ചുവട് മാറുമോ അബ്ദുല്ലക്കുട്ടി?

നരേന്ദ്രമോദിയെ ഗാന്ധിസത്തിൻെറ പ്രയോക്താവായി വിശേഷിപ്പിച്ചതിലൂടെ കോൺഗ്രസിൽ നിന്ന് പുറത്താവുമെന്നുറപ്പായ എ.പി.അബ്ദുല്ലക്കുട്ടിക്ക് ഇനി രാഷ്ടീയമായ ഭാവി "പാവകളി"യാവും. അബ്ദുല്ലക്കുട്ടിക്ക് ബി.ജെ.പി വെച്ചു നീട്ടിയ സഹായ ം സ്വീകരിക്കാം. അതാവട്ടെ ബി.ജെ.പി കൊക്കിന് വെച്ചത് കുളക്കോഴിക്ക് എന്ന മട്ടിലുള്ള ഇരയുമായിരിക്കും. കെ.സുധാകര നെ ലക്ഷ്യമിട്ട് കുറെയായി ബി.ജെ.പി. നടത്തുന്ന കരുനീക്കം സുധാകരൻെറ ഏറ്റവും അടുത്ത അനുചരനായിരുന്ന അബ്ദുല്ലക്കുട ്ടിയിലൂടെ നടപ്പിലാക്കാൻ കഴിയുമോ എന്നാണ് ബി.ജെ.പി.യുടെ നീക്കം. സുധാകരനെ കിട്ടുന്നതിനെക്കാൾ അബ്ദുല്ലക്കുട്ടി യിൽ ബി.ജെ.പി.ക്ക് ഇരുതലമൂർച്ചയുള്ള ലക്ഷ്യമുണ്ട്. മുസ്ലിം സമുദായത്തിൽ നിന്നുള്ള ഒരു നേതാവിനെ കോൺഗ്രസിൽ നിന്ന് അടർത്തികൊണ്ടു വന്നു എന്നതാവും ബി.ജെ.പി.യുടെ നേട്ടം.

എല്ലാം താൻ പിന്നീട് തുറന്നു പറയും എന്ന് അബ്ദുല്ലക്കുട ്ടി പറയുന്നുണ്ട്. ബി.ജെ.പി.നേതൃത്വവുമായി കെ.സുധാകരൻ നടത്തിയ ചർച്ചമുതൽ പലതും തൻെറ വഴി ന്യായമാണെന്ന് ബോധിപ്പിക ്കാൻ അബ്ദുല്ലക്കുട്ടി ഇനിയും പറഞ്ഞെന്ന് വരും. യഥാർഥത്തിൽ രണ്ട് വർഷമായി കോൺഗ്രസിൽ നിന്ന് മടുത്ത് പുറത്ത് പോകാൻ കാത്തിരിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി. മുസ്ലിംലീഗിലേക്ക് ആയിരുന്നു ലക്ഷ്യം. പക്ഷെ, ഇനിയതിന് കഴിയുമോ എന്നറിയില്ല. മോദിയെ വാഴ്ത്തിയ പ്രശ്നത്തിൽ കോൺഗ്രസിൽ നിന്ന് പുറത്താവുന്ന ഒരാളെ ആ നിലപാട് തിരുത്താതെ മുസ്ലിംലീഗിന് സ്വീകരിക്കാനാവില്ല. പിന്നെയുള്ളത് തൻെറ വാദത്തിൽ അടിയുറച്ച് നിന്ന് കൊണ്ട് ബി.ജെ.പി.യിലേക്ക് മാറുകയാണ്. ആ വഴിയിലാണ് അബ്ദുല്ലക്കുട്ടി ഇപ്പോൾ അകപ്പെട്ടിരിക്കുന്നത് എന്ന് പറയുന്നവരുണ്ട്. താൻ അങ്ങിനെയൊന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല എന്ന് ആണയിടുന്ന അബ്ദുല്ലക്കുട്ടി പിന്നെ മോദിയെക്കുറിച്ച നിലപാട് മാറ്റാതെ യു.ഡി.എഫിനുള്ളിൽ എങ്ങിനെ പിടിച്ചു നിൽക്കും? കണ്ടറിയണം.


