യു.എസ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മിനാബ് സ്കൂളിലെ പെൺകുട്ടികളുടെ ചിത്രവുമേന്തി ബന്ധുക്കൾ
ഞാൻ എന്റെ അമ്മയുടെ മകളായതുകൊണ്ടും, തലയുയർത്തിപ്പിടിച്ച് ഇത് പറയേണ്ടതുള്ളതുകൊണ്ടും എനിക്ക് ചിലത് പറയാനുണ്ട്. ലോകത്തെ വിഴുങ്ങാൻ പോകുന്ന യുദ്ധത്തെക്കുറിച്ചുള്ള ചെറു പ്രസ്താവനയാണിത്.
Mother Mary Comes To Me എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കാനാണ് നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. പക്ഷേ, തെഹ്‌റാനും ഇസ്ഫഹാനും ബൈറൂത്തും പോലുള്ള മനോഹര നഗരങ്ങൾ കത്തിച്ചാമ്പലാകുമ്പോൾ, അവയെക്കുറിച്ച് സംസാരിക്കാതെ എങ്ങനെയാണ് നമുക്ക് ഈ ദിവസം അവസാനിപ്പിക്കാനാവുക? ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന പ്രകോപനരഹിതവും നിയമവിരുദ്ധവുമായ ആക്രമണത്തെക്കുറിച്ച് സംസാരിക്കാൻ എന്റെ ‘മദർ മേരി’യുടെ തുറന്നുപറച്ചിലുകളിൽ നിന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ നിന്നും ആവേശമുൾക്കൊണ്ട്, ഞാൻ ഈ വേദിയെ ഉപയോഗപ്പെടുത്തുകയാണ്. ഇത് ഗസ്സയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന വംശഹത്യയുടെ തുടർച്ച തന്നെയാണ്. പഴയ അതേ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നു. ആശുപത്രികൾ ബോംബിട്ടു തകർക്കുന്നു. നഗരങ്ങളെ തരിപ്പണമാക്കുന്നു. എന്നിട്ട് ഇരകളാണെന്ന് സ്വയം നടിക്കുകയും ചെയ്യുന്നു.
പക്ഷേ, ഇറാൻ ഗസ്സയല്ല. ഈ പുതിയ യുദ്ധത്തിന്റെ വേദി ലോകത്തെ മുഴുവൻ വിഴുങ്ങുന്ന രീതിയിൽ വ്യാപിച്ചേക്കാം. ഒരു ആണവ ദുരന്തത്തിന്റെയും സാമ്പത്തിക തകർച്ചയുടെയും വക്കിലാണ് നാം നിൽക്കുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ട അതേ രാജ്യം തന്നെയാണ് ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളിലൊന്നിനുമേൽ ബോംബിടാൻ ഒരുമ്പെടുന്നത്. അതേക്കുറിച്ച് വിശദമായി സംസാരിക്കാൻ മറ്റ് അവസരങ്ങൾ ഉണ്ടാകും, ഇവിടെ ഞാനിത്രമാത്രം പറയട്ടെ, ഞാൻ അസന്ദിഗ്ധമായി ഇറാനൊപ്പം നിൽക്കുന്നു. ഭരണമാറ്റം ആവശ്യമാണെങ്കിൽ-അത് അമേരിക്കയിലായാലും ഇസ്രായേലിലായാലും നമ്മുടെ നാട്ടിലായാലും-അത് നടപ്പാക്കേണ്ടത് അതതിടത്തെ ജനങ്ങളാണ്. അല്ലാതെ, ലോകത്തെ മുഴുവൻ തങ്ങളുടെ കാൽക്കീഴിലാക്കാൻ വെമ്പുന്ന, പൊങ്ങച്ചവും പെരുംനുണകളും കൊടുംവഞ്ചനയും ദുരാഗ്രഹങ്ങളും പേറിനടക്കുന്ന, വിഭവങ്ങൾ കൊള്ളയടിക്കുന്ന, ബോംബുകൾ വർഷിക്കുന്ന സാമ്രാജ്യത്വ ശക്തികളോ അവരുടെ സഖ്യകക്ഷികളോ അല്ല.
ഇറാൻ അവരെ ചെറുത്തുനിൽക്കുമ്പോൾ ഇന്ത്യ ഭീരുത്വത്തോടെ ഉൾവലിയുകയാണ്. നമ്മുടെ ഭരണകൂടം ഇത്രയേറെ ഭീരുക്കളായിരിക്കുന്നു എന്നതിൽ ഞാൻ ലജ്ജിക്കുന്നു. പണ്ട് നമ്മൾ വളരെ പാവപ്പെട്ട മനുഷ്യർ വസിക്കുന്ന ഒരു ദരിദ്ര രാജ്യമായിരുന്നു. പക്ഷേ അന്ന് നമുക്ക് അന്തസ്സുണ്ടായിരുന്നു, അഭിമാനമുണ്ടായിരുന്നു. ഇന്ന് നമ്മൾ ഒരു സമ്പന്ന രാജ്യമാണ്, പക്ഷേ ഇവിടത്തെ പാവപ്പെട്ട, തൊഴിലില്ലാത്ത ജനങ്ങൾക്ക് ഭക്ഷണത്തിനുപകരം വിളമ്പുന്നത് വെറുപ്പും വിഷവും അസത്യങ്ങളും കൊണ്ട് തയാറാക്കിയ വിഭവങ്ങളാണ്. നമുക്ക് അഭിമാനം നഷ്ടപ്പെട്ടു. അന്തസ്സ് നഷ്ടപ്പെട്ടു. ധൈര്യം നഷ്ടപ്പെട്ടു. നമ്മുടെ സിനിമകളിലല്ലാതെ മറ്റെവിടെയും അതൊന്നും കാണാനാകില്ല.
