പശ്ചിമേഷ്യയിലെ തീക്കളി: ഇറാനിലെ ഭരണമാറ്റം യാഥാർഥ്യമാക്കുമോ ​?

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടരുകയാണ്. 2026 ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തിയ സൈനിക ആക്രമണം മേഖലയെ ഒരു പുതിയ യുദ്ധക്കളമാക്കിയിരിക്കുകയാണ് . "ഓപ്പറേഷൻ എപ്പിക് ഫ്യൂറി" എന്ന പേരിലറിയപ്പെടുന്ന ഈ ആക്രമണം ടെഹ്‌റാനിലെ സർക്കാർ മന്ത്രാലയങ്ങൾ മുതൽ ആണവ കേന്ദ്രങ്ങളെ വരെ ലക്ഷ്യമാക്കിയായിരുന്നു . ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്ന് പറയപ്പെടുന്നു .ഇത് ഒരു സൈനിക നടപടി മാത്രമല്ല , മറിച്ച് ദശാബ്ദങ്ങളായി പാകപ്പെടുത്തിയെടുത്ത ഒരു ഭരണമാറ്റ ഒളി അജണ്ടയുടെ ഭാഗമാണ്.

2023 മുതൽ പശ്ചിമേഷ്യ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരുന്നത് . ഗസ യുദ്ധം, ലബനാൻ അധിനിവേശം, സിറിയയിലെ അസദ് ഭരണകൂടത്തിന്റെ പതനം, ചെങ്കടലിൽ ഹൂതി ആക്രമണങ്ങൾ, ഇതെല്ലാം മേഖലയെ ഒരു വൻ സംഘർഷത്തിലേക്ക് തള്ളിവിട്ട കാരണങ്ങളാണ് . ട്രംപ് ഭരണകൂടം പശ്ചിമേഷ്യയിൽ 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം ഏറ്റവും വലിയ സൈനിക വിന്യാസം നടത്തിയതിനെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. 50-ലധികം യുദ്ധവിമാനങ്ങളും ഒന്നിലധികം വിമാനവാഹിനി കപ്പലുകളെയുമാണ് മേഖലയിൽ വിന്യസിച്ചത്.

 

ഒമാനിലും ജനീവയിലും നടന്ന നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതോടെ, യുദ്ധം അനിവാര്യമായി. ഇറാൻ ആണവ പരിപാടിയും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും സമ്പൂർണ്ണമായി ഉപേക്ഷിക്കുക എന്നതായിരുന്നു അമേരിക്ക മുന്നോട്ട് വെച്ച ആവശ്യം. ഇറാന് സ്വീകാര്യമല്ലാത്ത ചർച്ചകൾ പരാജയപ്പെടണമെന്ന് ഉറപ്പിച്ചുകൊണ്ടുള്ള ആവശ്യങ്ങളായിരുന്നു ഇവയെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയുടെ അറിവോടെ ഇസ്രായേൽ നടത്തിയ ആക്രമണത്തോടുള്ള ഇറാന്റെ പ്രതികരണം പെട്ടെന്നായിരുന്നു . ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ബഹ്‌റൈനിലെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം, കുവൈത്തിലെ അലി അൽ-സാലിം താവളം, യു.എ.ഇയിലെ അൽ ധഫ്ര എയർ ബേസ്, ഖത്തറിലെ അൽ ഉദൈദ് യു.എസ് താവളം എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നു . അബുദാബിയിൽ ഒരു സിവിലിയൻ കൊല്ലപ്പെട്ടു.

 

ഇതോടൊപ്പം, ഇസ്രായേലിലേക്കും ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. ജറുസലേമിലും തെൽ അവീവിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. എട്ട് രാജ്യങ്ങൾ വ്യോമമേഖല അടച്ചു; ദുബായ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിലച്ചു; എണ്ണവില ആറ് മാസത്തെ ഉയർന്ന നിലയിലെത്തി. ഹോർമുസ് കടലിടുക്കിലെ എണ്ണഗതാഗതം തടസ്സപ്പെട്ടാൽ ആഗോള സമ്പദ്‌വ്യവസ്ഥ തന്നെ പ്രതിസന്ധിയിലാകുമോ എന്ന ഭീതിയിലാണ് ലോകം.

