ഫെബ്രുവരി 24ന് നാലുവർഷം പിന്നിട്ട റഷ്യ-യുക്രെയ്ൻ യുദ്ധം സമാധാനത്തിലേക്ക് നീങ്ങുകയോ ഏതെങ്കിലും ഒരു കക്ഷിയുടെ വിജയത്തിൽ അവസാനിക്കുകയോ ചെയ്യുന്ന ലക്ഷണങ്ങളൊന്നും ദൃശ്യമല്ല. യുദ്ധം ഒഴിവാക്കാൻ 2022 ഫെബ്രുവരി 24ന് യു.എൻ രക്ഷാസമിതി അവസാനവട്ട ശ്രമം നടത്തുന്നതിനു മുമ്പുവരെ അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ അതിർത്തിയിൽ എല്ലാ യുദ്ധലക്ഷണങ്ങളും കണ്ടിരുന്നെങ്കിലും, യുക്രെയ്ൻ അധികാരികൾ അത് അത്രത്തോളം അംഗീകരിക്കാൻ തയാറായിരുന്നില്ല. അതിനാൽ, സൈനികസമാഹരണവും മറ്റും വൈകുകയും ചെയ്തു. രക്ഷാസമിതി ശ്രമത്തിനിടെ റഷ്യൻ പ്രസിഡന്റ് പുടിൻ കര-കടൽ-വ്യോമാക്രമണങ്ങൾ തുടങ്ങുകയാണ് എന്നറിയിക്കുകയായിരുന്നു.
യുക്രെയ്ൻ സൈനികശക്തി കുറക്കണമെന്നും യുക്രെയ്നിലെ റഷ്യൻ വംശജർക്കു നേരെ നടക്കുന്ന വംശഹത്യ ഇല്ലാതാക്കണമെന്നുമായിരുന്നു പുടിന്റെ പ്രധാനാവശ്യങ്ങൾ. കൂടാതെ, റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ ഭൂഭാഗങ്ങൾ തിരിച്ചുനൽകണമെന്നും അമേരിക്കൻ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിൽ അയൽപക്കത്തുള്ള ഫിൻലൻഡിന് അംഗത്വം നൽകരുതെന്നും പുടിൻ ആവശ്യപ്പെട്ടു. യുദ്ധം തുടങ്ങിയതോടെ യു.എസ്-ഇ.യു ആയുധസഹായങ്ങൾക്ക് പുറമെ അന്നത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, പ്രസിഡന്റ് പുടിനും വിദേശകാര്യ മന്ത്രി ലാവ്‌റോവിനും റഷ്യയുടെ നാല് പ്രമുഖ ബാങ്കുകൾക്കും, മൊത്തം എണ്ണ-വാതക വ്യവസായത്തിനും എതിരെ ഉപരോധം പ്രഖ്യാപിച്ചു. മാർച്ച് ആദ്യം യു.എൻ പൊതുസഭയിൽ 191ൽ 143 രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. റഷ്യ യുക്രെയ്നെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയപ്പോൾ കയറ്റുമതിയും ഇറക്കുമതിയും തടസ്സപ്പെട്ടു. യുക്രെയ്ന്റെ ഭക്ഷ്യവസ്തു കയറ്റുമതി നിലച്ചതോടെ ആഗോളലഭ്യതയിൽ കാര്യമായ കുറവ് വന്നു. മറുവശത്ത്, അമേരിക്ക റഷ്യക്കെതിരെ നടപ്പാക്കിയ എണ്ണ ഉപരോധം കാരണം അന്തർദേശീയ എണ്ണവിപണിയിൽ അനുരണനങ്ങളുണ്ടായി. ലോക സമ്പദ്‌വ്യവസ്ഥകളെ ഉലക്കാൻ ഇതെല്ലാം ധാരാളമായിരുന്നു.
