ദലിത് ഐക്യ നീക്കം

കേരളത്തിലെ ദലിത് സംഘടനകളെയും വ്യക്തികളെയും ഒന്നിപ്പിക്കാൻ നടത്തിയ നീക്കത്തെക്കുറിച്ച് എഴുതുന്നു. ആദ്യം നടന്ന ഐക്യ ചർച്ചയെയും പിന്നീട് നടന്ന ഐക്യ സമ്മേളനത്തെയും കുറിച്ച് വിശദമായി എഴുതുന്നു. ദലിതരേക്കാൾ പിന്നിൽ നിൽക്കുന്ന ആദിവാസികൾക്കിടയിൽ ചില പ്രശ്നങ്ങളുടെ അടിസ്​ഥാനത്തിലാണെങ്കിലും സമീപകാലത്തുണ്ടായ ഉണർവും താരതമ്യേന ഐക്യപ്പെട്ട പ്രവർത്തനങ്ങളും എത്ര ദുർബലമായ തോതിലാണെങ്കിലും ഒന്നിച്ചുപോരാടാനാവുമെന്ന് തെളിയിക്കുകയുണ്ടായി. ദലിതർക്കും ഇത് ബാധകമാണ്. ഐക്യത്തിന്റേതായൊരു അഭിവാഞ്ഛ എല്ലാ സംഘടനകളിലും, പ്രത്യേകിച്ച് അണികൾക്കിടയിൽ കാണുന്നുണ്ട്. എന്നാൽ, നേതൃത്വത്തിലുള്ളവർക്ക്...

കേരളത്തിലെ ദലിത് സംഘടനകളെയും വ്യക്തികളെയും ഒന്നിപ്പിക്കാൻ നടത്തിയ നീക്കത്തെക്കുറിച്ച് എഴുതുന്നു. ആദ്യം നടന്ന ഐക്യ ചർച്ചയെയും പിന്നീട് നടന്ന ഐക്യ സമ്മേളനത്തെയും കുറിച്ച് വിശദമായി എഴുതുന്നു.

ദലിതരേക്കാൾ പിന്നിൽ നിൽക്കുന്ന ആദിവാസികൾക്കിടയിൽ ചില പ്രശ്നങ്ങളുടെ അടിസ്​ഥാനത്തിലാണെങ്കിലും സമീപകാലത്തുണ്ടായ ഉണർവും താരതമ്യേന ഐക്യപ്പെട്ട പ്രവർത്തനങ്ങളും എത്ര ദുർബലമായ തോതിലാണെങ്കിലും ഒന്നിച്ചുപോരാടാനാവുമെന്ന് തെളിയിക്കുകയുണ്ടായി. ദലിതർക്കും ഇത് ബാധകമാണ്. ഐക്യത്തിന്റേതായൊരു അഭിവാഞ്ഛ എല്ലാ സംഘടനകളിലും, പ്രത്യേകിച്ച് അണികൾക്കിടയിൽ കാണുന്നുണ്ട്. എന്നാൽ, നേതൃത്വത്തിലുള്ളവർക്ക് ഇതിനോട് വേണ്ടത്ര കൂറുപുലർത്താൻ കഴിയുന്നില്ല. സംഘടനകളുടെ ഇടുങ്ങിയ താൽപര്യങ്ങളെ മറികടന്നുകൊണ്ടേ ഐക്യത്തെക്കുറിച്ച് ചിന്തിക്കാനാകൂ എന്നർഥം. ചർച്ചയുടെ സുഗമമായ നടത്തിപ്പിനായി പങ്കെടുത്ത നേതാക്കളും പ്രവർത്തകരും പരമാവധി സഹിഷ്ണുതയും പക്വതയും പുലർത്തണമെന്നും വിയോജിപ്പിന്റെ മേഖലകളല്ല, യോജിപ്പിന്റെ മേഖലകൾ കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും ഞാൻ ദലിത ഐക്യ ചർച്ചയിൽ ഓർമിപ്പിച്ചു. തുടർന്ന്, വി.ഐ. തോമസിന്റെ കത്ത് വായിച്ചു.

സംഘടനാപ്രവർത്തകരോടൊപ്പം ബൗദ്ധികാന്വേഷകരും പങ്കാളികളായത് ആഴത്തിലുള്ള ചർച്ചയിലേക്ക് നയിച്ചു. 1994ൽ ‘ദലിത് പഠനങ്ങൾക്കൊരാമുഖം’ എഴുതി. പ്രഫ. ടി.എം. യേശുദാസനാണ് ആദ്യം സംസാരിച്ചത്. ദലിതുകളുടെ ഐക്യം ഒരു സമരമാണ്; സമരത്തിന്റെ ഭാഗമാണ്. ഏത് പ്രത്യയശാസ്​ത്രത്തിന്റെ അടിസ്​ഥാനത്തിലായിരിക്കണം ദലിത് ഐക്യം എന്ന പ്രശ്നമുണ്ട്. ഐക്യത്തിന് സ്​ഥൂലവും സൂക്ഷ്മവുമായ തലങ്ങളുണ്ട്. വെള്ളവും വെളിച്ചവുമടക്കം ദലിതരുടെ എല്ലാത്തരം പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ കഴിയണം. സാംസ്​കാരികമായി ഒരു പ്രത്യേക ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇലക്േട്രാണിക് യുഗത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയമുണ്ട്. സംസ്​കാരത്തിന്റെ മേഖലയിലെ രാഷ്ട്രീയം. ഈ സാംസ്​കാരിക കടന്നുകയറ്റത്തിന്റെ തണലിൽ തങ്ങളുടെ പ്രശ്നങ്ങൾ മറക്കാൻ ദലിതർ നിർബന്ധിക്കപ്പെടുന്നു. ഗ്ലോബലൈസേഷൻ ഒരു കടന്നുകയറ്റമാണ്. ഹിന്ദുത്വത്തിന്റെ കടന്നുകയറ്റവും ഭീതിജനകമാണ്. ഇതിനെയെല്ലാം എങ്ങനെ നേരിടാനാകുമെന്നതാണ് നിർണായക പ്രശ്നം.

