ശിവഗിരി സമ്മേളനവും ഡൽഹി സെമിനാറും

ശിവഗിരിയിലെ സമ്മേളനത്തിൽ പ​ങ്കെടുത്തതിന്റെയും ഡൽഹിയിൽ ആദ്യമായി ഒരു സെമിനാറിൽ പങ്കാളിയായതിന്റെയും അനുഭവങ്ങൾ എഴുതുന്നു.സ്വന്തം താൽപര്യങ്ങൾ മുൻനിർത്തിയുള്ള പ്രാദേശിക ഇടപെടലുകളോടൊപ്പം ആശയലോകത്തും ദലിതർ തങ്ങളുടെ സാന്നിധ്യം അറിയിച്ചു തുടങ്ങിയൊരു ദശകമായിരുന്നു തൊണ്ണൂറുകൾ. ഇത്തരമൊരു പ്രക്രിയയിൽ സജീവ സാന്നിധ്യമായി മാറുകയും മുൻനിരയിലേക്ക് കടന്നുവരുകയും ചെയ്‌തവരെ കേരളം താരതമ്യേന ശ്രദ്ധിച്ചുതുടങ്ങി. ഈ പശ്ചാത്തലത്തിലാണ് 62ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് 94 ഡിസംബർ 31ന് ശിവഗിരിയിൽ നടന്ന പിന്നാക്ക സമുദായ സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. അപൂർവമായൊരവസരമായിരുന്നു ഇത്. ഹൈന്ദവ...

ശിവഗിരിയിലെ സമ്മേളനത്തിൽ പ​ങ്കെടുത്തതിന്റെയും ഡൽഹിയിൽ ആദ്യമായി ഒരു സെമിനാറിൽ പങ്കാളിയായതിന്റെയും അനുഭവങ്ങൾ എഴുതുന്നു.

സ്വന്തം താൽപര്യങ്ങൾ മുൻനിർത്തിയുള്ള പ്രാദേശിക ഇടപെടലുകളോടൊപ്പം ആശയലോകത്തും ദലിതർ തങ്ങളുടെ സാന്നിധ്യം അറിയിച്ചു തുടങ്ങിയൊരു ദശകമായിരുന്നു തൊണ്ണൂറുകൾ. ഇത്തരമൊരു പ്രക്രിയയിൽ സജീവ സാന്നിധ്യമായി മാറുകയും മുൻനിരയിലേക്ക് കടന്നുവരുകയും ചെയ്‌തവരെ കേരളം താരതമ്യേന ശ്രദ്ധിച്ചുതുടങ്ങി. ഈ പശ്ചാത്തലത്തിലാണ് 62ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് 94 ഡിസംബർ 31ന് ശിവഗിരിയിൽ നടന്ന പിന്നാക്ക സമുദായ സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

അപൂർവമായൊരവസരമായിരുന്നു ഇത്. ഹൈന്ദവ പരിവേഷം നിഷേധിച്ചുകൊണ്ട് അബ്‌ദുന്നാസിർ മഅ്ദനിയെ പോലുള്ളവരെ ശിവഗിരിയിലേക്കു ക്ഷണിച്ച സ്വാമി ശാശ്വതീകാനന്ദയായിരുന്നു അപ്പോൾ ശിവഗിരിയിലെ സന്യാസിസംഘത്തിന്റെ അധ്യക്ഷൻ. പിന്നാക്ക സമ്മേളനത്തിൽ കേരളത്തിൽനിന്നുള്ള ദലിത് പ്രാതിനിധ്യം ഉണ്ടാക്കാനും അതിനായി എന്നെ ക്ഷണിക്കാനും ഇടയാക്കിയത് സന്യാസിമാരുമായി പ്രത്യേകിച്ച് ശാശ്വതീകാനന്ദയുമായി അധഃസ്ഥിത നവോത്ഥാന മുന്നണി സംസ്ഥാന കമ്മിറ്റിയംഗം ബി. സുനിലിനുണ്ടായിരുന്ന ബന്ധമാണ്.

ജാതിഘടനയുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ ഉരുത്തിരിഞ്ഞു വന്ന സാമൂഹിക-രാഷ്ട്രീയ ധ്രുവീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ശിവഗിരിയിൽ പിന്നാക്ക സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. തന്മൂലം ഈ സമ്മേളനം ഉദ്ഘാടനംചെയ്യാൻ ക്ഷണിക്കപ്പെട്ടത് ബഹുജൻ സമാജ് പാർട്ടി സ്ഥാപകനായ കാൻഷിറാമായിരുന്നു. എന്നാൽ, കാൻഷിറാമിന്റെ അഭാവത്തിൽ ജനതാദൾ നേതാവായ എം.പി. വീരേന്ദ്രകുമാറാണ് ഈ കൃത്യം നിർവഹിച്ചത്. ജെ.എസ്.എസ് നേതാവായ കെ.ആർ. ഗൗരിയമ്മയായിരുന്നു അധ്യക്ഷ. അധ്യക്ഷപ്രസംഗത്തിൽ ജനതാദളിനെതിരെ ഗൗരിയമ്മ നടത്തിയൊരു പരാമർശത്തിലുള്ള പരിഭവം വീരേന്ദ്രകുമാർ തൊട്ടടുത്തിരുന്ന എന്നോട് പങ്കിട്ടു. തിരിച്ചുപറയാനാവില്ലെന്നതാണ് അദ്ദേഹത്തിന്റെ പ്രതിസന്ധിയെന്ന് തോന്നി. നാലകത്ത് സൂപ്പി എം.എൽ.എ, എസ്. സുരേഷ് കുമാർ, അതിരുങ്കൽ പ്രഭാകരൻ, കെ.വി. വാസുദേവൻ, പുനലൂർ സോമരാജൻ എന്നിവരോടൊപ്പമാണ് ഈ സമ്മേളനത്തിൽ പങ്കെടുത്തത്.

എല്ലാം മാറ്റങ്ങൾക്ക് വിധേയമാവുന്നു, മാറ്റമില്ലാതെ നിലനിൽക്കുന്നൊരു സ്ഥാപനമാണ് ജാതി എന്ന് സൂചിപ്പിച്ചാണ് ഞാൻ സംസാരിക്കാൻ തുടങ്ങിയത്. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന് ജനങ്ങളോട് പറയുകയും പഠിപ്പിക്കുകയുംചെയ്ത കേരളത്തിൽ ജാതി വിവേചനങ്ങളും ഉച്ചനീചത്വങ്ങളും അതിക്രമങ്ങളും ഇന്നും ശക്തമായി നിലനിൽക്കുന്നുവെന്നും, അതിന്റെ മുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന ദുരന്തഭൂമിയാണ് ശിവഗിരിയെന്നും പറഞ്ഞു. അതിന്റെ പ്രൗഢിയും ഗാംഭീര്യവും ആഘോഷത്തിമിർപ്പുകളും, ആദ്യമായി ശിവഗിരിയിലെത്തുമ്പോൾ ഗുരുവിൽ കണ്ട ജീവിതലാളിത്യത്തിന്റെ ഓർമകളെ അപ്രസക്തമാക്കുന്നു.

ജഡമായ വചനങ്ങൾക്കും ബിംബങ്ങൾക്കുമിടയിൽ അനുമാനപരതയുടെ ആവർത്തനമല്ലാതെ എവിടെയാണ് ആത്മശുദ്ധീകരണത്തിന്റെയും മതപരിവർത്തനത്തിന്റെയും സാധ്യതയെന്ന് ആശങ്കപ്പെട്ടു. രാഷ്ട്രീയാധികാരമാണ് ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന ഏറ്റവും മൗലികമായ പ്രശ്നം എന്ന് ചൂണ്ടിക്കാണിക്കാനാണ് എനിക്കുമുമ്പ് സംസാരിച്ച എല്ലാവരും ശ്രമിച്ചത്. അതുതന്നെയായിരുന്നു വസ്‌തുതയും. എന്നാൽ, ഈഴവരും മുസ്‍ലിംകളും ക്രൈസ്ത‌വരുമടങ്ങുന്ന പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങൾ കേരളത്തിൽ രൂപംകൊണ്ട സവിശേഷ രാഷ്ട്രീയാധികാരത്തിൽ താരതമ്യേന തുല്യപങ്കാളിത്തമുള്ള ഘടകങ്ങളുമായി മാറിയിരുന്നുവെന്നത് മറ്റൊരു വസ്‌തുതയാണ്.

നിവർത്തന പ്രക്ഷോഭത്തിന്റെ തുടർച്ചയായിരുന്നു ഈ രാഷ്ട്രീയ മാറ്റം. ജാതിഘടനയുടെ അടിത്തട്ടിലായിപ്പോയ അധഃസ്ഥിതരെയും ആദിവാസികളെയും ഇന്ത്യയുടെ പ്രക്രിയയിലേക്ക് പ്രവേശിക്കുവാൻ ചരിത്രം അനുവദിച്ചിട്ടില്ല. ഭരണഘടനാപരമായ ചില പരിരക്ഷകൾ മാത്രം ആശ്രയിക്കേണ്ടവരായി അവർ മാറി. ഭൂപരിഷ്‌കരണമടക്കം കേരളത്തെ മൗലികമായി പരിവർത്തനപ്പെടുത്തിയ രാഷ്ട്രീയ നീക്കങ്ങളും ഈ വിഭാഗങ്ങൾക്ക് ഗുണംചെയ്തിട്ടില്ല. കേരളീയ സമൂഹത്തിന്റെ മുന്നേറ്റത്തിൽ അവർ പാർശ്വവത്കരിക്കപ്പെടുകയും ഭൂപരിഷ്കരണത്തിന്റെ അനന്തരഫലമെന്നോണം നാലും പത്തും സെന്റുകളിലേക്കും കോളനികളിലേക്കും തുരത്തിയോടിക്കപ്പെടുകയുംചെയ്തു. പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയാധികാരത്തെക്കുറിച്ചുള്ള ഏതൊരു ചിന്തയും നടത്തേണ്ടത് ദലിതരുടെ യാഥാർഥ്യം വിസ്‌മരിച്ചുകൊണ്ടായിരുന്നുവെന്ന് ഞാൻ ഓർമിപ്പിച്ചു.

