‘‘താരിഫുകളെക്കുറിച്ചുള്ള ആശങ്കകൾ മാറ്റിവെച്ച് മലിനീകരണം തടയുന്നതിനാണ് ഇന്ത്യ പ്രഥമ പരിഗണന നൽകേണ്ടത്. ഏതൊരു താരിഫിനേക്കാളും മാരകമായ ആഘാതമാണ് മലിനീകരണം രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിൽ ഒരു വ്യവസായം തുടങ്ങാനോ താമസിക്കാനോ തീരുമാനിക്കുമ്പോൾ അവിടത്തെ പരിസ്ഥിതി വളരെ പ്രധാനപ്പെട്ട ഘടകമാണ്. മോശം വായുനിലവാരവും ജീവിതസാഹചര്യങ്ങളും ആരോഗ്യപരമായ അപകടസാധ്യതകളും നിക്ഷേപകരെ പിന്തിരിപ്പിക്കാൻ കാരണമാകും. മലിനമായ നഗരങ്ങളിൽ ദിവസവും ജോലി ചെയ്യുന്ന സാധാരണക്കാരായ ഇന്ത്യക്കാർക്കും ഇത് വലിയ ആരോഗ്യവെല്ലുവിളിയാണ് ഉയർത്തുന്നത്’’ -സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക നേതാക്കളും വൻകിട കോർപറേറ്റ് മേധാവികളും ഒത്തുചേർന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സാമ്പത്തിക വിദഗ്ധയും ഹാർവഡ് സർവകലാശാല പ്രഫസറുമായ ഗീതാ ഗോപിനാഥ് നടത്തിയ നിരീക്ഷണമാണിത്.
ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് മുന്നിലോ ഏതെങ്കിലും സർവകലാശാലാ കാമ്പസുകളിലോ നിന്ന് വിദ്യാർഥികളോ പൗരാവകാശ പ്രവർത്തകരോ പറഞ്ഞാൽ, രാജ്യത്തിന് ‘അപകീർത്തി’ ഉണ്ടാക്കി എന്ന പേരിൽ നിയമനടപടിയും അറസ്റ്റും നേരിടേണ്ടിവന്നേക്കാവുന്ന പച്ചപ്പരമാർഥമാണ് അന്താരാഷ്ട്ര നാണയനിധിയുടെ മുൻ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ തുറന്നുപറഞ്ഞത്. വെറുമൊരു പ്രസ്താവന നടത്തുകയല്ല, അതിനെ സാധൂകരിക്കുന്ന കണക്കുകളും അവർ ഉദ്ധരിച്ചു. 2022ലെ ലോകബാങ്ക് പഠനപ്രകാരം ഇന്ത്യയിൽ ഓരോ വർഷവും മലിനീകരണം കാരണം ഏകദേശം 17 ലക്ഷം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. രാജ്യത്തെ ആകെ മരണങ്ങളുടെ 18 ശതമാനം വരുന്ന ഈ ജീവഹാനി കേവലം വ്യക്തിപരമായ നഷ്ടമല്ല, മറിച്ച് രാജ്യത്തിന്റെ തൊഴിൽസേനയെയും കുടുംബങ്ങളെയും ദീർഘകാല വികസനത്തെയും ബാധിക്കുന്ന കടുത്ത സാമ്പത്തിക ബാധ്യതയാണെന്നും പ്രഫ. ഗീത ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വായു ഗുണനിലവാര സൂചിക (AQI) തയാറാക്കുന്നതിന് ജനുവരി 21ന് പരിശോധന നടത്തിയ 248 നഗരങ്ങളിൽ അഞ്ചിടത്ത് മാത്രമാണ് ‘നല്ലത്’ (Good) എന്ന റാങ്ക് രേഖപ്പെടുത്തിയത്. രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെ പത്തിടങ്ങളിലെ വായു ‘വളരെ മോശം’ (Very Poor) ആയി തുടരുന്നു. ലോകബാങ്കിന്റെയും ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിന്റെയും റിപ്പോർട്ടുകൾ പ്രകാരം, വായുമലിനീകരണം മൂലം ഇന്ത്യയുടെ ജി.ഡി.പിയിൽ ഓരോ വർഷവും 1.3 ശതമാനം മുതൽ 1.5 ശതമാനം വരെ നഷ്ടമുണ്ടാകുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യത്തെ ഇത് ഗുരുതരമായി ബാധിക്കുന്നു; ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വ്യാപകമാകുന്നത് തൊഴിലിടങ്ങളിൽ നിന്നുള്ള വിട്ടുനിൽക്കലിനും ചെലവേറിയ ആശുപത്രി വാസങ്ങൾക്കും കാരണമാകുന്നു. ഇത് രാജ്യത്തിന്റെ ഉൽപാദനക്ഷമതയെ ഗണ്യമായി കുറക്കുന്നു.
