പി.എം കെയേഴ്സ് ഫണ്ട് സംബന്ധമായി ഉയരുന്ന ചോദ്യങ്ങൾക്ക് പാർലമെന്റിൽ ഉത്തരം ആവശ്യപ്പെട്ട് സി.പി.എം രാജ്യസഭ എം.പി ഡോ. ജോൺ ബ്രിട്ടാസ് കഴിഞ്ഞ ദിവസം രാജ്യസഭ ചെയർമാനും ലോക്സഭ സ്പീക്കർക്കും എഴുതിയ കത്ത് ഒരിക്കൽകൂടി ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നു. പി.എം കെയേഴ്സ് എന്ന പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ആശ്വാസ ഫണ്ട് (പി.എം.എൻ.ആർ.എഫ്), ദേശീയ പ്രതിരോധ ഫണ്ട് (എൻ.ഡി.എഫ്) എന്നീ മൂന്നു ഫണ്ടുകളുടെ വിവരങ്ങൾ പാർലമെന്റ് അംഗങ്ങളിൽനിന്നും അതുവഴി ജനങ്ങളിൽനിന്നും മറച്ചുവെക്കണമെന്ന തീരുമാനവും പ്രസ്തുത ഫണ്ടുകളെക്കുറിച്ച ചോദ്യങ്ങൾ പാർലമെന്റിൽ അനുവദിക്കരുതെന്ന് പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫിസ് (പി.എം.ഒ) നിർദേശം നൽകിയതായി വന്ന റിപ്പോർട്ടുകളുമാണ് വിഷയം വീണ്ടും ജനശ്രദ്ധയിലെത്തിച്ചിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് ‘ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രത്തിൽ വന്ന റിപ്പോർട്ടനുസരിച്ച് പി.എം.ഒ ജനുവരി 30ന് ലോക്സഭ സെക്രട്ടേറിയറ്റിനയച്ച കത്തിലാണ് പരാമൃഷ്ട ഫണ്ടുകളെക്കുറിച്ച ചോദ്യങ്ങളൊന്നും ലോക്സഭ നടപടിച്ചട്ടങ്ങളിലെ ഖണ്ഡിക 41ന്റെ ഉപ ഖണ്ഡികകളനുസരിച്ച് ഉന്നയിക്കാൻ പറ്റില്ലെന്നും അവ തള്ളിക്കളയണമെന്നും അറിയിച്ചതായി റിപ്പോർട്ട് വന്നത്.
ബ്രിട്ടാസ് ഉന്നയിച്ച ആവശ്യം, പി.എം കെയേഴ്സ് പോലുള്ള ഫണ്ടുകളെക്കുറിച്ച ചോദ്യങ്ങൾ നിരസിക്കാനുള്ള സർക്കാർ നിർദേശങ്ങൾ സഭാധ്യക്ഷന്മാർ തള്ളിക്കളയണമെന്നും പാർലമെന്റിന് അവ അറിയാനുള്ള അവകാശം സ്ഥാപിക്കണമെന്നുമായിരുന്നു. ദുരൂഹകാരണങ്ങളാൽ കേന്ദ്രസർക്കാർ ഇത്തരം ഫണ്ടുകളെക്കുറിച്ച ഒരു വിവരവും ജനപ്രതിനിധികൾക്ക് അറിയാൻ അവകാശമുള്ളതായി അംഗീകരിക്കുന്നില്ല. സർക്കാർ ഖജനാവിലെ മറ്റു പണംപോലെ കേന്ദ്രസർക്കാറിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽപെടുന്നതല്ല അതെന്നും അത് കൈകാര്യംചെയ്യുന്നത് സർക്കാർ വകുപ്പുകളോ പൊതുമേഖല സ്ഥാപനങ്ങളോ അല്ലെന്നും അതുകൊണ്ടുതന്നെ സർക്കാർ ചെലവുകൾ ഓഡിറ്റ് ചെയ്യുന്നത് പോലുള്ള ഓഡിറ്റിങ്ങിന് അവ വിധേയമല്ലെന്നുമാണ് മോദി സർക്കാർ നിലപാട്. ആ ഫണ്ടുകളുടെ വരവും ചെലവും അതാര്യമാക്കാനുള്ള അടവ് മാത്രമാണ് ഈ ന്യായമെന്ന് സംശയിക്കാവുന്ന തരത്തിലാണ് ബന്ധപ്പെട്ട മറ്റു വസ്തുതകളെല്ലാം. 2020 മാർച്ച് 28ന് കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയം അയച്ച മെമ്മോയിൽതന്നെ കൃത്യമായി പറയുന്നത്, പി.എം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകൾ കോർപറേറ്റ് സാമൂഹികബാധ്യത ചെലവുകൾക്ക് അർഹമാണ്, കാരണം അത് കേന്ദ്രസർക്കാർതന്നെ പൊതു ആശ്വാസത്തിനുവേണ്ടി രൂപവത്കരിച്ച ഫണ്ടാണ് എന്നാണ്.
