തെരുവുനായ് ഭീഷണിക്ക് എന്നാണ് പരിഹാരം കാണുക?

കോടതിയിൽനിന്ന് തൽക്കാലം എങ്ങനെയെങ്കിലും തടിയൂരാനായി സത്യവാങ്മൂലങ്ങൾ സമർപ്പിക്കുന്നുവെന്നല്ലാതെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികളൊന്നും തന്നെ ഈ വിഷയത്തിൽ അധികാരികൾ സ്വീകരിക്കുന്നില്ല

തെരുവുനായ് ആക്രമണങ്ങളുടെ വാർത്തകളും ദൃശ്യങ്ങളും വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്. കേരളത്തിലെ ഒരു പ്രദേശം പോലും നായ്ശല്യത്തിൽ നിന്ന് സുരക്ഷിതവുമല്ല. ഈ ദുരന്തത്തിന് അടുത്തകാലത്തെങ്ങും അറുതി വരാനുമിടയില്ല. വിഷയം വേണ്ടത്ര ഗൗരവത്തോടെ കാണുന്നതിലും കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നതിലും അധികൃതർ ഇപ്പോഴും പിന്നോട്ടടിക്കുകയാണ് എന്നതാണ് യാഥാർഥ്യം. അനുദിനം വർധിക്കുന്ന തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും കുറക്കുന്നതിനും ലക്ഷ്യമിടുന്ന പോർട്ടബിൾ എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങാൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചെങ്കിലും തുടർ നടപടികൾ ഒന്നുമായിട്ടില്ലെന്നാണ് സൂചനകൾ. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനായിരുന്നു മൃഗസംരക്ഷണ വകുപ്പ് തീരുമാനം. എന്നാൽ, കേന്ദ്രങ്ങൾക്കാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കാനോ കെട്ടിടമോ മറ്റു സൗകര്യങ്ങളോ ഏർപ്പെടുത്താനോ പോലും ഇനിയും സാധിച്ചിട്ടില്ല.

സംസ്ഥാനത്ത് ഇരുപതിലധികം തെരുവുനായ് വന്ധ്യംകരണ കേന്ദ്രങ്ങൾ കാലങ്ങളായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ശല്യം രൂക്ഷമാവുന്ന ഘട്ടങ്ങളിൽ മാത്രം പ്രവർത്തനം കാര്യക്ഷമമാവുന്ന ഈ കേന്ദ്രങ്ങൾക്ക് ഉദ്ദേശ്യലക്ഷ്യം ഫലവത്താക്കാൻ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഈ കേന്ദ്രങ്ങൾ അധികവും നഗര മേഖലകളിലൊതുങ്ങുന്നു എന്നതും പ്രശ്നമാണ്. ഒരു കേന്ദ്രം പോലുമില്ലാത്ത ജില്ലയുമുണ്ട്. തെരുവ് മാലിന്യങ്ങൾ കൂടുതലായതിനാൽ നഗരങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമായാണ് ഒരുകാലത്ത് തെരുവു നായ് ശല്യത്തെ കണ്ടിരുന്നതെങ്കിൽ ഇന്ന് പല ഗ്രാമങ്ങളും നഗരങ്ങളെ കവച്ചുവെക്കുംവിധത്തിൽ നായ് ശല്യത്തിന്റെ പിടിയിലാണ്. ഇതുകൂടി കണ്ടാണ് പോർട്ടബിൾ കേന്ദ്രങ്ങൾ എന്ന ആശയം രൂപമെടുത്തതും തുടങ്ങാൻ തീരുമാനിച്ചതും. തുടക്കത്തിൽ ഏഴു ജില്ലകളിൽ നടപ്പാക്കാനായിരുന്നു തീരുമാനം. അതാണ് വൈകുന്നതും. 2025ൽ മാത്രം സംസ്ഥാനത്ത് 36,9272 പേർ തെരുവുനായുടെ കടിയേറ്റ് ചികിത്സ തേടിയെന്നാണ് പുറത്തുവന്ന കണക്ക്. 33 പേർ മരണമടയുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കെടുത്താൽ മരണം നൂറിലേറെയാണ്. കടിയേറ്റവരാകട്ടെ ഒന്നരലക്ഷത്തിലധികവും. യഥാർഥ കണക്ക് ഇതിലും കൂടാനാണ് സാധ്യത. വാക്സിൻ എടുത്തവർ പോലും മരണത്തിന് കീഴടങ്ങുന്ന സാഹചര്യം മരുന്നുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസ്യതയെ ഉലക്കുകയും ചെയ്തിട്ടുണ്ട്.