ജലമലിനീകരണമാവട്ടെ സകല പരിധികളും ലംഘിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരം എന്ന ബഹുമതി എട്ടു വർഷമായി നിലനിർത്തുന്ന ഇന്ദോറിൽ പോലും ജലമലിനീകരണം മനുഷ്യജീവനെടുത്തത് ഈയിടെയാണ്. രാജ്യത്തെ ജനങ്ങൾ പരിപാവനമായി കരുതുന്ന ഗംഗ, യമുന നദികളിലെ മലിനീകരണത്തോത് ഒരു മാപിനിക്കും അളന്ന് തിട്ടപ്പെടുത്താനാവില്ല. ഒക്ടോബർ അവസാനം, ഛഠ് പൂജയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രിക്ക് യമുനയിൽ സ്നാനം നടത്തുന്നതിനായി കുടിവെള്ളം ഉപയോഗിച്ച് പ്രത്യേകമായി ‘ശുദ്ധജല യമുന’ സജ്ജമാക്കിയത് നാം കണ്ടതാണ്. മഹാരാഷ്ട്രയിലെ മിത്തി, തെലങ്കാനയിലെ മൂസി നദികൾ ഇന്ന് അഴുക്കുചാലുകൾ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ പെരിയാർ, ഫാക്ടറികളിൽ നിന്നുള്ള വിഷജലം കലർന്ന് ചുവന്നൊഴുകുന്നതും മത്സ്യസമ്പത്ത് നശിക്കുന്നതും ഇപ്പോൾ ഒരു വാർത്തയല്ലാതായി മാറിയിരിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ വിപണി മാത്രമല്ല, ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ കുന്നുകൂടുന്ന ലോകത്തെ ഏറ്റവും വലിയ ‘ഇ-മാലിന്യപ്പറമ്പ്’ കൂടിയായി നമ്മുടെ രാജ്യം മാറുകയാണ്. ആഭ്യന്തരമായി ഉണ്ടാകുന്ന മാലിന്യങ്ങൾക്ക് പുറമെ അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇ-മാലിന്യങ്ങളുടെ വലിയൊരു പങ്കും തള്ളുന്നത് ഇന്ത്യയിലാണ്. അവയിലടങ്ങിയിട്ടുള്ള ലെഡ്, മെർക്കുറി, കാഡ്മിയം എന്നിവ കലർന്ന് നമ്മുടെ മണ്ണും ജലവും അതീവ വിഷമയമായി മാറുന്നു.
ഒരു നേരത്തെ അന്നത്തിനായി വകതേടുന്ന ദരിദ്രരായ തൊഴിലാളികളാണ് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഈ ഇ-മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ പണിയെടുക്കുന്നത്. അവിടങ്ങളിലെ മരണങ്ങൾ പോലും പലപ്പോഴും മൂടിവെക്കപ്പെടുന്നു. ജല-വായു മലിനീകരണത്തിന്റെ ആദ്യ ഇരകളും പാവപ്പെട്ടവരും കുട്ടികളും വയോധികരും സ്ത്രീകളുമാണ്. സാധാരണക്കാരായ മനുഷ്യർ ശ്വാസംമുട്ടി പിടഞ്ഞുവീഴുമ്പോൾ ഭരണകൂടം ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന മട്ടിൽ അവഗണിക്കുന്നു. മലിനീകരണത്തിന്റെ ഭീകരത വിളിച്ചുപറയുന്നവരെ നിയമക്കുരുക്കുകളിലേക്കും ജയിലുകളിലേക്കും തള്ളിവിടുന്നു. വായുവും ജലവും മണ്ണും മലിനമാക്കുന്നതിലൂടെ ചിലർക്കൊക്കെ വൻലാഭമുണ്ടാകുന്നുണ്ടാകാം. മലിനീകരണം നിയന്ത്രിക്കാനും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഭരണകൂടം മടിക്കുന്നത് അതുകൊണ്ടായിരിക്കാം. ലാഭമുണ്ടാക്കുന്നത് ആരാണെങ്കിലും നഷ്ടപ്പെടുന്നത് നമ്മുടെ രാജ്യത്തിനാണ്; നശിക്കുന്നത് നമ്മുടെ ജനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.