മോദി സർക്കാർ സൃഷ്ടിച്ച ലോക്സഭ റെക്കോഡ് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം എത്തിപ്പെട്ട അവസ്ഥയുടെകൂടി പ്രതിഫലനമാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ച പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ സമാപിക്കുകയെന്ന അപൂർവ ചരിത്രമാണ് സർക്കാർ രചിച്ചിരിക്കുന്നത്. ലോക്സഭയിൽ പ്രധാനമന്ത്രിയുടെ മറുപടി ഒഴിവാക്കിക്കൊണ്ട് നന്ദിപ്രമേയം പാസാക്കിയതിന് കാരണമായി, പ്രതിപക്ഷത്തിന്റെ അക്രമോത്സുകതയാണ് സ്പീക്കർ ഓം ബിർള പറഞ്ഞതെങ്കിലും, അദ്ദേഹത്തിന്റെതന്നെ വാക്കുകൾ കടമെടുത്താൽ, രാജ്യം എല്ലാം കാണുന്നുണ്ടായിരുന്നു. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാൻ അനുവദിക്കാത്തതിലുള്ള ന്യായമായ പ്രതിഷേധമാണ് ലോക്സഭയും രാജ്യസഭയും കണ്ടത്. ജനാധിപത്യത്തിന്റെ പ്രാഥമിക മര്യാദകൾപോലും ലംഘിച്ചുകൊണ്ടാണ് സർക്കാർ പാർല​മെന്റിൽ സ്വേച്ഛ അടിച്ചേൽപിക്കുന്നത്. അതിന്റെ പേരിൽ പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിക്കുമ്പോൾ പരിഹാരം കാണേണ്ട സ്പീക്കർവരെ പക്ഷപാതപരമായി പെരുമാറുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്നു. അങ്ങനെ അഭിപ്രായം പറയാനും സർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടാനും ഒട്ടും അനുവദിക്കാത്ത സന്ദർഭങ്ങളിൽ പ്രതിപക്ഷത്തിന് സഭാനടപടികൾ തടസ്സപ്പെടുത്തുകയല്ലാതെ മാർഗമില്ലെന്ന് വരുന്നു. സഭക്കു പുറത്ത് കൂടിയാലോചനകളിലൂടെ രമ്യമായ പരിഹാരം കണ്ടെത്തുന്ന കീഴ്വഴക്കം പോലും ഉപേക്ഷിക്കുന്നിടത്തോളം പരസ്പര വൈരവും സ്പീക്കറുടെ കാര്യക്ഷമതക്കുറവും വർധിച്ചു എന്നത് ദൗർഭാഗ്യകരമാണ്.

ജനുവരി ഒടുവിൽ തുടങ്ങിയ ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കാൻ ശ്രമിച്ച വിഷയങ്ങൾ നിസ്സാരമല്ല. മുൻ കരസേനാ മേധാവി നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെപ്പറ്റി ഉന്നയിച്ച ആവലാതിയും ഇന്ത്യ-യു.എസ് വ്യാപാരക്കരാറും അവയിൽ ഉൾപ്പെടും. ഗൗരവമേറിയ ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാനും രാജ്യതാൽപര്യം സംരക്ഷിക്കാനുമല്ലെങ്കിൽ എന്തിനാണ് പാർലമെന്റ്? ബജറ്റ് സമ്മേളനത്തിന് മുമ്പും അനുഭവം പലപ്പോഴും ഇതുതന്നെയായിരുന്നു. മോദി സർക്കാറിന് കീഴിൽ ജനാധിപത്യ സംവാദത്തിന്റെയും നിയമനിർമാണത്തിന്റെയും പവിത്ര വേദിയായ പാർലമെന്റിന്റെ കാര്യക്ഷമത നാൾക്കുനാൾ കുറഞ്ഞുവരുന്നതായി സംഭവങ്ങളും കണക്കുകളും ബോധ്യപ്പെടുത്തുന്നുണ്ട്. സർക്കാർ തയാറാക്കുന്ന കരട് നിയമങ്ങളും നയനിലപാടുകളും പാർലമെന്റിൽ ചർച്ച ചെയ്ത്, ആവശ്യമെങ്കിൽ ഉപസമിതികളുടെ വിശദ പരിശോധനക്കും പഠനത്തിനും ശേഷം അനുയോജ്യമായ ഭേദഗതികളോടെ നിയമമാക്കുക എന്നതായിരുന്നു മുൻകാലങ്ങളിൽ നടന്നത്. പാർലമെന്ററി ജനാധിപത്യം അതാണ്. എന്നാൽ, മോദിഭരണത്തിൽ സർക്കാർ സങ്കുചിത താൽപര്യങ്ങളോടെ മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾ ചർച്ച നടത്തിയോ അല്ലാതെയോ പാസാക്കിയെടുക്കുന്ന കൊട്ടാരസദസ്സാക്കി ജനകീയ സഭകളെ മാറ്റിയ സ്ഥിതിയാണുള്ളത്. ജനപ്രതിനിധി സഭകളിലെ പ്രതിപക്ഷവും ജനങ്ങളുടെ ശബ്ദമാണുയർത്തുന്നത്. പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാണ് യഥാർഥ ജനാധിപത്യം പ്രവർത്തിക്കുക. എന്നാൽ, ഇന്ന് ഭൂരിപക്ഷരാജാണ് നടക്കുന്നത്. ഏകപക്ഷീയമായാണ് നിയമങ്ങൾ പാസാക്കുന്നതും നയങ്ങൾ സ്വീകരിക്കുന്നതും.

