂർവം ചിന്തിക്കാൻ കഴിയാതിരുന്നത് എന്നതിനെക്കൂടി ആത്മപരിശോധന നടത്തിക്കൊണ്ട് വർഗസമരത്തിലൂടെ ജാതിപ്രശ്നം പരിഹരിക്കാമെന്ന കമ്യൂണിസ്റ്റ് നിലപാടിന്റെ അപഹാസ്യത ഫിലിപ്പ് എം. പ്രസാദ് ചൂണ്ടിക്കാട്ടി. സണ്ണി എം. കപിക്കാട്, അക്കരപ്പാടം രാജപ്പൻ (ഐ.ഡി.പി), എം.കെ. രാജപ്പൻ (പട്ടികജാതി-പട്ടികവർഗ സംരക്ഷണ സമിതി), കെ.ജി. കൃഷ്ണൻകുട്ടി (പട്ടികജാതി-പട്ടികവർഗ ഐക്യവേദി) എന്നിവർ തുടർന്നു സംസാരിച്ചു. സന്ദേശയാത്രയുടെ സമാപനയോഗങ്ങളിൽ കെ. രാമൻകുട്ടി (ദ്രാവിഡ പാർട്ടി ഓഫ് ഇന്ത്യ).

കെ.വി. ലെനിൻ (ദലിത് ഐക്യവേദി), സി.പി. തോമസ്​ (ഡി.സി.എം.എസ്​), പി.പി. ജോസ്​ (ഡി.എൽ.എഫ്), രാജൻ പി. മറവൻതുരുത്തി (കെ.പി.എം.എസ്​), മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡന്റ് ഊർമിള ഗോവിന്ദൻ, സത്യദാസ്​ കുറുമണ്ണൂർ എന്നിവർ പങ്കെടുത്തു. എന്നാൽ, പ്രതീക്ഷിച്ചതുപോലെ ശ്രദ്ധേയമായൊരു പങ്കാളിത്തം സംഘടനാരംഗത്തോ ബൗദ്ധികരംഗത്തോ പ്രവർത്തിക്കുന്നവർക്കിടയിൽ നിന്നുണ്ടായില്ല. പരസ്​പരം മാനിക്കുമെന്നും അംഗീകരിക്കുമെന്നും കഴിയാത്ത ഒരു സമൂഹത്തിന്റെ ദുരവസ്​ഥയാണിത്. എന്നിരിക്കിലും ദലിതർ ഐക്യപ്പെടുക, സാമൂഹിക-രാഷ്ട്രീയ ശക്തിയായി മാറുകയെന്ന പുതിയൊരു സന്ദേശം കേരളത്തിലെ ദലിതർക്കു മുന്നിൽ അവതരിപ്പിക്കാനായി എന്നതിൽ സന്തോഷിച്ചു.

* * *

തൊണ്ണൂറുകളുടെ മധ്യത്തിൽ കേരളത്തിലെ ദലിത് പ്രവർത്തനമണ്ഡലത്തിലുണ്ടായ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് ദലിത് ഐക്യത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു. 1995 ജനുവരിയിൽ ഐ.ഡി.എഫ്, ബി.എസ്​.പി നേതാവായ കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ കോട്ടയത്ത് ഇത്തരമൊരു ചർച്ച നടന്നു. ഈ സംഘടനകളുടെ ഐക്യത്തിനുവേണ്ടിയുള്ള ഒരു സംയുക്തയോഗം. ഈ യോഗത്തിന്റെ പശ്ചാത്തലത്തിൽ കല്ലറ സുകുമാരൻ എഴുതിയ ‘ഐക്യം അധികാരം വിമോചനം’ എന്ന കുറിപ്പ് അധഃസ്​ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിനിൽ 28, 29 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു. 1995 ജൂൺ 11ന് കോട്ടയം കാണക്കാരിയിൽ ചേർന്ന മുന്നണി സംസ്​ഥാന കമ്മിറ്റിയിലെ അജണ്ടകളിലൊന്നായിരുന്നു ദലിത് ഐക്യം.