മറ്റു രാഷ്ട്രങ്ങളുടെ മേധാവികളെ അമേരിക്ക തട്ടിക്കൊണ്ടുപോവുകയും വധിക്കുകയും ചെയ്യുമ്പോൾ അതിനെ എതിർക്കാൻ പോലും തയാറാവാത്ത എന്തുതരം ആളുകളാണ് നമ്മൾ? ഇതേ കാര്യം നമുക്കുനേരെ സംഭവിക്കുന്നത് നമ്മൾ ഇഷ്ടപ്പെടുമോ? ഇറാനെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് ഇസ്രായേലിൽ പോയി ബിന്യമിൻ നെതന്യാഹുവിനെ കെട്ടിപ്പിടിച്ച നമ്മുടെ പ്രധാനമന്ത്രിയുടെ നടപടി എന്താണ് അർഥമാക്കുന്നത്? ട്രംപിന്റെ താരിഫുകൾ നിയമവിരുദ്ധമാണെന്ന് യു.എസ് സുപ്രീംകോടതി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ്, നമ്മുടെ കർഷകരെയും തുണി വ്യവസായത്തെയും ഒറ്റുകൊടുക്കും വിധത്തിൽ അമേരിക്കയുമായി അപമാനകരമായ വ്യാപാര കരാറിൽ ഒപ്പിട്ടത് എന്തിനെയാണ് സൂചിപ്പിക്കുന്നത്? റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇപ്പോൾ നമുക്ക് ‘അനുവാദം’ ലഭിച്ചിരിക്കുന്നു-ഇതിന്റെ അർഥമെന്താണ്? ഇനി എന്തിനൊക്കെയാണ് നമ്മൾ അനുവാദം വാങ്ങേണ്ടിവരുക? ശുചിമുറിയിൽ പോകാനും ജോലിയിൽ നിന്ന് അവധിയെടുക്കാനും സ്വന്തം അമ്മയെ കാണാൻ പോകുന്നതിനുമൊക്കെ അനുമതി വാങ്ങേണ്ടി വരുമോ?
ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള അമേരിക്കൻ രാഷ്ട്രീയക്കാർ ദിവസവും നമ്മളെ പരസ്യമായി അവഹേളിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നു. നമ്മുടെ പ്രധാനമന്ത്രിയാകട്ടെ തന്റെ പ്രശസ്തമായ ശൂന്യമായ ചിരിയോടെ വീണ്ടും കെട്ടിപ്പിടിത്തം തുടരുന്നു. ഗസ്സയിൽ വംശഹത്യ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ഇസ്രായേലിൽ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനി തൊഴിലാളികൾക്കുപകരം ആയിരക്കണക്കിന് ദരിദ്രരായ ഇന്ത്യൻ തൊഴിലാളികളെ ഇന്ത്യൻ സർക്കാർ അങ്ങോട്ടേക്കയച്ചത്. ഇന്ന് ഇസ്രായേലികൾ ബങ്കറുകളിൽ അഭയം തേടുമ്പോൾ, ഇന്ത്യൻ തൊഴിലാളികളെ ആ ബങ്കറുകളിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന വാർത്തകളാണ് വരുന്നത്. ഇതിന്റെയൊക്കെ അർഥമെന്താണ്? ലോകത്തിനുമുന്നിൽ ഇത്രയേറെ അപമാനകരവും ലജ്ജാകരവും മനംമടുപ്പിക്കുന്നതുമായ ഒരു അവസ്ഥയിലേക്ക് നമ്മെ എത്തിച്ചത് ആരാണ്?
‘സാമ്രാജ്യത്വത്തിന്റെ വാലാട്ടികൾ’ (Running Dog of Imperialism) എന്ന ചൈനീസ് കമ്യൂണിസ്റ്റ് പ്രയോഗത്തെക്കുറിച്ച് പണ്ട് നമ്മൾ തമാശ പറയാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ആ പ്രയോഗം നമ്മെ കൃത്യമായി വിശേഷിപ്പിക്കുന്നു എന്ന് പറയേണ്ടിവരും.
(Mother Mary Comes To Me എന്ന പുസ്തകം മുൻനിർത്തി തിങ്കളാഴ്ച ഡൽഹി കമാനി ഓഡിറ്റോറിയത്തിൽ നിലഞ്ജന റോയിയുമായുള്ള സംഭാഷണത്തിന് മുന്നോടിയായി നടത്തിയ ചെറുപ്രസംഗത്തിൽ നിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.