ഇ​സ്രാ​യേ​ൽ: ഹി​ന്ദു​ത്വ​രു​ടെ മാ​തൃ​കാ രാ​ജ്യം

 ഇന്ത്യയിലെ പ്രബലമായ ഹിന്ദുത്വ പ്രത്യയശാസ്ത്രവും അതിന്റെ വക്താക്കളും ഇസ്രായേലിനെ വെറുതെ പിന്തുണക്കുക മാത്രമല്ല ചെയ്യുന്നത്. അവർ അതിനെ പഠിക്കുകയും ഉൾക്കൊള്ളുകയും, അതിലുപരി ഇസ്രായേലിന്റെ യുക്തി ഇന്ത്യയിൽ പുനർനിർമിക്കാൻ പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫെബ്രുവരി 25ന് ഇസ്രായേലിലേക്ക് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, അവിടെ തന്റെ സമശീർഷനായ ബിന്യമിൻ നെതന്യാഹുവുമായി ചർച്ചകൾ നടത്തും. കൂറില്ലാത്തവരെന്ന് സദാ സങ്കൽപിക്കപ്പെട്ട ഒരു ജനതയെ എങ്ങനെ ഭരിക്കാം, പുറന്തള്ളലിനെ എങ്ങനെ ഭരണമായി തോന്നിപ്പിക്കാം, ജനാധിപത്യം മരവിപ്പിക്കാതെത്തന്നെ അസാധാരണമായ ആക്രമണങ്ങളെ എവ്വിധം സാധാരണവത്കരിക്കാം, ഭയത്തെ എങ്ങനെ സുസ്ഥിരമായ ഒരു രാഷ്ട്രീയ വ്യവസ്ഥയാക്കി മാറ്റാം എന്നിങ്ങനെ ഹിന്ദുത്വർ തേടിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങൾക്ക് ഏറെ മുമ്പുതന്നെ ഉത്തരം നൽകിയ ഒരു രാജ്യംകൂടിയാണ് ഇസ്രായേൽ.

ബോംബാക്രമണത്തിൽ തകർക്കപ്പെട്ട ഗസ്സയിലെ വീടുകളെക്കുറിച്ചുള്ള പരിഹാസങ്ങളും, അവിടത്തെ ജനവാസ പ്രദേശങ്ങൾ ഇടിച്ചുനിരപ്പാക്കുകയും കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത നടപടികളോടുള്ള ആരാധനയുമെല്ലാം ഇതിന് തെളിവാണ്. ശിക്ഷകളെ ആസ്വദിക്കാൻ ഇതിനകം പഠിച്ചുകഴിഞ്ഞ ഒരു രാഷ്ട്രീയ സംസ്കാരത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികൾ പ്രത്യാഘാതങ്ങളില്ലാതെ നിലനിർത്താനും പ്രതിരോധിക്കാനും കഴിയുമെന്നതിന്റെ സ്ഥിരീകരണമാണ് ഇവർക്ക് ഇസ്രായേൽ.

 

ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബർ 10ന് ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ ഫെബ്രുവരി 16 വരെയുള്ള ആകെ മരണസംഖ്യ 72,063 ആണ്. ഇക്കഴിഞ്ഞ ഒക്ടോബറിലെ രേഖകൾ പ്രകാരം മരിച്ചവരിൽ കുറഞ്ഞത് 20,000 കുഞ്ഞുങ്ങളുണ്ട്.

ഹിന്ദുത്വ പിന്തുണക്കാരുടെ ഇസ്രായേലിനോടുള്ള ആരാധനയുടെ കേന്ദ്രബിന്ദു ‘സെറ്റിലർ ലോജിക്’ (settler logic) ആണ്. ജനങ്ങളെ നിയന്ത്രിക്കുന്നതിന് മുമ്പ് ഭൂമി സുരക്ഷിതമാക്കണമെന്നും, ഒരിടം ‘ശുദ്ധീകരിക്കപ്പെട്ടു’ കഴിഞ്ഞാൽ രാഷ്ട്രീയം പിന്നാലെ വന്നുകൊള്ളുമെന്നുമുള്ള വിശ്വാസമാണിത്. ഇന്ത്യയിൽ, ഭാരതീയ ജനതാ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടന്ന പരീക്ഷണങ്ങളിൽ ഇത് വ്യക്തമാണ്; ജനങ്ങളെ കുടിയിറക്കുന്നത് എത്രമാത്രം സാധാരണവത്കരിക്കാൻ കഴിയുമെന്ന് അവിടെ പരീക്ഷിക്കപ്പെട്ടു. ഉത്തർപ്രദേശിൽ ബുൾഡോസറുകൾ ഇടിച്ചുകയറ്റി മുസ്‍ലിം വീടുകൾ തകർത്ത് മണ്ണോടു ചേർത്തു- ഞെട്ടലുണ്ടാക്കാത്ത ഒരു സാധാരണ സംഭവമായി പരിഗണിക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കും വിധത്തിൽ ആ മുന്നറിയിപ്പ് ആവർത്തിച്ചു സംപ്രേഷണം ചെയ്യപ്പെട്ടു.