370ാം വകുപ്പ് നീക്കംചെയ്തത് അങ്ങനെയാണ്. 2020ൽ കർഷക നിയമം ചുട്ടെടുത്തത് അങ്ങനെയാണ്. ബജറ്റുകൾ അംഗീകരിക്കുന്നത് അങ്ങനെയാണ്. ഗൗരവത്തിലുള്ള ചർച്ചകൾ നടക്കുന്നില്ല. വിയോജിപ്പുകൾക്ക് കാതോർക്കാൻ ഭരണപക്ഷത്തിനോ അനുമതി നൽകാൻ സഭാ അധ്യക്ഷന്മാർക്കോ പറ്റുന്നില്ല. ഈ ഏകപക്ഷീയതയാണ് പ്രതിപക്ഷ ബഹളത്തിലേക്ക് നയിക്കുന്നത്. ഭരണഘടനാ സ്ഥാനമായ പ്രതിപക്ഷ നേതാവിന് രണ്ടു വാചകം മുഴുമിപ്പിക്കാൻ കഴിയില്ലെങ്കിൽ അതിന്റെ നാണക്കേട് സ്പീക്കർക്കും ഭരണപക്ഷത്തിനും കൂടിയാണ്. സഭ കാര്യക്ഷമമായി നടത്തേണ്ട ചുമതല പ്രാഥമികമായും അവർക്കാണ്. അതിനു പകരം പ്രതിപക്ഷാംഗങ്ങളെ പുറത്താക്കിയും ഒച്ചവെച്ച് ഇരുത്തിയും നടത്തുന്ന പാർലമെന്റ് ജനകീയ സഭയാകില്ല. 2025ലെ മൺസൂൺ സമ്മേളനത്തിന്റെ നിശ്ചിത സമയത്തിൽ മൂന്നിൽ രണ്ടും തടസ്സങ്ങളാൽ നഷ്ടപ്പെട്ടു. മിനിറ്റിന് രണ്ടരലക്ഷം രൂപ തോതിൽ ജനം ചെലവാക്കുന്നത് ഇതിനു വേണ്ടിയാണോ? 2014-2024 കാലത്ത് സഭാ മുടക്കങ്ങൾമൂലം പാഴായത് 3,300 കോടി രൂപയാണെന്ന് ‘ദ ക്വിന്റ്’ എന്ന ഓൺലൈൻ മാധ്യമം ചൂണ്ടിക്കാട്ടുന്നു. ബജറ്റടക്കമുള്ള പ്രധാന വിഷയങ്ങളിൽ​പോലും ചർച്ച നടക്കുന്നില്ല. കഴിഞ്ഞ യൂനിയൻ ബജറ്റിലെ 90 ശതമാനം നിർദേശങ്ങൾ ചർച്ചയില്ലാതെയാണ് പാസായത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദശകങ്ങളിൽ ലോക്സഭ പ്രതിവർഷം 120 ദിവസം സമ്മേളിക്കുകയും ഗൗരവ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. 2019-24 കാലത്ത് ലോക്സഭ പ്രതിവർഷം 55 ദിവസം മാത്രമാണ് ചേർന്നത്. ഇപ്പോഴും രീതി അതാണ്. ചേർന്ന ദിവസങ്ങളിൽതന്നെ തടസ്സങ്ങളും ബിൽ ചുട്ടെടുക്കലുമായി, കാര്യമായ, ജനക്ഷേമം ലക്ഷ്യമിട്ടുള്ള ചർച്ചകൾ വളരെ വിരളവും. പ്രതിപക്ഷത്തെ കേൾക്കാൻ ഭരണപക്ഷമോ സഭാ അധ്യക്ഷന്മാരോ തയാറാകാത്തതാണ് പ്രധാന പ്രശ്നം. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിത്.

Tags:    
News Summary - Madhyamam Editorial 2026 Feb 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.