രണ്ടുനാൾ മുമ്പ്, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അസാധാരണമായൊരു പ്രസ്താവന നടത്തി. ‘‘ലോകം അതിഗുരുതരമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അമ്പത് വർഷത്തിനിടെ, ഇതാദ്യമായി ആണവായുധങ്ങളെ നിയന്ത്രിക്കുന്ന ഉടമ്പടിയില്ലാത്തൊരു ലോകത്തെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.... ആണവായുധം ഉപയോഗിക്കപ്പെടാനുള്ള സാധ്യത ഏറ്റവും ഉയർന്നുനിൽക്കുന്ന സന്ദർഭമാണിത്’’. ലോകത്തെ, 80 ശതമാനം ആണവായുധങ്ങളും കൈവശം വെച്ചിരിക്കുന്ന രാജ്യങ്ങളായ റഷ്യയും യു.എസും തമ്മിൽ ആണവായുധ നിർവ്യാപനത്തിനായി ഒപ്പിട്ട അവസാനത്തെ ഉടമ്പടിയുടെ കാലാവധി ഫെബ്രുവരി നാലിന് അവസാനിച്ചപ്പോഴായിരുന്നു ഗുട്ടറസ് ലോകത്തോട് ആശങ്ക പങ്കുവെച്ചത്. 2011 ഫെബ്രുവരി അഞ്ചിന്, ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ അന്നത്തെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‍വദേവും ഒപ്പുവെച്ച കരാറിന്റെ കാര്യമാണ് യു.എൻ സെക്രട്ടറി ജനറൽ സൂചിപ്പിച്ചത്. ന്യൂ സ്റ്റാർട്ട് അഥവാ, ‘ദി സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി’ എന്നറിയപ്പെടുന്ന ഈ ഉടമ്പടി പ്രകാരം, ഇരുരാജ്യങ്ങളും തങ്ങളുടെ ആണവായുധങ്ങൾ അടക്കം എണ്ണത്തിലും വിന്യാസത്തിലും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. അതുപ്രകാരം, വിന്യസിക്കാവുന്ന ആയുധങ്ങളുടെ എണ്ണം 1550ഉം മിസൈൽ, ബോംബറുകൾ എന്നിവയുടെ എണ്ണം 700ഉം ആക്കി നിജപ്പെടുത്താൻ തീരുമാനിച്ചു. കരാർ കാലാവധി കഴിഞ്ഞതോടെ, ആയുധനിർമാണത്തിലും വിന്യാസത്തിലും നിയന്ത്രണമില്ലെന്നു വന്നിരിക്കുന്നു. 1970ൽ, ആണവ നിർവ്യാപന കരാർ പ്രാബല്യത്തിൽ വന്നശേഷം ഒരുപക്ഷേ, ഇതാദ്യമായിട്ടാകും ഇത്തരമൊരു സാഹചര്യം. ഈ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് ഉന്മാദികളായ ഭരണാധികാരികളും. ഈ സാഹചര്യം സൃഷ്ടിച്ച സങ്കീർണതകളാണ് ഗുട്ടറസിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.
1991ൽ, യു.എസും റഷ്യയും തമ്മിൽ സ്റ്റാർട്ട് എന്ന ആണവ നിർവ്യാപനകരാർ ഒപ്പുവെച്ചിരുന്നു. ആണവായുധങ്ങളുടെ എണ്ണം ആറായിരത്തിൽ പരിമിതപ്പെടുത്താനുള്ള കരാറായിരുന്നു അത്. 1970ലെ ആണവ നിർവ്യാപനകരാറിന്റെ തുടർച്ചയായി ഇതിനെ കണക്കാക്കാം. ആണവോർജം, ആയുധ നിർമാണങ്ങൾക്കുപകരം ഊർജോൽപാദനത്തിനും മറ്റുമായി പരിമിതപ്പെടുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അത് ഒരർഥത്തിൽ വിജയവുമായിരുന്നു. 2012ൽ, കരാർ കാലാവധി കഴിയുമെന്നായപ്പോഴാണ് 2008 മുതൽ ന്യൂ സ്റ്റാർട്ട് ഉടമ്പടിയുടെ ചർച്ച ആരംഭിച്ചതും ആണവായുധങ്ങളുടെ എണ്ണം പിന്നെയും പരിമിതപ്പെടുത്താൻ തീരുമാനമായതും. 2018 വരെ, ഇരു രാജ്യങ്ങളും കരാർ കൃത്യമായി പാലിച്ചുവെന്ന് പറയാം. എന്നാൽ, അതിനുശേഷം കാര്യങ്ങളാകെ മാറി. 2017ൽ, കരാർ നീട്ടാനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിർദേശം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതോടെയാണ് കരാർ അസ്തമിച്ചു തുടങ്ങിയത് എന്ന് നിരീക്ഷിക്കുന്നവരുണ്ട്. 1987ൽ, സോവിയറ്റ് യൂനിയനുമായി യു.