പറന്നുപറന്നു പറന്നുചെല്ലാന്‍ പറ്റാത്ത കാടുകളില്‍

മഴ തോര്‍ന്നിരുന്നില്ല. നേര്‍ത്ത നൂലുകള്‍പോലെ മഴത്തുള്ളികള്‍ ഇടതിങ്ങി നില്ക്കുന്ന മരങ്ങള്‍ക്കിടലൂടെ താഴേക്ക് പതിക്കുന്നുണ്ടായിരുന്നു. പണ്ടെന്നോ സായിപ്പുണ്ടാക്കിയ മലയിലൂടെ പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്. വഴുവഴുത്ത കല്ലുകള്‍ ജീപ്പിന്റെ ചക്രങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടായിരുന്നു. കരുളായി മലയടി വാരത്തു നിന്ന് പുറപ്പെടുമ്പോള്‍ തന്നെ, നിലമ്പൂര്‍ കാടുകളില്‍ മാത്രം കാണുന്ന ചോലനായ്ക്കരെ തേടിയുള്ള മഴക്കാല യാത്ര അത്ര സുഖകരമാവില്ലെന്ന് ഉറപ്പിച്ചിരുന്നു. ഏഷ്യയിലെ തന്നെ ഇപ്പോള്‍ അവശേഷിക്കുന്ന ഏക ഗുഹാമനുഷ്യഗോത്രമായ ചോലനായ്ക്കന്മാര്‍ നിലമ്പൂര്‍ വനാന്തരങ്ങളില്‍ പലയിടങ്ങളിലായാണ് കഴിയുന്നത്. കരിമ്പുഴയുടെ തീരങ്ങളില്‍ നിന്ന് ജലലഭ്യതക്കനുസരിച്ച് അള (ആദിവാസികളുണ്ടാക്കുന്ന വീട്)യിലേക്കുള്ള ദൂരം കൂടിയും കുറഞ്ഞുമിരിക്കും. ഇന്ത്യയില്‍ പ്രാകൃത ആദിവാസി വിഭാഗമായി എണ്ണപ്പെടുന്നവരാണിവര്‍.  ഇപ്പോഴും കാടിന്റെ പച്ച ഞരമ്പുകളുമായി ഇഴുകിച്ചേര്‍ന്ന് അതിന്റെ തുടിപ്പിലും കിതപ്പിലും നിറവിലും വറുതിയിലുമെല്ലാം ഒരേ മനസ്സോടെ കഴിഞ്ഞു കൂടുന്നു ഇവര്‍.

ചിത്രം: അജീബ് കോമാച്ചി

വട്ടിക്കല്ല് മലവാരത്ത് എത്തിയപ്പോള്‍ മുതല്‍ ഏതു സമയവും വന്നേക്കാവുന്ന ആനക്കൂട്ടം ഞങ്ങളില്‍ ഭീതിയുടെ ചിന്നംവിളിയുയര്‍ത്തി. വട്ടിക്കല്ല് മുതല്‍ വഴിയില്‍ എവിടെ വെച്ചും ആനക്കൂട്ടത്തിനു മുന്നിലകപ്പെടാം. മഴക്കാലമാണെങ്കില്‍ പ്രത്യേകിച്ചും. മഴക്കാലം ആനകള്‍ കാടിറങ്ങും കാലം കൂടിയാണ്. ആദ്യ മഴ മുതല്‍ തളിര്‍ക്കാന്‍ തുടങ്ങുന്ന മുളന്തണ്ടുകള്‍ യഥേഷ്ടം തിന്നാനാണ് കരിവീരന്മാരുടെ കാടിറക്കം. തേക്കു തൈകള്‍ തളിര്‍ക്കുന്നതും ഇതേ കാലത്തു തന്നെ. ഇതും ആനകളുടെ ഇഷ്ട ഭക്ഷണമാണ്. റോഡിന് ഇടതു വശം അഗാധമായ കൊക്കയാണ്. മരങ്ങള്‍ വഴിയോളം ഉയരത്തില്‍ മുട്ടിനില്ക്കുന്നു.  മീറ്ററുകള്‍ പിന്നിടുമ്പോഴേക്കും അത് വളഞ്ഞുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ തിരിവുകളില്‍ വഴിമുടക്കി നില്‍ക്കുന്ന ആനക്കൂട്ടത്തെ അടുത്തെത്തിയാലേ കാണാന്‍ കഴിയൂ. രണ്ടാഴ്ച മുമ്പ് ആനക്കൂട്ടത്തിനടുത്ത് കഷ്ടിച്ച് രക്ഷപ്പെട്ട കഥ ഞങ്ങളുടെ ഡ്രൈവര്‍ സുരേഷ് ബാബു പറഞ്ഞു. ആറ് ആനകളുള്ള കൂട്ടത്തെ അടുത്തിയപ്പോഴാണത്രെ കണ്ടത്. കഴിയുന്നത്ര വേഗത്തില്‍ വണ്ടി പിന്നോട്ടെടുത്തു. അതൊരു എഴുപ്പമുള്ള പണിയല്ല. ചെറുതായൊന്നു പിഴച്ചാല്‍  ഇടതുഭാഗത്തെ കൊക്കയിലേക്ക് പതിക്കും.

