ഇന്ത്യയുടെ പരമാധികാരം ട്രംപിന്‍റെ ലോക്കറിലോ

ഇന്ത്യൻ ജനാധിപത്യത്തിന്‍റെയും പരമാധികാരത്തിന്‍റെയും പരമോന്നത ഭരണഘടനാ സ്ഥാപനമായ പാർലമെന്‍റ് സമ്മേളിച്ചുകൊണ്ടിരിക്കെ, രാജ്യത്തെ 140 കോടി ജനങ്ങളുടെ വരുമാനത്തെയും ഭാവിയെയും ബാധിക്കുന്ന അതിനിർണായകമായ പ്രഖ്യാപനം വന്നത് ഡൽഹിയിൽ നിന്നല്ല, മറിച്ച് വാഷിങ്ടണിൽ നിന്നാണ്. പ്രഖ്യാപിച്ചത് ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്‍റെ സമൂഹ മാധ്യമത്തിലൂടെയാണ്.

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്‍റെ ഉള്ളടക്കമെന്ത് എന്ന മൗലികമായ ചോദ്യത്തിന് ജനങ്ങളുടെ മുന്നിൽ മാത്രമല്ല പാർലമെന്‍റിൽപോലും മറുപടി പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ തയാറായിട്ടില്ല. ഈ കരാർ വൻ വിജയമായി അമേരിക്കൻ ഭരണകൂടം അവിടത്തെ ജനങ്ങളോട് വാഴ്ത്തിപ്പാടുമ്പോൾ ദുരൂഹമായ നിശ്ശബ്ദത പാലിച്ചുകൊണ്ട് വിധേയദാസ്യത്തിന്‍റെ താമരക്കുണ്ടിൽ മുഖം പൂഴ്ത്തുകയാണ് നമ്മുടെ ഭരണകൂടം. പാർലമെന്‍റിലോ ജനങ്ങളോടോ കരാറിന്‍റെ വിശദാംശം കൈമാറാൻ തയാറല്ലെങ്കിൽ പിന്നെന്താണ് ജനാധിപത്യത്തിന്‍റെ അർഥം.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇന്ത്യ-യു.എസ് വാണിജ്യ കരാർ നമ്മുടെ രാജ്യത്തിന്‍റെ പരമാധികാരത്തെയും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളെയും സംബന്ധിച്ച് ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ നടത്തിയ വാർത്താസമ്മേളനങ്ങളും പ്രസ്താവനകളും അവ്യക്തതകൾ വർധിപ്പിക്കുകയല്ലാതെ ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ ഒട്ടും ഉപകരിക്കുന്നതല്ല. ഇത് ഒരു ‘മിനി-ഡീൽ’ ആണോ അതോ യൂറോപ്യൻ യൂനിയനുമായി ഒപ്പുവെച്ചതുപോലെയുള്ള സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറാണോ (FTA) എന്ന കാര്യത്തിൽ പോലും വ്യക്തതയില്ല. ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ തീരുവ കുറക്കുന്നതിന് ട്രംപ് ആവശ്യപ്പെടുന്ന വില ഭയാനകമാണെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി ക്കഴിഞ്ഞു.

ഇന്ത്യയിലേക്കുള്ള എല്ലാ അമേരിക്കൻ ഉൽപന്നങ്ങൾക്കും പൂജ്യം നികുതി ഏർപ്പെടുത്താൻ പ്രധാനമന്ത്രി സമ്മതിച്ചുവെന്നും അര ട്രില്യൺ ഡോളറിന്റെ (ഏകദേശം 45.5 ലക്ഷം കോടി രൂപ) അമേരിക്കൻ സാധനങ്ങൾ വാങ്ങാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നുമുള്ള ട്രംപിന്‍റെയും സഹകാരികളുടെയും പ്രസ്താവനകൾ വസ്തുതകളാണെങ്കിൽ (അത് തെറ്റാണെന്ന് ഇതുവരെ ഇന്ത്യൻ ഭരണകർത്താക്കൾ തിരുത്തിയിട്ടില്ല) കഴിഞ്ഞ 11 വർഷമായി സർക്കാർ കൊട്ടിഘോഷിക്കുന്ന മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ സ്ഥാനം ഇനി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും. നമ്മുടെ കാർഷിക-ക്ഷീര മേഖലകളിലേക്ക് അമേരിക്കൻ ഉൽപന്നങ്ങൾ നിയന്ത്രണമില്ലാതെ ഒഴുകുന്നതിലൂടെ ഊഷരമാകാൻ പോകുന്നത് ലക്ഷക്കണക്കിന് കർഷകരുടെ വീടും പാടവുമായിരിക്കും.