ആദിവാസി ഭൂപ്രശ്നം, നിരന്തരമായ കൊടുങ്ങല്ലൂർ മേഖലയിലെ തെങ്ങുകയറ്റ തൊഴിലാളി സമരം, കോളനികളിലെ മദ്യവിൽപന, ദലിത് വിദ്യാർഥി പ്രശ്നങ്ങൾ, പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ പി.ടി. വാവയുടെ സസ്​പെൻഷൻ, കോതനല്ലൂർ സുരേഷിന്റെ കൊലപാതകം, എണ്ണപ്പന കൃഷി എന്നിവയായിരുന്നു അജണ്ടകൾ. ദലിത് ഐക്യത്തിന്റെ തലങ്ങൾ ഉയർന്നുവന്നാൽ വിയോജിപ്പുകൾ നിലനിർത്തിതന്നെ ഐക്യം ഉണ്ടാക്കാൻ കഴിയുന്ന പൊതുസമീപനം സ്വീകരിക്കണമെന്ന നിലപാടാണ് അന്ന് മുന്നണി കൈക്കൊണ്ടത്. അംബേദ്കർ സ്റ്റഡി സർക്കിൾ നേതാവായ വി. ഐ. ബോസിന്റെ നേതൃത്വത്തിൽ സമാനമായൊരു ചർച്ച കോട്ടയത്തുതന്നെ 1996 ൽ നടന്നു. അധഃസ്​ഥിത നവോത്ഥാന മുന്നണിയും ഈ ചർച്ചയിൽ പങ്കാളിയായിരുന്നു. ‘ദലിത് ഐക്യമുന്നണി’ എന്നൊരു സംഘടനാരൂപവുമുണ്ടായി. 1996 ആഗസ്റ്റ് 15ന് കോട്ടയം പടിഞ്ഞാറെക്കര ഓഡിറ്റോറിയത്തിൽ നടന്നൊരു പ്രവർത്തകയോഗത്തോടെ അവസാനിച്ചൊരു ശ്രമമായിരുന്നു ഇത്.

ഈ ദിശയിലുള്ള മറ്റൊരിടപെടലായിരുന്നു 1998 ഏപ്രിൽ 11ന് കോട്ടയം കടുത്തുരുത്തിയിൽ അധഃസ്​ഥിത നവോത്ഥാന മുന്നണിയുടെ നേതൃത്വത്തിൽ നടന്ന ദലിത് ഐക്യ ചർച്ച. കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ നടന്ന ഐക്യചർച്ചയിലേക്ക് അധഃസ്​ഥിത നവോത്ഥാന മുന്നണി ക്ഷണിക്കപ്പെട്ടിരുന്നില്ല. കല്ലറ സുകുമാരനെയും പോൾ ചിറക്കരോടിനെയും പോലുള്ളവരെ ക്ഷണിച്ചിരുന്നുവോയെന്ന അന്വേഷണത്തോടെയാണ് വി. ഐ. ബോസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഞാൻ പങ്കെടുത്തത്. അവ്യക്തമായിരുന്നു അതിനുള്ള മറുപടി. ക്ഷണിച്ചിരുന്നില്ലെന്നർഥം. ഇത്തരം ന്യൂനതകൾ മറികടന്നുകൊണ്ടായിരുന്നു കടുത്തുരുത്തിയിലെ ഐക്യശ്രമം.

ഡോ. അംബേദ്കറുടെ 108ാമത് ജന്മദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചർച്ച സംഘടിപ്പിക്കപ്പെട്ടത്. ഒരു ഭാഗത്ത് ദേശീയതലത്തിൽ തന്നെ ദലിതർക്കും ആദിവാസികൾക്കുമിടയിലുണ്ടായ ഉണർവുകളും മുന്നേറ്റങ്ങളും. കേരളവും അതിൽനിന്ന് ഭിന്നമല്ലായിരുന്നു. മറ്റു ഭാഗത്ത് സംഘ്പരിവാറിന്റെ രാഷ്ട്രീയമുഖമായ ബി.ജെ.പി ഡൽഹിയിൽ അധികാരത്തിലെത്തിയിരുന്നു. എക്കാലവും ദലിത്/ ആദിവാസി വിഭാഗങ്ങളുടെ മർദകരായിരുന്ന ഹിന്ദുത്വശക്തികൾ രാഷ്ട്രാധികാരം പിടിച്ചെടുത്തിരിക്കുന്നുവെന്നത് ആപത്കരമായൊരു സൂചകമായിട്ടാണ് എ.എൻ.എം വിലയിരുത്തിയത്.

