പല്ലെക്കലെ (ശ്രീലങ്ക): ട്വന്‍റി20 ലോകകപ്പിലെ നിർണായകമായ അയർലൻഡ്-സിംബാബ്‌വെ മത്സരം ഒരു പന്ത് പോലും എറിയാനാകാതെ മഴമൂലം ഉപേക്ഷിച്ചു. നിർത്താതെ പെയ്ത മഴ കാരണം ടോസ് പോലും ഇടാൻ സാധിച്ചില്ല. ഓവർ പരമാവധി ചുരുക്കി മത്സരം നടത്താനുള്ള കട്ട്-ഓഫ് ടൈമായ 6:10 വരെ കാത്തിരുന്നെങ്കിലും, മഴ തുടർന്നതോടെ മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബി ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽനിന്ന് അഞ്ച് പോയിന്‍റുമായി സിംബാബ്‌വെ സൂപ്പർ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. ഒപ്പം മുൻ ചാമ്പ്യന്മാരായ ആസ്‌ട്രേലിയ ടൂർണമെന്റിൽനിന്ന് പുറത്താവുകയും ചെയ്തു.
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്‌വെക്ക് ആകെ ആകെ പോയിന്റായി. സിംബാബ്‌വെയോടും ശ്രീലങ്കയോടും തോറ്റ ആസ്‌ട്രേലിയയ്ക്ക് നിലവിൽ രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഇനി ഒമാനെതിരായ ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും അത് ജയിച്ചാലും ആസ്‌ട്രേലിയക്ക് പരമാവധി നാല് പോയിന്റ് മാത്രമേ ലഭിക്കൂ.
മുമ്പ് ഏഴ് തവണ ടി20 ലോകകപ്പ് കളിച്ചിട്ടുണ്ടെങ്കിലും പ്രാഥമിക ഘട്ടം പിന്നിടാൻ സിംബാബ്‌വെക്ക് കഴിഞ്ഞിരുന്നില്ല. ഇത്തവണ ഓസ്‌ട്രേലിയയെ അട്ടിമറിച്ചതടക്കമുള്ള മികച്ച പ്രകടനത്തിലൂടെ അവർ സൂപ്പർ എട്ടിൽ ഇടംപിടിച്ചു. പരിക്കേറ്റ നായകൻ പോൾ സ്റ്റിർലിങ്ങിന്റെ അഭാവത്തിൽ ലോർക്കൻ ടക്കർ ആണ് ഇന്ന് ടീമിനെ നയിക്കാനിരുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒമാനെതിരെ 235 റൺസ് നേടി അയർലൻഡ് കരുത്ത് കാട്ടിയിരുന്നു.
സിക്കന്ദർ റാസയുടെ നേതൃത്വത്തിൽ ഇറങ്ങിയ സിംബാബ്‌വെ, ഈ ടൂർണമെന്റിലെ കറുത്ത കുതിരകളായി മാറിയിരിക്കുകയാണ്. ടൂർണമെന്റിലെ ഫേവറിറ്റുകളായ ആസ്‌ട്രേലിയ ഇത്ര നേരത്തെ പുറത്തായത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.