2026-27 ബജറ്റിൽ യൂനിയൻ ധനമന്ത്രി നിർമല സീതാരാമൻ, മുൻ വർഷങ്ങളിൽ കാണിച്ച തെരഞ്ഞെടുപ്പുകാല അച്ചടക്കമില്ലായ്മ കുറച്ചത് ശ്രദ്ധേയമായി. അടിസ്ഥാന സൗകര്യ വികസനത്തിലും നിർമാണരംഗത്തും ധനകാര്യ അച്ചടക്കത്തിലും ഊന്നിയത് ബജറ്റിന്റെ നല്ല വശങ്ങളാണ്. 6.8 മുതൽ 7.4 വരെ ശതമാനത്തോളം ആഭ്യന്തരോൽപാദന വളർച്ചയത്രെ പ്രതീക്ഷിക്കുന്നത്. റെയിൽവേ, അപൂർവധാതു ഖനനം, ശുദ്ധ ഊർജം തുടങ്ങിയവ ബജറ്റിന്റെ പ്രധാന പരിഗണനകളാണ്. ആഗോളതലത്തിലും ദേശീയതലത്തിലും, സാമ്പത്തിക രംഗമടക്കമുള്ള മേഖലകളിൽ കടുത്ത അസ്ഥിരതയും അനിശ്ചിതത്വവും നിലനിൽക്കുന്ന ഒരു സമയത്ത് വാർഷിക ബജറ്റുകൾ ഒറ്റക്കൊറ്റക്ക് നിൽക്കേണ്ട അഭ്യാസങ്ങളായിക്കൂടാ. ദീർഘകാല ആസൂത്രണ ലക്ഷ്യങ്ങളിലേക്കുള്ള ക്രമപ്രവൃദ്ധമായ ചെറു ചുവടുവെപ്പുകളെന്ന നിലക്ക് അവ ഓരോന്നും ഓരോ തുടർച്ചകൂടി ആയിരിക്കേണ്ടതുണ്ട്. ഒമ്പത് ബജറ്റുകൾ അവതരിപ്പിച്ച നിർമല സീതാരാമൻ സുസ്ഥിരതയിലും തുടർച്ചയിലും അൽപമെങ്കിലും ശ്രദ്ധിച്ചു എന്നത് ഈ ബജറ്റിനെ വേറിട്ട് നിർത്തുന്നു. ദീർഘകാല ആസൂത്രണത്തിനുവേണ്ടി മുമ്പ് നിലനിന്നിരുന്ന പ്ലാനിങ് കമീഷൻ ഇല്ലാതാക്കിയതിന്റെ ദോഷഫലങ്ങൾ കഴിഞ്ഞകാല ബജറ്റുകളിൽ പ്രകടമായിരുന്നു. അത്തരമൊരു വേദി-പതിറ്റാണ്ടുകൾ മുൻകൂട്ടി കാണാൻ ശ്രമിക്കുന്ന വിദഗ്ധരുടെ രാഷ്ട്രീയ നിരപേക്ഷമായ കൂട്ടായ്മ- ആവശ്യമാണെന്ന സന്ദേശം ബജറ്റിൽ പരോക്ഷമായി ധ്വനിക്കുന്നുണ്ട്. മുദ്രാവാക്യങ്ങൾക്കുള്ള രാഷ്ട്രീയ വിഭവങ്ങൾ ബജറ്റിൽ കാണാമെങ്കിലും, തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങൾക്ക് മാത്രമായി വാരിക്കോരി കൊടുക്കുന്ന സംസ്കാരത്തിൽ വീണ്ടുവിചാരം ഉണ്ടായതായി തോന്നുന്നു. ബാഹ്യ സമ്മർദങ്ങളും ഇടപെടലുകളും സമ്പദ്‍രംഗത്ത് സൃഷ്ടിക്കാവുന്ന ആഘാതങ്ങളുടെ പരിക്ക് കുറക്കാൻ, നയപരമായ പിന്തുണ പ്രധാനമാണ്. അമേരിക്കയുടെ താരിഫ് ഭീഷണി നേരിടാൻപാകത്തിൽ ഡോളറി​ന്മേലുള്ള ആശ്രിതത്വം കുറച്ച് യൂറോപ്യൻ യൂനിയൻ അടക്കമുള്ള മറ്റു കൂട്ടായ്മകളെക്കൂടി ചേർത്തുപിടിച്ച് മുന്നോട്ടുപോകാനുള്ള ശ്രമങ്ങൾ ബജറ്റിലെ ശുഭാപ്തി വിശ്വാസത്തിന് ശക്തിപകർന്നിരിക്കണം.