സി.പി.എമ്മിലുള്ളപ്പോൾ കണ്ണൂർ പാർലിമ​​​െൻറ് മണ്ഡലത്തിൽ ചരിത്രവിജയം നേടികൊണ്ട് ‘അൽഭുതക്കുട്ടി’യായ ആൾ കോൺഗ്രസിലും അൽഭുതകരമായ ചുവട് വെപ്പാണ് നടത്തിയത്. പ്രാഥമികാംഗം മാത്രമായിരിക്കെ യു.ഡി.എഫിൻെറ കോട്ടയിൽ മൽസരിച്ച് നിയമസഭയിലെത്തി എന്നതാണ് ആ അൽഭുതം. തന്നെ പുറത്താക്കാൻ കോൺഗ്രസിൽ താൻ ഏത് വേദിയിലാണ് ഉള്ളതെന്ന് ഇപ്പോൾ അബ്ദുല്ലക്കുട്ടി ചോദിക്കുമ്പോഴാണ് സംഘടനക്കുള്ളിൽ നടന്നു കഴിഞ്ഞ അൽഭുതം എല്ലാവരും തിരിച്ചറിയുന്നത്. സുധാകരൻെറ മാത്രം വാശിയിലാണ് പ്രാഥമികാംഗമായി കൊണ്ട് അബ്ദുല്ലക്കുട്ടി എം.എൽ.എ.വരെയായത് എന്നതാണ് ആ അൽഭുതം. കോൺഗ്രസ് മുഖപത്രമായ വീക്ഷണവും വി.എം.സുധീരനുൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വവും പരസ്യമായി അബ്ദുല്ലക്കുട്ടിയെ വിമർശിച്ചു കഴിഞ്ഞിരിക്കെ ഇനി അടുത്ത ഉൗഴം മാത്രമേ അദ്ദേഹത്തിന് പ്രതീക്ഷിക്കാനുള്ളു. ഉൗഹം പോലെ ബി.ജെ.പി.യിലേക്കാവുമോ ആ ഉൗഴം എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

അബ്ദുല്ലക്കുട്ടിയുടെ പരിഭവം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയതാണ്. ആൻറണി പക്ഷത്ത് നിന്ന് സതീശൻ പാച്ചേനി സുധാകര പക്ഷത്തെത്തി ഡി.സി.സി.യുടെ ചുമതല ഏറ്റപ്പോൾ പഴയ കെ.എസ്.യു ക്കാരനായ ഒരാളിൽ നിന്ന് തനിക്ക് പൂർവവൈരാഗ്യത്തോടെയുള്ള അനുഭവമാണ് ഉണ്ടായതെന്ന് അബ്ദുല്ലക്കുട്ടി സ്വകാര്യം പറയും. കണ്ണൂർ അസംബ്ലി മണ്ഡലത്തിൽ സതീശൻ പാച്ചേനിയെയാണ് പാർട്ടി മൽസരിപ്പിക്കാൻ തീരുമാനിച്ചത്. എന്നിട്ടും പരാജയപ്പെടുമെന്നുറപ്പുള്ള തലശ്ശേരി മണ്ഡലത്തിൽ എ.എൻ.ശംസീറിനോട് മൽസരിക്കാനായിരുന്നു അബ്ദുല്ലക്കുട്ടിക്ക് നിയോഗം. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസില്‍ നിന്നോ, കെ.പി.സി.സിയില്‍ നിന്നോ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന പരാതി അബ്ദുല്ലക്കുട്ടി ശക്തമായി നേതാക്കളോട് ഉന്നയിച്ചിരുന്നു. കെ.സി വേണുഗോപാലുമായുള്ള അടുപ്പം വഴി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നുവെങ്കിലും എവിടെ നിന്നോ പൊട്ടിവീണ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വഴിമുടക്കുകയായിരുന്നു. ഇതോടെയാണ് അബ്ദുല്ലക്കുട്ടി കൂടുതൽ നിരാശനായത്.


2014ലെ പാർലിമ​​​െൻറ് തെരഞ്ഞെടുപ്പിൽ തന്നെ അബ്ദുല്ലക്കുട്ടി പുകഞ്ഞ കൊള്ളിയായിരുന്നു. സരിതയുമായി ബന്ധപ്പെട്ട കേസുൽഭവിച്ചതോടെ അബ്ദുല്ലക്കുട്ടിക്കെതിരെ തൊട്ട്കൂടായ്മ നിലയിന്ന സമയമായിരുന്നു അത്. അത്കൊണ്ട് തന്നെ സുധാകരൻ കണ്ണൂർ മണ്ഡലത്തിൽ അബ്ദുല്ലക്കുട്ടിയെ തെരഞ്ഞെടുപ്പ് വേദികളിൽ നിന്ന് അകറ്റി നിർത്തി. ഇതോടെ സുധാകരനുമായി മാനസികമായി അബ്ദുല്ലക്കുട്ടി അകന്നിരുന്നു. എന്നിട്ടും സി.പി.എമ്മിൽ നിന്ന് പുറത്ത് വന്ന ഒരാളെന്ന നിലയിൽ അബ്ദുല്ലക്കുട്ടിക്ക് സംസ്ഥാനത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ്. വേദി നൽകി.

