പല്ലേക്കെലേ (ശ്രീലങ്ക): ട്വന്റി20 ലോകകപ്പിൽ തങ്ങളുടെ രണ്ടാം അങ്കത്തിൽ സിംബാബ്വെയോട് തോറ്റതോടെ ആസ്ട്രേലിയയുടെ വിധികുറിച്ച ആരാധകരുണ്ട്. അവരുടെ ആശങ്കകൾ ശരിവെക്കുന്നതാണ് തിങ്കളാഴ്ച രാത്രിയിൽ ശ്രീലങ്കക്കെതിരായ എട്ടു വിക്കറ്റിന്റെ വൻ തോൽവി.
ഇതോടെ, മുൻ ചാമ്പ്യന്മാർ ലോകകപ്പ് ഗ്രൂപ്പ് റൗണ്ട് കടക്കാതെ പുറത്താകലിന്റെ വക്കിലായപ്പോൾ, ട്വന്റി20 ലോകകപ്പിലെ ആദ്യ അട്ടിമറി നാടകങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഒരു ടീമിന് നാല് മത്സരങ്ങളുള്ള ഗ്രൂപ്പ് റൗണ്ടിൽ മൂന്ന് കളിയും പൂർത്തിയാക്കിയ ആസ്ട്രേലിയക്ക് രണ്ട് തോൽവിയും ഒരു ജയവുമായി രണ്ട് പോയന്റാണ് കൈയിലുള്ളത്. ഇനിയുള്ളത് ഒമാനെതിരായ ഒരേയൊരു മത്സരം. എന്നാൽ, ഗ്രൂപ്പിൽ ആസ്ട്രേലിയയുടെ വിധി ചൊവ്വഴ്ചത്തെ സിംബാബ്വെ-അയർലൻഡ് മത്സരത്തോടെ അറിയാം എന്നാണ് സ്ഥിതി.
തങ്ങളുടെ മൂന്നാം മത്സരത്തിനായി മാത്രം ക്രീസിലിറങ്ങുന്ന സിംബാബ്വെ, കഴിഞ്ഞ രണ്ട് കളിയും ജയിച്ച് നാല് പോയന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ആസ്ട്രേലിയയെ അട്ടിമറിച്ച് കരുത്തറിയിച്ച സികന്ദർ റാസയും സംഘവും താരതമ്യേനെ ദുർബലരായ അയർലൻഡിനെ നേരിടുന്നത് വർധിത ആത്മവിശ്വആസത്തോടെയാണ്. കളിച്ച മൂന്നിൽ രണ്ടിലും തോറ്റ അയർലൻഡ് അവസാന മത്സരത്തിൽ ഒമാനെയാണ് തോൽപിച്ചത്.
ചുരുക്കത്തിൽ, നിലവിലെ ഗ്രൂപ്പ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം രണ്ടാം സ്ഥാനത്തുള്ള സിംബാബ്വെക്ക് ഇന്ന് അയർലൻഡിനെ തോൽപിക്കുന്നതോടെ, ശ്രീലങ്കക്കു പിന്നിലായി സൂപ്പർ എട്ട് ടിക്കറ്റുറപ്പിക്കാം. ഇതോടെ, ആസ്ട്രേലിയക്ക് അവസാന മത്സരത്തിന് കാത്തിരിക്കാതെ തന്നെ മടക്ക ടികറ്റും ബുക്ക് ചെയ്യാം.
എങ്കിലും സാധ്യതകളുടെ കളിയാണ് ക്രിക്കറ്റ്. ഇവിടെ എന്തും സംഭവിക്കാം. ആദ്യ രണ്ടും ജയിച്ച സിംബാബ്വെ, അവസാന രണ്ടിലും തോറ്റാൽ ആസ്ട്രേലിയയുടെ സാധ്യതകൾ സജീവമാകും.
ഒന്ന്: ഒമാനെതിരായ അവസാന മത്സരത്തിൽ ജയിക്കാതെ ആസ്ട്രേലിയക്ക് മുന്നിൽ സാധ്യതകളുടെ വാതിലുകളൊന്നും തുറക്കുന്നില്ല. കളിച്ച മൂന്നിൽ രണ്ടിലും തോറ്റ ഓസീസിന് ഫെബ്രുവരി 20നാണ് അവസാന മത്സരം.
രണ്ട്: രണ്ട് കളിയും ജയിച്ച സിംബാബ്വെ, ഇന്നത്തേതുൾപ്പെടെ രണ്ടിലും തോൽക്കണമെന്നത് ആസ്ട്രേലിയക്ക് അനിവാര്യമാണ്. എന്നാൽ, ഒരു കളി ജയിച്ചാൽ ആറ് പോയന്റുമായി സിംബാബ്വെക്ക് സൂപ്പർ എട്ടിലേക്ക് എളുപ്പത്തിൽ യോഗ്യത നേടാം. ഇതോടെ, ഓസീസിന്റെ എല്ലാം വാതിലുകളും അടയും.
മൂന്ന്: അയർലൻഡ് സിംബാബ്വെയെ തോൽപിക്കുന്നതോടെ ഗ്രൂപ്പിലെ സമവാക്യങ്ങൾ മാറിമറിയും. അയർലൻഡിനും സിംബാബ്വെക്കും ഇതോടെ നാല് പോയന്റാകും. അയർലൻഡിന്റെ ഗ്രൂപ്പ് മത്സരങ്ങളും ഇവിടെ പൂർത്തിയാകും. അവസാന മത്സരത്തിൽ സിംബാബ്വെക്ക് ശ്രീലങ്കയും, ആസ്ട്രേലിയക്ക് ഒമാനുമാണ് എതിരാളികൾ.
നാല്: മികച്ച റൺറേറ്റിൽ ഒമാനെ തോൽപിക്കണമെന്നതാണ് അവസാന മത്സരത്തിൽ ആസ്ട്രേലിയക്കുള്ള കടമ്പ. ഒപ്പം, ശ്രീലങ്ക സിംബാബ്വെയെ കൂടി തോൽപിക്കുന്നതോടെ പോയന്റ് നിലയിൽ ഒപ്പത്തിനൊപ്പം. ഇവിടെയാണ് റൺറേറ്റ് സിംബാബ്വെ-ആസ്ട്രേലിയ ടൈ ബ്രേക്കിങ്ങിൽ നിർണായകമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.