നിർമിതബുദ്ധിയുടെ നേട്ടങ്ങൾ അധികാരികൾക്കു മാത്രമാകരുത്

നിർമിതബുദ്ധി എല്ലാ രംഗങ്ങളിലും വൻ മുന്നേറ്റം കൊണ്ടുവരുമ്പോൾ അതിന്‍റെ യഥാർഥ ജനാധിപത്യവത്കരണം ഭരണകൂടങ്ങളുടെ ദയാവായ്പിന് വിധേയമാണ്

ന്യൂഡൽഹിയിൽ ഫെബ്രുവരി 16 മുതൽ 20 വരെ ‘‘ഇന്ത്യ എ.ഐ മിഷ’’ന്‍റെ ആഭിമുഖ്യത്തിൽ നടന്ന ‘‘എ.ഐ ഇംപാക്ട്’’ ഉച്ചകോടി, നിർമിത ബുദ്ധിയുടെ സാധ്യതകൾ വ്യാപകമായി ഉപയുക്തമാക്കാനും രാജ്യാന്തര സഹകരണത്തിനും വേണ്ടിയുള്ള കൂട്ടായ ശ്രമമായിരുന്നു. 2023 മുതൽ ഇത്തരം ഉച്ചകോടികൾ നടന്നിട്ടുണ്ടെങ്കിലും ‘‘ഗ്ലോബൽ സൗത്തി’’ൽപ്പെട്ട ഒരു രാജ്യം ആതിഥ്യമരുളുന്നത് ഇത് നടാടെയാണ്. വികസ്വര രാജ്യങ്ങളുടെ സ്വാഭാവിക നേതൃത്വം ഇതുവഴി ഇന്ത്യക്ക് കൈവന്നു. സംഘാടനത്തിലെ ചില വീഴ്ചകളൊഴിച്ചാൽ രാജ്യത്തിന്‍റെ അന്താരാഷ്ട്ര പ്രതിച്ഛായ ഉയർത്താൻ വേണ്ട ചേരുവകൾ ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിയിൽ ഉണ്ടായിരുന്നു. 30ഓളം അന്താരാഷ്ട്ര സ്ഥാപനങ്ങളും 20ഓളം രാഷ്ട്രത്തലവന്മാരും നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും അതിൽ പങ്കെടുത്തു. വൻകിട ടെക് കമ്പനി മേധാവികൾ പങ്കുകൊണ്ട ഉച്ചകോടിയിൽ 700 ഓളം പാനൽ ചർച്ചകൾ നടന്നു. വിവിധ രാജ്യങ്ങളിലെ 400ഓളം സ്ഥാപനങ്ങൾ ‘‘എ.ഐ എക്സ്പോ’’യിൽ ഭാഗഭാക്കായി. നിർമിതബുദ്ധിയെ സാങ്കേതികതയിൽനിന്ന് പ്രയോഗ തലത്തിലേക്കും ജനാധിപത്യവത്കരണത്തിലേക്കും മാറ്റുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ജനങ്ങൾ, ഭൂഗോളം, പുരോഗതി എന്നീ ആധാരങ്ങളിൽ ഊന്നിക്കൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിൽ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തും. ‘‘നിർമിത ബുദ്ധി നന്മക്ക്’’ എന്ന മുദ്രാവാക്യമുയർത്തി വിദ്യാഭ്യാസം, ആരോഗ്യം, ഭരണനിർവഹണം, സാമൂഹികക്ഷേമം എന്നീ മേഖലകളിൽ അതു പ്രയോജനപ്പെടുത്തും.

ഉച്ചകോടിക്കൊടുവിൽ 88 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സ്ഥാപനങ്ങളും ഒപ്പുവെച്ച ‘‘ന്യൂഡൽഹി പ്രഖ്യാപനം’’ നിർമിത ബുദ്ധിയിൽ ആഗോള സഹകരണം ഉറപ്പുനൽകുന്നു. സുരക്ഷിതവും വിശ്വാസയോഗ്യവുമായ എ.ഐ സംവിധാനങ്ങൾ ഉണ്ടാക്കും; ജനാധിപത്യപരമായി എ.ഐ എല്ലാവർക്കും പ്രാപ്യമാക്കും; രാജ്യത്തിന്‍റെ എ.ഐ ആവാസ വ്യവസ്ഥ മാറ്റിപ്പണിയും. ലക്ഷ്യങ്ങൾ നേടുന്നതിനായി 25,000 കോടി ഡോളറിന്‍റെ നിക്ഷേപം രാജ്യങ്ങൾ ഉറപ്പു നൽകിയിട്ടുണ്ട്. വിവിധ മേഖലകളിൽ എ.ഐ വഴി ഫലസിദ്ധിയുണ്ടാക്കുന്ന പദ്ധതികളുടെ രൂപരേഖയാണ് ഡൽഹിയിൽ തയാറായത് എന്നുപറയാം. ഇതിനു പക്ഷേ, ഒരു മറുവശമുണ്ട്. ജനാധിപത്യ ശോഷണം അനുഭവിക്കുന്ന രാജ്യങ്ങൾ തന്നെ "എ.ഐയെ ജനാധിപത്യവത്കരിക്കുന്ന’’തിനെപ്പറ്റി വാചാലരാകുമ്പോൾ അത് വിശ്വസിക്കാമോ എന്ന ആശങ്ക അസ്ഥാനത്തല്ല. എ.ഐ രംഗത്തെ ഉദ്ദിഷ്ട മുന്നേറ്റം ഭരണകൂടങ്ങളെ ശക്തിപ്പെടുത്തും എന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം, ദുരുപയോഗ സാധ്യത ചെറുതല്ല. ഇക്കാര്യത്തിലുള്ള ആശങ്കകളും വിയോജിപ്പുകളും ഉച്ചകോടിയിൽ പ്രകടിപ്പിക്കപ്പെട്ടു. ആംനസ്റ്റി ഇന്‍റർനാഷനൽ അടക്കമുള്ള സംഘടനകളും പൊതുപ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നത്, ഇന്നത്തെ അവസ്ഥയിൽ ജനാധിപത്യത്തെ എ.ഐ അപായപ്പെടുത്താൻ സാധ്യതയുണ്ട് എന്നാണ്. നിർമിതബുദ്ധി എല്ലാ രംഗങ്ങളിലും വൻ മുന്നേറ്റം കൊണ്ടുവരുമ്പോൾ അതിന്‍റെ യഥാർഥ ജനാധിപത്യവത്കരണം ഭരണകൂടങ്ങളുടെ ദയാവായ്പിന് വിധേയമാണ്. ഭരണകൂടങ്ങളാകട്ടെ, ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരും. വൻ മുതൽമുടക്കിൽ കൈവരുന്ന അപാരമായ ശേഷി ഇവ എപ്രകാരമാവും പ്രയോജനപ്പെടുത്തുക? എ.ഐ രംഗത്തെ മുന്നേറ്റം ശാക്തീകരിക്കുക ജനസമൂഹങ്ങളെയാവില്ല, മറിച്ച് ഭരണകൂടങ്ങളെയാകും എന്ന വാദം അവഗണിച്ചു കൂടാ.