കേരളത്തിലെ ദലിതർ എത്തിനിൽക്കുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഇത്തരമൊരു ചർച്ചക്കായിരുന്നു എ.എൻ.എം വേദിയൊരുക്കിയത്. ഇത്തരമൊരു ചർച്ച സംഘടിപ്പിക്കുന്നതിനുള്ള അർഹത ഒരു ചോദ്യചിഹ്നമായിരുന്നു. നിരവധി ജാതികളിലും ഉപജാതികളിലും ഹിന്ദു/ക്രിസ്​ത്യൻ മതങ്ങളിലും രാഷ്ട്രീയ പാർട്ടികളിലുമായി ശിഥിലീകരിക്കപ്പെട്ട്, പരസ്​പരം അന്യരായും ഭർത്സിച്ചും സ്വന്തം ശവക്കുഴി തോണ്ടുന്ന ഒരു സമൂഹത്തെ വ്യത്യസ്​തമായി ചിന്തിപ്പിക്കാനാകുമോ എന്ന അന്വേഷണമായിരുന്നു അതിനെ മറികടക്കാൻ േപ്രരിപ്പിച്ചത്. ഇത് തിരിച്ചറിയുന്നവരുടെ വിപുലമായൊരു കൂട്ടായ്മയും ലക്ഷ്യമിട്ടിരുന്നു.

ദലിത് സംഘടനാരംഗത്ത് എന്നതുപോലെ ബൗദ്ധികരംഗത്തും ഉയർന്നുവന്ന ശ്രദ്ധേയമായ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ ചർച്ച ആലോചിച്ചത്. മധ്യകേരളം കേന്ദ്രീകരിച്ചായിരുന്നു ഈ ശ്രമം. പോൾ ചിറക്കരോട്, വി.സി. ജോൺ, കെ.കെ. കൊച്ച്, കെ. അംബുജാക്ഷൻ, എം. ഗീതാനന്ദൻ, സണ്ണി എം. കപിക്കാട്, രാഘവൻ അത്തോളി, പ്രഫ. എം. ദാസൻ, പ്രഫ. ടി.എം. യേശുദാസൻ, ഡോ. ജയരാജ്, സൈമൺ ജോൺ, അഡ്വ. പി.എം. ബേബി, അഡ്വ. ടി.ഡി. എൽദോ, സി.എ. തങ്കച്ചൻ മാസ്റ്റർ, കെ.ജെ. യോഹന്നാൻ, ടി.ജെ. ബിജോയ്, ജോൺ പോൾ, എ.എം. ജോസഫ്, കെ. രാജപ്പൻ, എം. കെ. രാജപ്പൻ, പി.കെ. ശിവശങ്കരൻ, എ.ഡി. അജിത, പി.ടി. അരുൺകുമാർ തുടങ്ങി ചെറുതും വലുതുമായ നിരവധി സംഘടനാ നേതാക്കളെയും വ്യക്തികളെയും ഈ ചർച്ചയിലേക്ക് ക്ഷണിച്ചിരുന്നു. അറുപതോളം പേർ ഈ യോഗത്തിൽ എത്തിച്ചേർന്നിരുന്നു.

ഇത്ര വിശാലമായ തലത്തിലും അർഥത്തിലും ദലിത് ഐക്യത്തെക്കുറിച്ച് കേരളത്തിൽ നടന്ന ആദ്യത്തെ ചർച്ചയായിരുന്നു ഇതെന്ന് നിശ്ചയമായും പറയാൻ കഴിയും. എന്നാൽ, ആശയപരവും സംഘടനാപരവുമായ കാരണങ്ങളാൽ പലർക്കും ഈ ചർച്ചയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. അപൂർവം ചിലർ എന്തുകൊണ്ട് തങ്ങൾക്ക് എത്തിച്ചേരാനാവില്ല എന്നതിനെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. അതിലൊരാളായിരുന്നു അംബേദ്കർ സ്റ്റഡി സർക്കിൾ സംസ്​ഥാന സെക്രട്ടറി വി.ഐ. ബോസ്​.