തുടർന്ന് സംസാരിച്ച ഡോ. എം. ദാസൻ സമരങ്ങളിലൂടെയേ ഐക്യമുണ്ടാകൂവെന്ന നിലപാട് ആവർത്തിച്ചു. ദലിത്, ആദിവാസി എന്നീ സംജ്ഞകൾ വിശദീകരിക്കപ്പെട്ടു. ദലിതുകൾ എന്നുപറയുമ്പോൾ ആദിവാസികൾ ഉൾപ്പെടുമെന്നാണ് താൻ കരുതുന്നത്. എന്തിനുവേണ്ടി യോജിക്കണം? ആർക്കാണ് നേതൃത്വം? ഇതെല്ലാം വ്യത്യസ്​ത അഭിപ്രായങ്ങൾ ഉണ്ടാക്കും. നാം നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടു നടത്തുന്ന പ്രവർത്തനങ്ങൾക്കിടയിലാണ് ഐക്യമുണ്ടാകുന്നത്. സാമൂഹികപ്രശ്നങ്ങളിൽ ഇടപെട്ട്, സാന്നിധ്യം തെളിയിച്ച്, കഴിവ് തെളിയിച്ച് നേതൃത്വമായി മാറാവുന്നതാണ്. വ്യക്തിപരമായ മൂല്യബോധം പ്രധാനമാണ്. സംശുദ്ധമായ വ്യക്തിജീവിതം ഉണ്ടാകുന്നു.

ചെറുതും വലുതുമായ പ്രവർത്തനങ്ങൾ ഒരുപോലെ മാനിക്കപ്പെടണം. പ്രായോഗിക പ്രവർത്തനങ്ങൾപോലെ ബൗദ്ധികപ്രവർത്തനങ്ങളും ഉണ്ടാകണം. സൈദ്ധാന്തികമായി പ്രശ്നങ്ങൾ ഉന്നയിക്കപ്പെടേണ്ടതുണ്ട്. ദലിതർ ആരാണ്? ദലിത് അജണ്ട എന്താണ്? ദലിതർക്കിടയിലെ ഉപവിഭാഗങ്ങളുടെ പ്രശ്നങ്ങൾ. ഈ കാര്യങ്ങളിലെല്ലാം വ്യത്യസ്​താഭിപ്രായങ്ങൾ സ്വാഭാവികമാണ്. വൈജാത്യങ്ങൾ ചർച്ച ചെയ്യുന്നതിനുപകരം സമാനതകൾ കണ്ടെത്തണം. സൈദ്ധാന്തികാടിത്തറ, പ്രായോഗിക പ്രശ്നങ്ങളിലെ ഐക്യം, സാംസ്​കാരിക മേഖലയിലെ പ്രവർത്തനങ്ങൾ, സമാനതകൾ കണ്ടെത്തൽ -ഇവയിൽ ഊന്നാവുന്നതാണ്. ഇതിനുശേഷം മാത്രമേ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാവൂ. ബഹുമുഖമായൊരു പ്രവർത്തനമണ്ഡലമാണ് വളർത്തിക്കൊണ്ടുവരേണ്ടത്.

ചരിത്രപരമായ കാരണങ്ങളാലാണ് ദലിതർക്കിടയിൽ നിരവധി സംഘടനകൾ നിലനിൽക്കുന്നതെന്ന് സണ്ണി എം. കപിക്കാട് പറഞ്ഞു. പരസ്​പര സ്​നേഹവും ബഹുമാനവും വളർത്തിക്കൊണ്ടുവരണം എന്ന എന്റെ നിലപാട് ആവർത്തിച്ചു. സമരത്തിലൂടെയേ ഐക്യമുണ്ടാകുവെന്ന് സണ്ണിയും പറഞ്ഞു. വികാരത്തിന്റെ തലത്തിൽ നിന്നല്ല, വിചാരത്തിന്റെ തലത്തിൽനിന്നാണ് സംഘടനാപ്രവർത്തനങ്ങൾ ഉണ്ടാകേണ്ടത്. പല സംഘടനകൾ പ്രവർത്തിച്ചിട്ടുണ്ട്. നീക്കിയിരിപ്പ് എന്താണ്? ഭാവനാവിലാസങ്ങൾ ഒഴിവാക്കിയാൽ വളരെ ചെറിയ കാര്യങ്ങളാണ്. ഇതുപോലും നേടിയെടുത്തിരിക്കുന്നത് ചോരയും നീരും കൊടുത്താണ്. കേരളത്തിലെ ദലിതർക്കിടയിൽനിന്നും വിചാരപരമായൊരു ലോകം ഉയർന്നുവരണം. ചിന്തയുടെയും രചനയുടെയും മണ്ഡലങ്ങൾ വികസിപ്പിച്ചെടുക്കണം. അതിനിടയിൽ വി. ഐ. ബോസിന്റേതായി വായിച്ച കത്തുകൾപോലുള്ളവ കണക്കിലെടുക്കേണ്ടതില്ല. പുതുതായി ഒന്നും പറയാറില്ല.

