ഹൈകോടതി
കൊച്ചി: കുവൈത്തിൽനിന്ന് കൊച്ചിയിലെത്തിയശേഷം കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ നാടുകടത്തലുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഹൈകോടതി നിർദേശം. അറബി ഭാഷയിലുള്ള രേഖയുടെ പരിഭാഷയാണ് ഹാജരാക്കേണ്ടത്. ബംഗളൂരുവിൽ ഇറങ്ങേണ്ടയാൾ കൊച്ചിയിൽ എത്താനുണ്ടായ സാഹചര്യം ഇപ്പോഴും അവ്യക്തമായി തുടരുന്നത് അപമാനകരമാണ്. കോടതിയുടെ പല ചോദ്യങ്ങൾക്കും ഉത്തരമില്ല. ലഭിച്ച ഉത്തരങ്ങളാകട്ടെ വ്യക്തതയില്ലാത്തതുമാണ്. പിതാവിനെ കാണാതായത് സംബന്ധിച്ച് മകൻ സാന്റോൺ ലാമ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
സാധാരണക്കാർക്ക് ഒരു വിലയും ലഭിക്കാത്ത സംവിധാനത്തിൽ സൂരജ് ലാമക്കുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു. വി.ഐ.പികൾക്ക് മാത്രം പരിഗണന കിട്ടുന്നിടമായി നമ്മുടെ നാട് മാറി.
ആരും ആരെക്കാളും വലുതല്ലെന്നും എല്ലാവരും തുല്യരാണെന്നും തിരിച്ചറിയണം. ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നവർ അതു നടപ്പാക്കുന്നില്ല. ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല.
അലഞ്ഞുതിരിയുന്ന ലാമയെക്കണ്ട പൊലീസ് ആംബുലൻസിൽ കയറ്റി എറണാകുളം മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ആംബുലൻസ് ഡ്രൈവറാണ് ഒ.പി ടിക്കറ്റെടുത്തതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് പൊലീസിന്റെ പക്കലുള്ള രേഖകൾ ഹാജരാക്കണം. ഉത്തരവാദപ്പെട്ട ആരും നടപടി സ്വീകരിച്ചില്ലെന്നതാണ് അവസ്ഥ. ആളെ കാണാതായതിന് ന്യായീകരണമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
ഒക്ടോബർ അഞ്ചിന് പുലർച്ച 2.15നാണ് സൂരജ് ലാമ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്നത്. കുവൈത്തിൽ മദ്യദുരന്തത്തിനിരയായി ഓർമ നഷ്ടപ്പെട്ട നിലയിലായിരുന്നു.
തൃക്കാക്കര പൊലീസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്ന് കാണാതാവുകയായിരുന്നു. കഴിഞ്ഞ ദിവസം കളമശ്ശേരി എച്ച്.എം.ടിക്കു സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് സംശയമുണ്ട്. ഡി.എൻ.എ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.