ബെർലിൻ: വെടിനിർത്തൽ ലംഘിച്ചും ഗസ്സയിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടികൾക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ ബെർലിനിലും പാരീസിലും വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ‘വംശഹത്യ നിർത്തുക’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബെർലിനിൽ റാലി നടത്തിയത്. ബെർലിനിൽ നടന്ന പ്രകടനത്തിൽ വംശഹത്യക്കുള്ള ജർമൻ പിന്തുണയെ അപലപിച്ചു. പാരീസിൽ പങ്കെടുത്തവർ ഫലസ്തീനികൾക്കൊപ്പവും ലോകമെമ്പാടുമുള്ള മറ്റ് അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ഗസ്സയിൽ 2025 ഒക്ടോബറിൽ ഒപ്പുവച്ച വെടിനിർത്തൽ കരാർ ഇസ്രായേൽ ആവർത്തിച്ച് ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രകടനങ്ങൾ.
ബെർലിനിലെ വെഡ്ഡിംഗ് ജില്ലയിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടി. ഗസ്സയെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് മാർച്ച് ചെയ്തു. വംശഹത്യ അവസാനിപ്പിക്കാനും ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും ആഹ്വാനം ചെയ്യുന്ന ബാനറുകൾ പ്രകടനക്കാർ ഉയർത്തിപ്പിടിച്ചു. ഗസ്സയിൽ തുടർച്ചയായ കുറ്റകൃത്യങ്ങൾക്കിടയിലും ഇസ്രായേലിന് സൈനികവും രാഷ്ട്രീയവുമായ പിന്തുണ തുടരുന്നതിന് ജർമൻ സർക്കാറിനെയും പ്രതിഷേധക്കാർ വിമർശിച്ചു. ജർമൻ പൊലീസ് നാലു പേരെയെങ്കിലും കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്.
ഫലസ്തീൻ, സുഡാൻ, വെനിസ്വേല എന്നിവിടങ്ങളിലെ അടിച്ചമർത്തലുകളിൽ പ്രതിഷേധിച്ച് പാരീസിൽ നൂറുകണക്കിന് ആളുകൾ തെരുവിൽ അണിനിരന്നു. അവർ ഫലസ്തീൻ, വെനിസ്വേലൻ പതാകകൾ വീശി. ‘ഇസ്രായേലിനെ ബഹിഷ്കരിക്കുക’ തുടങ്ങിയ ബാനറുകൾ പിടിച്ചു.
വെടിനിർത്തൽ കരാർ വന്നതിനുശേഷമുള്ള ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 576 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും മാനുഷിക സഹായം വിതരണം ചെയ്യുന്നത് തടഞ്ഞതായും റിപ്പോർട്ടുണ്ട്. നിലവിലുള്ള പ്രതിസന്ധി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര നടപടിയുടെ അടിയന്തര ആവശ്യകത ഇരു നഗരങ്ങളിലെയും പ്രതിഷേധക്കാർ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.