പശ്ചിമ ബംഗാളിന്റെ വിക്കറ്റ് വീഴ്ത്തിയ ജമ്മു-കശ്മീരിന്റെ ആഖ്വിബ് നബി സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ
കല്യാണി (പശ്ചിമ ബംഗാൾ): രഞ്ജി ട്രോഫി സെമി ഫൈനലിൽ ഒന്നാമിന്നിങ്സിലെ മുൻതൂക്കം കളഞ്ഞുകുളിച്ച് പശ്ചിമ ബംഗാൾ. ജമ്മു-കശ്മീരിനെ ആദ്യ ഇന്നിങ്സിൽ 302 റൺസിന് മടക്കി 26 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ആതിഥേയർ രണ്ടാംവട്ടം വെറും 99 റൺസിന് കൂടാരം കയറിയപ്പോൾ സന്ദർശകർ വിജയപ്രതീക്ഷയിലായി. ഫൈനലിലെത്താൻ 126 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കശ്മീർ മൂന്നാംദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 43 റൺസ് എന്ന നിലയിലാണ്. എട്ട് വിക്കറ്റ് കൈയിലിരിക്കെ അവർക്കും കലാശപ്പോരിനുമിടയിൽ 83 റൺസാണ് ദൂരം. ശുഭം പൻഡിറും (23) വൻഷജ് ശർമയും (9) ആണ് ക്രീസിൽ.
നേരത്തേ നാലുവിക്കറ്റ് വീതം വീഴ്ത്തിയ പേസർമാരായ ആഖ്വിബ് നബിയും സുനിൽകുമാറുമാണ് ബംഗാളിനെ രണ്ടക്കത്തിൽ ഒതുക്കിയത്. യുധ്വീർ സിങ് രണ്ട് വിക്കറ്റെടുത്തു. 24 റൺസെടുത്ത ഷഹ്ബാസ് അഹ്മദ് ആയിരുന്നു ബംഗാളിന്റെ ടോപ്സ്കോറർ. ആദ്യവട്ടം സെഞ്ച്വറിയടിച്ച സുധീപ് കുമാർ ഗറാമി പൂജ്യത്തിനും നായകൻ അഭിമന്യൂ ഈശ്വരൻ അഞ്ച് റൺസിനും പുറത്തായി. ആദ്യ ഇന്നിങ്സിൽ ആഖ്വിബ് അഞ്ചും സുനിൽ മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു.
അഞ്ചിന് 198 റൺസുമായി മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കശ്മീരിനെ 302 റൺസിലൊതുക്കി ലീഡ് നേടാൻ ബംഗാളിനെ സഹായിച്ചത് എട്ട് വിക്കറ്റ് കൊയ്ത ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ബൗളിങ്ങാണ്. ഒരുഘട്ടത്തിൽ എട്ടിന് 231ലേക്ക് വീണ കശ്മീരിനെതിനെ ബംഗാൾ മികച്ച ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും വാലറ്റത്ത് ആഖ്വിബ് നബിയും (42) യുധ്വീർ സിങ്ങും (33) ചെറുത്തുനിൽക്കുകയായിരുന്നു.
ലഖ്നോ: രഞ്ജി ട്രോഫിയിൽ ഫൈനൽ പ്രതീക്ഷ സജീവമാക്കി കർണാടക. ആദ്യ ഇന്നിങ്സിൽ 736 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയ കർണാടക മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡിന്റെ അഞ്ച് വിക്കറ്റുകൾ 149 റൺസിനിടെ വീഴ്ത്തുകയും ചെയ്തു. രണ്ടു ദിവസം ശേഷിക്കെ കർണാടകക്കൊപ്പമെത്താൻ ഉത്തരാഖണ്ഡിന് 587 റൺസ് കൂടി വേണം.
52 റൺസുമായി ലക്ഷ്യ റായ്ചന്ദാനിയും 10 റൺസോടെ സൗരഭ് റാവത്തുമാണ് ക്രീസിൽ. ഭൂപൻ ലൽവാനി (15), പ്രശാന്ത് ചോപ്ര (5), അവ്നീഷ് സുധ (27), ക്യാപ്റ്റൻ കുനാൽ ചന്ദേല (12), ജഗദീശ സുജിത് (21) എന്നിവരാണ് പുറത്തായത്. കർണാടകക്കായി വിദ്യാധർ പാട്ടീൽ രണ്ട് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ, വിജയകുമാർ വൈശാഖ്, ശ്രേയസ്സ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു.
നേരത്തേ ആറിന് 689 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന കർണാടക ഇന്നിങ്സ് 736ന് അവസാനിച്ചു. കഴിഞ്ഞദിവസം സെഞ്ച്വറിയടിച്ചിരുന്ന രവിചന്ദ്രൻ സ്മാരൻ 135നും വിദ്യാധർ പാട്ടീൽ 54നും പുറത്തായി. ഉത്തരാഖണ്ഡിനായി ആദിത്യ പാട്ടീൽ നാലും മായങ്ക് മിശ്ര മൂന്നും വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.