യു.എസ്-ഇ.യു സഹായത്തോടെ യുക്രെയ്ൻ റഷ്യൻ സൈന്യങ്ങൾക്കു മേൽ ചെറുവിജയങ്ങൾ നേടിയെങ്കിലും റഷ്യയുടെ മേൽക്കൈ തുടർന്നു. ഇന്നിപ്പോൾ യുക്രെയ്‌ന്റെ 20 ശതമാനം ഭൂഭാഗവും റഷ്യൻ പിടിയിലാണ്. മരണം, പരിക്ക്, കാണാതാവൽ എന്നിവയായി റഷ്യൻപക്ഷത്ത് 1.2 ദശലക്ഷം ആളുകളുടെ നഷ്ടമുണ്ടായി എന്നും, 2025 ഡിസംബർ വരെ മൂന്നേകാൽ ലക്ഷം സൈനികർ കൊല്ലപ്പെട്ടുവെന്നുമാണ് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസ് (സി.എസ്.ഐ.എസ്) കണക്ക്. യുക്രെയ്ൻ പക്ഷത്ത് 55,000 പേർ മരിച്ചുവെന്നാണ് പ്രസിഡന്റ് സെലൻസ്കി പറഞ്ഞതെങ്കിലും സി.എസ്.ഐ.എസ് ഇത് 1.4 ലക്ഷമായാണ് കണക്കാക്കുന്നത്. ഈ ആൾനാശത്തിൽ റഷ്യക്ക് യുദ്ധത്തിൽ പിടിച്ചുനിൽക്കാനാവില്ല എന്നാണ് ഒരർഥത്തിൽ യുക്രെയ്ൻ ആശ്വസിക്കുന്നത്.
എന്നാൽ, യുക്രെയിന്റെ 42 ദശലക്ഷം ജനസംഖ്യയിൽ, അഞ്ചു ദശലക്ഷം റഷ്യൻ അധിനിവേശത്തിൽ കഴിയുന്നു. വേറെ ലക്ഷങ്ങൾ ഇതര രാജ്യങ്ങളിലേക്ക്, അവയിൽ കൂടുതലും യൂറോപ്പിലേക്ക്, കുടിയേറി. 19,000 കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്നും കരുതപ്പെടുന്നുണ്ട്, എങ്കിലും അത് 1200ൽ പരം മാത്രമാണെന്നാണ് യുക്രെയ്ൻ പറയുന്നത്. സാമ്പത്തികമേഖലയിൽ യുക്രെയ്നുണ്ടായ നാശനഷ്ടങ്ങൾ കാരണം പുനർനിർമാണത്തിന് ഇനി 550 ബില്യൺ ഡോളർ വേണ്ടിവരുമത്രെ. ഇത് രാജ്യത്തിന്റെ 2025ലെ ജി.ഡി.പിയുടെ മൂന്നിരട്ടിയാണ്. അമേരിക്കയും ഇ.യു രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധം കാരണം റഷ്യയുടെ കഴിഞ്ഞ വർഷത്തെ വളർച്ചനിരക്ക് കേവലം ഒരു ശതമാനമായി കുറഞ്ഞു. ജി.ഡി.പി വളർച്ചയുടെ കാര്യത്തിൽ യുക്രെയ്നാണ് കൂടുതൽ ക്ഷീണം. 2022ൽ ജി.ഡി.പി 30 ശതമാനം വളർച്ചക്ക് പകരം സങ്കോചമാണുണ്ടായത്. അത് കുറെയൊക്കെ തിരിച്ചുപിടിച്ച് 2025ൽ രണ്ടു ശതമാനം വളർച്ചയായി മാറി. ഇതിനിടയിൽ ജനങ്ങൾ അനുഭവിച്ച യുദ്ധക്കെടുതി വേറെ. ഭക്ഷ്യവസ്തുക്കളുൾപ്പെടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. റഷ്യയുടെ കാര്യത്തിൽ നാണ്യപ്പെരുപ്പം ഭീതിദമാം വിധം ഉയർന്നു. യുക്രെയ്ൻ ആണെങ്കിൽ 2022 മുതൽ ബജറ്റിന്റെ പകുതിയിലധികം യുദ്ധാവശ്യങ്ങൾക്ക് ചെലവഴിക്കുന്നു. റഷ്യയും 30 ശതമാനം ചെലവഴിച്ചെന്നാണ് കണക്ക്. യുക്രെയ്നിൽ തദ്‌ഫലമായി വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികസുരക്ഷ എന്നീ അടിസ്ഥാന ഇനങ്ങളിലെ ബജറ്റ് നീക്കിയിരിപ്പ് അതനുസരിച്ച് കുറയുകയും ചെയ്തു. റഷ്യക്ക് അത് അത്ര ക്ഷീണം ഉണ്ടാക്കിയിട്ടില്ല.
