2000ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ദലിത് രാഷ്ട്രീയ മുന്നണി തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട് ദലിത് സമൂഹത്തിൽ ഉയർന്ന വിവിധതരം ചർച്ചകളെ കുറിച്ചും എഴുതുന്നു. ദലിത് രാഷ്ട്രീയ മുന്നണി 2000 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം; ഇടുക്കി ജില്ലയിലെ ഇടുക്കി, തൊടുപുഴ; എറണാകുളം ജില്ലയിലെ പിറവം, കോതമംഗലം, ഞാറക്കൽ, വടക്കേക്കര, തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, നാട്ടിക എന്നീ നിയമസഭ മണ്ഡലങ്ങളിലെ...
2000ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ദലിത് രാഷ്ട്രീയ മുന്നണി തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട് ദലിത് സമൂഹത്തിൽ ഉയർന്ന വിവിധതരം ചർച്ചകളെ കുറിച്ചും എഴുതുന്നു.
ദലിത് രാഷ്ട്രീയ മുന്നണി 2000 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം; ഇടുക്കി ജില്ലയിലെ ഇടുക്കി, തൊടുപുഴ; എറണാകുളം ജില്ലയിലെ പിറവം, കോതമംഗലം, ഞാറക്കൽ, വടക്കേക്കര, തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, നാട്ടിക എന്നീ നിയമസഭ മണ്ഡലങ്ങളിലെ 30ലേറെ പഞ്ചായത്തുകളിൽ സ്ഥാനാർഥികളെ നിർത്തുകയും ചിലയിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണക്കുകയും ചെയ്തു.
‘ദലിത് വോട്ടുകൾ ദലിത് ഐക്യത്തിന്’ എന്നതായിരുന്നു തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുന്നണിയുടെ പ്രഖ്യാപിത സമീപനം. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുക എന്നതിനർഥം രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും ദലിത് രാഷ്ട്രീയ മുന്നണിയുടെ ഉദ്ദേശ്യം വോട്ടുകൾ സമാഹരിച്ച് ദലിത് ഐക്യം നിലനിർത്തുകയാണെന്ന് വ്യക്തമായിരുന്നു. ദലിത് രാഷ്ട്രീയത്തിന്റെ പ്രചാരണത്തിനായിരുന്നു ഊന്നൽ. ഇതര ദലിത് സംഘടനകളും പട്ടികജാതി/വർഗ സംഘടനകളും സംയുക്ത സമിതികളും ദലിത് ൈക്രസ്തവ സംഘടനകളുമെല്ലാം വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും ഭാഗമായി മാറുന്ന പതിവ് സമ്പ്രദായത്തിന് പകരമായിട്ടാണ് ദലിതർക്കിടയിൽ സവിശേഷമായൊരു രാഷ്ട്രീയമുഖം തുറക്കാൻ ഡി.എ.എസ് ശ്രമിച്ചത്. മുന്നണി സ്ഥാനാർഥികൾ മത്സരിച്ച പഞ്ചായത്തുകളിലെല്ലാം ദലിത് രാഷ്ട്രീയം സജീവ ചർച്ചയായി. കോൺഗ്രസ് രാഷ്ട്രീയത്തിന്റെയും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയുമെല്ലാം പൊതുമണ്ഡലത്തിലാണ് ദലിത് രാഷ്ട്രീയം ഉന്നയിക്കപ്പെട്ടത്.
ഒരു മതേതരം ജനാധിപത്യ സമൂഹത്തിൽ ദലിത് രാഷ്ട്രീയം ജാതീയവും വിഭാഗീയവുമാവില്ലേ എന്ന ആശങ്ക തെരഞ്ഞെടുപ്പ് വേളയിൽപോലും മുന്നണി പ്രവർത്തകർക്കിടയിൽ മാത്രമായി ശക്തമായി നിലനിന്നിരുന്നു. ദലിത് രാഷ്ട്രീയ പറയുന്നത് മറ്റുള്ളവരുടെ വോട്ടുകൾ നേടുന്നതിന് തടസ്സമാകുമെന്നാണ് ഇത്തരക്കാർ കരുതിയിരുന്നത്. ഈ സമീപനമുണ്ടായിരുന്ന സ്ഥലങ്ങളിൽ ദലിത് രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിൽ തടസ്സമുണ്ടായി. സാമ്പത്തിക വൈഷമ്യങ്ങളും പ്രവർത്തകരുടെ എണ്ണക്കുറവും പൊതുപ്രസ്ഥാനങ്ങളുടെ സമ്മർദങ്ങളും ഭീഷണികളും എല്ലാം വിജയകരമായ ഇടപെടലുകൾ നടത്തുന്നതിന് തടസ്സമായിരുന്നുവെങ്കിലും മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും തുടക്കത്തിൽതന്നെ ദലിത് രാഷ്ട്രീയ ഇടപെടലിന് ഗൗരവപൂർവം നോക്കിക്കാണേണ്ടി വന്നു.