ചിത്രം: സുധീര്‍ നിലമ്പൂര്‍


മഴക്കാലം ആദിവാസിയുടെ പഞ്ഞക്കാലമാണ്. ചോലനായ്ക്കരുടെ കാട്ടിലും ദുരിതങ്ങളുമായാണ് മഴ പെയ്യുക. അത്തരമൊരു മഴക്കാലത്തിലേക്കായിരുന്നു യാത്ര. 44 ചോലനായ്ക്ക കുടുംബമുണ്ടെന്നാണ് കണക്ക്. മാഞ്ചേരി വനമേഖലയിലെ വിവിധ മലകളിലാണ് ഇവര്‍ കഴിയുന്നത്. ഒരു മലയില്‍ രണ്ട് മുതല്‍ പത്തുവരെ കുടുംബങ്ങള്‍ താമസിക്കുന്നു. പലപ്പോഴും സഹോദന്മാരോ ബന്ധുക്കളോ ആയിരിക്കും ഒരു മലയിലെ വാസക്കാര്‍. ഒരു അളയില്‍ നിന്ന് അടുത്ത അളയിലേക്കെത്താന്‍ മണിക്കൂറുകളോളം മലകയറണം.  ചോലനായ്ക്കരുടെ ഏക വരുമാനമാര്‍ഗം വനവിഭവ ശേഖരണമാണ്. കാട്ടുതേനും ഇഞ്ചിയും ഏലവും പന്തവും(മരത്തിന്റെ കറ- ഇത് കുന്തിരിക്കം പോലുള്ളവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു) ചീനിക്കയുമാണ് (സോപ്പുണ്ടാക്കുന്നതിന് അസംസകൃതവസ്തുവായി ഉപയോഗിക്കുന്ന ഒരു കായ) കാട്ടില്‍ നിന്ന് ശേഖരിക്കുന്നത്.  വനവിഭവം പണ്ടത്തെപ്പോലെ കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം.
പാണപ്പുഴ, വാള്‍കട്ടന്‍ മല, മണ്ണള, കുപ്പമല, പൂച്ചപ്പാറ, അച്ചനള, മക്കിബാരി അള, മീന്‍മുട്ടി തണ്ണിക്കൈ മലവാരങ്ങളിലായി ചിതറിക്കിടക്കുകയാണ് ചോലനായ്ക്കന്മാര്‍. വയനാട് മലയോരത്തു ചേര്‍ന്നുള്ള വഴിക്കടവ് പുഞ്ചക്കൊല്ലിയിലും ചില കുടുംബങ്ങളുണ്ട്. കാട്ടു വിഭവങ്ങള്‍, ഭക്ഷണം, വെള്ളം ഇവയുടെ ലഭ്യതക്കനുസരിച്ച് താമസം പലയിടങ്ങളിലേക്ക് മാറിക്കൊണ്ടേയിരിക്കും.