എസ് ഒപ്പുവെച്ച മധ്യദൂര ആണവായുധ നിയന്ത്രണ കരാറിൽനിന്ന് പിന്മാറുന്നതായി ട്രംപ് പ്രഖ്യാപിച്ചതും ഏതാണ്ട് ഇതേ സമയത്താണ്. ട്രംപിനുശേഷം ബൈഡൻ അധികാരത്തിൽ വന്നപ്പോൾ, ചില മാറ്റങ്ങളൊക്കെ പ്രകടമായി. ന്യൂ സ്റ്റാർട്ട് കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ചില ചർച്ചകളൊക്കെ നടന്നു. എന്നാൽ, യുക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. 2023 ഫെബ്രുവരിയിൽ തങ്ങളുടെ ആണവായുധ ശേഖരങ്ങൾ പരിശോധിക്കുമെന്ന യു.എസ്-നാറ്റോ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് ന്യൂ സ്റ്റാർട്ട് കരാറിൽനിന്ന് പിൻവാങ്ങുന്നുവെന്നു പുടിൻ പ്രസ്താവിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ്, പുടിന് ഇക്കാര്യത്തിൽ മനംമാറ്റമുണ്ടായോ എന്ന് കരുതണം. കരാർ ഒരു വർഷം നീട്ടുന്നതിനായി താൻ ആലോചിക്കുന്നുവെന്ന് പുടിൻ പറഞ്ഞു. എന്നാൽ, ഈ സമീപനം ട്രംപ് തള്ളിയതുമുതൽ ലോകത്ത് ആശങ്ക നിഴലിക്കുന്നുണ്ട്. ന്യൂ സ്റ്റാർട്ട് കരാർ അവസാനിക്കുന്നതോടെ, വൻശക്തി ആണവായുധ രാജ്യങ്ങളെ നിയന്ത്രിക്കുന്ന മറ്റൊരു നിയമമില്ല എന്ന യാഥാർഥ്യത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണിപ്പോൾ ലോകം.
കരാർ അവസാനിച്ചുവെങ്കിലും തങ്ങൾ ഉത്തരവാദിത്തത്തോടെ മാത്രമേ പെരുമാറുകയുള്ളൂ എന്നാണ് കഴിഞ്ഞ ദിവസം റഷ്യ പ്രതികരിച്ചിരിക്കുന്നത്. ഒരർഥത്തിൽ, ഈ പ്രസ്താവന ആശ്വാസകരമാണ്. എന്നാൽ, ‘കരാർ അവസാനിച്ചാൽ, അവസാനിച്ചതു തന്നെ’ എന്നാണ് വൈറ്റ് ഹൗസിൽനിന്നുള്ള പ്രഖ്യാപനം. ഇരുരാജ്യങ്ങളും ഒരു മേശക്കു ചുറ്റുമിരിക്കണമെന്ന ഗുട്ടറസിന്റെ ആവശ്യം ട്രംപ് ചെവിക്കൊള്ളില്ലെന്ന് വ്യക്തം. എന്നല്ല, കരാറിൽ ചൈനയെക്കൂടി ഉൾപ്പെടുത്തണമെന്ന വിചിത്രമായൊരു ആവശ്യവും യു.എസ് മുന്നോട്ടുവെക്കുന്നു. സമീപകാലത്തായി, ചൈനയും വലിയ തോതിൽ ആണവായുധ സമ്പുഷ്ടീകരണം നടത്തിയിട്ടുണ്ട്. നിലവിൽ ചൈനക്ക് 600 ആണവായുധങ്ങളുണ്ടെന്നാണ് കണക്ക്. 2023നുശേഷം, ഓരോ വർഷവും 100 ആയുധങ്ങളാണ് അവർ അധികമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആ നിലയിൽ കേവലം, യു.എസ്-റഷ്യ കരാർ കൊണ്ടുമാത്രം സമാധാനം സാധ്യമാകില്ല എന്നത് വസ്തുതയാണ്. എന്നാൽ, ആണവായുധങ്ങൾ 1550ൽ പരിമിതപ്പെടുത്താൻ പ്രതിജ്ഞാബദ്ധമായ യു.എസും റഷ്യയുമിപ്പോൾ ആയുധശേഖരം വിപുലമാക്കിക്കൊണ്ടിരിക്കുന്നു. നിലവിൽ, യു.എസിന്റെ കൈയിൽ 1770 ആണവായുധങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അണിയറയിൽ 1930 എണ്ണം വേറെയും. റഷ്യക്ക് ഇത് യഥാക്രമം, 1718ഉം 2591ഉമാണ്. അഥവാ, ആണവായുധ സമ്പുഷ്ടീകരണത്തിൽ ശക്തമായൊരു മത്സരം നടക്കുമ്പോഴാണ് എല്ലാ വൻശക്തികൾക്കും ‘സ്വതന്ത്ര’മായി വിഹരിക്കാനുള്ള അവസരം കൈവന്നിരിക്കുന്നത്. ലോകമാകട്ടെ, പല കാരണങ്ങളാൽ യുദ്ധങ്ങളുടെയും അധിനിവേശത്തിന്റെയും നിഴലിലുമാണ്. ഈ പ്രതിസന്ധിയെയാണ് ഗുട്ടറസ് ‘ഗുരുതരമായ സാഹചര്യം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സന്നിഗ്ധ ഘട്ടത്തെ ലോകം എങ്ങനെ തരണം ചെയ്യുമെന്ന് കണ്ടറിയുക തന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.