ഇംഗ്ലണ്ട് ബൗളർ സാം കറനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
മുംബൈ: ട്വന്റി20 ലോകകപ്പിൽ വൻ അട്ടിമറിയിൽനിന്ന് രക്ഷപ്പെട്ട് മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. നേപ്പാളിനെതിരെ നാല് റൺസിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷുകാർ 20 ഓവറിൽ ഏഴ് വിക്കറ്റിന് 184 റൺസെടുത്തു. മറുപടിയിൽ എതിരാളികളെ അക്ഷരാർഥത്തിൽ വിറപ്പിച്ച നേപ്പാളീസ് പോരാട്ടം 20 ഓവറിൽ ആറ് വിക്കറ്റിന് 180ൽ അവസാനിച്ചു. 18 പന്തിൽ 39 റൺസുമായി പുറത്താവാതെ നിൽക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വിൽ ജാക്സാണ് കളിയിലെ താരം.
അവസാന മൂന്ന് ഓവറിൽ നേപ്പാളിന് ജയിക്കാൻ 46 റൺസ് വേണ്ടിയിരുന്നു. ജോഫ്ര ആർച്ചർ എറിഞ്ഞ 18ാം ഓവറിലെ രണ്ടാം പന്തിൽ ആരിഫ് ഷെയ്ഖ് (10) മടങ്ങിയെങ്കിലും ലോകേഷ് ബാം കത്തിക്കയറിയപ്പോൾ 22 റൺസ് പിറന്നു. 19ാം ഓവറിലെ ലൂക് വുഡിനെയും ലോകേഷ് കൈകാര്യം ചെയ്തു. ഈ ഓവറിലെ അവസാന പന്തിൽ ഗുൽസൻ ഝാ (1) ബൗൾഡ്. 20ാം ഓവറിൽ ആവശ്യം 10 റൺസ്. സാം കറൻ പക്ഷേ, വഴങ്ങിയത് അഞ്ച് റൺസ് മാത്രം. 20 പന്തിൽ 39 റൺസുമായി ലോകേഷ് പുറത്താവാതെ നിന്നു. ദീപേന്ദ്ര സിങ് അയ്റി 29 പന്തിൽ 44ഉം ക്യാപ്റ്റൻ രോഹിത് പൗഡൽ 34 പന്തിൽ 39ഉം റൺസ് നേടി.
ഇംഗ്ലണ്ടിനായി ലിയാം ഡൗസൻ രണ്ടും ജാക്സിനു പുറമേ, കറനും ആർച്ചറും ഓരോ വിക്കറ്റും വീഴ്ത്തി. ഇംഗ്ലീഷ് ബാറ്റർമാരിൽ ജേക്കബ് ബേത്തലും (35 പന്തിൽ 55) ക്യാപ്റ്റൻ ഹാരി ബ്രൂക്കും (32 പന്തിൽ 53) അർധശതകങ്ങൾ കുറിച്ചു. അയ്റിയും നന്ദൻ യാദവും രണ്ട് വിക്കറ്റ് വീതം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.