അവസാനത്തെ പ്രസംഗകനായിരുന്നു ഞാൻ. അധ്യക്ഷനടക്കം പ്രധാനപ്പെട്ട പ്രസംഗകർ വേദിവിട്ടു. മഹാമൗനത്തിലെന്നപോലെ ശ്വാശ്വതീകാനന്ദ വേദിയിലുണ്ട്. അടുത്ത സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ വേദിയിലെത്തിത്തുടങ്ങി. അതിലൊരാളായിരുന്നു മന്ത്രിയായ ആർ. ബാലകൃഷ്‌ണപിള്ള. എന്റെ ശ്രോതാവായിരുന്നു അദ്ദേഹം. ഞാൻ പറഞ്ഞ കാര്യങ്ങളോടുള്ള പ്രതികരണം എന്നപോലെ തന്റെ പ്രസംഗത്തിൽ, വിഷയവുമായി ബന്ധമില്ലാതിരുന്നിട്ടും ഭൂമിയും ജാതിയും എല്ലാം പരാമർശവിധേയമാക്കിയ ബാലകൃഷ്‌ണപിള്ള ഭൂപരിഷ്കരണത്തെ മഹത്വവത്കരിക്കാൻ ശ്രമിച്ചത് ഈ സമ്മേളനത്തിൽ പങ്കെടുക്കാനായതിന്റെ ഗുണവശമായിട്ടാണ് ഞങ്ങൾ വിലയിരുത്തിയത്.

ഒപ്പം വീണ്ടും ഒരിക്കൽകൂടി ശിവഗിരിയിലെത്താനുള്ള സാധ്യത നിഷേധിക്കപ്പെട്ടുവെന്നും വിലയിരുത്തപ്പെട്ടു. ജന്മംകൊണ്ട് നിശ്ചയിക്കപ്പെടുന്ന മനുഷ്യബന്ധങ്ങൾക്കിടയിൽ കീഴ്ത്തട്ടിൽനിന്നുള്ള തീവ്രമായ സാമൂഹികവിമർശനങ്ങൾ താണ്ടുവാൻ മാത്രമുള്ള ശേഷി ശിവഗിരിക്കുണ്ടായിരുന്നില്ല. ശിവഗിരി വിമർശിക്കപ്പെടുമ്പോൾ ശ്വാശ്വതീകാനന്ദയുടെ ശരീരഭാഷ അത് വ്യക്തമാക്കിയിരുന്നതായി സഹപ്രവർത്തകരും എന്നെ കേൾക്കാൻ എത്തിയ ചില ദലിത് സുഹൃത്തുക്കളും പറഞ്ഞു. പിന്നീട് ഒരു സമ്മേളനത്തിലേക്ക് സ്വാമി പ്രകാശാനന്ദ ക്ഷണക്കത്തയച്ചിരുന്നുവെങ്കിലും അത് റദ്ദ് ചെയ്തുകൊണ്ടുള്ള മറ്റൊരു കത്തുകൂടി പിറകെ വന്നു.

സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടവരെല്ലാം വിശ്രമത്തിനൊരുക്കിയ ഒരു മുറിയിലാണ് ഒത്തുകൂടിയത്. ആദ്യമായി എത്തിയവരിൽ ഒരാളായിരുന്നു ഞാൻ. സ്വാമി ശ്വാശ്വതീകാനന്ദയും അതിഥികളെ സ്വീകരിക്കാൻ അവിടെ എത്തി. അതുമായി നേരിട്ട് ബന്ധമില്ലാത്തൊരാൾ ഞാൻ മാത്രമായിരുന്നു. ഗൗരിയമ്മയും വീരേന്ദ്രകുമാറുമെല്ലാം എത്തിയപ്പോൾ ഏറെ ആദരവോടെ എല്ലാവരും എഴുന്നേറ്റാണ് അവരെ എതിരേറ്റത്. എന്നാൽ, ദലിതനും കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി.കെ. വേലായുധൻ വന്നപ്പോൾ ഈ ആദരവ് അദ്ദേഹത്തോട് പ്രകടിപ്പിക്കാൻ ആരും തയാറായില്ല.

