തന്നെപ്പോലുള്ള കശ്മീരി മുസ്‌ലിം വിദ്യാർഥികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവേചനം നേരിട്ടപ്പോഴൊക്കെയും, ഒരുതരം നിശബ്ദമായ ആശ്വാസത്തിലായിരുന്നു ആഖിബ് അലി (യഥാർഥ പേരല്ല). പഞ്ചാബ് ലുധിയാനയിലുള്ള ഒരു സ്വകാര്യ കാമ്പസിൽ ഫാർമസി ബിരുദ കോഴ്സ് ചെയ്യുന്ന ഈ 25 കാരൻ മുസ്‌ലിം വിരുദ്ധ വികാരങ്ങളും ഉയരുമ്പോഴെല്ലാം കാമ്പസിനുള്ളിൽ താൻ സുരക്ഷിതനാണെന്ന് ഉറച്ചുവിശ്വസിച്ചു. 2024-ൽ പഹൽഗാം ഭീകരാക്രമണ ശേഷം രാജ്യത്തുടനീളം കാശ്മീരികൾക്കെതിരെ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ സർവകലാശാല മാനേജ്‌മെന്റ് അലിക്കും സുഹൃത്തുക്കൾക്കും ഉറച്ച സംരക്ഷണം നൽകിയിരുന്നു. പക്ഷേ, കഴിഞ്ഞ ആഴ്ച എല്ലാം മാറിമറിഞ്ഞു.
അലിയും മറ്റ് കശ്മീരി വിദ്യാർഥികളും കടുത്ത ഭാഷയിൽ അധിക്ഷേപിക്കപ്പെട്ടു, ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെടുമെന്ന ഭീഷണിയും നേരിട്ടു. നിർധന വിദ്യാർഥികൾക്ക് നോമ്പ് തുറക്കാനുള്ള സൗകര്യത്തിനായി രാത്രി ഭക്ഷണം ഒരു മണിക്കൂർ നേരത്തെ വിളമ്പിയിരുന്ന സർവകലാശാലയിലെ പഴയ ശീലം തുടരണമെന്ന് ആവശ്യപ്പെട്ടതായിരുന്നു കാരണം. ആദ്യഘട്ടത്തിൽ അധികൃതർ തടസ്സവാദങ്ങൾ ഉന്നയിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടെ, സർവകലാശാലാ വൈസ് ചാൻസലർ നിതിൻ ടാണ്ഠൻ തങ്ങളെ അസഭ്യം പറഞ്ഞതായി അലി ആരോപിക്കുന്നു. ഈ ....മാരെ പുറത്തെറിയൂ. ഇവരുടെയെല്ലാം അഡ്മിഷൻ റദ്ദാക്കിയിരിക്കുന്നുവെന്ന് കൈവിരൽ ഉയർത്തി ദേഷ്യത്തോടെ ടാണ്ഠൻ പറയുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു.
വിദ്യാർഥികൾ വെള്ളവും പഴവും മാത്രം കഴിച്ച് കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. പ്രതിഷേധം 48 മണിക്കൂർ നീണ്ടു. വിവാദ പരാമർശം നടത്തിയ വി.സിയെ സർവകലാശാല നീക്കം ചെയ്തുവെന്നാണ് റിപ്പോർട്ട്. നിലവിൽ കശ്മീരിൽ നിന്നുള്ള എഴുപതോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ഇത് രാജ്യവ്യാപക പ്രവണത
ഇത് രാജ്യവ്യാപകമായ വലിയ ഒരു പ്രവണതയുടെ ഭാഗമാണ്: റമദാനിൽ മുസ്‍ലിംകളെ ഉന്നം വെച്ചുള്ള ഇസ്‌ലാമോഫോബിയ ചെയ്തികൾ വർധിച്ചുവരുന്നു. ഡിസംബറിൽ ക്രിസ്മസ് വേളയിൽ ഇതേപോലെ രാജ്യത്തെ ഹിന്ദുത്വ സംഘടനകൾ ഉന്നം വെച്ചത് രാജ്യത്തെ ക്രൈസ്തവ സമൂഹത്തെയായിരുന്നു. ഇന്ത്യയിലുടനീളം അവർ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തി. ഡൽഹിയിൽ സാന്റാക്ലോസ് തൊപ്പി ധരിച്ച സ്ത്രീകളെ ഹിന്ദുത്വർ ഭീഷണിപ്പെടുത്തി. കേരളത്തിൽ, ക്രിസ്മസ് ആഘോഷങ്ങൾ നടത്തുന്നതിനെതിരെ ആർ.എസ്.