എന്നെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് രണ്ടുവർഷം മുമ്പ് താൻ നടത്തിയ ഐക്യശ്രമം പരാജയപ്പെട്ടതിന്റെ മുഴുവൻ രോഷവും എനിക്കുമേൽ ചൊരിഞ്ഞുകൊണ്ട് വി.ഐ. ബോസ്​ 1998 മാർച്ച് 13ന് എനിക്കയച്ച കത്തിൽ എഴുതി ‘താങ്കൾ മാത്രമല്ല, നിര്യാതനായ കല്ലറ സുകുമാരൻ, ബി.ഡി.ഒ.സി നേതാവ് സൈമൺ ജോൺ, പോൾ ചിറക്കരോട്, ഡെപ്യൂട്ടി കലക്ടർ പി.എസ്​. പ്രഭാകരൻ തുടങ്ങിയവരെല്ലാം എ.എസ്​.സി മുൻകൈയെടുത്ത് രൂപവത്കരിച്ച ദലിത് ഐക്യമുന്നണി തകർക്കാൻ വെളിയിൽനിന്ന് പാരവെക്കുകയാണ് ചെയ്തത്. ഒരു ജാനുവിനെ സ്വാധീനത്തിൽ കിട്ടി, അവളെ മുന്നിൽ നിർത്തി താങ്കൾ എന്തെല്ലാം കളികൾ കളിച്ചു!’ വസ്​തുതാവിരുദ്ധവും തരംതാണതുമായ പരാമർശങ്ങൾകൊണ്ട് നിറഞ്ഞതായിരുന്നു ബോസിന്റെ കത്ത്. കേരളത്തിലെ ദലിത് നേതാക്കൾക്കിടയിൽ നിലനിന്നിരുന്ന കുശുമ്പും കുന്നായ്മയും, പരസ്​പര സ്​നേഹവും ബഹുമാനവുമില്ലായ്മയും മറ്റും വ്യക്തമാക്കുന്നതായിരുന്നു ഈ കത്ത്.

മറ്റൊരു കത്ത് മാർച്ച് 16ന് കെ.കെ. കൊച്ച് അയച്ചതായിരുന്നു. ദീർഘമായൊരു കത്തായിരുന്നു അത്. ചർച്ചയിലേക്ക് ക്ഷണിച്ചതിന് നന്ദിപറഞ്ഞുകൊണ്ടും എന്നാൽ അതിൽ പങ്കെടുക്കാനാവാത്തതിന്റെ കാരണങ്ങൾ സൂചിപ്പിച്ചുകൊണ്ടുമാണ് കൊച്ച് കത്തെഴുതിയത്. പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും എഴുതിയിരുന്നു. സാമൂഹിക-രാഷ്ട്രീയ രംഗത്തുള്ള തന്റെ പല അനുഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. 11ലെ യോഗം ഒരു പ്രായോഗിക പ്രവർത്തനമാണ്. ഈ യോഗത്തിൽ പങ്കാളിത്തം വഹിക്കാൻ കഴിയുന്ന സംഘടനാപ്രാതിനിധ്യം തനിക്കില്ല. നൂറുകണക്കിന് സംഘടനകളിലായി ദലിതർ നിലനിൽക്കുമ്പോൾ ഏകീകരണത്തിന്റെ അടിസ്​ഥാനം ഈ സംഘടനകളുടെ സമന്വയമാണ്. ചർച്ചയിലൂടെ മറ്റൊരു സംഘടനാരൂപം ഉരുത്തിരിഞ്ഞു വന്നാൽ അവിടെയും മുഖ്യഘടകം സംഘടനകൾതന്നെയാണ്. തന്നെ​പ്പോലുള്ള വ്യക്തികൾ ഒന്നുകിൽ പ്രാഥമിക ഘട്ടത്തിൽതന്നെ പുറന്തള്ളപ്പെടുകയോ പിന്നീട് സംഘടനാരൂപത്തിൽനിന്ന് പുറത്താക്കപ്പെടുകയോ ചെയ്യും. ഇതാണ് സംഭവിച്ചത്.