ദലിത് രാഷ്ട്രീയത്തിന് സ്വാധീനം ചെലുത്താൻ കഴിഞ്ഞ പഞ്ചായത്തുകളിൽ വിവിധ പാർട്ടികളും മുന്നണികളും ജനറൽ സീറ്റുകളിൽ ദലിത് സ്ഥാനാർഥികളെ നിർത്തി മത്സരിക്കാൻ തയാറായത് അതുകൊണ്ടാണ്. പട്ടികജാതി/വർഗക്കാരിൽനിന്ന് ഭിന്നമായി രാഷ്ട്രീയ സംവരണമില്ലാത്ത ദലിത് ൈക്രസ്തവരെ ഐക്യകേരളം അധികാര മണ്ഡലത്തിൽ പ്രവേശിപ്പിച്ച അനുഭവം നന്നേ വിരളമായിരുന്നു. എന്നാൽ, പൊതുമണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കാൻ രാഷ്ട്രീയ മുന്നണി തയാറായതോടെ മുഖ്യധാര പാർട്ടികളും മുന്നണികളും പല പഞ്ചായത്തുകളിലും ദലിത് ൈക്രസ്തവ സ്ഥാനാർഥികൾ ഉൾപ്പെടെ ദലിതരെ ജനറൽ സീറ്റുകളിൽ നിർത്തി മത്സരിപ്പിക്കാൻ തയാറായി.
ചില മണ്ഡലങ്ങളിൽ ദലിത് രാഷ്ട്രീയ മുന്നണി സ്ഥാനാർഥികളെ നേരിടാൻ ദലിത് സ്ഥാനാർഥികളെ തന്നെയാണ് ഇരു മുന്നണികളും കണ്ടെത്തിയത്. ദലിത് രാഷ്ട്രീയത്തെ അവഗണിക്കാനാവില്ലെന്നാണ് ഇത് വ്യക്തമാക്കിയത്. ദലിതർക്കിടയിൽ നിലനിൽക്കുന്ന പല സംഘടനകളിലെയും സാധാരണ പ്രവർത്തകർ രാഷ്ട്രീയ മുന്നണിയുമായി സഹകരിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുകയും ചെയ്തു. കെ.പി.എം.എസ് പോലുള്ള ജാതി സംഘടനകളിൽപെട്ടവർപോലും അതിന് തയാറായി. ജാതി/ഉപജാതി ചിന്തകളെയും വിലക്കുകളെയും മതഭിന്നതകളെയുമെല്ലാം മറികടന്നാണ് പലരും ഈ പ്രക്രിയയിൽ സഹകരിച്ച്.
തെരഞ്ഞെടുപ്പിനുശേഷം ഐക്യസമിതി തന്നെ കാണുകയില്ലെന്ന് ദലിത് സംഘടന നേതാക്കൾ ഉൾപ്പെടെ ചിലർ വിലയിരുത്തുകയുണ്ടായെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് സഹകരിച്ച പലരും പിന്നീട് ഐക്യസമിതി പ്രവർത്തകരായി മാറുന്നതാണ് കണ്ടത്. സ്ഥാനാർഥികൾ ഉൾപ്പെടെ. സ്വാശ്രിതമായൊരു നീക്കമായിരുന്നു ഇത്. ആരുമായും ധാരണകളോ കൂട്ടുകെട്ടുകളോ ഇല്ല. സ്ഥാനാർഥികൾ ആവുകയും നക്കാപ്പിച്ചക്കായി പിന്മാറുകയും ചെയ്യുന്ന അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവമതിപ്പുകൾക്ക് അറുതിവരുത്താനായി. മദ്യവും പണവും ഒഴുക്കി ദലിത് വോട്ടുകൾ സമാഹരിക്കുന്ന പതിവ് നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്താനായി. ഏറ്റവും ചെലവ് കുറഞ്ഞതും ലളിതവുമായ പ്രചാരണരീതികൾ സ്വീകരിച്ചുകൊണ്ട് രാഷ്ട്രീയ മുന്നണി നടത്തിയ പ്രവർത്തനങ്ങളിൽ അഴിമതിമുക്തമായിരുന്നു എന്നത് മറ്റൊരു കാര്യം.
