2026-31 വർഷത്തേക്കുള്ള പതിനാറാം ധനകാര്യ കമീഷൻ റിപ്പോർട്ടും ധനമന്ത്രി നിർമല സീതാരാമൻ, ബജറ്റ് അവതരിപ്പിച്ച ഫെബ്രുവരി ഒന്നിനുതന്നെ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ഭരണഘടനയുടെ ഖണ്ഡിക 280 അനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന, കേന്ദ്രത്തിന്റെ നികുതി വരുമാനം സംസ്ഥാനങ്ങൾക്കിടയിൽ വീതം വെക്കുന്ന ശിപാർശകൾ കേന്ദ്ര സർക്കാറിന് നൽകാൻ ബാധ്യതപ്പെട്ട സമിതിയാണ് ധനകാര്യ കമീഷൻ. നിതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗരിയ അധ്യക്ഷനും നാല് അംഗങ്ങളും സെക്രട്ടറിയും ഉൾപ്പെട്ടതുമായ കമീഷൻ 2023 ഡിസംബർ 31നാണ് റിപ്പോർട്ട് സമർപ്പിച്ചത്. തങ്ങൾക്കു കിട്ടേണ്ട വിഹിതം നിർവചിക്കുന്ന രേഖ എന്ന നിലയിൽ പൊതുവേ സംസ്ഥാനങ്ങൾ ഉറ്റുനോക്കുന്ന ഒന്നാണിത്. ഉദാഹരണമായി ഈ വർഷം കേരളത്തിന് ലഭിക്കുന്നത് വീതിക്കപ്പെടുന്ന ഭാഗത്തിന്റെ 2.38 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 1.92 ശതമാനമായിരുന്നു. തുക വെച്ച് പറഞ്ഞാൽ കേരളത്തിന് ലഭിക്കുന്ന 36,355.39 കോടിയിൽ വർധന 6,975 കോടി രൂപയാണ്. മൊത്തം വർധന ലഭിച്ച സംസ്ഥാനങ്ങളിൽ കേരളം രണ്ടാം സ്ഥാനത്താണ്. ഉത്തർപ്രദേശിന് 17.61 ശതമാനവും ബിഹാറിന് 9.94, മധ്യപ്രദേശിന് 7.34 എന്നിങ്ങനെയുമാണ് വിഹിതം.
കേന്ദ്രം ശേഖരിക്കുന്ന നികുതി വരുമാനത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിഹിതത്തിലെ അസന്തുലിതത്വങ്ങൾ ഏറെ വിവാദങ്ങൾക്കിടയാക്കുന്നുണ്ട്. ഉദാഹരണമായി, മൊത്തം നികുതി വരവിനു ഒരു സംസ്ഥാനം നൽകുന്നത് 20 ശതമാനമാണെങ്കിൽ തിരിച്ചു സംസ്ഥാനത്തിന് കിട്ടുന്ന വിഹിതം ചിലപ്പോൾ 20ൽ കൂടുതലോ കുറവോ ആയിരിക്കും. എന്നാൽ, കൊടുക്കുന്നതിനനുസരിച്ച് തിരിച്ചുനൽകുന്ന ഒരു സംവിധാനമായല്ല ഇത് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങൾ തത്ത്വത്തിൽ ഇത് അംഗീകരിക്കുന്നുവെങ്കിലും സംഭാവന ചെയ്യുന്നതിന് ആപേക്ഷികമായ വിഹിതങ്ങൾ തിരികെ ലഭിക്കണമെന്നാണ് സംസ്ഥാനങ്ങൾ ആഗ്രഹിക്കുന്നത്. അതിലും പ്രധാനം ഇവ്വിധം നികുതി പിരിച്ച് കിട്ടുന്ന തുകയിൽ മൊത്തം സംസ്ഥാനങ്ങൾക്കിടയിൽ വീതിച്ചു നൽകുന്നതെത്ര എന്നതാണ്. ഈ കമീഷന്റെ കാലാവധിയായ 2026-31ൽ സംസ്ഥാനങ്ങൾക്കിടയിൽ വീതിക്കപ്പെടുക 41 ശതമാനമായിരിക്കും; ബാക്കി 59 ശതമാനം കേന്ദ്രം എടുക്കും. ഇതിനു മുമ്പത്തെ കമീഷനും ഇതേ അനുപാതം തന്നെയാണ് സ്വീകരിച്ചത്. ഇത് 50 ശതമാനമാവണം എന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. വിശിഷ്യാ ജി.എസ്.ടി നിലവിൽവന്ന ശേഷം സംസ്ഥാനങ്ങൾ നേരിട്ട് പിരിച്ച് ചെലവഴിക്കുന്ന വിൽപനനികുതി ഇപ്പോഴില്ലാത്തതിനാൽ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ വരുമാനം വർധിപ്പിക്കാനുള്ള നികുതിയിനങ്ങളില്ല. ഇക്കാര്യം ധനകാര്യ കമീഷനും അംഗീകരിക്കുന്നുണ്ട്. ഇക്കാരണത്താൽ വർധിക്കുന്ന വികസന-ക്ഷേമ ഇനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ സംസ്ഥാനങ്ങൾ പാടുപെടുന്നുണ്ട് എന്നും അതനുസരിച്ച് വിപണിയിൽ നിന്നും വായ്പയെടുക്കുന്ന പ്രവണതയിലേക്ക് സംസ്ഥാനങ്ങൾ തിരിയുന്നു എന്നും കമീഷൻ പറയുന്നുമുണ്ട്. കേരളത്തിലെ കിഫ്ബി ഉദാഹരണം.