എന്നാൽ, നിക്ഷേപം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ​ക്കൊപ്പം അതിൽനിന്നുണ്ടാകേണ്ട പ്രയോജനങ്ങൾ ലഭ്യമാകുമെന്ന ഉ​റപ്പൊന്നും ബജറ്റ് നൽകുന്നില്ല. സാമ്പത്തിക വളർച്ചയുടെ ഒരു ഭാഗം മുതൽമുടക്കാണെങ്കിൽ മറുഭാഗം ജനങ്ങളുടെ ക്ര​യ​ശേഷിയാണ്. നിക്ഷേപങ്ങളിൽ മഹാഭൂരിഭാഗം ഏതാനും കോർപറേറ്റുകളിൽ കേന്ദ്രീകരിച്ചത് ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ രോഗാവസ്ഥ വെളിപ്പെടുത്തുന്നു. സമ്പത്ത് ഉൽപാദിപ്പിച്ചാൽപോര; അത് നീതിപൂർവമായി വിതരണം ചെയ്യപ്പെടുകയും വേണം. ജി.ഡി.പിയി​ൽ ലോകത്ത് നാലാം സ്ഥാനത്തുനിൽക്കുന്ന ഇന്ത്യ, ആളോഹരി വരുമാനത്തിൽ 134ാം സ്ഥാനത്താണ്. ഇതിനർഥം, സമ്പത്ത് ധാരാളമുണ്ടെങ്കിലും അത് ഏതാനും പേരുടെ കൈകളിൽ ഒതുങ്ങുന്നു എന്നാണല്ലോ. ഒരു മാസം മുമ്പ് പുറത്തുവന്ന ആഗോള അസമത്വ സൂചികയനുസരിച്ച്, ലോകത്തിലെ തന്നെ ഏറ്റവും കടുത്ത സാമ്പത്തിക അസമത്വമുള്ള രാജ്യമാണ് ഇന്ത്യ. സമ്പന്നരിൽ സമ്പന്നരായ ഒരു ശതമാനം ആളുകൾ രാജ്യസമ്പത്തിന്റെ 40 ശതമാനത്തിലധികം കൈയടക്കിയിരിക്കുന്നു. ഈ അസമത്വം ഇല്ലാതാകുമ്പോഴാണ് സാധാരണക്കാരുടെ ക്രയശേഷി കൂടുകയും രാജ്യം മൊത്തമായി അഭിവൃദ്ധിപ്പെടുകയും ചെയ്യുക. ഇതിനുള്ള ഉപകരണം കൂടിയാണ് ബജറ്റ്. എന്നാൽ, അതിസമ്പന്നർക്ക് അധികനികുതി എന്നതിനുപകരം നികുതിയിളവും വായ്പ എഴുതിത്തള്ളലും എന്ന പതിവിൽനിന്ന് ഒരു വ്യതിയാനവും ഇക്കൊല്ലത്തെ ബജറ്റിലില്ല.

ബജറ്റ് നിർദേശങ്ങളിലെ സൂക്ഷ്മാംശങ്ങളിൽ ഗുണദോഷങ്ങളുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ, ബജറ്റിൽനിന്ന് പ്രതീക്ഷിക്കുന്ന അടിസ്ഥാന നേട്ടങ്ങൾ ഇപ്പോഴും അകലെതന്നെ: അസമത്വ നിർമാർജനവും തൊഴിൽ വർധിപ്പിക്കലും ലക്ഷ്യംപോലുമല്ലാത്തപോലെ. കൃഷിമേഖലയിലും ചെറുകിട വ്യവസായ മേഖലയിലും ശുഭകരമായ ചലനങ്ങളുണ്ട്, എന്നാൽ കാലാവസ്ഥാ പ്രതിസന്ധി മറികടക്കാനുള്ള ഹരിതനയത്തിന് ഈ ബജറ്റിലും വേണ്ടത്ര കരുത്തില്ല. കുറച്ചുവർഷമായി യൂനിയൻ ബജറ്റിൽ കാണുന്ന രാഷ്ട്രീയ സങ്കുചിതത്വമാകാം ഒരുപക്ഷേ ഈ ബജറ്റിന്റെയും പ്രധാന ദോഷം. തെരഞ്ഞെടുപ്പുകാലത്തെങ്കിലും കിട്ടുമെന്ന് കേരളം ആശിച്ച പദ്ധതികൾ (എയിംസ്, വിഴിഞ്ഞം, റെയിൽ, വർധിത ഗ്രാന്റ് വിഹിതം) ഈ ബജറ്റിലുമില്ല. തെരഞ്ഞെടുപ്പ് പരിഗണന ഇല്ലാതെ കേരളത്തിന് കിട്ടേണ്ടതും, പലപ്പോഴും വാഗ്ദാനം ചെയ്യപ്പെട്ടതുമായ വിഹിതങ്ങൾ വർഷങ്ങളായി നിഷേധിക്കപ്പെടുകയാണ്. ബജറ്റിലെ രാഷ്ട്രീയത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ എൻജിനാകേണ്ട, കക്ഷിരാഷ്ട്രീയത്തിനപ്പുറം രാജ്യനന്മ ഏക പരിഗണനയാകേണ്ട ബജറ്റ് ബി.ജെ.പിയുടെ സങ്കുചിതത്വത്തിന്റെ ഇരയാവുകയാണ്. രാജ്യത്തെ രാജ്യമായി കാണാനുള്ള രാജ്യസ്നേഹമല്ല ഇതിൽ പ്രതിഫലിക്കുന്നത്. 

Tags:    
News Summary - madhyamam editorial 2026 Feb 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.