പരാജയപ്പെടുമെന്നറിയാവുന്ന ഒരു രാഷ്ട്രീയ മത്സരത്തിനാണ് രാഷ്ട്രീയ മണ്ണിൽ തയാറായത്. ദലിത് വോട്ടുകൾകൊണ്ട് മാത്രം വിജയിക്കാവുന്ന മണ്ഡലങ്ങൾ പരിമിതമായിരിക്കും. ദലിതരുടെ അംഗബലത്തെ സാമുദായികമായും രാഷ്ട്രീയമായും സമാഹരിക്കാനാണ് ശ്രമിച്ചത്. ഏത് പഞ്ചായത്തിലും ദലിതർക്ക് ആയിരമോ അതിൽ അധികമോ വോട്ടുകൾ ഉണ്ടെന്നത് വസ്തുതയാണ്. ദലിത് വോട്ടുകളുടെ പകുതി സമാഹരിച്ചാൽപോലും ആകെ പോൾചെയ്യുന്ന വോട്ടിന്റെ 10 ശതമാനം നേടാൻ കഴിയും. വോട്ടുകളുടെ നാലിലൊന്ന് സമാഹരിച്ചാൽപോലും കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും.
ഒരു പഞ്ചായത്തിൽനിന്ന് 500-600 വോട്ടുകൾ സമാഹരിച്ചാൽ ഒരു നിയമസഭാ മണ്ഡലത്തിൽ എത്തുമ്പോൾ അയ്യായിരമോ ആറായിരമോ വോട്ടുകൾ ആയി അത് മാറും. കേരള നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടും മൂന്നും ആയിരം വോട്ടുകളുടെ വ്യത്യാസംപോലും പൊതുവേ വിധിനിർണായകമായിരിക്കെ, പഞ്ചായത്തിലെന്നവണ്ണം നിയമസഭ തെരഞ്ഞെടുപ്പിലും ദലിത് വോട്ടുകൾ അവഗണിക്കാനാവാത്തൊരു ഘടകമായി മാറും. പാർലമെന്റ് തെരഞ്ഞെടുപ്പിനും ഇത് ബാധകമാണ്. കേരള രാഷ്ട്രീയത്തിലെ പൊതു മണ്ഡലത്തിലേക്കുള്ള ദലിത് പ്രവേശനത്തെ ഞങ്ങൾ ഇങ്ങനെയാണ് തനതായി വിഭാവനം ചെയ്തത്.
തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി 2001 ന് വിവിധ ദലിത് സംഘടന നേതാക്കളുടെ യോഗം എറണാകുളത്ത് വിളിച്ചുചേർത്തു. വി.ഐ. ബോസ് (അംബേദ്കർ സ്റ്റഡി സെന്റർ), പനംകുട്ടി പാപ്പച്ചൻ (സെക്കുലർ ഡെമോക്രാറ്റിക് ഫ്രണ്ട്), ആറ്റിപ്ര സുകുമാരൻ (ഓൾ ഇന്ത്യ ഡെവലപ്മെന്റ് ആക്ഷൻ കൗൺസിൽ), സലിം തുരുത്തില (കേരള ഉള്ളാട മഹാസഭ), കെ. കെ. കൃഷ്ണൻകുട്ടി, ടി.കെ. ശിവാനന്ദൻ, കെ. ഒ. മാസ്റ്റർ എന്നീ സംഘടന നേതാക്കൾ പങ്കെടുത്തു. ഐക്യസമിതിയെ പോലെതന്നെ വി.ഐ. ബോസും പനംകുട്ടി പാപ്പച്ചനും നേതൃത്വം കൊടുക്കുന്ന സെക്കുലർ ഡെമോക്രാറ്റിക് ഫ്രണ്ടും ചില സ്ഥലങ്ങളിൽ സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് യോഗത്തിൽ പങ്കെടുത്തത്. ഐക്യസമിതി സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഒന്നും എസ്.ഡി.എഫ് സ്ഥാനാർഥികളെ നിർത്തുന്നില്ല എന്നതുകൊണ്ടും നേരെ മറിച്ചും ഈ കാര്യത്തിൽ പ്രത്യേകമായ ആലോചനകളൊന്നും ആവശ്യമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ആറു പേരുള്ള ഒരു സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു.
