രചിൻ രവീന്ദ്ര ബാറ്റിങ്ങിനിടെ
ചെന്നൈ: ട്വന്‍റി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് സൂപ്പർ എട്ട് റൗണ്ടിലേക്ക് കടന്നു. യുവരാജ് സമ്രയുടെ സെഞ്ച്വറിയുടെ കരുത്തിൽ കാനഡ ഉയർത്തിയ 174 റൺസിന്‍റെ വിജയലക്ഷ്യം 29 പന്തുകൾ ശേഷിക്കേ കിവീസ് മറികടന്നു. ഗ്ലെൻ ഫിലിപ്‌സിന്റെയും രചിൻ രവീന്ദ്രയുടെയും അപരാജിത അർധസെഞ്ച്വറികളാണ് കിവികൾക്ക് അനായാസ ജയം സമ്മാനിച്ചത്. സ്കോർ: കാനഡ -20 ഓവറിൽ നാലിന് 173, ന്യൂസിലൻഡ് -15.1 ഓവറിൽ രണ്ടിന് 176.
ന്യൂസിലൻഡിനായി ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ച്വറിയാണ് ഗ്ലെൻ ഫിലിപ്‌സ് ചെന്നൈയിൽ കുറിച്ചത്. 36 പന്തിൽ നിന്ന് പുറത്താകാതെ 76 റൺസാണ് ഫിലിപ്സ് അടിച്ചെടുത്തത്. ആറ് സിക്സറുകളും നാല് ഫോറുകളും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. 22 പന്തിലാണ് താരം ഫിഫ്റ്റി തികച്ചത്.
ഫിലിപ്‌സിനൊപ്പം തകർപ്പൻ പ്രകടനം കാഴ്ചവെച്ച രചിൻ രവീന്ദ്ര 39 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു (നാല് ഫോർ, മൂന്ന് സിക്സ്). ഇവരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 73 പന്തിൽനിന്ന് പടുത്തുയർത്തിയ 146 റൺസിന്റെ കൂട്ടുകെട്ടാണ് കാനഡയുടെ പ്രതീക്ഷകൾ തകർത്തത്.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത കാനഡക്കായി യുവരാജ് സമ്ര റെക്കോഡ് പ്രകടനമാണ് പുറത്തെടുത്തത്. ടി20 ലോകകപ്പ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് (19 വയസ്സ്) സമ്ര സ്വന്തം പേരിലാക്കിയത്. 65 പന്തിൽ 110 റൺസാണ് താരം നേടിയത്. 11 ഫോറും ആറ് സിക്സും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. നായകൻ ദിൽപ്രീത് ബജ്‌വയുമായി (36) ചേർന്ന് ഓപണിങ് വിക്കറ്റിൽ 116 റൺസാണ് താരം കൂട്ടിച്ചേർത്തത്.
174 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവികൾക്ക് തുടക്കത്തിൽ ഫിൻ അലൻ (21), ടിം സീഫെർട്ട് എന്നിവരെ പെട്ടെന്ന് നഷ്ടമായെങ്കിലും (30/2), പിന്നീട് ഫിലിപ്‌സും രചിനും ചേർന്ന് കളി പൂർണമായും നിയന്ത്രണത്തിലാക്കുകയായിരുന്നു. കാനഡയ്ക്ക് വേണ്ടി മികച്ച രീതിയിൽ പന്തെറിയാൻ ബൗളർമാർക്ക് സാധിക്കാതെ പോയതും, നിർണായക ഘട്ടത്തിൽ ഫീൽഡിങ്ങിലെ പാളിച്ചകളും അവർക്ക് തിരിച്ചടിയായി. ജയത്തോടെ ഗ്രൂപ്പ് ഡിയിൽനിന്ന് ന്യൂസിലൻഡ് സൂപ്പർ എട്ടിൽ സ്ഥാനമുറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽനിന്ന് ആറ് പോയിന്റും മികച്ച റൺറേറ്റും അവർക്കുണ്ട്. ഇതേ ഗ്രൂപ്പിൽനിന്ന് ദക്ഷിണാഫ്രിക്ക നേരത്തെതന്നെ യോഗ്യത നേടിയിരുന്നു. തുടർച്ചയായ മൂന്നാം തോൽവിയോടെ കാനഡ ടൂർണമെന്റിൽനിന്ന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.