ഫണ്ടിൽ സർക്കാറിന് നേരിട്ട് നിയന്ത്രണം വേണം, എന്നാൽ, അത് ഓഡിറ്റിന് വിധേയമാക്കാനാവില്ല എന്നാണ് കേന്ദ്രനിലപാട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ ചെയ്തതുപോലെ വിവിധ കോർപറേറ്റുകൾക്ക് സംഭാവന നൽകാനുള്ള ചാനൽ ആയി ഫണ്ട് നിലനിർത്താനും പരിശോധന കൂടാതെ ഭരണകൂടത്തിന് താൽപര്യമുള്ള രീതിയിൽ ചെലവഴിക്കാനുമുള്ള സ്വാതന്ത്ര്യം സർക്കാർ തേടുന്നത്. സുതാര്യതയെക്കുറിച്ച് വമ്പുപറയുന്ന മോദി സർക്കാറാണ് തങ്ങൾ രൂപംനൽകിയ, സർക്കാർ മന്ത്രിമാരും ഉദ്യോഗസ്ഥരും തന്നെ നേരിട്ട് മേൽനോട്ടം നടത്തുന്ന സഹസ്രകോടി രൂപയുടെ ഇടപാടുകളെക്കുറിച്ച് പാർലമെന്റിൽ ചോദിച്ചുകൂടായെന്ന് തിട്ടൂരമിറക്കുന്നത്. ഈ ഫണ്ടുകളുടെ വെബ്സൈറ്റുകളിൽ വിവരങ്ങൾ കുറെ നൽകുന്നുണ്ടെങ്കിലും ഓരോ സാമ്പത്തികവർഷം പിരിഞ്ഞതും ചെലവഴിച്ചതുമായ കണക്കല്ലാതെ മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. സംഭാവന നൽകിയതാര്, സഹായ ഗുണഭോക്താക്കൾ ആര് എന്നതൊന്നും വ്യക്തമല്ല.
പി.എം കെയേഴ്സ് 2000ൽ കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത ട്രസ്റ്റാണെന്ന് വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പറയുന്നുണ്ട്. പ്രധാനമന്ത്രി ചെയർമാനും ആഭ്യന്തര, പ്രതിരോധ, ധനകാര്യമന്ത്രി എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളുമാണ്. പ്രധാനമന്ത്രി നാമനിർദേശംചെയ്ത രണ്ട് അംഗങ്ങൾ വേറെയും. ഫണ്ടിലേക്കുള്ള സംഭാവനകൾക്ക് മറ്റു സർക്കാർ ജീവകാരുണ്യ ഫണ്ടുകളെപ്പോലെ നൂറുശതമാനം ആദായ നികുതിയിളവ് ലഭിക്കും. വിദേശസംഭാവന നിയമമനുസരിച്ച് അതിവേഗം നൽകിയ അംഗീകാരമുണ്ടിതിന്. 2013ലെ കമ്പനി നിയമം പി.എം കെയേഴ്സ് ഫണ്ടിനുവേണ്ടി മാത്രം ഭേദഗതിചെയ്ത് കമ്പനികൾ നൽകുന്ന സാമൂഹികബാധ്യത സംഭാവനകൾക്കും ഇതിനെ യോഗ്യമാക്കിയിരുന്നു. ഇങ്ങനെ പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ച് കേന്ദ്രസർക്കാർ രൂപവത്കരിച്ചതാണ് ഈ സംവിധാനം. നടത്തിപ്പിൽ പ്രധാനമന്ത്രിയടക്കമുള്ളവർ ഉത്തരവാദിത്തം വഹിക്കുന്ന, പ്രധാനമന്ത്രി കാര്യാലയത്തിന്റെ മേൽവിലാസമുള്ള, പി.എം.ഒയിലെ തന്നെ സെക്രട്ടറി/അഡീഷനൽ സെക്രട്ടറിമാർക്ക് അധിക ഉത്തരവാദിത്തമുള്ള ഒരുസ്ഥാപനത്തിന്റെ കാര്യത്തിലാണ് സുതാര്യത മറച്ചുപിടിക്കണമെന്ന് കേന്ദ്ര സർക്കാർ ശാഠ്യംപിടിക്കുന്നത്. വിവരങ്ങൾ മറച്ചു പിടിക്കാനുള്ള ഈ വ്യഗ്രത കണ്ട്, അതിൽ മറച്ചുവെക്കാൻ എന്തൊക്കെയോ ഉണ്ടെന്ന് പൗരർ മനസ്സിലാക്കിയാൽ അവരെ കുറ്റപ്പെടുത്താൻ കഴിയുമോ? ഒന്നുകിൽ ഈ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നൽകണം, അല്ലെങ്കിൽ പി.എം കെയേഴ്സിൽ കേന്ദ്രസർക്കാർ സുതാര്യത അനുവദിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.