മേയ് 10ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ദലിത് ഐക്യസമിതി നാലു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തി. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ അഡ്വ. ടി.ഡി. എൽദോയും കോട്ടയം ജില്ലയിലെ വൈക്കത്ത് സി.ബി. രമണനും ഏറ്റുമാനൂരിൽ വി.ഡി. ജോസും തൃശൂർ ജില്ലയിലെ നാട്ടികയിൽ ശൈലജ സുകുമാരനും സ്ഥാനാർഥിയായിരുന്നു. ദലിതരുടെ ഭൂമി ലഭിക്കത്തക്കവണ്ണം സമ്പൂർണ ഭൂപരിഷ്കരണം നടപ്പാക്കുക, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനൽകുക, ദലിത് ൈക്രസ്തവർക്ക് ജനസംഖ്യാനുപാതികമായി പ്രത്യേക സംവരണം ഏർപ്പെടുത്തുക, സംവരണം സ്വകാര്യമേഖലയിൽ നടപ്പാക്കുക തുടങ്ങിയ സാമൂഹിക സാമ്പത്തിക രാഷ്ട്രീയാവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ദലിത് രാഷ്ട്രീയ മുന്നണി സ്ഥാനാർഥികൾ മത്സരിച്ചത്. രാഷ്ട്രീയാധികാരത്തിലുള്ള തുല്യവും സ്വതന്ത്രവുമായ പങ്കാളിത്തം ലക്ഷ്യമായിരിക്കുമ്പോൾതന്നെ 20 വരുന്ന ദലിതരുടെ ഐക്യവും ഏകീകരണവും തെരഞ്ഞെടുപ്പ് ഇടപെടലിന്റെ അടിയന്തര ലക്ഷ്യമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ‘ദലിത് വോട്ടുകൾ ദലിത് ഐക്യത്തിന്’ എന്നതായിരുന്നു സന്ദേശം.
ആശയ സംഘർഷങ്ങൾ ദലിത് ബൗദ്ധികത
എഴുത്ത് ഒരു പുതിയ കാര്യമായിരുന്നില്ല. എന്നാൽ, കേരളത്തിലെ ദലിതർക്കിടയിൽ എഴുത്തുകാരുടെയും ചിന്തകരുടെയും ഒരു സാമൂഹിക ഗണം സൃഷ്ടിക്കപ്പെടുന്നത് പുതിയൊരു കാര്യമായിരുന്നു. ദലിത് ചരിത്രത്തിലെ നിർണായകമായൊരു സംഭവമായിരുന്നു ഇത്. കാരണം, ലിഖിതവ്യവഹാരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിലൂടെ മാത്രമാണ് ഒരു സമൂഹം ചരിത്രത്തിൽ ഇടം തേടുന്നത്. അക്ഷരത്തിന്റെ അധീശലോകം തർക്കപ്പെട്ടെങ്കിലും എഴുത്തിന്റെ അധീശലോകം തകർക്കാൻ ദലിതർക്ക് ഒരു നൂറ്റാണ്ട് വേണ്ടിവന്നു. ജാതിവ്യവസ്ഥക്കുള്ളിലെ അപ്രഖ്യാപിതമായൊരു നിരോധനത്തിന്റെ ലംഘനമായിരുന്നു ഇത്. നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലെ ദലിത് ഉദ്ബുദ്ധതയാണ് അതിലേക്ക് നയിച്ചത്. സങ്കീർണവും സംഘർഷാത്മകവുമായൊരു ഭൂമികയായിരുന്നു ഇത്.
വർത്തമാനം മാത്രമല്ല, ചരിത്രവും സംസ്കാരവും ഉയർത്തുന്ന എണ്ണമറ്റ ചോദ്യങ്ങളുമായിട്ടാണ് തൊണ്ണൂറുകൾ കടന്നുവന്നത്. ഇവിടെയാണ് ദലിത് ബൗദ്ധികതയുടെയും ലിഖിത വ്യാവഹാരത്തിന്റെയും ഉദയം. ഇത് ദലിത് പ്രവർത്തകരോടൊപ്പം ബൗദ്ധിക പ്രവർത്തകരെയും സൃഷ്ടിച്ചു. ചരിത്രത്തിലുടനീളം ബൗദ്ധികജീവിതം എവിടെയാണോ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് ആ കേന്ദ്രീകരണത്തെ, ബ്രാഹ്മണിസത്തെ, അതിന്റെ സാമൂഹികാടിത്തറയെ, സ്വാധീനങ്ങളെ ഇദംപ്രഥമമായി ദലിതർ കടന്നാക്രമിച്ചു. ദലിത് സമൂഹത്തിന്റെ ചലനാത്മകതയുടെയും ആത്മവിശ്വാസത്തിന്റെയും കർത്തൃത്വബോധത്തിന്റെയും പ്രതിഫലനമായിരുന്നു ഇത്. ഇത് സ്വാഭാവികമായും ബാഹ്യവും ആന്തരികവുമായ ആശയസംഘർഷങ്ങളിലേക്ക് നയിച്ചു.
