ശാന്തമെന്നും സുന്ദരമെന്നും നാം വിശ്വസിച്ച രാജ്യത്തിന്റെ ഓരോരോ കോണുകൾ വിദ്വേഷത്തിന്റെയും അപരനിന്ദയുടെയും വിഷപ്പുകയിൽ മുങ്ങുന്ന ദൗർഭാഗ്യകരമായ കാഴ്ചകൾക്കാണ് വർത്തമാനകാല ഇന്ത്യ സാക്ഷ്യംവഹിക്കുന്നത്. ഗാന്ധിജിയുടെ ജന്മദേശം എന്ന ഖ്യാതി മറന്നുപോകുംവിധത്തിൽ വംശഹത്യയാൽ കുപ്രസിദ്ധമായ ഗുജറാത്തും, അടിക്കടി വിദ്വേഷ കുറ്റകൃത്യങ്ങൾ അരങ്ങേറുന്ന യു.പിയും മധ്യപ്രദേശും രാജസ്ഥാനുമെല്ലാം വാർത്തയിൽ നിറയുമ്പോഴും വർഗീയ സംഘർഷങ്ങളിൽനിന്ന് അകന്നു നിന്നിരുന്ന ത്രിപുര, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽനിന്ന് പുറത്തുവരുന്ന വിവരങ്ങൾ നടുക്കുന്നവയാണ്.
വിഭജനവേളയിലെ ചില്ലറ അസ്വാരസ്യങ്ങൾ ഒഴിച്ചാൽ സ്വതന്ത്ര ഇന്ത്യയിൽ മതവിഭാഗങ്ങൾ തമ്മിൽ സംഘർഷങ്ങളോ കലാപങ്ങളോ സാധാരണമല്ലാത്ത ഇടം എന്ന അഭിമാനകരമായ സ്ഥാനം ത്രിപുരക്ക് ഉണ്ടായിരുന്നു ഒരു പതിറ്റാണ്ട് മുമ്പുവരെ. 2018ൽ ബി.ജെ.പി സർക്കാർ ആദ്യമായി അധികാരം പിടിച്ചതിൽപിന്നെയാണ് അവിടത്തെ സൗഹാർദന്തരീക്ഷം തകിടം മറിഞ്ഞത്. 2019ൽ രണ്ടുതവണ വർഗീയ സംഘർഷങ്ങളുണ്ടായ ആ വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇപ്പോൾ കലാപവും കൊള്ളിവെപ്പും ഉണ്ടാവാൻ പ്രത്യേകിച്ചൊരു കാരണംപോലും വേണ്ട എന്ന സ്ഥിതി വന്നിരിക്കുന്നു. വർഗീയാവേശിതരായ അക്രമികൾ ഈ മാസം പത്തിന് ഉനാക്കോട്ടി ജില്ലയിലെ ഷിമുൽതല മേഖലയിൽ മുസ്‍ലിം സമുദായത്തിന്റെ വസ്തുവകകളും മസ്ജിദുമെല്ലാം നശിപ്പിക്കാൻ ഒരുമ്പെട്ടതിന്റെ കാരണമറിഞ്ഞാൽ ആരും നടുങ്ങിപ്പോകും. ഒരു പ്രാദേശിക ഉത്സവത്തിലെ പൂജക്കുവേണ്ടി ആവശ്യപ്പെട്ട പണം നൽകാൻ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് കലാപത്തീയായി പടർന്നത്. ബി.ജെ.പി സർക്കാർ കൃത്യമായ പക്ഷംചേരൽ നടത്തുന്നതിനാൽ പൊലീസും കലാപകാരികൾക്ക് സഹായകമായ നിലപാടെടുക്കുകയും വസ്തുവകകൾ നശിച്ച മനുഷ്യർക്കെതിരെ കേസ് ഭീഷണി മുഴക്കുകയും ചെയ്യുന്നതായി ന്യൂനപക്ഷനേതാക്കളും പ്രതിപക്ഷ പാർട്ടികളും ചൂണ്ടിക്കാട്ടുന്നു. മണിപ്പൂർ കത്തിയെരിഞ്ഞ് മാസങ്ങൾ കഴിഞ്ഞപ്പോഴും അതേക്കുറിച്ച് പ്രതികരിക്കാതെ തെരഞ്ഞെടുപ്പ് റാലികളും വിദേശയാത്രകളും തുടർന്ന പ്രധാനമന്ത്രിയെപ്പോലെ കലാപ മേഖലകളിൽനിന്ന് ഒളിച്ചോടി അയൽ മണ്ഡലങ്ങളിൽ റോഡ് ഷോയും മറ്റ് പരിപാടികളുമായി അരങ്ങുതകർക്കുകയായിരുന്നു മുഖ്യമന്ത്രി ഡോ. മണിക് സാഹ.