കേന്ദ്ര നികുതി വീതം വെക്കുമ്പോൾ ആ കണക്കിൽപെടാത്തതാണ് സെസും സർചാർജും. ഇത് രണ്ടും സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നില്ല. അതിലൂടെ അധികനികുതിയുടെ ഓഹരി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല എന്നും അക്കാരണത്താൽ സംസ്ഥാനങ്ങളുടെ വരുമാനവർധന സാധ്യതകൾ ചുരുങ്ങിപ്പോകുന്നു എന്നുമുള്ള വസ്തുത ധനകാര്യ കമീഷൻ തന്നെ റിപ്പോർട്ടിൽ അംഗീകരിക്കുന്നുണ്ട്. പക്ഷേ, അതിനു പരിഹാരമൊന്നും നിർദേശിക്കുന്നില്ല. അഥവാ അതുംകൂടി വീതം വെക്കുന്ന പൂളിൽ പെടുത്തണമെന്ന ഒരു നിർദേശവും കമീഷൻ മുന്നോട്ടുവെക്കുന്നില്ല. നിലവിലെ കേന്ദ്രസർക്കാർ ഈ രീതിയിൽ സെസ്-സർചാർജ് വരുമാനം സമാഹരിച്ചതിന്റെ കണക്കുകൾ ലഭ്യമാണ്. 2013-2019 കാലത്ത് നികുതി-ഡ്യൂട്ടി ഇനത്തിൽ വീതം വെച്ച ഭാഗം 93-95 ശതമാനവും സെസ്-സർചാർജ് ഇനത്തിൽ കിട്ടിയത് ശിഷ്ടമുള്ള 5-7 ശതമാനവുമാണ്. എന്നാൽ, 2021-22 വർഷത്തിൽ നികുതിയായി വീതം വെക്കാവുന്ന ഇനം 86.5 ശതമാനമായിരുന്നപ്പോൾ സെസ്-സർചാർജ് 13.5 ശതമാനമായി വർധിച്ചു. അഥവാ 2019നുശേഷം സെസ്-സർചാർജ് ഇനത്തിലെ കേന്ദ്ര വരവ് 5-7 ശതമാനത്തിന്റെ ഇരട്ടിയായി ഏതാണ്ട് 11-13 ശതമാനമായി ഉയർന്നു. പാർലമെൻറിൽ സമർപ്പിച്ച നികുതി വരുമാനത്തിന്റെ കണക്കുകളും ഇത് ശരിവെക്കുന്നു.
ഇതിനു മറ്റൊരു പ്രത്യാഘാതം കൂടിയുണ്ട്. അതിലൽപം രാഷ്ട്രീയം കൂടി കടന്നുവരും. ഈ വരുമാനക്കുറവ് അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് അതുപയോഗിച്ചുള്ള വികസന പദ്ധതികൾക്കോ ക്ഷേമ പ്രവർത്തനങ്ങൾക്കോ ഫണ്ടില്ലാതെ വരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ചെയ്യുന്നതോ? സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടോ അല്ലാത്ത നിലയിൽ സൽകീർത്തി നേടാനോ രാഷ്ട്രീയ വേദികളിൽ ചെന്ന് പദ്ധതികൾ പ്രഖ്യാപിക്കുന്നു (അതെല്ലാം നടപ്പിലാവുന്നുണ്ടോ എന്നത് മറ്റൊരു വിഷയം). കേന്ദ്രം അടുത്തകാലത്തായി വരുത്തിയ നികുതി വർധനകളിൽ അധികവും സെസ്-സർചാർജ് ഇനത്തിലാണ്. പതിനെട്ടോളം സംസ്ഥാനങ്ങൾ നികുതി വിഹിതം 41ൽ നിന്ന് 50 ശതമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ മിക്കതും 45 മുതൽ 48 വരെയെങ്കിലും ശതമാനമായി അതുയർത്തണമെന്ന് വാദിക്കുന്നവരാണ്. ധനകാര്യ കമീഷൻ ഇത്തരത്തിൽ മാറ്റം വരുത്താൻ നിർദേശിക്കാത്തത് തൽസ്ഥിതി നിലനിർത്തുന്നതിലാണ് കേന്ദ്രത്തിന്റ താൽപര്യം എന്ന് മനസ്സിലാക്കിയത് കൊണ്ടാവാനേ തരമുള്ളൂ. മൊത്തത്തിൽ രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും എല്ലാ ഭരണമേഖലകളിലും കേന്ദ്രത്തിന്റെ നിയന്ത്രണം മുറുക്കാൻ ത്വര കാണിക്കുന്ന നിലവിലെ ബി.ജെ.പി സർക്കാർ ഇക്കാര്യത്തിലും മറ്റൊരു നിലപാട് സ്വീകരിക്കാൻ സാധ്യതയില്ല. അതിൽ തൽക്കാലം സർക്കാറിന് രാഷ്ട്രീയ വിജയം ഉണ്ടായേക്കാമെങ്കിലും ഫെഡറൽ സംവിധാനത്തിൽ ആരോഗ്യകരവും സന്തുലിതവുമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ കാംക്ഷിക്കുന്നവർക്ക് ഒട്ടും ശുഭകരമല്ല ഈ സമീപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.