തെരുവുനായ് വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി കഴിഞ്ഞ നവംബറിൽ നൽകിയ വിധിയിൽ പൊതു ഇടങ്ങളില്‍നിന്ന് തെരുവ് നായ്ക്കളെ നിർമാർജനം ചെയ്യണമെന്ന് നിദേശിച്ചിരുന്നു. സംസ്ഥാന, ജില്ല പാതകളിൽ മുഴുവൻ സമയ പട്രോളിങ്ങിനും വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും തദ്ദേശസ്ഥാപനങ്ങളും പൊലീസും സഹകരിച്ച് നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. തെരുവുനായ് പ്രജനന നിയന്ത്രണം നടപ്പാക്കിയെന്ന സംസ്ഥാന സര്‍ക്കാറുകളുടെ സത്യവാങ്മൂലത്തിലായിരുന്നു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. തെരുവുനായ് ശല്യം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ പൗരർക്കുണ്ടാകുന്ന ഓരോ പരിക്കിനും സർക്കാർ മറുപടി പറയേണ്ടിവരുമെന്നും തെരുവുനായ്‌ ആക്രമണത്തിൽ കുട്ടികൾക്കോ വയോധികർക്കോ പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ വൻ തുക നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും ഈ വർഷം മറ്റൊരു ഉത്തരവിൽ സുപ്രീംകോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കോടതിയിൽനിന്ന് തൽക്കാലം എങ്ങനെയെങ്കിലും തടിയൂരാനായി ഇത്തരം സത്യവാങ്മൂലങ്ങൾ സമർപ്പിക്കുന്നുവെന്നല്ലാതെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികളൊന്നും തന്നെ ഈ വിഷയത്തിൽ അധികാരികൾ സ്വീകരിക്കുന്നില്ല എന്നത് വെറും ആരോപണമല്ല. സ്കൂൾ പരിസരങ്ങൾ നായ്ശല്യത്തിൽനിന്ന് മുക്തമാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ച് മാസങ്ങൾ പലത് പിന്നിട്ടിട്ടും ആയതിന് പരിമിതമായ നടപടികളെങ്കിലും കൈക്കൊണ്ടുവെന്നുപോലും സർക്കാറിന് അവകാശപ്പെടാനാവില്ല. സ്കൂൾ പരിസരങ്ങൾ നായ്ക്കളുടെ വിഹാരകേന്ദ്രമാകുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും രക്ഷിതാക്കളുടെ മാനസികാരോഗ്യത്തെയും ഗുരുതരമാംവിധം ബാധിക്കുന്നുണ്ട്.

മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതയുള്ള ഭരണകൂടം തെരുവുനായ് നിയന്ത്രണത്തിന് പഴുതടച്ച സംവിധാനങ്ങൾ എത്രയും വേഗം ആരംഭിക്കേണ്ടതുണ്ട്. നിലവിലെ കേന്ദ്രങ്ങളിൽ ആവശ്യമായ ജീവനക്കാരെയും വിന്യസിക്കണം. നായ്ക്കളെയും വാക്സിൻ നൽകി പുറത്തുവിടുന്ന രീതിമാറ്റി അപകടകാരിയല്ല എന്നുറപ്പാകുന്നതു വരെ പൂർണമായും സംരക്ഷിക്കുന്ന രീതിയിലേക്ക് കേന്ദ്രങ്ങൾ മാറേണ്ടതുണ്ട്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും കേന്ദ്രങ്ങൾ തുറക്കുകയും തെരുവുനായ് സംരക്ഷണവും നിയന്ത്രണവും പൂർണമായും തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാക്കുകയുമാണ് വേണ്ടത്. പരിഹാര നടപടികൾ ഓരോ ദിവസം വൈകുംതോറും നാടിന്റെ ജീവനും സമാധാന ജിവിതവുമാണ് അപകടത്തിലാവുന്നത്.

Tags:    
News Summary - What is the solution to the threat of stray dogs?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.