ദലിത് മണ്ഡലത്തിലെ തന്റെ സംഘടനാനുഭവങ്ങളെപ്പറ്റി കൊച്ച് പറഞ്ഞത് ഇങ്ങനെയാണ്: ജാതിവിരുദ്ധ മതേതരവേദിയുടെ രൂപവത്കരണ ഘട്ടം. താനന്ന് ഒരു സംഘടനയിലും അംഗമായിരുന്നില്ല. എങ്കിലും വേദിയുടെ രൂപവത്കരണത്തിലും പ്രവർത്തനങ്ങളിലും താൻ സജീവ പങ്കാളിത്തം വഹിച്ചു. എന്നാൽ, അതിനിടയിൽ രൂപംകൊണ്ട പ്രതിസന്ധികളും വ്യാകുലതകളും ആകാംക്ഷകളുമാണ് തന്നെ സീഡിയൻ സർവിസ്​ സൊസൈറ്റിയിലെത്തിച്ചത്. വാസ്​തവത്തിൽ താൻ അംഗമാകുമ്പോൾ സീഡിയന് വ്യക്തമായൊരു ദിശാബോധമുണ്ടായിരുന്നില്ല. അനേകം താൽപര്യങ്ങളുടെ വേദിയായിരുന്നു അത്. സീഡിയനുള്ളിലെ തന്റെ പ്രവർത്തനം ഒട്ടേറെ ഗുണങ്ങൾ ചെയ്തപ്പോൾ ഒട്ടനവധി മുറിവുകളാണ് തനിക്ക് സമ്മാനിച്ചത്. ഏപ്രിൽ 11ലെ യോഗത്തിലൂടെ ഇത്തരമൊരനുഭവം ആവർത്തിക്കാമോയെന്ന് താൻ ഭയപ്പെടുന്നു.

 

തുടർന്നദ്ദേഹം തന്റെ സാമൂഹിക-രാഷ്ട്രീയ വീക്ഷണത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. ദലിതുകളെ സംബന്ധിച്ചിടത്തോളം തന്റെ സുനിശ്ചിതമായ വീക്ഷണം അവരുടെ രാഷ്ട്രീയ സമരമാണ്. താൻ പങ്കെടുത്ത സാമുദായിക സംവരണ പ്രവർത്തനങ്ങൾപോലും ഈയൊരു ആത്യന്തിക ലക്ഷ്യം മുൻനിർത്തിയായിരുന്നു. അതുകൊണ്ട് തന്റെ സമുദായ പ്രവർത്തനങ്ങളെ ഒരു പ്രത്യേക ദിശാസന്ധിയിൽ രാഷ്ട്രീയ പാർട്ടിയിലേക്ക് പരിവർത്തനപ്പെടുത്തുകയുണ്ടായി. ഈ രാഷ്ട്രീയമാകട്ടെ, അതിന്റെ സമൂർത്തരൂപത്തിൽ ഒരു ദലിത് പാർട്ടിയായിരുന്നു.

മറിച്ചൊരു ജനാധിപത്യ പാർട്ടിയായിരുന്നില്ല. ഇന്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെയും ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടിയുടെയും സംസ്​ഥാന ജനറൽ സെക്രട്ടറിയായിരുന്ന കാര്യം അറിയാമല്ലോയെന്ന് ഓർമിപ്പിച്ചുകൊണ്ട്, ഇത്തരം ജനാധിപത്യ പാർട്ടികളുടെ പരമോന്നത നേതൃത്വം ഏറ്റെടുക്കുമ്പോൾ ജാതിവ്യവസ്​ഥയെക്കുറിച്ചും ദലിതുകളെക്കുറിച്ചും തനിക്ക് തന്റേതായൊരു വ്യാഖ്യാനമുണ്ടായിരുന്നുവെന്നും, എന്നാൽ ഈ സാമൂഹിക-രാഷ്ട്രീയ വീക്ഷണം സഫലമായി ഉന്നയിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും പറയുന്നു.