നമ്മൾ എല്ലാറ്റിനും എതിരാണ്. ബ്രാഹ്മണിസത്തിനും സാമ്രാജ്യത്വത്തിനും ജാതിക്കും എല്ലാം എതിരാണ്. എന്തിനാണ് അനുകൂലം എന്ന് ചിന്തയില്ല. ഇതിനാണ് നാം മറുപടി കണ്ടെത്തേണ്ടത്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ദൈനംദിന ജീവിതത്തിൽ താൻ എന്തായിത്തീരണം എന്ന് പറയേണ്ടതുണ്ട്. ഇത് സമൂഹത്തിനും ബാധകമാണ്. ദലിത് സമൂഹം എന്തായിരിക്കണമെന്ന് നേതൃത്വം നിർവചിക്കണം. അത് ദലിതരെ പഠിപ്പിക്കണം. എപ്പോഴും ദലിത് സമ്മേളനങ്ങളിൽ പ്രത്യയശാസ്​ത്രപരമായ ഇടപെടലുകൾ നടത്തുമ്പോൾ അവഹേളനമുണ്ടാകാറുണ്ട്. ഇതൊന്നും നമ്മുടെ വിഷയങ്ങളല്ലെന്നാണ് പലരുടെയും ധാരണ. തല്ലണം കൊല്ലണം എന്ന നിലയിലേക്ക് ആലോചനകളും ചർച്ചകളും നടക്കാറുണ്ട്. ബുദ്ധിജീവികളെ അംഗീകരിക്കാൻ നമ്മുടെ സമൂഹത്തിന് കഴിയുന്നില്ല. ഈ സ്​ഥിതി മാറേണ്ടതുണ്ട്. ദലിത് പ്രവർത്തനങ്ങൾക്ക് ബഹുമുഖമായ തലങ്ങളാണുള്ളത്. പൊതുവായി ഒരു അജണ്ടയും സമീപനവും ഉണ്ടാകേണ്ടതുണ്ട്.

ചർച്ച ഒരു വിരോധാഭാസമാണ്. ഐക്യം ഒരു രാഷ്ട്രീയ പ്രയോഗമാണ്. എന്ത് രാഷ്ട്രീയം മുന്നോട്ടുവെക്കുമെന്ന് രാഘവൻ അത്തോളി ചോദിച്ചു. ദലിത് ൈക്രസ്​തവരുടെ റിസർവേഷൻ വാദം പോലും പങ്കുവെക്കണം എന്ന നിലപാടാണ്. ആദ്യം ചെയ്യേണ്ടത് ദലിത് ൈക്രസ്​തവർ ഒരു പ്രത്യേക വംശീയതയാണെന്ന് പ്രഖ്യാപിക്കുകയാണ്. ഐക്യത്തിന് ഒരു ജീവിതരീതി, സംസ്​കാരം, ഭാഷ, ആചാരാനുഷ്ഠാനം, ഒരു മൂർത്തി എന്നിവ വേണം. കമ്യൂണിസമല്ല, കമ്യൂണലിസമാണ് വേണ്ടത്. നമ്മൾ ജനാധിപത്യം പറയാറായിട്ടില്ല. ഗോത്രാവസ്​ഥയിലാണ്. സമുദായമായി മാറുകയാണ് വേണ്ടതും. സാംസ്​കാരികാടിത്തറ രൂപപ്പെടുത്തിയെടുക്കുകയാണ് നിർണായകമായിട്ടുള്ളത്. എഴുത്തിലൂടെയും സാഹിത്യത്തിലൂടെയും മുന്നേറേണ്ടതുണ്ട്. ഒരു ലിപിയുണ്ടാക്കി, ഒരു ഭാഷയുണ്ടാക്കി, സാംസ്​കാരികവും സാമൂഹികവുമായ മുന്നേറ്റത്തിനുവേണ്ടി ശ്രമിക്കണം. ഐക്യം ചർച്ചചെയ്യുകയല്ല വേണ്ടത്, സാധ്യമാക്കുകയാണ്. വംശശുദ്ധിയിലും രക്തശുദ്ധിയിലുമാണ് താൻ വിശ്വസിക്കുന്നതെന്ന് അത്തോളി പറഞ്ഞു. തനതു നേതൃത്വങ്ങൾ വളർന്നുവന്നാലേ ഐക്യമുണ്ടാകൂ. ബുദ്ധിപരമായ മേധാവിത്വമാണ് സ്​ഥാപിക്കേണ്ടത്.

വെറും നാട്ടുവർത്തമാനങ്ങളുടെ ഒരുതരം ആത്മബലം ഉണ്ടാക്കണം. ദലിതർക്ക് തങ്ങളുടേതായ ആത്മീയത വേണം. ഇതൊന്നുമില്ലാതെ ഈ ചർച്ചപോലും ബ്രാഹ്മണിക്കൽ മൂല്യബോധത്തെയേ സഹായിക്കൂ. രാഷ്ട്രീയപ്രയോഗങ്ങൾ സാംസ്​കാരികാടിത്തറയിൽ വേണമെന്ന് സാരം.

 

ദലിതുകളുടെ അവാന്തരവിഭാഗങ്ങൾ ഹിന്ദു-ക്രിസ്​ത്യൻ എന്നീ നിലകളിൽകൂടി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ചർച്ച നടക്കുന്നതെന്ന് എ.എം. ജോസഫ് പറഞ്ഞു. സവർണർ മതപരമായി ദലിതരെ തമ്മിലടിപ്പിക്കുന്നു. സാമൂഹിക/സാംസ്​കാരിക/രാഷ്ട്രീയ രംഗങ്ങളിൽ ഈ ഭിന്നിപ്പിക്കൽ തന്ത്രം പ്രയോഗിക്കുന്നു. 1984ൽ 24ഓളം ദലിത് ൈക്രസ്​തവ സംഘടനകളുണ്ടായിരുന്നു. ചില സംഘടനകളുടെ പ്രവർത്തനഫലമായി അൽപം ചില നേട്ടങ്ങളുണ്ടായി. സംഘടനകൾ പെരുകിയതുകൊണ്ട് പ്രത്യേക നേട്ടമൊന്നുമില്ല. ഐക്യം അത്ര എളുപ്പമല്ല. പ്രശ്നങ്ങളുടെ അടിസ്​ഥാനത്തിൽ അല്ലെങ്കിൽ വംശീയാടിസ്​ഥാനത്തിൽ ഒന്നിക്കാൻ നോക്കണം. ദലിതുകളുടെ ഐക്യം രാഷ്ട്രീയമായിട്ടായിരിക്കണം. അര നൂറ്റാണ്ടിലേറെയായി ദലിത് ൈക്രസ്​തവരുടെ സംവരണ പ്രശ്നം ഉന്നയിക്കുന്നു. രാഷ്ട്രീയമായി മുന്നോട്ടുവന്നാലേ ഈ പ്രശ്നം പരിഹരിക്കാനാവൂ. സ്വമേധയാ നേതാക്കൾ ഐക്യത്തിന് എതിരല്ല, ചരടുവലികൾ ഉണ്ട്. ദലിതുകളുടെ ഐക്യം ഒരു പ്രക്രിയയാണ്. തീവ്രമായശ്രമം അതിനാവശ്യമുണ്ട്.

