കൊളംബോ: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക് ബാറ്റിങ് നിരയുടെ ഇന്നിങ്സ് 114 റൺസിൽ അവസാനിച്ചു. 61 റൺസിനാണ് ഇന്ത്യയുടെ ജയം. 44 റൺസ് നേടിയ ഉസ്മാൻ ഖാനാണ് പാകിസ്താന്‍റെ ടോപ് സ്കോറർ.
തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ, ചേസിങ്ങിന്‍റെ ഒരുഘട്ടത്തിലും പാകിസ്താന് വെല്ലുവിളി ഉയർത്താനായില്ല. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് കളിയിലെ താരം. തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പർ എട്ട് ബർത്ത് ഉറപ്പാക്കി. നമീബിയക്കെതിരെ ജയിച്ചാൽ പാകിസ്താനും അടുത്ത റൗണ്ടിലെത്താം. സ്കോർ: ഇന്ത്യ -20 ഓവറിൽ ഏഴിന് 175, പാകിസ്താൻ -18 ഓവറിൽ 114ന് ഓൾഔട്ട്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ആദ്യ ഓവറിൽ തന്നെ സാഹിബ് സാദ ഫർഹാനെ (പൂജ്യം) നഷ്ടമായി. ഹാർദിക് പാണ്ഡ്യയാണ് വിക്കറ്റ് മെയ്ഡനായ ആദ്യ ഓവർ എറിഞ്ഞത്. ഫർഹാൻ ഉയർത്തിയടിച്ച പന്ത് 30 യാർഡ് സർക്കിളിനുള്ളിൽ റിങ്കു സിങ് കൈയിലൊതുക്കി. ജസ്പ്രീത് ബുംറയെറിഞ്ഞ രണ്ടാം ഓവറിൽ രണ്ട് വിക്കറ്റുകൾ കൂടി വീണു. സയിം അയൂബ് വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ, പാക് ക്യാപ്റ്റൻ സൽമാൻ ആഗയെ ബുംറ ഹാർദിക്കിന്‍റെ കൈകളിലെത്തിച്ചു. ഇതോടെ പാകിസ്താന്‍റെ സ്കോർ രണ്ടോവറിൽ മൂന്നിന് 13 എന്ന നിലയിലായി.
പവർപ്ലേയിൽ തന്നെ ബാബർ അസമിനെ (അഞ്ച്) കൂടി മടക്കി ഇന്ത്യ പാകിസ്താനെ പ്രതിരോധത്തിലാക്കി. മധ്യനിരയിൽ ഉസ്മാൻ ഖാന്‍റെ ചെറുത്തുനിൽപ്പ് മാത്രമാണ് പാകിസ്താന് ഓർത്തുവെക്കാനുള്ളത്. 34 പന്തിൽ ആറ് ഫോറും ഒരു സിക്സും സഹിതം 44 റൺസാണ് താരം നേടിയത്.
ശദാബ് ഖാൻ (14), മുഹമ്മദ് നവാസ് (നാല്), ഫഹീം അഷ്റഫ് (10), അബ്രാർ അഹ്മദ് (പൂജ്യം), ഷഹീൻ അഫ്രീദി (23*), ഉസ്മാൻ താരിഖ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. അവസാന ഓവറുകളിൽ ഷഹീന്‍റെ ചെറുത്തുനിൽപ്പാണ് ടീം സ്കോർ മൂന്നക്കം കടത്തിയത്. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി.
അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷന്‍റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ അവസാന ഓവറുകളിൽ ശിവം ദുബെയുടെ വമ്പൻ ഷോട്ടുകൾ സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. സഞ്ജു സാംസണെ ബെഞ്ചിലിരുത്തി കളത്തിലിറങ്ങിയ അഭിഷേക് ശർമ (പൂജ്യം) നിരാശപ്പെടുത്തി. പാകിസ്താനായി സയിം അയൂബ് മൂന്ന് വിക്കറ്റ് നേടി. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 175 റൺസ് നേടിയത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ഓപണർ അഭിഷേക് ശർമയെ നഷ്ടമായത് തിരിച്ചടിയായി. യു.എസ്.എക്കെതിരായ മത്സരത്തിലേതിനു സമാനമായി ഇന്നും സംപൂജ്യനായാണ് താരം മടങ്ങിയത്. നേരിട്ട നാലാമത്തെ പന്തിൽ ഷഹീൻ അഫ്രീദിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. നിലയുറപ്പിച്ചു കളിച്ച ഇഷാൻ കിഷൻ പാക് ബൗളർമാരെ കണക്കിനു ശിക്ഷിച്ചു. 40 പന്തിൽ 10 ഫോറും മൂന്ന് സിക്സുമുൾപ്പെടെ 77 റൺസ് നേടിയ താരത്തെ, ഒമ്പതാം ഓവറിൽ സയിം അയൂബാണ് പുറത്താക്കിയത്. തിലകിനൊപ്പം രണ്ടാം വിക്കറ്റിൽ നിർണായക 87 റൺസിന്‍റെ പാർട്നർഷിപ് ഒരുക്കിയാണ് കിഷൻ ക്രീസ് വിട്ടത്.
ക്യാപ്റ്റൻ സൂര്യകുമാറിനൊപ്പം ക്ഷമയോടെ കളിച്ച തിലക് വർമ 15-ാം ഓവറിൽ വീണു. ഇത്തവണയും അയൂബ് തന്നെയാണ് വിക്കറ്റ് നേടിയത്. സ്റ്റമ്പിലക്കെത്തിയ പന്ത് പാഡിൽ തട്ടിയതോടെ അമ്പയർ ഔട്ട് വിധിച്ചു. 24 പന്തിൽ 25 റൺസാണ് തിലകിന്‍റെ സമ്പാദ്യം. തൊട്ടടുത്ത പന്തിൽ ഹാർദിക് പാണ്ഡ്യ (പൂജ്യം) പുറത്തായതോടെ ഇന്ത്യൻ ക്യാമ്പിൽ സമ്മർദമായി. നേരിട്ട ആദ്യ പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച താരത്തെ ബൗണ്ടറി ലൈനിനരികെ ബാബർ അസം പിടികൂടുകയായിരുന്നു. ഇതേ ഓവറിൽ ശിവം ദുബെയുടെ വിക്കറ്റിനായി പാക് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അമ്പയർ നൽകിയില്ല. പിന്നാലെ അവർ ഡി.ആർ.എസ് എടുത്തെങ്കിലും നോട്ടൗട്ടാണെന്ന് ടി.വി റിപ്ലേയിൽ വ്യക്തമായി.
സൂര്യകുമാറിനെ 19-ാം ഓവറിൽ ‘മിസ്ട്രി സ്പിന്നർ’ ഉസ്മാൻ താരിഖ് മടക്കി. വമ്പൻ ഷോട്ടിന് ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിൽ സയിം അയൂബ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 20-ാം ഓവറിൽ 16 റൺസ് അടിച്ചെടുക്കായെങ്കിലും, അവസാന രണ്ട് പന്തുകളിൽ വിക്കറ്റുകൾ വീണത് ഇന്ത്യക്ക് തിരിച്ചടിയായി. ശിവം ദുബെ (17 പന്തിൽ 27) റണ്ണൗട്ടായപ്പോൾ അക്സർ പട്ടേൽ (പൂജ്യം) ക്യാച്ച് സമ്മാനിച്ച് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.