ദലിതർ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്നു. ഒപ്പം ദലിത് ക്രൈസ്തവരുടെ സംവരണം എന്ന വിഷയത്തിൽ എടുത്ത നിലപാടുകളെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചും വിവരിക്കുന്നു.
തങ്ങളുടെ സമ്മതിദാനാവകാശത്തിന്റെ രാഷ്ട്രീയമൂല്യമറിയാത്ത ദലിതർ വിവിധ രാഷ്ട്രീയപാർട്ടികളുടെ വോട്ടുബാങ്കുകളായി ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. ദലിത് ഐക്യസമിതി നയപ്രഖ്യാപനരേഖയിൽ പറയുന്നതുപോലെ ‘‘കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ജനാധിപത്യസംവിധാനത്തിൽ ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള കോൺഗ്രസും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ദലിതരെ വോട്ടുബാങ്കായിമാത്രം കാണുകയും ആശ്രിതസംഘടനകളുണ്ടാക്കിയോ തങ്ങളുടെ പ്രിയപ്പെട്ടവരെ നിയോഗിച്ച് ദലിതർക്കിടയിലെ ജാതിസംഘടനകളുടെ നേതൃത്വം കൈയടക്കിയോ ലോബികൾ സൃഷ്ടിച്ച് നിയന്ത്രിച്ചുനിർത്താനോ ആണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥ സംവരണത്തെയും രാഷ്ട്രീയസംവരണത്തെയുമെല്ലാം ആശ്രിതബന്ധങ്ങളിലൂടെ ദലിതർക്കെതിരെ സമർഥമായി ഉപയോഗിക്കാൻ കഴിഞ്ഞകാലത്ത് ഭരണരാഷ്ട്രീയകക്ഷികൾക്ക് കഴിഞ്ഞിട്ടുണ്ട്.’
സംഘടനാബാഹുല്യമാണ് ദലിത് ഐക്യത്തിന് വിഘാതമായി ഐക്യസമിതി ചൂണ്ടിക്കാണിച്ച മറ്റൊരു കാര്യം. ഒരർഥത്തിൽ കേരളത്തിലെ ദലിതർ സംഘടിതരാണ്. അതേസമയം, അവർ നിരവധി സംഘടനകളിലൂടെ ശിഥിലീകരിക്കപ്പെടുകയും ചെയ്തിരുന്നു. ‘സംഘടനയിലൂടെ ശക്തരാവുക’ എന്ന ആഹ്വാനം കേട്ടുണർന്നവർ സംഘടനയിലൂടെ ശിഥിലീകരിക്കപ്പെട്ടിരുന്നു. കല്ലറ സുകുമാരൻ ‘ഐക്യം, അധികാരം, വിമോചനം’ എന്ന ലേഖനത്തിൽ (എ.എൻ.എം. ബുള്ളറ്റിൻ ’98 ഏപ്രിൽ) പറഞ്ഞത് കേരളത്തിലെ ദലിതർക്കിടയിൽ 20ൽപരം സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ്. എന്നാൽ, ഈ സംഘടനാബാഹുല്യത്തിലും പ്രതികരണശേഷിയുള്ള സംഘടനകളുടെ അഭാവം അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ദലിത് ഐക്യചർച്ചയിലെ മുഖ്യമായൊരു പ്രശ്നമായിട്ടാണ് കല്ലറ അതിനെ കണ്ടത്.
ദലിത് സാമൂഹികാവസ്ഥയുടെതന്നെ പ്രതിഫലനങ്ങളാണ് ഈ സംഘടനാരൂപങ്ങൾ. അസമമായ വികാസത്തിന്റെ (സാമൂഹികമാറ്റം –social change) ഒരു ഘട്ടത്തിലൂടെയാണ് ദലിത് സമൂഹം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ജീവിതോപാധികളുടെ സമ്പാദനത്തിനും ജീവിതരീതികളിലുമെല്ലാം പുലർത്തിപ്പോരുന്ന വൈജാത്യങ്ങൾ കൂട്ടായ്മയുടെ രൂപങ്ങളിലും പ്രകടിപ്പിക്കപ്പെടുന്നു. ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തിൽപോലും സംഘടിക്കാൻ കഴിയാത്ത ചില സമൂഹങ്ങൾ ദലിതർക്കിടയിൽ ഇപ്പോഴുമുണ്ട്. പ്രത്യേകിച്ചും ആദിവാസികൾക്കിടയിൽ. ജാതി സംഘടനകൾ ഉണ്ടാക്കി അത് നിലനിർത്താൻ നന്നേപാടുപെടുന്ന സമൂഹങ്ങളുണ്ട്.
എങ്കിലും കേരളത്തിലെ ദലിതർക്കിടയിൽ വ്യാപകമായി കാണുന്ന പ്രാഥമികമായ സംഘടനാരൂപം ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. കെ.പി.എം.എസിനെ പോലുള്ള സംഘടനകളുടെ തലം ഇതാണ്. ദൈനംദിന ജാതികാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് ഇത്തരം സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ചില പരിമിതികളുണ്ട്. വിവാഹ നടത്തിപ്പ്, മരണ-അടിയന്തിര ആവശ്യങ്ങൾ, ജാതിസർട്ടിഫിക്കറ്റ് ശിപാർശകൾ, സംഘടന രജിസ്േട്രഷൻ പുതുക്കൽ, വാർഷികസമ്മേളനങ്ങൾ, അയ്യൻകാളി-അംബേദ്കർ ജന്മദിനാഘോഷങ്ങൾ എന്നിവക്കപ്പുറത്ത് ഒരു പ്രവർത്തനമണ്ഡലം ഈ സംഘടനകൾക്കില്ല എന്നുപറഞ്ഞാൽ അത് ഒട്ടും അതിശയോക്തിപരമല്ല.
പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ഈ ജാതിസംഘടനകൾതന്നെ ഒന്നിച്ചുചേർന്നുകൊണ്ടുള്ള പട്ടികജാതി/പട്ടികവർഗ കോഓഡിനേഷനുകൾ ഉണ്ട്. ഹൈന്ദവബോധത്തിൽ ഊന്നുന്നവയാണ് ഇത്തരം കോഓഡിനേഷനുകൾ. ഈ വിലയിരുത്തൽ പട്ടികജാതി/പട്ടികവർഗ ക്രിസ്ത്യൻ സംഘടനകൾക്കും ബാധകമാണ്. ജാതി, ഉപജാതി ചിന്തകൾക്ക് മങ്ങലേൽക്കാനുള്ള സാധ്യതകളുണ്ടെങ്കിൽതന്നെ പട്ടികജാതി/പട്ടികവർഗ, ഹിന്ദു, ക്രിസ്ത്യൻ സംഘടനകളിലൂടെ മതസ്പർധ വളർത്താൻ ഇടയാകുന്നുവെന്നത് എടുത്തുപറയേണ്ടൊരു കാര്യമാണ്.
ഈ രണ്ടുതരം സംഘടനാ പ്രവർത്തനങ്ങൾക്കും പുറമെയാണ് ദലിത് സംഘടനകൾ രൂപംകൊണ്ടതും പ്രവർത്തിക്കുകയും ചെയ്തത്. ഐക്യസമിതിരേഖയിൽ പറയുന്നതുപോലെ ‘ജാതി/മത സ്വാധീനങ്ങളിൽനിന്നും പാർട്ടി രാഷ്ട്രീയ സ്വാധീനങ്ങളിൽനിന്നും വേറിട്ടു പ്രവർത്തിക്കുന്ന നിരവധി ദലിത് സംഘടനകൾ കേരളത്തിലുണ്ട്. കഴിഞ്ഞ മൂന്നുനാലു ദശകങ്ങളായി കേരളത്തിൽ നടക്കുന്ന ദലിത് പ്രവർത്തനങ്ങളുടെ സംഘടിതവും മൂർത്തവുമായ രൂപങ്ങളാണിവ. വേറിട്ട ചിന്തകളുടെയും അന്വേഷണങ്ങളുടെയും പ്രതിഫലനങ്ങളാണ് ഈ സംഘടനാരൂപങ്ങൾ. തനതായ ആശയാവിഷ്കാരങ്ങളുടെയും സ്വാഭിമാനബോധത്തിന്റെയും ഒരു ജനസമൂഹമെന്നനിലയിൽ വേറിട്ട സ്വത്വരൂപവത്കരണത്തിന്റെയും വിമോചന പോരാട്ടങ്ങളുടെയും അന്തർഗതങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. കേരളത്തിലെ ദലിതരുടെ വിമോചനപോരാട്ടത്തിന്റെ മുഖമായ അംബേദ്കറും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര നിലപാടുകളും സ്ഥാപിക്കപ്പെട്ടുവെന്നതാണ് ഈ കാലയളവിലെ ഏറ്റവും വലിയ നേട്ടം.
ഇന്ത്യൻ ജനാധിപത്യം പൂർണത കൈവരിക്കുന്നത് അംബേദ്കർ നയിച്ച ബഹിഷ്കൃതരുടെ പോരാട്ടങ്ങളിലൂടെയാണ്. ഈ പോരാട്ടമുഖത്ത് അംബേദ്കർ ആവിഷ്കരിച്ച ജനാധിപത്യ സങ്കൽപങ്ങളിലാണ് ഐക്യസമിതി ദലിത് പ്രത്യയശാസ്ത്രത്തിന്റെ മൗലികത ദർശിച്ചത്. തന്മൂലം അംബേദ്കറിസമാണ് ദലിത് പ്രത്യയശാസ്ത്രമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, കേരളത്തിലെ അംബേദ്കറിസ്റ്റുകൾക്കിടയിൽ പ്രാമുഖ്യമുണ്ടായിരുന്ന ഗ്രന്ഥപരതയെയും പ്രമാണവാദത്തെയും വിഗ്രഹവത്കരണത്തെയും ചോദ്യംചെയ്തു. ജാതി കേരളത്തിന്റെ പുനർനിർമിതിയിൽ നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമെല്ലാം വഹിച്ച പങ്കിനെ ഇതിന്റെ ഭാഗമായി വ്യാഖ്യാനിക്കാൻ ശ്രമിച്ചു. ദലിത് പ്രത്യയശാസ്ത്രത്തിന്റെ പ്രായോഗികാവിഷ്കാരമാണ് ജാതിമേധാവിത്വത്തിനെതിരായ സമരം. കീഴ്ജാതികൾ മേൽജാതികൾക്കെതിരെയും അവർണർ സവർണക്കെതിരെയും ദലിതർ തങ്ങൾക്കുമേലുള്ള മുഴുവൻ മർദകജാതികൾക്കെതിരെയും നടത്തുന്ന പോരാട്ടമാണിത്. സാർവത്രിക വോട്ടവകാശം ലഭിച്ചതുകൊണ്ടോ, തെരഞ്ഞെടുപ്പു പ്രക്രിയ അനുസ്യൂതം തുടരുന്നതുകൊണ്ടോ മാത്രം ഇന്ത്യക്ക്/കേരളത്തിന് ഒരു ജനാധിപത്യ സമൂഹമാകാനാകില്ല. കാരണം ജനാധിപത്യമെന്നല്ല, ജാതിക്ക് വിധേയമാക്കാനാവാത്തതായി ഒന്നും തന്നെയില്ല.
