കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ജനുവരി 29ന് വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച 2025-26 വർഷത്തെ സാമ്പത്തികസർവേയിൽ അനാവൃതമായ ഒരു വസ്തുത രാജ്യത്തിന്റെയും ജനങ്ങളുടെയും സത്വരശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്നതാണ്. രാജ്യത്തെ കുഞ്ഞുങ്ങളും യുവാക്കളും ഒട്ടുമുക്കാലും ഡിജിറ്റൽ അത്യാസക്തിക്ക് അടിപ്പെട്ടിരിക്കുകയാണെന്നും ഇത് രാജ്യത്തിന്റെ ഏറ്റവും മുന്തിയ മനുഷ്യവിഭവമായ യുവതയുടെ മാനസികാരോഗ്യം മാരക രീതിയിൽ ക്ഷയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് സാമ്പത്തിക സർവേ വെളിപ്പെടുത്തിയിരിക്കുന്നത്. അക്കാദമികരംഗത്തെ ഫലപ്രാപ്തിയെയും തൊഴിലിടങ്ങളിലെ ഉൽപാദനക്ഷമതയെയും ഇത് നിഷേധരീതിയിൽ ബാധിച്ചുകഴിഞ്ഞതായി റിപ്പോർട്ട് പറയുന്നു. പതിവായ ശ്രദ്ധാഭ്രംശവും മതിയായ ഉറക്കമില്ലായ്മയും പഠനത്തിലും തൊഴിലിലും വിപരീതഫലമുളവാക്കുന്നത് നഷ്ടംവരുത്തുന്നത് സമ്പദ്‍വ്യവസ്ഥക്കുതന്നെ.

കുട്ടികളുടെയും യുവാക്കളുടെയും അമിതമായ സ്ക്രീൻടൈം മാനുഷികമായ പൊതുബന്ധങ്ങളെ ദുർബലപ്പെടുത്തുകയും അതുവഴി സാമൂഹികമൂലധനത്തെ ചോർത്തിക്കളയുകയും ചെയ്യുന്നതോടൊപ്പം മാനസികാരോഗ്യപ്രശ്നങ്ങൾ ഗുരുതരമാക്കുകയും ചെയ്യുന്നു. പുത്തൻ ജീവിതരീതിയുടെ ഭാഗമായി മാറിക്കഴിഞ്ഞ അൾട്രാ പ്രോസസ്ഡ് ഫുഡ്സ് (യു.പി.എഫ്) എന്ന പേരിലറിയപ്പെടുന്ന കൃത്രിമനിറങ്ങളും രാസപദാർഥങ്ങളും ചേർത്ത ഹാനികരമായ ഭക്ഷണപദാർഥങ്ങൾ അമിതവണ്ണവും ദുർമേദസ്സും അടക്കമുള്ള ശാരീരിക രോഗങ്ങൾ വരുത്തിവെക്കുന്നതു പോലെതന്നെ, ഡിജിറ്റൽ അത്യാസക്തി നിലവിലെ സാമൂഹികാന്തരീക്ഷ​ത്തിൽ ഗുരുതര മാനസിക അപചയങ്ങൾക്കിടയാക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. രാജ്യവും ജനങ്ങളും അറിയാതെ എത്തിപ്പെട്ട സ്ഥിതിവിശേഷമല്ല ഇത്. വികസിതഭാരതം എന്ന പുതിയ ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള കുതിപ്പിൽ നാം കൊട്ടിപ്പാടുന്ന നേട്ടങ്ങളുടെ മറുവശമാണ്. നമ്മൾ ആർജിച്ച പുരോഗതിയുടെ ഗുണം പുറത്തേക്കും ദോഷങ്ങൾ അകത്തേക്കും എന്നതാണ് നിലവിലെ സ്ഥിതി.

ഇന്ത്യയിൽ മാനവവിഭവശേഷിയുടെ സമ്പുഷ്ടീകരണം നടന്നുവരുന്നത് ഡിജിറ്റൽ രംഗത്തും അനുബന്ധഘടകങ്ങളിലുമാണ്. എന്നാൽ, അത് തുറന്ന അവസരങ്ങളു​ടെ സാധ്യതകൾ ക്രിയാത്മകവും സർഗാത്മകവുമായി ഉപയോഗപ്പെടുത്തുന്ന യുവത രാജ്യത്തുനിന്ന് പുറത്തുകടക്കുന്നു. വിവിധ രംഗങ്ങളിൽ നേരിടുന്ന മസ്തിഷ്‍ക ചോർച്ച സജീവ ചർച്ചയാണല്ലോ നാടെങ്ങും. മറുഭാഗത്ത്, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ദൂഷ്യവശങ്ങൾ യുവതലമുറയെ അപകടക്കെണിയിലാണ് അകപ്പെടുത്തിയിരിക്കുന്നത്. അറുവറുതിയിൽ എരിയുന്ന പട്ടിണിപ്പാവങ്ങൾക്ക് അന്നം നൽകുന്നതിലുംവലിയ താൽപര്യവും അടിയന്തരശ്രദ്ധയുമാണ് ‘ഡിജിറ്റൽ വിശപ്പ്’ അകറ്റാൻ ഭരണകൂടം കാണിച്ചുവരുന്നത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. ആളൊന്നിന് പ്രതിമാസം ശരാശരി 36 ജി.ബി ഡേറ്റയാണ് ഉ​പഭോഗമെന്ന് മൂന്നുമാസം മുമ്പ് ‘ടൈംസ് ഓഫ് ഇന്ത്യ’ പുറത്തുവിട്ട കണക്കിൽ പറയുന്നു.