യുദ്ധക്കെടുതിയാൽ ജനങ്ങൾ പൊറുതിമുട്ടുമ്പോഴും അതോർത്ത് ഭരണാധികാരികൾ എത്രത്തോളം വ്യഥയനുഭവിക്കുന്നുണ്ട് എന്നതിൽ കിടക്കുന്നു സമാധാനത്തിന്റെ ഒരു മാർഗം. റഷ്യയുടെ കാര്യത്തിൽ പുടിൻ എന്ന ഒറ്റ വ്യക്തിയുടെ കടുംപിടിത്തത്തിലാണ് ഈ യുദ്ധം ഇത്ര നീണ്ടതെന്ന് കരുതുന്ന നിരീക്ഷകർ ഏറെ. നാറ്റോ എന്ന സൈനിക സഖ്യത്തിന് വാതിൽപടിയിൽ പുതിയ ഒരംഗം ഉണ്ടായിക്കൂടാ എന്ന് റഷ്യ വാശിപിടിച്ചത് യുദ്ധത്തിന്റെ ആവശ്യങ്ങളിൽ ഒന്നു മാത്രമായിരുന്നു. എന്നാൽ, ഫിൻലൻഡ് 2023ൽതന്നെ അംഗമായത് പ്രശ്നത്തെ പുതിയ തലത്തിലെത്തിക്കും. റഷ്യ യുക്രെയ്നിൽനിന്ന് 2014ൽതന്നെ പിടിച്ചടക്കിയ ക്രീമിയയും 2022ലെ യുദ്ധത്തിൽ കൈയേറിയ ഡോണെസ്‌ക്, ലുഹാൻസ്‌ക്, ഖെർസൻ, സാപോരിയ എന്നീ പ്രദേശങ്ങളും വിട്ടുതന്നാൽ മാത്രമേ ഏതു സമാധാനനിർദേശവും സ്വീകാര്യമാവൂ എന്നുമാണ് റഷ്യൻ വാദം. ക്രീമിയയിലെ ജനങ്ങൾ 2014ൽതന്നെ ഹിതപരിശോധനയിലൂടെ റഷ്യയുടെ ഭാഗമാവാനാണ് ആഗ്രഹിച്ചതെന്നും റഷ്യ വാദിക്കുന്നു. ആ ഹിതപരിശോധന സ്വതന്ത്രമായിരുന്നോ എന്ന കാര്യത്തിൽ തർക്കമുണ്ട്. യുക്രെയ്ന് അമേരിക്കയും ഇ.യുവും പൂർണ പിന്തുണ നൽകുന്നുണ്ടെങ്കിലും ഇനിയും രൂക്ഷമായ പോരാട്ടങ്ങൾകൊണ്ട് മാത്രമേ സൈനികമായി റഷ്യയെ കീഴ്പ്പെടുത്താൻ യുക്രെയ്നു കഴിയൂ. റഷ്യൻപക്ഷത്തെ ആൾനാശം മാത്രമേ പുടിനെ ഇനി പുനരാലോചനക്ക് നിർബന്ധിക്കൂ. ജോ ബൈഡനും ഡോണൾഡ് ട്രംപും നടത്തിയ മധ്യസ്ഥ ചർച്ചകളെല്ലാം ഇത്തരം കടമ്പകളിൽ വഴിമുട്ടിനിൽക്കുകയാണ്. ഏറ്റുമുട്ടലുകളുടെ ഒടുവിലുണ്ടാവുന്ന നിർബന്ധിതാവസ്ഥകൾ മാത്രമേ ഇനി യുദ്ധത്തിന്റെ പരിണാമം നിർണയിക്കൂ എന്നതാണ് ലോകം അനുഭവിക്കുന്ന പ്രതിസന്ധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.