പരമതവിദ്വേഷവും വംശീയവൈരവും ജീവിതശൈലി രോഗമായി മാറിക്കഴിഞ്ഞ ഗുരുതരമായ സ്ഥിതിവിശേഷത്തിലാണ് നമ്മൾ ഇന്ത്യക്കാർ എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. മനുഷ്യബോധത്തെ ബാധിക്കുന്ന ഈ മാരകരോഗത്തിന്‍റെ ഫലമാണ് വംശീയത്തിമിരം. അതോടെ വസ്തുസ്ഥിതി വിവരങ്ങൾക്കോ യാഥാർഥ്യങ്ങൾക്കോ കണ്ണും കാതും കൊടുക്കാൻ വിമ്മിട്ടം അനുഭവപ്പെടും. നേർക്കാഴ്ചകൾക്കുനേരെ കുരച്ചുചാടും. ഉള്ളതു പറയുന്നവരെ ഇഛാഭംഗത്തോടെ കൊഞ്ഞനംകുത്തും. സത്യം കാലഗതിയടഞ്ഞെന്നും ഇനി പെരുംനുണക്കാലമാണെന്നും സ്ഥാപിച്ചെടുക്കും. ഈ രോഗം ഭരണകൂടത്തെയും മാധ്യമങ്ങളെയും ബാധിച്ചാൽ സംഭവിക്കുന്ന ദുരന്തം ഭീകരമായിരിക്കും. ആൾക്കൂട്ടക്കൊലകളും വംശീയാതിക്രമങ്ങളും വംശീയഹത്യ മുറവിളികളും അതു തെര്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും വിദ്വേഷവും പകയും വളർത്തുന്ന വംശീയത്തിമിരം പുതുകാലത്തെ 'ന്യൂ നോർമൽ' ആയി മാറുകയാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു നടന്ന ഒരു പരിപാടിയുടെ പേരിൽ മുൻ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരിക്കുനേരെ നടക്കുന്ന ഒറ്റതിരിഞ്ഞ ആക്രമണം അതാണ് തെളിയിക്കുന്നത്.
അമേരിക്കയിലെ ഒരു സർക്കാറേതര സന്നദ്ധസംഘടനയായ 'ഹിന്ദൂസ് ഫോർ ഹ്യൂമൻറൈറ്റ്സ്' രാജ്യത്തെ നയരൂപകർത്താക്കളെയും കോൺഗ്രസ് അംഗങ്ങളെയും ബോധവത്കരിക്കുന്നതിനായി ജനുവരി 26ന് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചു. രാജ്യത്തെ 16 സർക്കാറിതര സംഘടനകളെ ഒന്നിച്ചുചേർത്തായിരുന്നു പരിപാടി. ഡിസംബർ 17-19 തീയതികളിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഹിന്ദുത്വ തീവ്രവാദിസംഘടനകൾ സംഘടിപ്പിച്ച ധർമസംസദിലെ മുസ്ലിം നിർമൂലന ആഹ്വാനത്തിന്‍റെയും ക്രിസ്മസ്ദിനത്തിൽ ചിലയിടങ്ങളിൽ ചർച്ചുകൾക്കു നേരെ നടന്ന അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന് സംഘാടകർ പറയുന്നു. 1994ൽ റുവാണ്ടയിൽ നടന്ന വംശഹത്യയെക്കുറിച്ച് 1998ൽ പരാമർശിക്കെ ലോകരാഷ്ട്രനേതാക്കളുടെ കസേരയിലിരുന്നവർക്കൊന്നും ഇക്കാര്യത്തിൽ ദീർഘദർശനമുണ്ടായില്ലെന്നും അതുകൊണ്ടു വലിയൊരു വിപത്തു തടയാനാവാതെ പോയെന്നും അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റൺ ഏറ്റുപറഞ്ഞിരുന്നു. അത്തരമൊരു ദുരന്തത്തിന്‍റെ വക്കിലാണ് ഇന്ത്യയെന്നും പ്രസിഡന്‍റ് ബൈഡൻ സന്ദർഭത്തിനൊത്തുയർന്ന് ഇന്ത്യയിൽ രൂക്ഷത പ്രാപിക്കുന്ന വംശീയത വംശഹത്യയിലേക്ക് എത്താതെ കാക്കാൻ അടിയന്തരമായി ഇടപെടണമെന്നായിരുന്നു 'ഹിന്ദൂസ് ഫോർ ഹ്യൂമൻറൈറ്റ്സി'ന്‍റെ ആവശ്യം. ഈ വിഷയത്തിൽ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ അമേരിക്കയെ ഇടപെടലിനു സമ്മർദം ചെലുത്തുകയായിരുന്നു 'ഇന്ത്യയുടെ ബഹുസ്വര ഭരണഘടനയുടെ സംരക്ഷണം' എന്ന തലക്കെട്ടിലുള്ള പരിപാടിയുടെ ഉദ്ദേശ്യം.