ജനാധിപത്യവിരുദ്ധതയിൽ സർവാധിപത്യ രാജ്യങ്ങളോട് സാമ്യം പുലർത്തുന്നവയാണ് ഇന്ന് മിക്ക ‘‘പരിഷ്കൃത’’ രാജ്യങ്ങളും. നിയമവിരുദ്ധമായി പൗരന്മാരെ രഹസ്യനിരീക്ഷണം നടത്തുന്ന ഡിജിറ്റൽ സൂത്രങ്ങൾ ഇവക്കുണ്ട്. പൗരന്മാരുടെ എല്ലാ സ്വകാര്യതയും ചോർത്തുമ്പോൾതന്നെ സർക്കാർ, പ്രധാന വിവരങ്ങൾ ജനങ്ങളുമായി പങ്കുവെക്കാത്ത, തീർത്തും അതാര്യമായ, സ്ഥാപനമാകുന്നു. വിവരാവകാശം ഇന്ത്യയിലടക്കം അതിവേഗം ഇല്ലാതാവുകയാണ്. വിവരരംഗത്തെ ജനവിരുദ്ധതയുടെ കൂടുതൽ രൗദ്രമായ രൂപമാണ് ജനങ്ങളെ നിയന്ത്രിക്കാനും അടിച്ചമർത്താനും ഡിജിറ്റൽ വിദ്യകൾ പ്രയോഗിക്കുന്നത്. എ.ഐ ശേഷി കൂടി ലഭിക്കുന്നതോടെ ഇത് അത്യാപത്കരമാകും. എ.ഐ ഉപയോഗിച്ചാണ് ഇസ്രായേൽ ഫലസ്തീൻകാരെ ലക്ഷ്യമിട്ടു കൊന്നുകൊണ്ടിരിക്കുന്നത്. ഇത്തരം ആയുധങ്ങൾക്ക് ലോക രാജ്യങ്ങളിൽ ആവശ്യക്കാരുമുണ്ട്. ഈ ജനവിരുദ്ധതയോട്, വംശീയത എന്ന വിഷം കൂടി ചേർത്തുവെക്കുന്നതോടെ അപകടം പതിന്മടങ്ങാകും. സംഘടിത വിദ്വേഷക്കുറ്റങ്ങളെപ്പറ്റി പഠിക്കുന്ന സി.എസ്.ഒ.എച്ച് എന്ന യു.എസ് സ്ഥാപനം, ഇന്ത്യയിൽ എ.ഐ വ്യാപനം സൃഷ്ടിക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെപ്പറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. ജനങ്ങൾക്കെതിരെ ഭരണകൂടങ്ങൾ കൂടുതൽ അധികാരബലം നേടാനുള്ള സാധ്യത ഇന്‍റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും എടുത്തു പറയുന്നു. മോദിഭരണത്തിൽ എ.ഐ മുന്നേറ്റം ന്യൂനപക്ഷവിരുദ്ധതക്ക് ആയുധമാകാനുള്ള സാധ്യത ‘‘ദ ഗാർഡിയൻ’’ പത്രം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെന്നല്ല ലോകമെങ്ങും വംശീയ വിവേചനത്തിന് എ.ഐ ഉപകരിച്ചേക്കുമെന്ന്, വംശീയത സംബന്ധിച്ച് യു.എൻ റിപ്പോർട്ടറും മുന്നറിയിപ്പ് നൽകുന്നു. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനും വ്യാജ പ്രചാരണങ്ങൾക്കും നിർമിതബുദ്ധി ഉപയുക്തമാക്കാം എന്നത് മറ്റൊരു ദോഷമാണ്.

നിർമിതബുദ്ധിയുടെ നല്ല വശങ്ങൾ എല്ലാവർക്കും ലഭ്യമാകണം; ദോഷങ്ങൾ ഇല്ലാതാകണം. അതിനുവേണ്ട മുൻകരുതലും നയരൂപവത്കരണവും കൂടി പ്രധാനമാണ്. എ.ഐ സമത്വം സർവ സ്പർശിയാകണം; അതു പ്രചാരണത്തിലൊതുങ്ങരുത്.

Tags:    
News Summary - The benefits of artificial intelligence should not be limited to those in power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.