ചിത്രം: അജീബ് കോമാച്ചി


ഏണിക്കോല് മലയിലേക്ക്
ഏണിക്കോല് മലയില്‍ 1500 ഉയരത്തിലുള്ള പാറക്കെട്ടിലെ ഗുഹയില്‍ താമസക്കാരുണ്ടെന്ന് ചെല്ലനാണ് പറഞ്ഞത്. അവിടെ എത്തിച്ചേരല്‍ എളുപ്പമല്ലെന്നും ചെല്ലന്‍ പറഞ്ഞു. കരിമ്പുഴക്ക് അക്കരെയാണ് ഏണിക്കോലു മല. സ്വാഭാവിക വനമായതിനാല്‍(------- ------) വനത്തിലൂടെയുളള യാത്ര ദുഷ്‌കരവുമായിരിക്കും. അപ്പോഴേക്കും വീണ്ടും മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. സമയം രണ്ട് കഴിഞ്ഞിരിക്കുന്നു. മഴക്കാലത്ത് വനവിഭവങ്ങളുമായി പുഴക്കിക്കരെ വരാന്‍ ചോലനായ്ക്കന്മാര്‍ പാലങ്ങളുണ്ടാക്കുന്നു. മുളയും ചൂരലും ഉപയോഗിച്ചാണ് നിര്‍മ്മാണം. ആദ്യ കാലങ്ങളില്‍ പാണ്ടി(ചങ്ങാടം)കളായിരുന്നു അക്കരെ ഇക്കരെ കടക്കാന്‍ ചോലനായ്ക്കന്മാര്‍ ഉപയോഗിച്ചിരുന്നത്. മഴ പെയ്ത് കരിമ്പുഴ നിറയും. നിറയെ കാണുന്ന വെള്ളാരങ്കല്ലുകളും പാറക്കെട്ടുകളും വെള്ളത്തിനടിയിലാകും. അപ്പോള്‍ വെള്ളത്തിന് അലര്‍ച്ചയുടെ ശബ്ദമാണ്. അന്നേരങ്ങളില്‍ പുഴവെള്ളത്തോട് മത്സരിക്കാന്‍ പാണ്ടിക്കാവില്ല.  പാലം  പുതുക്കി പണിതിട്ടില്ല. പല ഭാഗങ്ങളും പൊട്ടിയിരിക്കുന്നു.  താഴെ വീണാന്‍ പരുക്കോ മരണമോ ഉറപ്പ്. ഞങ്ങള്‍ക്ക് മുമ്പില്‍ ആദ്യം ചെല്ലന്‍ നടന്നു. നാട്ടില്‍ നിന്ന് വരുന്നവര്‍ സുരക്ഷിതരായിരിക്കണമെന്ന് ചെല്ലന് നിര്‍ബന്ധമുണ്ട്. പുഴക്കക്കരെ കടന്നപ്പോള്‍ ചെല്ലന്‍ വഴി പറഞ്ഞു തന്നു. കുന്നിനു മുകളില്‍ കയറുമ്പോള്‍ സൂക്ഷിക്കണം. ശ്രദ്ധിച്ചില്ലെങ്കില്‍ കൊക്കയിലേക്ക് വീഴും. ഏണിക്കോല് മല കരിമ്പുഴയില്‍ നിന്ന് 2500 അടിയോളം ഉയരത്തിലാണ്.