അമേരിക്ക, പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾ, ചൈന എന്നീ രാജ്യങ്ങളേക്കാൾ വിലകുറഞ്ഞ സ്മാർട്ട് ഫോണുകളും ഡേറ്റ പ്ലാനുകളും ലഭ്യമാക്കുന്ന രാജ്യമാണ് ഇന്ത്യ. സ്വീഡിഷ് കമ്പനിയായ എറിക്സ​ണിന്റെ കണക്കിൽ അടുത്ത അഞ്ചുകൊല്ലം കഴിയുമ്പോൾ ഇന്ത്യയുടെ മാസാന്ത ഡേറ്റ ഉപഭോഗം ആളൊന്നിന് ശരാശരി 65 ജി.ബിയിൽ എത്തും. 2014ൽ 250 ദശലക്ഷം ഇന്റർനെറ്റ് കണക്ഷനുണ്ടായിരുന്ന ഇന്ത്യയിൽ 2024ൽ അത് 970 ദശലക്ഷത്തിലെത്തി. 2024ൽ ഇന്ത്യക്കാർ സ്മാർട്ട് ഫോണിൽ ചെലവഴിച്ചത് ഒരുലക്ഷം കോടി മണിക്കൂറാണ്. ഇന്ത്യൻ ചെറുപ്പത്തിൽ 15 മുതൽ 24 വയസ്സു വരെയുള്ളവരാണ് സമൂഹമാധ്യമ അഡിക്ഷ​നും ഗെയിമിങ് ഡി​സോഡറിനും ഇരകളാകുന്നതിൽ കൂടുതലും. കുട്ടികളിൽ 57 ശതമാനംപേർ വിദ്യാഭ്യാസാവശ്യത്തിന് സ്മാർട്ട് ഫോൺ ഉപ​യോഗിക്കുമ്പോൾ 76 ശതമാനം ​സമൂഹമാധ്യമങ്ങളിൽ സമയം ചെലവിടുന്നവരാണ്. ഇങ്ങനെ ഇടതടവില്ലാതെ ഒഴിയാബാധയായി ഡിജിറ്റൽ സേവ കൊണ്ടുനടക്കുന്നവർ മാനസിക ദുരിതത്തിനും കർമവൈമുഖ്യത്തിനും ഇരയാക്കപ്പെടുന്നു. ശാരീരികമായി ഉറക്കക്കുറവ്, ശാരീരികക്ഷമതയില്ലായ്മ, കഴുത്തുവളച്ചുള്ള നിരന്തര സ്ക്രീൻനോട്ടം വഴിയുണ്ടാകുന്ന ടെക് നെക് സി​ൻഡ്രോം തുടങ്ങിയ രോഗങ്ങളും അനാവശ്യ ഉത്കണ്ഠ, വിഷാദം, അപകർഷത തുടങ്ങിയ മനോവൈകല്യങ്ങളും ഡിജിറ്റൽ ആസക്തിയുടെ കെടുതികളാണ്.

ഇതിന് മറുമരുന്ന് ആലോചിക്കുകയാണ് കേന്ദ്ര ഭരണകൂടം. സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് ഇന്റർനെറ്റ് ഉപയോഗത്തിന് മാർഗദർശനം നൽകുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രാലയം സ്ക്രീൻടൈം ബോധവത്കരണത്തിന് ‘പ്രജ്ഞത ഫ്രെയിംവർക്’ ഉണ്ടാക്കിയിട്ടുണ്ട്. 2022ൽ തുറന്ന ടെലി മാനസ് എന്ന പേരിൽ ദേശീയ മാനസികാരോഗ്യ ഹെൽപ് ലൈൻ 35 ലക്ഷത്തോളം കാളുകൾ അറ്റൻഡ് ചെയ്തു. ഓൺലൈൻ ഗെയിമിന് നിരോധം കൊണ്ടുവന്നു. കേരളത്തിലെ ഡിജിറ്റൽ അഡിക്ഷൻ സെന്ററുകൾപോലെ, ആന്ധ്രയും ഗോവയും വിവിധ നിയമങ്ങൾ ആലോചിക്കുന്നു. പുരോഗതിക്ക് പുറംതിരിഞ്ഞുനിൽക്കുകയല്ല, അതിന്റെ വരുംവരായ്കകളെ മുൻകൂട്ടി കാണാനും മറികടക്കാനുമുള്ള ദീർഘവീക്ഷണം ഭരണകൂടത്തിന് ഇല്ലാതെ പോകുന്നതിന്റെ ദുരന്തമാണ് ആശങ്കയുണർത്തുന്ന ഈ സ്ഥിതിവിശേഷത്തിനു കാരണം. ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ഇറങ്ങിത്തിരിച്ച കോർപറേറ്റ് കുത്തകകൾക്ക് ലാഭക്കണ്ണ് മതി. എന്നാൽ, ജീവത്തായ ഒരു രാജ്യവും ജനതയും വേണമെന്നുള്ളവർക്ക് നാലുപാടും കൺതുറന്ന കരുതൽവേണം. ഡിജിറ്റൽ ആസക്തിയുടെ ആധിയുണർത്തുന്ന സന്ദേശം അതാണ്. 

Tags:    
News Summary - The Dangers of Digital Addiction | Madhyamam Editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.