സെഞ്ച്വറിയ നേടിയ ശ്രീലങ്കയുടെ പതും നിസ്സങ്ക
പല്ലേക്കലെ (ശ്രീലങ്ക): ട്വന്റി20 ലോകകപ്പ് കിരീടമുയർത്താനെത്തിയ ആസ്ട്രേലിയക്ക് ഗ്രൂപ്പ് റൗണ്ടിൽ രണ്ടാം തോൽവി. ആതിഥേയരായ ശ്രീലങ്കക്ക് മുന്നിൽ എട്ടു വിക്കറ്റിന്റെ വമ്പൻ തോൽവി വഴങ്ങിയ കങ്കാരുപ്പട ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ നിന്നും പുറത്താവലിന്റെ വക്കിലായി. നേരത്തെ സിംബാബ്വെയോടും, പിന്നാലെ ശ്രീലങ്കയോടും തോറ്റ ഓസീസിന് ഒമാനെതിരായ അവസാന മത്സരം ജയിച്ചാലും കാര്യമില്ലെന്നായി. ചൊവ്വാഴ്ച അയർലൻഡിനെതിരെ സിംബാബ്വെ ജയിച്ചാൽ ഓസീസിന് അവസാന കളി കാത്തിരിക്കാതെ മടക്കടിക്കറ്റ് ബുക്ക് ചെയ്യാം.
ആദ്യം ബാറ്റുചെയ്ത് 181റൺസെടുത്ത ആസ്ട്രേലിയ സുരക്ഷിതമെന്നുറപ്പിച്ച സ്കോറിലെത്തിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ പിടിച്ചു കെട്ടാനായില്ല. സ്വന്തം നാട്ടുകാരുടെ ആർപ്പുവിളിക്കിടെ ഉശിരോടെ ബാറ്റ് വീശിയ ലങ്കയെ ഓപണർ പതും നിസ്സങ്ക 52 പന്തിൽ 100 റൺസിലെത്തിയ മിന്നൽ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു. രണ്ടാം ഓവറിൽ ഓപണർ കുശാൽ പെരേരയെ (1) നഷ്ടമായെങ്കിലും, കുശാൽ മെൻഡിസിനെ (51) കൂട്ടുപിടിച്ചായിരുന്നു ശ്രീലങ്ക കുതിച്ചത്. നിസ്സങ്ക 100 റൺസുമായി പുറത്താവാതെ നിന്നു. രണ്ട് ഓവറും എട്ടു വിക്കറ്റും ബാക്കിനിൽക്കെയായിരുന്നു ലങ്കയുടെ ആധികാരിക വിജയം. അവസാന ഓവറുകളിൽ പവൻ രത്നായകകെ 28 റൺസുമായി പുറത്താകാതെ നിന്നു.
ലങ്കൻ ബാറ്റിങ്ങിനെ പിളർത്താൻ ഓസീസ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും വിജയിക്കാനായില്ല. മാർകസ് സ്റ്റോയിനിസ്, ആഡം സാംപ ഉൾപ്പെടെ എറിഞ്ഞവർക്കെല്ലാം നന്നായി തല്ലുകിട്ടി.
ആസ്ട്രേലിയൻ ബാറ്റിങ് നിരയിൽ ഓപണർമാരായ ക്യാപ്റ്റൻ മിച്ചൽ മാർഷും ട്രാവിസ് ഹെഡും നൽകിയ മിന്നും തുടക്കം ഏറ്റെടുക്കുന്നതിൽ മധ്യനിര പരാജയപ്പെട്ടു. മാർഷ് 27 പന്തിൽ 54ഉം ഹെഡ് 29 പന്തിൽ 56ഉം റൺസടിച്ചു. ഒമ്പതാം ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാത 100 കടന്ന ടീമാണ് പിന്നീട് തകർന്നത്.
റൺറേറ്റ് 10ന് മുകളിലാക്കി ആഞ്ഞടിച്ച മാർഷ്-ഹെഡ് ജോടിയുടെ പ്രകടനം കണ്ടപ്പോൾ ഓസീസ് 250ന് മുകളിൽ സ്കോർ ചെയ്യുമെന്ന് തോന്നി. 104ലാണ് ഹെഡ് വീണത്. കാമറൂൺ ഗ്രീൻ മൂന്നും ടിം ഡേവിഡ് ആറും റൺസിന് മടങ്ങി. ജോഷ് ഇംഗ്ലിസ് 22 പന്തിൽ 27ഉം ഗ്ലെൻ മാക്സ്വെൽ 15 പന്തിൽ 22ഉം റൺസ് ചേർത്തു. വാലറ്റത്ത് ആർക്കും രണ്ടക്കം കടക്കാനായില്ല. ലങ്കക്കായി ദുഷൻ ഹേമന്ത മൂന്നും ദുഷ്മന്ത ചമീര രണ്ടും വിക്കറ്റെടുത്തു.
അവസാന കളിയിൽ ഒമാനെതിരെ ജയിച്ചാൽ മാത്രം ആസ്ട്രേലിയക്ക് വിജയിക്കാനാവില്ല. മൂന്നിൽ മൂന്നും ജയിച്ച ശ്രീലങ്ക ഇതിനകം സൂപ്പർ എട്ടുറപ്പിച്ചു. രണ്ടാമതുള്ള സിംബാബ്വെക്ക് രണ്ട് കളിയിലെ ജയവുമായി നാല് പോയന്റുണ്ട്. മൂന്ന് കളിയിൽ ഒരു ജയവും രണ്ട് തോൽവിയുമുള്ള ആസ്ട്രേലിയക്ക് രണ്ട് പോയന്റ് മാത്രമാണുള്ളത്. അതേസമയം, രണ്ട് കളി മാത്രം കഴിഞ്ഞ സിംബാബ്വെ ചൊവ്വാഴ്ച അയർലൻഡിനെ തോൽപിക്കുന്നതോടെ ഓസീസിന്റെ വാതിലുകൾ അടയും. 19ന് ശ്രീലങ്കക്കെതിരെയൊണ് സിംബാബ്വെയുടെ അവസാന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.