നാം നമ്മെതന്നെ തിരിച്ചറിയുന്നതിലൂടെയേ ഐക്യബോധമുണ്ടാകൂവെന്ന് പി.കെ. ശിവശങ്കരൻ പറഞ്ഞു. വിധേയത്വ സംസ്​കാരം ഉപേക്ഷിക്കണം. നാം നമ്മുടെ കഴിവുകൾ വളർത്തിക്കൊണ്ടുവരുകയും അംഗീകരിക്കുകയും ചെയ്യണം. മൂന്നുതവണ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് പ്രസിഡന്റാണ് താനെന്ന് സൂചിപ്പിച്ചുകൊണ്ട്, താൻ ഒരു കത്തുകൊടുത്താൻ ദലിത് സഹോദരങ്ങൾ ഏതെങ്കിലും സവർണനെ കാട്ടി അതിന്റെ സത്യാവസ്​ഥ ഉറപ്പുവരുത്തുന്ന രീതിയാണ് നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഇത് മാറണം. കഴിഞ്ഞ പത്തുകൊല്ലമായി കേരളത്തിൽ ദലിത് മുന്നേറ്റമുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട്, ഐക്യത്തിന്റെ അഭിവാഞ്ഛ ദലിതർക്കിടയിലുണ്ടെന്നും എന്നാൽ, അത് ഫലവത്താക്കാൻ കഴിയുന്നില്ലെന്നും എം.കെ. രാജപ്പൻ പറഞ്ഞു. ചർച്ചക്ക് അജണ്ടയും പദ്ധതിയും വേണ്ടിയിരുന്നു. എങ്കിൽ ചർച്ചയിലൂടെ തീരുമാനങ്ങളിലെത്താമായിരുന്നു.

സമുദായ സംഘടനകൾ സാമൂഹിക-രാഷ്ട്രീയ സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിങ്ങനെ ദലിതർക്കിടയിൽ പ്രവർത്തിക്കുന്ന പലതരം സംഘടനകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. ‘ദലിത് സംഘടനകളെയാണോ ജനങ്ങളെയാണോ ഐക്യപ്പെടുത്തേണ്ടത്’ എന്ന പ്രശ്നമുണ്ടെന്ന് ടി.ജെ. ബിജോയ് പറഞ്ഞു. സംഘടനകളുടെ വൈഷമ്യത്തിന് കാരണം സ്വത്വമാണെന്ന അഭിപ്രായത്തോട് വിയോജിപ്പുണ്ട്. അനൈക്യത്തിന് കാരണം നേതൃത്വത്തിലുള്ളവരുടെ സങ്കുചിത താൽപര്യങ്ങളാണ്. ചർച്ചക്കായി ഒരജണ്ടയും പദ്ധതിയും വേണ്ടിയിരുന്നുവെന്ന അഭിപ്രായത്തോടും യോജിപ്പില്ല. സംഘാടകരെന്ന നിലയിൽ എ.എൻ.എം ഒരു അജണ്ടയും പദ്ധതിയും വെച്ചിരുന്നുവെങ്കിൽ ചർച്ച ഇത്ര സുഗമമായി നീങ്ങുമായിരുന്നുവെന്ന് പറയാനാവില്ല. പരസ്​പര സ്​നേഹവും ബഹുമാനവും സത്യസന്ധതയും പുലർത്തേണ്ടതുണ്ട്. എന്റെ അഭിപ്രായം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു ക്രിസ്​തീയ പ്രയോഗം കടമെടുത്ത്, ദലിത് നേതാക്കൾ ഒരു മാനസാന്തരത്തിന് വിധേയരാകണമെന്ന് ബിജോയ് പറഞ്ഞു.

ഒന്നിച്ചിരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നതിലൂടെയാണ് അജണ്ടയും പദ്ധതിയും ഉണ്ടാകേണ്ടത്. അംബേദ്കർകൃതികൾ വായിക്കാറുണ്ട്, വായിക്കേണ്ടതാണ്. അത് പകർത്തിയെടുക്കുകയും ഏറ്റുപറയുകയും ചെയ്യുന്നതിൽ അർഥമില്ല. അംബേദ്കർ ഉൾപ്പെടെയുള്ളവർ പറഞ്ഞ കാര്യങ്ങൾ അപഗ്രഥിച്ച് വർത്തമാനകാലത്തിനനുസൃതമായി പ്രയോഗിക്കണം. ജാതിമത ബന്ധമല്ലാത്ത ഒരു ഐക്യനിരയാണ് ഇന്നു വളർന്നുവരേണ്ടതെന്ന് ജോൺപോൾ പറഞ്ഞു. ഐക്യം ക്ഷിപ്രസാധ്യമാണെന്ന് കരുതേണ്ടതില്ല. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പെങ്കിലും ഐക്യമുണ്ടാകുമോ? സത്യസന്ധതയും ആത്മാർഥതയും നേതൃത്വത്തിനു വേണം. തുടക്കത്തിൽ നമ്മെ എതിർക്കുന്ന സഹോദരങ്ങളെപ്പോലും ഐക്യത്തിൽ അണിചേരാൻ പ്രചോദിപ്പിക്കുന്ന സമീപനങ്ങളും പ്രവർത്തനങ്ങളും വേണം. അതിനായി ഒരു വേദി വേണം.

