മുംബൈ: ഗസ്സ ആക്രമണം തുടങ്ങിയ ശേഷം ഇന്ത്യയുമായുള്ള ബന്ധം ഇസ്രായേൽ കൂടുതൽ ശക്തമാക്കിയതായി റിപ്പോർട്ട്. രണ്ട് വർഷത്തിനിടെ ഉന്നത ഇസ്രായേൽ നേതാക്കളുടെ പടയാണ് സഹകരണവും പിന്തുണയും തേടി രാജ്യത്തെത്തിയത്. ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്, സാമ്പത്തിക കാര്യ മന്ത്രി നിർ ബർകാത്, കൃഷി മന്ത്രി അവി ഡിച്ചർ, വിനോദ സഞ്ചാര വകുപ്പ് മന്ത്രി ഹെയ്ം കാറ്റ്സ് തുടങ്ങിയവരായിരുന്നു സന്ദർകരിൽ പ്രമുഖർ.
ഏറ്റവുമൊടുവിൽ വിദേശ കാര്യ മന്ത്രി ഗിദോൺ സആറാണ് ഈ ആഴ്ച ഇന്ത്യ സന്ദർശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സാങ്കേതിക, പ്രതിരോധ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ടായിരിക്കും ചർച്ച നടത്തുക. രണ്ട് ദിവസം നീളുന്ന സന്ദർശനത്തിനിടയിൽ വിദേശ കാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടുത്ത മാസം ഇന്ത്യയിലെത്തുന്നതിന്റെ മുന്നോടിയായാണ് സആറിന്റെ സന്ദർശനമെന്ന് സൂചനയുണ്ട്. മാത്രമല്ല, ജനുവരിയിൽ പ്രതിരോധ മന്ത്രി യോവ് കാറ്റ്സും തുടർന്ന് പ്രസിഡന്റ് ഐസക് ഹെർസോഗും സന്ദർശനത്തിന് പദ്ധതിയിട്ടിട്ടുണ്ട്.
സെപ്റ്റംബറിൽ സ്മോട്രിച്ചിന്റെ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി വ്യാപാര, നിക്ഷേപ കരാറിൽ ഒപ്പിട്ടിരുന്നു. നിക്ഷേപവും വ്യാപാരവും പ്രോത്സാഹിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം. സ്വത്ത് കണ്ടുകെട്ടുന്നതിൽനിന്ന് നിക്ഷേപകർക്ക് സംരക്ഷണം നൽകുന്ന കരാർ, നഷ്ടപരിഹാരവും സുതാര്യതയും ഉറപ്പുവരുത്തുന്നുണ്ട്.
ഗസ്സയിൽ വംശഹത്യ തുടരുന്നതിനിടെ ഇന്ത്യ ഇസ്രായേലുമായി നിക്ഷേപ കരാറിൽ ഒപ്പിട്ടത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ഇരു രാജ്യങ്ങളും തമ്മിൽ 34,616 കോടി രൂപയുടെ വ്യാപാര ബന്ധമാണുള്ളത്. 7,100 കോടി രൂപയുടെ വ്യാപാരമാണ് പുതിയ കരാറിലൂടെ യാഥാർഥ്യമാകുക. ഇസ്രായേലിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവാണ് ഇന്ത്യ. മാത്രമല്ല, ഗസ്സക്കെതിരായ ആക്രമണത്തിനിടെ ഇന്ത്യൻ കമ്പനികൾ ഇസ്രായേലിന് വൻ തോതിൽ ആയുധം വിൽപന നടത്തിയിരുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു. സ്മോട്രിച്ചിന് പിന്നാലെ, സാമ്പത്തിക വിദഗ്ധരുടെ വൻ പ്രതിനിധി സംഘവുമായാണ് സാമ്പത്തിക കാര്യ മന്ത്രി നിർ ബർകാത് രാജ്യത്ത് എത്തിയത്.
40,000 ത്തോളം ഇന്ത്യക്കാർ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വിവിധ മേഖലകളിൽ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്ന ഇസ്രായേൽ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയുടെ സഹായം തേടിയിരുന്നു. ഈ വർഷം നടന്ന മ്യൂണിച്ച് സുരക്ഷ സമ്മേളനത്തിനിടെ ജയ്ശങ്കറുമായി ഗിദോൺ സആർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്രായേലിലൂടെ യു.എസിനെയും ഏഷ്യയെയും യൂറോപിനെയും ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയാണ് ചർച്ച ചെയ്തത്. ഇത്തവണത്തെ കൂടിക്കാഴ്ചയിലും ഈ സാമ്പത്തിക ഇടനാഴി ചർച്ചയാകുമെന്നാണ് സൂചന.
ഗസ്സ വംശഹത്യയുടെ പേരിൽ നിരവധി രാജ്യങ്ങൾ തള്ളിപ്പറഞ്ഞപ്പോൾ ഇസ്രായേലിന് പിന്തുണ നൽകിയ വിരലിലെണ്ണാവുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. കഴിഞ്ഞ വർഷം ഗസ്സയിൽ ഉടൻ വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ പൊതുസഭ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. രാജ്യത്തെ ഫലസ്തീൻ അനുകൂല പ്രതീഷേധങ്ങൾ ഭരണകൂടം അടിച്ചമർത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.