ജാത്യാധിഷ്ഠിതമായൊരു സമൂഹമായി വീണ്ടും നിലനിൽക്കുമ്പോൾ ജനാധിപത്യ കേരളത്തിന്റെ മുഖം ജാതിയുടേതായിരുന്നു. ജാതിഘടനക്കുള്ളിലെ നിരന്തരമായ അഴിച്ചുപണിയിലൂടെ മാത്രമേ ഈ സ്ഥിതിക്ക് അറുതിവരുത്താനാകൂ. മനുഷ്യബന്ധങ്ങളുടെ അനുസ്യൂതമായ പുനരാവിഷ്കാരമാണിത്. മനുഷ്യമനസ്സുകളാണ് മൗലികമായി പുനരാവിഷ്കരിക്കപ്പെടേണ്ടത്. (സ്വന്തം ദുരവസ്ഥയോർത്ത് വിലപിക്കുകയും സ്വർഗത്തെയോർത്ത് വ്യാകുലപ്പെടുകയും ചെയ്യുന്ന ഒന്നല്ല ദലിത് പ്രത്യയശാസ്ത്രം. സ്വർഗത്തെയും കടന്നാക്രമിക്കാനും സ്വന്തം വിധികർത്താക്കളായിത്തീരാനും കഴിയുന്ന ഒന്നാണിത്. തന്റെ സാമൂഹിക ചുറ്റുപാടുകളെയും തന്നെതന്നെയും നിരന്തരം പുനഃസൃഷ്ടിക്കാൻ കഴിയുന്ന ജൈവഭാവം അതിന്റെ അന്തസ്സത്തയാണ്.
പ്രകൃതിയുടെയും സമൂഹത്തിന്റെയും മേൽ തന്റെ അതിനായകത്വം ഉണർത്തിവിടലല്ലിത്. ഒരുവൻ മറ്റൊരുവന്റെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിനോ, മറ്റൊരുവനെ ഊറ്റിപ്പിഴിഞ്ഞ് തടിച്ചു ചീർക്കുന്നതിനോ ഉള്ള ഒരുപാധിയുമല്ലിത്. പ്രകൃതിയും മനുഷ്യനും സമൂഹവും തമ്മിൽ സമഞ്ജസമായ താളലയങ്ങൾ നേടുന്നതിനുള്ള സാധ്യതയാണിത്. സമൂഹവത്കൃതമായ മനുഷ്യാവസ്ഥയിലാണ് അതിന്റെ കണ്ണ്. ജാതിജന്യമായ സാമൂഹികാവസ്ഥയെ അത് മാറ്റിത്തീർക്കുന്നു. തന്റെ സാമൂഹിക ചുറ്റുപാടുകളെ മാറ്റിത്തീർക്കാനുള്ള ശ്രമത്തിൽ അതിലേർപ്പെടുന്നവർ തന്നെത്തന്നെയും മാറ്റിത്തീർക്കുകയും പുനർനിർമിക്കുകയും ചെയ്യുന്നു. ഇതൊരു പ്രക്രിയയാണ്; മനുഷ്യസമൂഹത്തിന്റെ ആത്യന്തികമോചനത്തിലേക്കുള്ള കീഴാളവഴി.)
ദലിതർ എത്തിനിൽക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ആഴത്തിലുള്ള അറിവും ജാതി/മത/സംഘടനാ താൽപര്യങ്ങൾക്കതീതമായ സമുദായ താൽപര്യവും ചരിത്രപരമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വർത്തമാനകാല സാമുദായിക രാഷ്ട്രീയ ചലനങ്ങളെ വിശകലനം ചെയ്യാനും പ്രായോഗിക പദ്ധതികളാവിഷ്കരിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ളശേഷിയുമാണ് ദലിത് ഐക്യത്തിന്റെ മുന്നുപാധിയായി ചൂണ്ടിക്കാട്ടപ്പെട്ടത്. ഐക്യസമിതിരേഖയിൽ പറയുന്നു; ‘ദലിതർക്കിടയിലെ ചലനങ്ങളെയും ഉണർവിന്റെയും മുന്നേറ്റത്തെയും നയിക്കാൻ കെൽപുള്ള ഒരു നേതൃത്വമാണ് വളർന്നുവരേണ്ടത്. വെറും സംഘടനാനേതാക്കൾ മാത്രമല്ല, ചിന്തകരും എഴുത്തുകാരും കവികളും കലാകാരന്മാരും ആത്മീയനേതാക്കളുമെല്ലാം ദലിതർക്കിടയിൽനിന്ന് വളർന്നുവരണം. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ഈ കൂട്ടത്തിലുണ്ടാകണം.
സാമൂഹികജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ചലിപ്പിക്കുന്ന ക്രിയാത്മകനേതൃത്വമായി മാറാൻ കഴിവുള്ള സർഗശേഷിയുള്ള ഒരുനിരയാണ് അടുത്ത നൂറ്റാണ്ടിന്റെ കവാടത്തിൽ എത്തിനിൽക്കുന്ന ദലിത് സമൂഹം ആവശ്യപ്പെടുന്നത്! തുടർന്നുപറയുന്നു; ‘ദലിത് സമുദായവുമായി ആത്മബന്ധം സ്ഥാപിച്ചുകൊണ്ട്, ഊർജസ്വലവും കഠിനവും നിസ്വാർഥവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ദീർഘവീക്ഷണമുള്ളവരായിരിക്കണം ദലിത് നേതാക്കൾ. തന്നിഷ്ടവും ഗർവും യജമാന മനോഭാവവും മേധാവിത്വവുമല്ല, സ്നേഹവും വിനയവും വിശ്വാസവുമാണ് നേതൃത്വത്തിന്റെ ഗുണങ്ങൾ. നമ്മുടെ പ്രവർത്തനങ്ങളോട് യോജിക്കുന്നവരെ മാത്രമല്ല, എതിർക്കുന്നവരെക്കൂടി കാലക്രമേണ അതിനോട് ചേർക്കാൻ േപ്രരിപ്പിക്കുന്നൊരു സമീപനമായിരിക്കണം എല്ലാ കാര്യങ്ങളിലും നേതൃത്വം സ്വീകരിക്കേണ്ടത്. മൂല്യാധിഷ്ഠിതമായ വ്യക്തിജീവിതത്തിന്റെ ഉടമകളെയാണ് ദലിത് നേതൃത്വമായി നാം സൃഷ്ടിച്ചെടുക്കേണ്ടതെന്ന് സാരം.
ooo
വി.പി. സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ, തൊണ്ണൂറുകളുടെ തുടക്കത്തിൽ നിയോബുദ്ധിസ്റ്റുകൾക്കു പിന്നാലെ ദലിത് ൈക്രസ്തവരെയും പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനമുണ്ടായി. ദീർഘകാലമായി സംവരണത്തിനുവേണ്ടി ശബ്ദമുയർത്തുന്ന ഇന്ത്യയിലെ/കേരളത്തിലെ പട്ടികജാതിക്കാരായ ൈക്രസ്തവർക്ക് ഏറെ പ്രതീക്ഷ നൽകുന്നൊരു പ്രഖ്യാപനമായിരുന്നു ഇത്. ദലിത് ൈക്രസ്തവ സംവരണത്തെ പിന്തുണച്ചുകൊണ്ട് ഈ സമയത്ത് ഇന്ത്യയിലെ ൈക്രസ്തവസഭാ നേതൃത്വം ഒന്നടങ്കംതന്നെ മുന്നോട്ടുവന്നുവെന്നതും ദലിത് ൈക്രസ്തവ ചരിത്രത്തിലെ അപൂർവമായൊരനുഭവമായിരുന്നു. എന്നാൽ, വി.പി. സിങ് ഗവൺമെന്റിന് ഈ പ്രഖ്യാപനം നടപ്പാക്കാനായില്ല. 1996ൽ ഇതേ പ്രതീക്ഷതന്നെ സൃഷ്ടിച്ചുകൊണ്ടാണ് നരസിംഹറാവു ഗവൺമെന്റ് ദലിത് ൈക്രസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന ഒരു ബിൽ പാർലമെന്റിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. അതിനുള്ള നീക്കവും നിഷ്ഫലമായി. കേരളത്തിലെ രണ്ടു മുന്നണികളും ഇക്കാലത്ത് ദലിത് ൈക്രസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന തങ്ങളുടെ നയം പ്രകടനപത്രികകളിൽ പ്രഖ്യാപിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പുകളെ നേരിട്ടത്.
അതേസമയം, ദലിത് ൈക്രസ്തവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികജാതി ലിസ്റ്റ് ഭേദഗതിക്കെതിരെ ലിസ്റ്റിലുള്ള പതിനായിരക്കണക്കിനാളുകൾ തെരുവിലിറങ്ങുന്നതാണ് ഇക്കാലത്ത് കേരളം കണ്ടത്. അവരെ പിന്താങ്ങിക്കൊണ്ട്, ദലിത് ൈക്രസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താൻ പാടില്ലെന്നു മാത്രമല്ല, അവർക്ക് സംവരണത്തിനുതന്നെ അർഹതയില്ലെന്ന വാദവുമായി ഹിന്ദുത്വവാദികളും രംഗത്തുവന്നു. ദലിത് ൈക്രസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ൈക്രസ്തവ നിലപാടും അവർക്ക് സംവരണമേ പാടില്ലെന്ന ഹൈന്ദവ നിലപാടും ദലിത് സമൂഹത്തിനുള്ളിൽ നിലനിന്നിരുന്ന മതപരമായ അകൽച്ച പരമാവധി വർധിപ്പിക്കുകയും ശത്രുതാപരമായി ചിന്തിക്കാൻ േപ്രരിപ്പിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമായിരുന്നു തൊണ്ണൂറുകളുടെ മധ്യത്തിൽ നിലനിന്നിരുന്നത്. ഇതിന്റെ പ്രത്യാഘാതമെന്നോണം ദലിത് ൈക്രസ്തവരും ദലിത് ഹിന്ദുക്കളും അംഗങ്ങളായിരുന്ന പല സംഘടനകളും ശിഥിലമായി. ഹിന്ദുക്കളും ൈക്രസ്തവരും ഒന്നിച്ചുള്ള ദലിത് മണ്ഡലം അസാധ്യമാകുന്ന ഒരനുഭവമായിരുന്നു ഇത്. ഈ പശ്ചാത്തലത്തിലാണ് അധഃസ്ഥിത നവോത്ഥാന മുന്നണി ദലിത് ൈക്രസ്തവ സംവരണ പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിച്ചത്.