സദസ്സാകെ വീക്ഷിച്ച അദ്ദേഹം എന്റെയടുത്ത് ഒഴിഞ്ഞുകിടന്ന കസേരയിലേക്കാണ് വന്നത്. പരിചയഭാവം കാട്ടി പിരിഞ്ഞിട്ടുള്ളതല്ലാതെ ഞങ്ങൾ തമ്മിൽ അടുപ്പം ഉണ്ടായിരുന്നില്ല. ഇപ്പോൾ അദ്ദേഹം ഞാനുമായി കുശലാന്വേഷണത്തിന് മുതിർന്നു. എന്നെക്കാൾ ബന്ധവും അടുപ്പവുമുള്ളവരുടെ സമീപത്തിരിക്കുവാനും അവരുമായി കുശലാന്വേഷണത്തിലേർപ്പെടുവാനും എന്തുകൊണ്ടാണ് അദ്ദേഹത്തിന് കഴിയാതെ പോയത്.

ഞാനുമായി മുമ്പുണ്ടാകാത്ത ഒരു സൗഹൃദത്തിന് ഇപ്പോൾ അദ്ദേഹം എന്തുകൊണ്ട് തയാറായി. അവഗണനയിൽനിന്ന് രക്ഷനേടാനുള്ള ഒരു വഴിയായിരുന്നെന്ന് എനിക്ക് തോന്നി. എന്നാൽ, ഈ അവസ്ഥ തിരിച്ചറിയുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നാണ് പിന്നാക്ക സമ്മേളനത്തിലെ ക്ഷണിതാവ് അല്ലാതായിരുന്നിട്ടും ലഭ്യമായ അവസരം ഉപയോഗിച്ച് നടത്തിയ പ്രസംഗത്തിൽനിന്ന് ബോധ്യമായത്. ശിവഗിരിയെയും ശാശ്വതീകാനന്ദയെയും പ്രകീർത്തിക്കുവാനും ചെറായി ദേവസ്വവുമായി ബന്ധപ്പെട്ടൊരു തീർഥാടക സംഘത്തിന്റെ പെരിയനായിട്ടാണ് താൻ വേദിയിലെത്തിയതെന്ന് പറയാനാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ മുഖ്യമായും ശ്രമിച്ചത്. പരിതാപകരമായൊരു ദലിതാവസ്ഥയായിരുന്നു ഇത്. രാഷ്ട്രീയ നേതാവും മന്ത്രിയുമായിട്ടും വിട്ടുമാറാത്ത ഏതോ വിധേയത്വ ബന്ധമാണ് പി.കെ. വേലായുധനിൽ കണ്ടത്. ഗാന്ധിയും കോൺഗ്രസും വളർത്തിയെടുത്ത ഹരിജൻ/ അധഃകൃത ബോധത്തിന്റെ സൃഷ്‌ടിയായിരുന്നു ഇത്തരക്കാർ.

തലേദിവസം വൈകിട്ടുതന്നെ ശിവഗിരിയിലെത്തി. കുടുംബസമേതം പോകാനായിരുന്നു പദ്ധതി. ഭഗത്തിന്റെ കാലുളുക്കി യാത്ര മുടങ്ങി. ആനന്ദയും ബുദ്ധയും ഒപ്പം കൂടി, സുനിലിന്റെ വീട്ടിലായിരുന്നു താമസം. തെക്കോട്ടുള്ള യാത്രയിൽ പലപ്പോഴും ഒരു രാത്രി തങ്ങുന്നത് സുനിലിന്റെ വീട്ടിലായിരുന്നു,

ഒരു ഡൽഹി സെമിനാർ

ഡൽഹി യൂനിവേഴ്‌സിറ്റിയിൽ നടന്നൊരു ദേശീയ സെമിനാറിൽ പങ്കെടുക്കാനാകുമോ എന്ന് ഡോ. സുഗതൻ ചോദിച്ചപ്പോൾ സമ്മതം നൽകാൻ വീണ്ടുമൊരു ആലോചന വേണ്ടി വന്നില്ല. അത്ഭുതവും സന്തോഷവും തോന്നി. അക്കാദമിക തലത്തിലുള്ളൊരു സെമിനാറിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതുകൊണ്ടു മാത്രമല്ല, തലസ്ഥാന നഗരവും കാണാമല്ലോ! വിഷയം മാത്രമേ അറിയേണ്ടതുണ്ടായിരുന്നൊള്ളൂ. ‘സലിമിന്റെ വിഷയമാണ്’ സുഗതൻ പറഞ്ഞത് –അതായത് ജാതി. 84ലെ മിഡ്നാപുർ സമ്മേളനത്തിൽ ജാതിപ്രശ്നവുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ ഇടപെടലിന്റെ ഓർമയായിരുന്നു ഇത്.