പഴയ കെ.എസ്.യു- എസ്.എഫ്.െഎ സംഘട്ടന രാഷ്ട്രീയത്തിൻെറ മുന്നണിയിലുണ്ടായിരുന്ന അബ്ദുല്ലക്കുട്ടിയെ മുഖാമുഖം അനുഭവിച്ചവരാണ് സുധാകരനോടുള്ള അനുസരണത്തിൻെറ ഭാഗം മാത്രമായി അബ്ദുല്ലക്കുട്ടിയെ ബഹുമാനിച്ചിരുത്തിയത്. പഴയ കെ.എസ്.യു നേതാക്കളായ യൂത്ത് കോൺഗ്രസ് നേതൃത്വം അബ്ദുല്ലക്കുട്ടിക്ക് അമിത പരിഗണന നൽകിയതിൽ അന്ന് മുറുമുറുപ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ അബ്ദുല്ലക്കുട്ടിക്കെതിരെ അവരെല്ലാം ശക്തമായ നിലപാടിലാണ്. കെ.സുധാകരനുമായി എന്നും വിയോജിച്ചിരുന്ന കെ.പി.സി.സി.പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും അബ്ദുല്ലക്കുട്ടിക്ക് സംരക്ഷണമുണ്ടാവില്ല എന്നുറപ്പാണ്. മാത്രമല്ല, സുധാകരനെ ലക്ഷ്യമിടുന്നതാണ് മുല്ലപ്പള്ളിയുടെ അനുവാദത്തോടെയുള്ള വി.എം.സുധീര​​​െൻറ വിമർശം. ‘ഒരു സ്ഥാനത്തുമില്ലാതിരുന്ന ആളെ വലിയ ആളാക്കിയവരെയാണ് തല്ലേണ്ടത്’ എന്നായിരുന്നു കെ.പി.സി.സി.യുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ സ്വകാര്യ പ്രതികരണം. അത്രത്തോളം അബ്ദുല്ലക്കുട്ടി ഒറ്റപ്പെട്ടു കഴിഞ്ഞു.


കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വേളയിൽ തന്നെ ബിജെപിയില്‍ നിന്നുള്ള ക്ഷണം അബ്ദുല്ലക്കുട്ടിക്ക് ലഭിച്ചിരുന്നതായി അഭിപ്രായപ്പെടുന്നവരുണ്ട്. അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ നല്‍കിയ മറ്റുപാര്‍ട്ടികളില്‍ നിന്നും മറുകണ്ടം ചാടിക്കേണ്ട ലിസ്റ്റിലുള്ള പേരുകളിലൊന്ന് അബ്ദുല്ലക്കുട്ടിയുടെതാണെന്ന് ബി.ജെ.പി. വൃത്തങ്ങളെ ഉദ്ധരിച്ച് ഇൗ വിഭാഗം ചൂണ്ടികാട്ടുന്നു. സി.പി.എമ്മിൽ കോടിയേരി ബാലകൃഷ്ണൻെറ തണലിലാണ് അബ്ദുല്ലക്കുട്ടി പാർലിമ​​​െൻറിലേക്ക് രണ്ട് തവണ എത്തിയത്. പക്ഷെ, പിന്നീട് വി.എസ്.പക്ഷക്കാരായി എന്നത് കൊണ്ട് പാർട്ടിയിൽ തഴയപ്പെടുന്നുവെന്ന നില വന്നപ്പോഴാണ് ഗുജറാത്തിലെ വ്യവസായ വളർച്ച മാതൃകയാെണന്ന് പ്രസ്താവനയിറക്കി സി.പി.എമ്മിനെ ചൊടിപ്പിച്ചത്. അന്നും മോദിയായിരുന്നു അബ്ദുല്ലക്കുട്ടിയുടെ തുരുപ്പ് ശീട്ട്.

സംവിധായകന്‍ അലി അക്ബറിനെപ്പോലെ മുന്തിയ പരിഗണന പാര്‍ട്ടിക്കുള്ളില്‍ നല്‍കാമെന്നും ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന നേതൃപദവി നല്‍കാമെന്നും അബ്ദുല്ലക്കുട്ടിക്ക് വാഗ്ദാനം ലഭിച്ചതായി ആരോപിക്കപ്പെടുന്നുണ്ട്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇൗ പ്രചാരണം അവിശ്വസനീയമാണെന്ന് വരില്ല. ഒഴിവുവരുന്ന മഞ്ചേശ്വരം നിയമസഭാ സീറ്റില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാൻ അവസരം കിട്ടിയാൽ അബ്ദുല്ലക്കുട്ടി ഒഴിവാക്കുകയില്ല. കണ്ണന്താനത്തെപ്പോലെ രാജ്യസഭാ എം.പി സ്ഥാനവും അബ്ദുല്ലക്കുട്ടിക്ക് വാഗ്ദാനം ചെയ്യപ്പെടാം.

Tags:    
News Summary - Abdullakutty BJP modi- opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.