1996 ഫെബ്രുവരി 17ന് കൊടുങ്ങല്ലൂർ എറിയാട് ചേർന്ന എ.എൻ.എം സംസ്ഥാന കമ്മിറ്റിയിലെ മുഖ്യ അജണ്ട ദലിത് ൈക്രസ്തവ സംവരണമായിരുന്നു. ആദിവാസി ഭൂപ്രശ്നം മിച്ചഭൂമി സമരം, പാർലമെന്റ് തെരഞ്ഞെടുപ്പ്, എണ്ണപ്പന കൃഷിക്കെതിരായ ഇടപെടൽ എന്നിവയായിരുന്നു മറ്റ് അജണ്ടകൾ. എം. പവിത്രൻ, എൻ.കെ. വിജയൻ, വി.ഡി. രാജപ്പൻ, വി.ഡി. ജോസ്, കുഞ്ഞ് പഴന്താറ്റിൽ, കെ.എം. കുഞ്ഞുമോൻ, എം.കെ. രാജു, ബിജു എൻ, വി.പി. വിശ്വംഭരൻ, സി.കെ. രമണി എന്നിവർ അന്ന് കമ്മിറ്റിയിൽ പങ്കെടുത്തിരുന്നു. ഇത്രയും ആളുകൾ അപൂർവമായേ എത്താറുള്ളായിരുന്നുള്ളൂ. വിശ്വംഭരന്റെ വീട്ടിലായിരുന്നു കമ്മിറ്റി. ഹിന്ദുവാകട്ടെ, ക്രിസ്ത്യാനിയാകട്ടെ ദലിതർ ഒന്നാണ്. അവർ ജാതീയമായി അടിച്ചമർത്തപ്പെടുന്നു.
ഈ പൊതുനിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച ആരംഭിച്ചത്. പട്ടികജാതിക്കാർക്ക് ഭരണഘടനാപരമായി ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും പട്ടികജാതി ൈക്രസ്തവർക്കും അർഹതയുണ്ട്. എന്നാലത് പട്ടികജാതിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പങ്കിട്ടുപോകുന്ന സ്ഥിതിയാകരുത്. ലിസ്റ്റിലുള്ളവർ ഭയപ്പെട്ടതും അതുതന്നെയാണ്. ദലിത് ൈക്രസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തി, പട്ടികജാതി സംവരണത്തിന്റെ തോത് ജനസംഖ്യാനുപാതികമായി വർധിപ്പിക്കുക എന്ന നിഗമനത്തിലാണ് എ.എൻ.എം. എത്തിച്ചേർന്നത്. ഈ പ്രശ്നത്തിൽ പട്ടികജാതി ൈക്രസ്തവ/ഹൈന്ദവ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് 2ന് എറണാകുളം ജി ഓഡിറ്റോറിയത്തിൽ ‘ദലിത് ൈക്രസ്തവ സംവരണ സംവാദം’ സംഘടിപ്പിക്കാമെന്ന തീരുമാനമെടുത്താണ് കമ്മിറ്റി പിരിഞ്ഞത്. ഈ സംവാദം കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലാണ് നടന്നത്.
കല്ലറ സുകുമാരൻ, പോൾ ചിറക്കരോട്, സൈമൺ ജോൺ, അഡ്വ. വി. ആർ. രാജു, സി.എ. തങ്കച്ചൻ മാസ്റ്റർ, അഡ്വ. കെ.എം. ഡേവിഡ്, വി.ടി. രാജു തുടങ്ങി ദലിത് ഹിന്ദുക്കളും ൈക്രസ്തവരുമായ ചില നേതാക്കൾ എത്തിയിരുന്നുവെങ്കിലും സീനിയർ നേതാക്കളായിരുന്ന വി.ഡി. ജോണിനെയും കെ.പി. കുമാരനെയും പോലുള്ളവർ വിട്ടുനിന്നു. കല്ലറ സുകുമാരനാണ് സംവാദം ഉദ്ഘാടനം ചെയ്തത്. 1984ൽ ദലിത് ൈക്രസ്തവ പ്രശ്നത്തിൽ സഭ ഇടപെടണമെന്നും ൈക്രസ്തവ സ്ഥാപനങ്ങളിൽ ദലിത് ൈക്രസ്തവർക്ക് സംവരണം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു പതിറ്റാണ്ടുമുമ്പ് തിരുവനന്തപുരം ബിഷപ്സ് ഹൗസിലേക്ക് കെ.എച്ച്.എഫ് നടത്തിയ പദയാത്ര നയിച്ചത് കല്ലറ സുകുമാരനായിരുന്നു.
