അധികാരത്തിലെത്തിച്ച ജനതയെയോ, രാഷ്ട്രവും ജനതയും മഹത്തരമായി കരുതുന്ന ജനാധിപത്യ സംവിധാനങ്ങളെയോ പരിഗണിക്കാതെ മുന്നോട്ടു നീങ്ങുന്നതാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന്റെ രീതി. സ്വാതന്ത്ര്യത്തിനുശേഷം നാട്ടിൽ നിലനിന്നുവരുന്ന ഭരണക്രമത്തെയും അധികാര സംവിധാനങ്ങളെയും നിയമങ്ങളെയും അടിപടലം അഴിച്ചുപണിയാൻ, അസാധുവാക്കാൻ ക്ഷണനേരം മതി എന്ന് വിവിധ ബില്ലുകളും ഓർഡിനൻസുകളും ചുട്ടെടുത്തും നിലവിലുള്ളത് റദ്ദാക്കിയുമൊക്കെ യൂനിയൻ സർക്കാർ ഇതിനകം സ്ഥാപിച്ചെടുത്തിട്ടുണ്ട്. നോട്ടുനിരോധനത്തിൽ തുടങ്ങി വോട്ടുബന്ദിയിൽ എത്തിനിൽക്കുന്നു ഈ അധികാരാഭ്യാസങ്ങൾ. അതിനോടു ചേർത്തുവെക്കേണ്ട വിധമാണ് കഴിഞ്ഞ ദിവസം യൂനിയൻ സർക്കാർ പ്രാബല്യത്തിൽ വരുത്തിയ പുതിയ തൊഴിൽ നിയമം. രാജ്യത്ത് നിലവിലിരുന്ന വിവിധ തൊഴിൽ നിയമങ്ങളെ നാലു സമഗ്ര നിയമങ്ങളാക്കി ഏകീകരിച്ച് നവംബർ 21 മുതൽ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നു.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും സമഗ്രമായ തൊഴിൽനിയമ പരിഷ്കാരമെന്നാണ് പ്രധാനമന്ത്രി പുതിയ ലേബർ കോഡിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ജീവനക്കാർക്കുള്ള വേതന വ്യവസ്ഥയിൽ പരിഷ്കരണം നിർദേശിക്കുന്ന കോഡ് ഓൺ വേജസ്, വ്യവസായ സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ട വ്യവസായബന്ധ നിയമം, തൊഴിലാളികളുടെ സാമൂഹിക സുരക്ഷ പ്രതിപാദിക്കുന്ന കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി, തൊഴിൽ സുരക്ഷയും തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും സംബന്ധിച്ച ഒക്യുപേഷനൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിങ് കണ്ടീഷൻസ് കോഡ് എന്നിവയാണ് പുതിയ തൊഴിൽ നിയമമായി പുനഃസംവിധാനിച്ചിരിക്കുന്നത്. തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുകയും അതേസമയം വ്യവസായികൾക്കും സംരംഭകർക്കും പ്രവർത്തനം അയത്നലളിതമാക്കുകയും ചെയ്യുക എന്ന ദ്വിമുഖ സമീപനമാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഗവൺമെന്‍റിന്‍റെ അവകാശവാദം. എന്നാൽ, തൊഴിലാളികളുടെ ഇത്രനാളത്തെ അവകാശങ്ങൾ കവരുകയും വൻകിട കോർപറേറ്റുകളുടെ വാഴ്ച സുഗമമാക്കുകയുമാണ് സർക്കാർ എന്ന് പ്രതിപക്ഷവും വിവിധ തൊഴിലാളി യൂനിയനുകളും രൂക്ഷവിമർശനം ഉയർത്തുന്നു. ദേശീയതലത്തിൽ തൊഴിലാളി യൂനിയനുകളുടെ പൊതുവേദി 26ന് ബുധനാഴ്ച പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
കോളനിവാഴ്ചക്കാലത്തെ നിയമങ്ങളിൽനിന്ന് സ്വതന്ത്രമായി രാജ്യത്തെ വ്യവസായികൾക്കും ഉൽപാദകർക്കും പ്രവർത്തനസൗകര്യം (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) ഒരുക്കുകയാണ് കോഡിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നു. ഒന്നിലധികം രജിസ്ട്രേഷനുകളും ലൈസൻസുകളും റിട്ടേണുകളും ആവശ്യമായ നിലവിലെ സാഹചര്യം മാറ്റി, ഒറ്റ രജിസ്ട്രേഷൻ, പാൻ ഇന്ത്യ സിംഗിൾ ലൈസന്‍സ്, ഒറ്റ റിട്ടേൺ എന്നിവയിലൂടെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതാണ് പുതിയ നിയമം. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ സംഘാടനം, പ്രതിഷേധം, സമരം എന്നിവക്കും നിയമത്തിൽ മാറ്റങ്ങൾ നിർദേശിക്കുന്നു. എല്ലാതരം തൊഴിലാളികൾക്കും നിയമന രേഖ, ദിവസക്കൂലിക്കാർ അടക്കമുള്ളവർക്ക് സാമൂഹികസുരക്ഷ പദ്ധതി, സാർവത്രികമായ പി.എഫ്.ഇ, ഇ.എസ്.ഐ.സി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എല്ലാ തൊഴിലാളികൾക്കും നിയമാനുസൃത മിനിമം വേതനം, 40 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യ വാർഷികാരോഗ്യ പരിശോധന, രാത്രി ഷിഫ്റ്റുകളിൽ സ്ത്രീകൾക്ക് മതിയായ സുരക്ഷയിൽ തൊഴിൽ അനുമതി തുടങ്ങിയ പരിഷ്കാരങ്ങൾ ഗവൺമെന്‍റ് എടുത്തുകാട്ടുന്നു.
