രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് അവതരണം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചത് ദീർഘമായ പ്രസംഗത്തിലൂടെയായിരുന്നു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതിനാൽ, ബജറ്റിൽ സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടിയുള്ള സാമ്പത്തിക പദ്ധതിയേക്കാളുപരി ഒരു രാഷ്ട്രീയ പ്രകടനപത്രികയുടെ നിറമുണ്ടാകുക സ്വാഭാവികമാണ്. ക്ഷേമപദ്ധതികളിലൂടെ വോട്ടർമാരെ സ്വാധീനിക്കാനുള്ള ‘ഭഗീരഥ പ്രയത്നമാണ്’ ധനമന്ത്രി നടത്തിയത്. ഭരണത്തുടർച്ചയുടെ മൂന്നാം ഊഴം ലക്ഷ്യമിടുന്ന ഇടതുമുന്നണിയുടെ രാഷ്ട്രീയതന്ത്രങ്ങൾ ബജറ്റിലുടനീളം പ്രതിഫലിക്കുന്നുണ്ട്. എന്നാൽ, ഇവ നടപ്പിലാക്കാനുള്ള സാമ്പത്തികശേഷി കേരളത്തിന്റെ ഖജനാവിനുണ്ടോ എന്ന കാര്യത്തിൽ ആശാവഹമായ ഉത്തരമല്ല സാമ്പത്തിക സർവേ റിപ്പോർട്ട് നൽകുന്നത്. അതുകൊണ്ടുതന്നെ, നിലവിലെ കടബാധ്യതയും വരുമാന സ്രോതസ്സുകളും വിലയിരുത്തിക്കൊണ്ട്, ബജറ്റിലെ വാഗ്ദാനങ്ങൾ പ്രായോഗികമാണോ എന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർ സംശയാലുക്കളാണ്. കൃത്യമായ സാമ്പത്തിക നയങ്ങളോ ദീർഘവീക്ഷണമോ മുന്നോട്ടുവെക്കുന്നതിനു പകരം താൽക്കാലിക ജനപ്രീതിക്കാണ് ധനമന്ത്രി മുൻഗണന നൽകിയതെന്ന വിമർശനവും അവർ ഉന്നയിക്കുന്നു.
1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിലെ ക്ഷേമവാഗ്ദാനങ്ങൾ വെറും പൊള്ളയാകുകയോ അടുത്ത സർക്കാറിന് അമിതഭാരമേൽപ്പിക്കുകയോ ചെയ്തേക്കാം. കേരളത്തിന്റെ റവന്യൂ കമ്മി 34,587 കോടി രൂപയും (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 2.12 ശതമാനം), ധനക്കമ്മി 55,420 കോടി രൂപയുമാണ് (3.4 ശതമാനം). റവന്യൂ വരുമാനത്തിൽ 45,889.49 കോടി രൂപയുടെയും തനത് നികുതി വരുമാനത്തിൽ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1595.05 കോടി രൂപയുടെയും വർധനയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ദൗർഭാഗ്യവശാൽ, ഈ പ്രതീക്ഷകളോട് ഒത്തുപോകുന്നതല്ല സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ. കഴിഞ്ഞ മൂന്ന് വർഷമായി തനത് വരുമാനവർധന ഒരു പരിധിവരെ മരവിച്ച അവസ്ഥയിലാണ്. വളർച്ചാ നിരക്കാകട്ടെ ദേശീയ ശരാശരിയെക്കാൾ താഴെയും (നിലവിൽ 6.17 ശതമാനം). കടമെടുപ്പാകട്ടെ സർവകാല റെക്കോഡിലെത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സാധാരണക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്ന അലവൻസുകൾ, ഗ്രൂപ് ഇൻഷുറൻസ് പദ്ധതികൾ, കുടിശ്ശികയുള്ള ക്ഷേമബത്തകൾ എന്നിവയുടെ വിതരണം ബജറ്റിൽ പ്രഖ്യാപിക്കുന്നത്. ഇവ നടപ്പാക്കാനായാൽ സർക്കാറിന് രാഷ്ട്രീയമായ നേട്ടമുണ്ടാകുമെങ്കിലും അത് സംസ്ഥാനത്തിന്റെ കടബാധ്യത വർധിപ്പിക്കും. അല്ലെങ്കിൽ പ്ലാനിങ് ഫണ്ടുകൾ വെട്ടിക്കുറയ്ക്കേണ്ടി വരികയോ വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പിനുശേഷം ഒഴിവാക്കുകയോ വേണ്ടിവരും. ഇപ്പോൾത്തന്നെ പ്ലാനിങ് ഫണ്ടിന്റെ 40 ശതമാനത്തിൽ താഴെ മാത്രമാണ് ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളത്. എസ്.