തന്റെ പ്രസംഗത്തിനിടയിൽ ദലിത് ഹിന്ദു പക്ഷത്തുനിന്നുണ്ടായ ഇടപെടലിൽ പ്രകോപിതനായി പോൾ ചിറക്കരോട് വേദിയിൽനിന്ന് ഇറങ്ങിപ്പോയത് ബുദ്ധിമുട്ടുണ്ടാക്കി. പിന്നാലെ എത്തിയവർ വരാന്തയിൽനിന്ന് അദ്ദേഹത്തെ വേദിയിലെത്തിച്ചു. മതേതരവാദിയായ പോൾ ചിറക്കരോടിനെ ഉൾക്കൊള്ളാനാവാത്ത സ്ഥിതിയുള്ളപ്പോൾതന്നെ, അദ്ദേഹത്തെപ്പോലെ ഉന്നതനായൊരു വ്യക്തി ഇത്രമാത്രം വൈകാരികമാകാൻ പാടില്ലായിരുന്നുവെന്നു തോന്നി. എന്നാൽ, ഈ വൈകാരികത ഒറ്റപ്പെട്ടൊരു സംഭവമായിരുന്നില്ല, ദലിത് സമൂഹത്തിന്റെ ഒരവസ്ഥപോലെയായിരുന്നു.
സംവാദ സ്ഥലത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ച് ഏറെ അസ്വസ്ഥനായി തിരിച്ചുപോയ വി.ഡി. ജോൺ ഇത്തരമൊരു വൈകാരികാവസ്ഥയിലായിരുന്നു. ബി.സി.സി.എഫിന്റെ ഒരടിയന്തര യോഗം തലയോലപ്പറമ്പിലുണ്ടെന്നാണ് അതിന് കാരണമായി അദ്ദേഹം പറഞ്ഞത്. പോകുന്നതിനുമുമ്പ് എന്നെ മാറ്റിനിർത്തി വി.ഡി. ജോൺ പറഞ്ഞൊരു കാര്യം ‘തനിക്ക് കത്തെഴുതുമ്പോൾ അത് കവറിങ് ലെറ്ററിലായിരിക്കണം, കാർഡ് അയക്കരുതെ’ന്നാണ്. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത ഒരനുഭവം. വി.ഡി. ജോണിനെപ്പോലൊരാളിൽനിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യം. ‘‘കല്ലറ സുകുമാരനടക്കം എല്ലാവർക്കും ഞാൻ കാർഡ് അയക്കുകയാണുണ്ടായത്, അതാണെന്റെ പതിവ്’’ -വിനയത്തോടെ ഞാൻ പറഞ്ഞു. അദ്ദേഹം എത്രമാത്രം അതുൾക്കൊണ്ടുവെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. രജിസ്േട്രഷൻ, ഓഫിസ്, സീൽ തുടങ്ങിയ ഔപചാരികമുദ്രകളുടെ അടിസ്ഥാനത്തിലാണ് ദലിതർക്കിടയിലെ പല സംഘടനകളും നിലനിന്നിരുന്നത്.
ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനിടയിൽ ഈ അനുഭവം പങ്കുവെച്ചപ്പോൾ കല്ലറ സുകുമാരൻ പറഞ്ഞത് ‘‘തലയോലപ്പറമ്പിൽ ഏതെങ്കിലും പുലയർ വി.ഡി. ജോണിനെ കാത്തിരിക്കുന്നുണ്ടാവും’’ എന്നാണ്. യഥാർഥത്തിൽ ഇത്തരമൊരു സംവാദത്തിന് ആരും തയാറായിരുന്നില്ല. സംവാദാത്മകമായൊരു പൊതുമണ്ഡലം ദലിതർക്കിടയിൽ വളർന്നുവന്നിരുന്നില്ല. അവർ ഹിന്ദുക്കളും ൈക്രസ്തവരുമായിരുന്നു. ദലിത് മണ്ഡത്തിലേക്ക് കടന്നുവന്നവർക്കിടയിൽപോലും അതിനുള്ള സാധ്യത പരിമിതമായിരുന്നു. സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വിയോജിപ്പുകൾ മാത്രമല്ല, തങ്ങളിൽ ആരാണ് വലിയനിലയിൽ എന്ന ഈഗോയും അവർക്കിടയിൽ ശക്തമായിരുന്നു. ഇത്തരക്കാർ എതിരാളികളെ അന്വേഷിച്ചിരുന്നത് തങ്ങൾക്കിടയിലാണ്. കല്ലറ സുകുമാരനും പോൾ ചിറക്കരോടും ഉണ്ടായിരുന്നതുകൊണ്ടാണ് വി.ഡി. ജോൺ പങ്കെടുക്കാതെപോയതെന്നാണ് ഞങ്ങൾ വിലയിരുത്തിയത്.
