ഇക്കൊല്ലം മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമിൽ സമ്മതിദായകരുടെ പ്രത്യേക കരടുപട്ടികയിൽനിന്ന് വോട്ടർമാരെ നീക്കംചെയ്യാൻ വ്യാജപരാതികൾ വ്യാപകമായി ഫയൽചെയ്യപ്പെടുന്നതിനെതിരെ സ്റ്റേറ്റ് ചീഫ് ഇലക്ഷൻ കമീഷണർക്ക് നിവേദനം സമർപ്പിച്ചിരിക്കുന്നു കോൺഗ്രസ്, സി.പി.എം, സി.പി.ഐ, സി.പി.ഐ (എം.എൽ) എന്നിവ ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ. വോട്ടേഴ്സ് ലിസ്റ്റ് പുതുക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി ജനുവരി 22 അവസാനിക്കുന്നതിനു മുമ്പായി വ്യാപകമായതോതിൽ ഏകപക്ഷീയവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ തടസ്സവാദങ്ങൾ കൂട്ടത്തോടെ സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പരാതി.
ബംഗാളി മുസ്ലിംകളെ സമ്മർദത്തിലാക്കാൻ, വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരണ പ്രക്രിയക്കിടെ ‘നിയമപരിധിയിൽനിന്നുകൊണ്ട് ചില അസുഖകരമായ നടപടികളെടുക്കു’മെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ ചെയ്ത പൊതുപ്രസ്താവന, ഒരു പ്രത്യേക സമുദായത്തെ ഉന്നംവെച്ച് മുൻകൂട്ടി ആസൂത്രണം ചെയ്ത സ്വേച്ഛാപരവും ഭരണഘടനാ വിരുദ്ധവുമായ ചെയ്തികളിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റൊരുവശത്ത് മാർച്ച്-ഏപ്രിൽ മാസങ്ങളിൽതന്നെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടേണ്ട പശ്ചിമബംഗാളിലും വോട്ടേഴ്സ് ലിസ്റ്റിൽ പേർ ചേർക്കുന്നതിനെച്ചൊല്ലി കടുത്ത പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ നൊബേൽ സമ്മാന ജേതാവും വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനുമായ പ്രഫ. അമർത്യസെൻ ആശങ്ക പ്രകടിപ്പിച്ചു പുറപ്പെടുവിച്ച പ്രസ്താവനയും ഏറെ ഗൗരവപ്പെട്ടതാണ്.
ബംഗാളിലെ എസ്.ഐ.ആർ തിടുക്കത്തിലുള്ളതാണെന്നും ഇത് ജനാധിപത്യത്തെ അപകടത്തിലാക്കുമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്. എസ്.ഐ.ആർ പോലുള്ള നടപടികൾ തികഞ്ഞ ശ്രദ്ധയോടും സമയമെടുത്തും നടത്തേണ്ടതാണെന്നും ബംഗാളിൽ അതല്ല സ്ഥിതിയെന്നും പ്രഫ. സെൻ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ താഴെക്കിടയിലുള്ളവരാണ് ഇതിന്റെയെല്ലാം ഇരകൾ എന്ന് ഓർമിപ്പിക്കുന്ന അമർത്യസെൻ, ഇന്ത്യൻ മുസ്ലിംകൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ നേരിടുന്ന പ്രയാസങ്ങളിലേക്ക് വിരൽചൂണ്ടുന്നുണ്ട്. ഹിന്ദുത്വ തീവ്രവാദികളുടെ ചെയ്തികൾ ഇക്കാര്യത്തിൽ വഹിക്കുന്ന പങ്കും അദ്ദേഹം സൂചിപ്പിക്കാതിരുന്നില്ല.
