ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളർന്നെന്നും ഉയർന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കിട്ടുന്ന എല്ലാ സന്ദർഭങ്ങളിലും വേദികളിലും വീമ്പ് പറയുമ്പോൾ പുറത്തുവന്ന 2025ലെ ലോക പട്ടിണിപ്പട്ടികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്) നമ്മുടെ സ്ഥാനം എവിടെയാണെന്നറിയേണ്ടേ? 136 രാജ്യങ്ങളിൽ 102-ാമത്! പോഷകാഹാരക്കുറവ്, ശിശുക്കളുടെ വളർച്ച മുരടിപ്പ്, ശരീരശോഷണം, ശിശുമരണനിരക്ക് എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിണിപ്പട്ടിക വിദഗ്ധർ തയാറാക്കിയിരിക്കുന്നത്. ഇതു പ്രകാരം കുറഞ്ഞ പട്ടിണി, മിതമായ പട്ടിണി, ഗുരുതരമായ പട്ടിണി, അപകടകരമായ പട്ടിണി എന്നീ ഇനങ്ങളിലായി നിശ്ചിത സ്കോർ നൽകി രാജ്യങ്ങളുടെ സ്ഥാനം നിർണയിച്ചപ്പോൾ 25.8 സ്കോറുമായി ഗുരുതര പട്ടിണിയിലാണ് സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ടിനു ശേഷവും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം. അതിനു താഴെ ഏറ്റവും അപകടകരമായി പട്ടിണിയുടെ പട്ടികയിൽ സോമാലിയ, സൗത്ത് സുഡാൻ, കോംഗോ, മഡഗാസ്കർ, ഹെയ്തി എന്നീ രാജ്യങ്ങളാണ്. അവയാകട്ടെ, ആഭ്യന്തര കലാപങ്ങളും അസ്ഥിരമായ ഭരണവും അക്രമവും പ്രകൃതികോപങ്ങളും മൂലം കൊടുംദുരിതങ്ങൾ പേറുന്നവയാണുതാനും. ഇന്ത്യയാകട്ടെ, മതനിരപേക്ഷ-ജനാധിപത്യ-സോഷ്യലിസ്റ്റ് ഭരണഘടനയുടെ പിൻബലത്തിൽ കൃത്യമായ തെരഞ്ഞെടുപ്പ് നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമുള്ളതെന്ന് പുകൾപെറ്റ രാജ്യമാണ്. ഭരണപരമായ അസ്ഥിരതയോ ആഭ്യന്തരകലാപമോ, വ്യാപകമായ ദേശീയദുരന്തങ്ങളോ ഇവിടെയില്ല. ഭക്ഷ്യോൽപാദനത്തിൽ സ്വയംപര്യാപ്തത എന്നോ കൈവരിച്ച, ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോൽപാദക രാജ്യം. കൃത്യമായി റേഷൻ സംവിധാനം നിലവിലില്ലാത്ത ഒരു സംസ്ഥാനവും ഇന്ത്യയിലില്ല. എന്നിട്ടുമെന്തേ പട്ടിണിയുടെ ഗുരുതര പട്ടികയിൽ രാജ്യം ഉൾപ്പെട്ടു? 106ാം സ്ഥാനത്തുള്ള പാകിസ്താനും 109ാം സ്ഥാനത്തുള്ള അഫ്ഗാനിസ്താനും മാത്രമാണ് നമ്മുടെ പിന്നിലെ അയൽരാജ്യങ്ങൾ. ഇന്ത്യയോളം ജനസംഖ്യയുള്ള ചൈന പട്ടികയിൽ ആറാം സ്ഥാനത്താണ്. ശ്രീലങ്ക 61, നേപ്പാൾ 72, ബംഗ്ലാദേശ് 85 എന്നിങ്ങനെയാണ് നമ്മുടെ അയൽരാജ്യങ്ങളുടെ സ്ഥാനക്രമം.