തങ്ങൾ ആർക്കുവേണ്ടി പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്തുവോ അവർ തങ്ങളെ തിരിച്ചറിയുകയോ മാനിക്കുകയോ ചെയ്യുന്നില്ലെന്ന ദുഃഖം പല മുതിർന്ന ദലിത് നേതാക്കളും അനുഭവിച്ചിട്ടുണ്ട്. പലരും തങ്ങളോടൊപ്പമുണ്ടായിരുന്നവരെയും സമൂഹത്തെ തന്നെയും ശപിക്കുകയായിരുന്നു. വി.ഡി. ജോണിനെപ്പോലുള്ളവരിൽ അത് ഏറെയുണ്ടായിരുന്നുവെന്നുവേണം വിചാരിക്കാൻ. ദലിത് ഐക്യസമിതിയുടെ രൂപവത്കരണത്തിനു തൊട്ടുപിന്നാലെ വി.ഡി. ജോണിൽനിന്നുതന്നെ ഇത്തരമൊരനുഭവമുണ്ടായി. അയ്യൻകാളിയുടെ സമകാലികനായ പാമ്പാടി ജോൺ ജോസഫിന്റെ പിന്നാലെ രാഷ്ട്രീയ/സാമൂഹികരംഗത്തേക്ക് കടന്നുവന്ന വളരെ മുതിർന്നൊരു ദലിത് ൈക്രസ്തവ നേതാവായിരുന്നു വി.ഡി. ജോൺ. പിന്നാക്ക സമുദായ ക്രിസ്ത്യൻ ഫെഡറേഷന്റെ (ബി.സി.സി.എഫ്) നേതൃത്വത്തിൽ 1999 ഏപ്രിൽ 15ന് സാമൂഹികനീതി ഉയർത്തിപ്പിടിച്ചുകൊണ്ട് കുറവിലങ്ങാട് നടന്ന ദലിത് ൈക്രസ്തവ മീനച്ചിൽ താലൂക്ക് കൺവെൻഷനിൽ ദലിത് ഐക്യസമിതിയെ പ്രതിനിധാനംചെയ്ത് എന്നെയും അഡ്വ. പി.എം. ബോസിനെയും ക്ഷണിച്ചിരുന്നു.
ബി.സി.സി.എഫിന്റെ വാർഷിക സമ്മേളനം കുറവിലങ്ങാട് നടക്കുമ്പോൾ ഐക്യസമിതിയുമായി സഹകരിച്ച എ.എം. ജോസഫിന്റെ ക്ഷണമനുസരിച്ച് ഞാനും ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കുഞ്ഞുപഴന്താറ്റിലും ഒപ്പമുണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ വി.ഡി. ജോൺ യോഗാധ്യക്ഷനായ എ.എം. ചെറിയാനെ കടുത്ത വിമർശനത്തിന് വിധേയമാക്കിയ അപൂർവ നടപടിയോട് വിയോജിപ്പു തോന്നി. പ്രത്യേകിച്ചും സംഘടനക്ക് പുറത്തുള്ള എന്നെപ്പോലുള്ളവരുടെ സാന്നിധ്യത്തിൽ.
തൊട്ടുപിന്നാലെ നടന്ന എന്റെ ആശംസാപ്രസംഗത്തിൽ വി.ഡി. ജോണിനെപ്പോലെ സമൂഹത്തിനായി ജീവിക്കുകയും മുമ്പേ സഞ്ചരിക്കുകയും ചെയ്തവരെ സംതൃപ്തരാക്കുന്ന പ്രവർത്തനങ്ങളുമായാണ് പിന്നാലെ വന്ന നമ്മൾ മുന്നോട്ടുപോകേണ്ടതെന്ന് ഞാൻ സൂചിപ്പിച്ചത് ഒരു വിരുദ്ധാഭിപ്രായമായിട്ടാണ് അദ്ദേഹത്തിന് തോന്നിയത്. അതിനുള്ള മറുപടിയുമായി എനിക്ക് പിന്നാലെ അദ്ദേഹം ചാടിയെണീറ്റു. എന്തൊരക്ഷമ! എനിക്കൊന്നും മനസ്സിലായില്ല. ചിലപ്പോഴെല്ലാം മുതിർന്നവർ എത്രമാത്രം ചെറിയവരും അപഹാസ്യരുമായിത്തീരുന്നുവെന്നു തോന്നി.
കേരളത്തിലെ ദലിത് ൈക്രസ്തവരിൽ നാമമാത്രമായ സംവരണമെങ്കിലും നേടാനായത് വി.ഡി. ജോണിന്റെ നേതൃത്വത്തിൽ ബി.സി.സി.എഫ് നടത്തിയ ഇടപെടലുകളിലൂടെയായിരുന്നു. പലിശയില്ലാതെ വ്യവസായ-ഭവന നിർമാണ വായ്പ, തൊഴിൽ പരിശീലനം ലഭിച്ചവർക്ക് സൗജന്യ തൊഴിലുപകരണം, വയസ്സ് ക്ലിപ്തതയിൽ ഇളവ്, പ്രത്യേക കോർപറേഷൻ തുടങ്ങിയ ചില അവകാശങ്ങൾ നേടിയെടുത്ത് 57 മുതൽ തങ്ങൾ നടത്തിയ പോരാട്ടങ്ങളിലൂടെയാണ് എന്ന് ബി.സി.സി.എഫ് അവകാശപ്പെട്ടു. ഉപദേശക കമ്മിറ്റികളിൽ പ്രാതിനിധ്യം, പഞ്ചായത്തുകളിൽ സംവരണ വ്യവസ്ഥ ചെയ്യുന്ന ബിൽ, ഡിസ്ട്രിക്ട് ബോർഡുകളിൽ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങൾ നേടിയത് 57 മുതൽ 72 വരെയുള്ള സന്ധിയില്ലാത്ത പോരാട്ടങ്ങളിലൂടെയായിരുന്നു. എന്നാൽ, പിന്നീട് മാറി മാറി വന്ന യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകൾ വിദ്യാഭ്യാസ സൗജന്യം ഒഴികെ മറ്റെല്ലാ നേട്ടങ്ങളും പിൻവലിച്ചു കഴിഞ്ഞുവെന്ന ആശങ്കയുയർത്തിയായിരുന്നു കൺവെൻഷൻ.