ചിത്രം: സുധീര്‍ നിലമ്പൂര്‍


കാടിന്റെ വന്യത ശരിക്കും അനുഭവിച്ച യാത്രയായിരുന്നു ഇത്തവണ. ഇരൂളും മരുതും ഈറ്റക്കാടുകളും നിറഞ്ഞ വഴി. മഴ പെയ്ത് ചതുപ്പു നിലമായിരിക്കുന്നു. ചതുപ്പില്‍ നിറയെ അട്ടകള്‍. അവ കാലുകളിലേക്ക് അരിച്ചുകയറുന്നു. മല കയറുമ്പോല്‍ പുകല കരുതാറുണ്ട്. അത് കാലില്‍ പുരട്ടിയാല്‍ അട്ട കയറില്ല. മഴയത്ത് ഇത് സാധ്യമല്ല. നനഞ്ഞാല്‍ പുകല ഒലിച്ചിറങ്ങുന്നു. അട്ടകളെ ഇടക്കിടെ ഇലകൊണ്ട് വലിച്ചിട്ടായി  നടത്തം. ഇടക്ക് ചതുപ്പില്‍ അതേ നിറത്തിലുള്ള പാമ്പുകളുമുണ്ട്. ചുരുട്ടയെന്നറിയപ്പെടുന്ന പാമ്പിനെ ഉണങ്ങിയ ഇലകള്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയില്ല. ഇവ കടിച്ചാല്‍ ചോലനായ്ക്കന്മാര്‍ മരുന്നൊന്നും ഉപയോഗിക്കാറില്ല. ഒരാഴ്ച കിടന്നാല്‍ വിഷമിറങ്ങുമെന്നവര്‍ കരുതുന്നു. അതു തന്നെ സംഭവിക്കുന്നു. ഉള്ളിലേക്ക് പോകുംതോറും കാടിന് ഇരുട്ടുപരക്കുന്നു. ചെറിയ ചവിട്ടടിപ്പാത ഇലകള്‍ പൊഴിഞ്ഞ് അവ്യക്തമായിരുന്നു. കാടറിയാത്ത ഒരാള്‍ ഇതിനകത്ത് പെട്ടാല്‍ പുറത്തുകടക്കാന്‍ പ്രയാസമാണ്. കാട് എല്ലായിടത്തും ഒരു പോലെ അനുഭവപ്പെടുന്നു. കാടിന് ഒരേ നിറവും മണവുമാണ്.
കുന്നുകയറാന്‍ നന്നേ പാടുപെടേണ്ടി വന്നു. പുഴയില്‍ നിന്ന് 1500 അടി ഉയരത്തിലാണ് അളയുള്ളത്. കുത്തനെയുള്ള മലയായതിനാല്‍ വളഞ്ഞ് സഞ്ചരിച്ചാലേ മുകളിലെത്താനാവൂ. ഒരു മണിക്കൂറോളം നടന്നപ്പോള്‍ അളകാണാനായി. നൂറുമീറ്ററിലേറെ ഉയരമുള്ള വലിയൊരു പാറ. അതിനു നടുവില്‍ തുരങ്കം. താഴെ അഗാധമായ കൊക്ക. പാറയില്‍ നിന്ന് തെന്നിവീണാന്‍ കൊക്കയിലെത്തും. നടന്നു കയറാന്‍ പാറയില്‍ കാല്‍ വിരലുകളുടെ പാകത്തില്‍ കൊത്തിയിട്ടിരിക്കുന്നു. ചെരുപ്പോ ഷൂവോ ഉപയോഗിച്ച് പാറയില്‍ കയറാന്‍ കഴിയില്ല. ചവിട്ട് കിട്ടില്ല. ചോലനായ്ക്കന്മാര്‍ പക്ഷേ നമ്മള്‍ ടാറിട്ട റോഡിലൂടെ നടക്കുന്ന ലാഘവത്തോടെ ഈ പാറക്കെട്ടിലൂടെ നടക്കും. അവരുടെ കാല്‍പാദങ്ങള്‍ പാറയിലൂടെ നടക്കാന്‍ പരുവപ്പെട്ടിരിക്കുന്നു.
 ചക്ക പച്ചയോടെ കഴിക്കുകയായിരുന്നു കണ്ണനും ഭാര്യയും കുട്ടികളും. മൂക്കളയൊലിപ്പിച്ച് കുട്ടികള്‍ ചക്കക്ക് ചുറ്റും കൂടിയിരിക്കുന്നു. പഴകിക്കീറിയ  കുപ്പായത്തിനുള്ളിലാണ് അവര്‍ മഴക്കാലം കഴിച്ചുകൂട്ടുക. പാറയിടുക്കില്‍ ഒരാളുടെ നീളത്തിലും വീതിയിലും കെട്ടിയുണ്ടാക്കിയ മുളകൊണ്ടുള്ളതാണ് അള. അളയുടെ ഒരു ഭാഗം പാറയ്ക്കുള്ളിലും കുറച്ചുഭാഗം പുറത്തുമാണ്. നിവര്‍ന്നു നിന്നാല്‍ തലമുട്ടും. ഇത് പാറയില്‍ ചെറിയ കുഴിയുണ്ടാക്കി മുള നാട്ടിയിരിക്കുന്നു. മുളകള്‍ പൊട്ടിയാല്‍ കൊക്കയിലേക്ക് വീഴും.
ഈ മല ഏണിക്കോല് മല എന്ന് അറിയപ്പെടുന്നു. ചോലനായ്ക്കന്മാര്‍ തന്നെയാണ് മലയ്ക്ക് പേരിട്ടത്. ഇവിടെ കണ്ണനും അനിയന്‍ ബേബിയും കുടുംബങ്ങളുമാണ് താമസിക്കുന്നത്.
കണ്ണന്റെ ഭാഷ പെട്ടെന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. നാട്ടില്‍ അപൂര്‍വമിറങ്ങുന്നതിനാല്‍ നാടിന്റെ ഭാഷയും കണ്ണനും അനിയന്‍ ബേബിക്കും വഴങ്ങുന്നില്ല.