യു.പിയിലും ബിഹാറിലുമടക്കം വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ഉയർന്നുവന്ന ദലിത്/പിന്നാക്ക മുന്നേറ്റങ്ങളാണ് അടിസ്ഥാനതല സാമൂഹിക രാഷ്ട്രീയാന്വേഷണങ്ങളായി ഡൽഹിപോലുള്ള മഹാനഗരങ്ങളിലെ അക്കാദമിക സമൂഹത്തിലേക്ക് വ്യാപിച്ചത്. 90കളുടെ മധ്യത്തിൽ കേരളത്തിലെ അക്കാദമിക സമൂഹത്തിൽ ഇത്തരമൊരുദ്യമം അസാധ്യമായിരുന്നു. കാരണം ബൃഹദാഖ്യാനങ്ങളുടെ ജഡത്വംകൊണ്ട് മരവിച്ചതായിരുന്നു കേരളത്തിന്റെ ബൗദ്ധിക മണ്ഡലം. ജാതി അവക്കൊരു പൂർവകാല സ്‌മരണയായിരുന്നു. അതിനെക്കുറിച്ച് ചിന്തിക്കുവാൻ അവരുടെ ആധുനികതാബോധം അനുവദിച്ചില്ല.

അതൊരു ഫ്യൂഡൽ/ കൊളോണിയൽ പ്രതിഭാസമായിരുന്നുവെന്നും, സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥ തകിടം മറിക്കപ്പെട്ടതോടെ അതില്ലായ്‌മ ചെയ്യപ്പെട്ടുവെന്നും വിശ്വസിക്കാനായിരുന്നു അവർക്ക് താൽപര്യം. എന്നാൽ, കേരളത്തിന്റെ ഗ്രാമങ്ങളുടെ ദലിത് കൂട്ടായ്‌മകളിൽ എന്നും ചർച്ചചെയ്യപ്പെട്ടിരുന്നത് ജാതിയെക്കുറിച്ചായിരുന്നു. ഗ്രാമങ്ങളിലായാലും പട്ടണങ്ങളിലായാലും തെരുവുകളിൽ പ്രചാരണങ്ങളായാലും പ്രക്ഷോഭങ്ങളായാലും പ്രത്യക്ഷപ്പെടുന്ന ദലിത് ഇടപെടലുകളുടെ ചാലകശക്തി ജാതിയായിരുന്നു. ജാതിവിരുദ്ധ വികാരമായിരുന്നു അവരെ നയിച്ചിരുന്നത്. അവരുടെ സംഘടനകളിലും വേദികളിലും ജാതിയുമായി ബന്ധമില്ലാത്ത ഒന്നും ഒരിക്കലും ചർച്ചചെയ്തിരുന്നില്ല. എന്നാൽ, ഈ ചർച്ച കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് അരിച്ചുകടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

‘ജാതി ബലതന്ത്രം കേരളത്തിൽ -ദലിത് കാഴ്‌ചപ്പാട്’ എന്ന പ്രബന്ധമാണ് ഞാൻ തയാറാക്കിയത്. കൊയിലാണ്ടി സ്വദേശിയായ ശിവദാസനും കോട്ടയം കഞ്ഞിക്കുഴി സ്വദേശി ബിനോയിയുമാണ് ഇത് ഇംഗ്ലീഷിലേക്ക് ഭാഷാന്തരംചെയ്തത്. നവോത്ഥാനാനന്തര കേരളത്തില ജാതി-വർഗ ബന്ധങ്ങളെ വിശകലനംചെയ്യാനും കേരളം എങ്ങനെ ജാത്യാധിഷ്ഠിതമായൊരു സമൂഹമായി പുനഃസംഘടിപ്പിക്കപ്പെട്ടുവെന്ന് പരിശോധിക്കുവാനുമാണ് ഈ പ്രബന്ധത്തിൽ ശ്രമിച്ചത്.

ആധുനിക കേരളത്തിലെ നിർമിതിയിലേക്ക് നയിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ അപചയം പ്രത്യേകിച്ചും നാരായണഗുരു- അയ്യൻകാളി പ്രസ്ഥാനങ്ങളുടെ ജാതിവത്കരണം, നവോത്ഥാനകാലം ഉഴുതുമറിച്ച മണ്ണിൽ ഐക്യകേരളത്തിന്റെ രൂപവത്കരണത്തിനും മുന്നേറ്റത്തിനും നേതൃത്വം നൽകിയ ദേശീയ പ്രസ്ഥാനമായ കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സവർണ പക്ഷപാതിത്വം, വർഗങ്ങളെ മറികടക്കുന്ന ജാതികളുടെ അതിജീവന വൈഭവം തിരിച്ചറിയുന്നതിൽ വർഗസമര സിദ്ധാന്തത്തിൽ ഊന്നൽ കമ്യൂണിസ്റ്റുകളുടെ പരാജയം, ജാതിവിരുദ്ധമായൊരു ദിശാബോധത്തിൽ വീണ്ടും കേരളത്തെ ചലിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇതെല്ലാമായിരുന്നു പ്രബന്ധത്തിന്റെ ഉള്ളടക്കം.