എന്നാൽ, തൊഴിലുടമകൾക്ക് നില ഭദ്രമാക്കാനും തൊഴിലാളി ചൂഷണത്തിനും ഉതകുന്നതാണ് മാറിയ നിയമങ്ങൾ എന്നാണ് പ്രതിപക്ഷവും തൊഴിലാളി യൂനിയനുകളും ചൂണ്ടിക്കാട്ടുന്നത്. തൊഴിലാളി യൂനിയനുകളുടെ രൂപവത്കരണത്തിന് വെച്ച നിയന്ത്രണങ്ങളും സ്ഥാപനത്തിലെ പിരിച്ചുവിടൽ നിയന്ത്രിക്കുന്നതിന് നേരത്തേയുണ്ടായിരുന്ന തൊഴിലാളികളുടെ എണ്ണ പരിധി ഉയർത്തിയതും അവർ ഉദാഹരിക്കുന്നു. മിനിമം വേതനം അടക്കമുള്ളതിലെ അവ്യക്തതകൾ പുറമെയും.
കരട് തയാറാക്കി ജനത്തിനു മുന്നിൽ ചർച്ചക്കുവെച്ചെന്നു സർക്കാർ അവകാശപ്പെടുമ്പോഴും പാർലമെന്‍റിലോ പുറത്തോ ഇക്കാര്യത്തിൽ തുറന്ന ചർച്ചക്കോ പ്രതിപക്ഷത്തെയോ ട്രേഡ് യൂനിയനുകളെയോ വേണ്ടവിധം കേൾക്കാനോ ഉൾക്കൊള്ളാനോ ഭരണകൂടം തയാറായിട്ടില്ല. ഇത്തരം വിഷയങ്ങളിൽ സർക്കാറിനും തൊഴിലുടമകൾക്കും തൊഴിലാളി യൂനിയനുകൾക്കും ചർച്ച നടത്തി തീർപ്പിലും സമവായത്തിലുമെത്താനുള്ള ദേശീയവേദിയാണ് ഇന്ത്യൻ ലേബർ കോൺഫറൻസ്. എന്നാൽ, കഴിഞ്ഞ പത്തുവർഷത്തിലധികമായി ഈ വേദി സമ്മേളിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ചിൽ പാർലമെന്‍റിന്‍റെ തൊഴിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ബസവരാജ് ബൊമ്മെ കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ തെര്യപ്പെടുത്തിയെങ്കിലും യൂനിയൻ സർക്കാർ ഇളകിയില്ല. തൊഴിൽ നിയമങ്ങളുടെ ഏകീകരണത്തിൽ മോദിസർക്കാർ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത ഏകാധിപത്യ സമീപനത്തിന്‍റെ വ്യക്തമായ അടയാളം കൂടിയാണ് ഈ അമാന്തം. പുതിയ നിയമത്തെ എതിർക്കുന്ന പ്രതിപക്ഷവും വിവിധ തൊഴിലാളി യൂനിയനുകളും വഞ്ചനാത്മകം എന്ന് അതിനെ വിശേഷിപ്പിക്കുന്നത് ഇത്തരം ദുരൂഹമായ നയസമീപനങ്ങൾ മുന്നിൽവെച്ചാണ്.
നേരത്തേ വേതന നിയമം 2019ൽ അവതരിപ്പിച്ചപ്പോഴും മറ്റു മൂന്നു നിയമങ്ങൾ 2020ൽ പുറത്തുവിട്ടപ്പോഴും തൊഴിലാളി യൂനിയനുകൾ പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു. മറുഭാഗത്ത് പുതിയ നിയമം നടപ്പിൽ വരുത്തുമ്പോൾ പ്രവർത്തനച്ചെലവ് കൂടുമെന്ന ആശങ്ക വ്യവസായലോകത്തുനിന്ന് ഉയർന്നിട്ടുമുണ്ട്. അതായത് ഒരു നിയമം കൊണ്ടുവരുമ്പോൾ ബന്ധപ്പെട്ട വിഭാഗങ്ങളെ വിശ്വാസത്തിലെടുത്ത്, തുറന്ന ചർച്ചയിലൂടെ രൂപപ്പെടുത്തുന്നതിനു പകരം ഏകപക്ഷീയമായി അടിച്ചേൽപിക്കുന്ന പ്രവണതയാണ് ഈ തൊഴിൽ നിയമത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, പഴയ പരിഷ്കാരങ്ങളിലെന്നപോലെ അനിശ്ചിതത്വം അവസാനിക്കാത്ത പരിണതി തന്നെയായിരിക്കുമോ പുതിയ നിയമത്തിനും എന്നതാണ് ആശങ്കയുയർത്തുന്ന ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.