ദലിത് ഐക്യസമിതി നയപ്രഖ്യാപനരേഖ ‘സമീക്ഷ’യിൽ ചർച്ചക്കായി അവതരിപ്പിച്ചു. ദലിത് ആശയങ്ങൾ പൊതുമണ്ഡലത്തിൽ ചർച്ചചെയ്യുന്നതിന് ലഭിച്ച ആദ്യത്തെ അവസരമായിരുന്നു അത്. മാധ്യമം ദിനപത്രത്തിലെ എഡിറ്റോറിയൽ പേജിൽ ആദിവാസി ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് രണ്ട് ലേഖനങ്ങൾ എഴുതാൻ അവസരം ലഭിച്ചതൊഴിച്ചാൽ ‘സമീക്ഷ’യിലായിരുന്നു ഞാനും എഴുതി തുടങ്ങിയത്. നയപ്രഖ്യാപനരേഖയെ പിന്തുണച്ചുകൊണ്ട് ആരും മുന്നോട്ടുവന്നില്ലെങ്കിലും പ്രഫ. രാജു തോമസ്, രേഖ രാജ്, രേണുകുമാർ എന്നിങ്ങനെ ചിലർ വിയോജിപ്പുകളുമായി മുന്നോട്ടു വന്നു. ദലിത് സമുദായവത്കരണത്തിന്റെ ബാധ്യതകളിലായിരുന്നു അവർക്ക് ആശങ്ക. ദലിത് ഐക്യചർച്ചയുടെ നിശ്ചിത സന്ദർഭത്തിൽ അതിൽനിന്ന് വിട്ടുനിന്ന കെ.കെ. കൊച്ച് ഐക്യത്തെ കുറിച്ചും സമുദായവത്കരണത്തെ കുറിച്ചും വ്യത്യസ്തമായൊരു സമീപനം മുന്നോട്ടുവെച്ചത് പെട്ടെന്നായിരുന്നു.
‘സമീക്ഷ’ 1999 ജൂൺ 1-15, ജൂലൈ 1-15 ലക്കങ്ങളിലായി ‘ദലിത് ഐക്യം: പ്രശ്നങ്ങളും സമീപനവും’ എന്ന രേഖ കൊച്ച് പ്രസിദ്ധീകരിച്ചു. 2000 ജനുവരി 16-31ലെ ‘സമീക്ഷ’യിൽ ‘ദലിത് നവോത്ഥാനവും ജ്ഞാനസിദ്ധാന്തവും’ എന്ന ലേഖനത്തിൽ സൈദ്ധാന്തികമായ മറ്റുചില നിരീക്ഷണങ്ങളും സമീപനങ്ങളും മുന്നോട്ടുവെച്ചു. ലിഖിത വ്യവഹാരത്തിൽ കൊച്ചും ഞാനും തമ്മിൽ നടന്ന ആശയ സംഘർഷങ്ങളുടെ തുടക്കമായിരുന്നു ഇത്. ദലിത് പ്രവർത്തന മണ്ഡലത്തിൽ വ്യക്തികൾക്കിടയിലും സംഘർഷങ്ങൾക്കിടയിലും അലിഖിതമായി തുടർന്നുപോന്നൊരു പ്രക്രിയയുടെ തുടർച്ചയായിരുന്നു ഇത്. അവിടെ തളംകെട്ടി നിന്ന പരദൂഷണത്തിന്റെയും പൊങ്ങച്ചത്തിന്റെയും ആത്മാരാധനയുടെയുമെല്ലാം അഴുക്കുചാലുകൾ വെടിപ്പാക്കാൻ തുടങ്ങിയത് അപ്പോഴാണ്. സംവാദാത്മകമായൊരു മണ്ഡലത്തിലേക്ക് ദലിതർ പ്രവേശിച്ചുവെന്നതായിരുന്നു അതിന്റെ പ്രത്യേകത.