സെമിനാറിലേക്ക് കേരളത്തിൽനിന്ന് എന്നോടൊപ്പം ക്ഷണിക്കപ്പെട്ട മറ്റൊരാളായിരുന്നു കോട്ടയം സി.എം.എസ് കോളജിലെ അധ്യാപകനായ പ്രഫ. ടി.എം. യേശുദാസ്. ഡൽഹി യാത്രക്ക് ആനന്ദയും ഒരുങ്ങി. അതിനായി എറണാകുളത്തുനിന്ന് പി ആൻഡ് ടി ജീവനക്കാരനായ ഗോപി വള്ളോന്റെ അടുത്തുനിന്ന് ഞാൻ കടം വാങ്ങിയ പാന്റിന്റെ ന്യൂനത ചൂണ്ടിക്കാട്ടി കോട്ടയത്തുനിന്ന് പുതിയ പാന്റും ഷർട്ടുമെല്ലാം വാങ്ങിത്തന്ന് എന്നെ ഒരുക്കി. ഇത്തരം ചില സന്ദർഭങ്ങളിൽ പഴയവസ്ത്രങ്ങൾ മാറ്റി എന്നെ പുതുവസ്ത്രങ്ങൾ ധരിപ്പിച്ചായിരുന്നു സഹജീവിതം. ഒരിക്കൽ വേണ്ടെന്നു​െവച്ച വേഷത്തിന്റെ കടന്നുവരവ് വാഴക്കുളത്ത് ചെന്ന് കാണുമ്പോൾ തടിപ്പണി കഴിഞ്ഞുവന്ന കെ.കെ. രവി, സെമിനാറിൽ പങ്കെടുക്കുവാൻ പോകുന്ന സന്തോഷത്തിലാകട്ടെ അധ്വാനത്തിന്റെ വില എന്നെ ഏൽപിച്ചു.

യേശുദാസാണ് കോട്ടയത്തുനിന്ന് ഞങ്ങൾക്ക് ടിക്കറ്റ് എടുത്തത്. അദ്ദേഹം ഞങ്ങൾക്കുള്ള ഭക്ഷണവും കരുതിയിരുന്നു. യാത്രക്കിടയിൽ യേശുദാസ് പറഞ്ഞു: ‘‘പ്രബന്ധം തയാറാക്കിയില്ല, ഡൽഹിയിൽ ചെന്നിട്ടുവേണം ചെയ്യാൻ.’’ ആനന്ദയുടെ നേരെ തിരിഞ്ഞ് അധ്യാപകർ ഇങ്ങനെയാണെന്നും സലിംകുമാറിനെ സഹായിക്കാനാണ് ഞാൻ വന്നതെന്നും കൂടി ഓർമിപ്പിച്ചു. സാമൂഹികരംഗത്തുള്ള ദലിതർക്കിടയിൽ അപൂർവമായിരുന്നു ഇത്തരം ഒരു മനോഭാവം. ശരിയായിരുന്നു, എനിക്കൊരു സഹായിയെ വേണ്ടിയിരുന്നു. എനിക്കപ്രാപ്യമായൊരു നേട്ടം യേശുദാസിനുണ്ടായിരുന്നു; ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം.

ഡൽഹി റെയിൽവേ സ്റ്റേഷനിൽ ജെ.എൻ.യുവിലെ ഗവേഷക വിദ്യാർഥികളായ മാത്യു ജോസഫും പി.ജി. സുരേഷും ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മാത്യു ജോസഫ് കോട്ടയം സി.എം.എസ് കോളജിൽ യേശുദാസിന്റെ വിദ്യാർഥിയായിരുന്നു. നേരിട്ട് പരിചയം ഉണ്ടായിരുന്നില്ലെങ്കിലും സുരേഷ്, കരിപ്പലങ്ങാട് സ്വദേശിയായൊരു ട്രൈബൽ വിദ്യാർഥിയും കൂട്ടിയാണ് ഞങ്ങളെ ഡൽഹി യൂനിവേഴ്‌സിറ്റിയിലെ റെസ്റ്റ് ഹൗസിൽ എത്തിച്ചത്. താമസവും ഭക്ഷണവും അവിടെത്തന്നെ. സെമിനാറിൽ പങ്കെടുക്കാൻ ഹൈദരാബാദിൽനിന്നെത്തിയ എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യ തൊട്ടടുത്ത മുറിയിലുണ്ട്. തോമസ് മാത്യുവും സുഗതനും ഞങ്ങളെ തേടിയെത്തി. സെമിനാറിൽ അവരും പങ്കെടുക്കുന്നുണ്ട്. പിറ്റേന്ന് രാവിലെ സെമിനാറിൽ എത്തുമ്പോൾ പ്രഫ. കെ.കെ. യാദവിന്റെ ഹാർദമായ സ്വീകരണം. സംഘാടകരിൽ ഒരാളായിരുന്നു അദ്ദേഹം.