ഹിന്ദു-ക്രിസ്​ത്യൻ പ്രശ്നം ദലിതരെ വല്ലാതെ അകറ്റിയിട്ടുണ്ടെന്ന് അഡ്വ. ടി.ഡി. എൽദോ പറഞ്ഞു. കൂട്ടായ പ്രവർത്തനങ്ങളാണ് വേണ്ടത്. പൊതുവായ കൂട്ടായ്മകളിലൂടെയും കുടുംബയോഗങ്ങളിലൂടെയും പലതും ചെയ്യാനാകും. അറിവില്ലാത്ത ഒരു സമൂഹത്തിന് മുന്നോട്ടുപോകാനാവില്ല. ഐക്യബോധം ചെറിയതോതിലുണ്ട്. ചർച്ചകൾ തുടരണം. കേരളത്തിലെ മുഴുവൻ സംഘടനാനേതാക്കളെയും നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കണം. മുമ്പും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും, അവ േക്രാഡീകരിക്കാനോ പദ്ധതികൾ ആവിഷ്കരിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് എ. ഡി. അജിത പറഞ്ഞു. ചർച്ചക്കുശേഷം ഓരോരുത്തരും സ്വജാതിയിലേക്കോ സ്വന്തം സംഘടനകളിലേക്കോ, പാർട്ടികളിലേക്കോ മടങ്ങും. ദലിതുകളുടെ രാഷ്ട്രീയവത്കരണത്തിലൂടെയേ ഈ പ്രശ്നം പരിഹരിക്കാനാവൂ. ദലിതുകൾക്കിടയിൽ അറിയപ്പെടുന്ന പല നേതാക്കളുമുണ്ട്. സഹകരിക്കാനുള്ള മനോഭാവമാണ് ഇവർക്കില്ലാത്തത്.

സംഘടിക്കുകയെന്നതാണ് നവോത്ഥാന കാലത്തെ ആഹ്വാനമെങ്കിൽ ഐക്യപ്പെടുത്തുക എന്നതാണ് ഇന്നത്തെ ആഹ്വാനം എന്ന് അഡ്വ. പി.എം. ബേബി പറഞ്ഞു. ദലിത് ഐക്യത്തിൽ ദലിത് ൈക്രസ്​തവർ വരുമോ എന്ന പ്രശ്നങ്ങൾ പ്രഖ്യാപിക്കേണ്ട ഒരു കാര്യമാണിത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണഘടനയിൽ സംവരണത്തിലൂടെ രാഷ്ട്രീയാധികാരം വ്യവസ്​ഥ ചെയ്തിരുന്നു. ഇന്നത്തെ നമ്മുടെ ആവശ്യം സംവരണമില്ലാതെ അധികാരത്തിലെത്തുക എന്നതാണ്. അധികാരത്തിന്റെ മേഖലകളും വിപുലമാക്കേണ്ടതുണ്ട്. ദലിത് ഐക്യം എന്നത് താത്ത്വികമായി ഒരു പ്രശ്നമെന്നതിലുപരി പ്രായോഗിക പ്രശ്നമായി മാറണം. സംഘടനാ ബാഹുല്യമുണ്ടെങ്കിൽ അതിനു കാരണം മുമ്പേ പ്രവർത്തിക്കുന്ന സംഘടനകളുടെ പരിമിതികളാണ്. കേന്ദ്രീകൃതമായ സംഘടനക്കും കേന്ദ്രീകൃതമായ ആശയവും ഉണ്ടാവണം. ഇന്നത്തെ സംഘടനകൾ സംഘടിതമായൊരു പ്രസ്​ഥാനത്തിന് സഹായകമായിത്തീരണം. സംഘടനകളുടെ ഒരു മുന്നണിയാകാവുന്നതാണ്. ഇതൊരു സിംബോസിയ വിഷയമാണോ അതോ ദലിത് ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള ബാധ്യത ഏറ്റെടുത്തിരിക്കുകയാണോ എന്ന് സംഘാടകർ പ്രഖ്യാപിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.

‘പ്രതീക്ഷയുണർത്തിയ ദലിത് ഐക്യചർച്ച’യെന്നാണ് എ.എൻ.എം. ബുള്ളറ്റിൽ 29ാം ലക്കത്തിൽ ഈ ശ്രമത്തെ വിശേഷിപ്പിച്ചത്. ദലിതരുടെ കൂട്ടായ്മക്കുവേണ്ടിയുള്ള തുറന്ന ചർച്ചകൾക്ക് തുടക്കം കുറിക്കാനായി. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും വിയോജിപ്പുകളും പരമാവധി തുറന്നു പറയാൻ തയാറായ നേതാക്കൾ മറ്റുള്ളവരുടെ നിലപാടുകളെയും അഭിപ്രായങ്ങളെയും വിയോജിപ്പുകളെയും ശ്രദ്ധിക്കാനും മാനിക്കാനും കാണിച്ച സന്നദ്ധതയും സഹിഷ്ണുതയും നേതാക്കളുടെയും പ്രവർത്തകരുടെയും കൂടിച്ചേരലുകളിൽ അപൂർവമായ ഒരു കാഴ്ചയായിരുന്നു.