ദലിത് ഐക്യസമിതി നയപ്രഖ്യാപന രേഖക്ക് പകരമെന്നോണം അവതരിപ്പിച്ച രേഖയിൽ ദലിത് ഐക്യത്തെക്കുറിച്ചും സമുദായത്തെക്കുറിച്ചുമുള്ള തന്റെ സങ്കൽപത്തോടൊപ്പം ദലിത് ഐക്യത്തിനായി ഒരു പൊതുവേദി അടിയന്തരമായി രൂപവത്കരിക്കേണ്ടതുണ്ടെന്നും കൊച്ച് ചൂണ്ടിക്കാട്ടി. ഏതാനും മാസം മുമ്പ് നടന്ന ദലിത് ഐക്യചർച്ചയിലേക്കുള്ള ക്ഷണം എന്തുകൊണ്ട് കൊച്ച് നിഷേധിച്ചെന്നതിന്റെ മനസ്സു തുറന്ന ഉത്തരമായിരുന്നു ഇത്. മനുസ്മൃതി കത്തിക്കാൻ അധഃസ്ഥിത നവോത്ഥാന മുന്നണി തീരുമാനിച്ചതിന് സമാന്തരമായി ആദിശങ്കരനെ കത്തിക്കാൻ തീരുമാനിച്ച സീഡിയൻ പ്രവർത്തന ശൈലിയുടെ തുടർച്ച.
എന്നാൽ, ദലിത് (പട്ടികജാതി/പട്ടികവർഗ) ഏകോപന സമിതിയുടെ പേരിൽ 1994ൽ സമുദായ രൂപവത്കരണത്തെക്കുറിച്ച് കൊച്ച് പ്രസിദ്ധീകരിച്ച ഒരു രേഖയുടെ വിശദീകരണമായിരുന്നു ദലിത് ഐക്യപ്രശ്നങ്ങളുടെ സമീപനം. ദലിതർ, ദലിത് ൈക്രസ്തവർ, ആദിവാസികൾ എന്നിങ്ങനെ വ്യവച്ഛേദിക്കപ്പെട്ട സാമൂഹികവിഭാഗങ്ങളുടെ ഏകോപനത്തെപ്പറ്റിയാണ് അന്ന് കൊച്ച് പറഞ്ഞിരുന്നത്: ഈ സങ്കൽപത്തെ അദ്ദേഹം ഇന്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയിലേക്കും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുമെല്ലാം സന്നിവേശിപ്പിച്ചു. എന്നാൽ, അത്തരം അനുഭവങ്ങളൊന്നും പരിശോധിക്കുകയോ വിലയിരുത്തുകയോ ചെയ്യാതെയാണ് നാലഞ്ചു വർഷങ്ങൾക്കുശേഷം പഴയകാര്യങ്ങൾ മറ്റൊരുരീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്.
തന്റെ മനസ്സും ശരീരവും ബോധ്യവും ആത്മാർഥമായി സമർപ്പിക്കേണ്ടൊരു ദൗത്യത്തെ വളരെ ലാഘവത്തോടെയായിരുന്നു കൊച്ച് നോക്കിക്കണ്ടത്. തന്മൂലം വ്യക്തതയും ദൃഢതയുമുള്ളൊരു സമീപനം മുന്നോട്ടുവെക്കാൻ കൊച്ചിനായില്ല. ദലിത് ബൗദ്ധികതയുടെ പരിമിതിയായി ഇത് മനസ്സിലാക്കപ്പെടുമെങ്കിലും ഐക്യസമിതി മുന്നോട്ടുവെച്ച ദലിത് നിർവചനത്തെയും സമുദായ സങ്കൽപത്തെയും കാണാതിരിക്കാനുള്ള കൊച്ചിന്റെ ശ്രമം വിചിത്രമായിരുന്നു. ഫലമോ പരസ്പരവിരുദ്ധവും ആശയക്കുഴപ്പം നിറഞ്ഞതുമായൊരു സമീപനമായിരുന്നു പലകാര്യങ്ങളിലും അദ്ദേഹം സ്വീകരിച്ചത്. ഈ വസ്തുത തുറന്നുകാണിച്ചുകൊണ്ട് ‘ദലിത് ഐക്യവും കെ.കെ. കൊച്ചിന്റെ അമൂർത്ത ചിന്തകളു’മെന്ന കുറിപ്പ് ഞാനെഴുതി.