സി/എസ്.ടി വിദ്യാർഥികളുടെ സ്കോളർഷിപ് അടക്കം സാധാരണക്കാർക്ക് അത്താണിയാകേണ്ട പല പദ്ധതികളും പണമില്ലാത്തതിനാൽ മരവിച്ചിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികളെക്കുറിച്ച് സാമ്പത്തിക സർവേ റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ് വ്യക്തമാണ്; അത് കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കാൻ സർക്കാറിനെ നിർബന്ധിതമാക്കുന്നു. തനത് റവന്യൂ വരുമാനത്തിൽ വലിയ വർധനയുണ്ടായാലേ കടപ്രതിസന്ധി തരണം ചെയ്യാനാകൂ. എന്നാൽ, സർവേയിലെ ഈ യാഥാർഥ്യബോധം ബജറ്റ് പ്രസംഗത്തിലെത്തിയപ്പോൾ ധനമന്ത്രിക്ക് ഉപേക്ഷിക്കേണ്ടിവന്നു. വരുമാന വർധനക്കുള്ള മൂർത്തമായ പദ്ധതികൾ മുന്നോട്ടുവെക്കാൻ തെരഞ്ഞെടുപ്പായതിനാൽ തയാറുമായില്ല. കേന്ദ്രം വായ്പാ പരിധി കർശനമാക്കിയ സാഹചര്യത്തിൽ, ക്ഷേമപദ്ധതികൾക്ക് പണം എവിടെനിന്ന് കണ്ടെത്തുമെന്നത് വലിയ ചോദ്യചിഹ്നമാണ്. ശമ്പള പരിഷ്കരണവും ഡി.എ കുടിശ്ശികയും പ്രഖ്യാപിക്കുമ്പോഴും വിഭവസമാഹരണ മാർഗങ്ങളെക്കുറിച്ച് ബജറ്റ് നിശബ്ദമാണ്. പ്രധാന വരുമാനമാർഗമായി സർക്കാർ കാണുന്നത് ഭൂമിയുടെ ന്യായവില വർധനയാണ്. ഇത് സാധാരണക്കാരെയും മധ്യവർഗത്തെയും അലോസരപ്പെടുത്തുകയും വലിയ നികുതി കുടിശ്ശികകൾ പിരിച്ചെടുക്കുന്നതിലെ അലംഭാവം ജനങ്ങളിൽ സർക്കാർ വിരുദ്ധതക്ക് കാരണമാകുകയും ചെയ്തേക്കാം. കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന കേരളത്തിന്റെ വികസന മുരടിപ്പിനും ക്ഷേമപദ്ധതികൾ അവതാളത്തിലാകുന്നതിനും പ്രധാന കാരണമാണ്. ഫെഡറൽ തത്ത്വങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സമീപനം തുറന്നുകാട്ടാനുള്ള സർക്കാറിന്റെ ശ്രമങ്ങളെ പ്രതിപക്ഷവും പിന്തുണക്കേണ്ടതാണ്. കാരണം, ഭരണമാറ്റമുണ്ടായാലും കേന്ദ്രത്തിന്റെ ഈ നിലപാട് സംസ്ഥാന താൽപര്യങ്ങളെ ബാധിക്കും. കഴിഞ്ഞ നാല് വർഷത്തിനിടയിൽ കേന്ദ്രവിഹിതം 34 ശതമാനത്തിൽനിന്ന് 25 ശതമാനമായി കുറഞ്ഞിരിക്കുന്നു. കടമല്ല, വികസനത്തിന്റെ ശരിയായ വഴി; മറിച്ച് കേന്ദ്രത്തിൽനിന്ന് അവകാശപ്പെട്ട തുക നേടിയെടുക്കുകയും തനത് വരുമാനം വികസിപ്പിക്കുകയുമാണ് വേണ്ടത്. ആകർഷകമായ ക്ഷേമപദ്ധതികൾ അവതരിപ്പിക്കുന്നതിൽ വിജയിച്ച ധനമന്ത്രി, പക്ഷേ, വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്ന കാര്യത്തിൽ പരാജയപ്പെട്ടുവെന്ന് പറയേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.