അവരവരുടേതായ സംഘടനകളുടെ ചെറുവൃത്തത്തിനുള്ളിൽ ഒതുങ്ങി പരസ്​പരം ഭർത്സിച്ചുകഴിയുന്ന ശരാശരി ദലിത്/ആദിവാസി നേതാക്കളിൽനിന്ന് ഭിന്നമായി വ്യക്തിക്കും സംഘടനക്കും അപ്പുറത്തേക്ക് നീങ്ങുന്ന സാമൂഹികമനസ്സ് ഈ ചർച്ചയിൽ ദൃശ്യമായിരുന്നു. ഉടൻതന്നെ ഐക്യപ്പെട്ടൊരു പ്രസ്​ഥാനം ഉണ്ടാകുമെന്ന പ്രതീക്ഷ ആരുംതന്നെ പ്രകടിപ്പിച്ചില്ലെങ്കിലും ദീർഘകാലാടിസ്​ഥാനത്തിൽ അതിന്റെ സാധ്യത ആരും നിഷേധിച്ചില്ല. ധൃതിപിടിച്ച് ഒരു സംഘടനാരൂപം ഉണ്ടാകാതെ, ക്ഷമാപൂർവം പ്രവർത്തനത്തിലൂടെ, ഒരു പ്രക്രിയയിലൂടെ ഈ സാധ്യതയിലേക്ക് നീങ്ങാനാകും എന്ന പ്രതീക്ഷ ഈ ചർച്ചയിലുണ്ടായി. അടിയന്തരമായി നിർവഹിക്കേണ്ട മൗലികമായ ചില പ്രത്യയശാസ്​ത്ര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടപ്പെട്ടു. ഈ ദിശയിലുള്ളൊരു പ്രവർത്തനത്തിന്റെ ചുമതല മുന്നണി തന്നെ ഏറ്റെടുത്തുകൊണ്ടാണ് ചർച്ച സമാപിച്ചത്.

ദലിത് ഐക്യസമ്മേളനം

സ്വയം ഏറ്റെടുത്ത വെല്ലുവിളിയുമായി കടുത്തുരുത്തിയിൽനിന്ന് പിരിയുമ്പോൾ ആശങ്കയായിരുന്നു മനസ്സിൽ. ഒരാശയം ഉയർന്നുവരുന്നതുകൊണ്ടു മാത്രമായില്ല, അതിന് സൈദ്ധാന്തികവും പ്രായോഗികവുമായ ആവിഷ്കാരങ്ങളുണ്ടാകണം. അതേറ്റെടുക്കാനും സത്യസന്ധവും പ്രതിബദ്ധവുമായി നടപ്പാക്കാനും സന്നദ്ധതയുള്ള ആളുകളുണ്ടാകണം. വെല്ലുവിളി ഉയർത്തിയവരാരും തുടർന്നുള്ള നീക്കങ്ങളിൽ സഹകരിക്കണമെന്നില്ല, അതാണ് ദലിതാവസ്​ഥ.

വാഴക്കുളത്ത് പോയി രവിയെ കൂട്ടണം. ഇത്തരം സന്ദർഭങ്ങളിൽ ആശ്രയിക്കാവുന്ന അപൂർവം ചിലരിൽ ഒരാൾ. അദ്ദേഹം ചർച്ചക്കെത്തിയില്ല. രവി അങ്ങനെയാണ് ഇറങ്ങിത്തിരിച്ചാൽ പിന്നെ കുറെനാൾ വീട്ടിലേക്കില്ല. വീട്ടിലെത്തിയാൽ പിന്നെ വ്യക്തിജീവിതത്തിൽ ഒതുങ്ങിക്കൂടും. സംഘർഷാത്മകമായൊരു വ്യക്തിജീവിതവും സാമൂഹികജീവിതവും കുടുംബജീവിതവും സമന്വയിപ്പിക്കാൻ കഴിയാതെ പോയവരിൽ ഒരാൾ. കേരളത്തിലെ ദലിതർ നേരിട്ടു കൊണ്ടിരുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളും പ്രത്യയശാസ്​ത്ര പ്രശ്നങ്ങളും ആഴത്തിൽ ചർച്ചചെയ്യാൻ ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ. മലയാളം തെറ്റുകൂടാതെ എഴുതാനറിയില്ലെന്നതിനെ ഈ ധൈഷണികത മറികടന്നു.

വാഴക്കുളത്തെത്തി സാധ്യതകൾ ബോധ്യപ്പെടുത്തിയപ്പോൾ രവിയുടെ സാന്നിധ്യം ഉറപ്പായി. പിന്നീട് പവിത്രനെ കണ്ടപ്പോൾ പറഞ്ഞു: രവിയും കുഞ്ഞേട്ടനുമുണ്ട് (കുഞ്ഞ് പഴങ്കാറ്റിൽ). പവിത്രനും വിജയനും കൂടി ഉണ്ടെങ്കിൽ നമുക്ക് മുന്നോട്ടുപോകാം. ഈ പ്രതീക്ഷയിലാണ് അധഃസ്​ഥിത നവോത്ഥാന മുന്നണി സംസ്​ഥാന കമ്മിറ്റി ഐക്യചർച്ച മുന്നോട്ടു കൊണ്ടുപോകുന്നതും. അതിന്റെ അടിസ്​ഥാനത്തിൽ തുടർന്നു നടപടികൾ ആലോചിക്കുന്നതിനായി 1998 ആഗസ്റ്റ് 16 ന് കോട്ടയം സംക്രാന്തിയിൽ ഒരു യോഗം വിളിച്ചുചേർത്തത്. 32 പേർ പങ്കെടുത്ത ഈ യോഗത്തിൽ കടുത്തുരുത്തി ചർച്ചയിൽ പങ്കെടുത്ത 2 പേർ മാത്രമേ എത്തിയുള്ളൂ. സണ്ണി എം. കപിക്കാടും അഡ്വ. പി.എം. ബേബിയും. എന്നാൽ, കടുത്തുരുത്തിയിൽ എത്താതിരുന്ന ചിലർ എത്തുകയും ചെയ്തു.