ഉത്തരാഖണ്ഡാണ് വർഗീയ കുറ്റകൃത്യങ്ങളുടെ മറ്റൊരു ഹോട്സ്പോട്ട്. സഞ്ചാരികളുടെ പ്രിയപ്പെട്ട നൈനിറ്റാളും വിശുദ്ധ നഗരങ്ങളായി എണ്ണപ്പെടുന്ന ഹരിദ്വാറും ഉത്തരകാശിയുമെല്ലാം ഒട്ടനവധി വർഗീയ വിദ്വേഷ സംഭവപരമ്പരകൾക്ക് വേദിയായിരിക്കുന്നു. ഒരു ഇടവേളക്കുശേഷം 2017ൽ സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തിലേറിയതോടെയാണ് ഇവിടെയും സാമൂഹിക കാലാവസ്ഥാമാറ്റം സംഭവിച്ചത്. 2021ൽ ഹരിദ്വാറിൽ നടന്ന ധർമ സംസദ് മുസ്‍ലിംകൾക്കെതിരെ വംശഹത്യ നടത്തണമെന്ന പരസ്യമായ ആഹ്വാനം മുഴക്കി. പിന്നാലെ മസ്ജിദുകളും മദ്റസകളും പൊളിച്ചുനീക്കണമെന്ന ആവശ്യവും സാമ്പത്തിക ബഹിഷ്കരണം നടത്താനുള്ള തീട്ടൂരവും ബഹുവിധ ജിഹാദ് ആരോപണങ്ങളും ഉയർന്നുവന്നു. കവലകൾ തോറും ഹിന്ദുത്വ ഗ്രൂപ്പുകളുടെ വിദ്വേഷ പ്രസംഗങ്ങളും ബഹിഷ്കരണ ബാനറുകളും വ്യാപിച്ചിരിക്കുന്നു. 2025ൽ ഏറ്റവുമധികം വിദ്വേഷ പ്രസംഗങ്ങൾ നടന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ് എന്ന് ‘ഇന്ത്യ ഹേറ്റ് ലാബ്’ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. മത ന്യൂനപക്ഷങ്ങൾക്കുനേരെ മാത്രമല്ല, ത്രിപുര ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് പഠന-ഉപജീവന ആവശ്യങ്ങൾക്കായി എത്തുന്ന വംശീയ ന്യൂനപക്ഷങ്ങളും ഇവിടെ ആക്രമണങ്ങൾക്കിരയാവുന്നു. തന്റെ സഹോദരനെ വംശീയവും ജാതീയവുമായി അധിക്ഷേപിച്ച് ആക്രമിച്ചവരെ ചെറുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ത്രിപുരയിൽ നിന്നുള്ള എം.ബി.എ വിദ്യാർഥി ഏഞ്ചൽ ചക്മ ഡിസംബർ അവസാനവാരം ഡറാഡൂണിൽ കൊല്ലപ്പെട്ടത്. ചൈനാക്കാരൻ എന്നുവിളിച്ച് ആക്രമിച്ചവരോട്, ഞങ്ങൾ ഇന്ത്യക്കാരാണെന്നും എന്ത് രേഖകളാണ് വേണ്ടതെന്നും ഏഞ്ചൽ വിളിച്ചുപറഞ്ഞിട്ടും അവർ കൂട്ടാക്കിയില്ല. തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു ആക്രമണം എന്നായിരുന്നു ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ചുമതലപ്പെട്ട പൊലീസ് അധികാരികൾ ഇതേക്കുറിച്ച് ന്യായീകരിച്ചത്.
ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളിൽ വസ്തുതാന്വേഷണം നടത്തിയ പൗരാവകാശ സംഘടനയായ എ.പി.സി.ആർ പുറത്തുവിട്ട റിപ്പോർട്ട് എത്രമാത്രം അപകടകരമായ അവസ്ഥയിലാണ് എന്ന ചിത്രം നൽകുന്നുണ്ട്. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കൃതമാവുന്നതിനും പതിറ്റാണ്ടുകൾ മുമ്പേ അവിടെ താമസിച്ചുപോരുന്ന മുസ്‍ലിം കുടുംബങ്ങൾക്ക് ബഹിഷ്കരണ- ആക്രമണ ഭീഷണി ഭയന്ന് രായ്ക്കു രാമാനം നാടുവിട്ടുപോവേണ്ട സാഹചര്യമുണ്ടായത് വസ്തുതാന്വേഷണ സംഘാംഗങ്ങൾ എടുത്തു പറയുന്നു. ‘‘നിയമവിരുദ്ധ താമസക്കാർ എന്നാരോപിച്ചും, നിയമങ്ങളെല്ലാം അട്ടിമറിച്ചും രാജ്യത്തെ പൗരരെ ബഹിഷ്കരിക്കുകയും ശാരീരിക ആക്രമണങ്ങൾക്കിരയാക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഹിന്ദു എന്ന നിലയിലും ഇന്ത്യക്കാരി എന്ന നിലയിലും ലജ്ജിക്കുന്നു’’ എന്നാണ് ഉത്തരാഖണ്ഡ് സന്ദർശിച്ച മാധ്യമ പ്രവർത്തക സൃഷ്ടി ജെയ്സ്‍വാൾ തുറന്നു പറഞ്ഞത്. ഉത്തരകാശിയിൽ തുടങ്ങിയ അക്രമങ്ങൾ ഇപ്പോൾ ചമോലിയിലേക്കും മറ്റ് ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും, ഇത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ഉപജീവനമാർഗത്തെയും ബാധിക്കുന്ന ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
നാടുനീളെ നടന്ന് ഒരു സമുദായത്തിനെതിരെ വിദ്വേഷം വിളമ്പുന്നവരെ കൈയടിച്ചും കാറിൽ കയറ്റിയും പൊന്നാടയിട്ടും പ്രോത്സാഹിപ്പിക്കുന്നവർ ഉത്തരാഖണ്ഡിന്റെയും ത്രിപുരയുടെയും ചുവരെഴുത്തുകൾ വായിക്കുന്നത് നന്നായിരിക്കും. ഇപ്പോഴും തിരുത്താനുള്ള സാവകാശമുണ്ട്, ഒരുപക്ഷേ നാളെ അത് സാധ്യമായെന്നു വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.