അതേസമയം, ഒരു ജനാധിപത്യ പാർട്ടി എന്തുകൊണ്ടാണെന്നതിന് തന്റേതായൊരു വ്യാഖ്യാനം രൂപപ്പെടുത്തിയിരുന്നു. അത് ഇപ്പോഴും പൊതു ചർച്ചക്ക് വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ വീണ്ടും സാമുദായിക പ്രവർത്തനങ്ങളിലേക്കുള്ള തിരിച്ചുപോക്ക് തന്റെ രാഷ്ട്രീയ വിശ്വാസത്തോട് പുലർത്തുന്ന കടുത്ത വഞ്ചനയായിരിക്കും. അതുകൊണ്ട് താനിപ്പോൾ എല്ലാ പൊതുവേദികളിൽനിന്നും മാറിനിൽക്കുകയാണ്. പ്രായോഗിക രാഷ്ട്രീയത്തിന്റെ അഭാവത്തിൽ കുറെയേറെ എഴുതാനായി. ‘നവംബർ ബുക്സ്’ പുനരാരംഭിക്കാനുള്ള പ്രവർത്തനത്തിൽ താനിപ്പോൾ മുഴുകിയിരിക്കുകയാണെന്നും കൊച്ച് എഴുതി. സംഘടനാ പ്രവർത്തനങ്ങളിലും ബൗദ്ധികാന്വേഷണങ്ങളിലും ഏർപ്പെട്ടിരുന്ന കൊച്ചിനെപ്പോലുള്ളവർ എത്തപ്പെട്ടിരിക്കുന്ന അവസ്​ഥയായിരുന്നു ഇത്.

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്ററായിരുന്ന സീഡിയൻ സ്​ഥാപക നേതാക്കളിലൊരാളായ വി. പത്മനാഭൻ അയച്ച കത്തിൽ സവർണ സംസ്​കാരത്തിന് അനുദിനം കീഴ്പ്പെട്ടുകൊണ്ടിരിക്കുന്ന ദലിത് ജനതക്ക് ഒരു ദിശാബോധവുമില്ലെന്ന് ചൂണ്ടിക്കാട്ടി. ദാർശനികമായ ഉൾക്കാഴ്ചയുള്ള ഒരു രാഷ്ട്രീയനേതൃത്വം ഇല്ലെന്നതാണ് ഈ ബോധരാഹിത്യത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഒരു കൂട്ടായനേതൃത്വമല്ലാതെ വ്യക്തിപ്രഭാവം നാം പ്രതീക്ഷിക്കേണ്ടതില്ല. ലീഡർഷിപ്പിനെ നയിക്കുന്ന വ്യക്തമായ ദർശനവും പരിപാടിയും വേണം. ഇന്നത്തെ പ്രസ്​ഥാനങ്ങൾക്കെല്ലാം അന്യമായിത്തീർന്നിട്ടുള്ള കോേമ്രഡ്ഷിപ് എല്ലാ തലത്തിലും അനുഭവപ്പെടുന്ന പ്രസ്​ഥാനമായിരിക്കണം.

അധഃസ്​ഥിത നവോത്ഥാന മുന്നണി സംസ്​ഥാന കമ്മിറ്റിയംഗം എം. പവിത്രന്റെ അധ്യക്ഷതയിലായിരുന്നു ഐക്യ ചർച്ച നടന്നത്. പ്രഫ. ടി. എം. യേശുദാസൻ, ഡോ. എം. ദാസൻ, സണ്ണി എം. കപിക്കാട്, രാഘവൻ അത്തോളി, അഡ്വ. പി.എം. ബേബി, അഡ്വ. ടി.ഡി. എൽദോ, എ.എം. ജോസഫ്, പി. കെ. ശിവശങ്കരൻ, ഡി.എ. തങ്കച്ചൻ മാസ്റ്റർ, വി.സി. രാജപ്പൻ, എം.കെ. രാജപ്പൻ, ടി. ജെ. ബിജോയ്, ജോൺ പോൾ, എ.ഡി. അജിത, കെ.ജെ. യോഹന്നാൻ, വി.ജെ. വാവ, രാജൻ പി. മറവിത്തുരുത്ത്, കെ. കെ. ശോഭ, കൈപ്പുഴ ജയരാജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അറുപതോളം പേർ യോഗത്തിൽ പങ്കെടുത്തു. എ.എൻ.എം സംസ്​ഥാന കമ്മിറ്റി അംഗങ്ങളായ എൻ.കെ. വിജയൻ സ്വാഗതവും കുഞ്ഞുപഴന്താറ്റിൽ കൃതജ്ഞതയും പറഞ്ഞു.