 

സ്വാഭാവികമായും ഈ ആലോചനായോഗം ഒരു സമ്മേളനത്തിലേക്ക് നീങ്ങി. ദലിത് ഐക്യ സമ്മേളനം. സമ്മേളനത്തിന്റെ സംഘാടനത്തിനായി 12 പേരുടെ സമിതിയുണ്ടാക്കി. സംഘങ്ങളും വ്യക്തികളും ഇതിൽ അംഗങ്ങളായി. അധഃസ്​ഥിത നവോത്ഥാന മുന്നണിയിൽനിന്ന് എനിക്കു പുറമെ കെ. കെ. രവിയും കുഞ്ഞ് പഴന്താറ്റിലും. വ്യക്തികളെന്ന നിലയിൽ സണ്ണി എം. കപിക്കാടും അഡ്വ. പി.എം. ബേബിയും. പി.കെ. ചോതി (അയ്യൻകാളി ട്രസ്റ്റ്), ടി. ജെ. ബിജോയി (ആദിവാസി ഏകോപന സമിതി), പനം കുട്ടി പാപ്പച്ചൻ (അംബേദ്കറൈറ്റ് ഐക്യസംഘം), സുകുമാരൻ ചിറയിൽ (പട്ടികജാതി-വർഗ ഐക്യവേദി), എം.ബി. മനോജ് (ഇടുക്കി ജില്ല ദലിത് ഫോറം), കെ.എം. തോമസ്​ ദലിത് ഐക്യവേദി), ടി.കെ. സതീഷ് (അംബേദ്കർ സാംസ്​കാരിക സമിതി) എന്നിവർ സമിതി അംഗങ്ങളായി.

ദലിത് ഐക്യസമ്മേളന സംഘാടക സമിതിയുടെ കൺവീനറായി എന്നെ ചുമതലയേൽപിച്ചു. സംഘാടക സമി തിയുടെ ഒരു വിപുലീകൃത യോഗം കോട്ടയം കാണക്കാരിയിൽ ചേരാൻ തീരുമാനിച്ചാണ് പിരിഞ്ഞത്. ഇവിടെ എത്തിച്ചേർന്നവർക്കിടയിൽനിന്ന് കെ.ജി. കൃഷ്ണൻകുട്ടി (കേരള സാംബവർ സൊസൈറ്റി), ടി. മന്മഥൻ (ദലിത് ഐക്യവേദി), എ.എം. ജോസഫ് (ബാക്ക് വേഡ്ക്ലാസ്​ ക്രിസ്​ത്യൻ ഫെഡറേഷൻ), പി. വിശ്വംഭരൻ (എ.എൻ.എം), എച്ച്. ചന്ദ്രൻ (കെ.എസ്​.എസ്​), എം.കെ. രാജപ്പൻ, സി.എ. തങ്കച്ചൻ മാസ്റ്റർ (ഹിന്ദു ചേരമർ അസോസിയേഷൻ), ടി.ഡി. എൽദോ (അംബേദ്കർ), വി.കെ. വാവ (ജെ.എസ്​.എസ്​), എം.കെ. രാജപ്പൻ, ശ്രീകുമാർ കെ., പി.സി. ശശി എന്നിവരെക്കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

ദലിത് ഐക്യമ്മേളനം 1999 ജനുവരി 26ന് എറണാകുളത്തു നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലതലത്തിലും പ്രാദേശികമായും ഐക്യചർച്ചകൾ തുടരാനും ഐക്യസമ്മേള സംഘാടക സമിതികൾ രൂപവത്കരിക്കാനും തീരുമാനിച്ചു. ആദ്യത്തെ ജില്ലാ സംഘാടക സമിതി അഡ്വ. ടി.ഡി. എൽദോയുടെ നേതൃത്വത്തിൽ ഇടുക്കിയിൽ രൂപംകൊണ്ടു. അടിമാലിയിലും ചെറുതോണിയിലും പ്രാദേശിക സംഘാടക സമിതികൾ രൂപവത്കരിച്ചു. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും ജില്ല സംഘാടക സമിതികൾ രൂപംകൊണ്ടു. കോട്ടയത്ത് കുഞ്ഞ് പഴന്താറ്റിലും കെ.എം. കുഞ്ഞുമോനും വി.ഡി. ജോസുമെല്ലാം മുൻകൈയെടുത്തപ്പോൾ എറണാകുളത്ത് വി.ഡി. രാജപ്പനും കെ.കെ. രവിയും മുൻകൈയെടുത്തു. തൃശൂരിൽ രാജുവും എ. വിശ്വംഭരനും.

അടുത്ത നൂറ്റാണ്ടിലേക്ക് കേരളത്തിലെ ദലിതർ പ്രവേശിക്കുന്നതിനുള്ള അരങ്ങൊരുക്കമായിരുന്നു ഇത്. കടുത്തുരുത്തിയിൽ നടന്ന ഐക്യചർച്ചയിലും മറ്റു ചില ചർച്ചകളിലും ഉയർന്നുവന്ന മൗലികമായ ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഗോത്രം, വംശം, ദലിത് സംജ്ഞയുടെ നിർവചനം, അതിന്റെ ചരിത്രപരത, സാംസ്​കാരിക മാനം, പ്രത്യയശാസ്​ത്രാടിസ്​ഥാനം, ആത്മീയത, ദലിത്/ആദിവാസി, ദലിത്/ദലിത് ൈക്രസ്​തവ, ദലിത്/ദലിത് സ്​ത്രീ, ദലിത്ബൗദ്ധികത, സംവരണം, രാഷ്ട്രീയം, സംഘടനാനേതൃത്വം, സംശുദ്ധമായ വ്യക്തിജീവിതം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്കായിരുന്നു ഉത്തരം കണ്ടെത്തേണ്ടിയിരുന്നത്. വ്യത്യസ്ത അഭിപ്രായങ്ങൾ േക്രാഡീകരിക്കപ്പെടുകയും വ്യക്തമായൊരു ദിശാബോധവും ലക്ഷ്യബോധവും പ്രായോഗിക സമീപനവും മുന്നോട്ടുവെക്കപ്പെടുകയും വേണം.