ചിത്രം: സുധീര്‍ നിലമ്പൂര്‍

കണ്ണന് എത്ര വയസ്സായി?
കണ്ണന്‍: അതിയില്ല(അറിയില്ല)
പഠിച്ചിട്ടുണ്ടോ?
ഇല്ല.
ഭക്ഷണമൊക്കെ എങ്ങനെയാണ്?
അത് ഒതു നേരം ണ്ടാവും, ഉള്ള ദിവസം. അതില്ലെ ഇല്ല. ഉണ്ടെങ്കി കയ്ക്കും.
എന്തൊക്കെ കഴിക്കും?
ചെലപ്പോ സൊസൈത്തീന്ന് അതി കിട്ടും. അത് കൊറച്ച്. അപ്പോ ഒര് നേറം കഞ്ഞി ബെക്കും. അരി തീര്‍ന്നാ കാട്ട്ന്ന് കേങ്ങ് കിട്ടും. അതില്ലെ ഇല്ല.
അപ്പോള്‍ കുട്ടികള്‍ എന്തു ചെയ്യും. അവര്‍ക്ക് വിശക്കില്ലേ?
ബെഷന്നാ കുട്ടികള് കരയും. കാടല്ലേ, എപ്പളും കിട്ടൂലല്ലോ. അപ്പോ വെള്ളം കുടിക്കും.
ദീനം വന്നാലോ?
ഇബടെ കെടക്കും. പിന്നെ തീര്‍ണ തെവസം കാട്ടിപ്പോകും.
കണ്ണനും  അനിയന്‍ ബേബിക്കും എഴുതാനും വായിക്കാനും അറിയില്ല. ഭാര്യ ശോഭക്കും അക്ഷരാഭ്യാസമില്ല. എന്നാല്‍ മാസത്തിലൊരിക്കല്‍ ബേബി നാട്ടിലിറങ്ങുന്നു. ഞങ്ങള്‍ കാണുമ്പോള്‍ ബേബിയുടെ കൈയില്‍ മൊബൈലുണ്ടായിരുന്നു. നാട്ടിലെ മനുഷ്യന്റെ ഒഴിച്ചുകൂട്ടാനാവാത്ത കൂട്ടുകാരന്‍ കാട്ടിലുമെത്തിയിരിക്കുന്നു!
മൊബൈല്‍ എന്നാണ് വാങ്ങിയത്?
ബേബി: ഒരു മാസായി.
എവിടന്നാ വാങ്ങിയത്?
കരുളായിന്ന്, 1500 ആയി.
നമ്പര്‍ എത്രയാണ്?
അറിയില്ല.
മൊബൈലിലെ അക്കങ്ങള്‍ അറിയുമോ?
ഇല്ല.
അപ്പോള്‍ പിന്നെ എങ്ങനെ വിളിക്കും?
ഇങ്ങോട്ട് അയ്യപ്പന്‍ വിളിക്കും.( അയ്യപ്പന്‍ ശോഭയുടെ സഹോദരനാണ്. )
വേറെ ആരെങ്കിലും വിളിക്കുമോ?
ഇല്ല.
ഈ കാട്ടില്‍ എങ്ങനെയാണ് മൊബൈല്‍ ചാര്‍ജ് ചെയ്യുക?
അത് ബാറ്ററി ഉണ്ട്. അത് സൊസൈത്തീന്ന് ചാര്‍ജ്ജ് ചെയ്യും.
കുട്ടികള്‍ ഇപ്പോഴും ചക്ക തിന്നു കൊണ്ടിരിക്കുകയാണ്. അടുപ്പില്‍ തീ പുകയാന്‍ തുടങ്ങിയിരിക്കുന്നു. അപ്പോഴേക്കും ചക്ക പകുതിയിലേറെ തീര്‍ന്നു. ഇതുവരെയും ഭക്ഷണം കഴിച്ചിട്ടില്ല, കുട്ടികളും. മഴക്കാലം സമ്മാനിക്കുന്ന വറുതികള്‍ ഇവര്‍ക്ക് ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. വയറു നിറച്ചുണ്ണുന്നവന്റെയും വയറ് വിശന്നു കരയുന്നവന്റെയും മഴക്ക് ഒരേ സൗന്ദര്യമായിരിക്കുമോ?
മഴ പിന്നെയും പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. പുഴക്കക്കരെയെത്തല്‍ വലിയൊരു അസ്വസ്ഥത മനസ്സിലുണ്ടാക്കുന്നു. സമയം സന്ധ്യയാവാറായിരിക്കുന്നു. ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി.
(ചോലനായ്ക്ക കോളനിയിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. വനം വകുപ്പില്‍നിന്നുള്ള പ്രത്യേക അനുമതിയോടെയേ അവിടങ്ങളില്‍ പോകാനാവൂ. നിലമ്പൂരില്‍ നിന്ന് കരുളായി വരെ ബസില്‍ എത്തിച്ചേരാം. നെടുങ്കയം വനത്തിലൂടെ സഞ്ചരിക്കാന്‍ ഫോര്‍വീലര്‍ ജീപ്പു കൂടിയേ തീരൂ. )
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.