എസ് പ്രവർത്തകർ ചില സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. മധ്യപ്രദേശിലെ ജബൽപൂരിൽ കാഴ്ചപരിമിതിയുള്ള കുട്ടികൾക്കായി ഒരുക്കിയ ക്രിസ്മസ് വിരുന്ന് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിലെ സംഘം അലങ്കോലപ്പെടുത്തുകയും ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 22-ന് ലഖ്നൗ സർവകലാശാലയിൽ പുരാതനമായ ലാൽ ബരാദരി കെട്ടിടത്തിനുള്ളിലെ ഏക മുസ്‌ലിം പ്രാർത്ഥനാ ഹാൾ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് അധികൃതർ അടച്ചുപൂട്ടി. ബദൽ സംവിധാനം ലഭ്യമാക്കാഞ്ഞതിനെത്തുടർന്ന് പുറത്തെ പുൽത്തകിടിയിൽ നമസ്കരിച്ച 14 വിദ്യാർഥികൾക്കെതിരെ സർവകലാശാല എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അറ്റകുറ്റപ്പണി നടത്താനെന്ന പേരിലാണ് മുന്നറിയിപ്പ് നൽകാതെ പ്രാർഥനാ മുറി പൂട്ടിയത്. പുറത്തെ പുൽത്തകിടിയിൽ സുഹൃത്തുക്കൾ നമസ്കരിച്ച സമയത്ത് അവർക്ക് കാവലായി ഒരു കൂട്ടം ഹിന്ദു വിദ്യാർഥികൾ നിലയുറപ്പിച്ചു. ഈ മതാന്തര സൗഹൃദത്തിന്റെ ദൃശ്യങ്ങൾ വൈറലായി. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഹിന്ദുത്വ ഗ്രൂപ്പുകൾ അവിടെയെത്തി ‘ജയ് ശ്രീറാം’ മുഴക്കുകയും ഹനുമാൻ ചാലിസ ചൊല്ലുകയും അവിടെ ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സമ്മർദത്തിന് വഴങ്ങി സർവകലാശാല വിദ്യാർഥികൾക്കെതിരെ പൊലീസിനെ സമീപിച്ചു. വിദ്യാർഥികൾ അതിക്രമം നടത്തിയെന്നും സാമുദായി സൗഹാർദം തകർത്തുവെന്നുമാണ് ആരോപണം. എന്നാൽ ഹനുമാൻ ചാലിസ ചൊല്ലിയത് തങ്ങൾ അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്രവും പള്ളിയും ചർച്ചും കാലങ്ങളായി സഹവർത്തിത്വത്തോടെ നിലനിന്നിരുന്ന ലഖ്നൗ കാമ്പസിലും ഇപ്പോൾ മാറ്റങ്ങൾ വന്നുതുടങ്ങിയതായി വിദ്യാർഥികൾ ഭയപ്പെടുന്നു. ഇതുവരെ ഇല്ലാതിരുന്ന വർഗീയത കാമ്പസുകളിൽ ഇപ്പോൾ നിഴൽ വീഴ്ത്തിത്തുടങ്ങിയെന്ന് ഇവിടുത്തെ വിദ്യാർഥിയായ പ്രകാശ് നിരീക്ഷിക്കുന്നു.
വിദ്വേഷ പ്രസംഗങ്ങളുടെ തുടർച്ച
സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റിന് കീഴിലെ ‘ഇന്ത്യ ഹേറ്റ് ലാബ്’ പുറത്തിറക്കിയ 2025-ലെ കണക്ക് പ്രകാരം, മുസ്‌ലിംകൾക്കും ക്രൈസ്തവർക്കും നേരെ 1,318 വിദ്വേഷ പ്രസംഗങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2023-നെ അപേക്ഷിച്ച് 97 ശതമാനം വർധന. ഹിന്ദുത്വ ഗ്രൂപ്പുകൾ ന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പ് വളർത്തുകയാണെന്നും ഇത് കാലങ്ങളായുള്ള സൗഹൃദ ബന്ധങ്ങളെ തകർക്കുകയാണെന്നും മുംബൈയിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം ഡയറക്ടർ ഇർഫാൻ എൻജിനീയർ പറയുന്നു. ‘‘എല്ലാ ഉത്സവങ്ങളും ഇപ്പോൾ ആയുധമാക്കപ്പെടുകയാണ്. ന്യൂനപക്ഷങ്ങൾ ഇവിടെയുള്ളവരല്ലെന്നും നിയമത്തിന്റെ സംരക്ഷണം അവർക്കില്ലെന്നുമുള്ള പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്’’ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
(H-Pop: The Secretive World of Hindutva Popstars എന്ന പ്രശസ്ത കൃതിയുടെ രചയിതാവും നിരവധി അവാർഡുകൾ നേടിയ സ്വതന്ത്ര മാധ്യമ പ്രവർത്തകനുമായ ലേഖകൻ ലേഖകൻ article-14.comൽ എഴുതിയ ലേഖനത്തിൽ നിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.