ഒടുവിൽ ഇന്ത്യയുമായി വ്യാപാരക്കരാറായതായി അറിയിച്ചിരിക്കുന്നു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതു പ്രകാരം ഇന്ത്യൻ ഉൽപന്നങ്ങളുടെ തീരുവ 25 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറക്കാൻ തന്റെ രാജ്യം തീരുമാനിച്ചതായും ട്രംപിന്റെ അറിയിപ്പിൽ പറയുന്നു. വ്യാപാരക്കരാർ ആയെന്ന് സ്ഥിരീകരിക്കാതെ തീരുവ 18 ശതമാനമായി കുറച്ചതിന് അമേരിക്കൻ പ്രസിഡന്റിന് നന്ദി പറഞ്ഞിരിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലത്തിൽ ട്രംപിന്റെ പ്രഖ്യാപനത്തെ മോദി അംഗീകരിക്കുകയാണെന്ന് വ്യക്തം. അത്ഭുതകരമായ പ്രഖ്യാപനത്തിൽ ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കുവേണ്ടി താൻ ട്രംപിന് നന്ദി പറയുന്നു എന്നു കൂടി മോദി തുറന്നുപറഞ്ഞിരിക്കെ മറ്റൊരു സ്ഥിരീകരണം കരാറിനാവശ്യമില്ല.
ലോകത്തിലെ രണ്ടു വൻസമ്പദ്‍വ്യവസ്ഥകളും ഏറ്റവും വലിയ രണ്ടു ജനാധിപത്യരാജ്യങ്ങളും കൂട്ടായി പ്രവർത്തിക്കുമ്പോൾ അതു നമ്മുടെ ജനങ്ങൾക്ക് പ്രയോജനപ്രദവും പരസ്പര സഹകരണത്തിന്റെ വൻസാധ്യതകൾ തുറക്കുന്നതുമായിരിക്കുമെന്നും എടുത്തു പറയുന്നുണ്ട് പ്രധാനമന്ത്രി മോദി. ആഗോള സമാധാനത്തിനും ഭദ്രതക്കും സമൃദ്ധിക്കും ട്രംപിന്റെ നേതൃത്വം മർമ പ്രധാനമാണെന്ന് കൂടി അദ്ദേഹം പറയുമ്പോൾ ഇരുശക്തികളും പൂർവാധികം ശക്തിയോടെ ആഗോളപ്രശ്നങ്ങളിൽ യോജിച്ച സമീപന സാധ്യതകളിലേക്കാണ് വ്യക്തമായ സൂചനകൾ നൽകുന്നത്. നേരത്തേ യൂറോപ്യൻ യൂനിയനുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരാർ ഇന്ത്യൻ ഉൽപന്നങ്ങളുടെ കയറ്റുമതിക്കും ഇന്ത്യയിലേക്കുള്ള യൂറോപ്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്കും വൻഉണർവ് പ്രദാനംചെയ്യാൻ വഴിയൊരുക്കുമെന്ന ശുഭപ്രതീക്ഷ രാജ്യം പൊതുവെ പങ്കുവെച്ചിരുന്നതാണ്.
ഇപ്പോൾ അമേരിക്കയുമായുള്ള വ്യാപാര കരാറോടുകൂടി ഇറക്കുമതി - കയറ്റുമതി രംഗത്ത് പൂർവാധികം ഉത്തേജനമാണ് പ്രതീക്ഷിക്കേണ്ടത്. ഇന്ത്യൻ ജനതയിൽ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കും ഇടത്തരക്കാർക്കും ദരിദ്രർക്കും തന്മൂലം ലഭിക്കാനിടയുള്ള ആശ്വാസം എത്രത്തോളമായിരിക്കുമെന്നത് കാത്തിരുന്നു വേണം കാണാൻ. എന്തുകൊണ്ടെന്നാൽ യൂറോപ്യൻ യൂനിയനുമായുള്ള വ്യാപാരക്കരാറിലെ ഇളവുകൾ മൂലം ഏറെ പ്രയോജനം ലഭിക്കുക വൻകിട ആഡംബര കാറുകൾപോലുള്ള ഉൽപന്നങ്ങളുടെ ഗുണഭോക്താക്കൾക്കാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അമേരിക്കയിലേക്ക് ഇന്ത്യയിൽനിന്ന് കയറ്റുമതിചെയ്യുന്ന ചരക്കുകളുടെമേലുള്ള ചുങ്കം ഗണ്യമായി കുറയുന്നതിന്റെ ഗുണഫലങ്ങൾ മത്സ്യത്തൊഴിലാളികൾക്കും സാധാരണ കൃഷിക്കാർക്കും ചെറുകിട വ്യവസായോൽപാദകർക്കും എത്രത്തോളം ഗുണകരമാകുമെന്നത് സമ്പദ്‍വ്യവസ്ഥ എത്രത്തോളം ചൂഷണമുക്തമാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയോ നാലാമത്തെയോ സാമ്പത്തികശക്തിയാണ് ഇന്ത്യയെന്ന് നമ്മുടെ പ്രധാനമന്ത്രിയും ഭരണാധികാരികളും നിരന്തരം അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോഴും കുമ്പിളിൽതന്നെ കഞ്ഞി കുടിക്കാൻ വിധിക്കപ്പെട്ട കോടിക്കണക്കിന് കോരന്മാർ ഇന്ത്യ മഹാരാജ്യത്ത് തുടരുകയാണല്ലോ. സാമ്പത്തിക വികേന്ദ്രീകരണത്തിനും ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതിക്കും പ്രഥമ പരിഗണന നൽകുന്ന ഭരണകൂടങ്ങൾ രാജ്യത്തിപ്പോഴും സ്വപ്നമായി തുടരുന്നതാണ് കാരണം.