ഈ ബന്ധമാണ് യഥാർഥത്തിൽ ഡൽഹി യൂനിവേഴ്‌സിറ്റിയിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത്. സെമിനാറിൽ പങ്കെടുക്കുന്നവരുടെ ഒരു ലിസ്റ്റുണ്ടായിരുന്നു. എല്ലാവരും ഡോക്ടർമാരോ പ്രഫസർമാരോ ആണ്. അക്കൂട്ടത്തിൽ എന്റെ പേരിന്റെ പിന്നിലും ഡോക്ട‌ർ എന്ന് കണ്ടപ്പോൾ തമാശതോന്നി. ഇതെന്നാണെന്ന് തോമസ് മാത്യുവിനോട് ചോദിച്ചപ്പോൾ അദ്ദേഹം ചിരിച്ചു. ഇയാൾക്ക് എവിടെനിന്നാണ് ഡോക്‌ടറേറ്റ് കിട്ടിയതെന്ന് ആനന്ദയുടെ കമന്റ്. അക്കാദമിയുടെ ഈ പൊങ്ങച്ചം സെമിനാറിൽ പങ്കെടുത്ത പലരിലും പ്രകടമായിരുന്നു.

സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ ഉപരിപ്ലവമായ വാക്ധോരണികൾകൊണ്ട് ഇത്തരമാളുകൾ മൂടി. കാൻഷിറാമും ബി.എസ്.പിയും സൃഷ്‌ടിച്ച പുത്തൻ ഉണർവുകളുടെ വൈകാരിക പ്രതിനിധാനങ്ങളായിരുന്നു ചിലർ. അധികാരത്തിന്റെ താക്കോൽ സ്ഥാനത്ത് സ്വന്തം ചലനങ്ങളെ അവർ ചങ്ങലക്കിട്ടു. ഏതു വിചാരത്തിനും അവഗണിക്കാനാകാത്തൊരു സ്രോതസ്സായി അംബേദ്‌കർ മാറുന്നുവെന്നതായിരുന്നു സെമിനാറിന്റെ പ്രത്യേകത. അംബേദ്കർ ഇസ്‍ലാമിനോട് സ്വീകരിച്ച നിലപാടിൽനിന്നാണ് ഞാൻ മുസ്‍ലിമായതെന്ന് അവകാശപ്പെടുന്ന ഒരു ദലിത് ശ്രോതാവുണ്ടായിരുന്നു. ഇക്കാര്യത്തിലെ അംബേദ്കർ നിലപാട് വ്യക്തമാക്കുന്നൊരു ലഘുലേഖയും അദ്ദേഹത്തിന്റെ കൈവശമുണ്ട്.

ഈ സെമിനാറിന്റെ അനുബന്ധമെന്നോണം വൈകിട്ട് ജെ.എൻ.യുവിലെ മലയാളി വിദ്യാർഥികൾ ഒരു ചർച്ച സംഘടിപ്പിച്ചു. മാത്യു ജോസഫും സുരേഷുമാണ് മുൻകൈയെടുത്തത്. യഥാർഥത്തിൽ സെമിനാറിൽ അവതരിപ്പിച്ച സാമൂഹിക രാഷ്ട്രീയ പ്രശ്ന‌ങ്ങൾ ഗൗരവമായി ചർച്ചചെയ്യപ്പെട്ടത് അപ്പോഴാണ്. ജാതി/വർഗ ബന്ധങ്ങളും ഇവർക്ക് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന സമീപനങ്ങളുമായിരുന്നു മുഖ്യ ചർച്ചാവിഷയം. ഈ ചർച്ചയിൽ നാരായണഗുരുവുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയൊരു പരാമർശം ഉദ്ധരിച്ചുകൊണ്ട് തന്റെ ഗവേഷക പ്രബന്ധം ആരംഭിക്കുന്ന ഗിൽബർട്ട് ആഗസ്ത്യൻ എന്നൊരു ഗവേഷക വിദ്യാർഥിയെ അടുത്തവർഷം ഡൽഹിയിൽ നടന്ന ‘ദലിത് ബുദ്ധിജീവിസംഗമ’ത്തിൽ കണ്ടു.

ഭക്ഷണവും താമസവുമെല്ലാം ജെ.എൻ.യുവിൽതന്നെ. തന്റെ ബൗദ്ധികാന്വേഷണങ്ങളുമായി യേശുദാസ് അവിടെത്തന്നെ. ഞാൻ ജെ.എൻ.യു കോമ്പൗണ്ടിൽ തന്നെയുള്ള സുഗതന്റെ വീട്ടിലും. അടുത്തദിവസം രാവിലെ ഞങ്ങൾ ജെ.എൻ.യു കോമ്പൗണ്ടിൽ തന്നെയുള്ള സുഗതന്റെയും ഉഷയുടെയും വീട്ടിലേക്ക് പോയി. യേശുദാസ് തന്റെ ബൗദ്ധികാന്വേഷണങ്ങളുമായി ജെ.എൻ.യുവിൽ വിദ്യാർഥികളോടൊപ്പം കൂടി. ഉഷ അപ്പോൾ ജെ.എൻ.യുവിലെ ഗവേഷകയായിരുന്നു. തോമസ് മാത്യുവും അവിടേക്ക് വന്നു.