 

ഉത്തരാഖണ്ഡിൽ, പുറന്തള്ളൽ എന്നത് ദൈനംദിന ഭരണത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഒരു ജനവിഭാഗത്തെ ഉന്നംവെച്ചുകൊണ്ടുള്ള പൊലീസിങ്, പള്ളികൾ സീൽവെച്ച് അടച്ചുപൂട്ടൽ, മദ്റകൾക്കെതിരെയുള്ള നടപടികൾ, മുസ്‍ലിം വ്യാപാരികളെ ഉപദ്രവിക്കൽ, നിയമം കൈയിലെടുക്കുന്ന ആൾക്കൂട്ടത്തിന്റെ ഭീഷണികളെ പ്രോത്സാഹിപ്പിക്കൽ എന്നിത്യാദി പ്രവർത്തനങ്ങളുടെ ഒരു നിരതന്നെ അവിടെ നടക്കുന്നതായി ‘അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സും’ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. മതപരമായി വിശുദ്ധമായ ഒരു ഭൂപ്രദേശമെന്ന് വിഭാവനം ചെയ്യപ്പെടുന്ന ഉത്തരാഖണ്ഡിൽ മുസ്‍ലിംകളുടെ സാന്നിധ്യം ഒരു കളങ്കമായും അശുദ്ധിയായും പുനർനിർവചിക്കപ്പെട്ടിരിക്കുന്നു. ഒരു മുസ്‍ലിം വ്യാപാരി കച്ചവടം നടത്തുന്നതോ, വ്യാപാര സ്ഥാപനത്തിന് ഹിന്ദുവെന്ന് കരുതപ്പെട്ടേക്കാവുന്ന പേര് നൽകുന്നതോ പോലും സംശയാസ്പദമായി മാറുന്നു.

ഒഡിഷയിൽ കച്ചവടക്കാരെ മർദിക്കുകയും മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഝാർഖണ്ഡിൽ ‘ബംഗ്ലാദേശി’യെന്ന് മുദ്രകുത്തപ്പെട്ട ഒരു മുസ്‍ലിം തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. മധ്യപ്രദേശിൽ കാലങ്ങളായി താമസിച്ചുപോരുന്ന മുസ്‍ലിം കുടുംബങ്ങൾ സാമൂഹിക ബഹിഷ്‌കരണംമൂലം ജീവിതവും ഉപജീവനവും തകർന്ന അവസ്ഥയിലായി .

അതേസമയം, ഇന്ത്യൻ പൗരത്വം അതിന്റെ അന്തസ്സത്ത ചോർത്തപ്പെട്ട നിലയിൽ പുനർനിർവചിക്കപ്പെടുകയാണ്. രാജ്യത്തെ ജനങ്ങളുടെ പൗരത്വം ചോദ്യംചെയ്യപ്പെടാത്തവിധം കൈമാറിക്കിട്ടുന്നത് മാറി, പൗരത്വ ഭേദഗതി നിയമം (2019), അസമിലെ നാഷനൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം തുടങ്ങിയ സംവിധാനങ്ങൾ വഴി മുസ്‍ലിംകളോട് രാജ്യവുമായുള്ള ബന്ധം ആവർത്തിച്ച് തെളിയിക്കാൻ ആവശ്യപ്പെടുന്നു. വോട്ടർ പട്ടികയിൽനിന്ന് പേരുകൾ അപ്രത്യക്ഷമാവുന്നതും രേഖകളുടെ പരിശോധനകൾ അനന്തമായി നീളുന്നതും സാധാരണമായി. അതെല്ലാം പട്ടികയിൽനിന്ന് മുസ്‍ലിം വോട്ടർമാരുടെ പേരുകൾ നീക്കംചെയ്യാനുള്ള ബോധപൂർവമായ ശ്രമമാണെന്നതിന് പകരം ‘സാങ്കേതിക പിശകുകളായി’ അവതരിപ്പിക്കപ്പെടുന്നു.

 

ഫലസ്തീൻ പ്രദേശങ്ങളിലും സമാനമായി നിഷ്പക്ഷമെന്ന് പറയപ്പെടുന്ന പെർമിറ്റുകൾ, രജിസ്ട്രികൾ, വെരിഫിക്കേഷൻ സംവിധാനങ്ങൾ എന്നിവയിലൂടെയാണ് ഭരണം നടക്കുന്നത്. ഇതിനെ ഐക്യരാഷ്ട്രസഭയിലെ വിദഗ്ധർ വർണവിവേചനത്തിന് (apartheid) സമാനമെന്നാണ് ഈയിടെപ്പോലും വിശേഷിപ്പിച്ചത്.

