അഫ്ഗാൻ ഓൾറൗണ്ടർ അസ്മത്തുള്ള ഒമർസായി ബാറ്റിങ്ങിനിടെ

ലോകകപ്പിൽ അഫ്ഗാനിസ്താന് ആദ്യ ജയം; യു.എ.ഇ പുറത്ത്, സൂപ്പർ എട്ട് ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ യു.എ.ഇക്കെതിരെ അഫ്ഗാനിസ്താന് അഞ്ച് വിക്കറ്റ് വിജയം. ഓൾറൗണ്ടർ അസ്മത്തുള്ള ഒമർസായിയുടെ പ്രകടനമാണ് അഫ്ഗാനിസ്താന്റെ വിജയത്തിൽ നിർണായകമായത്. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ ഒമർസായി, ബാറ്റിങ്ങിലും തിളങ്ങി. പുറത്താകാതെ 40 റൺസ് നേടിയ താരം ടീമിനെ വിജയതീരത്ത് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. സൊഹൈബ് ഖാന്റെ (48 പന്തിൽ 68 ) അർധ ശതകമാണ് യു.എ.ഇയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. അലിഷാൻ ഷറഫു 40 റൺസ് നേടി. അഫ്ഗാൻ നിരയിൽ ഒമർസായിക്ക് പുറമെ മുജീബ് ഉർ റഹ്മാനും മികച്ച രീതിയിൽ പന്തെറിഞ്ഞു.

161 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്താന് തുടക്കത്തിൽ തന്നെ ഓപണർ റഹ്മാനുള്ള ഗുർബാസിനെ (പൂജ്യം) നഷ്ടമായി. എന്നാൽ ഇബ്രാഹിം സദ്രാൻ (41 പന്തിൽ 53) ഇന്നിങ്സ് നയിച്ചു. ദർവിഷ് റസൂലി 33 റൺസ് നേടി മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ ഒമർസായി തകർത്തടിച്ചതോടെ 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്താൻ ലക്ഷ്യം കണ്ടു.

ടൂർണമെന്‍റിലെ ആദ്യ ജയത്തോടെ ഗ്രൂപ്പ് ഡിയിൽ അഫ്ഗാനിസ്താൻ മൂന്നാം സ്ഥാനത്തെത്തി. ആറ് പോയിന്റുള്ള ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്താന്റെ ഈ ജയത്തോടെ ദക്ഷിണാഫ്രിക്കയുടെ സൂപ്പർ 8 പ്രവേശനം ഉറപ്പായി. യു.എ.ഇ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

Tags:    
News Summary - Azmatullah Omarzai | Afghanistan vs UAE | T20 World Cup 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.