ചർച്ചകളുടെയും സംവാദങ്ങളുടെയും രണ്ടുനാൾ. വിപ്ലവ സ്വപ്‌നങ്ങളുടെ നഷ്‌ടബോധത്തിൽ മോചനത്തിന്റെ പുതുവഴി തേടുന്നവർ ജാതിക്കണ്ണുകളോടെ എന്തിനെയും നോക്കിക്കാണുന്ന എന്റെ സമീപനം. മാർക്‌സിസത്തിന്റെയും അംബേദ്കറിസത്തിന്റെയും സമന്വയ സാധ്യതകൾ തേടുന്ന തോമസ് മാത്യു ഉത്തരാധുനികതയിൽ എത്തിനിൽക്കുന്ന സുഗതൻ. സിദ്ധാന്ത ശാഠ്യങ്ങളില്ല. അതാണ് ഞങ്ങളുടെ ബന്ധം സാധ്യമാക്കിത്തീർത്തത്.

ചെങ്കോട്ടയടക്കം ചില നഗരക്കാഴ്ചകൾ കണ്ട് ആനന്ദയുടെ വക ചെറിയൊരു ഷോപ്പിങ്, കൂട്ടിന് ഉഷയും. ഒരുദിവസത്തെ ഉച്ചഭക്ഷണം ഒരു സിഖ് ഗുരുദ്വാരയിലായിരുന്നു. തോമസ് മാത്യുവിന്റെ ഐഡിയയാണ്. അവിടെ ഭക്ഷണം ദൈവത്തിന്റെ വരദാനമാണ്, പ്രാർഥനയാണ്. അത് പാഴാക്കുന്നത് ദൈവനിന്ദയും. വിളമ്പാനും പാത്രമെടുക്കാനും എല്ലാം ചുമതലക്കാരുണ്ട്. ഒഴിഞ്ഞ പാത്രങ്ങളാണവർ നോക്കിനടക്കുന്നത്. ആനന്ദക്ക് മുഴുവൻ കഴിക്കാനായില്ല. ഒടുവിൽ ചെറിയൊരു ദൈവനിന്ദ. ബാല്യകാലത്ത് അച്ഛൻ പഠിപ്പിച്ചൊരു പാഠമുണ്ട്; ആവശ്യത്തിലധികം ഒരു നുള്ള് ഭക്ഷണംപോലും കഴിക്കരുത്. ഒസ്യത്തായി ലഭിച്ചൊരു ഭക്ഷ്യസങ്കൽപമാണിത്. ഇല്ലായ്‌മയുടെ കാലമാണ്, ഭക്ഷണമെങ്ങനെയാണ് ഉണ്ടാകുന്നതെന്നറിയാമോ? ദൈവത്തെക്കുറിച്ചല്ല, അധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ചാണ് അച്ഛൻ പറയുമായിരുന്നത്.

ഡൽഹിയാത്രയിൽ ആനന്ദക്കേറെ ഇഷ്ട‌പ്പെട്ടതും രാവേറെയായാലും ദൃശ്യമാകുന്ന ജെ.എൻ.യുവിനുള്ളിലെ ആൺ/പെൺ സൗഹൃദങ്ങളുടെ സാന്നിധ്യമായിരുന്നു. പിന്നീട് പലപ്പോഴും അത് അയാൾ ഓർമിച്ചെടുത്തു. സുഗതനും സുരേഷും മാത്യു ജോസഫും ഉണ്ടായിരുന്നു ഞങ്ങളെ യാത്രയാക്കാൻ. മടങ്ങാൻ തുടങ്ങുമ്പോൾ ട്രെയിനിൽ ​െവച്ച് സുരേഷിന്റെ നേരെ ആനന്ദ നീട്ടിയ സ്നേഹോപഹാരം സാഹോദര്യപൂർവം നിഷേധിക്കുന്നത് കണ്ടു. കോട്ടയത്ത് ഞങ്ങളെത്തുമ്പോൾ ഒരു ദുഃഖവാർത്തയുമായിട്ടാണ് യേശുദാസിന്റെ കുടുംബം റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു. ഞങ്ങൾ വീട്ടിലേക്ക് പോയെങ്കിലും പിറ്റേദിവസം പിറവത്ത് നടന്ന ശവസംസ്‌കാര ചടങ്ങിൽ ഞാനും പങ്കെടുത്തു.

(തുടരും)

Tags:    
News Summary - km,salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.