ലഖ്നോ: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ ഇരട്ട ശതകവുമായി നിറഞ്ഞാടി കർണാടകയുടെ മലയാളി ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ. 232 റൺസ് നേടിയ ദേവ്ദത്തിന്റെ മികവിൽ രണ്ടാം ദിനം ആറ് വിക്കറ്റിന് 689 റൺസെന്ന കൂറ്റൻ സ്കോറിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രവിചന്ദ്രൻ സ്മരണിന്റെ (121 നോട്ടൗട്ട്) പ്രകടനം കർണാടകയെ 600 കടത്തുന്നതിൽ നിർണായകമായി. ഓപണർ കെ.എൽ. രാഹുൽ (141) ആദ്യ ദിനത്തിലും സെഞ്ച്വറി നേടിയിരുന്നു.
തിങ്കളാഴ്ച രാവിലെ രണ്ടിന് 355ലാണ് കർണാടക ബാറ്റിങ് പുനരാരംഭിച്ചത്. ദേവ്ദത്തും (148) മറ്റൊരു മലയാളി താരം കരുൺ നായരും (37) ആയിരുന്നു ക്രീസിൽ. കരുൺ 60ന് പുറത്തായി. നാലാമനായി ദേവ്ദത്തും മടങ്ങി. 330 പന്ത് നേരിട്ട താരം 29 ഫോറും മൂന്ന് സിക്സും പറത്തിയാണ് 232ലെത്തിയത്.
കന്നി ഇരട്ട ശതകം നേടിയ പടിക്കലിന്റെ കരിയറിലെ ഉയർന്ന വ്യക്തിഗത സ്കോറുമായി പ്രകടനം. ശ്രേയസ് ഗോപാൽ റണ്ണൊന്നുമെടുക്കാതെ പുറത്തായി. കൃതിക് കൃഷ്ണ (60) അർധ ശതകം കുറിച്ചപ്പോൾ 35 റൺസുമായി വിദ്യാധർ പാട്ടീൽ സെഞ്ച്വറിക്കാരൻ സ്മരണിനൊപ്പം പുറത്താവാതെനിന്നു. ഉത്തരാഖണ്ഡിനായി ആദിത്യ റാവത്ത് മൂന്ന് വിക്കറ്റെടുത്തു. കർണാടക ഡിക്ലയർ ചെയ്തതോടെ രണ്ടാം ദിനം സ്റ്റമ്പെടുത്തു.
കൊൽക്കത്ത: രഞ്ജി ട്രോഫി സെമി ഫൈനലിൽ ബംഗാളിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ 328 റൺസിൽ അവസാനിപ്പിച്ച ജമ്മു-കശ്മീർ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ അഞ്ച് വിക്കറ്റിന് 198 റൺസെന്ന നിലയിൽ. നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് പിടിക്കാൻ കശ്മീരിന് 130 റൺസ് കൂടി വേണം. അബ്ദുൽ സമദും (82) ക്യാപ്റ്റൻ പസ് ദോഗ്രയും (58) അർധ ശതകങ്ങൾ നേടി മടങ്ങി. ആബിദ് മുഷ്താഖും (26) കനയ്യ വദവാനുമാണ് (10) ക്രീസിൽ.
അഞ്ചിന് 249ൽ തിങ്കളാഴ്ച ബാറ്റിങ് പുനരാരംഭിച്ച ബംഗാളിനെ കശ്മീർ ബൗളർമാർ വരിഞ്ഞുമുറുക്കി. സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന സുദീപ് കുമാർ ഗരാമി 146ന് പുറത്തായി. കശ്മീർ ബൗളർമാരിൽ ആഖിബ് നബി അഞ്ചും സുനിൽ കുമാർ മൂന്നും വിക്കറ്റെടുത്തു. മറുപടി തകർച്ചയോടെയായിരുന്നു. ഓപണർമാരായ ശുഭം ഖജൂരിയയെയും (3) യാവർ ഹസനെയും (2) അന്താരാഷ്ട്ര പേസർ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുരുക്കി. ആദ്യ സ്പെൽ പങ്കിട്ട മറ്റൊരു ഇന്ത്യൻ പേസർ മുകേഷ് കുമാറിന്റെ പന്തിൽ ശുഭം പുന്ദിറും (8) വീണതോടെ മൂന്ന് വിക്കറ്റിന് 13. നാലാം വിക്കറ്റിൽ സമദും ദോഗ്രയും ചേർന്നാണ് കശ്മീരിനെ കരകയറ്റിയത്. ഷമി മൂന്നും മുകേഷ് രണ്ടും വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.