അതേസമയം, ഡോണൾഡ് ട്രംപിന്റെ നേതൃത്വം ലോകസമാധാനത്തിനും ഭദ്രതക്കും സമൃദ്ധിക്കും അതിപ്രധാനമാണെന്ന് നരേന്ദ്ര മോദി പുകഴ്ത്തുമ്പോൾ യാഥാർഥ്യത്തിൽനിന്ന് അതെത്ര മാത്രം അകന്നിരിക്കുന്നു എന്ന് ആശ്ചര്യപ്പെടാതെ വയ്യ. ഇന്ത്യയുടെ സ്വൈരജീവിതത്തിന് നിത്യഭീഷണിയായി നാം കാണുന്ന പാകിസ്താനെ അക്കാര്യത്തിൽ ഗുണദോഷിക്കുകപോലും ചെയ്യാതെ ചേർത്തുപിടിച്ച് ഗസ്സ പുനർനിർമാണ-പുനഃസംവിധാന സമിതികളിലടക്കം അംഗമാക്കുന്നു ട്രംപ്. ഏറ്റവും ഒടുവിൽ ചേർന്ന അറബ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തെ സംബോധന ചെയ്യവെ ദ്വിരാഷ്ട്ര പരിഹാരം മാത്രമേ ഫലസ്‍തീൻ പ്രശ്നത്തിനുള്ളൂ എന്ന അതേ നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു വിദേശകാര്യമന്ത്രി ജയ്ശങ്കർ. എന്നാൽ, ആ നിർദേശത്തെ പാടെ നിരാകരിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നത് ട്രംപാണെന്ന് ലോകത്തിനു മുഴുവനറിയാം എന്നിരിക്കെ ലോകസമാധാനത്തിന് എന്തു സംഭാവനയാണ് അയാളിൽനിന്ന് പ്രതീക്ഷിക്കാവുന്നത്?.
റഷ്യയുടെ എണ്ണക്കെതിരെ യൂറോപ്പ് മുഴുവൻ ഉപരോധം നടപ്പാക്കിയിരിക്കെ റഷ്യയുമായി ഉറ്റ ബന്ധം നിലനിർത്തുന്ന ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുക വഴി ബന്ധം ഊർജസ്വലമാക്കി വരുകയായിരുന്നു. ഇപ്പോൾ തീരുവ കരാറിലൂടെ, റഷ്യക്ക് പകരം വെനിസ്വേലയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യണമെന്നാണ് ട്രംപിന്റെ കാർക്കശ്യ നയഉപാധി. അതിനു വഴങ്ങുന്നതോടെ ഇന്ത്യ -റഷ്യ ബന്ധം ശക്തിപ്പെടുമോ അതോ ദുർബലമാവുമോ? മറ്റധിക രാജ്യങ്ങളും ഇറാനെതിരെ സാമ്പത്തിക ഉപരോധം കടുപ്പിക്കുമ്പോഴും ചിരകാല സുഹൃത്തായ ഇറാനെ കൊണ്ടുനടക്കുന്ന നയമാണ് ഇന്ത്യയുടേത്. ഡോണൾഡ് ട്രംപോ? ഇസ്രായേലുമായി ചേർന്ന് ഇറാനെ നശിപ്പിക്കാനുള്ള പുറപ്പാടിലാണ്. ഇതു ലോകസമാധാനത്തിനും ഭദ്രതക്കും സഹായകമാകും എന്നാണോ? ഡിേപ്ലാമസി എന്നാൽ കാപട്യവും കണ്ണിൽ പൊടിയിടലും മാത്രമാണെന്നുവന്നാൽ ഇത്തരം ഇരട്ടത്താപ്പുകൾക്ക് ന്യായീകരണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.