ഉപരോധ ഭീഷണികൾക്ക് വഴങ്ങി റഷ്യൻ എണ്ണ ഇറക്കുമതി മാർച്ച് മാസത്തോടെ നിർത്താൻ ഇന്ത്യ സമ്മതിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോപ്യൻ സെന്റർ ഫോർ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) പറയുന്നത്, ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറിയായ റിലയൻസ് ഇൻഡസ്ട്രീസ് 2026 ജനുവരി മുതൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്നാണ്. കൂടാതെ, അമേരിക്കൻ സമർദത്തിന് വഴങ്ങി ഇറാനിലെ ചബഹാർ തുറമുഖത്തിലെ ഇന്ത്യൻ നിക്ഷേപവും മരവിപ്പിക്കുകയാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വരും വർഷത്തിൽ ചബഹാറിനുള്ള വിഹിതമൊന്നും കാണിക്കുന്നില്ല. ട്രംപിന്‍റെ അമേരിക്ക ഫസ്റ്റിനുവേണ്ടി മോദി സർക്കാർ 23 വർഷത്തെ പദ്ധതിയിൽനിന്ന് പിന്മാറുന്നതിലൂടെ കനത്ത നഷ്ടമാണ് ഇന്ത്യക്ക് സംഭവിക്കുക.

ഇറാനും റഷ്യക്കും പകരം അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങുന്നതോടെ ബാരലിന് രണ്ട് ഡോളറാണ് അധികം നൽകേണ്ടിവരുക. എസ്.ബി.ഐ റിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര വിപണിയിൽനിന്ന് വലിയ വിലക്ക് ഇന്ധനം വാങ്ങേണ്ടിവരുന്നത് ഇന്ത്യയുടെ ഇറക്കുമതി ബിൽ കുത്തനെ ഉയർത്തുകയും സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്യും. രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സാമ്പത്തിക ഭദ്രതയെയും അടിയറവ് വെക്കുന്ന ഇത്തരം നീക്കങ്ങളെ കുറിച്ച് ചോദ്യമുയരുമ്പോൾ പ്രധാനമന്ത്രി പുലർത്തുന്ന അക്ഷന്തവ്യമായ ഉദാസീനതയും, ജനങ്ങളോട് വിശദീകരിക്കാൻ ബാധ്യതയില്ലെന്ന വിചാരവും പരിഹസിക്കുന്നത് രാജ്യത്തിന്‍റെ പരമാധികാര സങ്കൽപത്തെയും ജനാധിപത്യ മൂല്യങ്ങളെയുമാണ്.

വിദേശ രാജ്യങ്ങളുമായുള്ള ഉടമ്പടികൾ ഒപ്പിടാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെങ്കിലും അത് ജനങ്ങളെ ബാധിക്കുന്നതാണെങ്കിൽ പാർലമെന്റിൽ ചർച്ച ചെയ്യേണ്ടത് നിർബന്ധമാണ്. നമ്മുടെ ഭരണഘടന നിയമനിർമാണത്തെയും നിർവഹണത്തെയും ആർട്ടിക്കിൾ 75(3) അനുസരിച്ച് കൂട്ടുത്തരവാദിത്തത്തിന്‍റെ (Collective Responsibility) അടിസ്ഥാനത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മോദിയും ട്രംപും തമ്മിലുള്ള സ്വകാര്യവും രഹസ്യവുമായ ഇടപാടായി മാറുന്നതിലൂടെയും പാർലമെന്റിനെ മറികടന്ന് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതിലൂടെയും തകർക്കപ്പെടുന്നത് ഭരണഘടനയുടെ അന്തസ്സത്തയാണ്. പാർലമെന്റിനെ മറികടന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം കരാറുകളുടെ വിശദാംശങ്ങൾ പുറത്തുവരുന്നത് ഏഴ് പതിറ്റാണ്ടുകളായി തുടരുന്ന പാർലമെന്ററി മര്യാദകളുടെ ലംഘനമാണ്. ജനാധിപത്യത്തെ വഞ്ചിക്കലാണ്. വിദേശ നേതാക്കളുടെ ട്വീറ്റുകളിലൂടെയല്ല, സ്വന്തം സർക്കാറിന്റെ ഔദ്യോഗിക അറിയിപ്പുകളിലൂടെയാണ് ഒരു പരമാധികാര രാഷ്ട്രത്തിലെ ജനങ്ങൾ ഇത്തരം കാര്യങ്ങൾ അറിയേണ്ടത്.

Tags:    
News Summary - Is India's sovereignty in Trump's locker?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.