നിശ്ചിതമായൊരു അജണ്ടയോ മുൻവിധികളോ ഇല്ലാതെയാണ് ഈ ചർച്ച സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇതിലൂടെ ഒരു അജണ്ട രൂപവത്കരിച്ചെടുക്കാനായേക്കാമെന്നുള്ള പ്രതീക്ഷയുണ്ടെന്നും ആമുഖമായി ഞാൻ സൂചിപ്പിച്ചു. ജാതികളിലും ഉപജാതികളിലും മതങ്ങളിലും രാഷ്ട്രീയ പാർട്ടികളിലുമായി ദലിതർ ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടേതായി ഡസൻകണക്കിന് സംഘടനകൾ ദലിതർക്കിടയിലുണ്ട്.

ഒരർഥത്തിൽ അവർ സംഘടിതരാണ്. എന്നാൽ, സംഘടനകളിലൂടെ അവർ ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. സമീപകാലത്ത് ഐക്യത്തിനുവേണ്ടിയുള്ള സ്​പിരിറ്റ് ചെറിയതോതിലാണെങ്കിലും ദലിതർക്കിടയിലുണ്ട്. ഈ സ്​പിരിറ്റ് വളർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ വ്യത്യസ്​തമായ തലങ്ങളിലും നിലവാരങ്ങളിലും ആവശ്യമുണ്ട്. ഇതുപോലൊരു ചർച്ചവഴി കേരളത്തിലെ മുഴുവൻ ദലിതരെയും ആദിവാസികളെയും ഒന്നിപ്പിക്കാമെന്നോ, ഒന്നിച്ചൊരു പ്രസ്​ഥാനമാക്കി മാറ്റാമെന്നോ ചർച്ചയുടെ സംഘാടകരെന്ന നിലയിൽ മുന്നണിപ്രവർത്തകർക്ക് ഒരു വ്യാമോഹവുമില്ല. അതേസമയം, ദലിതർ ഒന്നിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമുണ്ടുതാനും. അതിനാവശ്യമായ എന്തു വിട്ടുവീഴ്ചക്കും തയാറാണുതാനും.

ദലിതർ ഒന്നിച്ചുചേരേണ്ടതിനെ സംബന്ധിച്ച പ്രാഥമികമായൊരവബോധമെങ്കിലും സൃഷ്​ടിച്ചെടുക്കാൻ കഴിയുമോയെന്നതാണ് മുഖ്യപ്രശ്നം. സാമൂഹികമായ ശിഥിലാവസ്​ഥയോടൊപ്പം പരസ്​പരം സ്​പർധ നിലനിർത്തുന്നൊരു സമൂഹത്തിൽ സാഹോദര്യം സൃഷ്​ടിച്ചെടുക്കുകയും സ്​നേഹവും ബഹുമാനവും വളർത്തിയെടുക്കുകയും ചെയ്യുകയെന്നത് നിർണായകമാണ്. ദലിത് നേതൃത്വങ്ങളുടെ പൊതു സ്വഭാവങ്ങളിലൊന്നായ വൈകാരികതകൾക്ക് മുൻതൂക്കമുള്ള ഇന്നത്തെ അവസ്​ഥ മാറേണ്ടതുണ്ട്. വികാരത്തിനു പകരം വിചാരത്തിനും വിചിന്തനത്തിനും മുൻതൂക്കമുണ്ടാകണം.

(തുടരും)

Tags:    
News Summary - km salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.