ഇന്ത്യ നേരിടുന്ന ആഭ്യന്തര വിപത്തായി ആർ.എസ്.എസ് താത്ത്വികാചാര്യൻ എം.എസ്. ഗോൾവൽക്കർ മുസ്ലിംകൾ, ക്രൈസ്തവർ, കമ്യൂണിസ്റ്റുകാർ എന്നിവരുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തിയിക്കെ രാജ്യത്തേറ്റവും ശാഖകളുള്ള തീവ്രഹിന്ദുത്വ അർധസൈനിക സംഘത്തിന്റെ പൂർണ പിടിയിലമർന്ന ഇന്ത്യയിൽ തീർത്തും ഫാഷിസ്റ്റ് ദിശയിലുള്ള ആസൂത്രണവും ജനാധിപത്യധ്വംസനവും വ്യാജ പ്രോപഗണ്ടയും മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ജനാധിപത്യത്തിന്റെ മേന്മയും മഹത്വവും സമസ്തവേദികളിലും ഉദ്ഘോഷിക്കുമ്പോൾതന്നെ ആ ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന ആസൂത്രിത ചെയ്തികളാണ് അദ്ദേഹം നേതൃത്വം നൽകുന്ന കേന്ദ്രസർക്കാറും അതേ ദിശയിൽ ചലിക്കുന്ന സംസ്ഥാന സർക്കാറുകളും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
അമർത്യസെൻ എടുത്തുകാട്ടിയപോലെ മതന്യൂനപക്ഷങ്ങളും അടിത്തട്ടിൽ കഴിയുന്ന ഹൈന്ദവ ജനവിഭാഗങ്ങളുമാണ് നീതിനിഷേധത്തിന്റെയും വിവേചനത്തിന്റെയും ഏറ്റവും മോശപ്പെട്ട ഇരകൾ. തന്മൂലം മതനിരപേക്ഷ ജനാധിപത്യത്തോട് ഒരളവോളമെങ്കിലും പ്രതിബദ്ധത കാട്ടുന്നവരായി അവർ കരുതുന്ന പാർട്ടികൾക്ക് പിന്തുണ നൽകുമ്പോൾ വോട്ടവകാശ നിഷേധത്തിലൂടെ ആ പ്രവണതക്ക് അന്ത്യംകുറിക്കാൻ സത്വരം നടപ്പാക്കിക്കൊണ്ടിരിക്കുന്നതാണ് സമ്മതിദായക പട്ടികയുടെ കൃത്രിമ പരിഷ്കാരമെന്ന് കരുതാനാണ് സാഹചര്യം നിർബന്ധിക്കുന്നത്.
തീവ്രവലതുപക്ഷത്തിന് വോട്ടുനൽകുമെന്ന് പ്രതീക്ഷയില്ലാത്ത ജനപക്ഷ-ദലിത്-പീഡിത വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് കൂട്ടത്തോടെ നീക്കംചെയ്യപ്പെട്ട സംഭവങ്ങൾ മഹാരാഷ്ട്ര, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാജ്യം കണ്ടു; ഇനിയിപ്പോൾ അസമിലും പശ്ചിമബംഗാളിലും കൂടുതൽ ഭീകരമായി അതാവർത്തിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെയും നിയമവാഴ്ച നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുടെയും ന്യായമായ പരാതി. പക്ഷേ, സ്വതേ ചിറകരിയപ്പെട്ട ഇലക്ഷൻ കമീഷൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കുമുന്നിൽ മുട്ടുമടക്കുകയേ ഉള്ളൂ എന്നതാണ് തിക്തയാഥാർഥ്യം.
മരിച്ചവർ, സ്ഥലംമാറിപ്പോയവർ, എന്നോ ലോകത്തോട് വിടപറഞ്ഞ മാതാപിതാക്കളുടെ ജനന-മരണരേഖകൾ കൈവശമില്ലാത്തവർ എന്നൊക്കെ രേഖപ്പെടുത്തി ലക്ഷങ്ങളുടെ പേർ പട്ടികയിൽനിന്ന് രായ്ക്കുരാമാനം നീക്കംചെയ്യുന്നു. അതോടൊപ്പം തങ്ങൾക്ക് വോട്ടുചെയ്യുമെന്നുറപ്പുള്ളവരെ അന്യസംസ്ഥാനക്കാരായാലും കൃത്രിമമായ മേൽവിലാസത്തിൽ പട്ടികയിൽ പേർ ചേർക്കുന്നു. വ്യാജ വോട്ടർമാരുടെ പിൻബലത്തിൽ തീവ്രവലതുപക്ഷം മഹാഭൂരിപക്ഷത്തോടെ ‘വിജയികളായി’ പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു.
മതനിരപേക്ഷ ജനാധിപത്യത്തിന്റെ അറുകൊലയും ശുദ്ധ ഫാഷിസവും എന്നല്ലാതെ ഈ ആസൂത്രിത പദ്ധതിയെ മറ്റെന്ത് വിശേഷിപ്പിക്കണം. വോട്ടുചോരിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധത്തിന് പൂർണ ജനകീയ പിന്തുണ ഉറപ്പാക്കുകയെങ്കിലും ചെയ്തില്ലെങ്കിൽ ഇന്ത്യ തീവ്രവലതുപക്ഷത്തിന്റെ ചൊൽപടിയിൽ പൂർണമായമരുന്ന കാലം വിദൂരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.