തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് പൂർത്തിയായപ്പോൾ വ്യക്തമായ മേൽക്കൈ നേടിയെന്ന ഉറച്ച ആത്മവിശ്വാസത്തിൽ യു.ഡി.എഫ് ക്യാമ്പ്. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ തെരഞ്ഞെടുപ്പിലും സ്വന്തമാക്കിയ മുൻതൂക്കം തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ഉറപ്പിക്കുകയാണ് നേതൃത്വം.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ കൃത്യമായി പ്രാവർത്തികമാക്കുകയും രാഷ്ട്രീയ ആയുധങ്ങൾ ലക്ഷ്യത്തിൽ തറക്കുകയും ചെയ്തുവെന്നു മാത്രമല്ല, ‘ഇലക്ഷൻ അജണ്ട’ നിശ്ചയിക്കുംവിധം കരുത്തുറ്റ സാന്നിധ്യമായി യു.ഡി.എഫിന് ഇക്കുറി മാറാനായി എന്നും നേതാക്കൾ അടിവരയിടുന്നു. ഇത് വോട്ടെണ്ണലിൽ കൃത്യമായി പ്രതിഫലിക്കും.
2026ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കുന്ന തദ്ദേശ പോരിലെ അന്തിമഫലം സംസ്ഥാനത്ത് ഭരണമാറ്റം ആസന്നമായി എന്നതിന്റെ വ്യക്തമായ സൂചന നൽകുമെന്നാണ് മുന്നണി നേതാക്കളുടെ ആത്മവിശ്വാസം. ഭരണവിരുദ്ധ വികാരം ശക്തമായി അലയടിച്ച തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ കല്ലുപോലെ ഉറച്ച കോട്ടകളിലും തട്ടകങ്ങളിലും ഇളക്കം തട്ടിക്കാനായി എന്ന് യു.ഡി.എഫ് വിലയിരുത്തുന്നു.
വിലക്കയറ്റം, തദ്ദേശ സ്ഥാപനങ്ങളിലെ സാമ്പത്തിക പ്രതിസന്ധി, ആരോഗ്യമേഖലയിലെ തകർച്ച തുടങ്ങിയ വിഷയങ്ങൾ ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെ ശക്തമായ വികാരം ഉണ്ടാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. ഈ ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ. ഗ്രാമപഞ്ചായത്തുകളിൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഭരണം പിടിക്കുമെന്നും കഴിഞ്ഞതവണത്തെക്കാൾ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കും എന്നുമാണ് പ്രതീക്ഷ. രണ്ടാംഘട്ട വോട്ടിങ്ങിന്റെ തലേന്ന് പ്രതിപക്ഷത്തെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവ് അക്കമിട്ട് മറുപടി നൽകിയതും പരസ്യ സംവാദത്തിന് വെല്ലുവിളിച്ചതും രാഷ്ട്രീയമായി മേൽ കൈയുണ്ടാക്കി. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ വസ്തുത പരമെന്ന് പൊതു സമൂഹത്തിൽ ധാരണ ഉണ്ടാക്കാൻ ഈ വെല്ലുവിളിക്കും വസ്തുത നിരത്തലിനും സാധിച്ചു എന്നാണ് കണക്കാക്കുന്നത്.
ഭരണവിരുദ്ധ വികാരത്തിന് മറയിടാൻ ക്ഷേമ പെൻഷൻ പിടിവള്ളിയാക്കിയ ഇടതുമുന്നണിയെ ശബരിമല സ്വർണക്കൊള്ള മുൻനിർത്തി പ്രതിരോധത്തിലാക്കാൻ കഴിഞ്ഞുവെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു. യു.ഡി.എഫിന്റെ ഘടകകക്ഷികൾ തമ്മിൽ കെട്ടുറപ്പോടെയാണ് മുന്നോട്ടുപോയത്.
ടീം യു.ഡി.എഫ് എന്ന നിലയിലെ പ്രവർത്തനത്തുടർച്ച എല്ലാ ജില്ലകളിലും ചെറുതല്ലാത്ത ഗുണം ചെയ്തു. അവസാന ഘട്ടത്തിൽ ഉയർന്ന രാഹുല് മാങ്കൂട്ടത്തില് വിഷയം ജനവിധിയെ ബാധിക്കില്ലെന്നും നേതൃത്വം ആവർത്തിക്കുന്നു.