സംസ്ഥാനങ്ങളുടെ അവസ്ഥ പരിശോധിച്ചാൽ നടേ പറഞ്ഞ മാനദണ്ഡപ്രകാരം ചണ്ഡിഗഢ്, സിക്കിം, പുതുച്ചേരി എന്നിവക്ക് ശേഷം കേരളമാണ് മികച്ച സ്കോറോടെ മുൻനിരയിലുള്ളത്. മിതമായ പട്ടിണി വിഭാഗത്തിലാണ് നമ്മൾ. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനടക്കം സമ്മതിക്കുന്നതാണ് ദരിദ്ര സംസ്ഥാനമാണിപ്പോഴും കേരളമെന്ന്. കടുത്തപട്ടിണി ഇല്ലെന്നത് മാത്രമാണ് ആശ്വാസകരം. അതേസമയം, അപകടകരമായ വിഭാഗത്തിൽ ഉൾപ്പെടുന്ന ബിഹാർ, ഝാർഖണ്ഡ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ പരമ ദരിദ്ര രാജ്യങ്ങളായ ഹെയ്തി, നൈജർ, ലൈബീരിയ, സിയറാലിയോൺ എന്നിവയുടെ ഗണത്തിലാണ് ഉൾപ്പെടുന്നത്. സംസ്ഥാനങ്ങൾ തമ്മിൽ ഇത്ര ഭീമമായ അന്തരം എന്തുകൊണ്ട്, രാജ്യം മൊത്തം പട്ടിണിപ്പട്ടികയിൽ ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും എത്രയോ പിറകിലാകാൻ കാരണമെന്ത് എന്ന ഗൗരവതരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടേതീരൂ. ഭരണകൂടത്തിന്റെ തെറ്റായ മുൻഗണനാ ക്രമം, മാനുഷിക പ്രശ്നങ്ങളുടെ പരിഹാരത്തേക്കാൾ ശക്തിക്കും ശക്തിപ്രകടനത്തിനും കൽപിക്കുന്ന മുന്തിയ പ്രാധാന്യം, സമ്പത്തിന്റെ വിതരണത്തിലെ അസഹനീയമായ അസമത്വം, കോർപറേറ്റുകൾക്കും വൻകിട മൂലധന ശക്തികൾക്കും വിധേയപ്പെട്ടുകൊണ്ടുള്ള സാമ്പത്തിക നയം, ധൂർത്ത്, ദുർവ്യയം, പൊങ്ങച്ചം, അഴിമതി, ജനസംഖ്യയിൽ ചില വിഭാഗങ്ങളെ പാർശ്വവത്കരിക്കാനുള്ള ആസൂത്രിത നീക്കം തുടങ്ങി ഒരുപാട് കാരണങ്ങളുണ്ട് പട്ടിണിപ്പട്ടികയിൽ അപമാനിതരാവുന്നതിന്റെ പിന്നിൽ. ജനകീയ പ്രശ്നങ്ങൾ സഗൗരവം ചർച്ച വിഷയമാവേണ്ട നിർണായക സന്ദർഭമാണ് തെരഞ്ഞെടുപ്പുകൾ. പക്ഷേ, ഹിന്ദുത്വ കൂട്ടായ്മ കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലേറിയതിൽ പിന്നെ ദാരിദ്ര്യം, തൊഴിലില്ലായ്മ, അനാരോഗ്യംപോലുള്ള അടിസ്ഥാന പ്രശ്നങ്ങൾ നിശ്ശേഷം അവഗണിക്കപ്പെടുകയും തികച്ചും അവാസ്തവികവും വൈകാരികവുമായ വിഷയങ്ങൾ രാജ്യത്തെ നയിക്കുന്നവരുടെ പ്രചാരണ പരിപാടികളിൽ പ്രഥമ പരിഗണന നേടുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ് രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് തുടങ്ങിയ നിയമസഭകളുടെ തെരഞ്ഞെടുപ്പ് കാമ്പയിനിൽ കാണേണ്ടിവന്നത്. ഏറ്റവുമൊടുവിലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിഷയമാക്കിയത് ബംഗ്ലാദേശിൽനിന്ന് നുഴഞ്ഞുകയറ്റക്കാരെ പുറംതള്ളുന്ന കാര്യമായിരുന്നു. ലോക പട്ടിണിപ്പട്ടികയിൽ 102ാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലേക്ക് 85ാം സ്ഥാനത്തുള്ള ബംഗ്ലാദേശുകാർ എന്തിനു നുഴഞ്ഞുകയറണമെന്ന് ആരും ചോദിച്ചിട്ടില്ല. ഒരു കാലത്ത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻട്രി കിസിഞ്ജർ ‘അന്താരാഷ്ട്ര പിച്ചച്ചട്ടി’ എന്നപഹസിച്ചിരുന്ന ബംഗ്ലാദേശ് ഇന്ന് സാമ്പത്തികമായും തൊഴിൽപരമായും ഇന്ത്യയെ മറികടക്കുകയാണ്. ദരിദ്ര ജനകോടികളുടെ പട്ടിണി മാറ്റാൻ ഉപയോഗിക്കേണ്ട പണം പടുകൂറ്റൻ പ്രതിമകൾ പണിയാൻ ഉപയോഗിച്ചതിലെ അക്ഷന്തവ്യമായ വൈരുധ്യവും ചോദ്യംചെയ്യപ്പെട്ടില്ല. അതിഗുരുതര പട്ടിണിയിൽ ചക്രശ്വാസം വലിക്കുന്ന ബിഹാറികൾക്ക് അമിത് ഷാ നൽകിയ വാഗ്ദാനമെന്താണ്? 800 കോടി ചെലവഴിച്ച് സീതാദേവി ക്ഷേത്രം പണിയുമെന്ന്. മകന്റെ കല്യാണത്തിന് 5000 കോടി വെള്ളംപോലെ ഒഴുക്കിയ മുകേഷ് അംബാനിയുടെ വി.വി.ഐ.പി അതിഥികളിലൊരാളും ഗുജറാത്തിൽ കഞ്ഞിക്ക് കരയുന്ന പിഞ്ചോമനകളുടെ ദൈന്യമാർന്ന മുഖം കണ്ടതായി ഗൗനിച്ചില്ല. മുതലാളിത്തത്തിന്റെ വൃത്തികെട്ട മുഖങ്ങളെ ചുമന്നു നടക്കുന്നവർ ഇന്ത്യയെ പട്ടിണിപ്പട്ടികയുടെ പട്ടികക്ക് പുറത്തുകടത്തുമെന്ന് പ്രതീക്ഷിക്കുന്നവർ നിസ്സംശയം വിഡ്ഢികളുടെ സ്വർഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.