ഓൺലൈനിൽ നടന്ന പരിപാടിയിൽ മുൻ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരിയും പങ്കെടുത്തു. പരിപാടിയുടെ സ്പോൺസർമാരായി 17 സംഘടനകളുണ്ടായിരുന്നു; 11 പ്രഭാഷകരും. അതിൽ നിന്നു ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ എന്ന ഒരു സംഘടനയുടെയും പ്രഭാഷകരിലെ ഏക മുസ്ലിം ആയ ഹാമിദ് അൻസാരിയെയും മാറ്റിനിർത്തി ആക്രമിക്കുകയാണ് മാധ്യമങ്ങളും ഔദ്യോഗികകേന്ദ്രങ്ങളും. അൻസാരിയുടെ റെക്കോഡ് ചെയ്ത വിഡിയോ പ്രഭാഷണത്തിൽ ഇന്ത്യയുടെ നാനാത്വം എടുത്തുപറഞ്ഞ ശേഷം, നാഗരിക ദേശീയത (civic nationalism)യെന്ന പ്രഖ്യാപിത തത്ത്വത്തിൽനിന്നു സാംസ്കാരിക ദേശീയതയെന്ന സങ്കൽപത്തിലേക്കു മാറുന്നതിലെ അപചയവും അപകടവും ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടെടുപ്പിലെ ഭൂരിപക്ഷത്തെ മതഭൂരിപക്ഷമായി വ്യാഖ്യാനിച്ച് രാഷ്ട്രീയാധികാരത്തെ കുത്തകയാക്കാനുള്ള ശ്രമം നടക്കുന്നതിനെക്കുറിച്ച് അദ്ദേഹം വളരെ ഹ്രസ്വമായ സംസാരത്തിൽ മുന്നറിയിപ്പ് നൽകി. എന്നാൽ, വിദേശത്തു നടന്ന ചടങ്ങിൽ രാജ്യത്തെ അധിക്ഷേപിച്ചുവെന്നും രാജ്യവിരുദ്ധസംഘടനകളുടെ വേദി പങ്കിട്ടുവെന്നുമൊക്കെ ആരോപിച്ച് മുഖ്യധാരാ മാധ്യമങ്ങൾ ബഹളം വെച്ചു. അതിന്‍റെ ചുവടുപിടിച്ച് വിദേശകാര്യ മന്ത്രാലയം മുൻ ഉപരാഷ്ട്രപതിയുടെ പ്രഭാഷണത്തെയും പരിപാടിയെയും അപലപിച്ചു.