തിരുവനന്തപുരം: കെട്ടുറപ്പോടെയുള്ള പ്രവർത്തനവും വികസനക്ഷേമാനുകൂല്യങ്ങളുടെ തണലും തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുടെ മേധാവിത്വവും അടിത്തറയും ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതു ക്യാമ്പ്. ക്ഷേമ പെൻഷൻ വർധനയ്ക്ക് പുറമേ, യുവാക്കൾക്കുള്ള സ്റ്റൈപ്പൻഡും വീട്ടമ്മമാർക്കുള്ള പെൻഷൻ പ്രഖ്യാപനവും വലിയ പ്രതിഫലനം സൃഷ്ടിച്ചതായി മുന്നണി കണക്കാക്കുന്നു. ഇത് കൃത്യമായും വോട്ടാകും.
ലൈഫ് മിഷൻ, കിഫ്ബി എന്നിവ വഴിയുള്ള വികസന പ്രവർത്തനങ്ങൾ, റേഷൻ വിതരണം തുടങ്ങിയവ സാധാരണ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2000 ആയി ഉയർത്തിയത് അടിസ്ഥാന ജനവിഭാഗങ്ങളിൽ സർക്കാരിറിനോടുള്ള മതിപ്പ് വർധിപ്പിച്ചു. വിവിധ മേഖലകളിൽ സർക്കാർ തുടങ്ങിവെച്ച വികസന പദ്ധതികൾ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളിലും അനുഭവവേദ്യമായിട്ടുണ്ട്. പ്രതിപക്ഷം ഉന്നയിച്ച ഭരണവിരുദ്ധ വികാരമടക്കം രാഷ്ട്രീയ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു. പ്രതിപക്ഷ പ്രചാരണങ്ങൾ സർക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. ശബരിമല വിവാദം പ്രതിപക്ഷം ഉയർത്തിക്കാട്ടിയെങ്കിലും അതിനെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പീഡനാരോപണം മുൻനിർത്തി സമർത്ഥമായി മറികടക്കാനായി. മാത്രമല്ല തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും സംരക്ഷിക്കില്ലെന്ന സർക്കാറിന്റെ പ്രഖ്യാപിത നിലപാടാണ് ശബരിമല വിവാദത്തിൽ മുൻ എം.എൽ.എ അടക്കം അറസ്റ്റിലായതിലൂടെ അടിവരയിടുന്നത് എന്നും സ്ഥാപിക്കാനായി. അവസാന നിമിഷം ദിലീപിനെ പിന്തുണച്ച യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ നിലപാടും ആയുധമാക്കാനായത് സ്ത്രീ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
വലിയ മുന്നേറ്റം പ്രതീക്ഷിച്ചത്തിയ പ്രതിപക്ഷത്തെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തളയ്ക്കാനായതും പ്രതിരോധ മികവായി കണക്കാക്കുന്നനു. മുമ്പില്ലാത്ത വിധം സമുദായ സംഘടനകളെ ഒപ്പം നിർത്താനായി എന്നതാണ് മറ്റൊരു അനുകൂല ഘടകം. എസ്.എൻ.ഡി.പി നേരത്തെ തന്നെ ഒപ്പമുണ്ടെങ്കിലും ഇക്കുറി എൻ.എസ്.എസിനെ കൂടി ചേർത്തുനിർത്താനായി. ഇത് വോട്ടെണ്ണലിൽ കൃത്യമായി പ്രതിഫലിക്കും. കേരള കോൺഗ്രസ് മുന്നണിയിലുള്ളത് ക്രൈസ്തവ സഭകളിലേക്കുള്ള പാലമായി. മാണി കോൺഗ്രസിന്റെ ചുവടു മാറ്റത്തോടെ കഴിഞ്ഞവട്ടം ഒപ്പം കൂടിയ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇക്കുറിയും മുന്നണി നില ഭദ്രമാണ്. ഫലസ്തീൻ വിഷയം, പൗരത്വ നിയമം എന്നിവയിലടക്കം സ്വീകരിച്ച നിലപാടുകൾ മുസ്ലിം ജനവിഭാഗത്തിന്റെയും പിന്തുണക്ക് കാരണമായതായും മുന്നണി വിലയിരുത്തുന്നു.
ബൂത്ത് തലത്തിൽ പാർട്ടിയും മുന്നണിയും കാഴ്ചവെച്ച മികച്ച സംഘടനാ സംവിധാനം അനുകൂല വിധിയെഴുത്തിനുള്ള സാഹചര്യം സൃഷ്ടിച്ചു. മറ്റ് മുന്നണികളെ അപേക്ഷിച്ച് സംഘടനാ സംവിധാനത്തിലെ ഈ മികവ് പഞ്ചായത്ത് മുതൽ കോർപ്പറേഷനുകളിൽ വരെ ജനവിധിയിൽ പ്രകടമാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം, മൂന്നാം ഇടതു സർക്കാറിനുള്ള അടിത്തറ പാകുമെന്നും എൽ.ഡി.എഫ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.