ദലിത് പ്രയോഗത്തിലൂടെ ആരെയാണ് സംബോധന ചെയ്യാൻ പോകുന്നതെന്നും എന്താണ് അർഥമാക്കാൻ പോകുന്നതെന്നുമുള്ള പ്രശ്നം ’90കളുടെ ആദ്യ പകുതിയിൽതന്നെ കേരളത്തിലെ ദലിത് ബൗദ്ധികരംഗം നേരിട്ട സുപ്രധാനമായൊരു പ്രത്യയശാസ്ത്ര പ്രശ്നമായിരുന്നു. ‘ദലിത്’ ആണോ ‘ദളിത്’ ആണോ ശരിയെന്നതുപോലെ പദാവലിയിലെ സൂക്ഷ്മതലങ്ങൾ വരെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വിധേയമായി. ദലിത് സംജ്ഞ മാത്രമല്ല, വംശവും വർണവും ജാതിയും മതവും വർഗവും ഭാഷയുമെല്ലാമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഈ സമയത്ത് ചർച്ചാ വിഷയമായിട്ടുണ്ട്; ഒപ്പം ദലിത് ദേശീയത, ദലിത് പ്രത്യയശാസ്ത്രം തുടങ്ങിയ വളരെ മൗലികമായ പ്രശ്നങ്ങളും.
ഇത്തരം ചർച്ചകളുടെ തുടർച്ചയിലാണ് ദലിത് ഐക്യസമിതി ഗോത്ര/ജാതി/മത പരിഗണനകൾക്കതീതമായി അധഃസ്ഥിത/ആദിവാസി വിഭാഗങ്ങളെ ഒരു സമൂഹമായി കണ്ടുകൊണ്ട് ദലിത് എന്ന പരികൽപന നിർവഹിച്ചത്. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ബലിഷ്ഠമായൊരടിത്തറയിലായിരുന്നു ഈ നിർവചനമെന്നത് അതിനെ വസ്തുനിഷ്ഠമാക്കി. എന്നാൽ, കൊച്ചിന് ഇപ്പോഴും ഈ നിർവചനം സ്വീകാര്യമായില്ല. ദലിത് ഐക്യവും സമുദായ രൂപവത്കരണവുമായി ബന്ധപ്പെട്ട് തന്റെ രേഖയിൽ കൊച്ച് മുന്നോട്ടുവെക്കുന്ന സമീപനങ്ങൾ നോക്കൂ: ‘ജാതീയവും ഗോത്രപരവുമായ ഭിന്നതകൾക്കതീതമായി ഒരു ദലിത് സമുദായമായി മാറുമ്പോഴാണ് ദലിത് ഐക്യം സാധ്യമാകുന്നത്.’ ‘സമാന ധർമമുള്ള ജാതികളുടെ ഏകോപനത്തിലൂടെ സമുദായമായി മാറി ഒരൊറ്റ സംഘടന കെട്ടിപ്പടുക്കുക.
’ ജാതി-ഗോത്ര ഭിന്നതകൾ മറികടന്ന് ഒരു സമുദായമായി മാറുകയെന്നതും സമാന ധർമമുള്ള ജാതികളുടെ ഏകോപനത്തിലൂടെ സമുദായമായി മാറുകയെന്നതും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ്. ഗോത്രങ്ങൾക്കും ജാതികൾക്കുമിടയിലെ അസാമാന്യമായ വികാസം സമാന ജാതികളുടെ ഏകോപനത്തോടൊപ്പം അസമാനമായ ജാതികളെ പുറന്തള്ളുന്നുണ്ട്. ജാതി/ഗോത്ര ഭിന്നതകൾമാത്രം പരിഗണിക്കുമ്പോൾ മതപരമായി ഭിന്നിപ്പിക്കപ്പെട്ട സാമൂഹികാവസ്ഥ കാണാതെ പോകുകയും ദലിത് ൈക്രസ്തവരെ ഇത്തരമൊരു പ്രക്രിയയിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. സാധുജന പരിപാലന സംഘം ദലിതരെ ഐക്യപ്പെടുത്തിയത് മതവിരുദ്ധമായൊരു സമീപനത്തിലൂടെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. മതമേതായാലും സാമൂഹികാവശതകൾ അനുഭവിക്കുന്ന വിഭാഗങ്ങളെ ഒന്നിച്ചുചേർത്ത് മുന്നോട്ടുപോകാനുള്ള അയ്യൻകാളിയുടെ ശ്രമത്തിന് കൊച്ച് തെറ്റായൊരു മാനം നൽകി.