ട്രംപും നെതന്യാഹുവും: ഇറാനിലെ ഭരണമാറ്റത്തിന്റെ ഇരട്ട ശില്പികൾ

ഇറാനെ ആക്രമിച്ചതിനെ"അടിയന്തര ഭീഷണി" എന്ന പേരിൽ ഇസ്രായേലും യു.എസും ,ന്യായീകരിക്കുന്നുണ്ടെങ്കിലും ഇരുവരുടെയും യഥാർത്ഥ ലക്ഷ്യം ഇറാനിൽ ഭരണമാറ്റമാണ്. ആക്രമണത്തിന് ശേഷം "നിങ്ങളുടെ രാജ്യത്തിന്റെ ഭരണം നിങ്ങൾതന്നെ ഏറ്റെടുക്കുക" എന്ന് ട്രംപ് ഇറാനിലെ ജനങ്ങളോട് നേരിട്ട് ആഹ്വാനം ചെയ്യുകയുണ്ടായി . "വിധി സ്വന്തം കൈകളിലെടുക്കാൻ" ജനങ്ങൾക്ക് തങ്ങൾ സാഹചര്യം ഒരുക്കുകയാണെന്ന് നെതന്യാഹുവും പ്രഖ്യാപിച്ചു. ട്രംപ് പ്രകോപനമില്ലാതെ നടത്തിയ ആക്രമം "നിയമപരമായി ഒരു അധികാരവുമില്ലാത്ത ,ഭരണമാറ്റ ശ്രമം" ആണെന്ന് ദി ഗാർഡിയൻ വിശേഷിപ്പിച്ചത് അർഥവത്താണ്. (Trump’s unprovoked attack on Iran has no mandate – or legal basis, 28 Feb 2026)

 

2018-ൽ ആണവ കരാറിൽ നിന്ന് അമേരിക്കയെ പിൻവലിപ്പിച്ചതിൽ നെതന്യാഹുവിന്റെ പങ്ക് നിർണായകമായിരുന്നു. നയതന്ത്ര ശ്രമങ്ങളെ അട്ടിമറിച്ചുകൊണ്ട് 2025 ജൂണിൽ ഇസ്രായേൽ ഏകപക്ഷീയമായി ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചു. ഇറാനെ "ഭീകരതയുടെ ഒക്ടോപസ്"എന്നാണ് നെതന്യാഹു, വിശേഷിപ്പിച്ചത്.

ആഭ്യന്തര പ്രതിസന്ധി: മുതലെടുക്കലിന്റെ തന്ത്രം

ഇറാന്റെ ആഭ്യന്തര ദുർബലതകളെ മുതലെടുക്കുക എന്നത് ഈ തന്ത്രത്തിന്റെ ഭാഗമായിരുന്ന . "പരമാവധി സമ്മർദ" നയത്തിലൂടെ ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തു. നാണയപ്പെരുപ്പവും തൊഴിലില്ലായ്മയും ജനങ്ങളെ ദുരിതത്തിലാഴ്ത്തി. 2025-ലെ വൻ പ്രതിഷേധങ്ങൾ ഭരണകൂടത്തെ ഇളക്കിമറിച്ചു. ഈ സാഹചര്യങ്ങൾ അനുകൂലമാണെന്ന് കണ്ടപ്പോഴാണ് "ഭരണകൂടം അന്ത്യ ശ്വാസം വലിക്കുകയാണ്" എന്ന് പ്രചരിപ്പിച്ചു കൊണ്ട് ഇറാനിലെ ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിടാൻ അമേരിക്കയും ഇസ്രായേലും ഒത്താശകൾ ചെയ്ത് കൊടുത്തത്.

ഒരു ബഹു വംശ രാഷ്ട്രമെന്ന നിലയിൽ ഇറാന്റെ സവിശേഷതയും ഇവിടെ ചൂഷണം ചെയ്യപ്പെട്ടു . കുർദുകൾ, ബലൂചികൾ, അറബികൾ, അസെറികൾ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ അസംതൃപ്തികളെ ആളിക്കത്തിച്ചപ്പോൾ രാജ്യത്തിനകത്ത് വിഘടനവാദം ഉയർന്നു വന്നു.

 റെസ പെഹ്‌ലവി: പ്രവാസിയായ രാജകുമാരൻ

ഈ ഭരണമാറ്റ ചർച്ചകളിൽ ഒരു പേര് നിരന്തരം ഉയർന്നു വരികയുണ്ടായി — റെസ പെഹ്‌ലവി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട അവസാനത്തെ ഷായുടെ മകനായ അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുകയാണ്. ഇറാനിൽ ഒരു മതേതര ജനാധിപത്യം സ്ഥാപിക്കണമെന്ന് വാദിക്കുന്ന അദ്ദേഹം, ഭരണകൂടത്തിനെതിരെ "പരമാവധി സമ്മർദം" ചെലുത്താൻ അമേരിക്കയോട് ആവശ്യപ്പെടുന്നു. ചില സന്ദർഭങ്ങളിൽ, "മാനുഷിക ഇടപെടൽ" എന്ന നിലയിൽ സൈനിക ആക്രമണങ്ങളെപ്പോലും അദ്ദേഹം പിന്തുണച്ചിട്ടുണ്ട്.