ഈ സമ്മേളനത്തിന്റെ ഭാഗമായി 1998 സെപ്റ്റംബർ 24ന് പ്രസിദ്ധീകരിച്ച പ്രസ്​താവനയിൽ കേരളത്തിലെ ദലിതർ-അധഃസ്​ഥിതരും ആദിവാസികളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ചൂണ്ടിക്കാട്ടപ്പെട്ടത് അവർക്കിടയിലെ അനൈക്യമാണ്. പ്രസ്​താവനയിൽ പറയുന്നു: ഐക്യം പ്രായോഗികമല്ലെന്ന് കരുതാവുന്ന ഒരു സ്​ഥിതിയാണ് നിലവിലുള്ളത്. അത്രമേൽ പ്രബലമാണ് അനൈക്യത്തിന്റെ ഘടകങ്ങളും ശക്തികളും. നൂറ്റാണ്ടുകളായി ദലിതരെ പീഡിപ്പിക്കുകയും ചൂഷണ വിധേയരാക്കുകയും ചെയ്ത അതേ ശക്തികളും താൽപര്യങ്ങളുമാണ് മറ്റൊരു തലത്തിൽ ഇന്നും ദലിതരെ ശിഥിലീകരിച്ച് അനൈക്യത്തിൽ നിലനിർത്തുന്നത്.

നീർക്കുമിളകൾപോലെ, ഭീമാകാരമായ ജാതിസമ്പ്രദായത്തിന്റെ ഇഴകളും ഇരകളുമായിത്തീരുകയാണ് കേരളത്തിലെ അധഃസ്​ഥിതരും ആദിവാസികളും. അതുകൊണ്ടാണ് ഏറെ പുരോഗതി പ്രാപിച്ചൊരു സമൂഹമെന്ന ഖ്യാതിയുള്ള കേരളീയ സമൂഹത്തിൽ, സാമൂഹിക ജീവിതത്തിന്റെ ബഹുമുഖമായ മണ്ഡലങ്ങളിൽ, തനതായ വ്യക്തിത്വമോ ആത്മപ്രകാശനമോ ആനുപാതിക പ്രാതിനിധ്യമോ പങ്കാളിത്തമോപോലും ഉറപ്പാക്കാൻ കഴിയുന്നൊരു സ്​ഥിതി ഇന്നും കേരളത്തിലെ ദലിതർക്കില്ലാത്തത്. ഇന്ത്യയുടെ രാഷ്ട്രപതിയായി ഒരു ദലിതനെ അവരോധിക്കേണ്ടിവന്നപ്പോൾ അതിനുള്ള ഊഴം ലഭിച്ചത് കേരളത്തിൽ നിന്നുള്ള ഒരു ദലിതനായിരുന്നുവെങ്കിലും അതിൽ അഭിമാനിക്കുമ്പോഴും അതിന്റെ സൃഷ്​ടിയിൽ ഒരു സമൂഹമെന്നനിലയിൽ കേരളത്തിലെ ദലിതർക്ക് ഒരു പങ്കാളിത്തവുമുണ്ടായിരുന്നില്ല. മൗലികമായ ചില നേട്ടങ്ങൾ ഉണ്ടായെങ്കിലും ഏറെ നിസ്വരായിട്ടാണ് ദലിതർ അടുത്ത നൂറ്റാണ്ടിലേക്ക് കാലു കുത്താൻ പോകുന്നത് എന്ന് സാരം.

പൗരാണികമായ തായ് വേരുകളുള്ള ഒരു ജനതയാണ് കേരളത്തിലെ ദലിതർ. എല്ലാ കുത്തൊഴുക്കുകളെയും അതിജീവിക്കുന്ന പൂർവകാല സംസ്​കൃതികളുടെയും ജൈവപാരമ്പര്യങ്ങളുടെയും തനതായൊരു മൂല്യശേഖരം അവർ കണ്ടു. അതിന്റെ സഹജമായ അതിജീവനത്തിന്റെയും നിലനിൽപിന്റെയും ഘടകങ്ങൾ അവർക്ക് അഭിമുഖമായി തന്നെയുണ്ട്. അതിന്റെ താളവും ലയവും സൗന്ദര്യവും ആത്മനിർവൃതിയുടെ ഇടങ്ങളുമുണ്ട്. എന്നാൽ, അത് തിരിച്ചറിയുന്നതിനോ സാർഥകമായ വർത്തമാന ജീവിതത്തിൽ പുനരാവിഷ്കരിക്കുന്നതിനോ അവർക്ക് കഴിയുന്നില്ല. ആധുനിക കേരളീയ സമൂഹത്തിലുണ്ടായ സാമൂഹിക-രാഷ്ട്രീയ ചലനങ്ങളിലും സ്വന്തം ആത്മചേതനയുടെ നഷ്​ടത്തിലുമാണ് അതിന്റെ കാരണങ്ങൾ തേടേണ്ടത്. ഒപ്പം തനതായൊരു സാമൂഹിക രൂപവത്കരണത്തിന്റെ ഉപാധികളും സാധ്യതകളും വികസിപ്പിച്ചുകൊണ്ടുവരേണ്ടതുണ്ട്. പ്രതിബന്ധങ്ങളെ മറികടന്നുകൊണ്ട് ഇന്ന് നടക്കുന്ന ദലിത് അന്വേഷണങ്ങളും ചിന്തകളും സംഘടനാപ്രവർത്തനങ്ങളും കലാസാഹിത്യ പ്രവർത്തനങ്ങളുമെല്ലാം അതിന്റെ ദിശാസൂചകമാണ്. ദലിത് ഐക്യത്തെക്കുറിച്ചുള്ള വർത്തമാനകാല ചിന്തയുടെ അടിസ്​ഥാനം ഇതാണ്.

(തുടരും)

Tags:    
News Summary - KM Salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.