അയ്യൻകാളി പ്രസ്ഥാനത്തിന്റെ അരാഷ്ട്രീയത്തെക്കുറിച്ചോ പൊയ്കയിൽ അപ്പച്ചന്റെയും പാമ്പാടി ജോൺ ജോസഫിന്റെയും മതാത്മകമായ, ദലിത് ഐക്യശ്രമങ്ങളുടെയും പരാജയത്തെക്കുറിച്ചും വിലയിരുത്തുന്ന കൊച്ച് എത്തിച്ചേരുന്ന നിഗമനം മതവിരുദ്ധമായൊരു രാഷ്ട്രീയധാരക്കു മാത്രമേ ദലിത് ഐക്യം സൃഷ്ടിക്കാനാവൂ എന്നായിരുന്നു. ഐ.ഡി.പിയിലൂടെയും എഫ്.ഡി.പിയിലൂടെയും പൊലിഞ്ഞുപോയ തന്റെ രാഷ്ട്രീയസ്വപ്നങ്ങളിൽനിന്ന് കൊച്ച് ഒന്നും പഠിച്ചില്ലെന്നായിരുന്നു ഇതിനർഥം. ‘നവോത്ഥാന ഘട്ടത്തിലെ സമുദായ പരിഷ്കരണങ്ങളിലൂടെയും സംവരണത്തിലൂടെയും ദലിതുകൾ ഇന്ന് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായിരിക്കുകയാണ്’ എന്നതായിരുന്നു അതിനുള്ള കൊച്ചിന്റെ ന്യായീകരണം.
ഈ സമയത്ത് കൊച്ച് ‘രാഷ്ട്രീയ സംഗമം’ എന്ന ഒരു ജനാധിപത്യ കൂട്ടായ്മയുടെ മുൻനിരയിൽ ഉണ്ടായിരുന്നു. നവോത്ഥാനാനന്തരകാലം രൂപംനൽകിയ ജനാധിപത്യ പ്രക്രിയയിലേക്ക് ദലിതർ പ്രവേശിച്ചുവെന്നത് മൗലികമായ ഒരു വസ്തുതയായിരിക്കുമ്പോൾതന്നെ നവോത്ഥാനാനന്തര കേരളത്തിൽ കരുത്താർജിച്ച സാമുദായിക രാഷ്ട്രീയ ബലതന്ത്രത്തിൽ എങ്ങനെ മുന്നേറാനാകുമെന്ന മൗലിക പ്രശ്നം ദലിതർ നേരിട്ടിരുന്നു. ദലിത് അന്വേഷണത്തിന്റെ എന്നതുപോലെ പ്രയോഗത്തിന്റെയും ഭൂമിക ഇതായിരുന്നു. തന്മൂലം ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നതുകൊണ്ട് നിശ്ശബ്ദരായിരിക്കാൻ ദലിതർക്ക് ആവില്ലായിരുന്നു. ജനാധിപത്യ സംവിധാനവും ദലിതാനുഭവങ്ങളും തമ്മിലുള്ള അന്തരം ജനാധിപത്യ സംവിധാനത്തിന്റെതന്നെ ന്യൂനതയാണ്.
സമ്പുഷ്ടമായൊരു ദലിത് ജീവിതത്തിന് ഈ അന്തരം പരിഹരിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള ദലിതരുടെ ശ്രമങ്ങൾ വിഭാഗീയമെന്ന് വ്യാഖ്യാനിക്കപ്പെടാനിടയു ണ്ടെങ്കിലും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാണ്. ജാതിയുടെ ആന്തരികവത്കരണംപോലുള്ള പ്രതിഭാസങ്ങളെ ദലിതർക്ക് മാത്രമേ ചോദ്യംചെയ്യാനാവൂ. അതിനർഥം ജനാധിപത്യത്തിന്റെ പേരിൽ ദലിതർക്ക് മറ്റൊരു പ്രസ്ഥാനം അന്വേഷിച്ച് നടക്കേണ്ടതില്ല എന്നായിരുന്നു. എന്നാൽ, ഇത്തരം ഒരു സമീപനം സ്വീകരിക്കാൻ കൊച്ചിനായില്ല. ദലിതാവസ്ഥയെക്കുറിച്ചുള്ള സൂക്ഷ്മമായ വിശകലനം അതിനാവശ്യമായിരുന്നു. ഈ കാര്യത്തിൽ ഐക്യസമിതി സ്വീകരിച്ച നിലപാടിനെ എതിർത്താണ് കൊച്ച് ‘ദലിത് ജ്ഞാനസിദ്ധാന്തവും പ്രയോഗവും’ എന്ന ലേഖനം എഴുതിയത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.