ഇന്ത്യയിൽ, അസമിലാണ് ഇത് ഏറ്റവും പ്രകടം. ബംഗാളി വംശജരായ മിയാ മുസ്‍ലിംകളെ ദ്രോഹിക്കുകയും വിവേചനം കാണിക്കുകയും ഇന്ത്യയിൽനിന്ന് പുറത്താക്കുകയും ചെയ്യുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പരസ്യമായി സംസാരിക്കുന്നു. അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസ്താവനകളെ അപലപിക്കുന്നതിന് പകരം അവ എളുപ്പത്തിൽ ഉൾക്കൊള്ളപ്പെടുകയാണുണ്ടായത്.

അപായകരമായ പരിണാമം

ഒരു രാഷ്ട്രത്തിന് അവിടത്തെ ന്യൂനപക്ഷത്തെ ആഭ്യന്തര ശത്രുവായി കൈകാര്യം ചെയ്തുകൊണ്ടുതന്നെ അന്താരാഷ്ട്ര നിയമസാധുത നിലനിർത്താൻ കഴിയുമെന്നും, അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെത്തന്നെ സ്ഥിരമായ അടിയന്തര സാഹചര്യത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ഇസ്രായേൽ തെളിയിക്കുന്നു. ഒരു ജനതയെ മുഴുവൻ ബലം പ്രയോഗിച്ചും നിരീക്ഷണത്തിലൂടെയും ബ്യൂറോക്രാറ്റിക് കാലതാമസത്തിലൂടെയും നിയന്ത്രിക്കുമ്പോഴും ആഗോള സഖ്യങ്ങൾ ആഴത്തിലാക്കാൻ കഴിയുമെന്നും അത് കാണിച്ചുതരുന്നു.

ഹിന്ദുത്വം ഏറ്റവും ആകർഷകമായി കാണുന്ന പാഠം ഇതാണ്: ജനാധിപത്യം തകർക്കാതെത്തന്നെ അതിനെ ശൂന്യമാക്കാം. റുവാണ്ടയിൽ, റേഡിയോ സ്റ്റേഷനുകൾ വെറുപ്പിന്റെ ഭാഷ പ്രചരിപ്പിക്കുകയും ടുട്സി (Tutsi) ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യേണ്ട ‘പാറ്റകൾ’ എന്നും ‘ശല്യങ്ങൾ’ എന്നും പരിഹസിക്കുകയും ചെയ്തു. നാസി ജർമനിയിൽ, യഹൂദ സമൂഹത്തെ നിയമപരമായ ഗെറ്റോകളിലേക്ക് തള്ളുന്നതിനും സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കുന്നതിനും മുന്നോടിയായി യഹൂദ വിരുദ്ധ കാർട്ടൂണുകൾ പ്രചരിച്ചിരുന്നു. ഇന്ത്യ ഇപ്പോൾ ഈ ഘട്ടത്തിന്റെ അഗാധതയിലാണ്.

 

 

ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത, അംഗീകരിച്ചിട്ടില്ലാത്ത ഒരു അമിതാധികാര രാഷ്ട്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ നിമിഷത്തെ ഏറ്റവും അപകടകരമാക്കുന്നത്. ഓരോ അനീതിയും നിയമപരമായ നടപടിക്രമമായി തോന്നിപ്പിക്കുംവിധമാണ് ഈ മാറ്റം സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ ചുവടുവെപ്പും ന്യായീകരിക്കത്തക്കതായും, ഓരോ മൗനവും യുക്തിസഹമായും ജനങ്ങൾക്ക് അനുഭവപ്പെടുന്നു.

ഇത്തരം സംവിധാനങ്ങൾ എങ്ങനെ കുറ്റമറ്റ രീതിയിൽ നടപ്പാക്കാമെന്നും അവയെ എങ്ങനെ സ്വാഭാവികമായ ഒന്നായി മാറ്റാമെന്നുമാണ് ഗസ്സയിലെ ആക്രമണങ്ങൾ വഴി ഇസ്രായേൽ കാണിച്ചുതരുന്നത്. ഈ രീതികൾ പഠിച്ചെടുക്കാനാവുന്നു എന്നതാണ് ഹിന്ദുത്വത്തിന് ഇസ്രായേലിനോടുള്ള താൽപര്യം. ഒരിക്കൽ ഇതൊരു സാധാരണ കാര്യമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞാൽ, ബാക്കി കാര്യങ്ങൾ കാലം പൂർത്തിയാക്കിക്കൊള്ളും.

(രാഷ്ട്രീയ-സാമൂഹിക നിരീക്ഷകനും ഗവേഷകനുമായ ലേഖകൻ scroll.inൽ എഴുതിയ കുറിപ്പിന്റെ സംഗ്രഹം)

Tags:    
News Summary - Israel: A Model State for Hindus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.