നേടിയെടുത്ത അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും മതത്തിന്റെ പേരിൽ നിഷേധിക്കപ്പെട്ട അവസരസമത്വവും തുല്യനീതിയും സ്ഥാപിച്ചെടുക്കാനും സർക്കാർ സർവിസിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിൽതന്നെ പട്ടികജാതി ലിസ്റ്റിൽപെടുത്താനുള്ള അടിയന്തര നടപടികൾക്കും തൊഴിലവസരങ്ങൾക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നതിനുമായി ഈ സമയത്ത് വി.ഡി. ജോണിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി എ.കെ. ആന്റണിയെ സന്ദർശിച്ച് നിവേദനം കൊടുക്കാൻപോയൊരു സംഘത്തിൽ വി.ഡി. ജോൺ എന്നെയും പങ്കാളിയാക്കിയിരുന്നു. ലിസ്റ്റിൽ ഉൾപ്പെടുത്താതെ, പട്ടികജാതിക്കാരിൽനിന്ന് മതപരിവർത്തനം ചെയ്തവരെന്ന നിലയിൽ വിദ്യാഭ്യാസരംഗത്തും സർവിസ് മേഖലയിലും നൽകിയ ഈ സംവരണത്തെ ആരും ചോദ്യം ചെയ്തില്ല.
എന്നാൽ, പട്ടികജാതി ലിസ്റ്റിൽ പട്ടികജാതി ൈക്രസ്തവരെ ഉൾപ്പെടുത്തുമ്പോൾ അതിന് ലിസ്റ്റിലുള്ളവരെ ദോഷകരമായി ബാധിക്കുന്ന ഒരു വശമുണ്ട്. ഇതിനെയാണ് പട്ടികജാതി ഹിന്ദുക്കൾ ചോദ്യംചെയ്യുന്നത്. തങ്ങൾ കയറിയ വണ്ടിയിൽ മറ്റാരെയും കയറ്റരുതെന്ന് പറയുന്നതിലെ നൈതികത ചോദ്യംചെയ്യപ്പെടേണ്ടതാകുമ്പോൾതന്നെ വണ്ടിയിൽ ഉള്ളവർക്ക് അസൗകര്യമുണ്ടാക്കുന്ന യാത്രക്കും ന്യായീകരണമില്ല. ലിസ്റ്റിലുള്ളവർക്ക് ദോഷകരമാകാത്തവണ്ണം പട്ടികജാതി സംവരണം എങ്ങനെ നേടിയെടുക്കാനാവുമെന്നതായിരുന്നു ദലിത് ൈക്രസ്തവ നേതൃത്വങ്ങൾ ആലോചിക്കേണ്ടിയിരുന്നത്. യഥാർഥത്തിൽ മതാത്മകമായ കടുംപിടിത്തംകൊണ്ടാണ് അതവർക്ക് കഴിയാതെപോയത്. ദലിത് ൈക്രസ്തവ സംവരണം നിരാകരിക്കുന്ന സംഘ്പരിവാറിനെ ഒഴിവാക്കി, പട്ടികജാതി ലിസ്റ്റ് ഭേദഗതിക്കെതിരെ തെരുവിലിറങ്ങിയ മഹാഭൂരിപക്ഷത്തെ പ്രതിരോധിക്കുന്ന ഒരു സമീപനം ദലിത് ൈക്രസ്തവ നേതൃത്വത്തിൽനിന്ന് ഉയർന്നുവരേണ്ടതുണ്ടായിരുന്നു. ലിസ്റ്റിലുള്ളവരുടെ സംവരണത്തിന് കോട്ടം തട്ടില്ലെന്ന ഉറപ്പുമാത്രമേ അതിനുവേണ്ടിയിരുന്നുള്ളൂ. എന്നാൽ, പട്ടികജാതി ലിസ്റ്റ് ഭേദഗതി ചെയ്യണമെന്നുള്ള നിലപാടായിരുന്നു ബി.എസ്.പിയിലൂടെ വികസിച്ചുവന്ന അധികാര രാഷ്ട്രീയത്തിന്റെ വക്താക്കളായതിനാൽ കല്ലറ സുകുമാരനെയും പോൾ ചിറക്കരോടിനെയും പോലുള്ളവരുടെ നിലപാട്.സംവരണമല്ല, അധികാരമാണ് വേണ്ടത് എന്നതായിരുന്നു അവരുടെ നിലപാട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.