പ്രവാസികളായ ഇറാനികൾക്കിടയിൽ അദ്ദേഹത്തിന് പിന്തുണയുണ്ടെങ്കിലും, ഇറാനിനകത്തെ ജനപിന്തുണ ഒരു ചോദ്യചിഹ്നമാണ്. വിദേശ ശക്തികളുടെ പിന്തുണയിൽ അധികാരത്തിലെത്തുന്ന ഒരു നേതാവിനെ ഇറാനിയൻ ജനത സ്വീകരിക്കുമോ? ഈ കാര്യത്തിൽ ചരിത്രം നൽകുന്ന ഉത്തരം മറ്റൊന്നാണ് .

 

1953-ന്റെ പ്രേതം: ചരിത്രം പഠിക്കാത്തവർ

1953-ൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഖിനെ സി.ഐ.എയും ബ്രിട്ടീഷ് ഇന്റലിജൻസും ചേർന്ന് അട്ടിമറിയിലൂടെ പുറത്താക്കി. എണ്ണ ദേശസാൽക്കരണമായിരുന്നു കാരണം. അട്ടിമറിയിലൂടെ ഷാ പെഹ്‌ലവിയെ അധികാരത്തിൽ പുനഃസ്ഥാപിച്ചു. ആ അട്ടിമറി ഇറാനിയൻ മനസ്സിൽ പതിച്ച ആഴത്തിലുള്ള അമേരിക്കൻ വിരുദ്ധ വികാരം 1979-ലെ വിപ്ലവത്തിന് കാരണമായി. ഇതാണ് ചരിത്രം നൽകുന്ന പാഠം.

ഭരണമാറ്റ തന്ത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ, ഭരണകൂടം തകർന്നാൽ പിന്നീട് എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല എന്നതാണ്. അങ്ങിനെ സംഭവിച്ചാൽ ഫോറിൻ പോളിസി മാഗസിൻ പ്രവചിക്കുന്ന സാഹചര്യങ്ങൾ ഭീതിജനകമാണ്.

ഒന്ന്: ഇറാഖിനെയും സിറിയയെയും പോലെ ഇറാനും ഒരു "പരാജയപ്പെട്ട രാഷ്ട്രം" ആയി മാറിയേക്കാം. വംശീയ-വിഭാഗീയ ആഭ്യന്തരയുദ്ധം, ദശലക്ഷക്കണക്കിന് അഭയാർത്ഥികൾ, ഭീകരവാദത്തിന്റെ വ്യാപനം.

രണ്ട്: ഏറ്റവും സംഘടിതവും ആയുധബലവുമുള്ള IRGC അധികാരം പിടിച്ചെടുക്കാം. അമേരിക്കൻ ആക്രമണത്തോടുള്ള ദേശീയ രോഷം മുതലെടുത്ത്, നിലവിലുള്ളതിനേക്കാൾ അപകടകരമായ ഒരു സൈനിക ഭരണകൂടം ഉദയം ചെയ്തേക്കാം.

മൂന്ന്: ജനാധിപത്യ റിപ്പബ്ലിക്.ഇത് അസാധ്യമായ കാര്യമാണ് . വിദേശ ഇടപെടലിലൂടെ തകർക്കപ്പെട്ട ഒരു രാജ്യത്ത് ജനാധിപത്യം പൂത്തുലയുമെന്ന് പ്രതീക്ഷിക്കുന്നത് ചരിത്രപരമായി പറഞ്ഞാൽ ഒരു വ്യാമോഹം മാത്രമാണ്.

 

അപകടകരമായ ചൂതാട്ടം

"വിദേശ രാജ്യങ്ങളിൽ നടത്തുന്ന യുദ്ധങ്ങളിൽ നിന്ന് പിന്മാറും" എന്ന വാഗ്ദാനവുമായി അധികാരത്തിൽ കയറിയ ട്രംപ്, ഇപ്പോൾ പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിന് തിരികൊളുത്തിയിരിക്കുകയാണ് . എണ്ണ, ഡോളറിന്റെ ആധിപത്യം, ഇസ്രായേലിന്റെ സുരക്ഷ—ഇവയാണ് യഥാർത്ഥ കാരണങ്ങളെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

ഗൾഫ് രാജ്യങ്ങൾ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. അവരുടെ മേഖലയിലാണ് അശാന്തി പടരുന്നത് . നയതന്ത്ര പരിഹാരമാണ് അവരുടെ ആവശ്യം.

വ്യോമാക്രമണങ്ങളിലൂടെ ഒരു ഭരണകൂടത്തെ തകർത്ത് തങ്ങൾക്കനുകൂലമായ ഭരണം സ്ഥാപിക്കാമെന്നത് വ്യാമോഹം മാത്രമാണ് . ഇറാഖും ലിബിയയും അഫ്ഗാനിസ്താനും നൽകുന്ന പാഠം വ്യക്തമാണ്. ചരിത്രത്തിൽ നിന്ന് പഠിക്കാത്തവർ ചരിത്രം ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ്.

Tags:    
News Summary - War in the Middle East: Will regime change in Iran become a reality?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.