പരിപാടിയിലെ മുസ്ലിം ആഭിമുഖ്യത്തിലുള്ള സംഘടനയെയും ഹാമിദ് അൻസാരിയെയും മാത്രം എടുത്തുകാട്ടിയ മുഖ്യധാരാ മാധ്യമങ്ങൾ പരിപാടിയുടെ സംഘാടകരായ 'ഹിന്ദൂസ് ഫോർ ഹ്യൂമൻറൈറ്റ്സി'നെയോ മറ്റു സംഘടനകളെയോ പ്രഭാഷകരെയോ പരാമർശിക്കാതിരുന്നത് ബോധപൂർവമാണെന്നും അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് കൃത്യമായ ഇസ്ലാംപേടിയുടെ ചിന്താഗതിയിൽനിന്നുകൊണ്ടാണെന്നും വേദിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ സുനിത വിശ്വനാഥ് കുറ്റപ്പെടുത്തുന്നു. 'അടിച്ചമർത്തപ്പെട്ടവർ അതിക്രമങ്ങളെ അഭിമുഖീകരിക്കുമ്പോൾ ശബ്ദമുയർത്തേണ്ടത് ഹിന്ദുവായ തന്‍റെ ബാധ്യതയാണ്' എന്ന ആമുഖത്തോടെ മോഡറേറ്റർ ശ്രവ്യ താഡപ്പള്ളി ചർച്ച തുടങ്ങിവെച്ച കാര്യം ചൂണ്ടിക്കാട്ടിയ അവർ അതെല്ലാം മറച്ചുവെച്ച് അൻസാരിക്കെതിരെ ആക്രമണത്തിന്‍റെ മുന തിരിക്കുന്നത് വംശീയവൈരം കത്തിക്കണമെന്ന ദുരുദ്ദേശ്യത്തോടെയാണ് എന്നു കുറ്റപ്പെടുത്തുന്നു.
ഡോ. എസ്. രാധാകൃഷ്ണനുശേഷം രാജ്യത്ത് തുടർച്ചയായി രണ്ടു തവണ ഉപരാഷ്ട്രപതി സ്ഥാനത്തിരുന്ന നയതന്ത്രവിദഗ്ധനും പണ്ഡിതനുമായ ഡോ. ഹാമിദ് അൻസാരി നിഷ്പക്ഷമായ ജനാധിപത്യനിലപാടിലൂടെ രാജ്യത്തിനകത്തും പുറത്തും കഴിവു തെളിയിച്ച വ്യക്തിത്വമാണ്. രാജ്യസഭ ചെയർമാൻ പദവിയിലിരിക്കെ, യു.പി.എ, എൻ.ഡി.എ ഗവൺമെന്‍റുകളോട് ഒരുപോലെ അദ്ദേഹത്തിന് ഇടയേണ്ടിവന്നിട്ടുണ്ട്. അത് ജനാധിപത്യക്രമത്തിലെ സ്വാഭാവികതയും സാമാന്യമര്യാദയുമായി കാണാവുന്നതേയുള്ളൂ. എന്നാൽ, എൻ.ഡി.എ സർക്കാർ ജുഗുപ്സാവഹമായ രീതിയിലാണ് അതിനെ നേരിട്ടത്. എല്ലാ പതിവും തെറ്റിച്ച് ഭരണനേതൃത്വം അദ്ദേഹത്തെ യാത്രയാക്കിയത് വംശീയ ദുസ്സൂചനകൾ നിറഞ്ഞ കുത്തുവാക്കുകൾ ചൊരിഞ്ഞാണ്. സംഘ്പരിവാറിന് അദ്ദേഹത്തോടുള്ള കലിയടങ്ങിയില്ല എന്നു തെളിയിക്കുന്നതാണ് ഇപ്പോൾ ഡോ. അൻസാരിക്കെതിരെ നടത്തിവരുന്ന പ്രചണ്ഡമായ പ്രചാരവേല. ഭരണവും ഭരണകൂടവും വിമർശിക്കപ്പെടുമ്പോൾ അതിനെ ആരോഗ്യകരമായി അഭിമുഖീകരിക്കുന്നതിനുപകരം വിമർശകരുടെ മതവും വംശവും പ്രശ്നവത്കരിക്കുന്ന കുബുദ്ധിയെ ആശങ്കയോടെ വേണം കാണാൻ. ഇന്ത്യൻപ്രതിസന്ധിയുടെ ആഴം 'ഹിന്ദൂസ് ഫോർ ഹ്യൂമൻറൈറ്റ്സ്' കണ്ടതിനുമപ്പുറത്താണ് എന്നു സാക്ഷ്യപ്പെടുത്തുകയാണ് ഈ അനാശാസ്യ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.