ദുബൈ: ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 229 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറിൽ 228ന് ഓൾഔട്ടാകുകയായിരുന്നു.
കന്നി സെഞ്ച്വറിയുമായി ചെറുത്തുനിന്ന തൗഹീദ് ഹൃദോയിയും(100) ജാക്കർ അലിയും (68) നടത്തിയ ചെറുത്ത് നിൽപ്പാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
35 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് വീണ ബംഗ്ലാദേശിനെ ഹൃദേയിയും അലിയും ചേർന്ന് കരകയറ്റുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ചും ഹർഷിദ് റാണ് മൂന്നും അക്ഷർ പട്ടേൽ രണ്ടും വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ ഞെട്ടിച്ചാണ് ഇന്ത്യ തുങ്ങിയത്. ആദ്യ ഓവറിൽ തന്നെ ഓപണർ സൗമ്യ സർക്കാറിനെ (1) രാഹുലിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി വരവറിയിച്ചു. തൊട്ടടുത്ത ഓവറിൽ നജ്മുൽ ഹുസൈന് ഷാന്റോയെ അകൗണ്ട് തുറക്കും മുൻപെ ഹർഷിദ് റാണ പുറത്താക്കി. വിരാട് കോഹ്ലി പിടിച്ചാണ് ഷാന്റോ മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ മെഹ്ദി ഹസൻ മിറാസ്(5) മുഹമ്മദ് ഷമിക്ക് വിക്കറ്റ് നൽകി മടങ്ങിയതോടെ ബംഗ്ലാദേശ് മൂന്ന് വിക്കറ്റിന് 26 റൺസെന്ന നിലയിൽ പരുങ്ങലിലായി.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും പിടിച്ചു നിന്ന ഓപണർ തൻസിദ് ഹസനെയും (25) വീഴ്ത്തി അക്ഷർ പട്ടേൽ കൂടുതൽ പ്രതിരോധത്തിലാക്കി. അടുത്ത പന്തിൽ മുഷ്ഫിഖുർ റഹീമിനെ (0) പുറത്താക്കി പട്ടേൽ ഞെട്ടിച്ചു. തുടർന്നെത്തിയ ജാകർ അലി ആദ്യപന്തിൽ രോഹിതിന്റെ കൈകളിലേക്ക് ക്യാച്ച് വെച്ച് നൽകിയെങ്കിലും വിട്ടുകളഞ്ഞു. അക്ഷറിന്റെ ഹാട്രികാണ് രോഹിതിന്റെ കൈകളിലൂടെ ചോർന്നത്.
അഞ്ചിന് 35 റൺസ് എന്ന നിലയിൽ ബാറ്റിങ്ങ് തുടർന്ന ജാകർ അലി- ഹൃദോയി കൂട്ടുകെട്ട് പൊളിയുന്നത്. 42.4 ഓവറിൽ 189 റൺസിലാണ്. മുഹമ്മദ് ഷമിയുടെ പന്തിൽ കോഹ്ലി പിടിച്ചാണ് അലി (68) പുറത്തായത്. തൻസിം ഹസൻ സാകിബിനെയും (0), തസ്കിൻ അഹമ്മദിനെയും (3) പുറത്താക്കി ഷമി അഞ്ച് വിക്കറ്റ് തികച്ചു. റാഷിദ് ഹുസൈനെയും (18) 100 റൺസ് തികച്ച ഹൃദോയിയേയും പുറത്താക്കി റാണ ബംഗ്ലാദേശ് ഇന്നിങ്സിന് വിരാമമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.